Saturday, 29 April 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 7ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


കുർട്ട് സ്റ്റെയ്നറുടെ പിതാവ് ജനറൽ കാൾ സ്റ്റെയ്നറുടെ അന്ത്യം എങ്ങനെയായിരുന്നുവെന്ന് ഒരു നിമിഷം ഷെല്ലെൻബർഗ് ഓർത്തു. പ്രിൻസ് ആൽബ്രസ്ട്രാസയിലെ തടവറയിൽ പിയാനോ കമ്പിയിൽ കെട്ടിത്തൂക്കി കൊല്ലുന്ന രംഗം മനസ്സിൽ തെളിഞ്ഞതും പിന്നൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ഹിം‌ലർ എന്തെങ്കിലും മനസ്സിൽ കണ്ടിട്ട് തന്നെയായിരിക്കണം ഈ ദൌത്യം തന്നെ ഏൽപ്പിക്കുന്നത്.

“താങ്കൾ ഏൽപ്പിക്കുന്ന ദൌത്യം ഞാൻ സ്വീകരിക്കുന്നു, റൈഫ്യൂറർ...” ശാന്തസ്വരത്തിൽ ഷെല്ലെൻബർഗ് പറഞ്ഞു.

“നിങ്ങൾക്കറിയാമല്ലോ ജനറൽ, ഞാൻ എത്ര മാത്രം നിങ്ങളെ വിശ്വസിക്കുന്നു എന്ന്...? ഒരിക്കലും നിങ്ങൾ എന്നെ നിരാശനാക്കിയിട്ടുമില്ല...” ഹിം‌ലർ പറഞ്ഞു. “ഈ ദൌത്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിങ്ങളുടെ കഴിവുറ്റ കരങ്ങളിൽ ഞാൻ ഏൽപ്പിക്കുകയാണ്...” അദ്ദേഹം ഒരു എൻ‌വലപ്പ് ഷെല്ലെൻബർഗിന് നേർക്ക് നീട്ടി. “ഇതിനുള്ളിൽ നിങ്ങൾക്കുള്ള ഒരു അധികാരപത്രമുണ്ട്... ഏത് തടസവും സുഗമമായി തരണം ചെയ്യാൻ അത് മതിയാവും...”

ആ എൻ‌വലപ്പ് തുറന്ന് നോക്കാൻ അദ്ദേഹം തുനിഞ്ഞില്ല. “നാളെ ലിസ്ബനിലേക്ക് തിരിക്കണമെന്നാണല്ലോ താങ്കൾ പറഞ്ഞത്... നാളെയാണ് ക്രിസ്മസ് സായാഹ്നം എന്ന കാര്യം ഓർമ്മിപ്പിക്കുവാനാഗ്രഹിക്കുന്നു, റൈഫ്യൂറർ...”

“അതും ഇതുമായി എന്ത് ബന്ധം...?” അത്ഭുതഭാവത്തിൽ ഹിം‌ലർ ചോദിച്ചു. “വേഗത... അതാണിവിടെ മുഖ്യം, ഷെല്ലെൻബർഗ്... SS സേനയിൽ ചേരുമ്പോൾ നിങ്ങൾ എടുത്ത പ്രതിജ്ഞ ഓർമ്മയുണ്ടല്ലോ...? എന്തിനാണ്  ഞാൻ തിരക്ക് പിടിക്കുന്നതെന്ന് പറയാം... ജനുവരി ഇരുപത്തിയൊന്നിന് ഫ്യൂറർ, നോർമൻഡിയിലെ ഷെർബർഗിലേക്ക് പറക്കും... ഞാനും ഉണ്ടാകും അദ്ദേഹത്തോടൊപ്പം... അവിടെ നിന്നും തീരപ്രദേശത്തുള്ള ബെൽ ഐൽ എന്ന കൊട്ടാരത്തിലേക്ക്...”

“ആ യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് ഞാൻ അറിയുന്നതിൽ വിരോധമുണ്ടോ...?”

“ഫീൽഡ് മാർഷൽ റോമലിനെ കാണുവാനായി... ആർമി ഗ്രൂപ്പ് - B യുടെ കമാൻഡറായി അദ്ദേഹത്തെ നിയമിച്ചിരിക്കുകയാണ്... അറ്റ്‌ലാന്റിക്ക് ലൈനിന്റെ സമ്പൂർണ്ണ ഉത്തരവാദിത്വം അദ്ദേഹത്തിനായിരിക്കും... ശത്രുപക്ഷം ജർമ്മനിയുടെ മേൽ അധിനിവേശത്തിന് ഒരുമ്പെടുകയാണെങ്കിൽ നാം കൈക്കൊള്ളേണ്ട പ്രതിരോധ നയം ആയിരിക്കും കോൺഫറൻസിലെ മുഖ്യ ചർച്ചാവിഷയം... ആ കോൺഫറൻസിന്റെ സംഘടനാ ചുമതല എന്നിലാണ് ഫ്യുറർ അർപ്പിച്ചിരിക്കുന്നത്... ഒപ്പം അദ്ദേഹത്തിന്റെ സുരക്ഷയും... അത് SS ന്റെ പൂർണ്ണ ഉത്തരവാദിത്വമായിരിക്കും... ഞാൻ പറഞ്ഞല്ലോ, റോമൽ അവിടെ ഉണ്ടായിരിക്കും... മിക്കവാറും അഡ്മിറൽ കാനറീസും... കാരണം അദ്ദേഹത്തെയും കാണണമെന്ന് ഫ്യൂറർ ആവശ്യപ്പെട്ടിട്ടുണ്ട്...”

തന്റെ മുന്നിലെ പേപ്പറുകളെല്ലാം അടുക്കി കെട്ടി ഹിം‌ലർ ബ്രീഫ്കെയ്സിനുള്ളിൽ വച്ചു.

“പക്ഷേ, ഈ സ്റ്റെയ്നർ വിഷയത്തിലെ തിടുക്കം എന്തിനാണെന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല...” ഷെല്ലെൻബർഗ് പറഞ്ഞു.

“ആ മീറ്റിങ്ങിൽ സ്റ്റെയ്നറെ ഫ്യൂററുടെ മുന്നിൽ അവതരിപ്പിക്കുക എന്നതാണ് എന്റെ ഉദ്ദേശ്യം... തലനാരിഴക്ക് നഷ്ടമായ ഓപ്പറേഷൻ ഈഗ്‌ളിന്റെ വിജയവും സ്റ്റെയ്നറുടെ മോചനവും... അത് SS സേനയുടെ തൊപ്പിയിലെ പൊൻ‌തൂവൽ ആയിരിക്കും... ഒപ്പം അബ്ഫെറിന്റെ തലവനായിരിക്കുന്ന അഡ്മിറൽ കാനറീസിനുള്ള കനത്ത തിരിച്ചടിയും...  പിന്നെ അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി സുഗമമായിരിക്കും... ഇത്രയുമേ നിങ്ങൾ ഇപ്പോൾ അറിയേണ്ടതുള്ളൂ...” ഹിം‌ലർ ബ്രീഫ്കെയ്സ് അടച്ചു.

ഹിം‌ലർ ഒരു കാര്യം തീരുമാനിച്ചാൽ തീരുമാനിച്ചതാണ് എന്ന് നന്നായി അറിയാവുന്ന ഷെല്ലെൻബർഗ് കരുതലോടെ ചോദിച്ചു. “പക്ഷേ, റൈഫ്യൂറർ, ഈ ഡെവ്‌ലിൻ നമ്മുടെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിൽ...?”

“എങ്കിൽ നമുക്ക് ബലം പ്രയോഗിക്കേണ്ടി വരും... അതിന് വേണ്ടി ഒരു ഗെസ്റ്റപ്പോ ഭടനെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്... ഒരു ബോഡിഗാർഡ് എന്ന നിലയിൽ അയാളും ഉണ്ടാകും നിങ്ങളോടൊപ്പം ലിസ്ബനിലേക്കുള്ള യാത്രയിൽ...”  ഹിം‌ലർ മേശപ്പുറത്തെ കോളിങ്ങ് ബെല്ലിൽ വിരലമർത്തി. അടുത്ത നിമിഷം റോസ്മാൻ ഉള്ളിലെത്തി.

“റോസ്മാൻ... സ്റ്റേംബാൻഫ്യൂറർ ബെർഗറെ ഇങ്ങോട്ട് വിടൂ...”

റോസ്മാൻ പുറത്തേക്ക് പോയി. ഒരു സിഗരറ്റിന് വേണ്ടിയുള്ള അടക്കാനാവാത്ത ആഗ്രഹം തുടങ്ങിയിട്ട് കുറച്ച് നേരമായി. പക്ഷേ, പുകവലി എന്ന ശീലത്തിന്റെ കടുത്ത വിരോധിയാണ് ഹിം‌ലർ എന്ന കാര്യം ഷെല്ലെൻബർഗിന് പണ്ടേ മനസ്സിലായിട്ടുള്ളതാണ്.

കതക് തുറന്ന് പ്രവേശിച്ച യുവാവിന് ഏറിയാൽ ഇരുപത്തിയഞ്ചോ ഇരുപത്തിയാറോ വയസ്സ് മാത്രമേ തോന്നുമായിരുന്നുള്ളൂ. ചെമ്പൻ മുടിയുള്ള അയാളുടെ മുഖത്തിന്റെ ഒരു ഭാഗം തീപ്പൊള്ളലേറ്റ് വികൃതമായിരിക്കുന്നു.

“ജനറൽ ഷെല്ലെൻബർഗ്, ഞാൻ ഹോസ്റ്റ് ബെർഗർ... താങ്കളോടൊപ്പം പ്രവർത്തിക്കുവാനുള്ള അവസരം ലഭിച്ചതിൽ സന്തോഷിക്കുന്നു...” ഹസ്തദാനത്തിനായി അയാൾ കൈ നീട്ടി.

അയാളുടെ ചിരി കണ്ടപ്പോൾ ചെകുത്താനെയാണ് ഷെല്ലെൻബർഗിന് ഓർമ്മ വന്നത്. തല കുലുക്കിയിട്ട് അദ്ദേഹം ഹിം‌ലറുടെ നേർക്ക് തിരിഞ്ഞു. “എന്നാൽ പിന്നെ ഞാൻ ഇറങ്ങട്ടെ, റൈഫ്യൂറർ...?”

“തീർച്ചയായും... ബെർഗർ നിങ്ങളെ കോർട്ട്‌യാർഡിൽ വച്ച് സന്ധിക്കുന്നതായിരിക്കും... പോകുന്ന വഴി റോസ്മാനോട് ഇങ്ങോട്ട് വരാൻ പറയൂ...”

കതക് തുറക്കവെ ഹിം‌ലർ കൂട്ടിച്ചേർത്തു. “ഒരു കാര്യം കൂടി... ഇതേക്കുറിച്ച് ഒന്നും തന്നെ കാനറീസ് അറിയാൻ പാടില്ല... ഡെവ്‌ലിനെക്കുറിച്ചോ സ്റ്റെയ്നറെ മോചിപ്പിക്കുവാനുള്ള പദ്ധതിയെക്കുറിച്ചോ ഒന്നും... ബെൽ ഐലിൽ നടക്കാൻ പോകുന്ന മീറ്റിങ്ങിനെക്കുറിച്ചു പോലും ഇപ്പോൾ ഒന്നും പറയണ്ട... ഞാൻ പറയുന്നതിന്റെ പ്രാധാന്യം മനസ്സിലാവുന്നുണ്ടോ...?”

“തീർച്ചയായും റൈഫ്യൂറർ...”

റോസ്മാനോട് ഉള്ളിലേക്ക് ചെല്ലുവാൻ പറഞ്ഞിട്ട് പുറത്തിറങ്ങി ഷെല്ലെൻബർഗ് ഇടനാഴിയിലൂടെ മുന്നോട്ട് നീങ്ങി. അടുത്ത നിലയിൽ എത്തിയതും ആദ്യം കണ്ട ബാത്ത്‌റൂമിൽ കയറി കതകടച്ചിട്ട് ഒരു സിഗരറ്റിന് തീ കൊളുത്തി. പിന്നെ ഹിം‌ലർ നൽകിയ ആ എൻ‌വലപ്പ് പോക്കറ്റിൽ നിന്നും എടുത്ത് തുറന്നു.


          FROM THE LEADER AND CHANCELLOR OF THE STATE

General Schellenberg acts upon my direct and personal orders in a matter of the utmost importance to the Reich. He is answerable only to me. All personnel, military and civil, without distinction of rank will assist him in any way he sees fit.

Adolf Hitler


ഒരു വിറയലോടെ ഷെല്ലെൻബർഗ് അത് തിരികെ കവറിലേക്കിട്ടു. പേരിന് മുകളിലുള്ള കൈയൊപ്പിൽ കൃത്രിമത്വം ഒന്നും തോന്നുന്നില്ല... കാരണം പല തവണ താൻ അത് കണ്ടിട്ടുള്ളതാണ്... ഹിറ്റ്‌ലറുടെ കൈയ്യൊപ്പിനായി സമർപ്പിക്കുന്ന അനേകം പേപ്പറുകൾക്കിടയിൽ ഈ ഒരു പേപ്പർ കൂടി തിരുകി വച്ച് അത് നേടിയെടുക്കുന്നത് ഹിം‌ലറെ സംബന്ധിച്ചിടത്തോളം വളരെ നിസ്സാരമാണ്.

അപ്പോൾ ഓപ്പറേഷൻ ഈഗ്‌ളിന് വേണ്ടി കേണൽ റാഡ്‌ലിന് നൽകിയ അതേ അധികാരങ്ങളാണ് ഹിം‌ലർ തനിക്കും നൽകിയിരിക്കുന്നത്... പക്ഷേ, എന്തിന്...? ഈ പറയുന്ന കാലയളവിനുള്ളിൽത്തന്നെ സ്റ്റെയ്നറെ തിരികെയെത്തിക്കുക എന്നതിന് ഇത്ര മാത്രം പ്രാധാന്യം നൽകുന്നത് എന്തിനാണ്...?

ഹിം‌ലർ തന്നോട് പറഞ്ഞതിനും അപ്പുറത്ത് എന്തെങ്കിലും ഗൂഢലക്ഷ്യങ്ങൾ ഈ വിഷയത്തിൽ അദ്ദേഹത്തിന് ഉണ്ടായിരിക്കും എന്നത് വ്യക്തമാണ്... ഒരു സിഗരറ്റിന് കൂടി തീ കൊളുത്തിയിട്ട് പുറത്തിറങ്ങി ഷെല്ലെൻബർഗ് മുന്നോട്ട് നടന്നു.  ഇടനാഴിയുടെ അറ്റത്തെത്തിയപ്പോഴാണ് വഴി തെറ്റിയോ എന്ന സംശയത്തിൽ അദ്ദേഹം നിന്നത്. ഇടനാഴിയുടെ അറ്റത്തുള്ള വാതിൽ കടന്നാൽ ചെന്നെത്തുന്നത് ഗ്രേറ്റ് ഹാളിന് മുകളിലുള്ള ബാൽക്കണിയിലാണെന്ന് അപ്പോഴാണ് അദ്ദേഹം ഓർത്തത്. എതിർവശത്തെ വാതിലിലൂടെ നീങ്ങുവാൻ തുനിഞ്ഞതും ഹാളിൽ ആരുടെയോ സംസാരം കേട്ട് അദ്ദേഹം നിന്നു. എന്താണ് സംഭവം എന്നറിയുവാനുള്ള ജിജ്ഞാസയിൽ ബാൽക്കണിയിൽ എത്തി ഒളിഞ്ഞ് നിന്ന് അദ്ദേഹം താഴേക്ക് എത്തി നോക്കി. ഹാളിലെ കോൺഫറൻസ് ടേബിളിന് മുന്നിൽ ഹിം‌ലർ നിൽക്കുന്നുണ്ടായിരുന്നു. ഇരുവശത്തുമായി റോസ്മാനും ബെർഗറും... ഹിം‌ലർ അവരോട് സംസാരിക്കുകയാണ്...

“ബെർഗർ...  ചിലരുണ്ട്, ആശയങ്ങളെക്കാൾ വ്യക്തികൾക്ക് പ്രാധാന്യം നൽകുന്നവർ... പെട്ടെന്ന് വികാരാധീനരാകുന്ന പ്രകൃതമാണവരുടേത്... നിങ്ങൾ അക്കൂട്ടത്തിൽപ്പെട്ട ആളല്ലെന്ന് ഞാൻ കരുതുന്നു...”

“തീർച്ചയായും അല്ല, റൈഫ്യൂറർ...”

“നിർഭാഗ്യവശാൽ നമ്മുടെ ഷെല്ലെൻബർഗ് അത്തരക്കാരനാണ്... അതുകൊണ്ടാണ് അദ്ദേഹത്തോടൊപ്പം നിങ്ങളെയും ഞാൻ ലിസ്ബനിലേക്ക് അയക്കുന്നത്... ആ മനുഷ്യൻ... അതായത് ഡെവ്‌ലിൻ... താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ശരി, അയാൾ നിങ്ങളോടൊപ്പം ഇങ്ങോട്ട് വന്നിരിക്കും... അത് ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്...” ഹിം‌ലർ പറഞ്ഞു.

“ജനറൽ ഷെല്ലെൻബർഗിന്റെ ആത്മാർത്ഥതയിൽ താങ്കൾ സംശയിക്കുന്നുവെന്ന് തോന്നുന്നു...?”  റോസ്മാൻ ചോദിച്ചു.

“നമ്മുടെ സാമ്രാജ്യത്തിന് വേണ്ടി പ്രഗത്ഭ സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ് അയാൾ...” ഹിം‌ലർ പറഞ്ഞു. “ഒരു പക്ഷേ, എന്റെ കീഴിൽ പ്രവർത്തിക്കുന്നവരിൽ വച്ച് ഏറ്റവും കഴിവുള്ള ഓഫീസർ... പക്ഷേ, നാസി പാർട്ടിയോടുള്ള അയാളുടെ ആത്മാർത്ഥതയിൽ എന്നും സംശയാലുവാണ് ഞാൻ... എന്നാലും ഇപ്പോൾ അത് അത്ര കാര്യമാക്കാനില്ല റോസ്മാൻ... കാരണം അതിനെക്കാൾ വലുതാണ് തൽക്കാലം അയാളെക്കൊണ്ടുള്ള പ്രയോജനം... ബെൽ ഐലിലേക്കാണ് നമ്മുടെ എല്ലാ ശ്രദ്ധയും പ്രയത്നവും ഇപ്പോൾ കേന്ദ്രീകരിക്കേണ്ടത്... ഈ സമയത്ത് സ്റ്റെയ്നറുടെ മോചനവുമായി ബന്ധപ്പെട്ട് ഷെല്ലെൻബർഗ് തിരക്കിലുമായിരിക്കും...” അദ്ദേഹം ബെർഗറുടെ നേർക്ക് തിരിഞ്ഞു. “ഇനി നിങ്ങൾക്ക് പോകാം...”

അറ്റൻഷനായി നിന്ന് അഭിവാദ്യമർപ്പിച്ചിട്ട് അയാൾ തിരിഞ്ഞു നടന്നു. പാതി വഴിയിൽ എത്തിയതും ഹിം‌ലർ അയാളെ വിളിച്ചു. “നിങ്ങളുടെ സാമർത്ഥ്യം ഒന്ന് കാണട്ടെ...”

അസാമന്യ വേഗതയിൽ ബെർഗർ തന്റെ തോക്ക് എടുത്ത് ഹാളിന്റെ എതിർവശത്തെ ചുമരിലേക്ക് നീട്ടി. പിന്നെ മൂന്ന് വട്ടം നിറയൊഴിച്ചു. ചുമരിൽ പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് നിർമ്മിച്ചിരുന്ന മൂന്ന് ഭടന്മാരുടെ തലകൾ തകർന്ന് വീണു. വെടിയൊച്ചയുടെ പ്രതിധ്വനി ആ ഹാളിൽ എമ്പാടും മുഴങ്ങി.

“ഗംഭീരം...” ഹിം‌ലർ പറഞ്ഞു.

ഷെല്ലെൻബർഗ് പിറകോട്ട് വലിഞ്ഞ് ഇടനാഴിയിലെത്തി താഴേക്കുള്ള പടവുകൾ ഇറങ്ങി. ഷൂട്ടിങ്ങിൽ ബെർഗറെപ്പോലെ തന്നെ പ്രഗത്ഭനാണ് താനും എന്നതിൽ സംശയമില്ല... പക്ഷേ, അതല്ലല്ലോ ഇവിടെ പ്രശ്നം... താഴെയെത്തി തന്റെ ഓവർ‌കോട്ടും ക്യാപ്പും എടുത്ത് അദ്ദേഹം മെഴ്സെഡിസിന്റെ പിൻസീറ്റിലേക്ക് കയറിയിരുന്നു. അല്പ നേരം കഴിഞ്ഞ് ബെർഗറും കാറിനരികിലെത്തി.

“താങ്കളെ വൈകിച്ചുവെങ്കിൽ ക്ഷമിക്കണം ജനറൽ...” മറുവശത്തെ ഡോർ തുറന്ന് കാറിനുള്ളിൽ കയറി ബെർഗർ അദ്ദേഹത്തിനരികിൽ ഇരുന്നു.

“സാരമില്ല...” ഷെല്ലെൻബർഗ് ഡ്രൈവറോട് വണ്ടി എടുക്കുവാൻ ആംഗ്യം നൽകി. കാർ നീങ്ങിത്തുടങ്ങിയതും അദ്ദേഹം ബെർഗറോട് പറഞ്ഞു. “സിഗരറ്റ് പുകയ്ക്കണമെങ്കിൽ ആയിക്കോളൂ...”

“അത്തരം ദുഃശ്ശീലങ്ങളൊന്നും ഇല്ല ജനറൽ...” ബെർഗർ പറഞ്ഞു.

“ശരിക്കും...? കൊള്ളാമല്ലോ...” ഷെല്ലെൻബർഗ് തന്റെ കോട്ടിന്റെ കോളർ ഉയർത്തി പിന്നോട്ട് ഒരു മൂലയിലേക്ക് ചാഞ്ഞിരുന്നിട്ട് ക്യാപ്പിന്റെ മുൻഭാഗം ഇറക്കി കണ്ണുകൾ മറച്ചു. “ബെർലിനിലേക്ക് നല്ല ദൂരമുണ്ടല്ലോ... നിങ്ങൾക്ക് വേണമോ എന്നറിയില്ല... എന്തായാലും ഞാൻ ഒന്ന് ഉറങ്ങാൻ പോകുന്നു...”

കണ്ണുകളടച്ച് മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ഷെല്ലെൻബർഗിനെ നോക്കി ബെർഗർ കുറേ നേരം ഇരുന്നു. പിന്നെ അയാളും തന്റെ കോളർ ഉയർത്തി വച്ച് സീറ്റിന്റെ മറുഭാഗത്തെ മൂലയിലേക്ക് ചാഞ്ഞ് കിടന്നു.

 
(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Saturday, 22 April 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 6ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വിവൽ‌സ്ബർഗ് എന്ന ചെറുപട്ടണത്തിൽ വെസ്റ്റ്ഫാലിയക്ക് സമീപം പാഡർബോണിൽ ആയിരുന്നു ആ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത്. 1934 ൽ ആണ് ഹെൻ‌ട്രിച്ച് ഹിം‌ലർ പ്രാദേശിക ഭരണകൂടത്തിൽ നിന്നും വിവൽ‌സ്ബർഗ് കൊട്ടാരം ഏറ്റെടുക്കുന്നത്. SS സേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള പരിശീലനകേന്ദ്രമായി ഉപയോഗിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ലക്ഷക്കണക്കിന് പണം ചെലവഴിച്ച് നടത്തിയ പുനഃരുദ്ധാരണം കഴിഞ്ഞതോടെ MGM ലെ സ്റ്റേജ് - 6 നോട് കിടപിടിക്കും വിധം ബൃഹത്തായിക്കഴിഞ്ഞിരുന്നു ആ കൊട്ടാരം.   പ്രധാനമായും മൂന്ന് സമുച്ചയങ്ങളും ഗോപുരവും ഉള്ള ആ നിർമ്മിതിക്ക് ചുറ്റും പ്രതിരോധത്തിനായി ആഴമുള്ള കിടങ്ങും തീർത്തിട്ടുണ്ട്. കൊട്ടാരത്തിന്റെ ദക്ഷിണ സമുച്ചയത്തിലാണ് റൈഫ്യൂറർ ഹെൻ‌ട്രിച്ച് ഹിം‌ലറുടെ രാജകീയ വസതി. അതിനുള്ളിലെ അതിവിശാലമായ ഡൈനിങ്ങ് ഹാളിലാണ് പ്രത്യേകം ക്ഷണിക്കപ്പെടുന്ന SS ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച്ചയും വിരുന്നും നടക്കാറുള്ളത്. റോമൻ-ബ്രിട്ടീഷ് വാഴ്ച്ചക്കാലത്തെ പ്രമുഖനായിരുന്ന കിങ്ങ്  ആർതറിന്റെ പ്രൌഢഗംഭീരമായ ജീവിതശൈലിയോടുള്ള അഭിനിവേശമാണ് ഇത്തരത്തിലുള്ള ആഡംബര ജീവിതം തെരഞ്ഞെടുക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് വേണമെങ്കിൽ പറയാം.

ഡിസംബറിലെ ആ സായാഹ്നത്തിൽ, കൊട്ടാരത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന മെഴ്സെഡിസ് കാറിന്റെ പിൻ‌സീറ്റിൽ ഇരുന്ന് വാൾട്ടർ ഷെല്ലെൻബർഗ് സിഗരറ്റിന് തീ കൊളുത്തി. ഏതാണ്ട് പത്ത് മൈൽ കൂടിയുണ്ടാകും യാത്ര. റൈഫ്യൂററെ സന്ധിക്കുവാനുള്ള ആജ്ഞ മദ്ധ്യാഹ്നത്തോടെയായിരുന്നു ബെർലിനിൽ ലഭിച്ചത്.  കൂടിക്കാഴ്ച്ചയുടെ ഉദ്ദേശ്യം എന്താണെന്ന് സുചിപ്പിച്ചിട്ടില്ല. എന്തായാലും സ്ഥാനക്കയറ്റമൊന്നും ആയിരിക്കില്ല എന്നത് അദ്ദേഹത്തിന് തീർച്ചയായിരുന്നു.

ഇതിന് മുമ്പും പല തവണ താൻ വിവൽ‌സ്ബർഗ് കൊട്ടാരം സന്ദർശിച്ചിട്ടുള്ളതാണ്. SD ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് കൊട്ടാരത്തിന്റെ രൂപഘടന പോലും വിശദമായി പഠിച്ചിട്ടുള്ളതിനാൽ അതിലെ മുക്കും മൂലയും വരെ സുപരിചിതമാണ്. ഹിം‌ലറുടെ ആ ഡൈനിങ്ങ് ടേബിളിന് ചുറ്റും കൂടിക്കാഴ്ച്ചയ്ക്കായി വന്നിരിക്കാറുള്ളത്  അദ്ദേഹത്തെപ്പോലെ തന്നെ മായിക ലോകത്തിൽ കഴിയുന്ന സ്വപ്നജീവികളാണെന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം മീറ്റിങ്ങുകളോടുള്ള താല്പര്യം തനിക്ക് പണ്ടേ അവസാനിച്ചതാണ്.

കൊട്ടാരത്തിലെ ചിട്ടവട്ടങ്ങൾക്ക് വിപരീതമായി ഷെല്ലെൻബർഗ് ധരിച്ചിരുന്നത് SS സേനയുടെ കറുത്ത യൂണിഫോമായിരുന്നു. ഇടതുഭാഗത്തായി ഫസ്റ്റ് ക്ലാസ് അയേൺ ക്രോസ് ബാഡ്ജ് അണിഞ്ഞിരിക്കുന്നു.

“എന്തൊരു ലോകത്താണ് നാം ജീവിക്കുന്നത്...!” കാർ കൊട്ടാരത്തിലേക്കുള്ള റോഡിലേക്ക് തിരിയവെ അദ്ദേഹം മന്ത്രിച്ചു. ചെറുതായി മഞ്ഞ് വീഴുന്നുണ്ട്.  ഈ ഭ്രാന്താലയം നടത്തിക്കൊണ്ടു പോകുന്നത് ആരാണെന്ന് പലപ്പോഴും അത്ഭുതം തോന്നുന്നു...

ഒരു മന്ദഹാസത്തോടെ അദ്ദേഹം പിറകോട്ട് ചാരിയിരുന്നു. പഠനകാലത്ത് എപ്പോഴോ ഒരു കവിളിൽ ഏറ്റ മുറിവടയാളം അദ്ദേഹത്തിന്റെ ആകർഷകത്വത്തിന് ഒട്ടും മങ്ങൽ ഏൽപ്പിച്ചിട്ടില്ല. യൂണിവേഴ്സിറ്റി ഓഫ് ബോണിൽ പഠിക്കുന്ന കാലത്തിന്റെ ഓർമ്മക്കുറിപ്പാണത് എന്ന് വേണമെങ്കിൽ പറയാം. ഭാഷാ പഠനത്തിൽ അങ്ങേയറ്റം മിടുക്കനായിരുന്നുവെങ്കിലും വൈദ്യശാസ്ത്രം പഠിക്കുവാനാനാണ് അദ്ദേഹം അവിടെ എത്തിച്ചേർന്നത്. ഏതാനും മാസങ്ങൾക്ക് ശേഷം അത് മതിയാക്കി അദ്ദേഹം നിയമശാസ്ത്രത്തിലേക്ക് തിരിഞ്ഞു. 1933 ൽ ജർമ്മനിയുടെ അവസ്ഥ പരിതാപകരമായിരുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർ പോലും തൊഴിൽ തേടി അലഞ്ഞിരുന്ന കാലം.

ആ സമയത്താണ് SS സേന അതിന്റെ ഉന്നത ശ്രേണിയിലേക്ക് അഭ്യസ്തവിദ്യരായ യുവാക്കളെ റിക്രൂട്ട് ചെയ്യുവാൻ ആരംഭിച്ചത്. മറ്റ് പലരെയും എന്ന പോലെ ഷെല്ലെൻബർഗും രാഷ്ട്രീയ താല്പര്യങ്ങളെക്കാൾ ഉപരി, ഒരു തൊഴിൽ എന്ന നിലയിലാണ് SS സേനയിൽ ചേരുവാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ഭാഷാനൈപുണ്യം ശ്രദ്ധയിൽ പെട്ട ഹെയ്ഡ്രിച്ച്, SS സേനയുടെ സുരക്ഷാ വിഭാഗമായ SD യിലേക്ക് സ്ഥാനക്കയറ്റം നൽകി. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട ഇന്റലിജൻസ് ജോലികളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന് നൽകിയത്. ഇന്റലിജൻസ് ഏജൻസിയായ അബ്ഫെറുമായി പലപ്പോഴും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിന്റെ തലവനായ അഡ്മിറൽ കാനറീസുമായി വളരെ നല്ല ബന്ധമായിരുന്നു അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നത്. ഒന്നിന് പിറകെ ഒന്നായി വിജയകരമായി പൂർത്തിയാക്കിയ പല ദൌത്യങ്ങളും മുകളിലേക്കുള്ള അദ്ദേഹത്തിന്റെ കുതിപ്പിന് വേഗതയേകി. മുപ്പത് വയസ്സ് ആയപ്പോഴേക്കും SS ബ്രിഗേഡ്ഫ്യൂറർ, മേജർ ജനറൽ ഓഫ് പോലീസ് എന്നീ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു അദ്ദേഹം.

ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും നാസി ആശയങ്ങളിൽ ഒട്ടും താല്പര്യവാനായിരുന്നില്ല ഷെല്ലെൻബർഗ്. തങ്ങളുടെ ജീവൻ രക്ഷിച്ചതിന് അദ്ദേഹത്തോട് കടപ്പാടുള്ള ധാരാളം ജൂതവംശജർ ഉണ്ടായിരുന്നു അക്കാലത്ത്. കോൺസൻ‌ട്രേഷൻ ക്യാമ്പുകളിലേക്കുള്ള യാത്രാസംഘങ്ങളെ സ്വീഡനിലേക്ക് വഴിതിരിച്ചു വിട്ട് രക്ഷിച്ചിട്ടുണ്ട് അദ്ദേഹം. അത്യന്തം അപകടകരമായ പ്രവൃത്തിയായിരുന്നു അതെങ്കിലും തന്റെ മനഃസാക്ഷിയെ വഞ്ചിക്കുവാൻ ആകുമായിരുന്നില്ല അദ്ദേഹത്തിന്.  അതുകൊണ്ട് മാത്രം അനേകം ശത്രുക്കളെ അദ്ദേഹം സമ്പാദിച്ചു കൂട്ടി. ഒരേയൊരു കാരണം കൊണ്ട് മാത്രമാണ് അദ്ദേഹം ഇപ്പോഴും ജീവനോടെയിരിക്കുന്നത്... അദ്ദേഹത്തിന്റെ കുശാഗ്രബുദ്ധിയും കഴിവുകളും ഹിം‌ലറിന് ആവശ്യമായിരുന്നു എന്നത്കൊണ്ട് മാത്രം...

കൊട്ടാരത്തിന് ചുറ്റുമുള്ള കിടങ്ങിനുള്ളിൽ വെള്ളമുണ്ടായിരുന്നില്ല. ഹിമകണങ്ങൾ മാത്രം... പാലം കടന്ന് ഗേറ്റിനരികിലേക്ക് കാർ നീങ്ങവെ ഒന്നുകൂടി പിറകോട്ട് ചാരിക്കിടന്നുകൊണ്ട് അദ്ദേഹം മന്ത്രിച്ചു. “വൈകിപ്പോയി വാൾട്ടർ... വളരെ വൈകിപ്പോയി... ഒരു തിരിച്ചുപോക്ക് അസാദ്ധ്യമാം വിധം വൈകിപ്പോയി...”

                                                                ****

സൌത്ത് വിങ്ങിലുള്ള  ഹിം‌ലറുടെ ഓഫീസിന് മുന്നിൽ എത്തിയതും യൂണിഫോം ധാരിയായ ഒരു SS സാർജന്റ് അദ്ദേഹത്തെ സ്വീകരിച്ച് ഉള്ളിലേക്ക് കൊണ്ടുപോയി. ഹിം‌ലറുടെ സ്വകാര്യ മുറിയുടെ തൊട്ടു മുന്നിലെ ഓഫീസിൽ അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ് റോസ്മാൻ ഇരിക്കുന്നുണ്ട്.

“മേജർ...”  ഷെല്ലെൻബർഗ് അയാളുടെ ശ്രദ്ധ ക്ഷണിച്ചു.

തലയുയർത്തിയ റോസ്മാൻ സാർജന്റിനോട് പുറത്ത് പോകുവാൻ ആംഗ്യം കാണിച്ചു.

“താങ്കളെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം, ജനറൽ... അദ്ദേഹം കാത്തിരിക്കുകയാണ്... പിന്നെ, ഒരു കാര്യം... അത്ര നല്ല മൂഡിലല്ല അദ്ദേഹം...” റോസ്മാൻ പറഞ്ഞു.

“അത് ഞാൻ ഓർമ്മ വച്ചോളാം...”

റോസ്മാൻ തുറന്നു കൊടുത്ത വാതിലിലൂടെ ഷെല്ലെൻബർഗ് ഉള്ളിലേക്ക് പ്രവേശിച്ചു. ഭംഗിയായി അലങ്കരിച്ച് ധാരാളം ഫർണിച്ചർ ഉള്ള വിശാലമായ മുറി. വലിയ നെരിപ്പോടിനുള്ളിൽ എരിയുന്ന വിറകു കഷണങ്ങൾ... അതിനരികിലായി ധാരാളം ഫയലുകൾ അടുക്കിവച്ചിരിക്കുന്ന മേശയുടെ പിറകിൽ പേപ്പറിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന റൈഫ്യൂറർ... പതിവിന് വിപരീതമായി യൂണിഫോമിൽ ആയിരുന്നില്ല അദ്ദേഹം. വെള്ള ഷർട്ടും കറുത്ത സ്യൂട്ടും ധരിച്ച അദ്ദേഹത്തെ കണ്ടതും ക്രൂരനായ ഒരു സ്കൂൾ അദ്ധ്യാപകന്റെ രൂപമാണ് ഷെല്ലെൻബർഗിന് ഓർമ്മ വന്നത്.

“ജനറൽ ഷെല്ലെൻബർഗ്... നിങ്ങൾ എത്തി അല്ലേ...?” തലയുയർത്തി ഹിം‌ലർ ചോദിച്ചു.

ഒരു താക്കീതിന്റെ ഗന്ധം ആ വാക്കുകളിൽ ഉണ്ടായിരുന്നത് ഷെല്ലെൻബർഗ് തിരിച്ചറിഞ്ഞു. “താങ്കളുടെ സന്ദേശം ലഭിച്ച നിമിഷം തന്നെ ഞാൻ ബെർലിനിൽ നിന്നും പുറപ്പെട്ടു... എന്ത് ഉത്തരവാദിത്വമാണ് ഞാൻ ഏറ്റെടുക്കേണ്ടത്, റൈഫ്യൂറർ...?”

“ഓപ്പറേഷൻ ഈഗ്‌ൾ... ആ ചർച്ചിൽ ദൌത്യം... വേറെ ഡ്യൂട്ടിയിൽ  തിരക്കിലായിരുന്നതുകൊണ്ടാണ് അന്ന്  നിങ്ങളെ ഞാനത് ഏൽപ്പിക്കാതിരുന്നത്... എന്നിരുന്നാലും അതേക്കുറിച്ചുള്ള വിശദാംശങ്ങൾ എല്ലാം തന്നെ ഇപ്പോൾ നിങ്ങൾക്കറിയാമായിരിക്കുമല്ലോ...”

“തീർച്ചയായും, റൈഫ്യൂറർ...”

പൊടുന്നനെ ഹിം‌ലർ വിഷയം മാറ്റി. “ഷെല്ലെൻബർഗ്... ഹൈക്കമാന്റിൽ ഉള്ള പല അംഗങ്ങളുടെയും രാജ്യദ്രോഹ പ്രവൃത്തികളെക്കുറിച്ച് അങ്ങേയറ്റം ഉത്കണ്ഠാകുലനാണ് ഞാൻ... ഉദാഹരണത്തിന്, കഴിഞ്ഞയാഴ്ച്ച റാസ്റ്റൻബർഗിൽ ഹെഡ്‌ക്വാർട്ടേഴ്സിനുള്ളിലേക്ക് കാർ ഓടിച്ച് കയറ്റുവാ‍ൻ ശ്രമിച്ച ഒരു ജനറൽ സ്വയം പൊട്ടിത്തെറിച്ചു... ഫ്യൂറർ ഹിറ്റ്‌ലറുടെ മേലുള്ള മറ്റൊരു വധശ്രമം...”

“ശരിയാണ്, റൈഫ്യൂറർ...”

ഹിം‌ലർ എഴുന്നേറ്റ് ഷെല്ലെൻബർഗിന്റെ ചുമലിൽ കൈ വച്ചു. “നിങ്ങളും ഞാനും... SS സേനയിലെ അംഗങ്ങൾ എന്ന നിലയിൽ നാം ഒരു പ്രതിജ്ഞയെടുത്തിട്ടുണ്ട്... എന്ത് വില കൊടുത്തും ഫ്യൂററുടെ ജീവൻ സംരക്ഷിച്ചിരിക്കും എന്ന പ്രതിജ്ഞ... എന്നിട്ടും ചില ജനറൽമാർ അദ്ദേഹത്തിന്റെ ജീവനെടുക്കുവാനായി നടത്തുന്ന ഗൂഢാലോചനകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല...”

“പക്ഷേ, അതിന് പ്രത്യക്ഷ തെളിവുകൾ ഒന്നും ഇല്ലല്ലോ, റൈഫ്യൂറർ...” പൂർണ്ണമായും ശരിയല്ലെങ്കിലും ഷെല്ലെൻബർഗ് അഭിപ്രായപ്പെട്ടു.

രൂക്ഷമായി അദ്ദേഹത്തെ ഒന്ന് നോക്കിയിട്ട് ഹിം‌ലർ തുടർന്നു. “ജനറൽ വോൺ സ്റ്റ്യൂപ്‌നാഗെൽ, വോൺ എ‌ൻഹ്യൂസെൻ, എന്തിന്, നിങ്ങളുടെ ഉറ്റ സുഹൃത്ത് അഡ്മിറൽ വിൽഹെം കാനറീസ് പോലും... എന്താ അത്ഭുതം തോന്നുന്നുവോ ഷെല്ലെൻബർഗ്...?”

കഴിയുന്നതും ശാന്തനായിരിക്കുവാൻ ഷെല്ലെൻബർഗ് ശ്രദ്ധിച്ചു. ഒരു പക്ഷേ അദ്ദേഹത്തിന്റെ വായിൽ നിന്നും പുറത്ത് വരുന്ന അടുത്ത പേര് തന്റേതായിരിക്കാം...

“അതേക്കുറിച്ച് ഞാനിപ്പോൾ എന്ത് പറയാനാണ് റൈഫ്യൂറർ...?”

“പിന്നെ, ജനങ്ങളുടെ ഹീറോയായ ഡെസർട്ട് ഫോക്സ് എന്ന് അറിയപ്പെടുന്ന ജനറൽ റോമൽ... എന്താ‍ പോരേ...?”

“മൈ ഗോഡ്...!”  ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടുന്നതായി ഷെല്ലെൻബർഗ് നടിച്ചു. കാരണം ആ സന്ദർഭത്തിന് ഏറ്റവും അനുയോജ്യം അത് മാത്രമായിരുന്നു.

“പിന്നെ, തെളിവ്...” ഹിം‌ലർ മുരണ്ടു. “ഇങ്ങനെയൊരു പ്രസ്താവനയ്ക്ക് മുതിരുമ്പോൾ അതിനുള്ള സകല തെളിവുകളും എന്റെ കൈവശമുണ്ടെന്ന് കൂട്ടിക്കോളൂ... അവരുടെയെല്ലാം ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു...” അദ്ദേഹം തിരികെ ചെന്ന് കസേരയിൽ ഇരുന്നു. “വർഗാസ് എന്നൊരു ഏജന്റുമായി  നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ടോ...?” അദ്ദേഹം തന്റെ മുന്നിലുള്ള പേപ്പറിൽ ഒന്ന് നോക്കിയിട്ട് തലയുയർത്തി. “ഒരു ഹൊസേ വർഗാസ്....?”

“അയാളെ എനിക്കറിയാം... അബ്ഫെറിന്റെ കോൺ‌ടാക്റ്റ് ലിസ്റ്റിൽ ഉള്ള വ്യക്തിയാണ്... ലണ്ടനിലെ സ്പാനിഷ് എംബസിയിൽ കൊമേർഷ്യൽ അറ്റാഷെ ആയി ജോലി ചെയ്യുന്നു... വളരെ അപൂർവ്വമായി മാത്രമേ നമുക്ക് അയാളുടെ സഹായം തേടേണ്ടി വന്നിട്ടുള്ളൂ...”

“അയാൾക്ക് ഒരു കസിൻ ഉണ്ട്... ഇവിടെ ബെർലിനിലെ സ്പാനിഷ് എംബസിയിൽ കൊമേർഷ്യൽ അറ്റാഷെ ആയി ജോലി ചെയ്യുന്നു... പേര് യുവാൻ റിവേറാ... ശരിയല്ലേ...?” ഹിം‌ലർ തലയുയർത്തി.

“അങ്ങനെയാണ് മനസ്സിലാക്കാൻ കഴിഞ്ഞത്, റൈഫ്യൂറർ... ലണ്ടനിൽ നിന്നുള്ള ഡിപ്ലോമാറ്റിക്ക് മെയിലുകളിലെ വിവരങ്ങൾ അധികവും അയാൾ ചോർത്തും... ഏറിയാൽ മുപ്പത്തിയാറ് മണിക്കൂറുകൾക്കുള്ളിൽ അത് ഇവിടെ ബെർലിനിലുള്ള അയാളുടെ കസിന്റെ കൈകളിൽ എത്തിയിരിക്കും... തീർച്ചയായും നിയമവിരുദ്ധ പ്രവൃത്തി തന്നെയാണത്...”

“അതിന് നമുക്ക് ദൈവത്തോട് നന്ദി പറയാം...” ഹിം‌ലർ പറഞ്ഞു.“ഈ ഓപ്പറേഷൻ ഈഗ്‌ൾ ഉണ്ടല്ലോ... അതിന്റെ എല്ലാ വിവരങ്ങളും നിങ്ങൾക്ക് അറിയാമെന്നല്ലേ പറഞ്ഞത്...?”

“അതെ, റൈഫ്യൂറർ...” ആത്മവിശ്വാസത്തോടെ ഷെല്ലെൻബർഗ് പറഞ്ഞു.

“എന്നാൽ ചെറിയൊരു പ്രശ്നമുണ്ടിവിടെ, ജനറൽ... ഫ്യൂറർ അങ്ങനെയൊരു ആഗ്രഹം അന്ന് പ്രകടിപ്പിച്ചു എന്നത് നേരാണ്... പക്ഷേ, നടക്കാൻ സാദ്ധ്യതയില്ലാത്ത ഒരു മനോഹര സ്വപ്നം എന്നേ അതിനെ വിശേഷിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ... അഡ്മിറൽ കാനറീസിനെക്കൊണ്ട് അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന ഒരു വിശ്വാസവും എനിക്കുണ്ടായിരുന്നില്ല... ഒരു നാസി സാമ്രാജ്യം എന്നത് അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിൽ എവിടെയും ഉണ്ടെന്ന് തോന്നുന്നില്ല... അതുകൊണ്ടാണ് അബ്ഫെറിലെ തന്നെ ഉദ്യോഗസ്ഥനായ കേണൽ റാഡ്‌ലിന് ആ ദൌത്യത്തിന്റെ ചുമതല ഞാൻ ഏൽപ്പിച്ചു കൊടുത്തത്...  ഒരു ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന അയാൾക്ക് ഇനി രക്ഷപെടാനുള്ള സാദ്ധ്യത വിരളമാണെന്നാണ് അറിയാൻ കഴിഞ്ഞത്...”

“അപ്പോൾ ഈ ദൌത്യത്തെക്കുറിച്ച് ഫ്യൂറർ തികച്ചും അജ്ഞനാണെന്നാണോ താങ്കൾ പറഞ്ഞു വരുന്നത്...?” കരുതലോടെ ഷെല്ലെൻബർഗ് ചോദിച്ചു.  

“മൈ ഡിയർ ഷെല്ലെൻബർഗ്... യുദ്ധവും അതിനോട് ബന്ധപ്പെട്ട സകലതിന്റെയും പൂർണ്ണ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ ചുമലിലാണ്... അദ്ദേഹത്തിന്റെ ചുമലിലെ ഭാരം കഴിയുന്നിടത്തോളം പങ്കിട്ടെടുക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്...”

“തീർച്ചയായും, റൈഫ്യൂറർ...”

“ഓപ്പറേഷൻ ഈഗ്‌ൾ...  കരുതലോടെ അങ്ങേയറ്റം ബുദ്ധിപരമായി  രൂപം കൊടുത്തതെങ്കിലും അവസാനം അത് പരാജയപ്പെടുകയാണുണ്ടായത്...  അങ്ങനെയൊരു പരാജയത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഫ്യൂററുടെ മേശപ്പുറത്ത് കൊണ്ട് വയ്ക്കുവാൻ ആരാണ് ധൈര്യപ്പെടുക...?”  ഷെല്ലെൻബർഗ് എന്തെങ്കിലും പറയുവാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം തുടർന്നു. “അങ്ങനെയിരിക്കുമ്പോഴാണ് ഈ സന്ദേശം എന്റെ കൈവശമെത്തുന്നത്... ലണ്ടനിൽ നിന്നും വർഗാസ് വഴി ഇവിടെ ബെർലിനിൽ അയാളുടെ കസിൻ റിവേറയുടെ കൈകളിലെത്തിയ ഈ സന്ദേശം...”

ഹിം‌ലർ നീട്ടിയ ആ പേപ്പർ വാങ്ങി വായിച്ചു നോക്കിയ ഷെല്ലെൻബർഗ് അത്ഭുതസ്തബ്ധനായി.

“അവിശ്വസനീയം...! കുർട്ട് സ്റ്റെയ്നർ ജീവനോടെയിരിക്കുന്നു...!”

“അതെ... ലണ്ടൻ ടവറിൽ...” ഹിം‌ലർ ആ പേപ്പർ തിരികെ വാങ്ങി.

“അധികം നാൾ അദ്ദേഹത്തെ അവിടെ പാർപ്പിക്കാൻ അവർക്കാവില്ല...” ഷെല്ലെൻബർഗ് പറഞ്ഞു. “എന്തൊക്കെ പറഞ്ഞാലും അതീവസുരക്ഷ ആവശ്യമുള്ള തടവുകാരെ ദീർഘകാലത്തേക്ക് താമസിപ്പിക്കാൻ പറ്റിയ ഇടമല്ല ലണ്ടൻ ടവർ... റുഡോൾഫ് ഹെസ്സിനെ മാറ്റിയത് പോലെ അധികം വൈകാതെ സ്റ്റെയ്നറെയും അവിടെ നിന്നും മാറ്റാനാണ് സാദ്ധ്യത...”

“സ്റ്റെയ്നറുടെ വിഷയത്തിൽ വേറെന്തെങ്കിലും അഭിപ്രായം...?”

“അദ്ദേഹം അവരുടെ പക്കൽ ആണെന്ന കാര്യം രഹസ്യമാക്കി വയ്ക്കാനേ അവർ ശ്രമിക്കൂ... അല്ലാതെ വേറൊന്നുമില്ല...”

“എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ പറയുന്നത്...?”

“കാരണം, ഓപ്പറേഷൻ ഈഗ്‌ൾ എന്ന് പറയുന്നത് ഏതാണ്ട് വിജയകരമായിരുന്നു എന്നത് തന്നെ...”

“പക്ഷേ, ചർച്ചിൽ, ചർച്ചിൽ അല്ലായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്...” ഹിം‌ലർ ഓർമ്മിപ്പിച്ചു. “നമ്മുടെ ഇന്റലിജൻസ് വൃത്തങ്ങൾ പിന്നീട് അത് സ്ഥിരീകരിച്ചിട്ടുള്ളതുമാണ്...”

“തീർച്ചയായും, റൈഫ്യൂറർ... പക്ഷേ, ജർമ്മൻ പാരാട്രൂപ്പേഴ്സ് ഇംഗ്ലീഷ് മണ്ണിൽ ഇറങ്ങി എന്നതും രക്തരൂഷിതമായ പോരാട്ടം കാഴ്ച്ചവച്ചു എന്നതും അനിഷേദ്ധ്യ വസ്തുതയാണ്... അക്കാര്യം പരസ്യമാകുകയാണെങ്കിൽ ബ്രിട്ടീഷ് ജനതയുടെ മേൽ അത് ഏൽപ്പിക്കുന്ന ആഘാതം പ്രവചനാതീതമായിരിക്കും... അവരുടെ SOE യും അതിന്റെ തലവനായ ബ്രിഗേഡിയർ ഡോഗൽ മൺ‌റോയുമാണ് ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത് എന്നത് തന്നെ അതിന്റെ ഏറ്റവും വലിയ തെളിവാണ്...”

“ഈ ബ്രിഗേഡിയർ മൺ‌റോയെ നിങ്ങൾക്കറിയാമോ...?”

“പേര് കൊണ്ട് അറിയാം... വളരെ പ്രഗത്ഭനായ ഓഫീസറാണ്, റൈഫ്യൂറർ...”

“ഈ വിവരം അഡ്മിറൽ കാനറീസിനെയും അറിയിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്... അദ്ദേഹം എങ്ങനെയായിരിക്കും ഇതിനോട് പ്രതികരിക്കുക എന്നാണ് നിങ്ങൾ കരുതുന്നത്...?” ഹിം‌ലർ ചോദിച്ചു.

“ഒരു രൂപവുമില്ല, റൈഫ്യൂറർ...”

“തിരികെ ബെർലിനിൽ ചെല്ലുമ്പോൾ അദ്ദേഹത്തെ സന്ദർശിക്കണം... എന്നിട്ട് അതെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം എന്താണെന്ന് അറിയാൻ പറ്റുമോ എന്ന് നോക്കുക... എന്റെ ഊഹം ശരിയാണെങ്കിൽ ഈ വാർത്തയുമായി ഒരിക്കലും അദ്ദേഹം ഫ്യൂററുടെ അടുത്തേക്കോടില്ല...” ഹിം‌ലർ മറ്റൊരു പേപ്പർ കൈയിലെടുത്ത് വായിച്ചു നോക്കി. “ഈ സ്റ്റെയ്നറെപ്പോലെയുള്ളവരെ മനസ്സിലാക്കാൻ ഇനിയും എനിക്ക് സാധിക്കുന്നില്ല...  വാർ ഹീറോ... Knight’s Cross with Oak Leaves... ധിഷണാശാലിയായ വീരയോദ്ധാവ്... എന്നിട്ടും അയാൾ തന്റെ ഔദ്യോഗിക ജീവിതം പാടെ നശിപ്പിച്ചു... വാഴ്സയിൽ വച്ച് ഏതോ ഒരു നശിച്ച ജൂതപ്പെണ്ണിനെ രക്ഷപെടാൻ സഹായിച്ചതു വഴി... ഓപ്പറേഷൻ ഈഗ്‌ൾ എന്ന ദൌത്യം വന്നതുകൊണ്ട് മാത്രമാണ് സൂയിസൈഡ് സ്ക്വാഡിൽ നിന്നും അയാൾക്കും സഹപ്രവർത്തകർക്കും മോചനം ലഭിച്ചത്...” അദ്ദേഹം പേപ്പർ താഴെ വച്ചു. “പിന്നെ ആ ഐറിഷ്‌കാരൻ... അത് വേറെ വിഷയം...”

“ആര്, ഡെവ്‌ലിനോ...?”

“അതെ... ഒരു വല്ലാത്ത മനുഷ്യൻ തന്നെ... ഈ അയർലണ്ട്‌കാരുടെ സ്വഭാവം തന്നെ അത്ര ശരിയല്ല... എല്ലാം ഒരു തമാശയാണെന്നാണ് വിചാരം...”

“പക്ഷേ, ലഭ്യമായ റിപ്പോർട്ടുകൾ വച്ച് നോക്കിയാൽ തന്റെ ജോലി എന്താണെന്ന് അയാൾക്ക് വളരെ നന്നായി അറിയാം...”

“ഞാൻ യോജിക്കുന്നു... പക്ഷേ, പണത്തിന് വേണ്ടി മാത്രമാണ് അയാൾ അതിനെല്ലാം സമ്മതിച്ചതെന്ന് ഓർക്കണം... ഹോളണ്ടിലെ ആ ഹോസ്പിറ്റലിൽ നിന്നും അയാൾക്ക് രക്ഷപെടാനായത് അവിടുത്തെ ജോലിക്കാരിൽ ആരുടെയോ അശ്രദ്ധ കൊണ്ട് മാത്രമാണ്...”

“ശരിയാണ്, റൈഫ്യൂറർ...”

“എനിക്ക് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം അയാൾ ഇപ്പോൾ ലിസ്ബനിലാണുള്ളത്...” ഹിം‌ലർ പറഞ്ഞു. “വിശദ വിവരങ്ങൾ ഇതാ ഇതിലുണ്ട്... അമേരിക്കയിലേക്ക് കടക്കുവാനുള്ള ശ്രമത്തിലാണയാൾ... പക്ഷേ, പണമില്ല... ഏതോ ഒരു മദ്യശാലയിൽ ബാർമാൻ ആയി ജോലി നോക്കുകയാണിപ്പോൾ...”

ആ പേപ്പറുകൾ ഒന്ന് ഓടിച്ചു നോക്കിയിട്ട് ഷെല്ലെൻബർഗ് ചോദിച്ചു. “ഈ വിഷയത്തിൽ ഞാൻ എന്ത് ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്, റൈഫ്യൂറർ...?”

“ഇന്ന് രാത്രി തന്നെ നിങ്ങൾ ബെർലിനിലേക്ക് മടങ്ങുന്നു... നാളെ ലിസ്ബനിലേക്ക് പറക്കുക... എന്നിട്ട് ആ റൌഡി ഡെവ്‌ലിനെ കണ്ടുപിടിച്ച് അയാളെയും കൂട്ടി മടങ്ങുക... അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നും ആയിരിക്കില്ല അതെന്നാണ് എനിക്ക് തോന്നുന്നത്... ഓപ്പറേഷൻ ഈഗ്‌ളിൽ പങ്കാളിയാവുന്നതിന് റാഡ്‌ൽ അയാൾക്ക് നൽകിയത് ഇരുപതിനായിരം പൌണ്ടാണ്... ജനീവയിലെ അയാളുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് അത് ട്രാൻസ്ഫർ ചെയ്തത്...” ഹിം‌ലർ ചെറുതായൊന്ന് പുഞ്ചിരിച്ചു. “പണത്തിന് വേണ്ടി എന്തും ചെയ്യും അയാൾ... അത്തരക്കാരനാണ് അയാൾ... അന്ന് കൊടുത്ത അതേ തുക തന്നെ വാഗ്ദാനം ചെയ്യുക... സമ്മതിക്കുന്നില്ലെങ്കിൽ തുക ഒന്നുകൂടി ഉയർത്തുക... മുപ്പതിനായിരം പൌണ്ട് വരെ കൊടുക്കുവാനുള്ള അനുമതി ഞാൻ തന്നിരിക്കുന്നു...”

“പക്ഷേ എന്തിന് വേണ്ടി, റൈഫ്യൂറർ...?”

“എന്തിനു വേണ്ടിയെന്നോ...? സ്റ്റെയ്നറെ രക്ഷപെടുത്തുവാനായി... നിങ്ങൾക്കത് മനസ്സിലായിക്കാണുമെന്നായിരുന്നു ഞാൻ കരുതിയത്... ഈ സാമ്രാജ്യത്തിന്റെ വീരപുരുഷനാണ് ആ മനുഷ്യൻ... യഥാർത്ഥ ഹീറോ... ബ്രിട്ടീഷുകാർക്ക് അങ്ങനെ വിട്ടു കൊടുക്കാനാവില്ല നമുക്ക് അയാളെ...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Saturday, 8 April 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 5ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


1943

ലണ്ടൻ          -     ബെർലിൻ      -     ലിസ്ബൻ


ബേക്കർ സ്ട്രീറ്റിലാണ്  SOE യുടെ ലണ്ടൻ ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും വെറും പത്ത് മിനിറ്റ് നേരം നടക്കുവാനുള്ള ദൂരമേയുണ്ടായിരുന്നുള്ളൂ ബ്രിഗേഡിയർ ഡോഗൽ മൺ‌റോയുടെ  ഹേസ്റ്റൺ പ്ലേസിലെ ഫ്ലാറ്റിലേക്ക്. സെക്ഷൻ-D യുടെ തലവൻ എന്ന നിലയിൽ ഏത് സമയവും വിളിക്കപ്പെടാം എന്നതിനാൽ സാധാരണ ഫോണിന് പുറമെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ഒരു ഹോട്ട്‌ലൈനും ഉണ്ടായിരുന്നു. നവംബറിലെ അവസാനവാരത്തിലെ ഒരു സായാഹ്നത്തിൽ നെരിപ്പോടിനരികിൽ ഇരുന്ന് ചില ഫയലുകൾ നോക്കവെയാണ് ആ ഹോട്ട്‌ലൈൻ റിങ്ങ് ചെയ്തത്.

“ബ്രിഗേഡിയർ,  ഞാനാണ്... കാർട്ടർ...  നോർഫോക്കിൽ നിന്നും ഇപ്പോൾ എത്തിയതേയുള്ളൂ...”

“ഗുഡ്...” മൺ‌റോ പറഞ്ഞു. “വീട്ടിലേക്ക് പോകുന്ന വഴി ഇതു വഴി വന്ന് എന്നെ കണ്ടിട്ട് പോകൂ...”

ഫോൺ വച്ചിട്ട് എഴുന്നേറ്റ അദ്ദേഹം വിസ്കി ബോട്ട്‌ൽ എടുത്ത് ഗ്ലാസിലേക്ക് പകർന്നു. നരച്ച മുടിയുള്ള തടിച്ചു കുറുകിയ അറുപത്തിയഞ്ചുകാരനായ അദ്ദേഹം ഒരു സ്റ്റീൽ ഫ്രെയിമുള്ള കണ്ണടയാണ് ധരിച്ചിരിക്കുന്നത്. ഓക്സ്ഫഡിൽ തുടരുകയായിരുന്നുവെങ്കിൽ റിട്ടയർ ചെയ്യേണ്ട പ്രായം എന്നേ അതിക്രമിച്ചിരിക്കുന്നു. യുദ്ധം ഒന്നു കൊണ്ട് മാത്രമാണ് ഇപ്പോഴും അദ്ദേഹം ജോലിയിൽ തുടരുന്നത് എന്നതാണ് വാസ്തവം. അതെക്കുറിച്ച് ഓർത്തുകൊണ്ട് അല്പം വിസ്കി നുണഞ്ഞതും ഡോർ‌ ബെൽ ശബ്ദിച്ചു.  അടുത്ത നിമിഷം, വാതിൽ തുറന്ന് ജാക്ക് കാർട്ടർ പ്രവേശിച്ചു.

“ഓഹ്..! നിങ്ങൾ തണുത്ത് വിറയ്ക്കുന്നുണ്ടല്ലോ... അല്പം വിസ്കി അകത്താക്കൂ...” മൺ‌റോ പറഞ്ഞു.

തന്റെ വാക്കിങ്ങ് സ്റ്റിക്ക് കസേരയിൽ ചാരി വച്ചിട്ട് ജാക്ക് കാർട്ടർ ഓവർ‌കോട്ട് ഊരി മാറ്റി. ക്യാപ്റ്റൻ റാങ്കിലുള്ള അദ്ദേഹത്തിന്റെ യൂണിഫോമിൽ മിലിട്ടറി ക്രോസ് റിബ്ബൺ അലങ്കരിച്ചിരുന്നു. ഡൺകിർക്ക് യുദ്ധനിരയിൽ വച്ച് ഒരു കാൽ നഷ്ടപ്പെട്ട അദ്ദേഹം തന്റെ കൃത്രിമക്കാലുമായി മുടന്തി അലമാരയുടെ മുന്നിലെത്തി അല്പം വിസ്കി ഗ്ലാസിലേക്ക് പകർന്നു.

“പറയൂ... സ്റ്റഡ്‌ലി കോൺസ്റ്റബിളിലെ ഇപ്പോഴത്തെ അവസ്ഥ എന്താണ്...?” മൺ‌റോ ആരാഞ്ഞു.

“എല്ലാം സാധാരണ നിലയിലായിരിക്കുന്നു സർ...  ആ ജർമ്മൻ പാരാട്രൂപ്പേഴ്സിനെയെല്ലാം കൂടി ഒറ്റ കുഴിമാടത്തിലായി ദേവാലയത്തിന്റെ സെമിത്തേരിയിൽ മറവ് ചെയ്തു...”  കാർട്ടർ പറഞ്ഞു.

“ആരുടേതെന്നതിനെക്കുറിച്ച് അടയാളങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നുറപ്പല്ലേ...?”

“ഇതു വരെയില്ല... പക്ഷേ, ആ ഗ്രാമീണരുടെ കാര്യം ഒന്നും പറയാൻ പറ്റില്ല... പ്രത്യേകിച്ചും സ്റ്റെയ്നറെക്കുറിച്ച് വലിയ മതിപ്പാണ് അവർക്ക്...”

“ആയിരിക്കും... കാരണം അവിടുത്തെ രണ്ട് കൊച്ചു കുട്ടികൾ വെള്ളത്തിൽ വീണ് വാട്ടർമില്ലിനരികിലേക്ക് ഒഴുകിയപ്പോൾ രക്ഷപെടുത്തിയത് സ്റ്റെയ്നറുടെ സംഘത്തിലെ ഒരു സർജന്റ് ആയിരുന്നു... ശേഷം, ജലചക്രത്തിനിടയിൽപ്പെട്ട് ദാരുണമായി അയാൾ മരണമടയുകയും ചെയ്തു... വാസ്തവത്തിൽ ആ അപകടം ഒന്നുകൊണ്ട് മാത്രമാണ് അവർ ആരെന്ന് വെളിവായതും അവരുടെ ദൌത്യം പരാജയപ്പെട്ടതും...”

“മാത്രമല്ല, ഏറ്റുമുട്ടൽ ആരംഭിക്കുന്നതിന് മുമ്പ് ഗ്രാമീണരെയെല്ലാം തടങ്കലിൽ നിന്ന് മോചിപ്പിക്കുവാനും അദ്ദേഹം തയ്യാറായി...”  കാർട്ടർ പറഞ്ഞു.

“എക്സാക്റ്റ്‌ലി...  ആട്ടെ, അദ്ദേഹത്തെക്കുറിച്ചുള്ള ഫയൽ കൊണ്ടുവന്നിട്ടുണ്ടോ...?”

ബ്രീഫ്കെയ്സ് തുറന്ന് കാർട്ടർ ഏതാനും പേപ്പറുകൾ അദ്ദേഹത്തിന് കൈമാറി. മൺ‌റോ അത് പരിശോധിച്ചു. ‘ഓബർസ്റ്റ് ലെഫ്റ്റനന്റ് കുർട്ട് സ്റ്റെയ്നർ, വയസ്സ് ഇരുപത്തിയേഴ്... ക്രീറ്റ്, നോർത്ത് ആഫ്രിക്ക, സ്റ്റാലിൻ‌ഗ്രാഡ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരിക്കുന്നു... Knight’s Cross with Oak Leaves എന്ന ഉന്നത ബഹുമതിയും കരസ്ഥമാക്കിയിട്ടുണ്ട്. എന്തുകൊണ്ടും എടുത്തു പറയത്തക്ക വ്യക്തിത്വം...’

“അദ്ദേഹത്തിന്റെ മാതാവിന്റെ കാര്യമാണ് എന്നെ അതിശയിപ്പിക്കുന്നത്... ബോസ്റ്റണിലെ ഒരു കുലീനകുടുംബാംഗം... അവർ സ്വയം വിശേഷിപ്പിക്കുന്നത് ബോസ്റ്റൺ ബ്രാഹ്മിൻ എന്നാണ്...”

“ഓൾ വെരി ഫൈൻ, ജാക്ക്... പക്ഷേ, അദ്ദേഹത്തിന്റെ പിതാവ് ഒരു ജർമ്മൻ ജനറൽ ആയിരുന്നുവെന്ന കാര്യം മറക്കണ്ട... നല്ലൊരു മനുഷ്യനായിരുന്നു... ആഹ്... അതവിടെ നിൽക്കട്ടെ... സ്റ്റെയ്നർക്ക് ഇപ്പോൾ എങ്ങനെയുണ്ട്...?”

“ഒരു കം‌പ്ലീറ്റ് റിക്കവറി... അതിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്... അപകടത്തിൽപ്പെട്ട ഫൈറ്റർ പൈലറ്റുകളെ ചികിത്സിക്കുവാനായി നോർവിച്ചിൽ റോയൽ എയർഫോഴ്സിന്റെ ഒരു ഹോസ്പിറ്റലുണ്ട്... ചെറുതാണ്... ഒരു നേഴ്സിങ്ങ് ഹോം എന്ന് വേണമെങ്കിൽ പറയാം...  അവിടെയാണ് സ്റ്റെയ്നർ കഴിയുന്നത്... കനത്ത സുരക്ഷയിൽ...  വെടിവെച്ചിട്ട ഒരു ലുഫ്ത്‌വാഫ് വിമാനത്തിന്റെ പൈലറ്റാണെന്നാണ് അവരെ ധരിപ്പിച്ചിരിക്കുന്നത്... ജർമ്മൻ പാരാട്രൂപ്പേഴ്സിന്റെയും ലുഫ്ത്‌വാഫ് വൈമാനികരുടെയും യൂണിഫോമുകൾ ഏതാണ്ട് ഒരുപോലെയായതിനാൽ കാര്യങ്ങൾ എളുപ്പമായിരുന്നു...”

“അദ്ദേഹത്തിന്റെ മുറിവുകൾ എങ്ങനെയുണ്ട്...?”

“വളരെ ഭാഗ്യവാനാണ് അദ്ദേഹം എന്ന് പറയാം സർ... ആദ്യത്തെ വെടിയേറ്റത് വലതു ചുമലിന്റെ പിന്നിലായിട്ടാണ്... രണ്ടാമത്തേത് ഹൃദയം ലക്ഷ്യമാക്കിയുള്ളതായിരുന്നു... പക്ഷേ, നെഞ്ചിലെ അസ്ഥിയിലാണ് അതേറ്റത്... വെടിയുണ്ട പുറത്തെടുത്തുവെന്നും പൂർണ്ണസുഖം പ്രാപിക്കുവാൻ അധികകാലം വേണ്ടിവരില്ല എന്നുമാണ് സർജ്ജൻ പറഞ്ഞത്... പ്രത്യേകിച്ചും ആരോഗ്യമുള്ള ശരീരപ്രകൃതി ആയതിനാൽ...”

മൺ‌റോ എഴുന്നേറ്റ് അല്പം വിസ്കി കൂടി ഗ്ലാസിലേക്ക് പകർന്നു. “ജാക്ക്... നമുക്ക് ലഭ്യമായ വിവരങ്ങൾ ഒന്ന് വിശകലനം ചെയ്യാം...    ആ ദൌത്യം... അതായത്, ചർച്ചിലിനെ കിഡ്നാപ്പ് ചെയ്യുക, അതിനുള്ള പദ്ധതികൾ... എല്ലാം തന്നെ അഡ്മിറൽ കാനറീസിന്റെ അറിവോടെയായിരുന്നില്ല എന്നാണോ...?”

“അങ്ങനെയാണ് അറിയാൻ കഴിഞ്ഞത് സർ... എല്ലാം ആ ഹിം‌ലറുടെ ചെയ്തികളായിരുന്നു... അഡ്മിറൽ അറിയാതെ, അബ്ഫെർ ഓഫീസിൽ വച്ച് തന്നെയായിരുന്നു എല്ലാ നീക്കങ്ങളും... കിഡ്നാപ്പ് പ്ലോട്ട്, കേണൽ മാക്സ് റാഡ്‌ലിന്റെ മേൽ ഹിം‌ലർ അടിച്ചേൽപ്പിക്കുകയായിരുന്നു... അങ്ങനെയാണ് ബെർലിനിലുള്ള നമ്മുടെ വിശ്വസനീയ വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്...”

“പക്ഷേ, ഇതിനോടകം അഡ്മിറൽ കാനറീസ് സംഭവങ്ങളെല്ലാം അറിഞ്ഞു കാണാതിരിക്കില്ലല്ലോ...?”

“തീർച്ചയായും അറിഞ്ഞു കഴിഞ്ഞു.... ഈ വിഷയത്തിൽ അങ്ങേയറ്റം നീരസത്തിലുമാണദ്ദേഹം... പക്ഷേ, ഒന്നും തന്നെ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്... വിവരങ്ങളുമായി ഫ്യൂറർ ഹിറ്റ്‌ലറുടെ അടുത്തേക്ക് ചെല്ലാൻ പറ്റാത്ത അവസ്ഥ...” കാർട്ടർ പറഞ്ഞു.

“അതു തന്നെയായിരിക്കും ഹിം‌ലറിന്റെയും അവസ്ഥ...”  മൺ‌റോ പറഞ്ഞു. “കാരണം ഫ്യൂറർ അറിയാതെയാണല്ലോ ഈ പദ്ധതിയുമായി ഹിം‌ലർ മുന്നോട്ട് പോയത്...”

“പക്ഷേ, ഹിറ്റ്‌ലർ ഒപ്പു വച്ച ഒരു അധികാരപത്രം ഹിം‌ലർ, മാക്സ് റാഡ്‌ലിന് നൽകിയിരുന്നു...” കാർട്ടർ നെറ്റി ചുളിച്ചു.

“അതെല്ലാം വ്യാജമായി ചമച്ചതായിരുന്നു കാർട്ടർ... റാഡ്‌ലിന്റെ കൈയിൽ നിന്നും തിരികെ വാങ്ങിയ ആ കത്ത് ചാമ്പലാക്കുകയായിരിക്കും  ആദ്യം തന്നെ ഹിം‌ലർ ചെയ്തിരിക്കുക... പരാജയപ്പെട്ടുപോയ ഈ ദൌത്യത്തെക്കുറിച്ച് ലോകം അറിയാൻ ഇടവരരുതെന്ന് അദ്ദേഹത്തിന് നിർബന്ധം കാണും...”

“അതെ... അതുപോലെ തന്നെയാണ് നമ്മുടെ കാര്യവും സർ... ഈ വാർത്ത ഡെയ്‌ലി എക്സ്പ്രസ്സിന്റെ ഒന്നാം പേജിൽ പ്രത്യക്ഷപ്പെട്ടാൽ...? നമ്മുടെ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകുക എന്ന ലക്ഷ്യവുമായി എല്ലാവരുടെയും കണ്ണു വെട്ടിച്ച് ജർമ്മൻ പാരാട്രൂപ്പേഴ്സ് ഇംഗ്ലണ്ടിൽ ഇറങ്ങുക...! അമേരിക്കൻ റേഞ്ചേഴ്സുമായി ഏറ്റുമുട്ടുക...എത്രമാത്രം ലജ്ജാകരമായിരിക്കും നമുക്കത്...” കാർട്ടർ പറഞ്ഞു.

“തീർച്ചയായും...യുദ്ധത്തിൽ നമുക്കത് ക്ഷീണം ചെയ്യുകയേയുള്ളൂ...” മൺ‌റോ വീണ്ടും ആ ഫയലിലേക്ക് നോക്കി. “ഈ IRA പോരാളി... ഡെവ്‌ലിൻ... അയാളൊരു സംഭവം തന്നെ... അയാൾക്കും മുറിവേറ്റിട്ടുണ്ടെന്നല്ലേ നിങ്ങൾക്ക് ലഭിച്ച വിവരം...?”

“അതെ സർ... ഹോളണ്ടിലെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന അയാൾ പെട്ടെന്ന് ഒരു രാത്രി അവിടെ നിന്നും ചാടിപ്പോയി... ഇപ്പോൾ അയാൾ ലിസ്ബനിൽ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്...”

“ഒരു പക്ഷേ, അവിടെ നിന്നും സ്റ്റേറ്റ്സിലേക്ക് കടക്കുവാനുള്ള പരിപാടിയിലായിരിക്കും... നമ്മുടെ ഒരു കണ്ണ് അയാളുടെ മേൽ ഉണ്ടല്ലോ അല്ലേ...?  ആരാണ് ലിസ്ബനിലെ നമ്മുടെ SOE ഏജന്റ്...?”

“മേജർ ആർതർ ഫ്രെയർ... എംബസിയിലെ മിലിട്ടറി അറ്റാഷെയാണ്... അദ്ദേഹത്തെ വിവരം അറിയിച്ചിട്ടുണ്ട് സർ...” കാർട്ടർ പറഞ്ഞു.

“ഗുഡ്...” മൺ‌റോ തല കുലുക്കി.

“അപ്പോൾ ഇനി സ്റ്റെയ്നറെ നാം എന്ത് ചെയ്യും സർ...?”

അതെക്കുറിച്ചോർത്ത് ഒരു നിമിഷം മൺ‌റോ ചിന്തയിലാണ്ടു. “യാത്ര ചെയ്യാനുള്ള അവസ്ഥയിൽ എത്തിയ ഉടൻ അദ്ദേഹത്തെ ലണ്ടനിലേക്ക് കൊണ്ടു വരിക... ലണ്ടൻ ടവറിൽ ഇപ്പോഴും ജർമ്മൻ തടവുകാരെ പാർപ്പിക്കുന്ന പതിവുണ്ടോ...?”

“അപൂർവ്വമായി മാത്രം സർ... യുദ്ധം തുടങ്ങിയ സമയത്ത് പിടിച്ചെടുക്കപ്പെടുന്ന ജർമ്മൻ സബ്‌മറീനുകളിലെ നാവികരെയെല്ലാം അവിടെയാണ് തടങ്കലിൽ പാർപ്പിച്ചിരുന്നത്...”

“അപ്പോൾ റുഡോൾഫ് ഹെസ്... അദ്ദേഹമോ...?”

“അതൊരു സ്പെഷൽ കേസ് അല്ലേ സർ...?”

“ഓൾ റൈറ്റ്...  സ്റ്റെയ്നറെയും നമ്മൾ ലണ്ടൻ ടവറിൽ പാർപ്പിക്കുവാൻ പോകുന്നു... പൂർണ്ണസുഖം പ്രാപിക്കുന്നത് വരെ ഹോസ്പിറ്റലിൽ തന്നെ കഴിയട്ടെ... എനിതിങ്ങ് എൽ‌സ്...?” മൺ‌റോ ചോദിച്ചു.

“പുതിയൊരു വിവരം കൂടി ലഭിച്ചിട്ടുണ്ട് സർ... താങ്കൾക്കറിയാമല്ലോ, ഹിറ്റ്‌ലറെ വധിക്കുവാനുള്ള നിരവധി ആർമി പ്ലോട്ടുകളിൽ സ്റ്റെയ്നറുടെ പിതാവും ഉൾപ്പെട്ടിട്ടുള്ള കാര്യം... അത്തരം വിഷയങ്ങളിൽ ശിക്ഷ അനിവാര്യമാണല്ലോ... കയറിന് പകരം പിയാനോ കമ്പി ഉപയോഗിച്ച് തൂക്കിക്കൊല്ലുക... അതായിരുന്നു ശിക്ഷ... ഹിറ്റ്‌ലറുടെ ആജ്ഞ പ്രകാരം അതത്രയും ഫിലിമിൽ റെക്കോർഡ് ചെയ്തിട്ടുമുണ്ട്...”

“വല്ലാത്തൊരു ശിക്ഷ തന്നെ...”

“ജനറൽ സ്റ്റെയ്നറുടെ വധശിക്ഷയുടെ ആ ഫിലിമിന്റെ ഒരു കോപ്പി നമുക്ക് ലഭിച്ചിട്ടുണ്ട്... ബെർലിനിലെ നമ്മുടെ ഏജന്റ്, സ്വീഡൻ വഴി കടത്തി കൊണ്ടുവന്നതാണ്... താങ്കൾക്ക് കാണണമെന്നുണ്ടെങ്കിൽ...? പക്ഷേ, അത്യന്തം ഭീഭത്സമായിരിക്കും അത്...” കാർട്ടർ പറഞ്ഞു.

മൺ‌റോയുടെ മനസ്സിൽ ദ്വേഷ്യം ഇരച്ചു കയറി. അദ്ദേഹം എഴുന്നേറ്റ് ജനാലയുടെ നേർക്ക് നടന്നു. പിന്നെ വെട്ടിത്തിരിഞ്ഞ് മന്ദസ്മിതത്തോടെ കാർട്ടറെ നോക്കി. “പറയൂ, ജാക്ക്... ആ ചൊറിത്തവള വർഗാസ് ഇപ്പോഴും സ്പാനിഷ് എംബസിയിൽ തന്നെയുണ്ടോ...?”

“ഹൊസേ വർഗാസ്?  ഉണ്ട് സർ... ട്രേഡ് അറ്റാഷെയാണ്... അയാളെ നമ്മൾ ഉപയോഗിച്ചിട്ട് കുറച്ച് കാലമായി...”

“ഓകെ...  അയാൾ അവരുടെ പക്ഷത്താണെന്ന് തന്നെയല്ലേ ഇപ്പോഴും ജർമ്മൻ ഇന്റലിജൻസിന്റെ ധാരണ...?”

“വർഗാസിന് അങ്ങനെ പക്ഷമൊന്നുമില്ല സർ... ആരുടെ കൈയിലാണോ പണം കൂടുതൽ, അവരോടൊപ്പമായിരിക്കും വർഗാസ്... അയാളുടെ ഒരു കസിൻ ബെർലിനിലെ സ്പാനിഷ് എംബസിയിലുണ്ട്... അയാൾ വഴിയാണ് അയാളുടെ പ്രവർത്തനങ്ങളത്രയും...”

“എക്സലന്റ്...” മൺ‌റോ പുഞ്ചിരിച്ചു. “അയാളോട് പറയൂ, കുർട്ട് സ്റ്റെയ്നർ ജീവനോടെ ഇവിടെയുള്ള കാര്യം ബെർലിനിൽ അറിയിക്കാൻ... ലണ്ടൻ ടവറിലാണുള്ളതെന്ന് പ്രത്യേകം പറയണം... എന്താ, അത്ഭുതം തോന്നുന്നുവോ...? ഏറ്റവും മുഖ്യം എന്താണെന്ന് വച്ചാൽ, ഈ വിവരം അവർ രണ്ടു പേരും... അതായത് അഡ്മിറൽ കാനറീസും ഹെൻ‌ട്രിച്ച് ഹിം‌ലറും അറിഞ്ഞു എന്നുറപ്പ് വരുത്തണം... അതോടെ കാര്യങ്ങളൊക്കെ ഒന്ന് ഉഷാറാകും...”

“മൈ ഗോഡ്..! എന്ത് കളിയാണ് താങ്കൾ കളിക്കാൻ പോകുന്നത് സർ...?”

“യുദ്ധം, ജാക്ക്... യുദ്ധം... ഒരു ഡ്രിങ്ക് കൂടി അകത്താക്കിയിട്ട് ഇനി വീട്ടിൽ പോയി കിടന്ന് നന്നായി ഒന്നുറങ്ങാൻ നോക്ക്... നാളെ നിങ്ങൾക്ക് തിരക്കേറിയ ദിനമായിരിക്കും...”

(തുടരും)

അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...