Friday, 3 March 2017

ദി ഈഗ്‌ൾ ഹാസ് ഫ്ലോൺ - കഥ പറയും മുമ്പേ...പ്രശസ്ത എഴുത്തുകാരനായ ജാക്ക് ഹിഗ്ഗിൻസിന്റെ സ്റ്റോം വാണിങ്ങ്, ദി ഈഗ്‌ൾ ഹാസ് ലാന്റഡ്, ഈസ്റ്റ് ഓഫ് ഡെസലേഷൻ, ദി ടെസ്റ്റമെന്റ് ഓഫ് കാസ്പർ ഷുൾട്സ് എന്നീ നോവലുകളുടെ വിവർത്തനങ്ങൾക്ക് ശേഷം പുതിയൊരു യജ്ഞം തുടങ്ങുകയാണ് ഞാൻ ദി ഈഗ്‌ൾ ഹാസ് ഫ്ലോൺ

ഇത് വായിച്ചു തുടങ്ങുന്നതിന് മുമ്പ് പ്രിയ വായനക്കാർ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന വസ്തുതയുണ്ട്. നിങ്ങളേവരും ഹൃദയത്തിലേറ്റിയ ദി ഈഗ്‌ൾ ഹാസ് ലാന്റഡിന്റെ രണ്ടാം ഭാഗമായി അദ്ദേഹം എഴുതിയ നോവലാണ് ഇത്. അതുകൊണ്ട് തന്നെ ഒന്നാം ഭാഗത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് മനസ്സിലാക്കാതെ ഇതിലേക്ക് പോകുന്നത് ഉചിതമായിരിക്കില്ല.

പുതുതായി എത്തുന്ന വായനക്കാർക്ക് വേണ്ടി ആ നോവലിന്റെ സംഗ്രഹം ഇവിടെ കുറിക്കുകയാണ് ഞാൻ


1943 നവംബർ 6 പുലര്‍ച്ചെ കൃത്യം ഒരു മണി ... ജര്‍മ്മൻ പ്രൊട്ടക്ഷൻ സ്ക്വാഡ്രണാ‍യ എസ്.എസ് കമാന്റോ യൂണിറ്റിന്റെ മേധാവി ഹെന്‍ട്രിച്ച്‌ ഹിംലറിന്‌ ഒരു സന്ദേശം ലഭിച്ചു. "ദി ഈഗ്‌ൾ ഹാസ്‌ ലാന്റഡ്‌..." അതിന്റെ അര്‍ത്ഥം ഇതായിരുന്നു – ജര്‍മ്മൻ പാരാട്രൂപ്പേഴ്‌സിന്റെ ഒരു ചെറുസംഘം ആ സമയം സുരക്ഷിതമായി ഇംഗ്ലണ്ടിൽ ഇറങ്ങിയിരിക്കുന്നു... നോര്‍ഫോക്ക്‌ ഗ്രാമത്തിലെ കോട്ടേജിൽ വാരാന്ത്യം ചെലവഴിക്കാനെത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വിന്‍സ്റ്റൺ ചര്‍ച്ചിലിനെ തട്ടിക്കൊണ്ടുപോയി ജര്‍മ്മനിയിൽ അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ സമക്ഷം എത്തിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.


ഇതായിരുന്നു “ദി ഈഗ്‌ൾ ഹാസ് ലാന്റഡ്“ എന്ന നോവലിനെ ഒറ്റ പാരഗ്രാഫിൽ ഒതുക്കിയാൽ നമുക്ക് കാണുവാൻ കഴിയുമായിരുന്നത്. എന്നാൽ അതിലെ പ്രധാന കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും അടുത്തറിയുന്നതിനായി അൽപ്പം കൂടി വിശദമായി നമുക്ക് ഇറങ്ങേണ്ടിയിരിക്കുന്നു.

ഇംഗ്ലണ്ടിന്റെ വടക്ക് കിഴക്കൻ തീരത്തെ നോർഫോക്കിൽ സ്ഥിതി ചെയ്യുന്ന സ്റ്റഡ്‌ലി കോൺസ്റ്റബിൾ എന്ന കൊച്ചു ഗ്രാമത്തിലെ ദേവാലയത്തിൽ 1970 കളിൽ ഒരു നാൾ എത്തുകയാണ് നമ്മുടെ കഥാകാരൻ ജാക്ക് ഹിഗ്ഗിൻസ്. അവിടുത്തെ സെമിത്തേരിയിൽ കാണാനിടയായ ഒരു സ്മാരകശിലയിലെ ലിഖിതത്തിൽ കണ്ട കുർട്ട് സ്റ്റെയ്നർ എന്ന നാമം ആരുടേതായിരുന്നു എന്ന ചോദ്യം ഫാദർ വെറേക്കറെയും നാട്ടുകാരെയും അരിശം കൊള്ളിക്കുകയാണുണ്ടായത്. എങ്കിലും പിന്മാറാൻ തയ്യാറാകാതിരുന്ന അദ്ദേഹം ദേവാലയത്തിലെ കുഴിവെട്ടുകാരന് അല്പം പണം നൽകി അതിന്റെ ഉത്തരം കണ്ടെത്തുന്നു. പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെ തട്ടിക്കൊണ്ടു പോകുവാൻ വേണ്ടി അവിടെയെത്തിയ പതിനാലംഗ ജർമൻ സംഘത്തിന്റെ തലവനായിരുന്നു കേണൽ കുർട്ട് സ്റ്റെയ്നർ!

ഇനി 1943 ലേക്ക് പോകാം നമുക്ക് ഫ്ലാഷ് ബാക്ക് സഖ്യകക്ഷികളുടെ തടങ്കലിൽ നിന്നും മുസ്സോളിനിയെ രക്ഷിച്ച് തന്റെ പക്കൽ എത്തിച്ച ഓട്ടോ സ്കോർസെനിയുടെ സാഹസികതയിൽ ആവേശം കൊണ്ട അഡോൾഫ് ഹിറ്റ്ലറുടെ മനസ്സിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയെയും അതുപോലെ തട്ടിക്കൊണ്ടു വന്നാൽ യുദ്ധത്തിന്റെ ഗതി നിയന്ത്രിക്കാം എന്ന ആശയം നാമ്പെടുക്കുന്നു.

സാദ്ധ്യതാ പഠനം ഏറ്റെടുക്കേണ്ടി വന്ന കേണൽ മാക്സ് റാഡ്‌ൽ അതിൽ യാതൊരു വിജയ സാദ്ധ്യതയും കണ്ടില്ല. എന്നാൽ ഇംഗ്ലണ്ടിൽ വസിക്കുന്ന ജർമൻ ചാരപ്രവർത്തകയായ മിസ്സിസ് ജോവന്നാ ഗ്രേയുടെ ഒരു റിപ്പോർട്ട് കാണാനിടയായതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. തൊട്ടടുത്ത മാസം ഒരു വാരാന്ത്യത്തിൽ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ നോർഫോക്ക് തീരത്ത് വിശ്രമവേള ചെലവഴിക്കുവാനെത്തുന്നു എന്നായിരുന്നു ആ റിപ്പോർട്ട്.

ഒരു സംഘം ഫാൾഷിംജാഗർ പാരാട്രൂപ്പേഴ്സിനെ രാത്രി നേരത്ത് നോർഫോക്കിന്റെ തീരത്ത് പാരച്യൂട്ടിൽ ഇറക്കുവാനുള്ള പദ്ധതി അണിയറയിൽ തയ്യാറാവുന്നു. അടുത്ത രാത്രി വിൻസ്റ്റൺ ചർച്ചിലിനെ കിഡ്നാപ്പ് ചെയ്ത് ജർമ്മൻ നേവിയുടെ കപ്പലിൽ ബെർലിനിൽ എത്തിക്കുക എന്നതായിരുന്നു പദ്ധതി.
  
നാട്ടുകാരുടെ സംശയദൃഷ്ടികളെ കബളിപ്പിക്കുവാൻ പോളിഷ് പാരാട്രൂപ്പേഴ്സ് ആയി വേഷം ധരിച്ചെത്തുന്ന ഫാൾഷിംജാഗർ സംഘത്തിന് നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന ഒരു ലീഡറുടെ ആവശ്യമുണ്ടായിരുന്നു. ബാല്യകാലം ലണ്ടനിൽ ചെലവഴിച്ചതിനാൽ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്ന വീരയോദ്ധാവ് ലെഫ്റ്റനന്റ് കേണൽ കുർട്ട് സ്റ്റെയ്നറെക്കുറിച്ച് അദ്ദേഹം കേൾക്കാനിടയാകുന്നു. കോൺസൻ‌ട്രേഷൻ ക്യാമ്പുകളിലേക്ക് കൊണ്ടുപോകുന്ന ജുതസംഘത്തിൽ നിന്നും രക്ഷപെടാൻ ശ്രമിച്ച ഒരു പെൺകുട്ടിയെ വാഴ്സയിൽ വച്ച് വെടിവെച്ച് കൊല്ലുവാനൊരുങ്ങിയ ജർമ്മൻ എസ്. എസ് ട്രൂപ്പിലെ സൈനികരെ തടഞ്ഞതിനുള്ള ശിക്ഷയായി സൂയിസൈഡ് ട്രൂപ്പിലേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ് സ്റ്റെയ്നറെയും സംഘത്തെയും. ഇംഗ്ലീഷ് ചാനലിലൂടെ കടന്നുപോകുന്ന ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾക്ക് നേരെ ടോർപ്പിഡോകളിൽ കയറിയിരുന്ന് സൂയിസൈഡ് അറ്റാക്ക് നടത്തുക എന്നതായിരുന്നു അവർക്ക് ലഭിച്ച ശിക്ഷ. അദ്ദേഹത്തെയും കൂട്ടരെയും കേണൽ റാഡ്‌ൽ തന്റെ കമാന്റിന് കീഴിലേക്ക് മാറ്റുന്നു.

പദ്ധതിയുടെ വിജയത്തിനായി കേണൽ റാഡ്‌ൽ മറ്റൊരാളെക്കൂടി റിക്രൂട്ട് ചെയ്യുന്നു. ഐറിഷ് റിപ്പബ്ലിക്കൻ ആർമി അംഗമായ ലിയാം ഡെവ്‌ലിൻ ആയിരുന്നു അത്. അയർലണ്ടിൽ നിന്നും ഇംഗ്ലണ്ടിലേക്ക് നുഴഞ്ഞു കയറിയ ഡെവ്‌ലിൻ മിസ്സിസ് ജോവന്നാ ഗ്രേയുടെ വസതിയിൽ എത്തുകയും അവിടുത്തെ ഒരു എസ്റ്റേറ്റിലെ വാർഡൻ ആയി ജോലി തരപ്പെടുത്തുകയും ചെയ്യുന്നു. അതോടൊപ്പം ഒരു തനി നാടൻ പെൺകൊടിയായ മോളി പ്രിയോറുമായി പ്രണയത്തിലാവുകയും ചെയ്യുന്നു ഡെവ്‌ലിൻ. നാട്ടുകാരുടെ പേടിസ്വപ്നമായ ആർതർ സെയ്‌മൂർ മോളിയെ ആക്രമിക്കുവാനൊരുങ്ങുമ്പോൾ അതിനെ പ്രതിരോധിച്ച് ഡെവ്‌ലിൻ അവളുടെ മനം കവരുന്നു.  

സ്റ്റെയ്നറെയും സംഘത്തിന്റെയും യാത്രാവശ്യങ്ങൾക്കായി ഡെവ്‌ലിൻ കരിഞ്ചന്തയിൽ നിന്നും ഒരു ജീപ്പും ഒരു ബെഡ്ഫോഡ് ട്രക്കും വില കൊടുത്തു വാങ്ങുന്നു. വാഹനം വിറ്റ ഗുണ്ടാസംഘം ഡെവ്‌ലിനെ വഴിയിൽ വച്ച് ആക്രമിച്ച് അവ തിരികെ പിടിക്കുവാനുള്ള ശ്രമത്തിൽ ഉണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് വെടിയേൽക്കുകയും അവരിലൊരാൾ പിന്നീട് മരണമടയുകയും ചെയ്യുന്നു. ഈ സംഭവം ശ്രദ്ധയിൽപ്പെട്ട പോലീസ് സ്പെഷൽ ബ്രാഞ്ച് ഡെവ്‌ലിനെ തേടി വല വിരിക്കുന്നു.

നോർഫോക്ക് തീരത്ത് രാത്രിയിൽ പാരച്യൂട്ടിൽ ഇറങ്ങിയ സ്റ്റെയ്നറും സംഘവും ഡെവ്‌ലിനോടൊപ്പം മിസ്സിസ് ഗ്രേയുമായി സന്ധിക്കുന്നു. പകൽ മുഴുവനും പോളിഷ് പാരാട്രൂപ്പേഴ്സ് ആയി ഗ്രാമീണരോടൊപ്പം ഇടപഴകി അവർ സമയം ചെലവഴിക്കുന്നു. അവരുടെ സൈനിക പരിശീലനം കണ്ടുകൊണ്ടിരുന്ന ഗ്രാമവാസികളിലൊരുവന്റെ രണ്ട് കുഞ്ഞുങ്ങൾ പാലത്തിൽ നിന്നും വെള്ളത്തിൽ വീണ് വാട്ടർമില്ലിനരികിലേക്ക് ഒഴുകി പോകുന്നത് കണ്ട് എല്ലാവരും പരിഭ്രാന്തരാകുന്നു. സ്റ്റെയ്നറുടെ സംഘാംഗമായ സർജന്റ് സ്റ്റേം മറ്റൊന്നുമാലോചിക്കാതെ വെള്ളത്തിൽ ചാടി ആ കുട്ടികളെ രക്ഷിച്ചുവെങ്കിലും ദൌർഭാഗ്യകരമെന്ന് പറയട്ടെ, ഒഴുക്കിൽ പെട്ട് വാട്ടർ മില്ലിനിടയിൽ കുടുങ്ങിയ അയാൾ ദാരുണമായി മരണമടയുന്നു. അവിടെ നിന്നും പുറത്തെടുത്ത മൃതദേഹത്തിലെ പോളിഷ് യൂണിഫോമിനടിയിൽ ജർമ്മൻ യൂണിഫോം കാണാനിടയായതോടെ രഹസ്യം പുറത്താകുന്നു.

ഗ്രാമീണരെ ബന്ദികളാക്കുന്ന സ്റ്റെയ്നറുടെയും സംഘത്തിന്റെയും കണ്ണുകൾ വെട്ടിച്ച് ഫാദർ വെറേക്കറുടെ സഹോദരി പമേല, ഗ്രാമത്തിൽ ക്യാമ്പ് ചെയ്യുന്ന അമേരിക്കൻ റെയ്ഞ്ചേഴ്സിന്റെ അടുത്ത് വിവരം എത്തിക്കുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ ചാടിപ്പുറപ്പെട്ട അമേരിക്കൻ ട്രൂപ്പിന് കനത്ത നാശനഷ്ടവും ജീവഹാനിയും വരുത്തുകയാണ് വീരപരാക്രമികളായ സ്റ്റെയ്നറും സംഘവും. കൂടുതൽ അമേരിക്കൻ ട്രൂപ്പുകൾ എത്തുന്നതോടെ സ്റ്റെയ്നറുടെ സംഘത്തിന് ആൾനാശം സംഭവിക്കുന്നു. സംഘത്തിൽ അവശേഷിക്കുന്ന ഏക വ്യക്തിയായ റിട്ടർ ന്യുമാനോടും ഡെവ്‌ലിനോടുമൊപ്പം ദേവാലയത്തിനുള്ളിൽ മറഞ്ഞിരുന്ന് അന്തിമ പോരാട്ടം നടത്തുകയാണ് സ്റ്റെയ്നർ.

ഇരുട്ടായതോടെ ദേവാലയത്തിൽ നിന്നും രഹസ്യമാർഗ്ഗത്തിലൂടെ രക്ഷപെടുവാൻ മോളി അവരെ സഹായിക്കുന്നു. സംഘാംഗങ്ങളെയും കിഡ്നാപ്പ് ചെയ്യപ്പെടുന്ന പ്രധാനമന്ത്രിയെയും കൊണ്ടുപോകുവാനായി തീരത്തിന് ഏതാനും മൈലുകൾ അകലെ എത്തുന്ന കപ്പൽ ലക്ഷ്യമാക്കി ഡെവ്‌ലിനും കാലിന് ഗുരുതരമായി മുറിവേറ്റ ന്യുമാനും ബീച്ചിലേക്ക് തിരിക്കുന്നു. പോകുന്ന വഴിയിൽ തന്റെ സാധനങ്ങളെടുക്കുവാനായി കോട്ടേജിൽ കയറുന്ന ഡെവ്‌ലിനെ കാത്തിരുന്നത് സ്പെഷൻ ബ്രാഞ്ച് പോലീസായിരുന്നു. അവരെ വെടി വച്ച് വീഴ്ത്തിയ ഡെവ്‌ലിൻ മോളിയോട് യാത്രാമൊഴി ചൊല്ലിയതിന് ശേഷം ന്യുമാനെയും കൊണ്ട് കടലിൽ സാഹസികമായി നീന്തിച്ചെന്ന് ജർമ്മൻ കപ്പലിൽ കയറി രക്ഷപെടുന്നു.

മറ്റൊരു വഴിക്ക് നീങ്ങിയ സ്റ്റെയ്നർ പ്രധാനമന്ത്രി താമസിക്കുന്ന കോട്ടേജിലേക്ക് പോകുകയായിരുന്ന ഒരു മിലിട്ടറി മെസ്സഞ്ചറെ വകവരുത്തി അയാളുടെ മോട്ടോർ ബൈക്കിൽ അങ്ങോട്ട് കുതിക്കുന്നു. വിൻസ്റ്റൺ ചർച്ചിലിന്റെ തൊട്ടു മുന്നിൽ വരെ എത്തിയ അദ്ദേഹം എന്തുകൊണ്ടോ നിറയൊഴിക്കുവാൻ പൊടുന്നനെ വിമുഖത കാണിക്കുന്നു. അടുത്ത നിമിഷത്തിൽ പ്രധാനമന്ത്രിയുടെ ഗാർഡിന്റെ വെടിയേറ്റ് വീണ് വീരമൃത്യു പ്രാപിക്കുകയാണ് കേണൽ കുർട്ട് സ്റ്റെയ്നർ.


താൻ ഗവേഷണം നടത്തി കണ്ടുപിടിച്ച ഇക്കാര്യങ്ങളത്രയും ഫാദർ വെറേക്കറിനെ ധരിപ്പിക്കുവാനായി ഒരു വർഷത്തിന് ശേഷം ജാക്ക് ഹിഗ്ഗിൻസ് വീണ്ടും സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ എത്തുകയാണ്. എന്നാൽ ജീവിതത്തിന്റെ അന്ത്യനാളുകളിൽ എത്തി നിൽക്കുന്ന ഫാദർ വെറേക്കർ എല്ലാം കേട്ടതിന് ശേഷം ഒരു ഞെട്ടിക്കുന്ന സത്യവുമായിട്ടാണ് ജാക്ക് ഹിഗ്ഗിൻസിനെ അത്ഭുതപ്പെടുത്തിയത്. സ്റ്റെയ്നറുടെയും സംഘത്തിന്റെയും ആക്രമണ വേളയിൽ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ടെഹ്‌റാനിൽ ഒരു കോൺഫറൻസിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു എന്ന ആ സത്യം വാസ്തവത്തിൽ സ്റ്റെയ്നർ തോക്ക് ചൂണ്ടിയത് അദ്ദേഹത്തിന്റെ ഒരു അപരന് നേർക്കായിരുന്നു! സ്റ്റെയ്നറുടെ ജീവത്യാഗം വെറും ഒരു അപരന് വേണ്ടി വ്യർത്ഥമായി മാറിയ ദുരന്തമായിരുന്നു എന്ന തിരിച്ചറിവിൽ “വാട്ട് എവർ എൽ‌സ് ഇറ്റ് മേ ബീ സെഡ്, ഹീ വാസ് എ ഫൈൻ സോൾജർ ആന്റ് എ ബ്രേവ് മാൻ” എന്ന് മന്ത്രിച്ചുകൊണ്ട് കഥാകാരൻ കോരിച്ചൊരിയുന്ന മഴയത്തേക്ക് ഇറങ്ങി നടന്ന് പോകുന്നു 


ഈഗ്ൾ ഹാസ് ലാന്റഡ് അവസാനിച്ചപ്പോൾ നമ്മളിൽ പലരും വേദനയോടെ ചോദിച്ച ഒരു ചോദ്യമുണ്ട് ഞങ്ങളുടെ ഡെവ്‌ലിനും മോളിയ്ക്കും പിന്നീട് എന്ത് സംഭവിച്ചു എന്ന് ജാക്ക് ഹിഗ്ഗിൻസ് രണ്ടാം വട്ടം ഫാദർ വെറേക്കറിനെ കാണുവാൻ എത്തിയ സമയത്ത് എന്തേ അത് പറയാൻ വിട്ടു പോയി എന്ന്

ഒരു പക്ഷേ, അതിനൊക്കെയുള്ള ഉത്തരങ്ങളുമായിട്ടായിരിക്കാം ജാക്ക് ഹിഗ്ഗിൻസ് ഈ നോവലിലൂടെ തിരിച്ചു വരുന്നത്. ഇതുവരെ അകമഴിഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കളുടെയും സഹകരണം ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അടുത്ത ലക്കം മുതൽ നമുക്ക് ആരംഭിക്കാം...  ദി ഈഗ്‌ൾ ഹാസ് ഫ്ലോൺ...

സ്നേഹത്തോടെ,
വിനുവേട്ടൻ

37 comments:

 1. നമ്മുടെ പ്രിയഗ്രന്ഥകാരന്റെ അമ്പതാമത്തെ നോവല്‍... എന്റെ അഞ്ചാമത്തെ വിവര്‍ത്തന നോവല്‍... ഇവിടെ ആരംഭിക്കുകയാണ് സുഹൃത്തുക്കളേ...

  ഇത്രയും നാള്‍ പ്രോത്സാഹനം നല്‍കിയ നിങ്ങള്‍ ഓരോരുത്തരുടെയും സാന്നിദ്ധ്യം ഇനിയും പ്രതീക്ഷിക്കുന്നു...

  ഭഗീരഥപ്രയത്നം നടത്തി ഈ പുസ്തകം ഇവിടെ എത്തിച്ചു തന്ന നമ്മുടെ പ്രിയങ്കരനായ ജിമ്മിയെ ഈ അവസരത്തിൽ സ്നേഹപൂർവ്വം സ്മരിക്കുന്നു...

  ReplyDelete
 2. പ്രണാമം വിനൂവേട്ടാ...

  ReplyDelete
  Replies
  1. വലതുകാൽ വച്ച് ആദ്യം തന്നെ എത്തിയത് ഉണ്ടാപ്രി... സന്തോഷമായി രാജേട്ടാ സന്തോഷമായി...

   Delete
 3. അവതരണം നന്നായിട്ടുണ്ട്. തുടരട്ടെ നോവൽ... എല്ലാവിധ ആശംസകളും.

  ReplyDelete
 4. അപ്പൊ തുടങ്ങുവല്ലേ

  ReplyDelete
  Replies
  1. എന്താ സംശയം... നമുക്ക് ഇതിങ്ങനെ തുടരാം...

   Delete
 5. സ്‌റ്റൈനർ ഇല്ല.. എങ്കിലും മോളിയും ഡെവിലിനും ഉണ്ടല്ലോ.. ആശംസകൾ വിനുവേട്ടാ

  ReplyDelete
  Replies
  1. ശ്രീജിത്ത് അപ്പോൾ വെബ് വേർഷൻ കണ്ടില്ല അല്ലേ? അതിൽ മുഖവുര കൊടുത്തിട്ടുണ്ട്.... അതൊന്ന് വായിച്ച് നോക്കൂ...

   Delete
 6. കഥയും കഥാപാത്രങ്ങളും ഇത്രയേറെ ഇഷ്ടപ്പെട്ടതും ഈഗിള്‍ ഹാസ്‌ ലാന്‍ഡഡ്
  ആണ്. രത്നച്ചുരുക്കം രത്നം പോലെ ഓര്‍മയില്‍ തിളങ്ങി. ഇനി അടുത്ത യജ്ഞത്തിലേക്ക്.

  ReplyDelete
  Replies
  1. അതെ സുകന്യാജീ... ഈഗ്‌ൾ ഹാസ് ലാന്റഡ് തന്നെയാണ് അദ്ദേഹത്തിന്റെ മാസ്റ്റർപീസും...

   Delete
 7. ഞാനും തുടങ്ങി..... :)

  ReplyDelete
  Replies
  1. അവസാനം വരെയും ഉണ്ടാവണം... :)

   Delete
 8. അന്ന് കഥ അത്രക്കങ്ങ്ട് മനസ്സിലായില്ലായിരുന്നു.ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി... ഇനി തുടങ്ങാം...

  ReplyDelete
  Replies
  1. ഇപ്പോഴെങ്കിലും മനസ്സിലായല്ലോ അശോകേട്ടാ.... :)

   Delete
 9. അനുഗ്രഹിച്ചിരിക്കുന്നു... തുടങ്ങിക്കോളൂ... :)

  (രത്നച്ചുരുക്കം ഉസ്സാറാക്കി..)

  ReplyDelete
  Replies
  1. പുസ്തകം എത്തിച്ചു തന്നയാളുടെ അനുഗ്രഹം... ഇനിയെന്ത് വേണം... സന്തോഷായി...

   Delete
 10. വിനുവേട്ടന്‍റെ ഈ ബ്ലോഗ് നോവല്‍ ആദ്യം മുതല്‍ അവസാനം വരെ വായിച്ചിരുന്നു. ഈ മുഖവുര വായിക്കാന്‍ തുടങ്ങിയതും തണുത്ത കാറ്റു വീശി. ചനുപിനെ അഞ്ചാറ് മഴത്തുള്ളി വീണു. പെട്ടെന്നാണ് ഇടി വെട്ടിയത്. തുടര്‍ന്ന് രണ്ടു മണിക്കൂറിലേറെ തകര്‍പ്പന്‍ മഴ. വയലുകള്‍ വരമ്പ് മൂടുന്നതുവരെ നിറഞ്ഞു. ഭൂമി തണുത്തു. കറണ്ട് പോയി. ഇന്നേ അത് വന്നുള്ളു. എങ്കിലെന്ത്. നോവല്‍ വായനയുടെ തുടക്കം ഗംഭീരമായി. നോവല്‍ ഗംഭീരമാവും എന്ന പ്രഖ്യാപനമാണ് ഈ മഴ നല്‍കിയതെന്ന് കരുതുന്നു.

  ReplyDelete
  Replies
  1. മഴയെ ഒരു കഥാപാത്രമായി അവതരിപ്പിക്കാൻ എല്ലാ നോവലുകളിലുംശ്രദ്ധിക്കാറുണ്ട് ജാക്ക് ഹിഗ്ഗിൻസ്.... പാലക്കാട് ഇന്നലെ പെയ്ത മഴ ഒരു നിമിത്തം പോലെ സന്ദർഭോചിതമായി എന്നറിയുന്നതിൽ സന്തോഷം കേരളേട്ടാ...

   Delete
 11. ഓർക്കുന്നുണ്ട് ഓർക്കുന്നുണ്ട് മ്മടെ
  ഡെവ്‌ലിനും മോളിയും ഒക്കെ
  കൺ മുന്നിൽ ഉണ്ട്..അപ്പൊ
  തുടങ്ങാം അല്ലേ ??!!!

  ReplyDelete
  Replies
  1. വിൻസന്റ് മാഷും എത്തിയല്ലോ... ഈ വാരാന്ത്യത്തിൽ നമുക്ക് തുടങ്ങാം മാഷേ...

   Delete
 12. ഞാനുമെത്തിട്ടോ... ഇനിയാരാ വരാനുള്ളത്??

  ReplyDelete
  Replies
  1. സന്തോഷം മുബീ.... ഇനിയും ഒന്നു രണ്ട് പേർ കൂടിയുണ്ട്.... :)

   Delete
 13. ഈഗിൾ പറന്നിറങ്ങിയിടത്ത് നിന്ന് തന്നെ പറന്ന് പൊങ്ങുമ്പോൾ കഴിഞ്ഞ തവണത്തെ പോലെ അപരനെ കണ്ടിട്ടാവില്ല എന്ന് കരുതാം അല്ലെ

  ReplyDelete
  Replies
  1. അങ്ങനെയൊരു സന്ദേഹം വേണ്ട മുരളിഭായ്.... ഇത്തവണ ലണ്ടനിൽ തന്നെയായിരിക്കും ഞങ്ങൾ വിലസുന്നത്... ജാഗ്രതൈ... :)

   Delete
 14. ഞാനും വന്നു വിനുവേട്ടാ.ആദ്യ അധ്യായം വായിക്കട്ടെ.

  ReplyDelete
  Replies
  1. എന്താ ഈ വഴി വരാത്തത് എന്ന് ഓർക്കാതിരുന്നില്ല ഞാൻ... ഇപ്പോൾ സന്തോഷമായി....

   Delete
 15. നല്ല തുടക്കം..... ഇനിയിപ്പൊ കഥയുടെ ഒന്നാം ഭാഗം വായിക്കണ്ടല്ലോ..

  ReplyDelete
 16. പക്ഷെ ചർച്ചിലിനെപ്പോലെയുള്ളവരൊക്കെ ഇങ്ങനെ പറ്റിക്കാൻ തുടങ്ങിയാൽ നമ്മളെന്ത് ചെയ്യും? അപരനെ ഇറക്കി കളിച്ചേക്കുന്നു. വെരി ബാഡ് മിസ്റ്റർ ചർച്ചിൽ, വെരി ബാഡ്

  ReplyDelete
  Replies
  1. അതുകൊണ്ടല്ലേ പല വധശ്രമങ്ങളിൽ നിന്നും അദ്ദേഹം രക്ഷപെട്ടത് അജിത്‌ഭായ്....

   Delete
 17. ഞാൻ ഒരു പുതു മുഖമാണ്. J.P.Vettiyattil സർ അയച്ചു തന്ന ലിങ്കിലൂടെ ഞാനും വായിച്ചു ആമുഖം. അത് തന്നെ നല്ലൊരു അനുഭവമായി. ആകാംക്ഷയോടെ കാത്തിരിക്കുന്നു. പുതിയ സംരംഭത്തിന് എല്ലാ വിധ ആശംസകളും.

  ReplyDelete
  Replies
  1. വളരെ സന്തോഷം, ബിന്ദു... സ്വാഗതം ഈ വേദിയിലേക്ക്...

   ലക്കങ്ങൾ ഓരോന്നായി പെട്ടെന്ന് വായിച്ച് ഒപ്പമെത്തിക്കോളൂ...

   നന്ദി...

   Delete