Saturday, 20 May 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 10ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ലിസ്ബനിലെ ജർമ്മൻ സ്ഥാനപതിയായിരുന്നു ബരോൺ ഓസ്‌വാൾഡ് ഫൊൺഹൊയ്നിങ്ങെൻ ഹൊനേ. നാസി ആശയങ്ങളോട് ഒട്ടും താല്പര്യമില്ലാത്ത അദ്ദേഹം ഷെല്ലെൻബെർഗിന്റെ ഉറ്റ സുഹൃത്ത് കൂടിയായിരുന്നു.  ഷെല്ലെൻബെർഗിനെ കണ്ട മാത്രയിൽ തന്നെ തന്റെ ആഹ്ലാദം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

“മൈ ഡിയർ വാൾട്ടർ... കണ്ടതിൽ വളരെ സന്തോഷം... ബെർലിനിൽ ഇപ്പോൾ എങ്ങനെയുണ്ട്...?”

“ഇവിടുത്തെക്കാൾ തണുപ്പ്...” ഫ്രഞ്ച് ജാലകത്തിലൂടെ പുറത്തേക്ക് കടന്ന് ടെറസിലെ മേശയ്ക്ക് ഇരുവശവുമായി അവർ ഇരുന്നു.

താഴെയുള്ള ഗാർഡനിൽ എമ്പാടും പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു. വെള്ള ജാക്കറ്റ് ധരിച്ച ഓഫീസ് ബോയ്, കോഫി ട്രേ അവർക്ക് മുന്നിൽ കൊണ്ടു വച്ചു.

ഷെല്ലെൻബെർഗ് നെടുവീർപ്പിട്ടു. “ബെർലിനിലേക്ക് വരാതെ എന്തുകൊണ്ടാണ് നിങ്ങൾ ഇവിടെത്തന്നെ കടിച്ചു തൂങ്ങുന്നതെന്ന് എനിക്ക് മനസ്സിലാകുന്നു... ലിസ്ബൻ... ഇക്കാലത്ത് താമസിക്കാൻ ഏറ്റവും അനുയോജ്യമായ ഇടം...”

“സത്യം...” ബരോൺ പറഞ്ഞു. “എന്റെ സ്റ്റാഫിന്റെ ഏറ്റവും വലിയ പേടിസ്വപ്നം ഇവിടെ നിന്നും ഉള്ള സ്ഥലം മാറ്റമാണ്...” അദ്ദേഹം ഗ്ലാസിലേക്ക് കോഫി പകർന്നു. “ഈ സമയത്തുള്ള സന്ദർശനത്തിൽ എന്തോ പന്തികേടുണ്ടല്ലോ സുഹൃത്തേ... ഈ ക്രിസ്മസ് സായാഹ്നത്തിൽ തന്നെ...?”

“നിങ്ങൾക്കറിയാവുന്നതല്ലേ അങ്കിൾ ഹെയ്നിയുടെ കാര്യം... ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ സമയവും കാലവും ഒന്നും പ്രശ്നമല്ല...” SS സേനാംഗങ്ങൾ പലപ്പോഴും ഹിം‌ലറെക്കുറിച്ച് സംസാരിക്കുമ്പോൾ വിളിക്കുന്ന ഇരട്ടപ്പേരാണ് ഹെയ്നി.

“അപ്പോൾ വളരെ പ്രധാനപ്പെട്ട ഏതോ വിഷയമാണല്ലോ... പ്രത്യേകിച്ചും നിങ്ങളെത്തന്നെ അയച്ചപ്പോൾ...” ബരോൺ പറഞ്ഞു.

“ഒരാളെ കണ്ടു പിടിക്കണം നമുക്ക്... ഒരു ഐറിഷ്കാരൻ... ലിയാം ഡെവ്‌ലിൻ...” ഷെല്ലെൻബെർഗ് പേഴ്സിൽ നിന്നും ഡെവ്‌ലിന്റെ ഫോട്ടോ പുറത്തെടുത്ത് അദ്ദേഹത്തിന് കൈമാറി. “കുറേ നാൾ അബ്ഫെറിന് വേണ്ടി പ്രവർത്തിച്ചിരുന്നു... IRA യുടെ പോരാളിയാണ്... ഹോളണ്ടിലെ ഒരു ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ രക്ഷപെട്ടു... ഏറ്റവും ഒടുവിൽ നമുക്ക് ലഭിച്ച വിവരം അയാൾ ഇവിടെ അൽഫാമയിലെ ഏതോ ഒരു ക്ലബ്ബിൽ വെയ്റ്ററായി ജോലി നോക്കുകയാണെന്നാണ്...”

“ഓ, അത് ശരി...” ബരോൺ തല കുലുക്കി. “ഈ പറയുന്നയാൾ ഐറിഷ്കാരനാണെങ്കിൽ താൻ നിഷ്പക്ഷനാണെന്ന് പറഞ്ഞ് പിന്മാറാനാണ് സാദ്ധ്യത... വളരെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യേണ്ടി വരും...”

“ഏയ്, അത്ര ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ല...” ഷെല്ലെൻബെർഗ് പറഞ്ഞു. അനുനയത്തിലൂടെ അയാളെ തിരിച്ചുകൊണ്ടുപോകാമെന്ന് കരുതുന്നു... അയാൾക്ക് നല്ല വരുമാനമുണ്ടാകുന്ന ഒരു ജോലി വാഗ്ദാനം ചെയ്യാനാണ് ഞാൻ വന്നിരിക്കുന്നത്...”

“ഫൈൻ...” ബരോൺ പറഞ്ഞു. “ഒരു കാര്യം ഓർമ്മ വേണം... ഈ പോർച്ചുഗീസുകാർ അവരുടെ നിഷ്പക്ഷതയ്ക്ക് അങ്ങേയറ്റം വില കല്പിക്കുന്നുണ്ട് ഇപ്പോൾ... പ്രത്യേകിച്ചും യുദ്ധത്തിൽ നാം പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ... എന്തായാലും നിങ്ങളെ സഹായിക്കാനായി പോലീസ് അറ്റാഷെ ക്യാപ്റ്റൻ എഗ്ഗാറിനെ ഞാൻ ഏർപ്പാടാക്കാം...” ഫോൺ എടുത്ത് അദ്ദേഹം ആർക്കോ നിർദ്ദേശം നൽകി. പിന്നെ റിസീവർ ക്രാഡിലിൽ വച്ചിട്ട് തിരിഞ്ഞു. “നിങ്ങളുടെ കൂടെ മറ്റൊരാളെക്കൂടി കണ്ടല്ലോ...”

“സ്റ്റെംബാൺഫ്യൂറർ ഹോസ്റ്റ് ബെർഗർ... ഗെസ്റ്റപ്പോയിൽ നിന്നുമാണ്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“നിങ്ങളുടെ സ്വഭാവവുമായി ചേർന്ന് പോകുന്ന തരക്കാരനല്ലെന്ന് തോന്നുന്നു...?”

“റൈഫ്യുറർ എനിക്ക് തന്ന ക്രിസ്മസ് സമ്മാനമാണ്... എന്ത് ചെയ്യാം... സ്വീകരിക്കുകയല്ലാതെ മാർഗ്ഗമില്ലായിരുന്നു...”

“ഓ, അങ്ങനെയാണോ...?”

കതകിൽ തട്ടിയതിന് ശേഷം ഏകദേശം നാല്പത് വയസ്സ് മതിക്കുന്ന ഒരാൾ പ്രവേശിച്ചു. കട്ടി മീശയുള്ള അയാൾ ധരിച്ചിരുന്ന ബ്രൌൺ നിറത്തിലുള്ള സ്യൂട്ട് അയാൾക്ക് ചേരാത്തത് പോലെ തോന്നി. ഒരു തനി പോലീസുകാരൻ...

“ആഹ്... എഗ്ഗാർ...  ജനറൽ ഷെല്ലെൻബെർഗിനെ അറിയില്ലേ...?” ബരോൺ ചോദിച്ചു.

“തീർച്ചയായും... താങ്കളെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം... 1940ൽ വിൻസർ ഇടപാടുമായി ബന്ധപ്പെട്ട് താങ്കൾ വന്നപ്പോൾ നാം തമ്മിൽ കണ്ടിരുന്നു...”

“അതെ... അതെക്കുറിച്ചെല്ലാം തൽക്കാലം നമുക്ക് മറക്കാം...” ഷെല്ലെൻബെർഗ്, ഡെവ്‌ലിന്റെ ഫോട്ടോ അയാൾക്ക് നീട്ടി. “ഇയാളെ നിങ്ങൾ കണ്ടിട്ടുണ്ടോ...?”

എഗ്ഗാർ അത് വാങ്ങി സൂക്ഷിച്ചു നോക്കി. “ഇല്ല ജനറൽ...”

“ഐറിഷ്കാരനാണ്... പഴയ IRA പോരാളി... ഒരു IRA പോരാളിയെ ‘പഴയ’  എന്ന് വിശേഷിപ്പിക്കാമോ എന്നറിയില്ല... വയസ്സ് മുപ്പത്തിയഞ്ച്... അബ്ഫെറിന് വേണ്ടി കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്... ഏറ്റവും ഒടുവിൽ ഞങ്ങൾക്ക് ലഭിച്ച വിവരം അയാൾ ഇവിടെ ഫ്ലമിംഗൊ എന്നൊരു ബാറിൽ ജോലി നോക്കുന്നു എന്നാണ്...”

“ആ സ്ഥലം എനിക്കറിയാം...”

“ഗുഡ്... എന്റെ സഹായി ഗെസ്റ്റപ്പോയിൽ നിന്നുള്ള മേജർ ബെർഗർ പുറത്ത് നിൽക്കുന്നുണ്ട്... അയാളോട് ഇങ്ങോട്ട് വരാൻ പറയൂ...”

എഗ്ഗാർ പോയി ബെർഗറെയും കൂട്ടി വന്നു. ഷെല്ലെൻബെർഗ് അവരെ അയാൾക്ക് പരിചയപ്പെടുത്തി. “ബരോൺ ഫൊൺ ഹൊയ്നിങ്ങെൻ ഹൊനേ... പോർച്ചുഗലിലെ ജർമ്മൻ സ്ഥാനപതി... പിന്നെ, ക്യാപ്റ്റൻ എഗ്ഗാർ... പോലീസ് അറ്റാഷെ...”

“സ്റ്റെംബാൺഫ്യൂറർ ഹോസ്റ്റ് ബെർഗർ...”  അറ്റൻഷനായി നിന്ന് അയാൾ സ്വയം പരിചയപ്പെടുത്തി.

“ഈ ഫ്ലമിംഗൊ എന്ന ബാർ  ക്യാപ്റ്റൻ എഗ്ഗാറിന് പരിചയമുണ്ട്... ഇയാളോടോപ്പം പോയി ഡെവ്‌ലിൻ അവിടെ വർക്ക് ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കണം... അയാൾ അവിടെ ജോലി ചെയ്യുന്നു എന്ന് ഉറപ്പായാൽ യാതൊരു കാരണവശാലും... ഞാൻ ആവർത്തിക്കുന്നു... യാതൊരു കാരണവശാലും നിങ്ങൾ അയാളെ സന്ധിക്കാൻ പാടില്ല... പകരം എന്റെയടുത്ത് റിപ്പോർട്ട് ചെയ്യുക...”

ബെർഗർ തിരിഞ്ഞ് നിർവ്വികാരനായി വാതിലിന് നേർക്ക് നടന്നു. കതക് തുറക്കവെ ഷെല്ലെൻബെർഗ് കൂട്ടിച്ചേർത്തു. “1930 കളിൽ IRA യിൽ കുപ്രസിദ്ധി നേടിയ ഗൺ‌മാനായിരുന്നു ലിയാം ഡെവ്‌ലിൻ... രണ്ടുപേരും അക്കാര്യം ശരിക്കും ഓർത്തു വയ്ക്കുന്നത് നന്നായിരിക്കും...”

ആ പരാമർശം തന്നെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് ബെർഗറിന് ആ മാത്രയിൽ തന്നെ മനസ്സിലായിരുന്നു. “ഓർമ്മിക്കാം....” ചെറിയൊരു പുച്ഛഭാവത്തിൽ പുഞ്ചിരിച്ചിട്ട് അയാൾ തിരിഞ്ഞ് പുറത്തേക്ക് നടന്നു. പിന്നാലെ ക്യാപ്റ്റൻ എഗ്ഗാറും.

“വല്ലാത്തൊരു മനുഷ്യൻ .. അയാളെ ഒപ്പം കൂട്ടേണ്ടി വന്നത് കഷ്ടം തന്നെ...” ബരോൺ വാച്ചിലേക്ക് നോക്കി. “അഞ്ച് മണി കഴിഞ്ഞതേയുള്ളൂ, വാൾട്ടർ... അല്പം ഷാം‌പെയ്ൻ ആയാലോ...?”

(തുടരും)