Sunday 22 July 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 55


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കതകിൽ മുട്ടിയിട്ട് ഷെല്ലെൻബെർഗ് ഹിംലറുടെ റൂമിലേക്ക് കടന്നു. ജാലകത്തിനരികിൽ ആലോചനയിൽ മുഴുകി നിൽക്കുന്ന റൈഫ്യൂററെയാണ് അദ്ദേഹം കണ്ടത്. അല്പം മുമ്പ് നടന്ന സംഭവങ്ങളെ വെള്ള പൂശുവാനാണ് അദ്ദേഹത്തിന്റെ ശ്രമം എന്ന് ഷെല്ലെൻബെർഗിന് വ്യക്തമായി.

വരൂ ജനറൽ... ദൗർഭാഗ്യകരമായ ഒരു സംഭവമായിപ്പോയി... SS സേനയിലുള്ള നമുക്കെല്ലാം അപമാനകരമായ സംഭവം... ബെർഗറുടെ നിന്ദ്യമായ ചതിയെ കേവലം ഒരു വ്യക്തിയുടെ സുരക്ഷാപാളിച്ച ആയിട്ടാണ് ഫ്യൂറർ കാണുന്നത്... അതിന് ദൈവത്തിന് നന്ദി... ” ഹിംലർ പറഞ്ഞു.

നമ്മുടെയൊക്കെ ഭാഗ്യം, റൈഫ്യൂറർ...”

ഹിംലർ തന്റെ കസേരയിൽ ഇരുന്നു. “നിങ്ങൾ സൂചിപ്പിച്ച ആ അജ്ഞാത ടെലിഫോൺ കോൾ... ആരുടേതായിരുന്നു അതെന്ന് ഒരു പിടിയുമില്ലേ നിങ്ങൾക്ക്...?”

ഇല്ല...”

കഷ്ടമായിപ്പോയി... എന്നാലും...” ഹിംലർ വാച്ചിലേക്ക് നോക്കി. മദ്ധ്യാഹ്നത്തോടെ പുറപ്പെടുവാനാണ് ഫ്യൂററുടെ ഉദ്ദേശ്യം... അദ്ദേഹത്തോടൊപ്പം എനിക്കും ബെർലിനിൽ എത്തിച്ചേരേണ്ടതുണ്ട്... കാനറീസും ഞങ്ങളോടൊപ്പം ഉണ്ടാകും... റോമൽ അല്പം മുമ്പ് പുറപ്പെട്ടു കഴിഞ്ഞു....”

അത് ശരി...” ഷെല്ലെൻബെർഗ് പറഞ്ഞു.

തിരികെ പോകുന്നതിന് മുമ്പ് ഫ്യൂറർക്ക് നിങ്ങളെയും ആ മൂന്ന് പേരെയും കാണണമത്രെ... ഏതാനും മെഡലുകൾ നിങ്ങളെ കാത്തിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്...”

മെഡലുകളോ...?” ഷെല്ലെൻബെർഗ് ചോദിച്ചു.

മെഡലുകൾ ഇല്ലാതെ അദ്ദേഹം യാത്ര ചെയ്യാറില്ല ജനറൽ... എവിടെ പോയാലും അദ്ദേഹത്തിന്റെ പേഴ്സണൽ സ്യൂട്ട്കെയ്സിൽ ഏതാനും മെഡലുകൾ ഉണ്ടാകും... കൂറ് പുലർത്തുന്നവർക്ക് അർഹിക്കുന്ന അംഗീകാരം നൽകുന്ന കാര്യത്തിൽ എന്നെപ്പോലെ തന്നെ അദ്ദേഹവും അതീവ തല്പരനാണ്...”

ശരി, റൈഫ്യൂറർ...”

ഷെല്ലെൻബെർഗ് വാതിലിന് നേർക്ക് നീങ്ങവേ ഹിംലർ ഓർമ്മപ്പെടുത്തി. “ഇങ്ങനെയൊരു അനിഷ്ട സംഭവം നടന്നിട്ടില്ല എന്ന നിലപാടായിരിക്കും നമുക്കെല്ലാവർക്കും നല്ലത്... ഞാൻ പറയുന്നത് മനസ്സിലാവുണ്ടോ ജനറൽ...? റോമലും കാനറീസും ഇക്കാര്യത്തെക്കുറിച്ച് വായ് തുറക്കില്ല... പിന്നെ ആ പാരാട്രൂപ്പേഴ്സ്.... അവരെ കൈകാര്യം ചെയ്യാൻ എളുപ്പമാണ്... റഷ്യൻ യുദ്ധനിരയിലേക്ക് വീണ്ടും ഒരു പോസ്റ്റിങ്ങ്... അതോടെ ആ പ്രശ്നത്തിന് പരിഹാരമായി...”

മനസ്സിലാവുന്നു, റൈഫ്യൂറർ...” ഷെല്ലെൻബെർഗ് പറഞ്ഞു.

അവശേഷിക്കുന്നത് സ്റ്റെയ്നറും ഹോപ്റ്റ്സ്റ്റംഫ്യൂറർ വോഗനും പിന്നെ, ആ ഡെവ്ലിൻ എന്ന മനുഷ്യനും... നമ്മുടെ SS സേനയ്ക്ക് നാണക്കേടുണ്ടാക്കാൻ അവർ മൂവരും മതിയാവും എന്ന കാര്യത്തിൽ നിങ്ങൾ എന്നോട് യോജിക്കുമെന്ന് എനിക്കുറപ്പുണ്ട്...” ഹിംലർ പറഞ്ഞു.

അവരെ എന്ത് ചെയ്യാനാണ് റൈഫ്യൂറർ ദ്ദേശിക്കുന്നത്...?” തെല്ല് കരുതലോടെ ഷെല്ലെൻബെർഗ് ആരാഞ്ഞു.

ഇല്ല...” ഹിംലർ പറഞ്ഞു. “ഞാൻ ഒന്നും പറയില്ല... അവരുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം ഞാൻ നിങ്ങൾക്ക് വിട്ടു തരുന്നു...”

                                                   ***
ലൈബ്രറിയിൽ കാത്തിരിക്കുകയാണ് ഷെല്ലെൻബെർഗും സ്റ്റെയ്നറും വോഗനും ഡെവ്ലിനും. മദ്ധ്യാഹ്നം ആകാറായതും വാതിൽ തുറന്ന് ഫ്യൂറർ പ്രവേശിച്ചു. തൊട്ടു പിന്നാലെ അഡ്മിറൽ കാനറീസും കൈയിൽ ഒരു ലെതർ ബ്രീഫ്കെയ്സുമായി ഹിംലറും മുറിയിലെത്തി.

ജെന്റിൽമെൻ...” ഹിറ്റ്ലർ അഭിസംബോധന ചെയ്തു.

മൂന്ന് ഓഫീസർമാരും ചാടിയെഴുന്നേറ്റ് അറ്റൻഷനായി നിന്നു. ജാലകത്തിനരികിലെ സീറ്റിൽ ഇരിക്കുകയായിരുന്ന ഡെവ്ലിൻ പരുങ്ങലോടെ അവർക്കൊപ്പം എഴുന്നേറ്റ് നിന്നു. ഹിറ്റ്ലർ ഹിംലറുടെ നേർക്ക് മുഖമുയർത്തി. ഹിംലർ ആ ബ്രീഫ്കെയ്സ് തുറന്നു. അതിൽ നിറയെ മെഡലുകളായിരുന്നു.

ജനറൽ ഷെല്ലെൻബെർഗ്... നിങ്ങൾക്ക് ജർമ്മൻ ക്രോസ് സുവർണ്ണപതക്കം...  ഹോപ്റ്റ്സ്റ്റംഫ്യൂറർ വോഗൻ, നിങ്ങൾക്കും...” അദ്ദേഹം ആ പതക്കങ്ങൾ അവരുടെ യൂണിഫോമിൽ പിൻ ചെയ്തിട്ട് സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു. “കേണൽ സ്റ്റെയ്നർ... നിങ്ങൾ നേരത്തെ തന്നെ നൈറ്റ്സ് ക്രോസ് വിത്ത് ഓക്ക് ലീവ്സ് മെഡലിന്റെ ഉടമയാണ്... അതിനാൽ ഞാൻ ഇപ്പോൾ നൽകുന്നു, സ്വോർഡ്സ്  മെഡൽ...”

നന്ദി ഫ്യൂറർ...” ബഹുമാനം അഭിനയിച്ചുകൊണ്ട് കുർട്ട് സ്റ്റെയ്നർ പറഞ്ഞു.

ഇനി നിങ്ങൾക്ക്, മിസ്റ്റർ ഡെവ്ലിൻ...” ഫ്യൂറർ ആ ഐറിഷ്കാരന് നേർക്ക് തിരിഞ്ഞു. “അയേൺ ക്രോസ് വിത്ത് ഫസ്റ്റ് ക്ലാസ്...”

എന്താണ് പറയേണ്ടതെന്ന് പോലും ഡെവ്ലിന് രൂപമുണ്ടായിരുന്നില്ല. ഹിറ്റ്ലർ ആ മെഡൽ തന്റെ ജാക്കറ്റിൽ അണിയിക്കവെ ഒന്നുറക്കെ പൊട്ടിച്ചിരിച്ചാലോ എന്ന ഭ്രാന്തൻ ആശയം ഒരു നിമിഷം മനസ്സിലൂടെ കടന്നുപോയി.

ജെന്റിൽമെൻ... നിങ്ങൾക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി... ഒപ്പം ജർമ്മൻ ജനതയുടെയും...” അവരോട് പറഞ്ഞിട്ട് ഹിറ്റ്ലർ പുറത്തേക്ക് നടന്നു. പിന്നാലെ ഹിംലറും.

വാതിൽക്കൽ എത്തിയ കാനറീസ് ഒരു നിമിഷം തിരിഞ്ഞു നിന്നു. “പലതും പഠിക്കുവാനും മനസ്സിലാക്കുവാനും സാധിച്ച ഒരു പ്രഭാതം... വാൾട്ടർ, ഇനിയുള്ള കാലം നമ്മൾ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്...”

ഇനി എന്ത്...?” വാതിൽ അടഞ്ഞതിന് പിന്നാലെ ഡെവ്ലിൻ ആരാഞ്ഞു.

“ഫ്യൂറർ ഉടൻ തന്നെ ബെർലിനിലേക്ക് തിരിക്കുകയാണ്... കൂടെ കാനറീസും ഹിംലറും...” ഷെല്ലെൻബെർഗ് പറഞ്ഞു.

“ഞങ്ങളുടെ കാര്യം എങ്ങനെയാണ്...?” വോഗൻ ചോദിച്ചു.

“ഒരു ചെറിയ പ്രശ്നമുണ്ട് അക്കാര്യത്തിൽ... നിങ്ങളെ മൂവരെയും തിരികെ ബെർലിനിൽ ആവശ്യമില്ല എന്ന് ഹിംലർ എന്നോട് പറഞ്ഞു. വാസ്തവത്തിൽ നിങ്ങളെ മൂന്ന് പേരെയും അപകടകാരികളായിട്ടാണ് അദ്ദേഹം കാണുന്നത്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“അത് ശരി...” സ്റ്റെയ്നർ പറഞ്ഞു. “അപ്പോൾ ഞങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കുവാൻ താങ്കളെയാണ് ഏൽപ്പിച്ചിരിക്കുന്നത്...?”

“അതെ.... അങ്ങനെ പറയാം...” ഷെല്ലെൻബെർഗ് പറഞ്ഞു.

“വൃത്തികെട്ട ജന്തു...” ഡെവ്‌ലിൻ പറഞ്ഞു.

“ഒരു കാര്യം മറക്കണ്ട... ചെർണെ ബീച്ചിൽ ആ ലൈസാൻഡർ കിടക്കുന്ന കാര്യം...” ഷെല്ലെൻബെർഗ് പറഞ്ഞു. “ലീബർ ഇതിനോടകം ഒരു കംപ്ലീറ്റ് ചെക്കപ്പ് ഒക്കെ നടത്തി വിമാനത്തിൽ ഇന്ധനവും നിറച്ചിട്ടുണ്ടാകും...”

“പക്ഷേ, ഏത് നരകത്തിലേക്കാണ്  ഞങ്ങൾ പോകുക...?” വോഗൻ ചോദിച്ചു. “ഇംഗ്ലണ്ടിൽ നിന്നും തലനാരിഴയ്ക്കാണ് ഞങ്ങൾ പുറത്ത് കടന്നത്... ഇപ്പോഴിതാ, ജർമ്മനിയിലും ഞങ്ങൾക്ക് തങ്ങാൻ പറ്റാത്ത അവസ്ഥ... !”

ഷെല്ലെൻബെർഗ് പ്രതീക്ഷയോടെ ഡെവ്‌ലിന് നേരെ നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. “വോഗൻ... നിങ്ങൾ എപ്പോഴെങ്കിലും അയർലണ്ട് സന്ദർശിച്ചിട്ടുണ്ടോ...?” ഡെവ്‌ലിൻ ചോദിച്ചു.

                                                           ***

ബീച്ചിൽ നല്ല തണുപ്പായിരുന്നു. രാവിലെ ഉണ്ടായിരുന്നതിനേക്കാൾ ജലനിരപ്പ് ഉയർന്നിരിക്കുന്നു. എങ്കിലും ടേക്ക് ഓഫ് ചെയ്യാനും മാത്രം ആവശ്യത്തിനുള്ള ഇടമുണ്ട്.

“ഞാൻ എല്ലാം ചെക്ക് ചെയ്തു...” ഫ്ലൈറ്റ് സെർജന്റ് ലീബർ പറഞ്ഞു. “പ്രശ്നങ്ങളൊന്നും ഉണ്ടാകാൻ സാദ്ധ്യതയില്ല ക്യാപ്റ്റൻ...”

“നിങ്ങൾ എയർ‌ഫീൽഡിലേക്ക് പൊയ്ക്കോളൂ ഫ്ലൈറ്റ് സെർജന്റ്... ഞാൻ കുറച്ച് കഴിഞ്ഞ് അവിടെ വന്ന് കണ്ടോളാം...” ഷെല്ലെൻബെർഗ് പറഞ്ഞു.

സല്യൂട്ട് നൽകിയിട്ട് ലീബർ തിരിഞ്ഞ് നടന്നു. സ്റ്റെയ്നറിനും വോഗനും ഷെല്ലെൻബെർഗ് ഹസ്തദാനം നൽകി. “ജെന്റിൽമെൻ... ഗുഡ് ലക്ക്...”

അവർ ഇരുവരും വിമാനത്തിനുള്ളിൽ കയറി. ഷെല്ലെൻബെർഗ് ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. “യൂ ആർ എ ട്രൂലി റിമാർക്കെബ്‌ൾ മാൻ...”

“ഞങ്ങളോടൊപ്പം വരൂ വാൾട്ടർ... താങ്കൾക്കിനി എന്ത് ഭാവിയാണ് ഇവിടെയുള്ളത്...?” ഡെവ്‌ലിൻ ചോദിച്ചു.

“വൈകിപ്പോയി സുഹൃത്തേ... ഞാൻ മുമ്പ് പറയാറുള്ളത് പോലെ... വളരെ വൈകിപ്പോയിരിക്കുന്നു... ഈ മെറി‌-ഗോ-റൗണ്ടിൽ നിന്നും ഇനി എനിക്ക് ഇറങ്ങാനാവില്ല...”

“താങ്കൾ ഞങ്ങളെ പോകാൻ അനുവദിച്ചു എന്നറിയുമ്പോൾ എന്തായിരിക്കും ഹിംലറുടെ പ്രതികരണം...?” ഡെവ്‌ലിൻ ചോദിച്ചു.

“ഓ, അതേക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു... ഒരു ഷാർപ്പ് ഷൂട്ടർ ആയ നിങ്ങൾക്ക് എന്റെ ചുമലിനെ സ്പർശിച്ചുകൊണ്ട് ഒരു വെടിയുണ്ട പായിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല... അപ്പോൾ പിന്നെ ഇടത് ചുമലിൽത്തന്നെ ആയിക്കോട്ടെ... സ്വാഭാവികമായും ചെറിയൊരു മുറിവ്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“ഓ, ജീസസ്... താങ്കളൊരു കുറുക്കൻ തന്നെ...” ഡെവ്‌ലിൻ പറഞ്ഞു.

നടന്ന് നീങ്ങിയിട്ട് ഷെല്ലെൻബെർഗ് തിരിഞ്ഞു നിന്നു. ഡെവ്‌ലിൻ കോട്ടിന്റെ പോക്കറ്റിൽ നിന്നും കൈ പുറത്തെടുത്തു. സൈലൻസർ ഘടിപ്പിച്ച വാൾട്ടർ പിസ്റ്റൾ അമർന്ന സ്വരത്തിൽ അത് ഒന്ന് ചുമച്ചു. ഷെല്ലെൻബെർഗ് ഒരു വശത്തേക്ക് ചെറുതായി ഒന്ന് ഉലഞ്ഞു. പിന്നെ തന്റെ ചുമൽ പൊത്തിപ്പിടിച്ചു. ആ വിരലുകളിൽ രക്തം പുരണ്ടിരുന്നു. അദ്ദേഹം പുഞ്ചിരിച്ചു.

“ഗുഡ്ബൈ, മിസ്റ്റർ ഡെവ്‌ലിൻ...”

വിമാനത്തിനുള്ളിൽ ചാടിക്കയറിയിട്ട് ഡെവ്‌ലിൻ മുകളിലത്തെ ഷട്ടർ വലിച്ചടച്ചു. സ്റ്റാർട്ട് ചെയ്ത് നിർത്തിയിരുന്ന വിമാനത്തെ വോഗൻ കാറ്റിനെതിരെ തിരിച്ചു. ബീച്ചിലൂടെ മുന്നോട്ട് കുതിച്ച ലൈസാൻഡർ ആകാശത്തേക്കുയർന്നു. കടലിന് മുകളിലേക്ക് തിരിഞ്ഞ് കൂടുതൽ ഉയരങ്ങളിലേക്ക് കയറുന്ന വിമാനത്തെ നോക്കി ഷെല്ലെൻബെർഗ് അവിടെ നിന്നു. അല്പനേരം കഴിഞ്ഞ് തന്റെ ചുമൽ പൊത്തിപ്പിടിച്ചു കൊണ്ട് തിരിഞ്ഞ് അദ്ദേഹം സ്ലിപ്‌വേയുടെ നേർക്ക് നടന്നു.

                                                          ***
അയർലണ്ടിന്റെ പടിഞ്ഞാറൻ തീരത്തുള്ള കില്ലാലാ ഉൾക്കടലിന് സമീപത്ത് നിന്നും അധികം അകലെയല്ലാതെ മെയോ പ്രവിശ്യയിൽ ഏതാണ്ട് പത്ത് കിലോമീറ്ററോളം നീളത്തിൽ കിടക്കുന്ന വിസ്തൃതമായ തടാകമാണ് കോൺ. സൂര്യകിരണങ്ങൾ ചാഞ്ഞു തുടങ്ങിയ ആ സായാഹ്നത്തിൽ മലനിരകളിൽ നിന്നും അരിച്ചിറങ്ങി വന്ന ഇരുട്ടിൽ ആ തടാകത്തിന്റെ ഉപരിതലം ഒരു കറുത്ത സ്ഫടികം പോലെ കാണപ്പെട്ടു.

തടാകത്തിന്റെ തെക്കൻ തീരത്തെ ഒരു കർഷകനായ മിഷേൽ മർഫി അന്നത്തെ ദിനം മുഴുവനും മത്സ്യബന്ധനത്തിൽ മുഴുകി തടാകത്തിൽത്തന്നെയായിരുന്നു കഴിച്ചുകൂട്ടിയത്. ഇടവിട്ട് ഇടവിട്ട് ഐറിഷ് മദ്യമായ പോട്ടീൻ അകത്താക്കിക്കൊണ്ടിരുന്ന അയാൾ ഏതാണ്ട് സ്ഥലകാല ബോധം നഷ്ടമായ അവസ്ഥയിൽ ആയിക്കഴിഞ്ഞിരുന്നു. പെട്ടെന്നാണ് മഴ ആർത്തലച്ചെത്തിയത്. പങ്കായം കൈയിലെടുത്ത് ഒരു മൂളിപ്പാട്ടുമായി അയാൾ തീരം ലക്ഷ്യമാക്കി തുഴഞ്ഞു.

പെട്ടെന്നാണ് ഒരു ഇരമ്പൽ അയാളുടെ കാതിലെത്തിയത്. ഒപ്പം വീശിയ ശക്തിയായ കാറ്റിനൊപ്പം വലിയ കറുത്ത പക്ഷിയെ പോലെ എന്തോ ഒന്ന് തന്റെ തലയ്ക്ക് മുകളിലൂടെ പറന്ന് തടാകത്തിന്റെ മറുകരയോടടുത്ത് അപ്രത്യക്ഷമാകുന്നത് അയാൾ അവ്യക്തമായി കണ്ടു.

                                                           ***
തീരത്ത് നിന്നും ഇരുനൂറോ മുന്നൂറോ വാര അകലെയായി തടാകത്തിൽ അതിവിദഗ്ദ്ധമായിട്ടാണ് വോഗൻ ലാന്റ് ചെയ്തത്. പിൻഭാഗം ഏറ്റവും ഒടുവിലായിട്ടാണ് ജലപ്പരപ്പിൽ സ്പർശിച്ചത്. വെള്ളത്തിലൂടെ തെന്നി നീങ്ങിയ വിമാനം നിശ്ചലമായി ഏതാനും നിമിഷം പൊന്തിക്കിടന്നു. പിന്നെ വെള്ളം ഉള്ളിൽ കയറുവാൻ തുടങ്ങി. ക്യാബിൻ റൂഫ് മുകളിലേക്കുയർത്തിയ വോഗൻ ഡിങ്കി പായ്ക്ക് പുറത്തെടുത്തു. അടുത്ത നിമിഷം തന്നെ അത് കാറ്റ് നിറഞ്ഞ് വീർത്ത് ഒരു ചെറിയ ലൈഫ്ബോട്ടിന്റെ രൂപം പ്രാപിച്ചു.

“ഇവിടെ എന്ത് ആഴമുണ്ടാകും...?” വോഗൻ ഡെവ്‌ലിനോട് ചോദിച്ചു.

“ഇരുനൂറ് അടി...”

“ഗുഡ്... വിമാനം എന്ത് ചെയ്യുമെന്ന കാര്യത്തിൽ ഇനി തല പുകയേണ്ട ആവശ്യമില്ല... പുവർ ലവ്‌ലി ബിച്ച്... വരൂ, നമുക്ക് നീങ്ങാം...” വോഗൻ പറഞ്ഞു.

വോഗൻ ലൈഫ്ബോട്ടിലേക്ക് കയറി. പിന്നാലെ സ്റ്റെയ്നറും ഡെവ്‌ലിനും. അല്പം മുന്നോട്ട് തുഴഞ്ഞ് നീങ്ങിയിട്ട് അവർ തിരിഞ്ഞു നോക്കി. ലൈസാൻഡറിന്റെ മുൻഭാഗം വെള്ളത്തിനടിയിൽ ആയിക്കഴിഞ്ഞിരുന്നു. ലുഫ്ത്‌വാഫിന്റെ സ്വസ്തിക അടയാളം വഹിക്കുന്ന വാൽ‌ഭാഗം ഒരു നിമിഷനേരത്തേക്ക് മുകളിൽ ഉയർന്ന് നിന്നു. പിന്നെ അതും പൂർണ്ണമായി ജലപ്പരപ്പിനടിയിലേക്ക് അപ്രത്യക്ഷമായി.

“അങ്ങനെ അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി...” വോഗൻ പറഞ്ഞു.

ഇരുട്ട് വീണു തുടങ്ങിയ തീരം ലക്ഷ്യമാക്കി അവർ തുഴഞ്ഞു. “എന്താണ് അടുത്ത പരിപാടി, മിസ്റ്റർ ഡെവ്‌ലിൻ...?” സ്റ്റെയ്നർ ആരാഞ്ഞു.

“നീണ്ട നടത്തം... പക്ഷേ, ഈ രാത്രി മുഴുവനും സമയമുണ്ട് നമുക്ക്... കില്ലാലാ ബേയിൽ എന്റെ ഒരു ആന്റിയുണ്ട്... എലീൻ ഓ’ ബ്രിയൻ... അവർക്ക് ഒരു ഫാം ഹൗസുണ്ട് അവിടെ...”

“എന്നിട്ട്...?” വോഗൻ ചോദിച്ചു.

“ദൈവത്തിന് മാത്രമറിയാം മകനേ... അവിടെ ചെന്നിട്ട് തീരുമാനിക്കാം നമുക്ക്...” ലിയാം ഡെവ്‌ലിൻ പറഞ്ഞു.

ലൈഫ്ബോട്ട് തീരത്തോട് അടുത്തു. മുട്ടറ്റം വെള്ളത്തിലേക്ക് ഡെവ്‌ലിൻ ചാടിയിറങ്ങി. പിന്നെ അവരെ കരയിലേക്ക് വലിച്ചടുപ്പിച്ചു.

“Cead mile failte...” കുർട്ട് സ്റ്റെയ്നറുടെ നേർക്ക് കൈ നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

“എന്താണ് ഈ പറഞ്ഞതിന്റെ അർത്ഥം...?” സ്റ്റെയ്നർ ചോദിച്ചു.

“ഐറിഷ് ഭാഷയാണ്... രാജാക്കന്മാരുടെ ഭാഷ... അതിന്റെ അർത്ഥമെന്താണെന്ന് ചോദിച്ചാൽ... ഒരു നൂറായിരം സ്വാഗതം...” ലിയാം ഡെവ്‌ലിൻ പുഞ്ചിരിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

25 comments:

  1. നന്ദി ഇല്ലാത്തവര്‍ !!
    ആ ഹിംലറെ കൂടി അറിയാത്ത പോലെ തട്ടിക്കളയേണ്ടതായിരുന്നു

    ReplyDelete
    Replies
    1. ശരിയാണ്... സാക്ഷാൽ ഹിറ്റ്‌ലർ പോലും എത്ര മാന്യതയോടെയാണ് ആ നാൽവർ സംഘത്തോട് പെരുമാറിയത്... ഹിംലർ... അയാളാണ് ദുഷ്ടൻ... തട്ടണമായിരുന്നു അല്ലേ ഉണ്ടാപ്രീ...

      Delete
  2. കഴിഞ്ഞ ആഴ്ചമുതൽ മുൾമുനയിലായിരുന്നു. ഹിംലർ കൊല്ലപ്പെടില്ലെന്നു അയാളുടെ ചരിത്രം വായിച്ചതിൽ നിന്ന് മനസ്സിലായി. പക്ഷേ അയാളെ എന്തിനു ഷെല്ലൻബെർഗ് വെറുതെ വിട്ടു..?
    ഏതായാലും വെറുതെ നിന്ന ഡെവ്‌ലിൻഅണ്ണനും കിട്ടി ഒരു മെഡൽ. അദ്ദേഹം ചിരിക്കുമെന്നാ ഞാൻ ഓർത്തത്.

    ReplyDelete
    Replies
    1. അമ്പട മിടുക്കാ... ഹിംലറുടെ ചരിത്രമൊക്കെ വായിച്ചുവല്ലേ...? ഷെല്ലെൻബെർഗ് അതിബുദ്ധിമാനാണ് ജസ്റ്റിൻ... ഒന്നും കാണാതെയാവില്ല...

      ഡെവ്‌ലിന്റെ കാര്യം കൊള്ളാം അല്ലേ... :)

      Delete
  3. "ഈ മെറി‌-ഗോ-റൗണ്ടിൽ നിന്നും ഇനി എനിക്ക് ഇറങ്ങാനാവില്ല...”

    ഷെല്ലെൻ‌ബർഗ്ഗിന് സ്തുതിയായിരിക്കട്ടെ !

    ReplyDelete
    Replies
    1. പാവം ഷെല്ലെൻബെർഗ്... പെട്ടുപോയി... SS സേനയുടെ ജനറൽ പദവി വഹിക്കുന്ന ആളായിപ്പോയില്ലേ...

      Delete
  4. Njan apppzhe paranjathaa randennathinem thattanam ennu. Nandi illatha vargangal.
    Ehthayalum ini Ireland IL ethokke nadakkumo entho.

    Nattilekku pokan airport IL irikkunnu. Mobile Malayalam illa sorry.

    ReplyDelete
    Replies
    1. ഹിംലറെ തട്ടേണ്ടിയിരുന്നു എന്ന അഭിപ്രായക്കാരനാണ്‌ ഞാനും... ഇനിയെന്ത് എന്ന് നോക്കാം...

      നാട്ടിലേക്ക് സ്വാഗതം ശ്രീജിത്ത്...

      Delete
  5. എന്തൊക്കെ നാടകങ്ങൾ കളിക്കണം ഷെല്ലെൻബെർഗ്ഗ്‌...

    ReplyDelete
    Replies
    1. അതെ... മൂവർ സംഘത്തെ രക്ഷപെടാൻ അനുവദിച്ച അദ്ദേഹത്തിന്റെ ആ നല്ല മനസ്സിന് നമോവാകം...

      Delete
  6. അങ്ങനെ അതിലൊരു തീരുമാനം ആയി...

    ReplyDelete
    Replies
    1. അതെ... ഇനി എന്താകുമെന്ന് നോക്കാം...

      Delete
  7. ഒരു കൂട്ടപ്പൊരിച്ചൽ പ്രതീക്ഷിച്ചതായിരുന്നു.അതും നടന്നില്ല.
    അങ്ങനെ ഡെവ്ലിൻ സ്വന്തം നാട്ടിൽ തിരിച്ചെത്തി. ഇനി...?

    ReplyDelete
    Replies
    1. ഇനി... ഇനി അടുത്ത ലക്കത്തിൽ എന്താണെന്ന് നോക്കാം അശോകേട്ടാ...

      Delete
  8. കഷ്ടം.എന്തൊക്കെ പ്രതീക്ഷിച്ചു.



    എല്ലാം പാഴായി.

    ReplyDelete
  9. 'വലിയ കറുത്ത പക്ഷി'... ഇതെന്താവും??? വന്നുവന്ന് ഒന്നും വിശ്വസിക്കാന്‍ വയ്യാത്ത പരുവായിട്ടുണ്ട്!

    ReplyDelete
    Replies
    1. അയ്യോ, അത് മനസ്സിലായില്ലേ മുബീ...? അവരുടെ ആ ലൈസാൻഡർ വിമാനമായിരുന്നു അയാളുടെ തലയ്ക്ക് മുകളിലൂടെ താഴ്ന്ന് പറന്ന് തടാകത്തിൽ ലാന്റ് ചെയ്തത്... അങ്ങേര് മദ്യലഹരിയിൽ ആയിരുന്നത് കൊണ്ടാണ് വലിയ ഒരു പക്ഷിയെപ്പോലെ തോന്നിയത്...

      Delete
  10. ഒരു കൂട്ടപ്പൊരി വെടിക്കെട്ട് പ്രതീക്ഷിച്ച്
    വന്നപ്പോൾ ഒരു ചെറിയ മാലപ്പടക്കം പോലും
    പൊട്ടിക്കാതെ വെടിക്കെട്ടുകാർ മുങ്ങിയപോലെയായല്ലോ
    സംഗതികൾ ...

    ReplyDelete
    Replies
    1. അവസാനം കൂർക്കഞ്ചേരി പൂരത്തിന് കാവടിയെടുത്ത മാതിരി എല്ലാവരും ഡെവ്‌ലിന്റെ തലയിലായി അല്ലേ മുരളിഭായ്... ? :)

      Delete
  11. "ഇനിയെന്താണ് അടുത്ത പരിപാടി?"
    “ദൈവത്തിന് മാത്രമറിയാം മകനേ..."
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം തങ്കപ്പൻ ചേട്ടാ...

      Delete
  12. vinuvetta..naattil poyittu oru tharathil thirichu vannu....elaam nokkatte....

    ReplyDelete