Saturday, 28 July 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 56


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


1975

ബെൽഫാസ്റ്റ്


അപ്പോഴേക്കും പുലർച്ചെ നാല് മണിയോടടുത്തിരുന്നു. ഡെവ്ലിൻ എഴുന്നേറ്റ് പൂജാമുറിയുടെ വാതിൽ തുറന്നു. നഗരം ഉറക്കത്തിലാണ്. അന്തരീക്ഷത്തിൽ പുകയുടെ തീക്ഷ്ണഗന്ധം തങ്ങി നിൽക്കുന്നു. പെട്ടെന്നാണ് മഴ ആർത്തലച്ചെത്തിയത്. ദേഹം ചെറുതായി വിറയ്ക്കുന്നത് പോലെ അനുഭവപ്പെട്ടപ്പോൾ അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി.

ബെൽഫാസ്റ്റിലെ ദുരിതം നിറഞ്ഞ രാത്രി പോലെ മറ്റൊന്നും ഉണ്ടാവില്ല...” ഡെവ്ലിൻ പറഞ്ഞു.

പറയൂ, മിസ്റ്റർ ഡെവ്ലിൻ... ബ്രിഗേഡിയർ ഡോഗൽ മൺറോയെ പിന്നീട് എന്നെങ്കിലും കാണേണ്ടി വന്നിട്ടുണ്ടോ...?” ഞാൻ ചോദിച്ചു.

, യെസ്...” അദ്ദേഹം തല കുലുക്കി. “നിരവധി തവണ... മത്സ്യബന്ധനം അദ്ദേഹത്തിനൊരു വിനോദമായിരുന്നു... വയസ്സൻ ഡോഗൽ...”

പതിവ് പോലെ തന്നെ മിസ്റ്റർ ഡെവ്ലിനെ മനസ്സിലാക്കുവാൻ ഞാൻ ബുദ്ധിമുട്ടുകയായിരുന്നു. എങ്കിലും ഞാൻ വീണ്ടും ശ്രമിച്ചു. “ഓൾ റൈറ്റ്... പിന്നീട് അവിടെ എന്ത് സംഭവിച്ചു...? ആ സംഭവങ്ങളെല്ലാം എങ്ങനെയാണ് അദ്ദേഹത്തിന് മൂടി വയ്ക്കാൻ കഴിഞ്ഞത്...?”

വെൽ... ഒരു കാര്യം നിങ്ങൾ ഓർക്കണം... മൺറോയ്ക്കും കാർട്ടറിനും മാത്രമേ യഥാർത്ഥത്തിൽ സ്റ്റെയ്നർ ആരായിരുന്നു എന്ന് അറിയുമായിരുന്നുള്ളൂ... പാവം ലെഫ്റ്റ്നന്റ് ബെൻസനും സിസ്റ്റർ മരിയാ പാമറിനും ഫാദർ മാർട്ടിനും അദ്ദേഹം വെറുമൊരു യുദ്ധത്തടവുകാരൻ മാത്രമായിരുന്നു... ഒരു ലുഫ്ത്വാഫ് ഓഫീസർ...” ഡെവ്ലിൻ പറഞ്ഞു.

പക്ഷേ, മൈക്കിൾ റയാനും അയാളുടെ അനന്തിരവളും...? ഷാ സഹോദരങ്ങൾ...? അവരുടെയൊക്കെ മരണങ്ങൾ...?”

ആ വർഷത്തിന്റെ ആരംഭത്തിൽത്തന്നെ ലുഫ്ത്വാഫ് ലണ്ടൻ നഗരത്തിന് മേൽ ബോംബിങ്ങ് പുനഃരാരംഭിച്ചിരുന്നു... ലിറ്റ്ൽ ബ്ലിറ്റ്സ് എന്ന പേരിൽ... ബ്രിട്ടീഷ് ഇന്റലിജൻസിന് അത് വളരെ സഹായകരമായി...”

എങ്ങനെ...?”

എങ്ങനെയെന്ന് ചോദിച്ചാൽ... ബോംബിങ്ങിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്... സർ മാക്സ്വെൽ ഷായും സഹോദരി ലവീനിയയും 1944 ജനുവരിയിലെ ലുഫ്ത്വാഫ് എയർ റെയ്ഡിനിടയിൽ ലണ്ടനിൽ വച്ച് കൊല്ലപ്പെട്ടു... വേണമെങ്കിൽ അന്നത്തെ The Times ദിനപത്രത്തിൽ നോക്കിക്കോളൂ... ചരമ കോളത്തിൽ അവരുടെ പേരുകൾ കാണാം...”

അപ്പോൾ മൈക്കിൾ റയാനും മേരിയും...? ജാക്ക് കാർവറും എറിക്ക് കാർവറും...?”

“The Times ന്റെ പേജുകളിൽ കയറിക്കൂടുവാനുള്ള യോഗ്യത അവർക്കുണ്ടായിരുന്നില്ല... പക്ഷേ, അവരും എത്തിച്ചേർന്നത് അതേ ശ്മശാനത്തിൽത്തന്നെയായിരുന്നു... നോർത്ത് ലണ്ടനിലെ ക്രിമറ്റോറിയത്തിൽ... വെറും അഞ്ച് പൗണ്ട് മാത്രം ഭാരം വരുന്ന ചാരമായി മാറി അവർ... ഒരു ഓട്ടോപ്സിയുടെ ആവശ്യകതയേ ഉദിക്കുന്നുണ്ടായിരുന്നില്ല... ബോംബിങ്ങിന്റെ ഇരകൾ എന്ന ഗണത്തിൽ എല്ലാവരെയും ഉൾപ്പെടുത്തി...”

ഒന്നിനും മാറ്റമില്ല...” ഞാൻ പറഞ്ഞു. “പിന്നെ, മറ്റുള്ളവരോ...?”

അഡ്മിറൽ കാനറീസ് പിന്നെ അധികകാലം ജീവനോടെയുണ്ടായില്ല... ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും അദ്ദേഹം അനഭിമതനായിക്കഴിഞ്ഞിരുന്നു...  ജൂലൈയിൽ ഹിറ്റ്ലറെ വധിക്കുവാൻ ഒരു ശ്രമം കൂടി നടന്നുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്... മറ്റ് പലരോടുമൊപ്പം കാനറീസും അറസ്റ്റ് ചെയ്യപ്പെട്ടു... യുദ്ധത്തിന്റെ അവസാന ആഴ്ച്ചയിൽ അവർ അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധേയനാക്കി... ഹിറ്റ്ലറുടെ മേൽ പലപ്പോഴുമായി നടന്ന വധശ്രമങ്ങൾക്ക് പിന്നിൽ ഫീൽഡ് മാർഷൽ റോമൽ ഉൾപ്പെട്ടിരുന്നുവോ എന്ന കാര്യം എന്നും സംശയത്തിന്റെ നിഴലിൽ മാത്രമായിരുന്നു... പക്ഷേ, ഉണ്ടായിരുന്നു എന്നാണ് ഫ്യൂറർ വിശ്വസിച്ചിരുന്നത്... ജനങ്ങളുടെ ഹീറോ ആയ ഒരു യോദ്ധാവിനെ രാജ്യദ്രോഹി എന്ന മുദ്രകുത്തി വധശിക്ഷയ്ക്ക് വിധേയനാക്കുന്നതിലുള്ള അസാംഗത്യം നാസി നേതൃത്വത്തിന് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സംരക്ഷിച്ചു കൊള്ളാം എന്ന ഉറപ്പും നൽകി റോമലിനെ ആത്മഹത്യ ചെയ്യുവാൻ നിർബന്ധിക്കുകയാണ് അവർ ചെയ്തത്...” ഡെവ്ലിൻ പറഞ്ഞു.

വാട്ട് ബാസ്റ്റഡ്സ് ദേ ഓൾ വേർ...” ഞാൻ പറഞ്ഞു.

അവസാനം ബങ്കറിനുള്ളിൽ വച്ച് ഹിറ്റ്ലറുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ... ഹിംലർ ആകട്ടെ അവസാന നിമിഷം വരെയും രക്ഷപെടുവാനുള്ള ശ്രമം നടത്തി... തന്റെ മീശ വടിച്ചു കളഞ്ഞ് ഒരു കണ്ണിൽ ഐ പാച്ച് ധരിച്ച് പല വേഷങ്ങളും കെട്ടി നോക്കി... പക്ഷേ, ഒന്നും ഫലിച്ചില്ല... ഒടുവിൽ പിടിക്കപ്പെട്ടപ്പോൾ സയനൈഡ് വിഴുങ്ങുകയാണുണ്ടായത്...”

ഷെല്ലെൻബെഗിന് എന്ത് സംഭവിച്ചു...?”

ശരിയാണ്... അങ്ങനെയൊരു ആളുണ്ടായിരുന്നല്ലോ... ഞങ്ങളുടെ ആ പഴയ വാൾട്ടർ... തിരികെ ബെർലിനിൽ എത്തിയ അദ്ദേഹം ഹിംലറെ അതിസമർത്ഥമായി കബളിപ്പിച്ചു... ഞങ്ങൾ അദ്ദേഹത്തെ ആക്രമിച്ച് കീഴ്പ്പെടുത്തി രക്ഷപെട്ടു എന്ന് ധരിപ്പിച്ചു... അദ്ദേഹത്തിന്റെ ചുമലിലെ മുറിവ് അത് വിശ്വാസയോഗ്യമാക്കുകയും ചെയ്തു... യുദ്ധം അവസാനിക്കുന്നതിന് ഏതാനും മാസങ്ങൾ മുമ്പ് കംബൈൻഡ് സീക്രറ്റ് സർവീസസിന്റെ മേധാവിയായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു... അതിലുണ്ടായിരുന്ന പലരും പിന്നെയും കുറേക്കാലം കൂടി ജീവിച്ചു... യുദ്ധകാല കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള വിചാരണ സമയത്ത് അനധികൃത സംഘടനയായ SS ൽ അംഗമായിരുന്നു എന്ന ഒരു കുറ്റം മാത്രമേ അവർക്ക് അദ്ദേഹത്തിന് മേൽ ചുമത്താനായുള്ളൂ... വിചാരണ വേളയിൽ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയ സാക്ഷികളിൽ ജൂതന്മാർ പോലുമുണ്ടായിരുന്നു എന്നതാണ് സത്യം... ഏതാനും വർഷത്തെ ജയിൽ വാസത്തിന് ശേഷം അവർ അദ്ദേഹത്തെ മോചിപ്പിച്ചു... പിന്നീട് അമ്പത്തിയൊന്നാമത്തെ വയസ്സിൽ ഇറ്റലിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു... ക്യാൻസർ മൂലം...”

സോ... ദാറ്റ്സ് ഇറ്റ്...” ഞാൻ പറഞ്ഞു.

അദ്ദേഹം തല കുലുക്കി. “ഞങ്ങളന്ന് ഹിറ്റ്ലറുടെ ജീവൻ രക്ഷിച്ചു... പക്ഷേ, അത് ശരിയായ തീരുമാനമായിരുന്നുവോ...?” ഡെവ്ലിൻ ചുമൽ വെട്ടിച്ചു. “അന്ന് അതൊരു നല്ല തീരുമാനമായി തോന്നി... ഇപ്പോൾ എനിക്ക് ഊഹിക്കാനാവുന്നു, എന്തുകൊണ്ടാണ് ആ ഫയൽ അവർ നൂറ് വർഷത്തേക്ക് പിടിച്ചു വച്ചതെന്ന്...”

വാതിൽ തുറന്ന് വീണ്ടും അദ്ദേഹം പുറത്തേക്ക് നോക്കി. അദ്ദേഹത്തെ അങ്ങനെയങ്ങ് പോകാൻ അനുവദിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.

പിന്നീട് എന്തൊക്കെയാണുണ്ടായത്...? താങ്കൾക്ക്... സ്റ്റെയ്നർക്ക്... വോഗന്...? യുദ്ധാനന്തരം ഏതോ അമേരിക്കൻ കോളേജിൽ പ്രൊഫസർ ആയി വർഷങ്ങളോളം താങ്കൾ സേവനം അനുഷ്ഠിച്ചു എന്നെനിക്ക് അറിയാൻ കഴിഞ്ഞു... പക്ഷേ, അതിന് മുമ്പുള്ള കാലയളവിൽ എന്തായിരുന്നു സംഭവിച്ചത്...?” ഞാൻ ചോദിച്ചു.

, ജീസസ്... ആവശ്യത്തിലധികം ഞാൻ സംസാരിച്ചല്ലോ മകനേ... ശരിയല്ലേ...? പുതിയ ഒരു പുസ്തകം എഴുതാനുള്ള കഥകളൊക്കെ ഞാൻ തന്നില്ലേ...? ബാക്കി കഥകൾക്കായി അടുത്ത സന്ദർശനം വരെ കാത്തിരുന്നേ മതിയാവൂ... നിങ്ങൾക്ക് ഹോട്ടലിൽ തിരികെ എത്തേണ്ട സമയമാകുന്നു... അല്പ ദൂരം ഞാനും വരാം നിങ്ങളോടൊപ്പം...” ഡെവ്ലിൻ പറഞ്ഞു.

സുരക്ഷിതമായിരിക്കുമോ അത്...?”

വെൽ... ആർമി പട്രോൾ ചെക്ക് ചെയ്യാനിടയായാൽ നിങ്ങളുടെ കൈവശം തിരിച്ചറിയൽ രേഖകൾ എല്ലാം ഉണ്ടല്ലോ... പിന്നെ എന്നെപ്പോലെ ഒരു വയസ്സൻ വൈദികനെ ആര് സംശയിക്കാൻ...?”

തന്റെ ളോഹയുടെ മുകളിൽ ഒരു റെയിൻ കോട്ടും തലയിൽ ഒരു ഹാറ്റും ധരിച്ചിരുന്നു അദ്ദേഹം. ബോംബിങ്ങിന്റെ അവശിഷ്ടങ്ങൾ വീണ് അലങ്കോലമായി കിടക്കുന്ന ഇടുങ്ങിയ തെരുവുകളിലൂടെ അദ്ദേഹത്തോടൊപ്പം ആ കുടക്കീഴിൽ ഞാനും നടന്നു.

ഈ തെരുവുകൾ കണ്ടോ...? മനുഷ്യർ മരിച്ചു വീണുകൊണ്ടിരിക്കുന്ന തെരുവുകൾ...” ഡെവ്ലിൻ പറഞ്ഞു.

പിന്നെ എന്തിനിത് തുടരുന്നു...? ഈ ബോംബിങ്ങ്... ഈ കൊലപാതകങ്ങൾ...?” ഞാൻ ചോദിച്ചു.

ഇത് തുടങ്ങിയ കാലത്ത്... അതായത് 1969 ആഗസ്റ്റിൽ... അന്നത് ഒരു നല്ല ആശയമായി തോന്നി... കത്തോലിക്കരെ പുകച്ച് പുറത്ത് ചാടിക്കാൻ ഒരുങ്ങിയിറങ്ങിയ പ്രൊട്ടസ്റ്റന്റുകൾ... അവരെ രഹസ്യമായി സഹായിച്ചിരുന്ന B ബ്രാഞ്ച് സ്പെഷൽ പോലീസ്...”

എന്നിട്ട് ഇപ്പോഴോ...?”

സത്യം പറഞ്ഞാൽ, മടുത്തു തുടങ്ങിയിരിക്കുന്നു മകനേ... ഇതു പോലെ കണ്ണിൽ ചോരയില്ലാത്ത ആക്രമണങ്ങളൊന്നും ഞാൻ നടത്തിയിട്ടില്ല... വഴിപോക്കരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും എല്ലാം ഒരു നോട്ടവുമില്ലാതെ കൊന്നൊടുക്കുന്ന ബോംബിങ്ങ്... ഇത് ക്രൂരതയാണ്... കില്ലാലാ ബേയിൽ എലീൻ ആന്റി എനിക്കായി അവശേഷിപ്പിച്ച് പോയ ആ ഫാം ഹൗസ്... പിന്നെ ഡബ്ലിനിലെ ട്രിനിറ്റി കോളേജിൽ എപ്പോൾ വേണമെങ്കിലും ചെന്ന് ഏറ്റെടുക്കാവുന്ന തരത്തിൽ എന്നെ കാത്തിരിക്കുന്ന ഇംഗ്ലീഷ് പ്രൊഫസർ ഉദ്യോഗം...” തെരുവിന്റെ മൂലയിൽ എത്തിയതും ഒന്ന് നിന്നിട്ട് അദ്ദേഹം പുക നിറഞ്ഞ ആ അന്തരീക്ഷവായു അല്പം ഉള്ളിലേക്കെടുത്തു. “ഇതിൽ നിന്നൊക്കെ പുറത്ത് കടക്കാൻ സമയമായി... ഇനി ആർക്കെങ്കിലും ഇത് തുടരണമെന്നുണ്ടെങ്കിൽ അവർ തുടർന്നോട്ടെ...”

എന്ന് വച്ചാൽ, അവസാനം താങ്കൾക്ക് മതിയായി എന്ന്... താങ്കൾ കളിക്കുക എന്നതിനെക്കാൾ മത്സരം താങ്കളെ കളിപ്പിക്കുകയായിരുന്നു എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു...?”

ദാറ്റ്സ് വാട്ട് സ്റ്റെയ്നർ ഓൾവേയ്സ് സെയ്സ്...” ഡെവ്ലിൻ തല കുലുക്കി.

ഇന്ററസ്റ്റിങ്ങ്...” ഞാൻ പറഞ്ഞു. “യൂ സെഡ്, സ്റ്റെയ്നർ സെയ്സ്...”

അദ്ദേഹം പുഞ്ചിരിച്ചു. “ശരിക്കും...?” മഴ പൂർവ്വാധികം ശക്തി പ്രാപിച്ചു. ഫാൾസ് റോഡിന്റെ അറ്റത്ത് എത്തിയിരുന്നു ഞങ്ങൾ. അല്പം അകലെയായി പാരച്യൂട്ട് റെജിമെന്റിന്റെ ഒരു കവചിത വാഹനവും ഏതാനും പട്രോൾ ഉദ്യോഗസ്ഥരും സാവധാനം വരുന്നുണ്ടായിരുന്നു. “ഐ തിങ്ക് ഐ വിൽ ലീവ് യൂ ഹിയർ, സൺ...” ഡെവ്ലിൻ പറഞ്ഞു.

ബുദ്ധിപരമായ തീരുമാനം...” അദ്ദേഹത്തിന്റെ കരങ്ങൾ ഞാൻ കൈകളിലെടുത്തു.

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അവിടെ കില്ലാലാ ബേയിൽ  വന്ന് എന്നെ കാണാവുന്നതാണ്...” തിരിഞ്ഞ് നടന്നിട്ട് അദ്ദേഹം ഒന്ന് നിന്നു. “ഒരു കാര്യം കൂടി...”

എന്താണത്...?” ഞാൻ ചോദിച്ചു.

ആ പെൺകുട്ടി... റൂത്ത് കോഹൻ... വാഹനം ഇടിച്ച് മരണമടഞ്ഞ കുട്ടി... നിങ്ങൾ പറഞ്ഞത് ശരിയാണ്... ആരുടെയോ മുഖം രക്ഷിക്കാൻ വേണ്ടി കരുതിക്കൂട്ടിയുള്ള ഒരു കൊലയായിരുന്നു അത്... നിങ്ങളും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്...”

കൈകൾ പൊത്തിപ്പിടിച്ച് ഞാൻ ഒരു സിഗരറ്റിന് തീ കൊളുത്തി. ശേഷം തൊട്ടടുത്ത ഇടവഴിയിലേക്ക് നടന്നകലുന്ന ഡെവ്ലിനെയും നോക്കി ഞാൻ നിന്നു. കണങ്കാലുകൾക്ക് ചുറ്റും ഒരു സ്കർട്ട് പോലെ ഉലയുന്ന ളോഹ... വീശിയടിക്കുന്ന മഴയ്ക്കെതിരെ അല്പം ചരിച്ച് നിവർത്തിപ്പിടിച്ച കുട... തിരിഞ്ഞ് ഞാൻ വീണ്ടും ഫാൾസ് റോഡിലേക്ക് നോക്കി. പട്രോൾ സംഘം കുറേക്കൂടി അടുത്തെത്തിയിരിക്കുന്നു. അവസാനമായി ലിയാം ഡെവ്ലിനെ ഒരു നോക്ക് കൂടി കാണുവാനായി ഞാൻ തിരിഞ്ഞു. പക്ഷേ, അദ്ദേഹം പോയ്ക്കഴിഞ്ഞിരുന്നു... ഇടവഴിയിലെ മങ്ങിയ വെട്ടത്തിന്റെ നിഴലുകൾക്കിടയിൽ എവിടെയോ അദ്ദേഹം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു... അങ്ങനെയൊരാൾ അവിടെ ഉണ്ടായിരുന്നതേയില്ല എന്ന മട്ടിൽ...

(അവസാനിച്ചു)


അടുത്തയാഴ്ച്ച മുതൽ പുതിയൊരു നോവൽ ആരംഭിക്കുകയാണ്... പ്രിയ കഥാകാരൻ ജാക്ക് ഹിഗ്ഗിൻസിന്റെ തന്നെ മറ്റൊരു വേൾഡ് വാർ-II ത്രില്ലർ... “ഫ്ലൈറ്റ് ഓഫ് ഈഗ്‌ൾസ്”... അപ്പോൾ നമുക്കിനി അവിടെ വച്ച് വീണ്ടും കാണാം... നന്ദി...