Sunday 27 May 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 47


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അസ്റ്റോറിയ ബാൾറൂമിലെ ചൂതാട്ടകേന്ദ്രത്തിൽ ജാക്ക് കാർവർ വിചാരിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ നീങ്ങിയത്. ഒന്നിന് പിറകെ ഒന്നായി ഓരോ കളിയിലും തോറ്റ് പണം നഷ്ടമായതോടെ തികച്ചും അസ്വസ്ഥനായിരുന്നു അയാൾ.

എട്ടരയോടെ ചൂതാട്ടം മതിയാക്കി രോഷത്തോടെ പുറത്തിറങ്ങിയ അയാൾ ഒരു സിഗരറ്റിന് തീ കൊളുത്തി തൊട്ടു താഴത്തെ നിലയിലെ ബാൽക്കണിയിൽ ചാരി നിന്ന് താഴെ ഡാൻസ് ഹാളിലെ ആൾക്കൂട്ടത്തിലേക്ക് നോക്കി. ഒരു യുവതിയോടൊപ്പം ചുവട് വച്ചുകൊണ്ടിരുന്ന എറിക്ക് തന്റെ ജ്യേഷ്ഠനെ കണ്ടതും നൃത്തം മതിയാക്കി.

സോറി മൈ ഡിയർ... ഇനിയൊരിക്കലാവാം...” യുവതിയോടെ ക്ഷമാപണം ചോദിച്ചിട്ട് അവൻ പടികൾ കയറി ജ്യേഷ്ഠനരികിലെത്തി. “ഇന്നെന്താ, നേരത്തെ തന്നെ അവസാനിപ്പിച്ചോ...?”

അതേടാ... എനിക്ക് ബോറടിച്ചിട്ട് വയ്യ...” പരുക്കൻ സ്വരത്തിൽ ജാക്ക് കാർവർ പറഞ്ഞു.

അയാളുടെ ശരീരഭാഷയിൽ നിന്നും കാര്യം മനസ്സിലായ എറിക്ക് അതേക്കുറിച്ച് പിന്നെയൊന്നും ചോദിക്കാൻ നിന്നില്ല. “ഞാൻ ആലോചിക്കുകയായിരുന്നു ജാക്ക്... ആ തെമ്മാടിയെ കാണാൻ പോകുമ്പോൾ നമ്മളോടൊപ്പം ആരെയും കൂട്ടണ്ട എന്ന് നിർബ്ബന്ധമാണോ...?”

കാർവർ ദ്വേഷ്യം കൊണ്ട് വിറച്ചു. “നീ എന്താണ് പറഞ്ഞു വരുന്നത്...? ആ പന്നിയെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനുള്ള കഴിവ് പോലും എനിക്കില്ലെന്നോ...? അവനെ നേരിടാൻ ഒരു സംഘത്തെ ഒപ്പം കൊണ്ടുപോകണമെന്നാണോ...?”

അങ്ങനെയൊന്നും ഞാൻ ചിന്തിച്ചില്ല ജാക്ക്... ഞാൻ ആലോചിക്കുകയായിരുന്നു.......”

നീ ഇപ്പോൾ അങ്ങനെ ആലോചിച്ച് കൂട്ടണ്ട...” കാർവർ പറഞ്ഞു. “വാ, ആ പന്നിയുടെ അടുത്ത് പോയിട്ട് തന്നെ ഇനി ബാക്കി കാര്യങ്ങൾ...”

ഹംബറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ എറിക്ക് ഇരുന്നു. അവരുടെ വാഹനം കേബിൾ വാർഫിലേക്ക് തിരിയുമ്പോൾ ഡെവ്ലിന്റെ വാൻ പുറപ്പെട്ടിട്ട് ഏതാണ്ട് പത്ത് മിനിറ്റ് കഴിഞ്ഞിരുന്നു.

ആ അറ്റത്ത് കാണുന്നതാണ് വീട്...” എറിക്ക് പറഞ്ഞു.

ശരി... കാർ ഇവിടെ നിർത്തിക്കോളൂ... ഇനിയങ്ങോട്ട് നടന്ന് പോകാം... വണ്ടിയും കൊണ്ട് ചെന്ന് അവരുടെ ശ്രദ്ധ പിടിച്ചുപറ്റണ്ട...” കാർവർ തന്റെ പോക്കറ്റിൽ നിന്നും ബ്രൗണിങ്ങ് പിസ്റ്റൾ എടുത്ത് സ്ലൈഡർ വലിച്ച് റെഡിയാക്കി. “നിന്റെ കൈയിലും ആയുധമുണ്ടല്ലോ...?”

തീർച്ചയായും ജാക്ക്...” പോക്കറ്റിൽ നിന്നും വെബ്ലി 0.38 റിവോൾവർ പുറത്തെടുത്ത് അവൻ കാണിച്ചു.

ഗുഡ് ബോയ്... എന്നാലിനി നീങ്ങാം... ആ ബാസ്റ്റഡിനെ ഒരു പാഠം പഠിപ്പിക്കണം...”

                                                     ***

മരപ്പിടിയുള്ള ഒരു ഇരുമ്പ് ശൂലം കൊണ്ട്  നെരിപ്പോടിലെ തീക്കനലുകൾ ഇളക്കി ജ്വലിപ്പിക്കുവാൻ ശ്രമിക്കുന്ന റയാൻ മേരിയെ നോക്കി. മേശക്കരികിൽ ഇരുന്ന് ഏതോ പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണവൾ. ആ നിമിഷമാണ് അടുക്കളയുടെ വാതിൽ ചവിട്ടിത്തുറന്ന് കാർവർ സഹോദരന്മാർ പ്രവേശിച്ചത്. നടുങ്ങിപ്പോയ മേരി ഉച്ചത്തിൽ നിലവിളിച്ചു. റയാൻ തന്റെ കൈയിലെ ചുട്ടു പഴുത്ത ശൂലവുമായി തിരിഞ്ഞു.

ഇല്ല... നിങ്ങൾ അതിന് തുനിയില്ല...” നീട്ടിപ്പിടിച്ച ബ്രൗണിങ്ങുമായി കാർവർ പറഞ്ഞു. “എന്തെങ്കിലും അവിവേകത്തിന് തുനിഞ്ഞാൽ നിങ്ങളുടെ തല ഞാൻ തെറിപ്പിക്കും... എറിക്ക്... ഈ കിളിയുടെ കാര്യം നീ നോക്കിക്കോണം...”

സന്തോഷമേയുള്ളൂ ജാക്ക്...” തന്റെ റിവോൾവർ പോക്കറ്റിലിട്ടിട്ട് മേരിയുടെ പിന്നിൽ ചെന്ന് അവളുടെ ചുമലിൽ കൈ വച്ചു. “നല്ല കുട്ടിയായി അനങ്ങാതെ നിന്നോണം...” അവൻ പറഞ്ഞു.

അവളുടെ കഴുത്തിൽ അവൻ ഒരു ചുംബനം നൽകി. വെറുപ്പോടെ അവൾ കുതറി. “സ്റ്റോപ്പ് ഇറ്റ്...!”

റയാൻ ഒരു ചുവട് മുന്നോട്ട് വച്ചു. “അവളെ വെറുതെ വിടൂ...”

കാർവർ തോക്കിന്റെ ബാരൽ കൊണ്ട് റയാനെ ഒന്ന് തട്ടി. “ആജ്ഞ വേണ്ട... ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്... പറയൂ... അയാൾ എവിടെ...?”

ആര്....?” റയാൻ ചോദിച്ചു.

അവൻ തന്നെ... ഈ പെൺകുട്ടിയുമായി അസ്റ്റോറിയയിൽ നൃത്തം വയ്ക്കാൻ വന്നവൻ... എന്റെ ഈ അനുജന്റെ ഒരു കാത് വെടി വച്ച് തകർത്തവൻ...”

നിങ്ങൾ വൈകിപ്പോയി... അവർ പോയ്ക്കഴിഞ്ഞു....” മേരി ആയിരുന്നു അതിന് മറുപടി കൊടുത്തത്.

ഓഹോ, അങ്ങനെയാണോ...?” കാർവർ എറിക്കിന് നേരെ തിരിഞ്ഞു. “അവളെ വിട്ടേക്കൂ എറിക്ക്... എന്നിട്ട് മുകളിലത്തെ നിലയിൽ ചെന്ന് നോക്കൂ... റിവോൾവർ റെഡിയായിരിക്കണം...”

എറിക്ക് മുറിയ്ക്ക് പുറത്തിറങ്ങി. അടുത്തു കണ്ട കസേരയിലേക്ക് ചൂണ്ടി കാർവർ റയാനോട് ആജ്ഞാപിച്ചു. “ഇരിക്കവിടെ...”

ഭയന്നു പോയ റയാൻ കസേരയിൽ ഇരുന്നു. കാർവർ ഒരു സിഗരറ്റിന് തീ കൊളുത്തി. “ഈ പെണ്ണ് പറഞ്ഞത് അവർ പോയി എന്നാണ്... അയാൾ പോയി എന്നല്ല...”

അതുകൊണ്ട്...?” റയാൻ ചോദിച്ചു.

അപ്പോൾ അയാൾക്കൊപ്പം ഉണ്ടായിരുന്നത് ആരാണ്...? എനിക്കതറിയണം... നിങ്ങൾ അത് പറയും...”

“ഒന്നും പറയരുതേ മൈക്കിൾ അങ്കിൾ... പ്ലീസ്...” മേരി യാചിച്ചു.

ഇല്ല മകളേ...”

ബ്രൗണിങ്ങിന്റെ പാത്തി കൊണ്ട് കാർവർ റയാന്റെ മുഖത്ത് ഒരു പ്രഹരം നൽകി. അയാൾ വേദന കൊണ്ട് അലറി. അത് കണ്ട് മേരി ഉച്ചത്തിൽ നിലവിളിച്ചു.

മിണ്ടിപ്പോകരുത്... ഏതോ ചളിക്കുണ്ടിൽ നിന്നും വന്ന വൃത്തികെട്ട ജന്തുക്കൾ...” അവജ്ഞയോടെ കാർവർ പറഞ്ഞു.

പുറത്തു പോയ എറിക്ക് തിരിച്ചെത്തി. “ഞാൻ പോയ നേരത്ത് എന്താണിവിടെ സംഭവിച്ചത്...?”

ഇയാളെ ഒന്ന് മര്യാദ പഠിപ്പിക്കുകയായിരുന്നു... ആരെയെങ്കിലും കണ്ടോ അവിടെ...?”

ഇല്ല... പക്ഷേ, ബെഡ്റൂമിൽ നിന്നും ഒരു ആർമി മേജറുടെ യൂണിഫോം ലഭിച്ചു...”

അത് ശരി...” മുഖത്തെ രക്തം തുടച്ചുകൊണ്ടിരിക്കുന്ന റയാന് നേരെ കാർവർ തിരിഞ്ഞു. “ഓൾ റൈറ്റ്... ദേ, കിഴവാ, എനിക്ക് ഇന്ന് രാത്രി മുഴുവൻ നിങ്ങളുടെയടുത്ത് കൊച്ചുവർത്തമാനവും പറഞ്ഞ് ഇരിക്കാനുള്ള സമയമില്ല... മര്യാദക്ക് പറയുന്നതാണ് നല്ലത്...”

നിങ്ങൾ പോയി പണി നോക്ക്...” റയാൻ പുച്ഛത്തോടെ പറഞ്ഞു.

നിങ്ങൾ ആള് പരുക്കനാണല്ലോ... പറഞ്ഞാൽ മനസ്സിലാവില്ല അല്ലേ...? എറിക്ക്, ഈ പെണ്ണിനെയൊന്ന് ശ്രദ്ധിച്ചോണേ...” കാർവർ പറഞ്ഞു.

മേരിയുടെ അരികിലെത്തിയ എറിക്ക് കസേരയിൽ നിന്നും അവളെ വലിച്ചെഴുന്നേൽപ്പിച്ച് അവളുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു. “നിനക്ക് വിരോധമൊന്നുമില്ലല്ലോ... എല്ലാവരും ചെയ്യുന്ന കാര്യം തന്നെ...”

അവന്റെ പിടിയിൽ നിന്നും കുതറി മാറാൻ അവളൊരു വിഫലശ്രമം നടത്തി. നിലത്ത് കിടന്ന ശൂലമെടുത്ത് കാർവർ നെരിപ്പോടിലെ കനലിലേക്ക് പൂഴ്ത്തി. “എങ്കിൽ ശരി, പരുക്കൻ മനുഷ്യാ... എന്ത് വേണമെന്ന് ഇപ്പോൾ നിങ്ങൾക്ക് തീരുമാനിക്കാം... ഒന്നുകിൽ എനിക്കറിയേണ്ട കാര്യങ്ങൾ എല്ലാം എന്നോട് പറയുക... അല്ലെങ്കിൽ ഈ ചുട്ടുപഴുത്ത ശൂലം നിങ്ങളുടെ അനന്തിരവളുടെ മുഖത്തായിരിക്കും ഞാൻ വയ്ക്കുക... നഷ്ടപ്പെടാനും മാത്രം വലിയ സൗന്ദര്യമൊന്നും ഇവൾക്കില്ല... പക്ഷേ, അതല്ല പ്രശ്നം... അതോടെ ഇവളുടെ കഥ തന്നെ കഴിഞ്ഞിരിക്കും...”

കുതറി മാറുവാൻ ശ്രമിച്ചെങ്കിലും പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുന്ന എറിക്കിന്റെ ബലിഷ്ഠകരങ്ങളിൽ നിന്നും രക്ഷപെടുവാൻ മേരിക്കായില്ല.

യൂ ബാസ്റ്റഡ്...” റയാൻ അലറി.

ഇതൊക്കെ ഇതിന് മുമ്പും പലരും വിളിച്ചിട്ടുള്ളതാണ്... ഇതുകൊണ്ടൊന്നും ഞാൻ പിന്മാറാൻ പോകുന്നില്ല...” കാർവർ പറഞ്ഞു.

അയാൾ നെരിപ്പോടിൽ നിന്നും ശൂലം പുറത്തെടുത്തു. ചുട്ടുപഴുത്തിരിക്കുകയായിരുന്നു അത്. അയാളത് ആ മേശപ്പുറത്ത് വച്ചു. നിമിഷങ്ങൾക്കകം മേശയുടെ ആ ഭാഗം പുകഞ്ഞു തീ പിടിച്ചു. പിന്നെ ആ ശൂലവുമെടുത്ത് അയാൾ മേരിയുടെ നേർക്ക് നീങ്ങി. അവൾ ഉച്ചത്തിൽ അലറി വിളിച്ചു.

അത് കണ്ട റയാൻ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. “അരുത്... ഞാൻ പറയാം...”

എങ്കിൽ ശരി...” കാർവർ പറഞ്ഞു. “അയാളുടെ പേര്...?”

ഡെവ്ലിൻ... ലിയാം ഡെവ്ലിൻ...”

“IRA പ്രവർത്തകൻ.... ശരിയല്ലേ...?”

എന്ന് പറയാം...”

ആരായിരുന്നു അയാളോടൊപ്പം...?”

റയാൻ ഒന്ന് സംശയിച്ച് നിന്നു. കാർവർ തിരിഞ്ഞ് ശൂലം കൊണ്ട് മേരിയുടെ സ്വെറ്ററിന്റെ ഒരറ്റത്ത് തൊട്ടു. ആ ഭാഗത്ത് നിന്നും പുകച്ചുരുളുകൾ ഉയർന്നു. “ഞാൻ തമാശ പറയുകയാണെന്ന് കരുതിയോ നിങ്ങൾ...?”

ജർമ്മൻകാർക്ക് വേണ്ടിയുള്ള ഒരു ദൗത്യത്തിലാണദ്ദേഹം... ഇവിടെ ലണ്ടനിലെ ഒരു ജയിലിൽ നിന്നും ഒരു തടവുകാരനെ രക്ഷിക്കുന്ന ദൗത്യം...”

ഇപ്പോൾ എവിടെയാണയാൾ...?”

റോംനിയ്ക്ക് അടുത്തുള്ള ഒരു സ്ഥലത്തേക്ക് പോയിരിക്കുകയാണ്... അവിടെയെത്തുന്ന ഒരു വിമാനത്തിൽ അവർ രാജ്യം വിടും...”

ഈ മൂടൽമഞ്ഞിലോ...? അതിന് കുറച്ചൊന്നും ഭാഗ്യം പോരാ അയാൾക്ക്... ആട്ടെ, എന്താണ് ആ സ്ഥലത്തിന്റെ പേര്...?”

റയാൻ വീണ്ടും മൗനം പൂണ്ടു. കാർവർ ആ ശൂലം കൊണ്ട് മേരിയുടെ മുടിയിൽ സ്പർശിച്ചു. മുടി കരിഞ്ഞ ഗന്ധം ഉയർന്നതും അവൾ അലറി വിളിച്ചു.

റയാൻ ആകെ തകർന്നു പോയിരുന്നു. ഡെവ്ലിനെ ഒറ്റിക്കൊടുക്കുവാൻ അയാൾക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ, ആ അവസ്ഥയിൽ അയാൾക്ക് മുന്നിൽ മറ്റ് മാർഗ്ഗമൊന്നും തന്നെ ഉണ്ടായിരുന്നില്ല. “ഞാൻ പറഞ്ഞല്ലോ, റോംനിയ്ക്ക് അടുത്തുള്ള ഒരു സ്ഥലമാണ്...”

മൈക്കിൾ അങ്കിൾ... പ്ലീസ്... പറയരുതേ...” അവൾ വിളിച്ചു പറഞ്ഞു.

ചാർബറി എന്നൊരു ഗ്രാമത്തിൽ... ഷാ പ്ലേസ് എന്നാണ് വീടിന്റെ പേര്...”

“വണ്ടർഫുൾ...” കാർവർ ശൂലം നെരിപ്പോടിനരികിലേക്ക് ഇട്ടു. “അപ്പോൾ നമ്മുടെ പ്രകടനം മോശമായില്ല...” അയാൾ എറിക്കിന് നേരെ തിരിഞ്ഞു. “ഇനി കുറച്ച് നേരം നമുക്ക് ഗ്രാമപ്രദേശത്തേക്ക് ഒരു ഡ്രൈവ് ആയാലോ...?”

ഒരു വിരോധവുമില്ല ജാക്ക്...” എറിക്ക് അവളുടെ കഴുത്തിൽ വീണ്ടും അമർത്തി ചുംബിച്ചു. “പോകുന്നതിന് മുമ്പ് ഈ മാഡവുമായി മുകളിലത്തെ ബെഡ്റൂമിൽ ഒരു പത്ത് മിനിറ്റ്...”

ഭയവും അതിനേക്കാൾ വെറുപ്പും കൊണ്ട് അലറി വിളിച്ചു കൊണ്ട് തിരിഞ്ഞ അവൾ അവന്റെ മുഖത്ത് അള്ളിപ്പിടിച്ചു. നഖങ്ങൾ ആഴ്ന്നിറങ്ങിയ വേദനയിൽ അവളെ സ്വതന്ത്രയാക്കിയ അവൻ കൈ നിവർത്തി ആഞ്ഞൊരു പ്രഹരം കൊടുത്തു. പേടിച്ചരണ്ട അവൾ പിന്നോട്ട് നീങ്ങി. അവളെ പിടിക്കുവാനായി സാവധാനം മുന്നോട്ട് നീങ്ങിയ എറിക്ക് അവളെയും താണ്ടി അടുക്കളയുടെ വാതിൽ തുറന്നു. തന്നെ കടന്നു പിടിച്ചതും കാലുയർത്തി അവനെ തൊഴിക്കുവാൻ ശ്രമിച്ചുവെങ്കിലും അതിന്റെ ആയാസത്തിൽ വേച്ച് പിറകോട്ട് പോയ അവൾ ടെറസിലെ അരമതിലിൽ ചെന്ന് ഇടിച്ചു. അടുത്ത നിമിഷം ഒരു ആർത്തനാദത്തോടെ മതിലിന് മുകളിലൂടെ പിറകോട്ട് മറിഞ്ഞ അവൾ ഇരുട്ടിൽ അപ്രത്യക്ഷയായി.

അലറി വിളിച്ചുകൊണ്ട് അങ്ങോട്ടോടാൻ ശ്രമിച്ച റയാനെ കാർവർ കോളറിൽ പിടിച്ച് നിർത്തി. ചെവിയ്ക്ക് പിന്നിൽ ബ്രൗണിങ്ങിന്റെ ബാരൽ മുട്ടിച്ച് പിടിച്ചിട്ട് അയാൾ എറിക്കിന് നേരെ തിരിഞ്ഞു. “അവൾക്ക് എന്ത് പറ്റി എന്ന് താഴെ പോയി നോക്കൂ...”

മല്ലിടൽ അവസാനിപ്പിച്ച റയാൻ നിശ്ശബ്ദനായി കാത്തു നിന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് പടവുകൾ കയറി മുകളിലെത്തിയ എറിക്കിന്റെ മുഖം വിളറി വെളുത്തിരുന്നു. “അവളുടെ കഥ കഴിഞ്ഞു ജാക്ക്... താഴെ ബോട്ട് ജെട്ടിയിലേക്കാണ് വീണത്... കഴുത്ത് ഒടിയുകയോ മറ്റോ ചെയ്തിരിക്കാം...”

നിയന്ത്രണം വിട്ട റയാൻ കാർവറെ ചവിട്ടി ദൂരേയ്ക്ക് തെറിപ്പിച്ചു. പിന്നെ തിരിഞ്ഞ് ശൂലമെടുത്ത് ഉയർത്തി അയാളെ പ്രഹരിക്കുവാനായി മുന്നോട്ട് കുതിച്ചു. കാർവറിന്റെ ബ്രൗണിങ്ങിൽ നിന്നും ഉതിർന്ന വെടിയുണ്ട റയാന്റെ ഹൃദയത്തിൽ തുളച്ചു കയറി.

ഏതാനും നിമിഷനേരത്തെ മൗനത്തിന് ശേഷം മുഖത്തെ രക്തം വടിച്ചു കളഞ്ഞിട്ട് എറിക്ക് ചോദിച്ചു. “ജാക്ക്, ഇനി എന്ത്...?”

ആദ്യം ഇവിടെ നിന്നും പുറത്ത് കടക്കുക...”

കിച്ചൺ ഡോർ ചാരിയിട്ട് എറിക്ക് കാർവറിനെ അനുഗമിച്ചു. കേബിൾ വാർഫിലെ കോർണർ താണ്ടി അവർ കാറിനരികിലെത്തി. ഉള്ളിൽ കയറി ഇരുന്ന് ഒരു നിമിഷം കഴിഞ്ഞ് കാർവർ ഒരു സിഗരറ്റിന് തീ കൊളുത്തി. “ RAC മാപ്പ് ബുക്ക് എവിടെ...?”

ഡാഷ് ബോർഡിലെ കമ്പാർട്ട്മെന്റ് തുറന്ന് അതെടുത്ത് എറിക്ക് ജ്യേഷ്ഠന് കൊടുത്തു. അയാൾ പേജുകൾ മറിച്ചു നോക്കി. “കിട്ടിപ്പോയി... ഇതാണ് റോംനി മാർഷ്... അതിനടുത്ത് ചാർബറി... നിനക്കോർമ്മയില്ലേ...? യുദ്ധം തുടങ്ങുന്നതിനൊക്കെ മുമ്പ് ഞാൻ നമ്മുടെ അമ്മയെയും നിന്നെയും കൊണ്ട് യാത്ര പോകാറുള്ളത്...? അവിടെ കടലിനടുത്തുള്ള ഒരു  ചിറയിലേക്കായിരുന്നു അത്...”

എറിക്ക് തല കുലുക്കി. “അതെ... അമ്മയ്ക്ക് വളരെ ഇഷ്ടമായിരുന്നു ആ സ്ഥലങ്ങൾ...”

എങ്കിൽ ശരി, നമുക്ക് അങ്ങോട്ട് പോകാം...”

ചാർബറിയിലേക്കോ...?” എറിക്ക് ചോദിച്ചു.

എന്താ പറ്റില്ലേ...? നീ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു കാര്യം ഞാൻ പറയാം... ഡെവ്ലിനെയും പിന്നെ ആ ജർമ്മൻ തടവുകാരനെയും നാം പിടികൂടുന്നു... ഇരുവരെയും പോലീസിനെ ഏൽപ്പിക്കുന്നതോടെ നാം ഈ രാജ്യത്തിന്റെ ഹീറോകളാകുന്നു...” പാതി എരിഞ്ഞു തീർന്ന സിഗരറ്റ് പുറത്തേക്ക് എറിഞ്ഞിട്ട് കാർവർ ഒരു സിഗാർ എടുത്ത് ചുണ്ടിൽ വച്ചു. “മൂവ് ഇറ്റ് എറിക്ക്... മൂവ് ഇറ്റ്...” അയാൾ പിറകോട്ട് ചാരിയിരുന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Monday 21 May 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 46


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

സ്റ്റഡി റൂമിൽ ഹെഡ്ഫോണുമായി റേഡിയോ സെറ്റിന് മുന്നിൽ ഇരിക്കുന്ന ലവീനിയ ആ സന്ദേശം കുറിച്ചു വച്ചു. ഉടൻ തന്നെ അവൾ അതിനുള്ള മറുപടിയും കൊടുത്തു. ‘Message received and understood.’ ഹെഡ്ഫോൺ ഊരി മാറ്റി അവൾ തന്റെ സഹോദരന് നേരെ നോക്കി. നെരിപ്പോടിനരികിൽ തന്റെ ഷോട്ട്ഗൺ തുടച്ചു വൃത്തിയാക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു അയാൾ. അരികിൽ വച്ചിരിക്കുന്ന സ്കോച്ച് ഗ്ലാസ് എടുത്ത് അല്പം അകത്താക്കിയിട്ട് കാൽച്ചുവട്ടിൽ കിടക്കുന്ന വളർത്തുനായയെ അയാൾ നോക്കി.

പത്തുമണിക്ക് മുമ്പ് പുറപ്പെടാൻ കഴിയില്ല എന്നാണ് അവർ പറയുന്നത്... കാലാവസ്ഥ അത്രയ്ക്കും മോശമാണത്രെ...” അവൾ പറഞ്ഞു.

ഫ്രഞ്ച് ജാലകത്തിനരികിൽ ചെന്ന് കർട്ടൻ വലിച്ചു മാറ്റി കതക് തുറന്ന് അവൾ പുറത്തെ മൂടൽമഞ്ഞിലേക്ക് നോക്കിക്കൊണ്ട് നിന്നു. ഷാ അവളുടെ അരികിലെത്തി.

ഞാൻ കരുതിയത് ഈ മൂടൽമഞ്ഞ് എന്തുകൊണ്ടും നല്ലതായിരിക്കും എന്നായിരുന്നു... ആരാലും ശ്രദ്ധിക്കപ്പെടാതെ രഹസ്യമായി ലാന്റ് ചെയ്യുവാൻ...” അയാൾ പറഞ്ഞു.

വിഡ്ഢിത്തരം പറയാതിരിക്കൂ മാക്സ്...” അവൾ പറഞ്ഞു. “ഒരു പൈലറ്റിനെ സംബന്ധിച്ചിടത്തോളം തന്റെ ഏറ്റവും വലിയ എതിരാളിയാണ് മൂടൽമഞ്ഞ് എന്ന് പറയുന്നത്... നിങ്ങൾക്ക് ഓർമ്മയില്ലേ, 1936 ൽ ഒരിക്കൽ ഹെംസ്ലിയിൽ എനിക്ക് ലാന്റ് ചെയ്യാൻ സാധിക്കാതിരുന്നത്...? എയർഫീൽഡിന് മുകളിൽ വട്ടം ചുറ്റി ഒടുവിൽ ഇന്ധനം തീരാറായപ്പോൾ ക്രാഷ് ലാന്റ് ചെയ്ത് മതിലിൽ ചെന്നിടിച്ചത്...? അന്ന് ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം എന്ന് പറയാം...”

സോറി, മൈ ഡിയർ... ഞാനതങ്ങ് മറന്നു പോയി...” ജാലകത്തിലൂടെ പുറത്തേക്ക് എത്തിനോക്കിയ പ്രകാശത്തിൽ ടെറസ്സിൽ വന്ന് പതിച്ച മഴത്തുള്ളികളെ അയാൾ കണ്ടു. “ആഹാ, മഴ ചാറിത്തുടങ്ങിയല്ലോ... ഇനി പെട്ടെന്ന് തന്നെ മഞ്ഞ് മാറിക്കൊള്ളും... നീ ആ ജനാല അടച്ചിട്ട് വരൂ, നമുക്ക് ഒരു ഡ്രിങ്ക് കൂടി അകത്താക്കാം...”

                                                             ***

ഒന്നും മറന്നിട്ടില്ലല്ലോ അല്ലേ...?” മണൽത്തിട്ടയിലേക്ക് കയറ്റി ബോട്ട് നിർത്തവെ റയാൻ ചോദിച്ചു.

നീല നിറത്തിലുള്ള ഓവറോളും ബൂട്ടും ആണ് ഡെവ്ലിൻ ധരിച്ചിരുന്നത്. പോക്കറ്റുകളിൽ ഓരോന്നിലും പരതി നോക്കി ഉറപ്പു വരുത്തിയിട്ട് അദ്ദേഹം പറഞ്ഞു. “എല്ലാം അതാതിന്റെ സ്ഥാനങ്ങളിലുണ്ട്...”

എന്നെയും കൂടി ഒപ്പം വരുവാൻ നിങ്ങൾ അനുവദിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ച് പോകുകയാണ്...”

ഞാൻ പറഞ്ഞല്ലോ മൈക്കിൾ... ഇത് എന്റെ മാത്രം പ്രശ്നമാണെന്ന്... വീണ്ടും പറയുന്നു, എന്തെങ്കിലും അപകടത്തിന്റെ നേരിയ സൂചന പോലും ലഭിച്ചാൽ നിങ്ങളും മേരിയും ഉടൻ സ്ഥലം വിട്ടിരിക്കണം...  എന്തായാലും ഈ മൂടൽമഞ്ഞ് തൽക്കാലം നമുക്കൊരു ആശ്വാസമാണ്...” തിരിഞ്ഞ് മേരിയെ നോക്കി ആ ഇരുട്ടിൽ അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. “നിന്റെ ഊഹം ശരിയായിരുന്നു കുട്ടീ...”

അരികിലെത്തിയ അവൾ അദ്ദേഹത്തിന്റെ കവിളിൽ ഒരു മുത്തം നൽകി. “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, മിസ്റ്റർ ഡെവ്ലിൻ... നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്...”

അപ്പോൾ പിന്നെ ഒന്നും ഭയക്കാനില്ല...” പുറത്തിറങ്ങി അദ്ദേഹം ഇരുട്ടിലേക്ക് അപ്രത്യക്ഷനായി.

മുമ്പ് വന്നപ്പോൾ ഉണ്ടായിരുന്നത്ര വെള്ളം ഇത്തവണ ടണലിൽ ഉണ്ടായിരുന്നില്ല. ടോർച്ചിന്റെ വെട്ടത്തിൽ മുന്നോട്ട് നീങ്ങിയ ഡെവ്ലിൻ ഗ്രിൽ ഇളക്കി മാറ്റിയ കവാടത്തിന് മുന്നിൽ എത്തിയപ്പോൾ നിന്നു. അദ്ദേഹം വാച്ചിൽ നോക്കി. എട്ട് മണി കഴിഞ്ഞ് ഏതാനും നിമിഷങ്ങൾ ആയിരിക്കുന്നു. ഉള്ളിൽ കടന്ന് ശബ്ദമുണ്ടാക്കാതെ വെള്ളത്തിലൂടെ കരുതലോടെ നീങ്ങി സാവധാനം അദ്ദേഹം പടവുകൾ കയറുവാൻ തുടങ്ങി.

                                                       ***

കരുതിയതിലും അല്പം മുമ്പേ തന്റെ ജോലി തീർക്കുവാൻ കഴിഞ്ഞതിനാൽ ഡ്രൈവറെ വിളിച്ചു വരുത്തി ഡോഗൽ മൺറോ തന്റെ സ്റ്റാഫ് കാറിൽ സെന്റ് മേരീസ് പ്രിയോറിയിലേക്ക് പുറപ്പെട്ടു. കനത്ത മൂടൽമഞ്ഞ് വ്യാപിച്ചിരുന്നതിനാൽ വളരെ പ്രയാസപ്പെട്ടായിരുന്നു അവരുടെ യാത്ര. പതിനഞ്ച് മൈൽ വേഗതയിൽ കൂടുതൽ ഒരിക്കലും അവർക്ക് ആർജ്ജിക്കാനായില്ല. ഒടുവിൽ പ്രിയോറിയുടെ കവാടത്തിന് മുന്നിൽ എത്തുമ്പോൾ എട്ട് മണി കഴിഞ്ഞ് ഏതാനും നിമിഷങ്ങൾ ആയിരുന്നു.

ഞാൻ അധികം വൈകില്ല...” ഡ്രൈവറോട് പറഞ്ഞിട്ട് അദ്ദേഹം പുറത്തിറങ്ങി.

കാർ റോഡിൽ നിന്നും അല്പം മാറ്റി ഇടണം സർ... അല്ലെങ്കിൽ ഈ മൂടൽമഞ്ഞിൽ ആരെങ്കിലും പിന്നിൽ വന്ന് ഇടിക്കാൻ സാദ്ധ്യതയുണ്ട്... അവിടെ ഒരു ചെറിയ പാർക്കിങ്ങ് ഏരിയ ഉണ്ട്... ഞാൻ അവിടെ ഉണ്ടായിരിക്കും...” ഡ്രൈവർ പറഞ്ഞു.

അത് സാരമില്ല... ഞാൻ അവിടെ വന്ന് കണ്ടുപിടിച്ചോളാം...” പ്രിയോറിയുടെ കവാടത്തിലെ പടവുകൾ കയറി മൺറോ കോളിങ്ങ് ബെൽ അമർത്തി.

ഗേറ്റ് തുറന്ന് കാവൽക്കാരൻ എത്തി നോക്കി. “ഗുഡ് ഈവനിങ്ങ് ബ്രിഗേഡിയർ...”

സിസ്റ്റർ മരിയ സ്ഥലത്തുണ്ടോ...?” മൺറോ ആരാഞ്ഞു.

ഇല്ല സർ... ക്രോംവെൽ ഹോസ്പിറ്റലിൽ നിന്നും ഒരു കോൾ വന്നതിനാൽ അങ്ങോട്ട് പോയിരിക്കുകയാണ്...”

ഓൾ റൈറ്റ്... ഞാൻ മുകളിലത്തെ നിലയിലേക്ക് പോകുകയാണ്... ലെഫ്റ്റ്നന്റ് ബെൻസനെ ഒന്ന് കാണണം...”

ഏതാനും നിമിഷം മുമ്പ് അദ്ദേഹം ചാപ്പലിലേക്ക് പോകുന്നത് കണ്ടു സർ... ഒരു കോർപ്പറലിനോടൊപ്പം ആ ജർമ്മൻ ഓഫീസറെയും കൊണ്ട്...”

റിയലി...?” ഒന്ന് സംശയിച്ചിട്ട് മൺറോ ചാപ്പലിന്റെ വാതിലിന് നേർക്ക് നടന്നു.

                                                          ***

യാതൊരു പ്രതിബന്ധങ്ങളുമില്ലാതെ പടവുകൾ കയറി മുകളിലെത്തി നിശ്ശബ്ദം വാതിൽ തുറന്ന ഡെവ്ലിൻ ആ കാഴ്ച്ച കണ്ട് നടുങ്ങിപ്പോയി. ഏറിയാൽ ആറടി മാത്രം അകലെ പുറം തിരിഞ്ഞ് നിൽക്കുന്ന കോർപ്പറൽ സ്മിത്ത്... ഏതോ ഒരു മതമേലദ്ധ്യക്ഷന്റെ ഛായാ ചിത്രത്തിലേക്ക് നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു അയാൾ. ഏതാനും അടി അകലെ ചാപ്പലിന്റെ വാതിലിന് സമീപത്തായി ബെൻസനും നിലയുറപ്പിച്ചിരിക്കുന്നു. ഡെവ്ലിൻ ഒട്ടും സംശയിച്ചില്ല. കൈയിൽ കരുതിയിരുന്ന സാപ്പ്എടുത്ത് സ്മിത്തിന്റെ പിൻകഴുത്തിൽ ആഞ്ഞ് ഒരു പ്രഹരം കൊടുത്ത ശേഷം വാതിലിന്റെ പിന്നിലേക്ക് മാറി ഒളിച്ച് നിന്നു. ചെറുതല്ലാത്ത ഒരു ഞരക്കത്തോടെ കോർപ്പറൽ കുഴഞ്ഞു വീണു.

ശബ്ദം കേട്ട ബെൻസൻ വിളിച്ചു ചോദിച്ചു. “സ്മിത്ത്...? എന്താണവിടെ...?”

ഇടനാഴിയിലൂടെ ഓടിയെത്തിയ ബെൻസൻ അബോധാവസ്ഥയിൽ വീണ് കിടക്കുന്ന സ്മിത്തിനെ നോക്കി ഒരു നിമിഷം നിന്നു. അപകടം മണത്തറിയുവാൻ ഏതാനും നിമിഷങ്ങൾ വേണ്ടി വന്നു അയാൾക്ക്. പിന്നെ താമസിച്ചില്ല, ഉറയിലിരിക്കുന്ന വെബ്ലി റിവോൾവറിന് നേർക്ക് അയാളുടെ കൈ നീങ്ങി.  

നീട്ടിപ്പിടിച്ച ഇടതുകൈയിൽ സൈലൻസർ ഘടിപ്പിച്ച വാൾട്ടറും വലതുകൈയിൽ സാപ്പും ആയി കതകിന്റെ മറവിൽ നിന്നും ഡെവ്ലിൻ പുറത്തേക്കിറങ്ങി.. “നിന്റെ സ്ഥാനത്ത് ഞാനാണെങ്കിൽ അതിന് തുനിയില്ല മകനേ... ഇതാ, ഈ തോക്കിന് നമ്മൾ ചെറുതായി ഒന്നു ചുമയ്ക്കുന്ന ശബ്ദമേ ഉണ്ടാകൂ... അതുകൊണ്ട് നല്ല കുട്ടിയായി പുറം തിരിഞ്ഞ് നിൽക്കൂ...”

ഡെവ്ലിന്റെ ആജ്ഞ അനുസരിക്കുകയേ അയാൾക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളൂ. തിരിഞ്ഞു നിന്ന അയാളുടെ പിൻകഴുത്തിൽ സ്മിത്തിന് കൊടുത്തത് പോലെ തന്നെ അദ്ദേഹം ഒരു താഡനമേൽപ്പിച്ചു. ഒരു ഞരക്കത്തോടെ മുന്നോട്ടാഞ്ഞ ലെഫ്റ്റ്നനന്റ് ബെൻസൻ മുട്ടുകുത്തി കോർപ്പറൽ സ്മിത്തിന്റെ ശരീരത്തിന് മുകളിലേക്ക് കുഴഞ്ഞ് വീണു. ഒട്ടും സമയം കളയാതെ ഡെവ്ലിൻ അവരുടെ പോക്കറ്റുകൾ പരിശോധിച്ചു. സ്മിത്തിന്റെ കൈവശം മാത്രമേ കൈവിലങ്ങ് ഉണ്ടായിരുന്നുള്ളൂ.

ആർ യൂ ദേർ, കേണൽ...?” ഡെവ്ലിൻ വിളിച്ചു ചോദിച്ചു.

സ്റ്റെയ്നർ കുമ്പസാരക്കൂട്ടിൽ നിന്നും പുറത്തേക്ക് കാലെടുത്തു വച്ചു. പിന്നാലെ എത്തിയ ഫാദർ മാർട്ടിൻ ആ കാഴ്ച്ച കണ്ട് ഞെട്ടിത്തരിച്ച് നിന്നു. “മേജർ കോൺലൻ...! എന്താണിതൊക്കെ...?”

അയാം ട്രൂലി സോറി, ഫാദർ...” അദ്ദേഹത്തെ തിരിച്ച് നിർത്തി കൈകൾ പിന്നോട്ടാക്കി വിലങ്ങ് വച്ചിട്ട് ഡെവ്ലിൻ പറഞ്ഞു.

അടുത്തു കണ്ട ഒരു ചാരുബെഞ്ചിൽ അദ്ദേഹത്തെ കൊണ്ടുപോയി ഇരുത്തിയിട്ട് ഡെവ്ലിൻ പോക്കറ്റിൽ നിന്നും സ്റ്റിക്കിങ്ങ് ടേപ്പ് പുറത്തെടുത്തു. അത് കണ്ട ഫാദർ മാർട്ടിൻ പറഞ്ഞു. “താങ്കൾ ഒരു വൈദികൻ അല്ലെന്നുള്ളത് തീർച്ച...”

പക്ഷേ, എന്റെ അമ്മാവൻ ഒരു വൈദികനായിരുന്നു, ഫാദർ...”

നീ ചെയ്യുന്ന ഈ പാപം ഞാൻ പൊറുത്തിരിക്കുന്നു മകനേ...” ഫാദർ മാർട്ടിൻ തന്റെ വായ് അടച്ച് ടേപ്പ് ഒട്ടിക്കുവാനായി ഇരുന്നുകൊടുത്തു.

ആ നിമിഷമാണ് പുറത്തു നിന്നുമുള്ള വാതിൽ തുറന്ന് ബ്രിഗേഡിയർ ഡോഗൽ മൺറോ ഉള്ളിലെത്തിയത്. എന്തെങ്കിലും ശബ്ദിക്കാൻ അവസരം ലഭിക്കുന്നതിന് മുമ്പേ മൺറോയെ കടന്നുപിടിച്ച് തിരിച്ചു നിർത്തിയ കുർട്ട് സ്റ്റെയ്റുടെ വലതുകരം അദ്ദേഹത്തിന്റെ കഴുത്തിനെ വലയം ചെയ്തു.

അപ്പോൾ ഇത് ആരായിട്ട് വരും...?” ഡെവ്ലിൻ ചോദിച്ചു.

ബ്രിഗേഡിയർ ഡോഗൽ മൺറോ, സ്പെഷൽ ഓപ്പറേഷൻസ് എക്സിക്യൂട്ടിവ്...” സ്റ്റെയ്നർ പറഞ്ഞു.

ശരിക്കും...?” ഡെവ്ലിൻ തന്റെ വാൾട്ടർ ഇടതുകൈയിൽ നിന്നും വലതുകൈയിലേക്ക് മാറ്റിപ്പിടിച്ചു. “ഇത് സൈലൻസർ ഘടിപ്പിച്ചിട്ടുള്ളതാണെന്ന് കണ്ടാലറിയാമല്ലോ ബ്രിഗേഡിയർ... അതുകൊണ്ട് അല്പം വകതിരിവോടെ പെരുമാറുന്നതായിരിക്കും താങ്കൾക്ക് നല്ലത്...”

സ്റ്റെയ്നർ അദ്ദേഹത്തിന്മേലുള്ള പിടുത്തം വിട്ടു. “മൈ ഗോഡ്...! ഡെവ്ലിൻ... ! ലിയാം ഡെവ്ലിൻ...” അമ്പരപ്പോടെ, അതിലേറെ അത്ഭുതത്തോടെ മൺറോ ഉച്ചരിച്ചു.

അതെ, ബ്രിഗേഡിയർ... ഞാൻ തന്നെ...”

എന്തൊക്കെയാണ് ഇനിയുള്ള പരിപാടികൾ...?” സ്റ്റെയ്നർ ചോദിച്ചു.

തികഞ്ഞ ആവേശത്തിലായിരുന്നു ഡെവ്ലിൻ. “ആദ്യം നദിയിലൂടെ ഒരു ചെറിയ ട്രിപ്പ്... പിന്നെ നാട്ടിൻപുറത്ത് കൂടി കുറച്ച് നേരം രസകരമായ കാർ ഡ്രൈവ്... അത്രയും മതി... നാം ഈ രാജ്യത്ത് നിന്നും പുറത്ത് കടന്നിരിക്കും... അപ്പോഴും ഇവരിവിടെ നമ്മളെയും തേടി പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നുണ്ടാകും...”

എന്ന് വച്ചാൽ വിമാനത്തിൽ കടന്നുകളയാനാണ് നിങ്ങളുടെ പദ്ധതി എന്ന്... ഇന്ററസ്റ്റിങ്ങ്...” മൺറോ പറഞ്ഞു.

ഓഹ്... എന്റെയൊരു വായ്... ഒരിക്കലും അടഞ്ഞിരിക്കില്ല...” ഡെവ്ലിൻ ചിരിച്ചു. തോക്കിന്റെ കുഴൽ കൊണ്ട് മൺറോയുടെ കീഴ്ത്താടിയിൽ ചെറുതായി ഒന്ന് തട്ടിയിട്ട് അദ്ദേഹം തുടർന്നു. “താങ്കളെ ഇവിടെ വിട്ടിട്ട് പോയാൽ അടുത്ത നിമിഷം റോയൽ എയർഫോഴ്സ് ആയിരിക്കും ഞങ്ങളുടെ പിന്നാലെ എത്തുക... വേണമെങ്കിൽ താങ്കളെ എനിക്ക് വക വരുത്താം... പക്ഷേ, ഞാനിന്ന് നല്ല മൂഡിലായിപ്പോയി...”

അപ്പോൾ പിന്നെ എന്നെ എന്ത്  ചെയ്യാനാണ് നിങ്ങളുടെ തീരുമാനം...?”

താങ്കളേയും കൂടി ഞങ്ങൾക്ക് കൊണ്ടുപോകേണ്ടി വരും...” ഡെവ്ലിൻ ചിരിച്ചു.  പിന്നെ വാതിൽ തുറന്നുകൊണ്ട് സ്റ്റെയ്നറോട് പറഞ്ഞു. “ഇദ്ദേഹത്തിന്റെ മേൽ ഒരു കണ്ണ് വേണം...”

അപ്പോഴാണ് ഗേറ്റിലെ കാവൽക്കാരൻ ഒരു ട്രേയിൽ കാപ്പിപ്പാത്രവും രണ്ട് കപ്പുകളും ഒരു ജഗ്ഗ് പാലുമായി തന്റെ മുറിയിൽ നിന്നും പുറത്തിറങ്ങിയത്. വേറെ ഏതോ ലോകത്തിലെന്ന പോലെ അയാൾ ചൂളമടിച്ചുകൊണ്ട് സ്റ്റെയർകെയ്സ് വഴി മുകളിലേക്ക് നടന്നു പോയി.

വണ്ടർഫുൾ...” ഡെവ്ലിൻ പറഞ്ഞു. “അപ്പോൾ പിന്നെ നിങ്ങൾക്ക് വെള്ളത്തിൽ ഇറങ്ങേണ്ടി വരില്ല... നമ്മൾ മെയിൻ ഗേറ്റ് വഴി പുറത്ത് കടന്ന് റോഡിലൂടെ നടന്നു പോകുന്നു... മൂടൽമഞ്ഞുള്ളതുകൊണ്ട് ആരും തന്നെ നമ്മെ ശ്രദ്ധിക്കാൻ പോകുന്നില്ല...” ഡെവ്ലിൻ വാതിൽ തുറന്നു. തോക്കിൻകുഴൽ നട്ടെല്ലിൽ മുട്ടിച്ചു പിടിച്ചുകൊണ്ട് അദ്ദേഹം മൺറോയെ മുന്നിൽ നടത്തി. “ഓർമ്മയിരിക്കട്ടെ ബ്രിഗേഡിയർ... ആവശ്യമില്ലാത്ത എന്തെങ്കിലും വാക്കുകൾ താങ്കളിൽ നിന്ന് പുറത്ത് വന്നാൽ ആ നിമിഷം താങ്കളുടെ നട്ടെല്ല് തകർന്ന് തരിപ്പണമായിട്ടുണ്ടാകും...”

പ്രധാന കവാടത്തിന്റെ വാതിൽ തുറന്ന് സ്റ്റെയ്നർ അവരെ നടപ്പാതയിലേക്ക് ഇറക്കിവിട്ടു. കനത്ത മൂടൽമഞ്ഞ് ഒരു പുകമറപോലെ അവർക്ക് ചുറ്റും സുരക്ഷിത വലയം തീർത്തു. തോക്കിൻമുനയിൽ മൺറോയെ മുന്നിൽ നടത്തിക്കൊണ്ട് ഡെവ്ലിനും പിന്നിലായി സ്റ്റെയ്നറും മുന്നോട്ട് നീങ്ങി. ഒരു മനുഷ്യജീവിയെപ്പോലും ആ പരിസരത്തെങ്ങും കാണാനുണ്ടായിരുന്നില്ല. നദിയിലേക്കുള്ള കൽപ്പടവുകളിലൂടെ താഴോട്ടിറങ്ങി മണൽത്തിട്ടയിലെത്തി ഒരു നിമിഷം നിന്നിട്ട് ഡെവ്ലിൻ തോക്ക് സ്റ്റെയ്നറുടെ കൈയിൽ കൊടുത്തു.

എന്റെ സുഹൃത്തുക്കൾ അവിടെ കാത്തിരിക്കുന്നുണ്ട്... ഇദ്ദേഹം അവരെ കാണാനിടയാവുന്നത് അത്ര നല്ല കാര്യമല്ല... രാജ്യദ്രോഹത്തിന്റെ പേരിൽ അവരെ വാൻഡ്സ്വർത്ത് ജയിലിലടച്ച് ചിലപ്പോൾ വധശിക്ഷവരെ വാങ്ങിക്കൊടുക്കുവാൻ സാദ്ധ്യതയുണ്ട്...” ഡെവ്ലിൻ പറഞ്ഞു.

അവർ അത് അർഹിക്കുന്നുവെങ്കിൽ മാത്രം...” മൺറോ പറഞ്ഞു.

അത് ഓരോരുത്തരുടെയും കാഴ്ച്ചപ്പാടിനെ ആശ്രയിച്ചിരിക്കും...”

പോക്കറ്റിൽ കരുതിയിരുന്ന ചരട് എടുത്ത് ഡെവ്ലിൻ ബ്രിഗേഡിയർ മൺറോയുടെ കൈകൾ കൂട്ടിക്കെട്ടി. പിന്നെ തണുപ്പിൽ നിന്നും രക്ഷ നേടാൻ മൺറോ കഴുത്തിൽ ചുറ്റിയിരുന്ന സ്കാർഫ് എടുത്ത് അദ്ദേഹത്തിന്റെ കണ്ണുകൾ മൂടിക്കെട്ടി.

റൈറ്റ്... ലെറ്റ്സ് ഗോ...”

മണൽത്തിട്ടയിലൂടെ അവർ മുന്നോട്ട് നടന്നു. ഡെവ്ലിന്റെ ഒരു കൈ മൺറോയുടെ കൈമുട്ടിൽ പിടിച്ചിരുന്നു. നിമിഷങ്ങൾക്കകം അവർ ബോട്ട് കിടന്നിരുന്ന സ്ഥലത്ത് എത്തി. ഇരുട്ടിൽ നിന്നും അവ്യക്തമായി ബോട്ടിന്റെ രൂപം തെളിഞ്ഞു വന്നു.

ലിയാം... നിങ്ങളാണോ അത്...?” റയാന്റെ പതിഞ്ഞ സ്വരം അവർക്ക് കേൾക്കാനായി.

അതെ, ഞാൻ തന്നെ... നൗ, ലെറ്റ്സ് ഗെറ്റ് ദി ഹെൽ ഔട്ട് ഓഫ് ഹിയർ...” ഡെവ്ലിൻ പറഞ്ഞു.

                                                          ***
ബെഡ്റുമിൽ കയറി തന്റെ ഓവറോൾ മാറ്റിഡെവ്ലിൻ, വൈദികർ ധരിക്കുന്ന സ്യൂട്ടും അതിന് മുകളിൽ കടും നിറത്തിലുള്ള ഒരു പോളോ നെക്ക് സ്വെറ്ററും ധരിച്ചു. പിന്നെ, അത്യാവശ്യമുള്ള സാധനങ്ങളെല്ലാം എടുത്ത് തന്റെ ക്യാരി ബാഗിൽ നിറച്ചു. ല്യൂഗർ പിസറ്റളും വാൾട്ടർ ഗണ്ണും ബാഗിനുള്ളിൽ തിരുകുവാൻ അദ്ദേഹം മറന്നില്ല. കാലുറയ്ക്കുള്ളിൽ കണങ്കാലിലെ ഉറയിൽ തപ്പി നോക്കി സ്മിത്ത് & വെസ്സൺ തോക്ക് അവിടെ ഉണ്ടെന്ന് ഉറപ്പു വരുത്തിയിട്ട് ബാഗുമെടുത്ത് അദ്ദേഹം പുറത്തിറങ്ങി. കിച്ചണിലെ ടേബിളിനരികിൽ റയാനോടൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കുന്ന സ്റ്റെയ്നറെ അത്ഭുതത്തോടെ വീക്ഷിച്ചുകൊണ്ട് മേരി ഇരിക്കുന്നുണ്ടായിരുന്നു.

“യാത്ര ചെയ്യുവാനുള്ള ആരോഗ്യമൊക്കെ ഉണ്ടല്ലോ അല്ലേ കേണൽ...?” ഡെവ്‌ലിൻ ചോദിച്ചു.

“ഒരു സംശയവും വേണ്ട മിസ്റ്റർ ഡെവ്‌ലിൻ...”

ഷായെ കാണുവാൻ പോയ ദിവസം ആർമി & നേവി ക്ലബ്ബിൽ നിന്നും മോഷ്ടിച്ച ആ മിലിട്ടറി ട്രെഞ്ച് കോട്ട് ഡെവ്‌ലിൻ അദ്ദേഹത്തിന് നേർക്ക് എറിഞ്ഞു കൊടുത്തു. ഇത് അണിഞ്ഞാൽ പിന്നെ നിങ്ങളുടെ യൂണിഫോം ആരും ശ്രദ്ധിക്കില്ല... മേരീ... ഒരു സ്കാർഫ് ഉണ്ടാകുമോ എടുക്കാൻ...?”

“തീർച്ചയായും...” അവൾ ഓടിപ്പോയി ഒരു വെള്ള സിൽക്ക് സ്കാർഫ് എടുത്തുകൊണ്ടു വന്ന് സ്റ്റെയ്നർക്ക് കൊടുത്തു.

“വളരെ നന്ദി...” അദ്ദേഹം പറഞ്ഞു.

“റൈറ്റ്... എന്നാലിനി നമുക്ക് പുറപ്പെടാം...” കോണിപ്പടികൾ ഇറങ്ങി താഴെയെത്തിയ ഡെവ്‌ലിൻ സ്റ്റെയർകെയ്സിനടിയിലെ വലിയ കബോർഡിന്റെ വാതിൽ തുറന്നു. കൈകളും കണ്ണും കെട്ടപ്പെട്ട ബ്രിഗേഡിയർ മൺറോയോട് അദ്ദേഹം ചോദിച്ചു. “ഞങ്ങളോടൊപ്പം പോരുകയല്ലേ ബ്രിഗേഡിയർ...?”

അലമാരയുടെ ഉള്ളിൽ നിന്നും മൺറോയെ പുറത്തിറക്കി അദ്ദേഹത്തെയും കൊണ്ട് ഡെവ്‌ലിൻ വാതിൽക്കലേക്ക് നടന്നു. റയാനാകട്ടെ, ഗ്യാരേജിൽ നിന്നും വാൻ പുറത്തിറക്കി റോഡിൽ തയ്യാറാക്കി നിർത്തിയിട്ടുണ്ടായിരുന്നു. മൺറോയെ പിറകിലെ സീറ്റിലേക്ക് പിടിച്ചിരുത്തിയതിന് ശേഷം ഡെവ്‌ലിൻ വാച്ചിൽ നോക്കി.

“ഒമ്പത് മണി ആയി... രണ്ട് മണിക്കൂർ ഡ്രൈവ് ഉണ്ട്... ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ, മൈക്കിൾ...?”

പരസ്പരം ഹസ്തദാനം നൽകിയിട്ട് ഡെവ്‌ലിൻ മേരിയുടെ നേർക്ക് തിരിഞ്ഞു. അവളുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. തന്റെ ബാഗ് വാനിനുള്ളിൽ വച്ചിട്ട് അദ്ദേഹം ഇരുകൈകളും വിടർത്തി നിന്നു. ആ കൈകളിലേക്ക് ഓടിയെത്തി നെഞ്ചിൽ മുഖം പൂഴ്ത്തിയ മേരിയെ ഡെവ്‌ലിൻ ആലിംഗനം ചെയ്തു.

“ഏറ്റവും മഹത്തായ ഒരു ജീവിതം നിനക്ക് ആശംസിക്കുന്നു കുട്ടീ... എ വണ്ടർഫുൾ ഗേൾ യൂ ആർ...”

“ഒരിക്കലും മറക്കാനാവില്ല നിങ്ങളെ എനിക്ക്... എന്നും രാത്രി നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നതായിരിക്കും...” കരച്ചിൽ നിർത്താൻ അവൾക്കായില്ല.

വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയത് പോലെ... ഒന്നും ഉരിയാടാനാവാതെ അവളെ അടർത്തിമാറ്റി ഡെവ്‌ലിൻ വാനിൽ കയറി സ്റ്റെയ്നറുടെ അരികിൽ ഇരുന്നു.

“എ നൈസ് ഗേൾ...” സ്റ്റെയ്നർ പറഞ്ഞു.

“യെസ്...” ഡെവ്‌ലിൻ പറഞ്ഞു. “ഇവരെയും അതുപോലെ ആ വൃദ്ധവൈദികനെയും ഒന്നും ഞാൻ ഇതിൽ ഉൾപ്പെടുത്താൻ പാടില്ലായിരുന്നു... പക്ഷേ, എന്റെ മുന്നിൽ മറ്റ് മാർഗ്ഗമില്ലായിരുന്നു...”

“എന്ത് ചെയ്യാം... നമ്മുടെയൊക്കെ പ്രവർത്തന രംഗം ഇതായിപ്പോയില്ലേ, മിസ്റ്റർ ഡെവ്‌ലിൻ...” പിൻസീറ്റിൽ നിന്നും മൺറോ പറഞ്ഞു. “ഒരു കാര്യം കൂടി... എന്റെ ജിജ്ഞാസയെ ശമിപ്പിക്കുവാൻ വേണ്ടി മാത്രം... വർഗാസിന് എവിടെയാണ് തെറ്റ് പറ്റിയത്...?”

“ഓ, അത്... അയാൾ ഒരു ഡബിൾ ഏജന്റാണെന്ന കാര്യത്തിൽ തുടക്കം മുതൽക്കേ എനിക്ക് സംശയമുണ്ടായിരുന്നു...” ഡെവ്‌ലിൻ പറഞ്ഞു. “നിങ്ങൾ ഞങ്ങളെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുന്ന ഒരു പ്രതീതി... അങ്ങനെയാണ് ഞങ്ങൾക്ക് തോന്നിയത്... നിങ്ങളെ കബളിപ്പിക്കുന്നതിന് ഒരേയൊരു മാർഗ്ഗം മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ... വർഗാസിനെയും കബളിപ്പിക്കുക... അതുകൊണ്ടാണ് വർഗാസിന് ഇപ്പോഴും ബെർലിനിൽ നിന്നും സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നത്...”

“അപ്പോൾ നിങ്ങൾ നിങ്ങളുടേതായ ബന്ധങ്ങൾ മാത്രം ഉപയോഗിച്ചു... പക്ഷേ, IRA ഇപ്പോൾ അത്ര സജീവമല്ലോ ബ്രിട്ടനിൽ... ശരിയല്ലേ...?”

“അതെ... അതാണ് സത്യം...”

“യൂ ആർ എ ക്ലെവർ ബാസ്റ്റഡ്.... പറയാതിരിക്കാൻ കഴിയില്ല... പക്ഷേ, പഴയ ഒരു ചൊല്ലുണ്ട്... മറക്കണ്ട... കപ്പിനും ചുണ്ടിനും ഇടയിൽ നിന്നും പലതും വഴുതിപ്പോകും എന്ന്...”

“എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്...?”

“മൂടൽമഞ്ഞ്, മിസ്റ്റർ ഡെവ്‌ലിൻ... മൂടൽമഞ്ഞ്...” ഡോഗൽ മൺറോ പറഞ്ഞു.

(തുടരും


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...