Wednesday 31 January 2018

ഈഗ്ൾ ഹാസ് ഫ്ലോൺ - 33



നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ആർമി & നേവി ക്ലബ്ബിലെ അംഗങ്ങൾക്ക് ഒത്തു ചേരാൻ ഒരിടം എന്നതിൽ കവിഞ്ഞ പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല പാൾ മാളിൽ ഒട്ടും പ്രകാശമാനമല്ലാത്ത ഒരു ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിയറ്റ്നമീസ് രീതിയിലുള്ള പഴയ കെട്ടിടത്തിന്. അവഹേളിക്കപ്പെട്ടവരും കഷ്ടത അനുഭവിക്കുന്നവരുമായ അംഗങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതിൽ വിക്ടോറിയൻ കാലഘട്ടം മുതൽക്കേ പേരു കേട്ടതായിരുന്നു ക്ലബ്ബിന്റെ ഭരണ കമ്മിറ്റി. സർ മാക്സ്വെല്ലിനോടും അതേ മനോഭാവം തന്നെയായിരുന്നു അവർക്ക്. ഭരണഘടനയിലെ 18B വകുപ്പുമായി ബന്ധപ്പെട്ട് കുറച്ചു കാലം തടവിൽ കഴിയേണ്ടി വന്നുവെങ്കിലും സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന വീരനായ ഒരു ഓഫീസർ എന്ന നിലയിൽ അയാളോട് അവർക്ക് ബഹുമാനവും ഉണ്ടായിരുന്നു.

റൂമിലെ ഒരു മൂലയിലുള്ള മേശയ്ക്ക് മുന്നിലിരുന്ന് സ്കോച്ച് നുണഞ്ഞു കൊണ്ടിരിക്കെ ലവീനിയയുടെ കോൾ അറ്റന്റ് ചെയ്തതിന്റെ അമ്പരിപ്പിലായിരുന്നു സർ മാക്സ്വെൽ. വിശ്വസിക്കാനേ സാധിക്കുന്നില്ല... ഇത്രയും കാലത്തിന് ശേഷം ഒടുവിൽ അത് എത്തിയിരിക്കുന്നു... മൈ ഗോഡ്...! ആവേശത്തിരയിൽ ആയിരുന്നു അയാൾ... വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ഇത്രയും ഉത്സാഹം തോന്നുന്നത്...

വെയ്റ്ററെ വിളിച്ച് ഒരു സ്കോച്ചിന് കൂടി ഓർഡർ നൽകിയ നിമിഷമാണ് കാവൽക്കാരൻ അരികിലെത്തിയത്. “സർ മാക്സ്വെൽ... താങ്കളെ കാണാൻ ഒരു അതിഥി എത്തിയിട്ടുണ്ട്...”

അതിഥി...?”

ഒരു മേജർ കോൺലൺ... അദ്ദേഹത്തെ ഇങ്ങോട്ട് അയക്കട്ടെ...?”

തീർച്ചയായും... എത്രയും പെട്ടെന്ന്...”

ഷാ എഴുന്നേറ്റ് തന്റെ ടൈ വലിച്ച് നേരെയാക്കി. നിമിഷങ്ങൾക്കകം തിരികെയെത്തിയ കാവൽക്കാരനൊപ്പം ഡെവ്ലിൻ ഉണ്ടായിരുന്നു. ഇരു കൈകളും വിടർത്തി ആഹ്ലാദത്തോടെ അരികിലെത്തിയ ഡെവ്ലിൻ പറഞ്ഞു. “ഹാരി കോൺലൺ... നൈസ് റ്റു മീറ്റ് യു സർ മാക്സ്വെൽ...”

ഡെവ്ലിന്റെ യൂണിഫോം കണ്ടിട്ടല്ല, മറിച്ച് അദ്ദേഹത്തിന്റെ ഡോഗ് കോളർ കണ്ടിട്ടായിരുന്നു സർ മാക്സ്വെൽ ഷാ സ്തബ്ധനായത്. അദ്ദേഹത്തിന് ഹസ്തദാനം നൽകവെ വെയ്റ്റർ സ്കോച്ച് ഗ്ലാസുമായി അരികിലെത്തി. “അല്പം സ്കോച്ച് എടുക്കട്ടെ മേജർ...?”

നോ താങ്ക്സ്...” ഡെവ്ലിൻ പറഞ്ഞു.

വെയ്റ്റർ പോയതും കസേരയിൽ ഇരുന്നുകൊണ്ട് ഡെവ്ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തി. “സർ മാക്സ്വെൽ, നിങ്ങൾ അൽപ്പം പരിഭ്രാന്തിയിലാണെന്ന് തോന്നുന്നു...?”

മൈ ഗോഡ്...! തീർച്ചയായും... എന്തൊക്കെയാണിത്...? ആരാണ് നിങ്ങൾ...?”

“Does the Falcon still wait...?” ഡെവ്ലിൻ ചോദിച്ചു. “Because, it is now time to strike...”

അതെ... പക്ഷേ.......”

പക്ഷേകൾക്ക് ഇവിടെ ഒരു സ്ഥാനവുമില്ല സർ മാക്സ്വെൽ... കുറേക്കാലം മുമ്പ് വെർണർ കെയ്റ്റൽ നിങ്ങളെയും നിങ്ങളുടെ സഹോദരിയെയും റിക്രൂട്ട് ചെയ്ത സമയത്ത് ഒരു പ്രതിജ്ഞ എടുത്തിരുന്നത് ഓർമ്മയില്ലേ...? അതെല്ലാം എന്തിനായിരുന്നുവെന്ന് വീണ്ടും ഇപ്പോൾ പറയേണ്ട ആവശ്യമുണ്ടോ...? നിങ്ങൾ ഇപ്പോൾ ഇതിൽ ഉണ്ടോ ഇല്ലയോ...? എന്താണ് നിങ്ങളുടെ നിലപാട്...?” ഡെവ്ലിൻ ചോദിച്ചു.

എന്റെ ചുമതല ഏറ്റെടുക്കുവാനുള്ള സമയമായി എന്നാണോ പറയുന്നത്...?” സർ മാക്സ്വെൽ ചോദിച്ചു.

അതിന് മുമ്പ് ഒരു കാര്യം ചെയ്ത് തീർക്കാനുണ്ട്...”

അങ്ങനെ ഒടുവിൽ അധിനിവേശം എത്തുകയാണോ...?”

ആയിട്ടില്ല...”  ഡെവ്ലിൻ പതുക്കെ പറഞ്ഞു.  പക്ഷേ, ഉടൻ തന്നെ ഉണ്ടാകും... നിങ്ങൾ ഞങ്ങളോടൊപ്പമാണോ അല്ലയോ...?”

കാര്യങ്ങളുടെ ഗൗരവവും കാഠിന്യവും സാവധാനം അയാളെ പറഞ്ഞ് മനസ്സിലാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡെവ്ലിൻ. എന്നാൽ അതിന്റെ ആവശ്യമുണ്ടായില്ല. ബാക്കിയുള്ള വിസ്കി ഒറ്റയടിക്ക് അകത്താക്കിയിട്ട് അയാൾ പറഞ്ഞു. “തീർച്ചയായും നിങ്ങളോടൊപ്പം തന്നെ... പറയൂ, എന്താണ് ഞാൻ ചെയ്യേണ്ടത്...?”

അല്പം നടക്കാൻ പോയാലോ നമുക്ക്...? റോഡിനപ്പുറത്തെ പാർക്കിലേക്ക്...?” ഡെവ്ലിൻ ചോദിച്ചു.

ജാലകച്ചില്ലിൽ ചാഞ്ഞ് പതിച്ച് മഴവെള്ളം താഴോട്ടൊഴുകുന്നുണ്ടായിരുന്നു. ക്ലോക്ക്റൂമിന്റെ കാവൽക്കാരൻ സമയം അവിടെ ഉണ്ടായിരുന്നില്ല. സർ മാക്സ്വെൽ ഷാ അതിനകത്ത് നിന്നും തന്റെ ഹാറ്റും റെയിൻകോട്ടും കുടയും എടുത്തു. അവിടെ കൊളുത്തിയിട്ടിരുന്ന പലയിനം കോട്ടുകൾക്കിടയിൽ കിടന്നിരുന്ന ഒരു ട്രെഞ്ച് കോട്ട് ഡെവ്ലിന്റെ ശ്രദ്ധയിൽ പതിഞ്ഞു. ഒട്ടും ചാഞ്ചല്യമില്ലാതെ അത് എടുത്ത് അണിഞ്ഞിട്ട് അദ്ദേഹം പുറത്തേക്ക് നടക്കുന്ന ഷായെ അനുഗമിച്ചു.

                                                       ***

സെന്റ് ജയിംസ് പാർക്ക് താണ്ടി ബക്കിങ്ങ്ഹാം പാലസ് ലക്ഷ്യമാക്കി അവർ നടന്നു. സർ മാക്സ്‌വെൽ ഷാ കുട നിവർത്തിയിരുന്നുവെങ്കിലും അല്പ ദൂരം പിന്നിട്ടതും ഒരു മരത്തിന്റെ കീഴിൽ അവർ അഭയം തേടി. ഡെവ്‌ലിൻ ഒരു സിഗരറ്റിന് തീ കൊളുത്തി.

“ഒരു സിഗരറ്റ് രുചിച്ച് നോക്കുന്നോ...?” ഡെവ്‌ലിൻ ആരാഞ്ഞു.

“ഇപ്പോൾ വേണ്ട... അത് പോട്ടെ, എന്ത് ജോലിയാണ് നിങ്ങൾക്ക് വേണ്ടി ഞാൻ ചെയ്യേണ്ടത്...?”

“യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ സഹോദരി ഒരു ടൈഗർ മോത്ത് പറപ്പിക്കുമായിരുന്നു... അവരുടെ കൈവശം ആ വിമാനം ഇപ്പോഴുമുണ്ടോ...?”

“1939 ലെ ശീതകാലത്ത് ആ വിമാനം RAF ഏറ്റെടുത്തു... വൈമാനികർക്ക് പരിശീലനം നൽകുന്നതിനായി...”

“ഒരു ധാന്യപ്പുരയാണ് വിമാനം പാർക്ക് ചെയ്യാനുള്ള ഹാങ്കർ ആയി ഉപയോഗിച്ചിരുന്നത്... അതവിടെയുണ്ടോ ഇപ്പോഴും...?”

“ഉണ്ട്...”

“ടേക്ക് ഓഫിനും ലാന്റിങ്ങിനുമായി ഉപയോഗിച്ചിരുന്ന സ്ഥലമോ...? സൗത്ത് മെഡോ എന്നല്ലേ നിങ്ങൾ അതിനെ വിളിക്കുന്നത്...? ബോംബിങ്ങ് മൂലം കേടുപാടുകളോ അതല്ല ഇനി മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി അത് ഉഴുതു മറിക്കുകയോ മറ്റോ ചെയ്തിട്ടില്ലെന്ന് കരുതട്ടെ...?”

“ഇല്ല... ഷാ പ്ലേസിന് ചുറ്റുമുള്ള സ്ഥലങ്ങളെല്ലാം ആടുകൾക്ക് മേയുവാനായി മാറ്റിയിട്ടിരിക്കുകയാണ്...”

“ഈ പറയുന്ന സൗത്ത് മെഡോയുടെ ഉടമസ്ഥാവകാശം ഇപ്പോഴും നിങ്ങൾക്ക് തന്നെയാണോ...?”

“തീർച്ചയായും... ഇത്ര പ്രാധാന്യമുണ്ടോ അതിന്...?”

“എന്ന് പറയാം... ഫ്രാൻസിൽ നിന്നും എത്തുന്ന ഒരു വിമാനത്തിന് അവിടെ ലാന്റ് ചെയ്യേണ്ടി വരും... അധികം വൈകാതെ...”

ഷായുടെ മുഖം അത്ഭുതം കൊണ്ട് വികസിച്ചു. “റിയലി...? എന്തിന്...?”

“എന്നെയും വേറൊരാളെയും തിരികെ കൊണ്ടുപോകുന്നതിനായി... കൂടുതൽ അറിയാതിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്... കാരണം മറ്റേയാൾ ഒരു പ്രമുഖ വ്യക്തിയാണ്... എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ നിങ്ങൾക്ക് ഇക്കാര്യത്തിൽ...?”

“ദൈവമേ... എന്താണീ പറയുന്നത്...? സഹായിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ...” ഷാ ഒന്ന് പുരികം ചുളിച്ചു. “ഒന്ന് ചോദിച്ചോട്ടെ, നിങ്ങൾ ജർമ്മൻകാരനല്ലല്ലോ...?”

“അല്ല... ഐറിഷ് ആണ് ഞാൻ...” ഡെവ്‌ലിൻ പറഞ്ഞു. “എങ്കിലും ഞങ്ങൾ ഒരേ പക്ഷത്താണ്... വെർണർ കെയ്റ്റൽ ഒരു റേഡിയോ നൽകിയിരുന്നില്ലേ നിങ്ങൾക്ക്...? അത് നിങ്ങളുടെ കൈവശമുണ്ടോ...?”

“അത്... അത് മാത്രം ഇല്ലല്ലോ... 1941 ൽ ഗവണ്മന്റ് ചില മണ്ടൻ നിയമങ്ങളൊക്കെ കൊണ്ടുവന്നത് അറിയുമോ...? അതിന്റെ പേരിൽ കുറച്ചു കാലം ഞാൻ തടവറയിലായിരുന്നു...”

“എനിക്കറിയാം...”

“എന്റെ സഹോദരി ലവീനിയ... നിങ്ങൾക്കറിയാമല്ലോ ഈ സ്ത്രീകളൊക്കെ എങ്ങനെയാണെന്ന്... അവൾ വല്ലാതെ പരിഭ്രമിച്ചു പോയി... പോലീസ് വന്ന് വീട്ടിൽ റെയ്ഡ് നടത്തുമെന്ന് അവൾ ഭയന്നു... ഞങ്ങളുടെ വീടിനടുത്ത് ധാരാളം ചതുപ്പുനിലങ്ങളുണ്ട്... പലതും നിലയില്ലാത്ത വിധം ആഴമുള്ളത്... ആ റേഡിയോ എടുത്ത് അവൾ അതിൽ എറിഞ്ഞു...” അയാളുടെ മുഖം ഉത്കണ്ഠാകുലമായി. “അതൊരു പ്രശ്നമാകുമോ...?”

“തൽക്കാലത്തേക്ക് അല്പം ബുദ്ധിമുട്ടുണ്ടാക്കും എന്ന് മാത്രം... സാരമില്ല... ആട്ടെ, നിങ്ങൾ ഇന്ന് തന്നെ തിരികെ പോകുന്നുണ്ടോ...?”

“അതെ... ഇന്ന് തന്നെ ഞാൻ പോകും...”

“ഗുഡ്... നിങ്ങളുമായി ഞാൻ ബന്ധം പുലർത്തിക്കോളാം... നാളെ അല്ലെങ്കിൽ മറ്റന്നാൾ...” ഡെവ്‌ലിൻ സിഗരറ്റ് നിലത്തിട്ട് ചവിട്ടി കെടുത്തി. “ദൈവമേ...! വല്ലാത്തൊരു മഴ തന്നെ... എന്ത് ചെയ്യാം... ലണ്ടനല്ലേ... ഒരിക്കലും മാറാൻ പോകുന്നില്ല...” അദ്ദേഹം നടന്നകന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

24 comments:

  1. ഡെവ്‌ലിൻ മീറ്റ്സ് ഫാൾക്കൺ...

    ReplyDelete
  2. റേഡിയോ നഷ്ടപ്പെട്ടത് മുന്നോട്ടുള്ള നീക്കങ്ങളെ കാര്യമായി ബാധിക്കുമോ??

    (ചെറിയ അധ്യായത്തിൽ ഒതുക്കിയതിൽ പ്രതിഷേധം)

    ReplyDelete
    Replies
    1. ഡെവ്‌ലിനല്ലേ ആൾ... എന്തെങ്കിലും വഴി കാണാതിരിക്കില്ല ജിം...

      Delete
  3. വിനുവേട്ടന്‍ പറ്റിക്കുന്നു.. ചെറിയ അദ്ധ്യായമായി പോയി..
    എന്തായാലും കാര്യങ്ങള്‍ നടക്കട്ടെ...

    ReplyDelete
    Replies
    1. അത് സന്ദർഭം അനുസരിച്ച് മീറ്റർ നോക്കി അദ്ധ്യായം തിരിക്കുന്നതാണ് ശ്രീജിത്തേ... ക്ഷമി...

      Delete
  4. ലക്ഷ്യത്തിലേക്ക്‌ "ഫാദർ കോൺലൺ"

    ReplyDelete
    Replies
    1. അതെ... ഓരോ കാൽവയ്പ്പും കരുതലോടെ...

      Delete
  5. ഡെവ്‌ലിൻ ഒരു ഡെവിൾ തന്നെ. ഡിയർ ഡെവിൾ. മലയാളത്തിൽ ഈ കഥ സിൽമയെടുത്താൽ ഡെവ്‌ലിന്റെ റോളിലേക്ക് ആരെ കാസ്റ്റ് ചെയ്യൂന്നാ ഞാൻ ചിന്താകുലപ്പെഡുന്നത്

    ReplyDelete
    Replies
    1. പ്രിത്വിരാജിനെ ആയാലോ

      Delete
    2. ആഹാ,
      ഞാൻ ഉദ്ദേശിച്ച ആൾ തന്നെ.

      Delete
    3. എന്റെ മനസ്സിലും പൃഥ്വിരാജ് തന്നെയാണ് അജിത്‌ഭായ്...

      Delete
  6. അങ്ങനെ ഡെവ് ലിൻ കലാശക്കൊട്ടിനു തുടക്കം കുറിച്ചുവല്ലെ...?

    ReplyDelete
    Replies
    1. തുടക്കം കുറിച്ചിട്ടേയുള്ളൂ അശോകേട്ടാ... നോവൽ പകുതി ആയിട്ടേയുള്ളൂ...

      Delete
  7. 'വല്ലാത്തൊരു മഴ തന്നെ...
    എന്ത് ചെയ്യാം... ലണ്ടനല്ലേ... ഒരിക്കലും മാറാൻ പോകുന്നില്ല...'

    അത് ശരിയാണ് ലണ്ടനിൽ W ഫാക്ടർ എന്നൊരു പ്രതിഭാസമുണ്ട്
    W തുടങ്ങുന്ന ഒന്നിനേയും തന്നെ വിശ്വസിക്കരുത് എന്നതാണ് ,അതൊരിക്കലും മാറാൻ പോകുന്നില്ല ...!
    ഉദാഹരണത്തിന് ...
    Wages
    Weather (മഴ, മഞ്ഞു )
    Wine
    Women
    Work ....etc



    അപ്പോൾ ശരി
    ഇനി നാട്ടിൽ വന്നിട്ട് മിണ്ടുകയൊ കാണുകയൊ ചെയ്യാം കേട്ടോ

    ReplyDelete
    Replies
    1. നാട്ടില്‍ വരുമ്പോ 9562089167 എന്ന നമ്പരില്‍ വിളിക്കാന്‍ മറക്കണ്ട.

      Delete
    2. എങ്കിലും ലണ്ടൻ ഒരു ഹരം തന്നെ അല്ലേ മുരളിഭായ്...?

      Delete
  8. muralichetta.....3 wwws famous
    aanu arab history also.(war wine & women)

    ReplyDelete
    Replies
    1. ഏതാണ്ട് ലോകത്ത് എല്ലായിടത്തും അങ്ങനെയൊക്കെത്തന്നെയാണെന്ന് തോന്നുന്നു....

      Delete
  9. നല്ല വായനാനുഭവം ..ഇന്നാണ് സമയം കിട്ടിയത് ..ആശംസകൾ

    ReplyDelete
  10. ഇത്തവണ അധികം ഒന്നും പറയാനുള്ള അവസരം ഈഅദ്ധ്യായം തന്നില്ല.

    ബാക്കി വരട്ടെ

    ReplyDelete
    Replies
    1. കോമഡി ഉത്സവത്തിൽ ബിജുക്കുട്ടൻ പറയുന്നത് പോലെ "ഒന്നും പറയാനില്ല" അല്ലേ? :)

      Delete
  11. കരുതലോടെ ലക്ഷ്യത്തിലേക്ക്.....
    ആശംസകള്‍

    ReplyDelete