Sunday 6 May 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 44


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

പതിവായി രാവിലെ പതിനൊന്ന് മണിക്കാണ് ഒരു കപ്പ് ചായയുമായി ഡ്യൂട്ടി മിലിട്ടറി പോലീസുകാരൻ സ്റ്റെയ്നറുടെയടുത്ത് എത്താറുള്ളത്. ഇന്ന് അഞ്ച് മിനിറ്റ് ലേറ്റായിരിക്കുന്നു. ജാലകത്തിനരികിൽ പുസ്തകം വായിച്ചുകൊണ്ട് ഇരിക്കുകയാണ് സ്റ്റെയ്നർ.

കേണൽ, ഞാൻ എത്തി...” അയാൾ പറഞ്ഞു.

താങ്ക് യൂ, കോർപ്പറൽ...”

താങ്കൾക്ക് കോഫി ആയിരിക്കും കൂടുതൽ ഇഷ്ടം, അല്ലേ സർ...?” അയാൾ കുശലാന്വേഷണവുമായി അവിടെത്തന്നെ നിന്നു. എന്തുകൊണ്ടോ, സ്റ്റെയ്നറോട് വളരെ ബഹുമാനവും ഇഷ്ടവുമായിരുന്നു അയാൾക്ക്.

അല്ല... ചായയാണ് ചെറുപ്പം മുതൽക്കേ ഞാൻ ശീലിച്ചത്, കോർപ്പറൽ...” സ്റ്റെയ്നർ പറഞ്ഞു. “എന്റെ സ്കൂൾ വിദ്യാഭ്യാസം ഇവിടെ ലണ്ടനിൽത്തന്നെയായിരുന്നു, സെന്റ് പോൾസിൽ...”

ശരിക്കും...?”

ലെഫ്റ്റ്നന്റ് ബെൻസൻ തിരിച്ചെത്തിയോ...?” വാതിൽക്കലേക്ക് നീങ്ങിയ അയാളോട് സ്റ്റെയ്നർ ചോദിച്ചു.

അദ്ദേഹത്തിന്റെ ലീവ് ഇന്ന് അർദ്ധരാത്രി വരെയുണ്ട് സർ... എങ്കിലും എനിക്ക് അദ്ദേഹത്തെ അറിയാവുന്നത് കൊണ്ട് പറയുകയാണ്... ഇന്ന് വൈകിട്ട് ഏഴു മണി ആകുമ്പോഴേക്കും അദ്ദേഹം ഇവിടെ മുഖം കാണിച്ചിരിക്കും... ഈ പുതിയ ചെറുപ്പക്കാരുടെ കാര്യമൊക്കെ അങ്ങനെയാണ്... ജോലിയുടെ കാര്യത്തിൽ കണിശമാണ്... ചുമലിലെ ബാഡ്ജുകളുടെ എണ്ണം കൂട്ടാനുള്ള ഓരോ വിദ്യകൾ...”

വാതിൽ തഴുതിട്ട് അയാൾ പോയതോടെ സ്റ്റെയ്നർ ജാലകത്തിനരികിലെ തന്റെ പതിവ് ഇരിപ്പിടത്തിലേക്ക് മടങ്ങി. പിന്നെ, ചായയും മൊത്തിക്കൊണ്ട്  കഴിഞ്ഞ ദിവസത്തെപ്പോലെ കഴിയുന്നതും ക്ഷമയോടെ മദ്ധ്യാഹ്നമാകുവാൻ അദ്ദേഹം കാത്തിരുന്നു.

വീണ്ടും മഴ പൊഴിയുവാൻ തുടങ്ങിയിരിക്കുന്നു. നേരത്തേ തന്നെ നഗരം മുഴുവനും കനത്ത മഞ്ഞ് മൂടിയിരുന്നതിനാൽ നദിയുടെ മറുകര പോലും അദ്ദേഹത്തിന് കാണുവാനായില്ല. ലണ്ടൻ ഡോക്കിൽ നിന്നും ഇറങ്ങിയ ഒരു വലിയ കാർഗോ ബോട്ടിന് പിന്നാലെ നിരനിരയായി നീങ്ങുന്ന ഏതാനും ബാർജുകളെ നോക്കി എങ്ങോട്ടായിരിക്കും ഇവയെല്ലാം കൂടി പോകുന്നത് എന്ന് അദ്ദേഹം അത്ഭുതപ്പെട്ടു. പെട്ടെന്നാണ് സ്റ്റെയ്നർ ആ പെൺകുട്ടിയെ കണ്ടത്. ഡെവ്ലിൻ വിവരിച്ചിരുന്ന അതേ രൂപം... കറുത്ത തുണിത്തൊപ്പിയും പഴകിയ റെയിൻകോട്ടും...

കോളർ ഉയർത്തി വച്ച് ഇരു കൈകളും പോക്കറ്റിനുള്ളിൽ തിരുകി മുടന്തിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും മേരി നടന്നു. പിന്നെ, താഴോട്ടുള്ള പടവുകൾ തുടങ്ങുന്നിടത്ത് മതിലിൽ ചാരി, നദിയിലൂടെ പോകുന്ന ബോട്ടുകളെ നോക്കിക്കൊണ്ട് അവൾ നിന്നു. സെന്റ് മേരീസ് പ്രിയോറിയുടെ നേർക്ക് ഒരിക്കൽപ്പോലും അവൾ നോക്കുകയുണ്ടായില്ല. അക്കാര്യത്തിൽ വളരെ കർശനമായിത്തന്നെ ഡെവ്ലിൻ അവളെ വിലക്കിയിരുന്നു. ഏതാണ്ട് പത്ത് മിനിറ്റോളം അവിടെ നിന്ന് ബോട്ടുകളെ വീക്ഷിച്ചതിന് ശേഷം അവൾ മടങ്ങിപ്പോയി.

മനസ്സിനെ ഗ്രസിച്ചു തുടങ്ങിയ ആവേശം അദ്ദേഹം തിരിച്ചറിയുന്നുണ്ടായിരുന്നു. നിമിഷങ്ങൾക്ക് മുമ്പ് കണ്ട കാഴ്ച്ച വിശ്വസിക്കാനാവാതെ സ്റ്റെയ്നർ ജനാലയുടെ അഴികളിൽ മുറുകെ പിടിച്ചു. ആ നിമിഷമാണ് വാതിൽ തുറന്ന് കോർപ്പറൽ വീണ്ടും ഉള്ളിലേക്ക് പ്രവേശിച്ചത്.

ചായ കുടിച്ച് കഴിഞ്ഞെങ്കിൽ ആ ട്രേ എടുത്തോട്ടെ കേണൽ...?”

തീർച്ചയായും... താങ്ക് യൂ...”

ട്രേയും കപ്പും എടുത്ത് മിലിട്ടറി പോലീസുകാരൻ വാതിൽക്കലേക്ക് നടന്നു.

ഇന്ന് വൈകിട്ട് ആരാണ് ഡ്യൂട്ടിയിലുണ്ടാവുക എന്നറിയില്ല... എനിക്കൊന്നു കുമ്പസരിച്ചാൽ കൊള്ളാമെന്നുണ്ട്...” സ്റ്റെയ്നർ പറഞ്ഞു.

റൈറ്റ്, സർ... ഞാൻ നോട്ട് ചെയ്ത് വച്ചോളാം... പതിവ് പോലെ എട്ട് മണിക്കായിരിക്കും...” അയാൾ പറഞ്ഞു.

പുറത്ത് കടന്ന് അയാൾ ഡോർ ലോക്ക് ചെയ്തു. അയാൾ നടന്ന് അകന്ന് പോകുന്ന ശബ്ദം ഇടനാഴിയിൽ അലിഞ്ഞ് അവസാനിച്ചപ്പോൾ സ്റ്റെയ്നർ തിരിഞ്ഞ് ജനാലയുടെ അഴികളിൽ വീണ്ടും പിടിച്ചു.

നൗ വീ പ്രേ, മിസ്റ്റർ ഡെവ്ലിൻ... നൗ വീ പ്രേ...” അദ്ദേഹം മന്ത്രിച്ചു.

                                                              ***
സെന്റ് പാട്രിക്ക്സ് ദേവാലയത്തിലേക്ക് വീണ്ടും ചെല്ലുമ്പോൾ മിലിട്ടറി ട്രെഞ്ച് കോട്ടും യൂണിഫോമും ആയിരുന്നു ഡെവ്ലിൻ ധരിച്ചിരുന്നത്. എന്തിനാണ് താനിപ്പോൾ ഇങ്ങോട്ട് വന്നതെന്ന് വാസ്തവത്തിൽ അദ്ദേഹത്തിന് തന്നെ അറിയില്ലായിരുന്നു. ഒരു പക്ഷേ, മനഃസാക്ഷിക്കുത്ത്... അല്ലെങ്കിൽ എല്ലാം പഴുതും അടയ്ക്കുക എന്ന ലക്ഷ്യം... ആ പാവം വൃദ്ധവൈദികനോട് ഒരു വാക്ക് പോലും പറയാതെ പോകുന്ന കാര്യം  ഓർത്തപ്പോൾ വല്ലാത്ത വിഷമം... ഈ ദൗത്യത്തിന് വേണ്ടി താൻ അദ്ദേഹത്തെ ശരിക്കും ഉപയോഗിക്കുകയാണ് ചെയ്തത്. അതിന്റെ കുറ്റബോധം മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. എല്ലാത്തിനും ഉപരി ഇന്ന് വൈകിട്ട് സെന്റ് മേരീസ് പ്രിയോറിയിലെ ചാപ്പലിൽ വച്ച് വീണ്ടും അദ്ദേഹത്തെ കാണേണ്ടി വരും എന്നതാണ് ഏറ്റവും വേദനാജനകം... ഒഴിവാക്കാൻ പറ്റാത്ത ദുരന്തമായിരിക്കും അത്.

ഫ്രാങ്ക് മാർട്ടിനെക്കൂടാതെ ആരും തന്നെയുണ്ടായിരുന്നില്ല ദേവാലയത്തിൽ അപ്പോൾ. അൾത്താരയിൽ ഏതാനും പുഷ്പങ്ങൾ പെറുക്കി വച്ച് അലങ്കരിക്കുകയായിരുന്ന അദ്ദേഹം ഡെവ്ലിന്റെ പാദപതനം കേട്ട് തിരിഞ്ഞു നോക്കി. തികച്ചും നിഷ്കളങ്കമായ പുഞ്ചിരിയോടെ ഫാദർ മാർട്ടിൻ അദ്ദേഹത്തെ സ്വാഗതം ചെയ്തു. “ഹലോ ഫാദർ...”

അല്പം ബുദ്ധിമുട്ടി ഡെവ്ലിൻ തന്റെ മുഖത്ത് പുഞ്ചിരി വരുത്തി. “ഞാൻ മടങ്ങി പോകുകയാണെന്ന് പറയുവാനായി കയറിയതാണ്... ഇന്ന് രാവിലെയാണ് ഓർഡർ ലഭിച്ചത്...”

അത് അപ്രതീക്ഷിതമായിപ്പോയല്ലോ...”

അതെ... അവർ എന്നെ വീണ്ടും സൈന്യത്തിലേക്ക് തിരിച്ചെടുക്കുവാൻ തീരുമാനിച്ചു...” തെല്ല് വൈക്ലബ്യത്തോടെ ഡെവ്ലിൻ പറഞ്ഞു. “പോർട്ട്സ്മൗത്തിലെ മിലിട്ടറി ഹോസ്പിറ്റലിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു...”

വെൽ... എല്ലാവരും പറയുന്നത് പോലെ, യുദ്ധമല്ലേ നടക്കുന്നത്...”

ഡെവ്ലിൻ തല കുലുക്കി. “അതെ ഫാദർ... യുദ്ധം... ഈ നശിച്ച യുദ്ധം... സാധാരണ നിലയിൽ ഒരിക്കലും നാം ചെയ്യാൻ പാടില്ലാത്ത പലതും നമ്മളെക്കൊണ്ട് ചെയ്യിച്ച് ഈ യുദ്ധം തുടർന്നുകൊണ്ടേയിരിക്കുന്നു... ഏത് സൈനികനായാലും ഏത് പക്ഷത്തായാലും ശരി... നമുക്കൊക്കെ അപമാനം തന്നെ അത്...”

നിങ്ങൾ വല്ലാതെ അസ്വസ്ഥനാണല്ലോ മകനേ... ഏതെങ്കിലും വിധത്തിൽ എന്നെക്കൊണ്ട് സഹായിക്കാൻ സാധിക്കുമോ...?” സൗമ്യസ്വരത്തിൽ ഫാദർ മാർട്ടിൻ ആരാഞ്ഞു.

ഇല്ല ഫാദർ... ഈ വിഷയത്തിൽ ഇല്ല... ഒഴുക്കിനൊപ്പം നീന്തുകയേ മാർഗ്ഗമുള്ളൂ...” ഡെവ്ലിൻ നീട്ടിയ കരം അദ്ദേഹം ഗ്രഹിച്ചു. “താങ്കളെ പരിചയപ്പെടാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ടെനിക്ക്...”

എനിക്കും അതുപോലെ തന്നെ...” ഫ്രാങ്ക് മാർട്ടിൻ പറഞ്ഞു.

ഡെവ്ലിൻ തിരിഞ്ഞ് പുറത്ത് കടന്ന് വാതിൽ വലിച്ചടച്ച് നടന്നു നീങ്ങി. ആ വന്ദ്യവയോധികൻ ഒരു നിമിഷം എന്തോ ചിന്തിച്ചുകൊണ്ട് അങ്ങനെ നിന്നു. പിന്നെ പൂക്കളുമെടുത്ത് തന്റെ ജോലി തുടർന്നു.

                                                          ***
വൈകുന്നേരം നാലു മണിക്ക് ഷെല്ലെൻബെർഗ് വോഗനെ തേടി ചെർണെ എയർഫീൽഡിൽ എത്തുമ്പോൾ മൂടൽമഞ്ഞിന്റെ നേരിയ ലാഞ്ഛന പോലും ഉണ്ടായിരുന്നില്ല. ഹാങ്കറിൽ വിശ്രമിക്കുന്ന ലൈസാൻഡർ വിമാനത്തിനരികിൽ ഫ്ലൈറ്റ് സെർജന്റ് ലീബറിനോടൊപ്പം ആയിരുന്നു വോഗൻ.

എങ്ങനെയുണ്ട്...?” ഷെല്ലെൻബെർഗ് ചോദിച്ചു.

പെർഫെക്റ്റ്, ജനറൽ... സകല പണികളും തീർത്ത് റെഡിയായിരിക്കുന്നു...” ലീബർ ചിരിച്ചു. “ഇത് അഞ്ചാമത്തെ തവണയാണ് ഹോപ്റ്റ്സ്റ്റംഫ്യൂറർ വിമാനം ചെക്ക് ചെയ്യുന്നത്... സ്വാഭാവികമായും അദ്ദേഹത്തിന്റെ മാനസികാവസ്ഥ എനിക്ക് മനസ്സിലാക്കാൻ കഴിയും...”

വോഗൻ ആവശ്യപ്പെട്ടത് പോലെ, വിമാനത്തിന്മേൽ ക്യാൻവാസ് ഷീറ്റ് കൊണ്ട് RAFചിഹ്നം ആലേഖനം ചെയ്തിരുന്നു. അതുപോലെ തന്നെ വാലിന്മേൽ ഉണ്ടായിരുന്ന സ്വസ്തിക അടയാളം കറുത്ത ക്യാൻവാസ് കൊണ്ട് മറച്ചിട്ടുമുണ്ട്.

യാത്രയ്ക്കിടയിൽ ഇത് ഇളകിപ്പോകില്ല എന്നുള്ളതിനൊന്നും യാതൊരു ഉറപ്പുമില്ല...” വോഗൻ പറഞ്ഞു. “എന്നാലും നമ്മെക്കൊണ്ട് ആവുന്ന മുൻകരുതലുകൾ എടുക്കുന്നതിൽ തെറ്റില്ലല്ലോ...”

കാലാവസ്ഥാ റിപ്പോർട്ട് എങ്ങനെയുണ്ട്...?” ഷെല്ലെൻബെർഗ് ചോദിച്ചു.

അക്കാര്യത്തിൽ ഉറപ്പൊന്നും പറയാൻ കഴിയില്ല... ദൂരക്കാഴ്ച്ച കുറവാകാൻ സാദ്ധ്യതയുണ്ട്... ഷെർബർഗിലെ ഞങ്ങളുടെ എയർബേസിൽ ഞാൻ അന്വേഷിച്ചിരുന്നു... ഒന്നും കൃത്യമായി പ്രവചിക്കാൻ പറ്റാത്ത സമയമാണിതെന്നാണ് അവർ പറഞ്ഞത്...” ലീബർ പറഞ്ഞു.

എന്തായാലും, വിമാനം റെഡിയല്ലേ...?”

, യെസ്...” വോഗൻ പറഞ്ഞു. “ഈ വിമാനത്തിന്റെ പ്രത്യേകത ഇതിനൊരു എമർജൻസി ഫ്യൂവൽ ടാങ്ക് അധികമായി ഘടിപ്പിച്ചിട്ടുണ്ടെന്നുള്ളതാണ്... ഈ വിമാനം കൊണ്ട് അവർ നടത്തിയിരുന്ന ആക്രമണങ്ങളുടെ സ്വഭാവം കാരണമായിരിക്കാം അത്... ഒന്നര മണിക്കൂർ ഫ്ലയിങ്ങ് ടൈമാണ് ഞാൻ കണക്കാക്കുന്നത്... ഇംഗ്ലീഷ് തീരത്തോട് അടുക്കുന്നതോടെ എനിക്ക് RAF ഫ്രീക്വൻസിയിൽ റേഡിയോ ട്യൂൺ ചെയ്യാൻ സാധിക്കും... ഷെർബർഗിലെ ലുഫ്ത്വാഫ് ഇന്റലിജൻസിനോടാണ് അതിന് നന്ദി പറയേണ്ടത്...”

ഗുഡ്... വരൂ, നമുക്കൊന്ന് നടന്നിട്ട് വരാം... അല്പം കാറ്റ് കൊള്ളാൻ തോന്നുന്നു...” ഷെല്ലെൻബെർഗ് പറഞ്ഞു.

എയർഫീൽഡിലൂടെ നടക്കുമ്പോൾ ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു. ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ഷെല്ലെൻബെർഗ് ചിന്തയിൽ മുഴുകി നടത്തം തുടർന്നു. എയർഫീൽഡിന്റെ അറ്റത്തുള്ള വേലിയിൽ ചാരി കടലിലേക്ക് നോക്കി അല്പനേരം അദ്ദേഹം നിന്നു.

എല്ലാം നല്ല രീതിയിൽ പോകുന്നു എന്നുള്ള വിശ്വാസമുണ്ടോ നിങ്ങൾക്ക്...?” ഷെല്ലെൻബെർഗ് ആരാഞ്ഞു.

ഈ ട്രിപ്പിനെക്കുറിച്ചാണോ...?” വോഗൻ ചുമൽ വെട്ടിച്ചു. “ഇവിടെ നിന്നുമുള്ള യാത്രയെക്കുറിച്ച് ഒട്ടും തന്നെ സന്ദേഹമില്ല എനിക്ക്... അവിടെ എത്തുമ്പോൾ ഉള്ള കാര്യം ഓർത്തിട്ടാണ് ഒരു അങ്കലാപ്പ്...”

യെസ്.... ഇനിയെല്ലാം ഡെവ്ലിന്റെ കരങ്ങളിലാണെന്ന് വേണം പറയാൻ...”

നമ്മുടെ ദൗത്യം എല്ലാം ഭംഗിയായി വിജയിച്ചു എന്ന് കരുതുക...” വോഗൻ പറഞ്ഞു. “നാളെ പുലർച്ചയോടെ സ്റ്റെയ്നറെയും ഡെവ്ലിനെയും കൊണ്ട് ഞാൻ തിരികെയെത്തുന്നു... പിന്നീട് എന്ത് സംഭവിക്കുന്നു...? ബെൽ ഐലിലെ സംഭവവികാസങ്ങൾ എങ്ങനെയാണ്...? എന്തെങ്കിലും പോംവഴി താങ്കൾക്ക് മനസ്സിൽ തോന്നുന്നുണ്ടോ...?”

ഒരേയൊരു വഴി മാത്രം... അത് അല്പം അപകടം പിടിച്ച മാർഗ്ഗവുമാണ്... മറിച്ച് ചിന്തിച്ചാൽ വളരെ ലളിതവും... ലളിതമായ  മാർഗ്ഗമാണ് എനിക്കെന്നും ഇഷ്ടവും... അതിനൊരു സുഖമുണ്ട്...” ഷെല്ലെൻബെർഗ് പറഞ്ഞു.

കേൾക്കാൻ ഞാൻ റെഡി...”

വെൽ... റോമൽ, അഡ്മിറൽ കാനറീസ്, ഹിംലർ എന്നിവരോടൊപ്പമായിരിക്കും ഫ്യൂറർ നാളെ രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാനിരിക്കുന്നത്... ഭക്ഷണം കഴിച്ചു കഴിയുന്നതോടെ ബെർഗർ നിറയൊഴിക്കും...”

അതെ... അത് ഞാനും കേട്ടതാണല്ലോ അവിടെ വച്ച്...”

ബ്രേക്ക്ഫാസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നിങ്ങളും ഞാനും മിസ്റ്റർ ഡെവ്ലിനും കൂടി അവിടെയെത്തുകയും ഈ വധശ്രമത്തെക്കുറിച്ച് ഫ്യൂററെ ധരിപ്പിക്കുകയും ചെയ്താൽ എങ്ങനെയിരിക്കും...?” ഷെല്ലെൻബെർഗ് ചോദിച്ചു.

ശരിയാണ്... പക്ഷേ, അവരോടൊപ്പം നമ്മളും കൊല്ലപ്പെടും എന്നത് തീർച്ച...” വോഗൻ പറഞ്ഞു. “സത്യാവസ്ഥ താങ്കൾ ഫ്യൂററോട് പറയുന്നു എന്ന് തന്നെ കരുതുക... എങ്കിൽപ്പോലും ബെർഗറും സംഘവും അവരുടെ ആക്രമണവുമായി മുന്നോട്ട് പോയിരിക്കും എന്നതിൽ സംശയമില്ല..”

അത് ശരിയാണ്... എന്നെ എന്നെന്നേക്കുമായി ഒഴിവാക്കാനുള്ള സുവർണ്ണാവസരമായിരിക്കും റൈഫ്യൂറർക്ക് അത്...” ഷെല്ലെൻബെർഗ് പുഞ്ചിരിച്ചു. “ഇനിയും ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലാത്ത  ഒരു വസ്തുതയുണ്ട്... അന്ന് ബെൽ ഐലിലേക്ക് നാം ഡ്രൈവ് ചെയ്ത് പോയത്  ഓർമ്മയില്ലേ...? സെന്റ് ഓബിന് അല്പമകലെയായി  പന്ത്രണ്ടാം പാരച്യൂട്ട് ഡിറ്റാച്ച്മെന്റിനെ സന്ധിച്ചത്...? ഹോപ്റ്റ്മാൻ എറിക്ക് ക്രാമറും മുപ്പത് പേരടങ്ങുന്ന അദ്ദേഹത്തിന്റെ പാരാട്രൂപ്പ് സംഘവും...?”

തീർച്ചയായും...”

ഇനി ഞാൻ പറയുന്നത് പോലെ സംഭവിക്കുകയാണെങ്കിൽ എങ്ങനെയുണ്ടാകുമെന്ന് ഒന്ന് ആലോചിച്ച് നോക്കൂ... പാരച്യൂട്ട് റെജിമെന്റിലെ എക്കാലത്തേയും വീരയോദ്ധാവ് കേണൽ കുർട്ട് സ്റ്റെയ്നർ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു... എന്നിട്ട് അവരുടെ സഹായം ആവശ്യപ്പെടുന്നു... അവിടെ നിന്നും വെറും പത്ത് മൈൽ അകലെ ബെൽ ഐൽ കൊട്ടാരത്തിൽ പ്രഭാത ഭക്ഷണം കഴിക്കുവാനൊരുങ്ങുന്ന ഫ്യൂററെ വധിക്കുവാനുള്ള SS സേനയുടെ പദ്ധതി തകർക്കുവാനായി...”

ജീസസ്...!” വോഗൻ പറഞ്ഞു. “സ്റ്റെയ്നറെ അനുഗമിച്ച് ഈ ലോകത്ത് ഏതറ്റം വരെയും അവർ പോകും...”

എക്സാക്റ്റ്ലി... മാത്രവുമല്ല, ഫാൾഷിംജാഗറിന്റെ SS വിരോധം പണ്ടേ കുപ്രസിദ്ധമാണ് താനും...”

ഇത് വിജയിക്കും, തീർച്ച...” വോഗൻ ആവേശം കൊണ്ടു.

അതെ... ഇതുവരെയുള്ള നമ്മുടെ പദ്ധതികൾ എല്ലാം വിജയിക്കാമെങ്കിൽ...” ഷെല്ലെൻബെർഗ് പറഞ്ഞു.

എന്റെ ഒരു അഭിപ്രായം പറയട്ടെ...? ആദ്യം നമ്മൾ ചെല്ലുന്നു... അല്പം കഴിഞ്ഞ് സ്റ്റെയ്നറും സംഘവും...” വോഗൻ പറഞ്ഞു.

യെസ്... ഏതാണ്ട് പതിനഞ്ച് മിനിറ്റുകൾക്ക് ശേഷം...”

അതൊരു ബ്രേക്ക്ഫാസ്റ്റ് തന്നെയായിരിക്കും...” വോഗൻ പറഞ്ഞു.

തീർച്ചയായും... എന്തായാലും ഇപ്പോൾ അതിനെക്കുറിച്ച് അധികം ആലോചിച്ച് തല പുകയണ്ട...” ഷെല്ലെൻബെർഗ് പറഞ്ഞു. “മറ്റ് ചില കാര്യങ്ങൾ കൂടി എന്റെ മനസ്സിലുണ്ട്... വരൂ, തൽക്കാലം നമുക്ക് പോയി ഓരോ കപ്പ് കോഫി കുടിക്കാം...”

                                                               ***

റയാന്റെ കിച്ചണിലെ മേശപ്പുറത്ത് ഡെവ്‌ലിൻ വിവിധ വസ്തുക്കൾ നിരത്തി വച്ചു. “നോക്കൂ, എന്തൊക്കെയാണെന്ന്...” ഡെവ്‌ലിൻ പറഞ്ഞു. “ആ മിലിട്ടറി പോലീസുകാരുടെ കൈവശം വിലങ്ങുകൾ ഉണ്ടാകണം... എന്നാലും ഞാൻ കുറച്ച് ചരട് കൈയിൽ കരുതുന്നുണ്ട്... എപ്പോഴാണ് ആവശ്യം വരുന്നതെന്ന് അറിയില്ലല്ലോ...”

“ഞാൻ മറ്റു ചില സാധനങ്ങളും കൂടി കരുതിയിട്ടുണ്ട്...” റയാൻ പറഞ്ഞു. “കുറച്ച് ബാൻഡേജും സ്റ്റിക്കിങ്ങ് പ്ലാസ്റ്ററും... ആ വൈദികനും കൂടി ഉണ്ടെന്നുള്ള കാര്യം മറക്കണ്ട...”

“അദ്ദേഹത്തിന്റെ കാര്യം മറക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ... പക്ഷേ, നിങ്ങൾ ഓർമ്മിപ്പിച്ചു...” ഡെവ്‌ലിൻ പറഞ്ഞു.

“ആയുധം ഒന്നും കരുതുന്നില്ലേ...?”

“അത്യാവശ്യത്തിനായി കണങ്കാലിലെ ഉറയിൽ ഒരു സ്മിത്ത് & വെസ്സൺ കരുതിയിട്ടുണ്ട്... പിന്നെ കാർവറിന്റെയടുത്ത് നിന്നും കിട്ടിയ സൈലൻസർ ഘടിപ്പിച്ച വാൾട്ടർ ഗണ്ണും...”

“ആരെയെങ്കിലും കൊല്ലേണ്ടി വരുമെന്ന് തോന്നുന്നുണ്ടോ...?” അല്പം പരിഭ്രമമുണ്ടായിരുന്നു റയാന്റെ ചോദ്യത്തിൽ.

“വേറെ ഒരു മാർഗ്ഗവുമില്ലെങ്കിൽ മാത്രം... പിന്നെ നിങ്ങളുടെ ആ ലെതർ സാപ്പ്... അതെടുത്തില്ലേ...?”

“മൈ ഗോഡ്...! ഞാനത് മറന്നു...”

മേശയുടെ ഡ്രോയർ തുറന്ന് റയാൻ ആ ആയുധം പുറത്തെടുത്തു. തുകൽ കൊണ്ട് നിർമ്മിച്ച അതിന്റെ ഒരറ്റത്തിനുള്ളിൽ വലിയ ഈയക്കട്ടികൾ നിറച്ചിരിക്കുന്നു. കൈത്തണ്ടയിൽ കോർത്ത് വളരെ സൗകര്യപ്രദമായി കൊണ്ടു നടക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഒരു ലൂപ്പ് ആണ് മറുഭാഗത്ത്. സ്വയ രക്ഷക്ക് വേണ്ടി ലണ്ടനിലെ മിക്ക ടാക്സി ഡ്രൈവർമാരും കൊണ്ടുനടക്കുന്ന ലളിതമായ ഒരു ആയുധം. അതെടുത്ത് ഭാരം നോക്കിയിട്ട് ഡെവ്‌ലിൻ തോക്കിന് സമീപം വച്ചു.

“അപ്പോൾ എല്ലാം ആയോ...?” റയാൻ ചോദിച്ചു.

“ആയി... ഇനി സ്റ്റെയ്നറുടെ കുറവ് മാത്രമേയുള്ളൂ...” ഡെവ്‌ലിൻ ഹൃദ്യമായി ചിരിച്ചു.

വാതിൽ തുറന്ന് മേരി അവിടെയെത്തി. “എനിക്ക് വിശക്കുന്നു കുട്ടീ... പറ്റുമെങ്കിൽ കുറച്ച് മുട്ട പുഴുങ്ങിയതും ഇറച്ചിയും കൊണ്ടു വരൂ...” റയാൻ അവളോട് പറഞ്ഞു.

“അതിനെന്താ...” അവൾ പറഞ്ഞു. “പക്ഷേ, ബ്രെഡും ചായപ്പൊടിയും തീർന്നിരിക്കുകയാണ്... ഷോപ്പ് അടയ്ക്കുന്നതിന് മുമ്പ് ഓടിപ്പോയി ഞാൻ വാങ്ങിയിട്ട് വരാം... അധികനേരം എടുക്കില്ല...” കതകിന് പിറകിൽ കൊളുത്തിയിട്ടിരുന്ന റെയിൻകോട്ടും തൊപ്പിയും എടുത്ത് അവൾ പുറത്തേക്ക് പോയി.

                                                             ***

ബ്രഡും ചായപ്പൊടിയും കൂടാതെ കരിഞ്ചന്തയിൽ നിന്നും സംഘടിപ്പിച്ച ഒരു ടിൻ സാൽമണും ഒന്നു രണ്ട് പാക്കറ്റ് സിഗരറ്റും ആ വൃദ്ധയുടെ കടയിൽ നിന്നും അവൾക്ക് ലഭിച്ചു. ഒരു ചെറിയ സഞ്ചിയിൽ അതുമായി വീട്ടിലേക്ക് നടക്കുമ്പോൾ തെരുവിൽ മഞ്ഞ് വീണു തുടങ്ങിയിരുന്നു. സാവധാനം നീങ്ങുന്ന വാഹനങ്ങളെ താണ്ടി അടുത്ത ജംഗ്ഷനിലെ സിഗ്നലിൽ റോഡ് ക്രോസ് ചെയ്യുവാനായി ശ്രദ്ധയോടെ അവൾ കാത്തു നിന്നു.

തന്റെ സഹോദരന്റെ ഹംബർ ലിമോസിനിലെ ഡ്രൈവർ സീറ്റിൽ ട്രാഫിക്ക് ലൈറ്റ് പച്ചയാവുന്നതും കാത്ത് അക്ഷമനായി ഇരിക്കുകയായിരുന്നു എറിക്ക് കാർവർ. തികച്ചും യാദൃച്ഛികമായിട്ടാണ് അയാൾ അവളെ കണ്ടത്. ഏറിയാൽ ഒന്നോ രണ്ടോ വാര അകലെ തന്റെ കൺമുന്നിലൂടെ റോഡ് ക്രോസ് ചെയ്ത് അപ്പുറത്തെ ഇടവഴിയിലേക്ക് നടന്നു പോകുന്ന മേരി... സിഗ്നൽ ലൈറ്റ് ഓണായതും അയാൾ വണ്ടി മുന്നോട്ടെടുത്ത് സർവീസ് റോഡിലേക്ക് നീക്കി നിർത്തി. പിന്നെ പുറത്തിറങ്ങി ചുറ്റുപാടും ഒന്ന് വീക്ഷിച്ചിട്ട്, മേരി നടന്നു പോയ വഴിയെ തിടുക്കത്തിൽ നടന്നു.

കേബിൾ വാർഫിലേക്ക് തിരിഞ്ഞ മേരി, തന്നെക്കൊണ്ട് ആവും വിധം വേഗതയിൽ നടന്നു. വീടിനരികിലുള്ള കോർണറിൽ എത്തിയ അവളുടെ പിന്നാലെ ഒളിച്ചും പതുങ്ങിയും എറിക്കും ഉണ്ടായിരുന്നു. തന്നെ ഒരാൾ പിന്തുടരുന്ന കാര്യം പോലും അറിയാതെ അവൾ കിച്ചൺ ഡോറിന്റെ ഹാന്റിലിൽ കൈ വച്ചു.

തുറന്ന വാതിലിനുള്ളിൽ നിന്നും ഡെവ്‌ലിന്റെ സ്വരം അയാൾ വ്യക്തമായി കേട്ടു. “ആഹാ, നീ എത്തിയോ...? ആ തണുപ്പത്ത് നിൽക്കാതെ കയറി വരൂ കുട്ടീ...”

വാതിൽ അടഞ്ഞു. “റൈറ്റ്, യൂ ബാസ്റ്റഡ്... അങ്ങനെ നിന്നെ ഞാൻ കണ്ടു പിടിച്ചു...” ഡെവ്‌ലിന്റെ താവളം കണ്ടെത്തിയ ആവേശത്തിൽ അയാൾ തിരിഞ്ഞ് കാറിനടുത്തേക്ക് വേഗം നടന്നു.

(തുടരും

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

23 comments:

  1. നാശം, ഇതിന്റെ ഇടയില്‍‌ ഇടങ്കോലിടാന്‍ ആരേലും വരും വരും എന്ന് പ്രതീക്ഷിച്ചേയുള്ളൂ...


    ReplyDelete
    Replies
    1. ഇനിയിപ്പോൾ വിചാരിച്ചത് പോലെ എളുപ്പമാവില്ല കാര്യങ്ങൾ...

      Delete
  2. അയ്യോ ആകെ സങ്കടമായീലോ. ഡെവ്ലിന്‌ വിശക്കാനും മേരി പുറത്ത്‌ പോവാനും അങ്ങനെ ഒളിത്താവളം കണ്ടുപിടിക്കാനും

    ReplyDelete
    Replies
    1. വിശന്നത് ഡെവ്‌ലിനല്ല സുകന്യാജീ... മേരിയുടെ അമ്മാവൻ മൈക്കിൾ റയാനാണ്...

      Delete
    2. അതെ. മൊബൈല്‍ വായനയില്‍ പറ്റിയ അബദ്ധം

      Delete
  3. കാര്യങ്ങള്‍ അത്ര സ്മൂത്ത്‌ ആയി നടക്കും എന്ന് ഞാനും പ്രതീക്ഷിച്ചില്ല.. ഒരു ട്വിസ്റ്റ്‌ ഒക്കെ ഇല്ലെങ്കില്‍ എന്ത് രസം.

    ReplyDelete
    Replies
    1. വിചാരിക്കാത്ത ട്വിസ്റ്റാണല്ലോ ജാക്ക് ഹിഗ്ഗിൻസിന്റെ നോവലുകളുടെ സവിശേഷത...

      Delete
  4. ചുരുക്കി പറഞ്ഞാൽ, മ്മടെ ഡെവ്‌ലിന് പണി ഇത്തിരി കൂടുതൽ എടുക്കേണ്ടി വരുമെന്ന്..

    ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ചെല്ലുന്നതിന് മുന്നെ മൂപ്പർ ആർക്കൊക്കെ അന്ത്യത്താഴം വിളമ്പുമെന്നറിയാൻ കാത്തിരിക്കുന്നു..

    ReplyDelete
  5. പണ്ടാറമടങ്ങി .. ആ ചെകുത്താൻ ആരാ....? മേരിയുമായിട്ടെന്താ ബന്ധം... ഛെ... ഡെവ് ലിന്റെ ശബ്ദം തിരിച്ചറിഞ്ഞല്ലൊ....!!?

    ReplyDelete
    Replies
    1. ഇതെന്താ അശോകേട്ടാ, രാമായണം മുഴുവനും വായിച്ചിട്ട് ഇങ്ങനെയൊരു ചോദ്യം.... എറിക്കിനെ അറിയില്ലെന്നോ... ക്ലബ്ബിൽ വച്ച് അയാൾ അവളെ കയറിപ്പിടിച്ചതും ഡെവ്‌ലിൻ വന്ന് അവന്റെ മേൽ ചായ കമഴ്ത്തിയതും മറന്നുപോയോ...? എന്താ അശോകേട്ടാ ഇങ്ങനെ...?

      Delete
  6. കുറിഞ്ഞിMay 08, 2018 9:24 am

    സീരിയസായിട്ട് ഒരു ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ സമയം കളയാൻ വന്നോളും ഓരോരുത്തര്.ഇനിയിപ്പോൾ സ്‌റ്റെയ്നറെ രക്ഷപെടുത്തി, ഫ്യൂററുടെ അടുത്തെത്തുമ്പോഴേക്കും എന്താകുമോ എന്തോ?

    ReplyDelete
    Replies
    1. ഇനിയിപ്പോൾ വിചാരിച്ചത് പോലെ എളുപ്പമാവില്ല കാര്യങ്ങൾ... കാർവർ സഹോദരന്മാർ വെറുതെയിരിക്കുമെന്നാണോ തോന്നുന്നത്...?

      Delete
  7. പാരകള്‍ എപ്പോ ചാടി വരുമെന്ന് ഓര്‍ത്തിരിക്കുകയായിരുന്നു... വിചാരിച്ചത് പോലെ നീങ്ങിയാല്‍ ഒരു ത്രിലുണ്ടാവില്ലല്ലോ! വരട്ടെ

    ReplyDelete
    Replies
    1. അതെ... ഇനിയിപ്പോൾ ത്രില്ലിന് ഒരു കുറവുമുണ്ടാകില്ല... അലാസ്കയിൽ പോകുന്നത് പോലെ... :)

      Delete
  8. എല്ലാം ഒരുവിധം ആസൂത്രണം ചെയ്തുകഴിയുമ്പോള്‍ വേറൊരു ഏടാകൂടം എത്തും, എല്ലാം തകരാറിലാക്കാന്‍ 

    ReplyDelete
    Replies
    1. ഏടാകൂടങ്ങൾ ഇനിയുമുണ്ട് കേരളേട്ടാ... ഇതൊന്നും ഒന്നുമല്ല...

      Delete
  9. അല്ലാ , കഴിഞ്ഞയാഴ്ച്ച വായിച്ച് അഭിപ്രായപ്പെട്ടിയിൽ
    ഒന്നും നിക്ഷേപിക്കാതെയാണൊ ഞാൻ സ്‌കൂട്ടായത് .....?.
    ഒരു പക്ഷെ ആ ഹോളണ്ട് ടൂറിന്റെ ഹാങ്ങോവറിൽ പെട്ടതു കൊണ്ടാകാം ...!

    ReplyDelete
    Replies
    1. ഞാനും ചിന്തിക്കാതിരുന്നില്ല, മുരളിഭായ് എവിടെ പോയി എന്ന്...

      Delete
  10. നോവിച്ചുവിട്ടത് വിഷസര്‍പ്പങ്ങളെയല്ലോ!
    ആശംസകള്‍

    ReplyDelete
  11. പ്ലാനിംഗ് നന്നായി നടക്കുന്നുണ്ട്.

    ReplyDelete
    Replies
    1. എങ്കിലല്ലേ കാര്യങ്ങൾ നീങ്ങൂ...

      Delete