Friday 13 April 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 41


നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ശക്തിയോടെ കതക് തള്ളിത്തുറന്ന് മുറിയിലേക്ക് പ്രവേശിച്ച ഇൽസിനെ കണ്ട് ഷെല്ലെൻബെർഗ് അന്തം വിട്ടു. ആവേശം നിറഞ്ഞ മുഖവുമായി വോഗനും അവളുടെ തൊട്ടു പിന്നിൽത്തന്നെ ഉണ്ടായിരുന്നു.

എന്ത് അത്ഭുതമാണിപ്പോൾ ഇവിടെ സംഭവിച്ചത്...?” ഷെല്ലെൻബെർഗ് ചോദിച്ചു.

ഒന്ന് പെട്ടെന്ന് റേഡിയോ റൂമിലേക്ക് വരൂ ജനറൽ... ലണ്ടനിൽ നിന്നും ഡെവ്ലിൻ ലൈനിൽ ഉണ്ട്...”

                                                         ***

കിച്ചൺ ടേബിളിന് മുകളിൽ റേഡിയോ വച്ചിട്ട് ഡെവ്ലിൻ ഏരിയലുകൾ ലൂപ്പ് ചെയ്ത് ചുമരിലൂടെ വലിച്ചു കെട്ടി. പിന്നെ റേഡിയോ ഓൺ ചെയ്തു. റയാനും മേരിയും അദ്ദേഹത്തിന്റെ പ്രവൃത്തികൾ അത്ഭുതത്തോടെ നോക്കിക്കൊണ്ടു നിൽക്കുന്നുണ്ടായിരുന്നു. ഡെവ്ലിൻ പതുക്കെ മോഴ്സ് കോഡ് ടൈപ്പ് ചെയ്തു തുടങ്ങി.

ജീസസ്...!” അമ്പരപ്പോടെ ഡെവ്ലിൻ പുരികം ചുളിച്ചു. പിന്നെ വീണ്ടും എന്തൊക്കെയോ അദ്ദേഹം ടൈപ്പ് ചെയ്യുന്നത് അവർ കണ്ടു നിന്നു. ഏതാനും നിമിഷം കഴിഞ്ഞ്  റേഡിയോ ഓഫ് ചെയ്തിട്ട് അദ്ദേഹം മേരിയെ നോക്കി. “ഇത്രയും മതി... ഇനി ആ ഏരിയലുകൾ ചുരുട്ടിക്കോളൂ...”

മേരി ചുമരിനരികിൽ ചെന്ന് ഏരിയൽ വയറുകൾ ചെറിയ ചുരുളുകളായി ചുറ്റിയെടുത്തു.

എല്ലാം ഓകെ അല്ലേ ലിയാം...?” റയാൻ ചോദിച്ചു.

ഒന്നും ഓകെ അല്ല... എല്ലാം മാറി മറിഞ്ഞിരിക്കുന്നു സുഹൃത്തേ... ഇരുപത്തിയൊന്നാം തീയ്യതി ആകുമ്പോഴേക്കും സ്റ്റെയ്നറെയും കൊണ്ട് ഫ്രാൻസിൽ തിരിച്ചെത്തുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ... എന്നാൽ ഇപ്പോൾ അവർ പറയുന്നു, ആ മഹത്തായ കോൺഫറൻസ് നടക്കാൻ പോകുന്നത് പതിനഞ്ചാം തീയ്യതിയാണെന്ന്... ഇന്നാണെങ്കിൽ തീയ്യതി പന്ത്രണ്ടും... എന്ന് വച്ചാൽ ഒട്ടും തന്നെ സമയമില്ല നമുക്ക്...”

പതിനഞ്ചാം തീയ്യതി അവിടെ എത്തുക എന്നത് സാദ്ധ്യമാണോ ലിയാം...?”

നേരം വെളുത്തിട്ട് ആദ്യം നാം ചെയ്യാൻ പോകുന്നത് റോംനി മാർഷിലേക്ക് പോകുക എന്നതാണ്... ഷാ പ്ലേസിലെ സ്ഥിതി എന്താണെന്ന് അറിയേണ്ടതുണ്ട്...” ഡെവ്ലിൻ മേരിയുടെ നേർക്ക് തിരിഞ്ഞു. “നാളെ ഞങ്ങളുടെയൊപ്പം ഗ്രാമപ്രദേശത്തേക്ക് വരുന്നുണ്ടോ നീ...?”

പിന്നെന്താ... ഞാൻ റെഡി...”

ഗുഡ്... എന്നാൽ ഞാൻ ഷായെ ഒന്ന് വിളിച്ചു നോക്കട്ടെ... നാളെ അങ്ങോട്ട് ചെല്ലുന്നുണ്ടെന്ന് അറിയിക്കാം...”

                                                      ***

തന്റെ ഓഫീസിൽ തിരികെയെത്തിയ ഷെല്ലെൻബെർഗ് ഡെവ്ലിന്റെ സന്ദേശം ഒന്നു കൂടി വായിച്ചു നോക്കിയിട്ട് ചിന്തയിൽ മുഴുകി. വോഗനും ഇൽസും അദ്ദേഹത്തെ വീക്ഷിച്ചു കൊണ്ട് നിന്നു.

അപ്പോൾ കാര്യങ്ങൾ ഇതുവരെയെത്തി...” ഷെല്ലെൻബെർഗ് പറഞ്ഞു. “അദ്ദേഹം തന്റെ പഴയ IRA സുഹൃത്തിന്റെ വീട്ടിലാണ്... ഷായുമായും സ്റ്റെയ്നറുമായും അദ്ദേഹം ബന്ധം  പുലർത്തിക്കഴിഞ്ഞു...”

ഇതുവരെ എല്ലാം നമ്മുടെ പ്ലാൻ പ്രകാരം തന്നെ...” വോഗൻ പറഞ്ഞു.

ആയിരിക്കാം... പക്ഷേ, പതിനഞ്ചാം തീയ്യതി തിരികെയെത്തുക എന്ന് പറഞ്ഞാൽ... തീർത്തും അസാദ്ധ്യം തന്നെ... ഡെവ്ലിനെക്കൊണ്ടു പോലും പറ്റില്ല...” ഷെല്ലെൻബെർഗ് വിഷാദമൂകനായി.

ഞാൻ ആലോചിക്കുകയായിരുന്നു... ഈ ഡെവ്ലിന് അസാദ്ധ്യമായി ഈ ലോകത്ത് എന്തെങ്കിലും ഉണ്ടോ എന്ന്...” വോഗൻ പറഞ്ഞു.

നാളെ എന്തിനും റെഡിയായി ഇരിക്കുക...” ഷെല്ലെൻബെർഗ് പറഞ്ഞു. “അതായിരുന്നു അദ്ദേഹത്തിന്റെ അവസാന നിർദ്ദേശം... എന്തായാലും നമുക്ക് നോക്കാം...” അദ്ദേഹം എഴുന്നേറ്റു. “കാന്റീനിൽ ചെന്നാൽ ഒരു ഷാംപെയ്ൻ കിട്ടാൻ വഴിയുണ്ടോ ഈ നേരത്ത്...? അഥവാ ഇനി ഇല്ലെങ്കിൽ അവിടെ എന്താണ് ഉള്ളതെന്ന് വച്ചാൽ അത് കൊണ്ട് നമുക്ക് ആഘോഷിക്കാം...”

                                                         ***

തെംസിന് തെക്ക് നിന്നും അവർ മെയ്ഡ്സ്റ്റണിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു. റയാൻ ആയിരുന്നു വാൻ ഓടിച്ചിരുന്നത്. ഡെവ്ലിൻ മുൻഭാഗത്ത് അയാൾക്കരികിലെ സീറ്റിൽ തന്നെ സ്ഥാനം  പിടിച്ചിരുന്നു. തന്റെ മിലിട്ടറി യൂണിഫോം അദ്ദേഹം എടുത്തിരുന്നില്ല. എങ്കിലും ഡോഗ് കോളർ ഉള്ള വൈദികവേഷത്തിന് മുകളിൽ ഒരു ട്രെഞ്ച് കോട്ട് ധരിച്ചിട്ടുണ്ട് അദ്ദേഹം. കറുത്ത നിറമുള്ള ഹാറ്റ് ഒരു ഭാഗത്തെ ചെവിയുടെ മുകളിലേക്ക് ചരിച്ച് വച്ചിരിക്കുന്നു.

റയാൻ തന്റെ വാനിന്റെ കണ്ടീഷനെക്കുറിച്ച് പറഞ്ഞത് നൂറ് ശതമാനവും ശരിയായിരുന്നു. കണ്ടാൽ അറുപഴഞ്ചൻ ആണെങ്കിലും ഫോർഡ് എൻജിൻ ചുറുചുറുക്കുള്ളത് തന്നെയായിരുന്നു.

നിങ്ങൾ പറഞ്ഞത് ശരിയാണ് മൈക്കിൾ...” ഡെവ്ലിൻ പറഞ്ഞു. “ഈ വാൻ ശരിക്കും ഒരു പന്തയക്കുതിര തന്നെ...”

ഒരു സംശയവും വേണ്ട... ബ്രൂക്ക്ലാന്റ്സിൽ ഇപ്പോഴും മത്സരമുണ്ടെങ്കിൽ ഈ വണ്ടിയും കൊണ്ട് മത്സരിക്കാൻ ഞാൻ തയ്യാറാണ്...” റയാൻ പുഞ്ചിരിച്ചു.

പതിവ് പോലെ ഒരു പുസ്തകവും വായിച്ചുകൊണ്ട് മേരി പിൻസീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു.

ആർ യൂ ഓൾറൈറ്റ് ദേർ...?” ഡെവ്ലിൻ ചോദിച്ചു.

അയാം ഫൈൻ...”

കുറച്ചു കൂടി കഴിയട്ടെ... ചായ കുടിക്കാനായി നമുക്ക് നിർത്താം...”

മെയ്ഡ്സ്റ്റണിൽ എത്തിയതും റയാൻ നഗരം മുഴുവനും ഒരു വട്ടം ഒന്ന് ചുറ്റി. ഒരു സൈക്കിൾ ഷോപ്പ് കണ്ടുപിടിക്കുക എന്നതായിരുന്നു ലക്ഷ്യം. ഡെവ്ലിൻ പുറത്തിറങ്ങി അര ഡസൻ സൈക്കിൾ ലാമ്പുകളും അവയ്ക്ക് വേണ്ട പുതിയ ബാറ്ററികളും വാങ്ങി തിരികെയെത്തി.

അയാളുടെ സ്റ്റോക്ക് ഞാൻ കാലിയാക്കി എന്ന് പറയുന്നതായിരിക്കും ശരി...” ഡെവ്ലിൻ പറഞ്ഞു. “ദേവാലയത്തിന്റെ സ്കൗട്ട് ട്രൂപ്പിന് വേണ്ടിയാണെന്ന് ഞാൻ പറഞ്ഞു. അയാൾക്ക് ഒരു സംശയവും തോന്നിയില്ല അതിൽ... ഈ ഡോഗ് കോളർ അത്യാവശ്യ ഘട്ടങ്ങളിൽ തുണയ്ക്കെത്തുന്നു എന്നത് ഒരാശ്വാസം തന്നെ...”

അല്ല, ശരിക്കും ഈ സൈക്കിൾ ലാമ്പുകൾ എന്തിനാണ് ഇപ്പോൾ...?” മേരി ചോദിച്ചു.

ഡിയർ ഗേൾ... രാത്രികാലത്തെ ഇരുട്ടിലൂടെ പറന്നെത്തുന്ന വിമാനം ലക്ഷ്യം നഷ്ടപ്പെട്ട ഒരു പക്ഷിയെപ്പോലെയാണ്... അതിനെ സ്വാഗതം ചെയ്യേണ്ടതുണ്ട്... ഇരുട്ടിൽ അല്പം വെളിച്ചം കാണിച്ചു കൊടുത്തുകൊണ്ട് എന്ന് പറയാം...” ഡെവ്ലിൻ പറഞ്ഞു.

ആഷ്ഫോഡ് കടന്നതും റയാൻ വണ്ടി സർവീസ് റോഡിലേക്ക് ഇറക്കി നിർത്തി. താൻ കൊണ്ടുവന്ന തെർമോഫ്ലാസ്കിൽ നിന്നും ചായ പകർന്ന് മേരി എല്ലാവർക്കും നൽകി. അരികിൽ നിന്നും തുടങ്ങുന്ന ഒരു ഒറ്റയടിപ്പാത ഏതാനും വാര അകലെയുള്ള കുറ്റിക്കാട്ടിൽ അവസാനിക്കുന്നുണ്ടായിരുന്നു. മഴ തോർന്നിരുന്നുവെങ്കിലും എല്ലായിടത്തും നനവും ഈർപ്പവും തങ്ങി നിൽക്കുന്നുണ്ട്. ഇരുണ്ടു കൂടിയ മഴമേഘങ്ങൾ ഏത് നിമിഷവും വീണ്ടും പെയ്യാമെന്ന മട്ടിൽ അങ്ങ് ദൂരെ റോംനി മാർഷിനും കടലിനും അപ്പുറത്തേക്ക് ചിറകുകൾ വിരിച്ചിരിക്കുന്നു. ഡെവ്ലിനും മേരിയും ആ ഒറ്റയടിപ്പാതയിലൂടെ അല്പം മുന്നോട്ട് നടന്ന് ഒരു മരത്തിന്റെ ചുവട്ടിലെത്തി നിന്നു. മനോഹരമായ ആ അന്തരീക്ഷം അത്രയും ആസ്വദിക്കുകയായിരുന്നു അവർ ഇരുവരും.

ഇത്തവണ ഏതാണ്...?” അവളുടെ കൈയിലെ പുസ്തകത്തിലേക്ക് നോക്കി ഡെവ്ലിൻ ആരാഞ്ഞു.

കവിതയാണ്...” അവൾ മൊഴിഞ്ഞു. “റോബർട്ട് ബ്രൗണിങ്ങിന്റെ... നിങ്ങൾക്ക് കവിതകൾ ഇഷ്ടമാണോ...?”

കുറച്ച് കവിതകൾ ഞാനും പ്രസിദ്ധീകരിച്ചിട്ടുണ്ട്... ഒരു കവി എന്ന നിലയിൽ ആ ജോലി അങ്ങ് തുടർന്നാലോ എന്ന് ഞാൻ ആലോചിച്ചതാണ്... പിന്നെ ഒരു സുപ്രഭാതത്തിലാണ് എന്റെ കവിതകളുടെ നിലവാരം എനിക്ക് മനസ്സിലായത്...” ഡെവ്ലിൻ പൊട്ടിച്ചിരിച്ചു.

അത് ഞാൻ വിശ്വസിക്കില്ല... എന്നെക്കുറിച്ച് എന്തെങ്കിലും രണ്ട് വരി ചൊല്ലാമോ...?”

ഓൾ റൈറ്റ്...” ഡെവ്ലിൻ ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു. പിന്നെ ഒരു നിമിഷം ചിന്തയിൽ മുഴുകിയിട്ട് അദ്ദേഹം ഉരുവിട്ടു.

‘Mystery girl... who are you...?
Hurrying nowhere in your tight skirt
And frizzled hair, legs heavy with promise...’

ഡെവ്ലിന്റെ മുഖത്ത് അല്പം കുസൃതി നിറഞ്ഞിരുന്നു.  അത് മനസ്സിലാക്കിയ അവൾ മുഷ്ടി ചുരുട്ടി അദ്ദേഹത്തിന്റെ നെഞ്ചിൽ പതുക്കെ ഇടിച്ചു. “കൊള്ളാം കൊള്ളാം...”

ഞാൻ പറഞ്ഞില്ലേ... കവിത നല്ലതാണെങ്കിൽ അധികം വരികളുടെയൊന്നും ആവശ്യമില്ലെന്ന്...” അദ്ദേഹം സിഗരറ്റിന് തീ കൊളുത്തി.

ഓൾ റൈറ്റ്... ചുരുക്കത്തിൽ എന്നെക്കുറിച്ച് എങ്ങനെ സംഗ്രഹിക്കാം...?”

വളരെ എളുപ്പം...” ഡെവ്ലിൻ ചിരിച്ചു.

‘Now Voyager, sail thou forth to seek and find’

മനോഹരം...” അവൾ പറഞ്ഞു. “നിങ്ങളുടെ സ്വന്തം വരികളാണോ ഇത്...?”

എന്ന് ചോദിച്ചാൽ... അല്ല... വാൾട്ട് വിറ്റ്മാൻ എന്നൊരു അമേരിക്കക്കാരനാണ് ആദ്യമായി ഇങ്ങനെ ചിന്തിച്ചത്...” മഴ വീണ്ടും പൊഴിയുവാൻ തുടങ്ങി. ഡെവ്ലിൻ അവളുടെ കൈമുട്ടിൽ പിടിച്ചു. “പക്ഷേ, നിന്നെക്കുറിച്ച് ഈ വരികൾ ഞാനാണ് എഴുതിയിരുന്നതെങ്കിൽ എന്ന് ആശിച്ചു പോകുന്നു...  മഴ കനക്കുന്നു... വരൂ, നമുക്ക് യാത്ര തുടരാം...”

വാഹനത്തിനരികിലേക്ക് അവർ തിടുക്കത്തിൽ നടന്നു.

                                                         ***
എറിക്ക് എത്തുമ്പോൾ അസ്റ്റോറിയയുടെ മുകളിലെ അപ്പാർട്മെന്റിൽ ജനാലയോട് ചേർന്നുള്ള മേശയ്ക്ക് മുന്നിൽ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ജാക്ക് കാർവർ. എറിക്കിന്റെ ചെവി മുഴുവനും മൂടി സാമാന്യം വലിയ ഒരു ബാൻഡേജ് കെട്ടിയിട്ടുണ്ടായിരുന്നു. ആ കാഴ്ച്ച പോലും ഭീതി ജനിപ്പിക്കുന്നതായിരുന്നു.

ഇപ്പോൾ എങ്ങനെയുണ്ട് എറിക്ക്...?” കാർവർ ചോദിച്ചു.

അപ്രതീക്ഷിതമായിപ്പോയി ജാക്ക്... അസഹനീയമായ വേദന... ഡോക്ടർ അസീസ് കുറച്ച് ഗുളികകൾ ഒക്കെ തന്നിട്ടുണ്ട്... പക്ഷേ, അതുകൊണ്ടൊന്നും വേദനയ്ക്ക് ഒരു കുറവുമില്ല...”

ജോർജ്ജിന്റെ കാര്യവും വളരെ മോശമാണെന്നാണ് അയാൾ എന്നോട് പറഞ്ഞത്... ആ വെടിയുണ്ട അവന്റെ എല്ലുകൾ തകർത്തു കളഞ്ഞുവത്രെ... ആ കൈയും പിന്നെ മുറിവേറ്റ കാലും ഇനി ഒരിക്കലും മടക്കാൻ കഴിയില്ല എന്നാണ് പറഞ്ഞത്...” കാർവർ പറഞ്ഞു.

വിറയ്ക്കുന്ന കൈ കൊണ്ട് എറിക് ഗ്ലാസിലേക്ക് കോഫി പകർന്നു. “ആ പന്നി... അവനെ അങ്ങനെ വിട്ടു കൂടാ ജാക്ക്... എങ്ങനെയും അവനെ കണ്ടുപിടിച്ചേ പറ്റൂ...”

തീർച്ചയായും എറിക്ക്...” കാർവർ പറഞ്ഞു. “ഇനി നമ്മുടെ ഊഴമാണ്... അവനെക്കുറിച്ചുള്ള ചെറിയ വിവരണം ഞാൻ ലണ്ടനിൽ എല്ലായിടത്തും നൽകിയിട്ടുണ്ട്... നമ്മുടെ കൈയിൽ എത്താതെ എവിടെ പോകാൻ... നീ ആ കോഫി കുടിച്ചിട്ട് എന്തെങ്കിലും കഴിക്കാൻ നോക്ക്...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

21 comments:

  1. “ഞാൻ ആലോചിക്കുകയായിരുന്നു... ഈ ഡെവ്‌ലിന് അസാദ്ധ്യമായി ഈ ലോകത്ത് എന്തെങ്കിലും ഉണ്ടോ എന്ന്...” 

    പിന്നല്ലാതെ..

    സൈക്കിൾ ലാമ്പുകൾ നിരത്തി വിമാനം ലാൻഡ് ചെയ്യിക്കുക!! കേട്ടിട്ട് കുളിര് കോരുന്നു.. പെട്ടെന്നായിക്കോട്ടെ..

    ReplyDelete
    Replies
    1. അതെ... അൽപ്പം റിസ്ക് പിടിച്ച പണിയാണ്... പക്ഷേ, വേറെ മാർഗ്ഗമില്ലല്ലോ...

      Delete
  2. ഡെവ്ലിൻ കൈ വെക്കാത്ത മേഖല ഇല്ലല്ലെ. 😱

    ReplyDelete
    Replies
    1. സകലകലാ വല്ലഭനല്ലേ ഡെവ്‌ലിൻ...

      Delete
  3. ഈ കാർവർ, എറിക് കൂട്ടുകെട്ടും അന്വേഷണവും ഡെവലിനു പാരയാകുമോ...?
    ഹി..ഹി.. ഡെവലിന്റെടുത്താ കളി....!!?

    ReplyDelete
    Replies
    1. പാരയാകുമോ എന്ന് ചോദിച്ചാൽ.... ഇല്ല എന്ന് തീർത്ത് അങ്ങ് പറയാൻ കഴിയില്ല അശോകേട്ടാ...

      Delete
  4. സൈക്കിള്‍ ലാമ്പ് അല്ല മണ്ണെണ്ണ വിളക്ക് കൊണ്ട് നമ്മുടെ അണ്ണന്‍ വിമാന ഇറക്കും. മറ്റേ ലവന്മാര്‍ വന്നു ഇടംകോല്‍ ഇടാതിരുന്നാല്‍ മതി.

    ReplyDelete
    Replies
    1. അതെ... ഒരു സംശയവും വേണ്ട... ആ ലവന്മാരെ വിട്... ഇവിടെയും ചില ലവന്മാരുണ്ട്... :)

      Delete
  5. ദതാണ് ഡെവ്ലിൻ...

    എല്ലാർക്കും വിഷു ആശംസകൾ

    ReplyDelete
    Replies
    1. സ്റ്റ്ഡ്‌ലി കോൺസ്റ്റബിളിലെ കടൽത്തീരത്ത് ഇതുപോലെ വിളക്ക് കത്തിച്ച് വച്ച് സ്റ്റെയ്നർ വന്ന വിമാനത്തിന് ഡെവ്‌ലിൻ വഴി കാട്ടിയയ് ഓർമ്മയില്ലേ?

      Delete
  6. പാവം ഗെറിക് ഉണ്ടായിരുന്നേൽ സൈക്കിൾ ലാംപ് പോലും വേണ്ടിവരില്ലായിരുന്നു.. പുതിയ പൈലറ്റും കലക്കും എന്ന് കരുതുന്നു.

    ReplyDelete
    Replies
    1. പീറ്റർ ഗെറിക്ക്... ഓർമ്മയുണ്ടല്ലേ...? അതുപോലെ മിടുക്കൻ തന്നെയാണ് വോഗനും.. നോക്കിക്കോളൂ...

      Delete
  7. വിമാനമൊക്കെ ലാന്‍ഡ്‌ ചെയ്യിക്കുന്നതിനിടക്ക് ഈ കാര്‍വറും എറിക്കും തലവേദനയുണ്ടാക്കുമോ... ഓരോ പാരകള്‍!

    ReplyDelete
    Replies
    1. അതാണ് ഇപ്പോൾ ഒരു തലവേദന... സാരമില്ല..‌. ഡെവ്‌ലിൻ എന്തെങ്കിലും മാർഗ്ഗം കാണാതിരിക്കില്ല...

      Delete
  8. കവിഹൃദയം.....
    ആശംസകള്‍

    ReplyDelete
    Replies
    1. ഇത്രയും പേർ വായിച്ചിട്ടും തങ്കപ്പൻ ചേട്ടൻ മാത്രമാണ് ഡെവ്‌ലിന്റെ കവിഹൃദയം ശ്രദ്ധിച്ചത്... കൊട് കൈ... :)

      Delete
  9. കാര്‍വാറും എറിക്കും പിടിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ജാഗ്രതൈ

    ReplyDelete
    Replies
    1. ഡെവ്‌ലിൻ അക്കാര്യം ഓർമ്മയിൽ വയ്ക്കും എന്ന് നമുക്ക് ആശിക്കാം കേരളേട്ടാ...

      Delete
  10. ഡെവ്‌ലിൻ ആരാ മോൻ അല്ലെ ..
    വേണ്ടിവന്നാൽ ഡെവ്‌ലിൻ ഉറച്ച മഞ്ഞു
    തടാകത്തിന്റെ മുകളിലും ,മോട്ടോർവേയിലും വരെ വീമാനമിറക്കും !

    ReplyDelete
    Replies
    1. അല്ല പിന്നെ... ഡെവ്‌ലിനെ തോൽപ്പിക്കാനാവില്ല മക്കളേ...

      Delete