Tuesday 1 May 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 43


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഉച്ചഭക്ഷണത്തിനായി വോഗൻ കാന്റീനിൽ എത്തിയപ്പോൾ സമയം വളരെ വൈകിയിരുന്നു. ഭക്ഷണം കഴിഞ്ഞ് എഴുന്നേൽക്കാനൊരുങ്ങുമ്പോഴാണ് തിരക്കിട്ട് ഷെല്ലെൻബെർഗ് അങ്ങോട്ട് കടന്ന് വന്നത്.

നമ്മുടെ പ്ലാനിൽ ചെറിയൊരു മാറ്റം... എന്നെ കാണണം എന്ന് പറഞ്ഞ് ഹിംലറുടെ സന്ദേശമുണ്ടായിരുന്നു... നിങ്ങളെയും ഒപ്പം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും രസകരമായ കാര്യം...” ഷെല്ലെൻബെർഗ് പറഞ്ഞു.

എന്ത് നാശത്തിനാണാവോ പോലും...?” വോഗൻ അസ്വസ്ഥനായി.

അയേൺ ക്രോസ് ഫസ്റ്റ് ക്ലാസ് ബാഡ്ജിന് നിങ്ങൾ അർഹനായിരിക്കുന്നുവെന്നും റൈഫ്യൂറർ നേരിട്ട് അത് SS ഓഫീസേഴ്സിനെ അണിയിക്കുവാൻ ആഗ്രഹിക്കുന്നുവെന്നുമാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്...”

ഇത് കേൾക്കുമ്പോൾ എന്റെ പിതാവ് എന്ത് പറയുമോ എന്തോ... വെസ്റ്റ് പോയിന്റിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാഡമിയിൽ ട്രെയിനിങ്ങ് കഴിഞ്ഞ് ഇറങ്ങിയവനാണ് ഞാൻ...” വോഗൻ പറഞ്ഞു.

മറ്റൊരു പ്രശ്നം എന്താണെന്ന് വച്ചാൽ അദ്ദേഹം ഇപ്പോഴുള്ളത് വിവൽസ്ബർഗിലാണ്... ആ സ്ഥലത്തെക്കുറിച്ച് തീർച്ചയായും നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ...?”

ഏതൊരു SS ഉദ്യോഗസ്ഥന്റെയും സ്വപ്നമാളിക... അതെന്തെങ്കിലുമാകട്ടെ, ഇതിപ്പോൾ നമ്മുടെ ഷെഡ്യൂളിനെ ബാധിക്കുമല്ലോ...”

നോ പ്രോബ്ലം... വിവൽബർഗിന് ഏതാണ്ട് പത്ത് മൈൽ അകലെ ലുഫ്ത്വാഫിന്റെ ഒരു ഫീഡർ എയർബേസുണ്ട്... നമ്മുടെ സ്റ്റോർക്ക് വിമാനത്തിൽ അവിടെയെത്തുന്നു... അവിടുത്തെ ചടങ്ങുകൾക്ക് ശേഷം നാം ചെർണെയിലേക്കുള്ള യാത്ര തുടരുന്നു...” ഷെല്ലെൻബെർഗ് വാച്ചിലേക്ക് നോക്കി. “ഏഴു മണിക്കാണ് അപ്പോയ്ൻമെന്റ്... അദ്ദേഹം സമയനിഷ്ഠയ്ക്ക് പേരു കേട്ട ആളാണ് കേട്ടോ...”

                                                         ***

ആറര മണി ആയപ്പോഴേക്കും തെംസ് നദിയുടെ മുകളിൽ ഇരുട്ട് വീണിരുന്നു. റയാൻ തന്റെ മോട്ടോർ ബോട്ട് മണൽത്തിട്ടയുടെ മുകളിലേക്ക് ഓടിച്ചു കയറ്റി.

നീ ഇവിടെത്തന്നെ ഇരുന്നോളൂ... ഞങ്ങൾ അധികനേരം എടുക്കില്ല...” അയാൾ മേരിയോട് പറഞ്ഞു.

ടൂൾസ് ബാഗും ടോർച്ചും എടുത്ത് ഡെവ്ലിൻ പുറത്തിറങ്ങി. “വരൂ, നമുക്ക് നീങ്ങാം...”

ടണലിൽ കഴിഞ്ഞ തവണ സന്ദർശിച്ചതിലും ഉയരത്തിൽ വെള്ളം നിറഞ്ഞിരുന്നു. ഒരിടത്ത് എത്തിയപ്പോൾ നെഞ്ചറ്റം ണ്ടായിരുന്നു. എങ്കിലും ഏതാനും മിനിറ്റുകൾക്കുള്ളിൽ അവർ ഇരുമ്പ് ഗ്രില്ലിന് സമീപം എത്തി.

ഈ ഗ്രിൽ ഇന്ന് തന്നെ എടുത്ത് മാറ്റണമെന്ന് നിർബന്ധമാണോ...?” റയാൻ ചോദിച്ചു.

മൈക്കിൾ... വളരെ എളുപ്പം ഈ ഗ്രിൽ ഇളക്കി മാറ്റാമെന്നാണ് നിങ്ങൾ പറഞ്ഞത്... എങ്കിലും ഒന്നാലോചിച്ച് നോക്കൂ, നാളെ രാത്രി സ്റ്റെയ്നറെയും കൊണ്ട് പുറത്ത് കടന്ന്, നിലവറയിൽ എത്തി ഈ ഗ്രിൽ തള്ളി നോക്കുമ്പോൾ അത് ഇളകിയില്ലെങ്കിലത്തെ അവസ്ഥ...!”

ഓൾ റൈറ്റ്... എന്നാൽ പിന്നെ ഇളക്കി മാറ്റിയിട്ട് തന്നെ കാര്യം...” റയാൻ പറഞ്ഞു.

ഒരു കാര്യം കൂടി... ചുറ്റിക കൊണ്ടുള്ള തട്ടും മുട്ടും ഒന്നും വേണ്ട... അവിടെ മുകളിൽ ചാപ്പലിൽ ഉള്ളവർ ശബ്ദം കേട്ട് കാര്യം തിരക്കിയെത്തിയാൽ അതോടെ എല്ലാം തീരും...” ഡെവ്ലിൻ മുന്നറിയിപ്പ് നൽകി.

അതുകൊണ്ട് തന്നെ അവർ വിചാരിച്ചത് പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. ഇഷ്ടികകളുടെ ജോയിന്റ് ചുരണ്ടി ഇളക്കുക എന്നത് കുറച്ച് സമയമെടുക്കുക തന്നെ ചെയ്തു. ചിലപ്പോൾ കട്ടകൾ ഒരുമിച്ച് ഇളകി വെള്ളത്തിലേക്ക് വീണെങ്കിലും അധികവും ഇളകുവാൻ കൂട്ടാക്കിയില്ല. ഗ്രില്ലിന്റെ ഒരു വശത്തെ കട്ടകൾ ഇളക്കി മാറ്റുവാൻ അവർക്ക് അര മണിക്കൂർ വേണ്ടി വന്നു.

മറുഭാഗത്തെ കട്ടകൾ ഇളക്കുവാനുള്ള ശ്രമം തുടങ്ങിയിട്ട് പതിനഞ്ച് മിനിറ്റ് ആയിരിക്കുന്നു. “നിങ്ങൾ പറഞ്ഞത് ശരിയാണ് ലിയാം... ഈ നാശം അത്ര എളുപ്പമൊന്നും ഇളകില്ല...” റയാൻ പറഞ്ഞു.

രോഷത്തോടെ അയാൾ  ഇരുമ്പഴികളിൽ പിടിച്ച് ആഞ്ഞു വലിച്ചതും ആ ഗ്രിൽ അപ്പാടെ ഇളകി മുന്നോട്ട് ചാഞ്ഞു. കൃത്യസമയത്ത് തന്നെ ഡെവ്ലിൻ അയാളുടെ കൈയിൽ പിടിച്ച് ദൂരേക്ക് വലിച്ച് മാറ്റി മറുകൈ കൊണ്ട് ഗ്രിൽ തടഞ്ഞു നിർത്തി, അതിനെ സാവധാനം വെള്ളത്തിലേക്ക് വീഴുവാൻ അനുവദിച്ചു.

ടോർച്ച് എടുത്ത് ഉള്ളിലേക്ക് അടിച്ചു നോക്കിയിട്ട് അദ്ദേഹം അത് റയാന്റെ കൈയിൽ  കൊടുത്തു. “ഇത് ഒന്ന് തെളിയിച്ച് പിടിച്ചോളൂ... ഞാൻ അകത്ത് കയറി ഒന്ന് നോക്കിയിട്ട് വരാം...” ഡെവ്ലിൻ പറഞ്ഞു.

സൂക്ഷിച്ച് വേണം ഓരോ കാൽവയ്പ്പും...” റയാൻ ഓർമ്മിപ്പിച്ചു.

ഗ്രിൽ ഇളകി മാറിയ കവാടത്തിലൂടെ ഉള്ളിൽ കടന്ന ഡെവ്ലിൻ നിവർന്ന് നിന്നു. അരയ്ക്ക് മുകളിൽ വെള്ളം ഉണ്ടായിരുന്നു അവിടെ. കല്ലറകൾ മുഴുവനായും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. കൽപ്പടവുകൾ കണ്ടെത്തി അദ്ദേഹം പതുക്കെ മുകളിലേക്ക് കയറുവാനാരംഭിച്ചു. എവിടെയോ ഒളിച്ചിരുന്ന ഒരു എലി ഭയന്ന് വെള്ളത്തിലേക്ക് ചാടി ദൂരേയ്ക്ക് നീന്തിപ്പോയി. ഏറ്റവും മുകളിലത്തെ പടിയിൽ നിന്നുകൊണ്ട് അദ്ദേഹം വാതിലിന്റെ ഹാന്റിലിൽ പിടിച്ച് പതുക്കെ തള്ളി.

വളരെ പതിഞ്ഞ ഒരു ഞരക്കത്തോടെ വാതിൽ തുറക്കപ്പെട്ടു. അൾത്താരയും അതിനപ്പുറം മെഴുകുതിരി വെട്ടത്തിൽ കുളിച്ച് നിൽക്കുന്ന കന്യാമറിയത്തിന്റെ പ്രതിമയും അദ്ദേഹത്തിന് കാണുവാൻ കഴിയുന്നുണ്ടായിരുന്നു. ശ്രദ്ധയോടെ തല വെളിയിലേക്കിട്ട് അദ്ദേഹം ചുറ്റിനും നോക്കി. വിജനമായ ചാപ്പലിന്റെ പുറം വാതിൽ തുറന്ന് ഒരു കന്യാസ്ത്രീ വരുന്നത് കണ്ട അദ്ദേഹം ശബ്ദമുണ്ടാക്കാതെ പിൻവാങ്ങി സാവധാനം പടവുകൾ ഇറങ്ങി.

പെർഫെക്റ്റ്...” റയാന്റെ സമീപം ടണലിലേക്ക് ഇറങ്ങവെ ഡെവ്ലിൻ പറഞ്ഞു. “നൗ, ലെറ്റ്സ് ഗെറ്റ് ഔട്ട് ഓഫ് ഹിയർ...”

                                                               ***

ലുഫ്ത്വാഫ് ബേസിൽ ഇറങ്ങിയ ഉടൻ തന്നെ വിമാനം റീ-ഫ്യൂവൽ ചെയ്യുവാനുള്ള നിർദ്ദേശം ഷെല്ലെൻബെർഗ് കൊടുത്തു. പിന്നെ സ്റ്റേഷൻ കമാൻഡറുടെ മെഴ്സെഡിസിൽ ഡ്രൈവറെയും കൂട്ടി വോഗനോടൊപ്പം വിവൽസ്ബർഗിലേക്ക് തിരിച്ചു. കൊട്ടാരത്തിന് അടുത്ത് എത്താറായപ്പോഴേക്കും കനത്ത മഞ്ഞ് പെയ്യുവാനാരംഭിച്ചിരുന്നു. ബ്ലാക്കൗട്ട് റെഗുലേഷൻ നിയമങ്ങളെ പാടെ കാറ്റിൽ പറത്തി മെയിൻ ഗേറ്റിന് മുകളിലും കൊട്ടാരത്തിന്റെ ജാലകങ്ങളിലും വൈദ്യുതി വിളക്കുകളുടെ പ്രകാശം കാണപ്പെട്ടു.

മഞ്ഞ് പെയ്യുന്ന ആ അന്തരീക്ഷത്തിൽ തലയുയർത്തി നിൽക്കുന്ന കൊട്ടാരത്തിന്റെ ഗോപുരങ്ങളിലേക്ക് നോക്കി വോഗൻ ആശ്ചര്യം കൂറി. “മൈ ഗോഡ്...! അവിശ്വസനീയം...!”

ഐ നോ...” ഷെല്ലെൻബെർഗ് അല്പം മുന്നോട്ടാഞ്ഞ് ലുഫ്ത്വാഫ് ഡ്രൈവർ അവരുടെ സംഭാഷണം കേൾക്കാതിരിക്കുവാനായി അയാൾക്ക് പിന്നിലെ സ്ലൈഡിങ്ങ് ഗ്ലാസ് ഡോർ വലിച്ചടച്ചു. “ഒരു ഫിലിം സെറ്റ് പോലെയില്ലേ...? യഥാർത്ഥത്തിൽ ഇത് ഹിംലറുടെ സ്വകാര്യ ആഡംബര താവളമാണെന്ന് പറയാം... വംശപരമായ റിസർച്ചുകൾക്കും പിന്നെ SS സേനയിലെ ഉന്നതന്മാർക്ക് ഒത്തു ചേരുവാനും ഒക്കെയായിട്ടുള്ള ഒരിടം...”

പക്ഷേ, യഥാർത്ഥത്തിൽ അവർ എന്താണിവിടെ ചെയ്യുന്നത്...?”

നമ്മുടെ റൈഫ്യൂറർ വാസ്തവത്തിൽ ഒരു മിഥ്യാലോകത്താണ്... ആർതർ രാജാവിന്റെയും അദ്ദേഹത്തിന്റെ വിശ്വസ്ത യോദ്ധാക്കളുടെയും കഥ കേട്ടിട്ടില്ലേ...? അതു പോലെ അദ്ദേഹത്തിന് ഏറ്റവും വിശ്വസ്തരായ പന്ത്രണ്ട് ലെഫ്റ്റ്നന്റുമാരുണ്ട്... കൊട്ടാരത്തിലെ വട്ടമേശയ്ക്ക് ചുറ്റും അവരെ ഇരുത്തിയുള്ള ചർച്ചകൾ... സ്വയം ഒരു ആർതർ രാജാവായി നിർവൃതിയടയുകയാണദ്ദേഹം...”

താങ്കൾക്കവിടെ സ്ഥാനമൊന്നുമില്ല എന്ന് പറയേണ്ട കാര്യമില്ലല്ലോ അല്ലേ...?” വോഗൻ ചിരിച്ചു.

തീർച്ചയായും ഇല്ല... ആ സംഘത്തിൽ അംഗമാകണമെങ്കിൽ തലയ്ക്ക് വട്ടുണ്ടാകണം... ഒരു മെമ്മോറിയൽ ഹാളുണ്ട് കൊട്ടാരത്തിനകത്ത്... സീലിങ്ങിൽ സ്വസ്തിക ചിഹ്നം ആലേഖനം ചെയ്തിരിക്കുന്നു... അതിന് തൊട്ട് താഴെ പ്രത്യേകം തയ്യാറാക്കിയ കൽത്തറ... അവിടെയാണ് ഈ പറയുന്ന വിശിഷ്ടവ്യക്തികൾ മരണമടയുമ്പോൾ ദഹിപ്പിക്കേണ്ടത്... അതിന് ചുറ്റിനുമായി പന്ത്രണ്ട് പീഠങ്ങളും ചിതാഭസ്മം ശേഖരിച്ച് വയ്ക്കുവാനായി പന്ത്രണ്ട് കുടങ്ങളും...”

താങ്കൾ തമാശ പറയുകയാണ്...!”

അല്ല സുഹൃത്തേ... പച്ചയായ യാഥാർത്ഥ്യം... സമയവും സന്ദർഭവും ഒത്തു വന്നാൽ ഞാൻ അത് കാണിച്ചു തരാം...” പൊട്ടിച്ചിരിച്ചു കൊണ്ട് ഷെല്ലെൻബെർഗ് തല കുലുക്കി. “ഇതുപോലുള്ള ഭ്രാന്തന്മാരാണ് ലക്ഷക്കണക്കിന് ജനങ്ങളുടെ ഭാവി നിർണ്ണയിക്കാൻ പോകുന്നത്... കഷ്ടം...!”

                                                     ***

കവാടത്തിൽ ഉണ്ടായിരുന്ന സെർജന്റ് തന്റെ മുന്നിലെ സന്ദർശക രജിസ്റ്ററിൽ നോക്കി ഉറപ്പ് വരുത്തി. ഷെല്ലെൻബെർഗും വോഗനും തങ്ങളുടെ കോട്ടും ഹാറ്റും അയാളെ ഏല്പിച്ചു.

യെസ്, ജനറൽ ഷെല്ലെൻബെർഗ്... റൈഫ്യൂറർ താങ്കളുമായുള്ള മീറ്റിങ്ങ് കൃത്യം ഏഴു മണിക്കാണ് വച്ചിരിക്കുന്നത്... സൗത്ത് വിങ്ങിലെ തന്റെ സ്വകാര്യ മുറിയിൽ... ഞാൻ വഴി കാണിച്ചു തരാം സർ...”

അതിന്റെ ആവശ്യമില്ല... വഴി എനിക്കറിയാം...” ഷെല്ലെൻബെർഗ് പറഞ്ഞു.

ഹാളിൽ നിന്നും ഇടനാഴിയിലേക്ക് കടന്ന് മുന്നോട്ട് നീങ്ങവെ വോഗൻ പറഞ്ഞു. “താങ്കൾ പറഞ്ഞത് ശരിയാണ്... ലൂയിസ് ബി. മേയർ പോലും നാണിച്ചു പോകും ഇവിടം കണ്ടാൽ...”

ഷെല്ലെൻബെർഗ് വാച്ചിലേക്ക് നോക്കി. “പതിനഞ്ച് മിനിറ്റ് കൂടിയുണ്ട്... വരൂ... നേരത്തെ പറഞ്ഞ ആ മെമ്മോറിയൽ ഹാൾ ഞാൻ കാണിച്ചു തരാം... ഇതിനടുത്തു തന്നെയാണ്... അരികിൽ ഒരു ഗ്യാലറി ഉണ്ടെന്നാണ് എന്റെ ഓർമ്മ... അതെ... ഇവിടെത്തന്നെ...”

ഏതാണ്ട് ഒരു ഡസനോളം പടികളുണ്ടായിരുന്നു ഓക്ക് തടി കൊണ്ട് നിർമ്മിച്ച ആ വാതിലിനടുത്തേക്ക്. അത് തുറന്നതും അപ്പുറത്ത് നിന്നും ആരുടെയൊക്കെയോ സംസാരം കേട്ട് അമ്പരന്ന ഷെല്ലെൻബെർഗ് ഒന്ന് പരുങ്ങിയിട്ട് വോഗന് നേരെ തിരിഞ്ഞ് ചുണ്ടിൽ വിരൽ വച്ച് നിശബ്ദമായിരിക്കാൻ ആംഗ്യം കാണിച്ചു.  ശേഷം അടുത്ത വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്ന് ഇരുവരും ഉള്ളിലേക്ക് കയറി.

                                                                  ***

വൃത്താകൃതിയിലുള്ള ആ മുറിയിൽ മങ്ങിയ വെട്ടമേ ഉണ്ടായിരുന്നുള്ളൂ. ഷെല്ലെൻബെർഗ് പറഞ്ഞ പീഠങ്ങളും കുടങ്ങളും സീലിങ്ങിലെ സ്വസ്തികയും അതിന് താഴെയുള്ള കൽത്തറയും എല്ലാം വോഗന്റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ അതിലേറെ അയാളെ അത്ഭുതപ്പെടുത്തിയത് അവിടെ സന്നിഹിതരായിരിക്കുന്ന വ്യക്തികളുടെ സാന്നിദ്ധ്യമാണ്. ഹിംലറുടെ സഹായി റോസ്മാൻ ഒരു വശത്ത് ആജ്ഞാനുവർത്തിയായി നിൽക്കുന്നു. സ്വസ്തികയുടെ താഴെയുള്ള കൽത്തറയിലാണ് ഹിംലർ നിൽക്കുന്നത്. തന്റെ തൊട്ടു മുന്നിൽ നിൽക്കുന്ന സ്റ്റെംബാൻഫ്യൂറർ ഹോസ്റ്റ് ബെർഗറോട് സംസാരിക്കുകയാണദ്ദേഹം. അവർ എല്ലാവരും ധരിച്ചിരിക്കുന്നത് SS സേനയുടെ കറുത്ത യൂണിഫോമാണ്.

ബെർഗർ, നിങ്ങളെ ഞാൻ ഇങ്ങോട്ട് ഈ പാവനമായ ഇടത്തേക്ക് വിളിച്ച് വരുത്തിയത് എന്തിനാണെന്ന് വച്ചാൽ...  എങ്ങനെയാണ് ഞാനത് വിവരിക്കുക... നിങ്ങൾ ഏറ്റെടുക്കാൻ പോകുന്ന വിശുദ്ധ ദൗത്യത്തിന്റെ പ്രാധാന്യം തന്നെയാണ് അതിന് കാരണം...” ഹിംലർ പറഞ്ഞു.

അതിൽ ഞാൻ അഭിമാനിക്കുന്നു റൈഫ്യൂറർ...”

നമുക്കിനി വിശദാംശങ്ങളിലേക്ക് കടക്കാം... നാളെ വൈകിട്ട് ആറ് മണിക്ക് ഷെർബർഗിലെ ലുഫ്ത്വാഫ് എയർബേസിൽ വന്നിറങ്ങുന്ന ഫ്യൂററെ നിങ്ങളായിരിക്കും സ്വീകരിക്കുന്നത്... അദ്ദേഹത്തോടൊപ്പം ഞാനും ഉണ്ടായിരിക്കും... അവിടെ നിന്നും ബെൽ ഐലിൽ ഉള്ള കൊട്ടാരത്തിലേക്ക് പുറപ്പെടുന്ന ഞങ്ങൾക്ക് നിങ്ങൾ അകമ്പടി സേവിക്കുന്നു... അന്ന് രാത്രി അവിടെയായിരിക്കും ഞങ്ങൾ തങ്ങുക... അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് ഫ്യൂററോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുവാൻ റോമലും അഡ്മിറൽ കാനറിസും ഉണ്ടായിരിക്കും... റോഡ് മാർഗ്ഗമായിരിക്കും അവർ എത്തിച്ചേരുക...”

എപ്പോഴാണ് റൈഫ്യൂറർ, ഞാൻ എന്റെ കടമ നിർവ്വഹിക്കേണ്ടത്...?”

ഹിംലർ ചുമൽ വെട്ടിച്ചു. “അക്കാര്യത്തിൽ സമയത്തിന് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല... ഭക്ഷണത്തിന് ശേഷം ആയിരിക്കും ഏറ്റവും അനുയോജ്യം എന്ന് തോന്നുന്നു... നിങ്ങളുടെ അകമ്പടി സംഘത്തിൽ എത്ര പേരുണ്ട്...?”

മുപ്പത്...”

ഗുഡ്... ധാരാളം...”

വിശ്വസ്തരായി അത്രയും പേരെയേ കിട്ടിയുള്ളൂ, റൈഫ്യൂറർ...”

നല്ലത്... അധികം പേർ ഇല്ലാതിരിക്കുന്നതാണ് നല്ലത്...നമ്മുടേത് ഒരു പ്രത്യേക കൂട്ടായ്മയാണെന്ന് അറിയാമല്ലോ... ഈ ദൗത്യത്തിനായി നിങ്ങൾ കുറച്ചു പേർ മാത്രം മതി... കാരണം, നമ്മുടെ ലക്ഷ്യത്തെ എല്ലാവരും പിന്താങ്ങിക്കൊള്ളണമെന്നില്ലല്ലോ...”

താങ്കളുടെ ഇഷ്ടം പോലെ, റൈഫ്യൂറർ...”

ഉദാഹരണത്തിന്, ജനറൽ ഷെല്ലെൻബെർഗ്... കുറുക്കനെക്കാൾ ബുദ്ധിമാനാണ് അയാൾ... അതുകൊണ്ടാണ് കഴിഞ്ഞ മൂന്ന് ആഴ്ച്ചകളായി അയാളെ ഞാൻ അകറ്റി നിർത്തിയിരിക്കുന്നത്... അതിനായി ഞാനയാൾക്ക് മറ്റൊരു ദൗത്യം കൊടുത്തു... ഇംഗ്ലണ്ടിൽ നിന്നും സ്റ്റെയ്നറെ തിരികെയെത്തിക്കുക... ഒരിക്കലും നടക്കാത്ത കാര്യം... നമ്മുടെ ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്, ലണ്ടനിൽ നമുക്ക് ആവശ്യമായ വിവരങ്ങൾ തന്നുകൊണ്ടിരിക്കുന്ന വർഗാസ് ബ്രിട്ടീഷുകാർക്ക് വേണ്ടിയും ചാരപ്പണി നടത്തുന്നുണ്ടെന്നാണ്... ഇക്കാര്യം നാം ഷെല്ലെൻബെർഗിനോട് പറഞ്ഞിട്ടില്ലല്ലോ അല്ലേ റോസ്മാൻ...?”

ഇല്ല, റൈഫ്യൂറർ...”

അങ്ങനെ വരുമ്പോൾ ആ ഐറിഷ്കാരൻ ഡെവ്ലിൻ ലണ്ടനിൽ വച്ച് തന്നെ പിടിയിലാകുമെന്ന് നമുക്ക് അനുമാനിക്കാം...”

അതായിരിക്കും എന്റെ ഏറ്റവും വലിയ സന്തോഷവും, റൈഫ്യൂറർ...” ബെർഗർ പറഞ്ഞു.

ബെർഗർ, ഡൺകിർക്കിൽ വച്ച് തന്നെ നമുക്ക് യുദ്ധം ജയിക്കാമായിരുന്നു, നമ്മുടെ ടാങ്കുകൾക്ക് ബീച്ചിലേക്ക് കയറാൻ ഫ്യൂറർ അനുവാദം നൽകിയിരുന്നുവെങ്കിൽ... അതിന് പകരം മുന്നേറ്റം നിർത്തി വയ്ക്കാനാണ് അദ്ദേഹം കല്പിച്ചത്... പിന്നെ റഷ്യ... ഒന്നിന് പിറകെ മറ്റൊന്നായി ദുരന്തങ്ങൾ... ജർമ്മൻ ആർമിക്ക് നേരിടേണ്ടി വന്ന ഏറ്റവും നാണംകെട്ട പരാജയമായിരുന്നു റഷ്യയിൽ സംഭവിച്ചത്...” നിരാശയോടെ തലയാട്ടിയിട്ട് ഹിംലർ തിരിഞ്ഞു. “വിഡ്ഢിത്തരങ്ങൾക്ക് പിറകെ വിഡ്ഢിത്തരങ്ങൾ... ആർക്കും ചെവി കൊടുക്കാത്ത ഒരു മനുഷ്യൻ...”

 മനസ്സിലാവുന്നു റൈഫ്യൂറർ...” ബെർഗർ പറഞ്ഞു. “വിവരമുള്ള ആർക്കും മനസ്സിലാവും...”

ആർക്ക് മുന്നിലും മുട്ടുമടക്കാത്ത നമ്മുടെ രാജ്യം... ജർമ്മൻ സാമ്രാജ്യം... പരാജയത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്... അതുകൊണ്ട് ഫ്യൂറർ കൊല്ലപ്പെടേണ്ടത് നമ്മുടെ രാജ്യത്തിന്റെ ആവശ്യമാണ്... ആ ദൗത്യമാണ് നിങ്ങൾ നിറവേറ്റേണ്ടത്... മൂന്ന് കൊലപാതകങ്ങൾ... റോമൽ, അഡ്മിറൽ കാനറീസ്, ഫ്യൂറർ... പുറം ലോകം അറിയേണ്ടത് ഇങ്ങനെയായിരിക്കണംറോമലും കാനറീസും നടത്തിയ ഹീനമായ ആക്രമണത്തിൽ ഫ്യൂറർ കൊല്ലപ്പെട്ടു... അത്യന്തം ദൗർഭാഗ്യകരമായ ആ സംഭവത്തെത്തുടർന്ന് ഫ്യൂററുടെ വിശ്വസ്തരായ SS സേനാംഗങ്ങളുടെ വെടിയേറ്റ് റോമലും കാനറീസും മരണമടഞ്ഞു...”

അതിന് ശേഷം എന്ത് സംഭവിക്കും റൈഫ്യൂറർ...?”

സ്വാഭാവികാമായും നമ്മുടെ SS സേന ഗവണ്മന്റിന്റെ എല്ലാ അധികാരവും ഏറ്റെടുക്കുന്നു... യുദ്ധം അതിന്റെ വഴിക്ക് നീങ്ങട്ടെ... നമ്മുടെ സേനാശക്തിക്ക് കടിഞ്ഞാണിടാൻ പിന്നെ ആരുമുണ്ടാവില്ല...” അദ്ദേഹം ബെർഗറുടെ ചുമലിൽ കൈ വച്ചു. “വിശുദ്ധമായ ഒരു സാഹോദര്യത്തിലെ അംഗങ്ങളാണ് നമ്മൾ... ഈ ദൗത്യം നിർവ്വഹിക്കാൻ നിങ്ങൾക്ക് ലഭിക്കുന്ന അസുലഭ സൗഭാഗ്യത്തിൽ ഞാൻ അസൂയപ്പെടുകയാണ്, മേജർ...”

വോഗനെ നോക്കി പുറത്ത് കടക്കുവാൻ ഷെല്ലെൻബെർഗ് ആംഗ്യം കാണിച്ചു. ഇരുവരും പുറത്ത് കടന്നയുടൻ അദ്ദേഹം പതുക്കെ വാതിൽ ചാരി.

മൈ ഗോഡ്...!” വോഗൻ മന്ത്രിച്ചു. “ഇനിയെന്ത്...?”

“മുൻനിശ്ചയപ്രകാരം തന്നെ നാം ഹിംലറെ കാണുന്നു... ഇപ്പോൾ അവിടെ നടന്ന സംഭാഷണം നാം മറഞ്ഞിരുന്ന് കേട്ടു എന്നെങ്ങാനും അദ്ദേഹം അറിയാനിടയായാൽ പിന്നെ ഇവിടെ നിന്നും ജീവനോടെ നമുക്ക് പുറത്തു കടക്കാം എന്ന് കരുതേണ്ട...” ഇടനാഴിയിലൂടെ ധൃതിയിൽ നീങ്ങവെ അദ്ദേഹം ഓർമ്മിപ്പിച്ചു. “അദ്ദേഹം എന്തൊക്കെ ആവശ്യപ്പെട്ടാലും ശരി, എന്റെ ഓർഡറുകൾക്കായി കാത്തുനിൽക്കുക... ഡെവ്ലിന്റെ വിവരങ്ങൾ ഒന്നും തന്നെ ഉരിയാടാതിരിക്കാൻ ശ്രദ്ധിക്കുക...”

പടികൾ കയറി തിടുക്കത്തിൽ നടന്ന് സൗത്ത് വിങ്ങിലുള്ള ഹിംലറുടെ ഓഫീസിന് മുന്നിലെ സ്വീകരണമുറിയുടെ വാതിൽക്കൽ പെട്ടെന്ന് തന്നെ അവർ എത്തിച്ചേർന്നു.

റോസ്മാന്റെ ഡെസ്കിനരികിൽ ഉള്ള കസേരയിൽ ഇരിപ്പുറപ്പിച്ചിട്ട് ഷെല്ലെൻബെർഗ് പറഞ്ഞു. “നമുക്ക് വെയ്റ്റ് ചെയ്യാം... പിന്നിലെ വാതിലിൽക്കൂടി അവർ ഉടൻ എത്താതിരിക്കില്ല...”

ഒരു നിമിഷം കഴിഞ്ഞതും ഉള്ളിലെ വാതിൽ തുറന്ന് റോസ്മാൻ എത്തി നോക്കി. “ആഹ്, നിങ്ങൾ എത്തിയോ...?”

അതെ, കൃത്യസമയത്ത് തന്നെ...” ഷെല്ലെൻബെർഗ് ഉള്ളിലേക്ക് കടന്നു.

ഡെസ്കിന് പിറകിൽ നിന്നും ഹിംലർ തലയുയർത്തി നോക്കി. “അപ്പോൾ ഇതാണോ ജനറൽ, സ്റ്റെയ്നർ ദൗത്യത്തിനായി നിങ്ങൾ റിക്രൂട്ട് ചെയ്ത പൈലറ്റ് ഹോപ്റ്റ്സ്റ്റംഫ്യൂറർ വോഗൻ...?”

അതെ, റൈഫ്യൂറർ...”

ഡെവ്ലിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളുണ്ടോ...?”

ഇതുവരെ ഇല്ല, റൈഫ്യൂറർ...” ഷെല്ലെൻബെർഗ് പറഞ്ഞു.

എന്തൊക്കെ പറഞ്ഞാലും കുഴപ്പം പിടിച്ച ഒരു ദൗത്യമാണതെന്ന് പറയാതിരിക്കാൻ കഴിയില്ല... പിന്നെ, ഫ്യൂറർ നാളെ വൈകിട്ട് ഷെർബർഗ് വഴി ബെൽ ഐലിൽ എത്തുന്നുണ്ട്... പിറ്റേ ദിവസം രാവിലെ ഏഴു മണിക്ക് പ്രഭാതഭക്ഷണത്തിന് അദ്ദേഹത്തോടൊപ്പം കാനറീസും റോമലും ഉണ്ടായിരിക്കും... തീർച്ചയായും ഞാനും ഉണ്ടായിരിക്കും അവിടെ... ആ വിഡ്ഢികൾ രണ്ടും ഇപ്പോൾ നോർമൻഡിയിൽ എവിടെയോ ചുറ്റിക്കറങ്ങുകയാണെന്നാണ് തോന്നുന്നത്... സഖ്യകക്ഷികളുടെ അധിനിവേശം ഏത് നിമിഷവും ഉണ്ടാകാമെന്നും അതിനെ പ്രതിരോധിക്കുവാൻ ഉള്ള തയ്യാറെടുപ്പുകൾ കൈക്കൊള്ളണമെന്നും ഫ്യൂററെ ബോദ്ധ്യപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം... മണ്ടൻ ആശയം എന്നല്ലാതെ എന്ത് പറയാൻ...”

മനസ്സിലാവുന്നു, റൈഫ്യൂറർ...”

“പിന്നെ, നിങ്ങളെ വിളിപ്പിച്ചതിനും ഈ ഓഫീസറെ കൂടെ കൊണ്ടുവരാൻ പറഞ്ഞതിനും ഒരു കാരണമുണ്ട്...” ഹിംലർ തിരിഞ്ഞിട്ട് വിളിച്ചു. “റോസ്മാൻ...”

അദ്ദേഹം എഴുന്നേറ്റതും റോസ്മാൻ ആ മെഡൽ കെയ്സ് തുറന്നു. അതിനുള്ളിൽ നിന്നും അയേൺ ക്രോസ് മെഡൽ പുറത്തെടുത്ത ഹിംലർ മേശയ്ക്ക് ഇപ്പുറത്തുകൂടി വന്ന് അത് വോഗന്റെ യൂണിഫോമിൽ പിൻ ചെയ്തു കൊടുത്തു.

“ഇത് നിങ്ങൾക്കുള്ള ബഹുമതിയാണ്... ജോർജ്ജ് വാഷിങ്ങ്ടൺ ലെജിയനിലെ അംഗമായ ഹോപ്റ്റ്‌സ്റ്റംഫ്യൂറർ എസാ വോഗൻ പോളണ്ടിലെ യുദ്ധനിരയിൽ പ്രകടിപ്പിച്ച അസാമാന്യ ധീരതയ്ക്കും പ്രകടനങ്ങൾക്കും ഉള്ള അംഗീകാരം...”

“റൈഫ്യൂറർ...” മുഖം നിവർത്തിപ്പിടിക്കുവാൻ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ട് വോഗൻ ഉച്ചരിച്ചു.

“ഇനി നിങ്ങൾക്ക് പോകാം... എനിക്കൽപ്പം ജോലിയുണ്ട്...” ഹിംലർ പറഞ്ഞു.

താഴോട്ടുള്ള പടവുകൾ ചാടിയിറങ്ങി ഷെല്ലെൻബർഗും വോഗനും ഹാളിൽ എത്തി. പിന്നെ, തങ്ങളുടെ കോട്ടും ഹാറ്റും എടുത്ത് താഴെ കാത്തു കിടന്നിരുന്ന മെഴ്സെഡിസിനരികിലേക്ക് നീങ്ങി.

“തിരികെ എയർബേസിലേക്ക്...” ഷെല്ലെൻബെർഗ് ഡ്രൈവറോട് ആജ്ഞാപിച്ചു.

വാഹനം നീങ്ങിത്തുടങ്ങിയപ്പോൾ ഡ്രൈവറുടെ പിന്നിലെ സ്ലൈഡിങ്ങ് ഡോർ വലിച്ചടച്ചിട്ട് വോഗൻ ചോദിച്ചു. “അവിടെ കേട്ട വിവരങ്ങൾ വച്ച് താങ്കൾ എന്ത് ചെയ്യാനാണ് പോകുന്നത്...?”

“ഒരു കാര്യം എനിക്കുറപ്പുണ്ട്...” ഷെല്ലെൻബെർഗ് പറഞ്ഞു. “ഇന്നത്തെ അവസ്ഥയിൽ ഏറ്റവും വലിയ ദുരന്തമായിരിക്കും ഹിറ്റ്‌ലർ കൊല്ലപ്പെടുക എന്നത്.... ഒന്നിന് പിറകെ ഒന്നായി അദ്ദേഹം മണ്ടത്തരങ്ങൾ ചെയ്തു കൂട്ടുന്നത് കൊണ്ട് ഒരു ഗുണമുണ്ട്... യുദ്ധം പെട്ടെന്ന് അവസാനിക്കാനുള്ള സാദ്ധ്യത... എന്നാൽ ഹിംലർ വന്നാലുള്ള സ്ഥിതി അതല്ല... ആ മൃഗം സകല അധികാരവും കൈയാളുന്നത് ഒന്നാലോചിച്ച് നോക്കൂ...! ഗവണ്മന്റിന്റെയും ആർമിയുടെയും നിയന്ത്രണം SS ന്റെ പക്കൽ എത്തിപ്പെട്ടാലുള്ള അവസ്ഥ...! ഈ അടുത്ത കാലത്തൊന്നും യുദ്ധം അവസാനിക്കുമെന്ന് തോന്നുന്നില്ല... അനന്തമായി അതങ്ങനെ നീളും...”

“അപ്പോൾ പിന്നെ എന്ത് ചെയ്യാനാണ് താങ്കളുടെ ഉദ്ദേശ്യം...? റോമലിനും കാനറീസിനും മുന്നറിയിപ്പ് കൊടുക്കുകയോ...?”

“ഒന്നാമത് അവരിപ്പോൾ  എവിടെയാണുള്ളതെന്ന് കൃത്യമായി എനിക്കറിയില്ല... പിന്നത്തെ കാര്യം വിശ്വാസ്യതയാണ് വോഗൻ... എന്നെ എന്തിന് അവർ വിശ്വസിക്കണം...? SS ന്റെ തലവനായ റൈഫ്യൂറർക്ക് എതിരെയുള്ള എന്റെ വാക്കുകൾ ആരെങ്കിലും മുഖവിലയ്ക്കെടുക്കുമോ...?”

“കമോൺ ജനറൽ... ലിയാം ഡെവ്‌ലിൻ പറയാറുണ്ട്, കുശാഗ്രബുദ്ധിയുടെ ഉടമയാണ് താങ്കൾ എന്ന്... എന്തെങ്കിലും ഒരു പോംവഴി കണ്ടെത്താൻ താങ്കൾക്കാവുമെന്ന് എനിക്കുറപ്പുണ്ട്...”

“എന്റെ സകല കഴിവുകളും ഊർജ്ജവും ഇക്കാര്യത്തിൽ ഞാൻ പ്രയോഗിക്കുന്നതായിരിക്കും എന്ന് ഉറപ്പ് തരുന്നു...” ഷെല്ലെൻബെർഗ് പറഞ്ഞു. “പക്ഷേ, ഇപ്പോഴത്തെ നമ്മുടെ ലക്ഷ്യം എയർബേസിൽ സ്റ്റോർക്ക് വിമാനത്തിനരികിൽ എത്തുക എന്നതാണ്... ഉടൻ തന്നെ ഇവിടെ നിന്നും പറന്നുയരുക... എത്രയും പെട്ടെന്ന് ചെർണെയിൽ എത്തുക... അതായിരിക്കും തൽക്കാലം നമുക്ക് നല്ലത്...”

(തുടരും

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

24 comments:

  1. അമ്പരപ്പിക്കുന്ന ഒരു ഗൂഢാലോചന അണിയറയിൽ ഒരുങ്ങുന്നു...!

    ReplyDelete
  2. “അല്ല സുഹൃത്തേ... പച്ചയായ യാഥാർത്ഥ്യം... സമയവും സന്ദർഭവും ഒത്തു വന്നാൽ ഞാൻ അത് കാണിച്ചു തരാം...” പൊട്ടിച്ചിരിച്ചു കൊണ്ട് ഷെല്ലെൻബെർഗ് തല കുലുക്കി. “ഇതുപോലുള്ള ഭ്രാന്തന്മാരാണ് ലക്ഷക്കണക്കിന് ജനങ്ങളുടെ ഭാവി നിർണ്ണയിക്കാൻ പോകുന്നത്... കഷ്ടം...!”

    ഇത് തന്നെയല്ലേ ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

    ഹിറ്റ്ലറിനെ കൊല്ലാന്‍ ശെരിക്കും ആരെക്കൊയോ ചേര്‍ന്ന് പദ്ധതിയിട്ടു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്, അവര്‍ അതില്‍ പരാജയപെട്ടു എന്നും.

    ReplyDelete
    Replies
    1. “ഇതുപോലുള്ള ഭ്രാന്തന്മാരാണ് ലക്ഷക്കണക്കിന് ജനങ്ങളുടെ ഭാവി നിർണ്ണയിക്കാൻ പോകുന്നത്... കഷ്ടം...!”

      ഇത് തന്നെയല്ലേ ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

      (ഈ ഭാഗം വായിച്ചപ്പോൾ ഞാനും ചിന്തിച്ചത് ഇതുതന്നെ..)

      Delete
    2. ഇത് തന്നെയല്ലേ ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ചോദിച്ചാൽ വർണ്യത്തിൽ ആശങ്കയില്ലാതില്ല കൂട്ടുകാരേ...

      പിന്നെ, ഹിറ്റ്‌ലറെ വധിക്കുവാനുള്ള ആ ശ്രമം... ശ്രീജിത്ത് കേട്ടിട്ടുള്ള ആ സംഭവം ഇത് തന്നെയാണ്... ഹെൻട്രിച്ച് ഹിംലർ തന്നെയാണ് ആ പദ്ധതിക്ക് രൂപം കൊടുത്തത്...

      Delete
  3. ഞെട്ടിച്ചു!!

    ഹിംലറും ഫ്യൂററും ഇത്തിരി കൺഫ്യൂഷനുണ്ടാക്കി... (തെറ്റ് എന്റെ ഭാഗത്തുമുണ്ട്.. സ്റ്റഡി ക്ലാസ്സിലൊക്ക് ഞാൻ കൃത്യമായി പങ്കെടുക്കേണ്ടതായിരുന്നു.)

    ReplyDelete
    Replies
    1. അതെ... അതിന്റെ കുറവാണത്... താഴെ കൊടുത്തിരിക്കുന്നത് ഒരു 25 തവണ ഇമ്പോസിഷൻ എഴുതിക്കോളൂ...

      ഫ്യൂറർ - അഡോൾഫ് ഹിറ്റ്‌ലർ
      റൈഫ്യൂറർ - ഹെൻട്രിച്ച് ഹിംലർ

      Delete
  4. ഇതു വായിക്കുമ്പോള്‍ അമാനുഷികമായ കൌശലവും ബുദ്ധിയും ഉള്ളവരാണ് ഇവരെന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. കൗശലത്തിന് ഒരു കുറവുമില്ല കേരളേട്ടാ...

      Delete
  5. ഒരു ഭ്രാന്തനും കുറേ അനുയായികളും ചിന്താശേഷിയില്ലാത്ത കുറേ മനുഷ്യരും മതിയാകും ഒരു രാജ്യം നാശത്തിലേക്ക് കൂപ്പുകുത്താൻ...!
    ഡെവ്ലിനെതിരെയും ഒരു ഗൂഢാലോചനയോ, അതിഭയങ്കരമായ ഒരു ചതിയല്ലെയത്....?

    ReplyDelete
    Replies
    1. ഹിറ്റ്‌ലറെ വകവരുത്തുക എന്നതാണല്ലോ ഹിംലറുടെ ലക്ഷ്യം... കൂട്ടത്തിൽ കാനറീസ്, റോമൽ എന്നിവരും... ഡെവ്‌ലിനെയൊന്നും പുള്ളിക്കാരൻ കണക്കിൽ പെടുത്തിയിട്ടില്ല... ഡെവ്‌ലിൻ ബ്രിട്ടീഷുകാരുടെ പിടിയിൽ ആയിക്കോളും എന്ന ധാരണയിലാണ്...

      Delete
  6. അതേ, ഞെട്ടിച്ചു കളഞ്ഞല്ലോ

    ReplyDelete
    Replies
    1. ഇത് വെറുംകഥയല്ല ശ്രീ... യഥാർത്ഥത്തിൽ നടന്ന പ്ലോട്ട് തന്നെയാണ്... ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്...

      Delete
  7. ഞെട്ടി... ആ ബെർഗർ പണ്ട് വാങ്ങി കൂട്ടിയ ഇടിയുടെ വേദനയൊക്കെ മറന്നൂന്നാ തോന്നണത്!

    ReplyDelete
    Replies
    1. ഹിംലറുടെ വിശ്വസ്തനല്ലേ... അഹങ്കാരത്തിന് ഒരു കുറവുമുണ്ടാകില്ലാന്നേയ്... നോക്കാം നമുക്ക് എന്താകുമെന്ന്...

      Delete
  8. ഇപ്പോളാണ് സംഭവം ട്രാക്കിലായത്.. ഇതുവരെ കാര്യമായൊന്നും ഇല്ലാലോ എന്ന് വിഷമിച്ചിരിക്കുകയായിരുന്നു.. ഇനി തകർക്കും..

    ReplyDelete
    Replies
    1. ഇതുവരെ എല്ലാം തയ്യാറെടുപ്പ് ആയിരുന്നല്ലോ ജസ്റ്റിൻ... ഇനിയാണ് തുടങ്ങാൻ പോകുന്നത്...

      Delete
  9. വരാൻ പോകുന്നത്‌ ഒരു കിടിലൻ ഓപറേഷൻ

    ReplyDelete
    Replies
    1. അതെ... കാത്തിരിക്കൂട്ടോ...

      Delete
  10. ലോകം മുഴുവനുള്ള രാഷ്ട്രീയ കുടില ചാണക്യ
    തന്ത്രങ്ങളുടെ തിരശീലകൾക്ക് പിന്നിലും മുന്നിലും
    നിന്നും ആട്ടം നടത്തുന്നവരുടെ പട്ടികയിൽ പെട്ടവരാണ്
    ഇതിലെ നമ്മുടെ പ്രിയപ്പെട്ട ഓരോ കഥപാത്രങ്ങളും ...!

    ReplyDelete
  11. “എന്റെ സകല കഴിവുകളും ഊർജ്ജവും ഇക്കാര്യത്തിൽ ഞാൻ പ്രയോഗിക്കുന്നതായിരിക്കും എന്ന് ഉറപ്പ് തരുന്നു...”
    ആശംസകള്‍

    ReplyDelete
    Replies
    1. സന്തോഷം തങ്കപ്പൻ ചേട്ടാ...

      Delete
  12. ഹിറ്റ്‌ലറെ വധിക്കാനുള്ള ആ ഗൂഡാലോചനയുടെ ചുരുള്‍ ആണോ????????

    ReplyDelete
    Replies
    1. അതെ... ഇത് തന്നെയായിരുന്നു ആ പ്ലോട്ട്...

      Delete