Friday, 15 September 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 20ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അടുത്ത പ്രഭാതത്തിൽ പ്രിൻസ് ആൽബസ്ട്രാസയിലെ ഷെല്ലെൻബെർഗിന്റെ ഓഫീസിലേക്കുള്ള യാത്രയിൽ അന്തരീക്ഷത്തിൽ എങ്ങും പുകപടലങ്ങൾ നിറഞ്ഞിരിക്കുന്നത് ഡെവ്‌ലിൻ ശ്രദ്ധിച്ചു.

“റോയൽ എയർഫോഴ്സ് ഇന്നലെ അവരുടെ ലക്ഷ്യം കണ്ടു എന്നു തന്നെ തോന്നുന്നു...” ജനറൽ ഷെല്ലെൻബെർഗ് പറഞ്ഞു.

“ഒരു സംശയവും വേണ്ട...” ഡെവ്‌ലിൻ പിന്താങ്ങി.

പ്രഭാത വന്ദനം നൽകിക്കൊണ്ട് ഇൽ‌സ് ഹബ്ബർ വാതിൽ തുറന്ന് അവരെ സ്വീകരിച്ചു. “സന്തോഷം ജനറൽ... ഇന്നലെ അല്പം പരിഭ്രമിച്ചു ഞാൻ...”

“ഞങ്ങൾ രണ്ടുപേരും ഇന്നലെ മറീൻസ്ട്രാസയിലെ ആ റെസ്റ്ററന്റിന്റെ അടിത്തട്ടിലായിരുന്നു കഴിഞ്ഞത്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“റിവേറ അല്പസമയത്തിനകം ഇവിടെയെത്തും...” അവൾ പറഞ്ഞു.

“ഓ, ഗുഡ്... വന്നയുടൻ എന്നെ കാണാൻ പറയൂ...”

ഏതാണ്ട് പത്ത് മിനിറ്റ് കഴിഞ്ഞതും റിവേറയെയും കൂട്ടി അവൾ തിരികെയെത്തി. തന്റെ ഹാറ്റ് തലയിൽ നിന്നും എടുത്ത് തിരുപ്പിടിച്ച് അല്പം പരിഭ്രമത്തോടെ അയാൾ ഡെവ്‌ലിന്‌ നേരെ ഒന്ന് പാളി നോക്കി.

“ഭയപ്പെടേണ്ട... ധൈര്യമായി സംസാരിച്ചോളൂ...” ഷെല്ലെൻബെർഗ് പറഞ്ഞു.

“എന്റെ കസിന്റെയടുത്ത് നിന്നും പുതിയൊരു മെസ്സേജ് ഉണ്ടായിരുന്നു ജനറൽ... സ്റ്റെയ്നറെ ലണ്ടൻ ടവറിൽ നിന്നും സെന്റ് മേരിസ് പ്രിയോറി എന്നൊരു കെട്ടിടത്തിലേക്ക് മാറ്റുന്നു എന്നാണവൻ പറഞ്ഞത്...”

“കൃത്യമായ മേൽ‌വിലാസം അറിയാൻ കഴിഞ്ഞുവോ...?”

“വാപ്പിങ്ങ് എന്ന സ്ഥലത്താണെന്നാണ് പറഞ്ഞത്... നദീതീരത്താണത്രെ...”

“നിങ്ങളുടെ കസിൻ ആള് കൊള്ളാമല്ലോ... ഇത്രയും വിലപ്പെട്ട ഇൻഫർമേഷൻ പെട്ടെന്ന് തന്നെ ശേഖരിക്കുവാൻ കഴിഞ്ഞു...” ഡെവ്‌ലിൻ അയാളെ ഒന്ന് പുകഴ്ത്തി.

സൌഹൃദഭാവത്തിൽ പുഞ്ചിരിച്ചിട്ട് റിവേറ തുടർന്നു. “ഹൊസേ തരുന്ന ഇൻഫർമേഷൻ വളരെ കൃത്യമായിരിക്കും സെനോർ... സ്കോട്സ് ഗാർഡിലുള്ള അവന്റെ ഒരു സൈനിക സുഹൃത്തിൽ നിന്നും ലഭിച്ച വിവരമാണ്... ലണ്ടൻ ടവറിലാണ് അയാളുടെ ട്രൂപ്പ് ഇപ്പോൾ പാറാവ് ജോലി നോക്കുന്നത്... സമീപത്തുള്ള ഒരു പബ്ലിക്ക് ഹൌസ് അവർ സന്ദർശിക്കാറുണ്ട്... എന്റെ കസിനും അവിടുത്തെ സന്ദർശകനാണ്...” അല്പം വിമ്മിട്ടത്തോടെ അയാൾ തുടർന്നു. “പുറത്ത് പറയാൻ പറ്റാത്ത സംഗതിയാണ്...”

“യെസ്, ഞാൻ മനസ്സിലാക്കുന്നു റിവേറാ...” ഷെല്ലെൻബെർഗ് തല കുലുക്കി. “ഓൾ റൈറ്റ്... ഇപ്പോൾ നിങ്ങൾക്ക് പോകാം... ആവശ്യമനുസരിച്ച് നിങ്ങളെ ഞാൻ കോൺ‌ടാക്റ്റ് ചെയ്യുന്നതായിരിക്കും...”

അയാളെ പുറത്തേക്ക് നയിച്ചിട്ട് ഇൽ‌സ് തിരികെയെത്തി. “ഇനി ഞാനെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ ജനറൽ...?”

“തീർച്ചയായും... നമ്മുടെ ഫയൽ ശേഖരത്തിൽ നിന്നും ആ ഗസറ്റുകൾ തേടിയെടുക്കണം... ഏതാണെന്ന കാര്യം പറയാതെ തന്നെ അറിയാമല്ലോ... ലണ്ടന്റെ മുക്കും മൂലയും അടങ്ങുന്ന രേഖകൾ... ഈ പറയുന്ന കെട്ടിടം അതിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കൂ...”

അവൾ പുറത്തേക്ക് നടന്നു.

“ഈ വാപ്പിങ്ങ് എന്ന് പറയുന്ന സ്ഥലം എനിക്ക് സുപരിചിതമായിരുന്നു ഒരു കാലത്ത്...” ഡെവ്‌ലിൻ പറഞ്ഞു.

“IRA യിൽ പ്രവർത്തിച്ചിരുന്ന കാലത്താണോ...?”

“അതെ... ലണ്ടനിലെ പലയിടങ്ങളിലും IRA ബോംബിങ്ങ് ക്യാമ്പെയ്‌ൻ നടത്തിയിരുന്ന കാലം... അതിന് തയ്യാറുള്ള നിരവധി പേരുണ്ടായിരുന്നു അക്കാലത്ത്... അയർലണ്ടിന്റെ സ്വാതന്ത്ര്യത്തിനായി വേണമെങ്കിൽ പോപ്പിനെ വരെ വധിക്കാൻ തയ്യാറുള്ള ഒരു കൂട്ടം മനുഷ്യർ... 1936 ൽ ഒരു സ്പെഷൽ യൂണിറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടായിരുന്നു ലണ്ടനിലെ വിവിധയിടങ്ങളിൽ ബോംബുകൾ വയ്ക്കുവാനായി... സ്ത്രീകളും കുട്ടികളും വഴിയാത്രക്കാരും ഒക്കെയായിരുന്നു അതിന്റെ ഇരകൾ... എന്നാൽ അധികം താമസിയാതെ തന്നെ ആ പ്രവൃത്തി നിർത്തി വയ്ക്കുവാൻ തലപ്പത്തുള്ളവർ നിർദ്ദേശം നൽകുകയാണുണ്ടായത്... ആ നിർദ്ദേശം പ്രാവർത്തികമാക്കുവാനായിട്ടാണ് എന്നെ ലണ്ടനിലേക്കയച്ചത്...”

“അങ്ങനെയാണ് വാപ്പിങ്ങ് എന്ന സ്ഥലം നിങ്ങൾക്ക് പരിചയമായത്...?”

“ചെറുപ്പം മുതലേ എനിക്കറിയാവുന്ന ഒരാൾ ഉണ്ടായിരുന്നു അവിടെ... വാസ്തവത്തിൽ എന്റെ മാതാവിന്റെ ഒരു സുഹൃത്ത്...”

“എന്താണീ സുഹൃത്തിന്റെ പേര്...”

“മിഷേൽ റയാൻ... ഒരു ഒളിത്താവളം നടത്തിപ്പോരുന്നുണ്ടായിരുന്നു അയാൾ... എന്നാൽ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നില്ല താനും... അതിനാൽ തന്നെ ആരും അയാളെ സംശയിച്ചിരുന്നുമില്ല...”

“അങ്ങനെ ആ സംഘത്തിന്റെ ചുമതല നിങ്ങളിൽ നിക്ഷിപ്തമായി...?”

“സംഘം എന്ന് പറയാനും മാത്രമൊന്നുമില്ല... വെറും മൂന്നു പേരേ ഉണ്ടായിരുന്നുള്ളൂ...” ഡെവ്‌ലിൻ ചുമൽ വെട്ടിച്ചു. പിന്നീട് ഞാൻ സ്പെയിനിലേക്ക് പോയി... അവിടെ വച്ച് ലിങ്കൺ - വാഷിംഗ്ടൺ ബ്രിഗേഡിൽ ചേർന്നു... ഇറ്റലിക്കാർ പിടികൂടി ജയിലിൽ അടയ്ക്കും വരെ ഞാൻ ഫ്രാങ്കോയ്ക്ക് എതിരെ പൊരുതി... ഇറ്റാലിയൻ ജയിലിൽ നിന്നും എന്നെ മോചിപ്പിച്ചത് ജർമ്മനിയുടെ അബ്ഫെർ ആയിരുന്നു...”

“അപ്പോൾ വാപ്പിങ്ങിലുള്ള നിങ്ങളുടെ ആ സുഹൃത്ത്... റയാൻ... അയാൾക്ക് പിന്നീട് എന്ത് സംഭവിച്ചു...?”

“ഇപ്പോഴും അവിടെത്തന്നെയുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്... കിഴവൻ മിഷേൽ... വിപ്ലവത്തിലൊന്നും വലിയ താല്പര്യമില്ലാത്തവൻ... ഭീകരപ്രവർത്തനങ്ങളോടൊന്നും ഒട്ടും യോജിപ്പില്ലായിരുന്നു അന്നേ അയാൾക്ക്...”

“ഇയാളെക്കൊണ്ട് നമുക്ക് എന്തെങ്കിലും വിധത്തിലുള്ള സഹായം പ്രതീക്ഷിക്കാമോ...?” ഷെല്ലെൻബെർഗ് ചോദിച്ചു.

“മൈ ഗോഡ്...! കുതിര ഓടാൻ തുടങ്ങുന്നതിന് മുമ്പേ വണ്ടി ഓടിക്കുകയാണല്ലോ താങ്കൾ...” ഡെവ്‌ലിൻ തലയിൽ കൈ വച്ചു.

ഓറഞ്ച് നിറമുള്ള ഒരു പുസ്തകവുമായി ഇൽ‌സ് വീണ്ടുമെത്തി. “കിട്ടി ജനറൽ... സെന്റ് മേരിസ് പ്രിയോറി, വാപ്പിങ്ങ്... തെംസ് നദിയുടെ തീരത്ത് തന്നെ...”

അവർ ഇരുവരും ആ ഭൂപടം പരിശോധിച്ചു. “ഇതുകൊണ്ട് കാര്യമായ ഗുണമൊന്നുമില്ല...” ഡെവ്‌ലിൻ പറഞ്ഞു.

ഷെല്ലെൻബെർഗ് തല കുലുക്കി. “വേറൊരു കാര്യം ചിന്തിക്കുകയായിരുന്നു ഞാൻ... 1940 ലെ ഓപ്പറേഷൻ സീ ലയൺ...”

“ഒരിക്കലും നടക്കാതെ പോയ ബ്രിട്ടീഷ് അധിനിവേശം...?”

“അതെ... പക്ഷേ, വ്യക്തമായ പ്ലാനോടു കൂടിയ ഒരു പ്രോജക്ടായിരുന്നു അത്... ലണ്ടനെക്കുറിച്ച് വളരെ വിശദവും സൂക്ഷ്മവുമായ ഒരു സർവേയാണ് അന്ന് ഞങ്ങളുടെ SD നടത്തിയത്... കെട്ടിടങ്ങളെക്കുറിച്ചാണ് ഞാൻ പറഞ്ഞു വരുന്നത്... ലണ്ടൻ നഗരം പിടിച്ചടക്കിയാൽ ഉപയോഗിക്കാൻ പറ്റുന്ന കെട്ടിടങ്ങൾ...”

“എന്ന് വച്ചാൽ ഗെസ്റ്റപ്പോ ഹെഡ് ക്വാർട്ടേഴ്സ് ആയി രൂപാന്തരപ്പെടുത്തുവാൻ അനുയോജ്യമായ കെട്ടിടങ്ങൾ...?”

ഷെല്ലെൻബെർഗ് പുഞ്ചിരിച്ചു. “എക്സാക്റ്റ്‌ലി...  അത്തരത്തിലുള്ള നൂറ് കണക്കിന് കെട്ടിടങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഫയലുകൾ അന്ന് തയ്യാറാക്കപ്പെട്ടിരുന്നു...” അദ്ദേഹം ഇൽ‌സിന് നേർക്ക് തിരിഞ്ഞു. “എന്തെങ്കിലും രേഖകൾ ലഭിക്കുമോ എന്ന് നോക്കൂ...”

“ഇപ്പോൾ തന്നെ നോക്കാം ജനറൽ...”

ഡെവ്‌ലിൻ ജാലകത്തിനരികിലും ഷെല്ലെൻബെർഗ് ഡെസ്കിന് മുന്നിലും ഇരുന്നു. ഇരുവരും ഓരോ സിഗരറ്റിന് തീ കൊളുത്തി. “ഇന്നലെ രാത്രി നിങ്ങൾ പറഞ്ഞല്ലോ, വർഗാസ് ഒരു ചതിയനാണെന്ന കണക്കുകൂട്ടലിൽ തന്നെ നാം മുന്നോട്ട് നീങ്ങണമെന്ന്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“അതെ...”

“എന്ന് വച്ചാൽ എന്താണ് നിങ്ങളുടെ മനസ്സിൽ...? എങ്ങനെയാണ് ഈ ദൌത്യം നിങ്ങൾ കൈകാര്യം ചെയ്യാൻ പോകുന്നത്...?”

“വളരെ ലളിതം ജനറൽ... ഞാൻ അങ്ങോട്ട് പോകുന്ന കാര്യം വർഗാസിനെ അറിയിക്കുന്നില്ല...”

“മനസ്സിലായില്ല...”

“നമുക്ക് ആവശ്യമുള്ള ഇൻഫർമേഷനെല്ലാം അയാളിൽ നിന്നും നാം ഊറ്റിയെടുക്കുന്നു... ഒരു പക്ഷേ, ആവശ്യത്തിലധികം വിവരങ്ങൾ നമുക്ക് ലഭിച്ച് കഴിഞ്ഞിരിക്കാം... എങ്കിലും കൂടുതൽ വിവരങ്ങൾ ഓരോ ആഴ്ച്ചയിലും ചോദിച്ചുകൊണ്ടേയിരിക്കുക... പ്രിയോറിയിൽ സ്റ്റെയ്നർക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ, പാറാവുകാരുടെ വിശദവിവരങ്ങൾ, അതു പോലെയുള്ള മറ്റ് കാര്യങ്ങൾ... ആ സമയത്ത് ഞാൻ ലണ്ടനിൽ ആയിരിക്കും... നൌ, വാൾട്ടർ, മൈ ഓൾഡ് സൺ... എന്റെ ഈ ആശയം അംഗീകരിക്കാതിരിക്കാൻ താങ്കൾക്ക് കഴിയില്ല...”

പൊട്ടിച്ചിരിക്കാനല്ലാതെ വേറൊന്നിനും കഴിയില്ലായിരുന്നു ഷെല്ലെൻബെർഗിന്. അദ്ദേഹം എഴുന്നേറ്റു. “വെരി ഗുഡ്... ബ്ലഡി മാർവലസ്... ഇത് ആഘോഷിക്കണം നമുക്ക്... വരൂ, കാന്റീനിൽ പോയി ഓരോ കോഫി അകത്താക്കാം...”

                                                          ***

അല്പനേരത്തിന് ശേഷം ഡെവ്‌ലിനെയും കൂട്ടി ഷെല്ലെൻബെർഗ് ടിയർഗാർട്ടെനിലേക്ക് ഡ്രൈവ് ചെയ്തു. കാറിൽ നിന്നും പുറത്തിറങ്ങി നനുത്ത മഞ്ഞു പരവതാനിയുടെ മുകളിലൂടെ നടക്കവെ ഡെവ്‌ലിൻ പറഞ്ഞു.

“മറ്റൊരു പ്രശ്നം കൂടിയുണ്ട്... ഞാൻ നോർഫോക്കിൽ ആയിരുന്ന സമയത്ത് സ്പെഷൽ ബ്രാഞ്ച് എന്റെ പിന്നാലെ ഉണ്ടായിരുന്നു. അല്പം വൈകിയാണെങ്കിലും അവർക്ക് എന്നെ കണ്ടെത്താൻ കഴിഞ്ഞതിന്റെ കാരണം ഐറിഷ് പൌരൻ എന്ന നിലയിൽ ലോക്കൽ പോലീസിൽ എന്റെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം എന്ന നിയമമായിരുന്നു. അതും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം...”

“ഐ സീ... അപ്പോൾ നിങ്ങൾ പറഞ്ഞു വരുന്നത് എന്താണ്...?”

“എന്റെ ബാഹ്യരൂപത്തിൽ ഒരു മാറ്റം... ഒരു സമ്പൂർണ്ണ മാറ്റം...”

“മുടിയുടെ നിറം മാറ്റുക... അങ്ങനെ വല്ലതുമാണോ...?”

ഡെവ്‌ലിൻ തല കുലുക്കി. “മാത്രമല്ല, പ്രായവും കുറച്ച് കൂട്ടണം...”

“അക്കാര്യത്തിൽ എനിക്ക് സഹായിക്കാൻ സാധിക്കുമെന്ന് തോന്നുന്നു...” ഷെല്ലെൻബെർഗ് പറഞ്ഞു. “ഇവിടെ ബെർലിനിലെ UFA സ്റ്റുഡിയോയിൽ എനിക്ക് ചില സുഹൃത്തുക്കളുണ്ട്... അവിടുത്തെ ചില മേക്കപ്പ് ആർട്ടിസ്റ്റുകൾ ചെയ്യുന്നത് കണ്ടാൽ നമുക്ക് വിശ്വസിക്കാനേ കഴിയില്ല...”

“വേറൊരു കാര്യം കൂടി... ഇത്തവണ വിദേശികളുടെ രജിസ്റ്റർ എന്ന സംഭവം വേണ്ട... കൃത്രിമ രേഖകൾ ഉണ്ടാക്കുന്ന സമയത്ത് എന്റെ ജന്മസ്ഥലം യൂൾസ്റ്ററിലെ ഒരു ഗ്രാമത്തിലാണെന്ന് കാണിച്ചാൽ മതി... അങ്ങനെയാകുമ്പോൾ ഔദ്യോഗികമായി ഞാൻ ഒരു ബ്രിട്ടീഷ് പൌരനാണെന്ന് വരും...”

“നിങ്ങളുടെ ഐഡന്റിറ്റി കാർഡിൽ എന്തായിട്ടാണ് രേഖപ്പെടുത്തേണ്ടത്..?”

“കഴിഞ്ഞ തവണ ഞാനൊരു വാർ ഹീറോ ആയിരുന്നു... ഡൺ‌കിർക്കിലെ യുദ്ധത്തിൽ മുറിവേറ്റ് വിരമിക്കേണ്ടി വന്ന ഐറിഷ് സൈനികൻ...” ഡെവ്‌ലിൻ തന്റെ തലയിലെ മുറിവിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു. “അന്ന് കഥ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അക്കാര്യം സഹായകരമാകുകയും ചെയ്തു...”

“ഗുഡ്... എങ്കിൽ ശരി, അതു പോലുള്ള എന്തെങ്കിലും പ്ലാൻ ചെയ്യാം... ഏത് രീതിയിലായിരിക്കണം അങ്ങോട്ടുള്ള പ്രവേശനം...?”

“ഓ, വീണ്ടും പാരച്യൂട്ടിൽ തന്നെ...”

“ഇംഗ്ലണ്ടിലേക്കോ...?”

ഡെവ്‌ലിൻ തലയാട്ടി. “അത് ആപത്ക്കരമായിരിക്കും... ആരെങ്കിലും കാണുകയാണെങ്കിൽ തീർച്ചയായും അത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കും... അതിനാൽ അത് വേണ്ട... കഴിഞ്ഞ തവണത്തെ പോലെ അയർലണ്ടിലേക്ക്... അഥവാ ആരെങ്കിലും കണ്ടാൽ തന്നെ കുഴപ്പമില്ല... ആരും തിരിഞ്ഞു നോക്കുക പോലുമില്ല... യൂൾസ്റ്റർ അതിർത്തിയിലൂടെ നുഴഞ്ഞു കയറി ബ്രേക്ക്ഫാസ്റ്റ് ട്രെയിനിൽ ബെൽഫാസ്റ്റിലേക്ക്... അതോടെ ഞാൻ ബ്രിട്ടീഷ് മണ്ണിൽ...”

“അതിന് ശേഷം...?”

“ബോട്ടിൽ... ബെൽഫാസ്റ്റിൽ നിന്നും ഹെയ്ഷാമിലേക്ക് ലങ്കാഷയറിൽ... കഴിഞ്ഞ തവണ എനിക്ക് മറ്റൊരു റൂട്ട് പിടിക്കേണ്ടി വന്നു... ലാർനെയിൽ നിന്നും സ്കോട്‌ലണ്ടിലെ സ്ട്രാൻ ‌റയറിലേക്ക്... ട്രെയിനിൽ എന്നത് പോലെ ബോട്ടിലും ഇക്കാലത്ത് നല്ല തിരക്കായിരിക്കും...യുദ്ധകാലമല്ലേ ജനറൽ...?” ഡെവ്‌ലിൻ പുഞ്ചിരിച്ചു.

“അങ്ങനെ നിങ്ങൾ ലണ്ടനിൽ എത്തുന്നു... പിന്നീട്...?”

ഡെവ്‌ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തി. “ വെൽ... വർഗാസുമായി ഒരു ബന്ധവും വേണ്ട എന്ന് തീരുമാനിച്ചാൽ അതിന്റെ അർത്ഥം താങ്കളുടെ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നും ഒരു സഹായവും എനിക്ക് പ്രതീക്ഷിക്കേണ്ട എന്നായിരിക്കും...”

ഷെല്ലെൻബെർഗ് പുരികം ചുളിച്ചു. “പക്ഷേ, മറ്റുള്ളവരുടെ സഹാ‍യം ഇല്ലാതെ...? ആയുധങ്ങൾ, റേഡിയോ ട്രാൻസ്മിറ്റർ തുടങ്ങിയവയൊക്കെ സംഘടിപ്പിക്കണമല്ലോ... ക‌മ്യൂണിക്കേഷൻ സൌകര്യങ്ങൾ ഇല്ലാതെ  എങ്ങനെയാണ്...?”

“ഓൾ റൈറ്റ്... ചില കാര്യങ്ങളൊക്കെ ഒരു സങ്കല്പത്തിന്മേൽ ചെയ്യേണ്ടിയിരിക്കുന്നു... മുമ്പ് ഞാൻ സൂചിപ്പിച്ച വാപ്പിങ്ങിലെ ആ പഴയ സുഹൃത്ത്... മിഷേൽ റയാൻ... അയാൾ ഇപ്പോഴും അവിടെത്തന്നെ ഉണ്ടെന്ന് വിശ്വസിക്കാം നമുക്ക്... അയാളെ കണ്ടെത്താൻ കഴിഞ്ഞാൽ അതൊരു സഹായമായിരിക്കും... ചുരുങ്ങിയത് ആരെ കോൺ‌ടാക്റ്റ് ചെയ്യണമെന്ന കാര്യത്തിലെങ്കിലും...”

“എങ്ങനെ...?”

“മിഷേൽ പണ്ട് ടാക്സി ഓടിച്ചിരുന്നു... വാതുവെപ്പുകാർക്ക് വേണ്ടിയൊക്കെ ധാരാളം ഓടിയിട്ടുണ്ട് അദ്ദേഹം... ആ വഴിയിൽ അധോലോകത്തുള്ള അനവധി പേരുമായി സുഹൃദ്ബന്ധവുമുണ്ട്... പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവർ... ആയുധക്കടത്തും മറ്റും തൊഴിലാക്കിയവർ... 1936 ൽ ഞാൻ എത്തി പ്രവർത്തനം അവസാനിപ്പിച്ച ആ IRA യൂണിറ്റിലെ എല്ലാവർക്കും ധാരാളം അധോലോക ബന്ധമുണ്ടായിരുന്നു. ആയുധങ്ങൾ, സ്ഫോടക വസ്തുക്കൾ തുടങ്ങിയവയെല്ലാം അവരിൽ നിന്നായിരുന്നു ലഭിച്ചിരുന്നത്...”

“സോ, ദിസ് വുഡ് ബീ എക്സലന്റ്... നിങ്ങളുടെ IRA സുഹൃത്തുക്കളുടെ സഹായവും തുണയും... മാത്രമല്ല, വേണ്ടി വന്നാൽ അൽപ്പം ക്രിമിനൽ സപ്പോർട്ടും... പക്ഷേ, ഒരു കാര്യം... ഇതെല്ലാം നമ്മുടെ കണക്കുകൂട്ടലുകളാണ്... അഥവാ നിങ്ങളുടെ ആ സുഹൃത്ത് ഇപ്പോൾ ലണ്ടനിൽ ഇല്ലെങ്കിൽ...?”

“ഉറപ്പൊന്നുമില്ല ജനറൽ... ഒരു പക്ഷേ, ഒരു മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കാം... ഒരു ഗ്യാരണ്ടിയുമില്ല...”

“എന്നിട്ടും ഒരു റിസ്കെടുക്കുവാൻ നിങ്ങൾക്ക് മടിയില്ല...?”

“നമ്മുടെ പ്ലാൻ എത്ര തന്നെ  സമർത്ഥമായിരുന്നാലും ശരി, ലണ്ടനിലെത്തിയതിന് ശേഷം എനിക്ക് സാഹചര്യങ്ങൾ ഒന്ന് വിലയിരുത്തേണ്ടതുണ്ട്... മിഷേൽ റയാനെ കണ്ടുമുട്ടാൻ സാധിക്കാതിരിക്കുകയും ഈ ദൌത്യം അസാദ്ധ്യമാണെന്ന് തോന്നുകയും ചെയ്താൽ പിന്നെ വേറൊന്നിനും ഞാൻ നിൽക്കില്ല... അടുത്ത ബോട്ടിൽ ഞാൻ ബെൽഫാസ്റ്റിലേക്ക് കടക്കും... താങ്കൾ പോലും അറിയുന്നതിന് മുമ്പ് ഞാൻ അതിർത്തി കടന്ന് സുരക്ഷിതനായി ഡബ്ലിനിൽ എത്തിയിട്ടുണ്ടാകും...എന്നിട്ട് അവിടെയുള്ള ജർമ്മൻ എംബസിയിൽ നിന്നും ആ ദുഃഖവാർത്ത താങ്കളെ ഞാൻ അറിയിക്കും...” ഡെവ്‌ലിൻ പുഞ്ചിരിച്ചു. ഇനി നമുക്ക് തിരികെ ഓഫീസിലേക്ക് പോകാമോ...? ഈ തണുപ്പത്ത് ഇങ്ങനെ നടക്കണമെന്ന് വല്ല നിർബ്ബന്ധവുമുണ്ടോ താങ്കൾക്ക്...?”

(തുടരും)

Sunday, 27 August 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 19ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഹിം‌ലറുടെ മുന്നിൽ വന്ന് അറ്റൻഷനായി നിന്ന് ബെർഗർ സല്യൂട്ട് ചെയ്തു. “ഷറ്റോ ഡി ബെൽ ഐൽ പ്ലാൻ കൊണ്ടുവന്നിട്ടുണ്ട്, റൈഫ്യൂറർ...”

“എക്സലന്റ്... തരൂ, നോക്കട്ടെ...” ഹിം‌ലർ പറഞ്ഞു.

താൻ കൊണ്ടു വന്ന പേപ്പർ ചുരുളഴിച്ച് അയാൾ ഹിം‌ലറുടെ മേശപ്പുറത്ത് വച്ചു. ശ്രദ്ധാപൂർവ്വം അത് പരിശോധിച്ചിട്ട് ഹിം‌ലർ തലയുയർത്തി. “ഗുഡ്... വെരി ഗുഡ്... നിങ്ങൾക്കായിരിക്കും ഇതിന്റെ പൂർണ്ണ ചുമതല, ബെർഗർ... ഗാർഡ് ഓഫ് ഓണറിന് എത്ര പേർ വേണമെന്നാണ് നിങ്ങളുടെ അഭിപ്രായം...?”

“ഇരുപത്തിയഞ്ച്... ഏറിയാൽ മുപ്പത്, റൈഫ്യൂറർ...”

“ആ സ്ഥലം നിങ്ങൾ സന്ദർശിച്ചിരുന്നോ...?” ഹിം‌ലർ ആരാഞ്ഞു.

“മിനിഞ്ഞാന്ന് വിമാനമാർഗ്ഗം ഞാൻ ഷെർബർഗിൽ പോയിരുന്നു. അവിടെ നിന്ന് കാറിൽ ഷറ്റോയിലേക്കും... മനോഹരമായ സ്ഥലം... ഒരു ഫ്രഞ്ച് കുലീന കുടുംബാംഗമാണ് അതിന്റെ ഉടമസ്ഥൻ... നമ്മുടെ അധിനിവേശത്തെത്തുടർന്ന് അയാൾ ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്തിരിക്കുകയാണ്...   ആ സ്ഥലത്തിന്റെ നോട്ടക്കാരനും ഭാര്യയും മാത്രമേ ഇപ്പോൾ അവിടെയുള്ളൂ... അധികം താമസിയാതെ ഞങ്ങൾ അത് ഏറ്റെടുക്കുവാൻ പോകുകയാണെന്ന് അയാളെ ഞാൻ അറിയിച്ചിട്ടുണ്ട്... പക്ഷേ, എന്തിനാണെന്ന് മാത്രം പറഞ്ഞില്ല...”

“എക്സലന്റ്... ഇനി കുറച്ച് ദിവസത്തേക്ക് ആ വഴി പോകേണ്ട... എന്ന് വച്ചാൽ കുറച്ച് കാത്തിരുന്നിട്ട് മതി അവിടം ഏറ്റെടുക്കാൻ പോകുന്നതെന്ന്... ഈ ഫ്രഞ്ച് പ്രതിരോധം എന്ന് പറയുന്നത് എന്താണെന്ന് അറിയാമല്ലോ നിങ്ങൾക്ക്... തീവ്രവാദികളാണ് അവർ... ബോംബ്, കൊലപാതകം... ഒന്നിനും മടിയില്ലാത്തവർ...” ആ പ്ലാൻ ചുരുട്ടി അദ്ദേഹം ബെർഗറിന് തിരികെ കൊടുത്തു. “മേജർ, അവിടെ നടക്കാൻ പോകുന്ന കോൺഫറൻസിൽ ഫ്യൂററുടെ സുരക്ഷാ ചുമതല നമ്മുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും... നമ്മുടെ മാത്രം മേൽനോട്ടത്തിൽ...”

“തീർച്ചയായും റൈഫ്യൂറർ...”

നിവർന്ന് നിന്ന് സല്യൂട്ട് ചെയ്തിട്ട് ബെർഗർ പുറത്തേക്ക് നടന്നു. പേന എടുത്ത് ഹിം‌ലർ വീണ്ടും എഴുത്ത് തുടർന്നു.

                                                                    ***
മെഴ്സിഡിസ് കാർ മുന്നോട്ട് നീങ്ങവെ വീണ്ടും മഞ്ഞ് പെയ്യുവാൻ ആരംഭിച്ചു. ബോംബിങ്ങ് മൂലമുണ്ടായ കനത്ത നാശനഷ്ടങ്ങളായിരുന്നു എവിടെ നോക്കിയാലും. അസ്തമയം കഴിഞ്ഞിരിക്കുന്നു. ബ്ലാക്കൌട്ട് ആയതുകൊണ്ട് നല്ലതായി ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല.

“കണ്ടില്ലേ മിസ്റ്റർ ഡെവ്‌ലിൻ...” ഷെല്ലെൻബെർഗ് പറഞ്ഞു. “മഹത്താ‍യ ഒരു നഗരമായിരുന്നു ഇത്... കല, സംഗീതം, തീയേറ്ററുകൾ, പാരഡൈസ്, ബ്ലൂ നൈൽ തുടങ്ങിയ ക്ലബ്ബുകൾ...”

“യുദ്ധം എല്ലാം നശിപ്പിച്ചു...” ഡെവ്‌ലിൻ പറഞ്ഞു.

“എന്തെങ്കിലും കഴിക്കാൻ പറ്റുമോ എന്ന് നോക്കാം... അധികം ദൂരെയല്ലാതെ ചില റെസ്റ്ററന്റുകൾ എനിക്ക് പരിചയമുണ്ട്... തരക്കേടില്ലാത്ത ഭക്ഷണം... എന്നെ അറിയുന്നത് കൊണ്ട് മിതമായ നിരക്കിൽ ലഭിക്കുകയും ചെയ്യും...”

                                                                    ***
ഏറിയാൽ ഒരു ഡസൻ ടേബിളുകൾ മാത്രമേ ആ റെസ്റ്ററന്റിൽ ഉണ്ടായിരുന്നുള്ളൂ. തികച്ചും ശാന്തമായ അന്തരീക്ഷം. ഷെല്ലെൻബെർഗിനെ നന്നായി അറിയുന്ന ഒരു വ്യക്തിയും ഭാര്യയുമായിരുന്നു അതിന്റെ നടത്തിപ്പുകാർ. ഡെവ്‌ലിന്റെ ഇഷ്ട വിഭവമായ ബീഫ് സാൻഡ്‌വിച്ച് ലഭ്യമല്ലാത്തതിൽ ജനറൽ ഷെല്ലെൻബെർഗ് ക്ഷമാപണം നടത്തി. എങ്കിലും മട്ടൺ ബ്രോത്ത്, ആട്ടിറച്ചി, ക്യാബേജ്, പൊട്ടാറ്റോ എന്നിവയോടൊപ്പം ഒരു ബോട്ട്‌ൽ ഹോക്ക് കൂടി സംഘടിപ്പിക്കുന്നതിൽ അവർ വിജയിച്ചു.

ഒരു പ്രൈവറ്റ് ക്യാബിൻ ആയിരുന്നു അവർ തെരഞ്ഞെടുത്തത്. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഷെല്ലെൻബെർഗ് ചോദിച്ചു. “ഈ ദൌത്യം ശരിക്കും വിജയിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ...?”

“എന്തും തന്നെ സാദ്ധ്യമാണ്... ഐറിഷ് വിപ്ലവ സമയത്ത് നടന്ന ഒരു സംഭവം എനിക്കോർമ്മ വരുന്നു... 1920 ൽ ആയിരുന്നു അത്... മൈക്കിൾ ഫിറ്റ്സ്ജെറാൾഡ് എന്നൊരു ഐറിഷ് നേതാവിനെ അവർ തടങ്കലിൽ ആക്കിയിരുന്നു... ലിമെറിക്ക് ജയിലിൽ... ബ്രിട്ടീഷ് ആർമിയിൽ നിന്നും പിരിഞ്ഞു പോന്ന ജാക്ക് മാലേ എന്നൊരാൾ തന്റെ പഴയ യൂണിഫോം എടുത്തണിഞ്ഞ് അര ഡസൻ ആൾക്കാരെ പട്ടാളവേഷവും ധരിപ്പിച്ച് നേരെ ലിമെറിക്ക് ജയിലിലേക്ക് കയറിച്ചെന്നു. എവിടെ നിന്നോ സംഘടിപ്പിച്ച ഒരു വ്യാജ ഓർഡർ കാണിച്ച് ഫിറ്റ്സ്‌ജെറാൾഡിനെ ഡബ്ലിൻ കാസിലിലേക്ക് മാറ്റുവാനാണ് തങ്ങൾ വന്നിരിക്കുന്നതെന്ന് അവകാശപ്പെട്ടു...”

“എന്നിട്ട് സംഭവം വിജയിച്ചുവോ...?”

“പുഷ്പം പോലെ...” ബോട്ട്‌ലിൽ അവശേഷിച്ച വൈൻ ഇരു ഗ്ലാസുകളിലേക്കും പകർന്നു കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “പക്ഷേ, ഇവിടെ നമ്മുടെ കാര്യത്തിൽ ഒരു പ്രശ്നമുണ്ട്... അവഗണിക്കാനാവാത്ത ഒരു പ്രശ്നം...”

“എന്താണത്...?”

“വർഗാസ്...”

“അക്കാര്യം നമ്മൾ ആദ്യമേ അറേഞ്ച് ചെയ്തിട്ടുള്ളതാണല്ലോ... സ്റ്റെയ്നറെ എങ്ങോട്ടാണ് അവർ മാറ്റുന്നതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ഇൻഫർമേഷൻ വേണമെന്ന് അയാളോട് നാം ആവശ്യപ്പെട്ടിട്ടുണ്ട്...”

“അവർ അദ്ദേഹത്തെ ലണ്ടൻ ടവറിൽ നിന്നും മാറ്റുമെന്നതിന് താങ്കൾക്കുറപ്പുണ്ടോ...?”

“ഒരു സംശയവുമില്ല... ലണ്ടൻ ടവറിൽ അദ്ദേഹത്തെ പാർപ്പിക്കുന്നത് തികഞ്ഞ മണ്ടത്തരമാണെന്നതിൽ ഒരു തർക്കവുമില്ല...” ഷെല്ലെൻബെർഗ് പറഞ്ഞു.

“കൃത്യമായ വിവരവുമായി വർഗാസ് നമ്മളെ ബന്ധപ്പെടുമെന്ന് താങ്കൾ കരുതുന്നു...” ഡെവ്‌ലിൻ തലയാട്ടി. “അത്രയ്ക്കും വിശ്വസ്തനാണോ അയാൾ...?”

“ഇതുവരെയുള്ള അനുഭവം അങ്ങനെയാണ്... അബ്ഫെറിൽ നിന്നുമുള്ള ഇൻഫർമേഷനും അതു തന്നെയാണ്... മിസ്റ്റർ ഡെവ്‌ലിൻ, വർഗാസ് എന്ന ഈ സ്പാനിഷ് ഡിപ്ലോമാറ്റ് അത്ര ഉയർന്ന പൊസിഷനിലുള്ള ആളാണ്... വെറുമൊരു ഏജന്റല്ല... അയാളുടെ ഒരു കസിൻ ഉണ്ട്... റിവേറ... അയാളും എന്റെ ചൊൽപ്പടിയിൽ തന്നെയാണ്...”

“ഓൾ റൈറ്റ്... അത് ഞാൻ സമ്മതിക്കുന്നു... റിവേറ വിശ്വസ്തനാനെണെന്ന് തന്നെ നമുക്ക് കരുതാം... പക്ഷേ, വർഗാസ്... അയാൾ ഇംഗ്ലണ്ടിലാണ്... അയാളുടെ വിശ്വാസ്യത ഉറപ്പ് വരുത്തുവാൻ ആരുണ്ട്...? റിവേറ ഇവിടെ ബെർലിനിൽത്തന്നെയാണ്... സന്ദേശങ്ങൾ അയാളുടെ കൈകളിൽക്കൂടി വരികയും പോകുകയും ചെയ്യുന്നു... ഒരു പക്ഷേ, വർഗാസ് മറുപക്ഷത്തല്ലെന്ന് ആര് കണ്ടു...?”

“നിങ്ങൾ പറഞ്ഞു വരുന്നത് നമ്മളെ കുടുക്കുവാൻ ബ്രിട്ടീഷുകാർ ഒരുക്കിയ സമർത്ഥമായ ഒരു കെണിയാണിത് എന്നാണോ...?”

“വെൽ... അങ്ങനെ  നോക്കിക്കാണുന്നതിൽ എന്താണ് തെറ്റ്...? സ്റ്റെയ്നറെ മോചിപ്പിക്കുവാനായി ലണ്ടനിൽ എത്തുന്നത് ആരായാലും അവർക്ക് ഒരു ലോക്കൽ സപ്പോർട്ട് കൂടിയേ തീരൂ... ബ്രിട്ടീഷ് ഇന്റലിജൻസിന്റെ ഇൻ ചാർജ് ഞാനായിരുന്നുവെങ്കിൽ ചെയ്യുക ഇങ്ങനെയായിരുന്നു... ആവശ്യമുള്ള സഹായങ്ങൾ അവരറിയാതെ ചെയ്തു കൊടുക്കുക... കാര്യങ്ങളൊക്കെ തടസമില്ലാതെ നീങ്ങാൻ അനുവദിക്കുക... ദൌത്യത്തിൽ ഉൾപ്പെട്ട എല്ലാവരും കൺ‌വെട്ടത്ത് എത്തിയ നിമിഷം സകലരെയും അറസ്റ്റ് ചെയ്യുക... അവരെ സംബന്ധിച്ചിടത്തോളം ഒരു സംഭവം തന്നെയായിരിക്കും അത്...”

“ഈ ദൌത്യത്തെക്കുറിച്ച് രണ്ടാമതൊരു ചിന്തയിലാണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്...? ഇംഗ്ലണ്ടിലേക്ക് പോകാൻ തയ്യാറല്ലെന്നാണോ...?” ഷെല്ലെൻബെർഗ് ചോദിച്ചു.

“ഒരിക്കലുമല്ല... ഞാൻ പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ, എന്തും പ്രതീക്ഷിച്ചിട്ട് വേണം അങ്ങോട്ട് പോകാൻ എന്നാണ്... വർഗാസ് നമ്മളെ ചതിക്കുകയാണ് എന്ന പൂർണ്ണ ബോദ്ധ്യത്തോടെ തന്നെ വേണം ഇംഗ്ലണ്ടിലേക്ക് പോകാൻ...അപ്പോൾ സംഗതിക്ക് വേറൊരു മാനമായിരിക്കില്ലേ കൈവരുന്നത്...?”

“ആർ യൂ സീരിയസ്...?” ഷെല്ലെൻബെർഗ് പരിഭ്രമിച്ചു.

“വർഗാസ് നമ്മുടെ പക്ഷത്താണെന്ന വിശ്വാസത്തിൽ ഇംഗ്ലണ്ടിലേക്ക് പോകുന്നത് മഹാവിഡ്ഢിത്തമായിരിക്കും എന്നാണ് എന്റെ അഭിപ്രായം... അവിടെയെത്തിയതിന് ശേഷം അയാൾ അവരുടെ ആളാണെന്ന് തിരിച്ചറിയുമ്പോൾ എന്തായിരിക്കും അവസ്ഥ...? ഇവിടെ നമുക്ക് ആവശ്യം തന്ത്രമാണ് ജനറൽ... തന്ത്രം... ചെസ്സ് കളിക്കുന്നത് പോലെ... അടുത്ത മൂന്ന് നീക്കമെങ്കിലും നാം മനസ്സിൽ കണ്ടിരിക്കണം...”

“മിസ്റ്റർ ഡെവ്‌ലിൻ... യൂ ആർ എ റിമാർക്കബ്ൾ മാൻ...” ഷെല്ലെൻബെർഗ് അഭിനന്ദനം ചൊരിഞ്ഞു.

“എന്റെ നല്ല കാലത്ത് അങ്ങനെ ആയിരുന്നുവെന്ന് പറയാം...”  ഡെവ്‌ലിൻ പുഞ്ചിരിച്ചു.

ഭക്ഷണത്തിന്റെ പണം നൽകിയിട്ട് അവർ പുറത്തേക്കിറങ്ങി. കാറിന് നേർക്ക് നീങ്ങുമ്പോൾ ചെറുതായി മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു.

“നിങ്ങളെ ഞാൻ ഇൽ‌സിന്റെ അപ്പാർട്മെന്റിന് മുന്നിൽ ഡ്രോപ്പ് ചെയ്യാം... ബാക്കി കാര്യങ്ങൾ നമുക്ക് നാളെ രാവിലെ സംസാരിക്കാം...” അപ്പോഴാണ് സൈറൻ മുഴങ്ങിയത്. ഷെല്ലെൻബെർഗ് ഡ്രൈവറെ വിളിച്ചു. “ഹാൻസ്, ഇങ്ങോട്ട് വരൂ...”

ഒരു  നിമിഷം നിന്നിട്ട് അദ്ദേഹം ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. “എനിക്ക് തോന്നുന്നത്, തിരികെ റെസ്റ്ററന്റിൽ പോയി ഇരിക്കുന്നതായിരിക്കും സുരക്ഷിതം എന്നാണ്... അവിടെ ഒരു അറയുണ്ട്... മറ്റുള്ളവരോടൊപ്പം അവിടെ തങ്ങുന്നതായിരിക്കും തൽക്കാലം നല്ലത്...”

“അതിനെന്താ...?” ഡെവ്‌ലിൻ അദ്ദേഹത്തോടൊപ്പം തിരിഞ്ഞു നടന്നു. “ആർക്കറിയാം... ചിലപ്പോൾ ഒരു ബോട്ട്‌ൽ വിസ്കി നമുക്കായി അവിടെ ഉണ്ടെങ്കിലോ...?”

അടുത്ത നിമിഷം തന്നെ നഗരത്തിന്റെ മറുഭാഗത്ത് ഇടിമുഴക്കം പോലെ ബോംബ് സ്ഫോടനങ്ങളും അതിന്റെ പ്രകമ്പനവും കേൾക്കാനായി.

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Friday, 18 August 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 18ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഡെവ്‌ലിൻ ബെർലിനിൽ എത്തിച്ചേർന്നത് പുതുവത്സര ദിനത്തിലായിരുന്നു എന്നത് തികച്ചും യാദൃച്ഛികമായിരുന്നു. മാഡ്രിഡിൽ നിന്നും പാരീസ് എക്സ്പ്രസിൽ ഒരു സീറ്റ് സംഘടിപ്പിക്കുവാൻ രണ്ട് ദിവസം വേണ്ടി വന്നു.  ജനറൽ ഷെല്ലെൻബെർഗിന്റെ പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നതിനാൽ പാരീസിൽ നിന്നുമുള്ള ബെർലിൻ എക്സ്പ്രസിൽ റിസർവേഷൻ ലഭിക്കുവാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. എന്നാൽ അമേരിക്കൻ എയർ ഫോഴ്സിന്റെ ഇംഗ്ലണ്ടിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന B17 ബോംബർ വിമാനങ്ങൾ ഫ്രാങ്ക്ഫർട്ട് മാർഷലിങ്ങ് യാർഡുകളിൽ കനത്ത നാശം വിതച്ചിരുന്നതിനാൽ ഫ്രാൻസിൽ നിന്നും നെതർലാന്റിൽ നിന്നും ജർമ്മനിയിലേക്കുള്ള ട്രെയിനുകൾ എല്ലാം തന്നെ മറ്റ് വഴികളിലൂടെ തിരിച്ച് വിടേണ്ടി വന്നു.

വളരെ മോശമായിരുന്നു ബെർലിനിലെ കാലാവസ്ഥ. മൂടൽ‌മഞ്ഞ് ക്രമേണ മഞ്ഞ് വീഴ്ച്ചയിലേക്ക് രൂപാന്തരം പ്രാപിച്ച് കനത്ത മഴയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. പോർച്ചുഗലിലെ കാലാവസ്ഥക്ക് മാത്രം അനുയോജ്യമായ സ്യൂട്ട് ആയിരുന്നു ഡെവ്‌ലിൻ ധരിച്ചിരുന്നത്. പാരീസിൽ വച്ച് ഒരു റെയിൻ കോട്ട് സംഘടിപ്പിച്ചുവെങ്കിലും അതിശൈത്യത്തിൽ വിറങ്ങലിച്ചു പോയിരുന്നു അദ്ദേഹം. ബെർലിൻ റെയിൽ‌വേ സ്റ്റേഷനിലെ തിരക്കിനിടയിലൂടെ പുറത്തേക്ക് നടക്കുമ്പോൾ അദ്ദേഹം തണുത്ത് വിറയ്ക്കുകയായിരുന്നു.

ഫയലിലെ ഫോട്ടോയിൽ മുമ്പ് തന്നെ കണ്ടിട്ടുള്ളതിനാൽ ഗേറ്റിന് മുന്നിലെ സെക്യൂരിറ്റി പോലീസിനരികിൽ  നിൽക്കുകയായിരുന്ന ഇൽ‌സ് ഹബ്ബർ ഒറ്റ നോട്ടത്തിൽ തന്നെ ഡെ‌വ്‌ലിനെ തിരിച്ചറിഞ്ഞു. ഒരു കൈയിൽ ബാഗും മറുകൈയിൽ ആവശ്യമായ ഡോക്യുമെന്റ്സുമായി കടന്നു വന്ന ഡെവ്‌ലിനെ കണ്ട മാത്രയിൽ തന്നെ അവൾ മുന്നോട്ട് വന്നു. ഒട്ടും താമസമില്ലാതെ അദ്ദേഹത്തിന്റെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള ഏർപ്പാടുകൾ അവൾ ചെയ്തിട്ടുണ്ടായിരുന്നു.

“ഹെർ ഡെവ്‌ലിൻ...? ഓവർ ഹിയർ പ്ലീസ്...” അവൾ കൈ ഉയർത്തി. “ഞാൻ ഇൽ‌സ് ഹബ്ബർ... ജനറൽ ഷെല്ലെൻബെർഗിന്റെ സെക്രട്ടറിയാണ്... നിങ്ങളുടെ അവസ്ഥ വളരെ ദയനീയമാണല്ലോ...”

“അതെ... തണുത്ത് വിറക്കുകയാണ്...”

“നിങ്ങൾക്കുള്ള വാഹനം പുറത്ത് കാത്ത് നിൽക്കുന്നുണ്ട്...” അവൾ പറഞ്ഞു.

SS പതാക ഘടിപ്പിച്ച ഒരു മെഴ്സിഡിസ് കാർ പുറത്ത് കിടക്കുന്നുണ്ടായിരുന്നു. “കാര്യങ്ങൾ പെട്ടെന്ന് നടന്ന് കിട്ടാൻ ഈ SS ചിഹ്നം വളരെ സഹായകരമാണെന്ന് തോന്നുന്നു...?” ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.

“തീർച്ചയായും...” അവൾ പറഞ്ഞു. “ജനറൽ ഷെല്ലെൻബെർഗ് പറഞ്ഞിരുന്നു തണുത്ത് വിറച്ചിട്ടായിരിക്കും നിങ്ങൾ എത്തുന്നതെന്ന്...”

“ഒരു സംശയവും വേണ്ട...”

“ഒരു സെക്കന്റ് ഹാന്റ് ഷോപ്പിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ട് പോകാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്... ആവശ്യമുള്ള സാധനങ്ങളെല്ലാം അവിടെ കിട്ടും... പിന്നെ, തങ്ങാൻ ഒരിടം... ഹെഡ്‌ക്വാർട്ടേഴ്സിൽ നിന്നും അധികം അകലെയല്ലാതെ എനിക്കൊരു അപ്പാർട്മെന്റുണ്ട്... രണ്ട് ബെഡ്‌റൂമുകളാണുള്ളത്... വിരോധമില്ലെങ്കിൽ ബെർലിനിൽ ഉള്ളിടത്തോളം നിങ്ങൾക്ക് അവിടെ കഴിയാം...”

“എന്റെ സൌകര്യത്തേക്കാൾ ഉപരി നിങ്ങൾക്കത് ബുദ്ധിമുട്ടാകുമോ എന്നതാണ് എന്റെ സംശയം...”

അവൾ ചുമൽ വെട്ടിച്ചു. “മിസ്റ്റർ ഡെവ്‌ലിൻ... റഷ്യയിൽ വച്ച് വിന്റർ വാറിൽ കൊല്ലപ്പെട്ടതാണ് എന്റെ ഭർത്താവ്... എനിക്കാണെങ്കിൽ മക്കളുമില്ല... എന്റെ മാതാപിതാക്കൾ ഹാംബർഗിൽ വച്ച് റോയൽ എയർഫോഴ്സിന്റെ ബോംബിങ്ങിൽ കൊല്ലപ്പെട്ടു... ജനറൽ ഷെല്ലെൻബെർഗിന്റെയൊപ്പം ജോലി ചെയ്യുക എന്ന് പറഞ്ഞാൽ ദിനവും ചുരുങ്ങിയത് പതിനാറ്‌ മണിക്കൂറെങ്കിലും മാറിക്കിട്ടും... അതുകൊണ്ട് തന്നെ വളരെ അപൂർവ്വമായേ ഞാൻ വീട്ടിലുണ്ടാകൂ...”

“എങ്കിൽ പിന്നെ പറഞ്ഞത് പോലെ...” ഡെവ്‌ലിൻ പുഞ്ചിരിച്ചു. “ഇൽ‌സ് എന്നല്ലേ പേര് പറഞ്ഞത്...? ഈ തണുപ്പിൽ നിന്നും രക്ഷ നേടാൻ കുറച്ച് വസ്ത്രങ്ങൾ വാങ്ങണം... ശരീരത്തിലെ ചില ഭാഗങ്ങളൊക്കെ തണുത്തുറഞ്ഞത് കട്ടിയായത് പോലെ...”

                                                       ***
നാൽപ്പത് മിനിറ്റിന് ശേഷം അവർ സെക്കന്റ് ഹാന്റ് ഷോപ്പിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഡെവ്‌ലിൻ കമ്പിളി കൊണ്ടുള്ള ഒരു സ്യൂട്ട്, തരക്കേടില്ലാത്ത ബൂട്ട്സ്, ഏതാണ്ട് കണങ്കാലോളം എത്തുന്ന കട്ടിയുള്ള ഓവർ‌കോട്ട്, കൈയുറകൾ, മഞ്ഞിൽ നിന്നും രക്ഷ നേടാൻ ഉതകുന്ന ഹാറ്റ് എന്നിവ ധരിച്ചിരുന്നു.

“അങ്ങനെ ജനുവരിയിലെ ബെർലിൻ നഗരത്തെ അതിജീവിക്കാൻ തയ്യാറെടുത്തു നിങ്ങൾ...”  അവൾ പറഞ്ഞു.

“ഇനി എങ്ങോട്ടാണ്...? നിങ്ങളുടെ അപ്പാർട്മെന്റിലേക്കാണോ...?”

“അല്ല... അങ്ങോട്ട് നമുക്ക് പിന്നീട് പോകാം... ജനറൽ ഷെല്ലെൻബെർഗിന് എത്രയും പെട്ടെന്ന് നിങ്ങളെ കാണണമത്രെ... അദ്ദേഹം ഇപ്പോൾ പ്രിൻസ് ആൽബസ്‌ട്രാസയിലുണ്ട്...”

                                                       ***
താഴേക്കുള്ള സ്റ്റെയർകെയ്സ് ഇറങ്ങവെ വെടിയൊച്ച മുഴങ്ങുന്നത് കേൾക്കാമായിരുന്നു ഡെവ്‌ലിന്.

“എന്താണവിടെ നടക്കുന്നത്...?”  അദ്ദേഹം ചോദിച്ചു.

“ബേസ്മെന്റിൽ ഒരു ഫയറിങ്ങ് റേഞ്ച് ഉണ്ട്... മുടങ്ങാതെ പ്രാക്ടീസ് ചെയ്യാറുണ്ട്  ജനറൽ അവിടെ...” ഇൽ‌സ് പറഞ്ഞു.

“എന്നിട്ട് എന്തെങ്കിലും പുരോഗതിയുണ്ടോ അദ്ദേഹത്തിന്...?”

ഒരു ഞെട്ടലോടെ അവൾ ഡെവ്‌ലിനെ നോക്കി. “ഹീ ഈസ് ദി ബെസ്റ്റ്... അദ്ദേഹത്തെ പോലെ ഉന്നമുള്ള ഒരാളെ ഞാൻ കണ്ടിട്ടേയില്ല...”

“റിയലി...?” ഡെവ്‌ലിന് വിശ്വാസം വരുന്നുണ്ടായിരുന്നില്ല.

എന്നാൽ അടുത്ത നിമിഷം വാതിൽ തുറന്ന് അവർ അകത്ത് കടന്നതും അദ്ദേഹത്തിന് തന്റെ അഭിപ്രായം മാറ്റേണ്ടതായി വന്നു. കാർഡ്ബോർഡ് കൊണ്ട് നിർമ്മിച്ച് നിര നിരയായി നിർത്തിയിരിക്കുന്ന ഒരു കൂട്ടം റഷ്യൻ സൈനികരുടെ നേർക്ക് നിറയൊഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഷെല്ലെൻബെർഗ്. സമീപത്തായി അത് വീക്ഷിച്ചു കൊണ്ട് ഒരു SS സാർജന്റ് നിലയുറപ്പിച്ചിട്ടുണ്ട്. ഷെല്ലെൻബെർഗ് ആകട്ടെ തന്റെ ജോലി വളരെ ഭംഗിയായി തുടരുകയാണ്. കൃത്യതയോടെ ഓരോ സൈനികന്റെയും നെഞ്ചിൽ രണ്ട് നിര വെടിയുതിർത്തിട്ട് തോക്ക് റീലോഡ് ചെയ്യുവാനായി തിരിഞ്ഞപ്പോഴാണ് അദ്ദേഹം അവരെ കണ്ടത്.

“ആഹ്, മിസ്റ്റർ ഡെവ്‌ലിൻ... അവസാനം എത്തിപ്പെട്ടു അല്ലേ...?”

“ദുരിതം പിടിച്ച ഒരു യാത്രയായിരുന്നു ജനറൽ...”

“നിങ്ങളുടെ വസ്ത്രത്തിന്റെ കാര്യമെല്ലാം ഇൽ‌സ് അറേഞ്ച് ചെയ്തു അല്ലേ...?”

“എങ്ങനെ മനസ്സിലായി...? എനിക്കാണെങ്കിൽ പാറ്റാ ഗുളികയുടെ ഗന്ധം മാത്രമേ അനുഭവപ്പെടുന്നുള്ളൂ...”

“പൊട്ടിച്ചിരിച്ചുകൊണ്ട് ഷെല്ലെൻബെർഗ് തന്റെ മോസർ റീലോഡ് ചെയ്തിട്ട് സാർജന്റിനെ നോക്കി. “ഷ്വാർസ്... മിസ്റ്റർ ഡെവ്‌ലിനും ഒരു തോക്ക് കൊണ്ടു വരൂ... ഈ തൊഴിലിൽ ഒട്ടും മോശമല്ല ഇദ്ദേഹം...”

വെടിയുണ്ടകൾ നിറച്ച ഒരു Walther PPK തോക്ക് അയാൾ ഡെവ്‌ലിന് കൈമാറി.

“ഓൾ റൈറ്റ്...?” ഷെല്ലെൻബെർഗ് ചോദിച്ചു.

“യുവർ ഷൌട്ട്, ജനറൽ...”

പുതിയ ടാർഗറ്റുകൾ ഉയർത്തപ്പെട്ടതും ഷെല്ലെൻബെർഗ് ആറ് തവണ തുരുതുരാ വെടിയുതിർത്തു. മൂന്ന് ടാർഗറ്റുകളുടെയും ഹൃദയത്തിൽ ഈരണ്ട് ദ്വാരങ്ങൾ വീതം പ്രത്യക്ഷപ്പെട്ടു.

“ഇനി എന്റെ ഊഴം...” ഡെവ്‌ലിൻ മൂന്ന് റൌണ്ട് അടുപ്പിച്ച് വെടിയുതിർത്തുവെങ്കിലും ഒറ്റ ഷോട്ട് പോലെയാണ് കണ്ട് നിന്നവർക്ക് തോന്നിയത്. മൂന്ന് ടാർഗറ്റുകളുടെയും കണ്ണുകൾക്കിടയിൽ നാസികയ്ക്ക് മുകളിലായി ഓരോ ദ്വാരങ്ങൾ പ്രത്യക്ഷപ്പെട്ടു. ഡെവ്‌ലിൻ തോക്ക് താഴെ വച്ചു.

“മൈ ഗോഡ്...!” ഇൽ‌സ് ഹബ്ബർ അന്തം വിട്ട് നിന്നു.

ഷെല്ലെൻബെർഗ് തന്റെ തോക്ക് ഷ്വാർസിന് തിരികെ കൊടുത്തു. “മിസ്റ്റർ ഡെവ്‌ലിൻ... നിങ്ങളുടെ കഴിവ് അപാരം തന്നെ...”

“ഈ കഴിവ് പലപ്പോഴും എനിക്കൊരു ശാപമായി മാറിയിരിക്കുകയാണ്... നമ്മുടെ അടുത്ത നീക്കം എന്താണ് ജനറൽ...?”

“നിങ്ങളെ കാണണമെന്ന് റൈഫ്യൂറർ ആഗ്രഹം പ്രകടിപ്പിച്ചു...”

ഡെവ്‌ലിൻ പുഞ്ചിരിച്ചു. “കഴിഞ്ഞ തവണ കണ്ടപ്പോൾ അങ്ങേർക്ക് എന്നെ തീരെ പിടിച്ചില്ലായിരുന്നു... അതിന്റെ പ്രായശ്ചിത്തമായിരിക്കാം... ഓൾ റൈറ്റ്... എന്നാൽ പിന്നെ ആ ജോലിയങ്ങ് തീർത്ത് വച്ചേക്കാം...”

                                                       ***

വിൽഹെം‌പ്ലാറ്റ്സിൽ നിന്നും ഫോസ്‌ട്രാസയിലേക്ക് തിരിഞ്ഞ മെഴ്സിഡിസ് കാർ റെയ്ഷ് ചാൻസലറി ലക്ഷ്യമാക്കി നീങ്ങി.

“എന്തിനാണ് നാം ഈ വഴി പോകുന്നത്...?” ഡെവ്‌ലിൻ അതിശയം കൊണ്ടു.

“ഗോറിങ്ങ് ഒരിക്കൽ പറഞ്ഞിരുന്നു, ബെർലിന് മുകളിൽ എപ്പോഴെങ്കിലും ബോംബ് വീഴാനിട വന്നാൽ അയാളുടെ പേര് മറ്റെന്തെങ്കിലും ആക്കിക്കോളാൻ...”

“അയാളുടെ വീരവാദം തെറ്റി എന്നാണോ താങ്കൾ പറഞ്ഞു വരുന്നത്...?”

“പിന്നല്ലാതെ... ചാൻസലറിയുടെ താഴെയാണ് ഫ്യൂറർ തന്റെ ബങ്കർ നിർമ്മിച്ചിരിക്കുന്നത്... മുപ്പത് മീറ്റർ നീളത്തിൽ കോൺക്രീറ്റ് കൊണ്ട് സുരക്ഷിതമാക്കിയ ഭൂഗർഭ ഹെഡ്ക്വാർട്ടേഴ്സ്... ഇനി റോയൽ എയർഫോഴ്സ് എത്ര വേണമെങ്കിലും ബോംബുകൾ വർഷിച്ചോട്ടെ...”

“അപ്പോൾ അവിടെയാണോ അദ്ദേഹം തന്റെ അവസാന നിമിഷങ്ങൾ ചെലവഴിക്കാൻ ആഗ്രഹിക്കുന്നത്...?” ഡെവ്‌ലിൻ ചോദിച്ചു.

“അതേക്കുറിച്ച് നമ്മളിപ്പോൾ എന്തിന് ചിന്തിക്കണം...?” ഷെല്ലെൻബെർഗ് ചോദിച്ചു. “പ്രമുഖ വ്യക്തികൾക്കെല്ലാം തന്നെ ആ ബങ്കറിൽ താമസ സ്ഥലമുണ്ട്... റൈഫ്യൂററും അതിൽ പെടുമെന്ന് കൂട്ടിക്കോളൂ...”

“അപ്പോൾ ഇന്ന് രാത്രി റോയൽ എയർഫോഴ്സ് ബോംബുകൾ കൊണ്ട് നഗരം മൂടുമെന്നാണോ...?”

“അങ്ങനെയൊന്നുമില്ല... ഇടക്കിടെ മാപ്പ് റൂമിൽ സ്റ്റാഫ് മീറ്റിങ്ങ് വയ്ക്കുക എന്നതാണ് ഫ്യുററുടെ ഇപ്പോഴത്തെ ഹോബി... അത്താഴത്തിന് ശേഷമായിരിക്കും മിക്കപ്പോഴും അത്...”

ഗേറ്റിൽ ചെക്ക് പോസ്റ്റിന് മുന്നിൽ മെഴ്സിഡിസ് നിന്നു. ഒരു SS ഭടൻ കാറിനരികിലേക്ക് എത്തി. യൂണിഫോമിൽ ആയിരുന്നിട്ടും ഷെല്ലെൻബെർഗിന്റെ ഐഡന്റിറ്റി കാർഡ് വാങ്ങി പരിശോധിച്ചതിന് ശേഷമാണ് അവരെ അകത്തേക്ക് കടത്തി വിടാൻ അയാൾ തയ്യാറായത്.

അവസാനമില്ലാത്ത ഇടനാഴിയിലൂടെ ഡെവ്‌ലിൻ ഷെല്ലെൻബെർഗിനെ അനുഗമിച്ചു. ഇരുഭാഗവും കനത്ത കോൺക്രീറ്റ് ചുമരുകളും അരണ്ട വെളിച്ചവും... വെന്റിലേഷൻ സിസ്റ്റത്തിന്റെ അമർന്ന മുരൾച്ച എമ്പാടും കേൾക്കാനാകുന്നുണ്ട്. ഇടയ്ക്കിടെ അവ പുറന്തള്ളുന്ന ശീതീകരിച്ച വായു കുളിരേകുന്നു. അങ്ങിങ്ങായി SS ഭടന്മാർ നിലയുറപ്പിച്ചിട്ടുങ്കിലും അത്ര ആൾത്തിരക്കുണ്ടെന്ന് പറയാൻ കഴിയില്ല. ഒരു വശത്തെ കതക് തുറന്ന് പുറത്തേക്കിറങ്ങിയ ചെറുപ്പക്കാരനായ കോർപ്പറിലിന്റെ പിന്നിലെ മുറിയിൽ ധാരാളം റേഡിയോ ഉപകരണങ്ങളും അതിന്റെ ഓപ്പറേറ്റേഴ്സിനെയും ഡെവ്‌ലിൻ ശ്രദ്ധിച്ചു.

“ഇവിടെങ്ങും ആരും ഇല്ല എന്ന് തെറ്റിദ്ധരിക്കേണ്ട കേട്ടോ...” ഷെല്ലെൻബെർഗ് പറഞ്ഞു. “എല്ലായിടത്തും ഇതു പോലെ മുറികളുണ്ട്... അവയിലെല്ലാം കൂടി ഏതാണ്ട് ഇരുനൂറിന് മേൽ ആൾക്കാർ ഈ ഭൂഗർഭ അറയിലുണ്ട്...”

അവർക്ക് അല്പം മുന്നിലായി തുറക്കപ്പെട്ട വാതിലിൽ നിന്നും പുറത്തേക്കിറങ്ങി വന്ന വ്യക്തിയെ കണ്ട് ഡെവ്‌ലിന് വിശ്വസിക്കാനായില്ല. യൂണിഫോം ധരിച്ച് തടിച്ച് കുറുകിയ ഒരു മനുഷ്യനോടൊപ്പം തങ്ങളുടെ നേർക്ക് നടന്നു വരുന്നത് സാക്ഷാൽ അഡോൾഫ് ഹിറ്റ്‌ലർ തന്നെയായിരുന്നു. അരികിലെത്താറായതും ഡെവ്‌ലിനെ ചുമരിനരികിലേക്ക് ചേർത്ത് നിർത്തിയിട്ട് ഷെല്ലെൻബെർഗ് അറ്റൻഷനായി നിന്നു. ഒപ്പം നടക്കുന്നയാളുമായി പതിഞ്ഞ സ്വരത്തിൽ എന്തോ സംസാരിച്ചുകൊണ്ട് നീങ്ങിയ ഫ്യൂറർ അവരെ ഗൌനിച്ചതേയില്ല. ഇടനാഴിയുടെ അറ്റത്ത് ചെന്ന് സ്റ്റെയർകെയ്സ് ഇറങ്ങി അവർ മറഞ്ഞു.

“അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ആളാണ് ബോർമാൻ...” ഷെല്ലെൻബെർഗ് പറഞ്ഞു. “മാർട്ടിൻ ബോർമാൻ... നാസി പാർട്ടി ചാൻസലറിയുടെ നേതൃത്വം വഹിക്കുന്നയാളാണ്... അധികാരത്തിന്റെ ഉന്നത ശ്രേണിയിലുള്ളയാൾ...”

“അപ്പോൾ അതായിരുന്നു ഫ്യൂറർ...” ഡെവ്‌ലിൻ പറഞ്ഞു. “അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ തുമ്പത്ത് ഞാൻ ഏതാണ്ട് തൊട്ടതായിരുന്നു...”

ഷെല്ലെൻബെർഗ് പുഞ്ചിരിച്ചു. “ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്... നിങ്ങൾ എങ്ങനെ ഇത്രയും കാലം ജീവനോടെയിരുന്നു എന്ന്...”

“ആഹ്... അതോ... അതെ എന്റെ ലുക്ക് കാ‍രണമായിരിക്കാം, ജനറൽ...”

ഒരു വശത്തെ വാതിൽ മുട്ടിയിട്ട് ഷെല്ലെൻബെർഗ് അകത്തേക്ക് കയറി. SS യൂണിഫോം ധരിച്ച ഒരു യുവതി ടൈപ്പ് റൈറ്ററിൽ എന്തോ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. റൂമിന്റെ സിംഹഭാഗവും ഫയലിങ്ങ് ക്യാബിനറ്റുകൾ അപഹരിച്ചിരിക്കുകയാണ്. അതിനും അപ്പുറത്തുള്ള ഡെസ്കിന് മുന്നിൽ ഇരുന്ന് ഹിം‌ലർ ഫയലുകൾ മറിച്ചു നോക്കുന്നു. അവരെ കണ്ടതും തന്റെ കണ്ണാടി ഊരി മാറ്റിയിട്ട് തലയുയർത്തി.

“ഇയാൾ എത്തി അല്ലേ ജനറൽ...?”

“ഗോഡ് ബ്ലെസ്സ് ഓൾ ഹിയർ...” പ്രസന്നഭാവത്തിൽ ഡെവ്‌ലിൻ അഭിവാദ്യം ചെയ്തു.

ടൈപ്പ് ചെയ്തു കൊണ്ടിരുന്ന പെൺകുട്ടിയുടെ നേർക്ക് തിരിഞ്ഞ് ഹിം‌ലർ പറഞ്ഞു. “പുറത്ത് പോയി ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് വരൂ...”  അവൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

“നിങ്ങൾ ഇതിലും മുന്നെ എത്തുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്, ഹെർ ഡെവ്‌ലിൻ...” ഹിം‌ലർ പറഞ്ഞു.

“നിങ്ങളുടെ റെയിൽ‌വേ സിസ്റ്റത്തിന് റോയൽ എയർഫോഴ്സുമായി എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു...” ഡെവ്‌ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തി. സിഗരറ്റ് വലിക്കുന്നവരോട് ഹിം‌ലറിന് നീരസമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഡെവ്‌ലിൻ അങ്ങനെ ചെയ്തത്.

ഹിം‌ലറുടെ മുഖത്ത് അനിഷ്ടം പ്രകടമായെങ്കിലും സിഗരറ്റ് കെടുത്തുവാൻ അദ്ദേഹം ആവശ്യപ്പെട്ടില്ല. അതിന് പകരം ആ നീരസം അത്രയും ഷെല്ലെൻബെർഗിന് നേരെയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. “ജനറൽ, അനാവശ്യമായി നിങ്ങൾ സമയം പാഴാക്കി... ലിസ്ബനിൽ നിന്നും തിരികെ വരുമ്പോൾ എന്തുകൊണ്ട് നിങ്ങൾ ഹെർ ഡെവ്‌ലിനെ ഒപ്പം കൂട്ടിയില്ല...?”

“ആഹ്... ജനറൽ അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചതാണ്... ക്രിസ്മസ് ആഘോഷിക്കേണ്ടതുള്ളത് കൊണ്ട് ഞാനാണ് അതിന് വഴങ്ങാതിരുന്നത്... പിന്നെ മറ്റേയാൾ... ബെർഗർ... അയാളുടെ കൂടെ യാത്ര ചെയ്യാൻ എനിക്കൊട്ടും താല്പര്യവുമില്ലായിരുന്നു...” ഡെവ്‌ലിൻ പറഞ്ഞു.

“അത് ശരി... അയാൾക്ക് അയാളുടെ ചുമതലകൾ പാലിക്കേണ്ടതുണ്ടായിരുന്നു...” ഹിം‌ലർ പിറകോട്ട് ചാരിയിരുന്നു. “അപ്പോൾ എന്ത് പറയുന്നു...? ഈ ദൌത്യം വിജയിക്കുമോ...? സ്റ്റെയ്നറെ പുറത്ത് കൊണ്ടുവരാൻ സാധിക്കുമോ...?”

“അത് താങ്കളുടെ പ്ലാൻ എങ്ങനെയിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും... അസാദ്ധ്യമായി ഒന്നുമില്ലല്ലോ...” ഡെവ്‌ലിൻ പറഞ്ഞു.

ഹിം‌ലർ തല കുലുക്കി. “ഇത് വിജയിച്ചാൽ ഒരു സംഭവം തന്നെയായിരിക്കും...”

“അതൊക്കെ ശരി തന്നെ... ജീവനോടെ തിരികെയെത്തുക എന്നതാണ് ഏറ്റവും വലിയ പ്രശ്നം... കഴിഞ്ഞ തവണ തന്നെ ഒരു വിധമാണ് ഞാൻ രക്ഷപെട്ടത്...”

“അതിന് തക്ക പ്രതിഫലമാണ് അന്ന് നിങ്ങൾക്ക് ലഭിച്ചത്... ഇത്തവണയും അങ്ങനെ തന്നെയായിരിക്കും...” ഹിം‌ലർ പറഞ്ഞു.

“ശരിയാണ്... എന്റെ മാതാവ് പറയാറുണ്ട്... പണത്തിന് വേണ്ടിയായിരിക്കും നിന്റെ അന്ത്യമെന്ന്...”

ഹിം‌ലർ തീർത്തും അസ്വസ്ഥനായിക്കഴിഞ്ഞിരുന്നു. “നിങ്ങൾക്ക് ഒരിക്കലും ഒരു കാര്യവും ഗൌരവത്തോടെ എടുക്കാൻ അറിയില്ലേ...?”

“കഴിഞ്ഞ തവണ താങ്കളെ കണ്ടുമുട്ടുവാൻ അവസരം ലഭിച്ചപ്പോൾ അതിന്റെ ഉത്തരം ഞാൻ പറഞ്ഞിരുന്നുവല്ലോ... മഴ... കനത്ത മഴ... അത് മാത്രമേ ഞാൻ ഗൌരവമായി എടുക്കാറുള്ളൂ...”

“ഓഹ്... ഇയാളെ ഇവിടെ നിന്ന് ഒന്ന് കൊണ്ടുപോകുന്നുണ്ടോ...?” ഹിം‌ലർ ഷെല്ലെൻബെർഗിന് നേർക്ക് തിരിഞ്ഞു. “പദ്ധതിയുമായി മുന്നോട്ട് പോകൂ ജനറൽ... പിന്നെ, പറയേണ്ട ആവശ്യമില്ലല്ലോ... കൃത്യമായ പ്രോഗ്രസ് റിപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു...”

“യെസ്, റൈഫ്യൂറർ...” അഭിവാദ്യം നൽകിയിട്ട് അദ്ദേഹം ഡെവ്‌ലിനെയും കൂട്ടി പുറത്തേക്ക് നടന്നു.

ചിരിക്കാതിരിക്കാൻ പാടു പെടുകയായിരുന്നു ഡെവ്‌ലിൻ. “ഞാൻ ശരിക്കും ആസ്വദിച്ചു...” സിഗരറ്റിന്റെ കുറ്റി നിലത്ത് ചവിട്ടി കെടുത്തിയിട്ട് അദ്ദേഹം പറഞ്ഞു.

അപ്പോഴാണ് ചുരുട്ടിപ്പിടിച്ച ഒരു മാപ്പുമായി ബെർഗർ പ്രത്യക്ഷപ്പെട്ടത്. അയാളുടെ യൂണിഫോമിലെ ഫസ്റ്റ് ക്ലാസ്, സെക്കന്റ് ക്ലാസ് അയേൺ ക്രോസ് ബാഡ്ജുകൾ ഡെവ്‌ലിൻ ശ്രദ്ധിച്ചു. “യൂണിഫോം കാണാൻ നല്ല ഭംഗിയുണ്ട്... പക്ഷേ, നിങ്ങളുടെ മുഖത്തെ വൈരൂപ്യം ഒന്ന് കൂടി കൂടിയോ എന്നൊരു സംശയം...”

നീര് അല്പം കുറഞ്ഞിരുന്നെങ്കിലും വല്ലാതെ വിളറിയിരുന്നു അയാളുടെ മുഖം. അയാളുടെ മൂക്കിന്റെ അസ്ഥി തകർന്നിരിക്കുന്നു എന്നത് തീർച്ച. ഡെവ്‌ലിനെ അവഗണിച്ച് ഉപചാരപൂർവ്വം അയാൾ ഷെല്ലെൻബെർഗിന് അഭിവാദ്യം നൽകി. പിന്നെ ഹിം‌ലറുടെ ഓഫീസിന്റെ വാതിലിൽ മുട്ടിയിട്ട് ഉള്ളിലേക്ക് കടന്നു.

“ഇയാൾക്ക് അവിടെ നല്ല പിടിയുണ്ടെന്ന് തോന്നുന്നു...” ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.

“യെസ്...” ഷെല്ലെൻബെർഗ് തല കുലുക്കി.

“ഇനി എങ്ങോട്ടാണ്...? താങ്കളുടെ ഓഫീസിലേക്ക്...?”

“അല്ല... അങ്ങോട്ട് നാളെ രാവിലെ എത്തിയാൽ മതിയാവും... ഇപ്പോൾ നേരെ ഭക്ഷണം കഴിക്കാൻ പോകുന്നു... പിന്നെ നിങ്ങളെ ഇൽ‌സിന്റെ അപ്പാർട്മെന്റിൽ ഡ്രോപ്പ് ചെയ്യാം... നന്നായിട്ടൊന്ന് ഉറങ്ങിക്കോളൂ... എന്നിട്ട് ബാക്കി കാര്യങ്ങൾ നാളെ രാവിലെ തീരുമാനിക്കാം...”

ഭൂഗർഭ അറയുടെ മുകൾഭാഗത്ത് എത്തിയതും പുറമേ നിന്നുള്ള ശുദ്ധവായു ഒഴുകിയെത്തി. അത് ആവോളം ശ്വാസകോശങ്ങളിലേക്ക് എടുത്തുകൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “താങ്ക് ഗോഡ് ഫോർ ദാറ്റ്...” പിന്നെ പൊട്ടിച്ചിരിക്കുവാൻ തുടങ്ങി.

“എന്താണ് സംഭവം...?” ഷെല്ലെൻബെർഗ് ആരാഞ്ഞു.

ആ ഇടനാഴിയിൽ ഒരു പോസ്റ്റർ ഉണ്ടായിരുന്നു. ഒരു SS ഭടന്റെ ചിത്രത്തിന് താഴെ ഇപ്രകാരം എഴുതിയിരിക്കുന്നു... “ഏറ്റവും ഒടുവിൽ വിജയം സുനിശ്ചിതം...”

ഡെവ്‌ലിൻ വീണ്ടും പൊട്ടിച്ചിരിച്ചു. “ദൈവം നമ്മെ രക്ഷിക്കട്ടെ, ജനറൽ... ചില മനുഷ്യരുണ്ട്... എന്തും വിശ്വസിച്ചു കളയും...!”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...