Sunday, 17 December 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 28നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

വളരെ മനോഹരമായിരുന്നു ബെൽ ഐൽ. കടലിന് അരികിലായി നിലകൊള്ളുന്ന കുന്നിന് മുകളിൽ മകുടം ചാർത്തിയെന്ന പോലെ നിലകൊള്ളുന്ന കൊട്ടാരം. അകലെ കടലിലേക്ക് പരന്ന് കിടക്കുന്ന അഴിമുഖം. വേലിയിറക്കമായതോടെ തെളിഞ്ഞ് പൊങ്ങിയ വിശാലമായ മണൽപ്പരപ്പ്.

വീതി കുറഞ്ഞ പാതയിലേക്ക് വോഗൻ ജീപ്പ് തിരിച്ചു. കൊട്ടാരത്തിന്റെ സുരക്ഷക്കെന്നപോലെ തീർത്ത കിടങ്ങിന് മുകളിലെ ഇടുങ്ങിയ പാലത്തിലൂടെ അവർ ചെന്നെത്തിയത് കമാനാകൃതിയിലുള്ള വലിയൊരു കവാടത്തിന് മുന്നിലാണ്. തുറന്നു കിടന്നിരുന്ന ആ ഗേറ്റിനുള്ളിലൂടെ കടന്ന് കല്ല് പാകിയ മുറ്റത്ത് വോഗൻ ബ്രേക്ക് ചെയ്തു. കൊട്ടാരത്തിനുള്ളിലേക്ക് കയറുവാനുള്ള വലിയ കൽപ്പടവുകളും പ്രവേശന കവാടവും ഗോപുരങ്ങളും എല്ലാം ഗാംഭീര്യത്തോടെ നിലകൊള്ളുന്നത് അവർ വീക്ഷിച്ചു.

ജീപ്പിൽ നിന്നും പുറത്തിറങ്ങിയ അവരെ  നയിച്ചുകൊണ്ട് ഷെല്ലെൻബെർഗ് മുന്നിൽ നടന്നു. ഓക്ക് തടി കൊണ്ട് നിർമ്മിച്ച കനത്ത വാതിലിൽ കാലപ്പഴക്കത്തിന്റെ അടയാളങ്ങൾ പ്രകടമായിരുന്നു. വാതിൽ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് പട്ടകളും ബോൾട്ടുകളും തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു. വാതിലിന് ഒരരികിലായി ഒരു കുടമണി തൂങ്ങി കിടക്കുന്നുണ്ട്. ഷെല്ലെൻബെർഗ് അതിന്റെ ചങ്ങലയിൽ പിടിച്ച് ഒന്നുലച്ചു. ഗാംഭീര്യമാർന്ന മണിനാദത്തിന്റെ പ്രതിധ്വനി കൊട്ടാരത്തിന്റെ ചുമരുകളിൽ തട്ടി ആ തളത്തിൽ പ്രകമ്പനം കൊണ്ടു.

 “ജീസസ്...!” ഡെവ്‌ലിൻ മന്ത്രിച്ചു. “ഒരു ക്വാസിമോദോയുടെ കുറവേയുള്ളു ഇവിടെ...”

ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും ഒരു മുരൾച്ചയോടെ ആ വാതിൽ തുറക്കപ്പെട്ടു. തോളറ്റം നീണ്ട നരച്ച മുടിയുള്ള വെളുത്ത ഒരു വൃദ്ധൻ പുറത്തേക്ക് വന്നു. വളരെ പഴക്കമുള്ള ഒരു കറുത്ത വെൽവെറ്റ് കോട്ടാണ് അയാൾ ധരിച്ചിരുന്നത്. കർഷകർ ധരിക്കുന്ന തരത്തിലുള്ള അയഞ്ഞ ട്രൗസേഴ്സ് പലയിടത്തും കീറി പിഞ്ഞിയിരുന്നു. ചുളിവുകൾ വീണ മുഖം ക്ഷൗരം ചെയ്തിട്ട് നാളുകളായിരിക്കുന്നു.

“എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത് മൊസ്യൂർ...?” ഫ്രഞ്ച് ഭാഷയിൽ അയാൾ ചോദിച്ചു.

“നിങ്ങളാണോ ഇവിടുത്തെ നോട്ടക്കാരൻ...?” ഷെല്ലെൻബെർഗ് ചോദിച്ചു.

“അതെ മൊസ്യൂർ... എന്റെ പേര് പിയർ ദിസ്സാർദ്...”

“നിങ്ങൾ ഭാര്യയോടൊപ്പമാണോ ഇവിടെ താമസം...?”

“അതെ... പക്ഷേ, ഇപ്പോൾ അവൾ ഇവിടെയില്ല... അനന്തിരവളോടൊപ്പം ഷെർബർഗിലാണ്...” അയാൾ പറഞ്ഞു.

“ഇവർ സംസാരിക്കുന്നത് എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക്...?” ഡെവ്‌ലിൻ വോഗനോട് ചോദിച്ചു.

“ഒരക്ഷരം പോലും പിടി കിട്ടുന്നില്ല... എനിക്ക് ഫ്രഞ്ച് വശമില്ല...” വോഗൻ പറഞ്ഞു.

“പഠിക്കാൻ വിട്ട സമയത്ത് ഫുട്ബോൾ കളിച്ചു നടന്നു അല്ലേ...? അതേ സമയം പഠിക്കാൻ സമർത്ഥരായിരുന്ന എനിക്കും ജനറലിനും ആ കിഴവൻ പറയുന്ന ഓരോ വാക്കും മനസ്സിലാക്കാൻ കഴിയുന്നുണ്ട്... ആവശ്യമുള്ളപ്പോൾ പറഞ്ഞാൽ മതി, ഫ്രീ ആയി ഞാൻ പരിഭാഷപ്പെടുത്തി തരാം...”

“ഈ പരിസരമെല്ലാം ഞങ്ങൾക്ക് ഒന്ന് പരിശോധിക്കണം...” ഷെല്ലെൻബെർഗ് അയാളോട് പറഞ്ഞു.

അയാൾക്കരികിലൂടെ ഷെല്ലെൻബെർഗ് കൊട്ടാരത്തിന്റെ ഹാളിലേക്ക് നടന്നു. ഗ്രാനൈറ്റ് പതിച്ച തറയിൽ അങ്ങിങ്ങായി പരവതാനി വിരിച്ചിരുന്നു. ചുമരിന്റെ ഒരു വശത്തായി വളരെ വലിയ ഒരു നെരിപ്പോട്. മുകളിലത്തെ നിലയിലേക്ക് കയറുന്നതിനുള്ള സ്റ്റെയർകേസിന് ഒരു റെജിമെന്റിനെ നയിക്കുവാനുള്ള വിസ്താരമുണ്ടായിരുന്നു.

“താങ്കൾ SS ൽ നിന്നാണോ മൊസ്യൂർ..?” ദിസ്സാർദ് ചോദിച്ചു.

“എന്റെ വേഷത്തിൽ നിന്നും അത് വ്യക്തമാകേണ്ടതാണല്ലോ...” ഷെല്ലെൻബെർഗ് പറഞ്ഞു.

“പക്ഷേ, മൊസ്യൂർ... ഈ കൊട്ടാരവും പരിസരവും കുറച്ച് ദിവസം മുമ്പ് ഒരാൾ വന്ന് പരിശോധിച്ചു കഴിഞ്ഞതാണല്ലോ... താങ്കളുടേത് പോലുള്ള യൂണിഫോം അണിഞ്ഞ ഒരു ഓഫീസർ...”

“അയാളുടെ പേർ ഓർമ്മയുണ്ടോ നിങ്ങൾക്ക്...?”

“ഒരു മേജർ ആണെന്നാണ് പറഞ്ഞത്...” അയാളുടെ പേര് ഓർത്തെടുക്കുവാൻ ആ വൃദ്ധൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി. “അയാളുടെ മുഖത്തിന്റെ ഒരു വശം മുറിപ്പാടുകൾ കൊണ്ട് വികൃതമായിരുന്നു...”

“ബെർഗർ എന്നായിരുന്നോ അയാളുടെ പേര്...?” ഷെല്ലെൻബെർഗ് തികച്ചും സൗമ്യനായി അയാളോട് ചോദിച്ചു.

“അതെ... അതു തന്നെ മൊസ്യൂർ... മേജർ ബെർഗർ... അയാളുടെ ഫ്രഞ്ച് ഭാഷ വളരെ മോശമായിരുന്നു...” തിളങ്ങുന്ന കണ്ണുകളോടെ അയാൾ പറഞ്ഞു.

“എന്തൊക്കെയാണിവിടെ സംഭവിക്കുന്നത്...?” ഒന്നും മനസ്സിലാവാതെ വോഗൻ ചോദിച്ചു.

“നമ്മൾ ഇവിടെ എത്തുന്നതിന് മുമ്പ് മറ്റാരോ വന്ന് ഇവിടെ പരിശോധിച്ചിട്ട് പോയി എന്നാണ് അയാൾ പറയുന്നത്... SS സേനയിലെ ഒരു മേജർ ബെർഗർ...” ഡെവ്‌ലിൻ പറഞ്ഞു.

“നിങ്ങൾക്ക് പരിചയമുണ്ടോ അയാളെ...?” വോഗൻ ചോദിച്ചു.

“പിന്നെ... പരിചയമുണ്ടോ എന്നോ...? തീർച്ചയായും... പ്രത്യേകിച്ചും അയാളുടെ മൂക്ക്... എല്ലാം വിശദമായി ഞാൻ പിന്നെ പറയാം...” ഡെവ്‌ലിൻ പറഞ്ഞു.

“അപ്പോൾ മനസ്സിലായല്ലോ... ഈ കൊട്ടാരവും പരിസരവും അധികം താമസിയാതെ തന്നെ ഞങ്ങൾക്ക് ആവശ്യമായി വരും... എന്തായാലും എല്ലാം ഒന്ന് വിശദമായി ചുറ്റിനടന്ന് കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു...” ഷെല്ലെൻബെർഗ് വൃദ്ധനോട് പറഞ്ഞു.

“1940 മുതൽ ഈ കൊട്ടാരം അടച്ചിട്ടിരിക്കുകയാണ് മൊസ്യൂർ... എന്റെ യജമാനൻ കോംതെ ദ് ബുമോങ്ങ് ഇംഗ്ലണ്ടിലേക്ക് പോയിരിക്കുകയാണ്... ബോഷുമായി പൊരുതുവാൻ...”

“ശരിക്കും...?” ഷെല്ലെൻബെർഗ് നിർവ്വികാരതയോടെ ചോദിച്ചു. “അപ്പോൾ നമുക്ക് തുടങ്ങാം... ആദ്യം മുകളിലേക്ക്... അവിടെ നിന്നും ഓരോന്നായി കണ്ട് താഴേക്ക് വരാം...”

വൃദ്ധൻ അവരെ മുകളിലേക്ക് നയിച്ചു. നിരവധി ബെഡ്റൂമുകളുണ്ടായിരുന്നു അവിടെ. ഫർണിച്ചർ പലതും ഷീറ്റുകൾ കൊണ്ട് മൂടിയിട്ടിരിക്കുന്നു. ഇടനാഴിയുടെ അറ്റത്തുള്ള രണ്ട് വാതിലുകൾ കൊട്ടാരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നതാണ്. ആൾപ്പെരുമാറ്റം ഇല്ലാത്തതിനാൽ തറയിൽ എമ്പാടും പൊടി മൂടി കിടന്നിരുന്നു.

“ദൈവമേ...! ഇങ്ങനെയാണോ പ്രഭുക്കന്മാർ ജീവിക്കുന്നത്...!” ഡെവ്‌ലിൻ ആശ്ചര്യം കൊണ്ടു. “നിങ്ങൾ കണ്ടില്ലേ, ബാത്ത്റൂമിലേക്ക് എത്ര ദൂരം നടന്നാലാണെന്ന്...!”

ഇടനാഴിയുടെ അറ്റത്തുള്ള ലാന്റിങ്ങിന് തൊട്ട് മുകളിലായി ഒരു വാതിൽ ശ്രദ്ധിച്ച ഷെല്ലെൻബെർഗ് ചോദിച്ചു. “ഇത് എങ്ങോട്ടാണ്...?”

“വരൂ, ഞാൻ കാണിച്ചു തരാം മൊസ്യൂർ... ഡൈനിങ്ങ് ഹാളിലേക്കുള്ള മറ്റൊരു വഴിയാണിത്...”

ഇരുണ്ട ഒരു ഹാളിലേക്കാണ് അവർ എത്തിപ്പെട്ടത്. ഓക്ക് തടിയിൽ പണിത വലിയ ബീമുകൾ മേൽക്കൂരയെ താങ്ങി നിർത്തുന്നു. മദ്ധ്യകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന വലിയ നെരിപ്പോട്... അതിന് മുന്നിൽ ഓക്ക് മരത്തിൽ പണി കഴിപ്പിച്ച വലിയ ഡൈനിങ്ങ് ടേബിൾ... ഉയരം കൂടി ചാരുകളോടു കൂടിയ കസേരകൾ... നെരിപ്പോടിന് മുകളിലായി ചുമരിൽ അലങ്കരിച്ചിരിക്കുന്ന വിവിധ ആയുധങ്ങൾ...

“ഈ പതാകകൾ എന്തിന്റേതാണ്...?” കോണിപ്പടികളിലൂടെ താഴോട്ടിറങ്ങവെ ഷെല്ലെൻബെർഗ് ചോദിച്ചു.

“യുദ്ധത്തിന്റെ സുവനീറുകളാണ് മൊസ്യൂർ... ബുമോങ്ങ് കുടുംബം എന്നും ഫ്രഞ്ചുകാരെ പിന്തുണച്ചിട്ടേയുള്ളൂ... അതാ അതു കണ്ടോ... ആ സുവർണ്ണപ്പതക്കം... “

ഷെല്ലെൻബെർഗ് അവിടെ നിന്ന് ചുറ്റിനും ഒന്ന് വീക്ഷിച്ചു. പിന്നെ വാതിൽ കടന്ന് ആദ്യം കയറിയ പ്രവേശനകവാടത്തിനടുത്തുള്ള ഹാളിലേക്ക് ഇറങ്ങി.

“ഓകെ... എല്ലാം കണ്ടു കഴിഞ്ഞു... ആട്ടെ, മേജർ ബെർഗർ എന്താണ് നിങ്ങളോട് പറഞ്ഞത്...?” ഷെല്ലെൻബെർഗ് ചോദിച്ചു.

“അയാൾ വീണ്ടും വരുമെന്ന് മൊസ്യൂർ... ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ...” വൃദ്ധൻ പറഞ്ഞു.

ഷെല്ലെൻബെർഗ് അയാളുടെ ചുമലിൽ തന്റെ വലതു കൈ വച്ചു. “നോക്കൂ സുഹൃത്തേ... ഞങ്ങൾ ഇവിടെ വന്നിരുന്നു എന്ന കാര്യം ആരും അറിയാൻ പാടില്ല... പ്രത്യേകിച്ചും മേജർ ബെർഗർ... മനസ്സിലായോ...?”

“മൊസ്യൂർ...?” ദിസ്സാർദ് ചിന്താക്കുഴപ്പത്തിലായത് പോലെ തോന്നി.

“വളരെ രഹസ്യവും അങ്ങേയറ്റം പ്രധാനപ്പെട്ട ഒരു വിഷയവുമാണിത്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“മനസ്സിലാവുന്നു മൊസ്യൂർ...”

“ഞങ്ങൾ ഇവിടെ സന്ദർശിച്ചിരുന്ന കാര്യം പുറത്തറിഞ്ഞു എന്ന് വന്നാൽ അതിന്റെ പിന്നിൽ ആരാണെന്ന കാര്യം വളരെ വ്യക്തമായിരിക്കും...” അദ്ദേഹം ദിസ്സാർദിന്റെ ഡെസ്കിൽ മുഷ്ടി ചുരുട്ടി ഇടിച്ചു. “അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ അത് നിങ്ങൾക്ക് നല്ലതിനായിരിക്കില്ല...”

ആ വൃദ്ധൻ വല്ലാതെ ഭയപ്പെട്ടു പോയിരുന്നു. “മൊസ്യൂർ... പ്ലീസ്... ഒരു വാക്ക് പോലും പുറത്ത് പോകില്ല... ഞാൻ ആണയിടുന്നു...”

ജീപ്പിൽ കയറി അവർ പുറത്തേക്ക് നീങ്ങി.

“വാൾട്ടർ, വേണമെങ്കിൽ ഒരു കണ്ണിൽ ചോരയില്ലാത്തവൻ ആകാനും താങ്കൾക്ക് കഴിയും അല്ലേ...?” ഡെവ്‌ലിൻ ചോദിച്ചു.

“ആവശ്യം വന്നാൽ മാത്രം...” അദ്ദേഹം വോഗന് നേരെ തിരിഞ്ഞു. “ഇന്ന് രാത്രി നമുക്ക് ബെർലിനിലേക്ക് പറക്കാൻ കഴിയുമോ...?”

വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. ഇരുണ്ട മേഘങ്ങൾ കടലിലേക്ക് ചാഞ്ഞു തുടങ്ങിയിരിക്കുന്നു. കടൽത്തീരത്തെ നനഞ്ഞ മണൽപ്പരപ്പിൽ മഴനീർക്കണങ്ങൾ ഉമ്മ വച്ചു തുടങ്ങിയിരിക്കുന്നു.

“പറ്റായ്കയൊന്നുമില്ല... ഭാഗ്യമുണ്ടെങ്കിൽ...” വോഗൻ പറഞ്ഞു. “ചിലപ്പോൾ രാത്രി ചെർണെയിൽ തങ്ങേണ്ടി വന്നേക്കാം... എന്നിട്ട് അതിരാവിലെ ടേക്ക് ഓഫ്...”

“എത്ര മനോഹരം...” കോട്ടിന്റെ കോളർ ഉയർത്തി വച്ച് ഒരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “യുദ്ധത്തിന്റെ ഒരു പകിട്ട്..!”

(തുടരും

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

29 comments:

 1. ബർഗർ ഒരു മുഴം മുമ്പേ ആണല്ലോ

  ReplyDelete
  Replies
  1. അതെ... ഹിംലറുടെ നിർദ്ദേശ പ്രകാരം...

   Delete
 2. ബെര്‍ഗറിനു വീണ്ടും ഇടി കൊടുക്കേണ്ടി വരും എന്നാണ് തോന്നുന്നത്.

  ReplyDelete
  Replies
  1. വലിയൊരു ഗൂഢാലോചനയാണ് അണിയറയിൽ ഒരുങ്ങുന്നത്... ബെൽ ഐലിലെ ഈ കൊട്ടാരത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാണാനിരിക്കുന്നതേയുള്ളൂ...

   Delete
 3. വേണമെങ്കില്‍ കണ്ണില്‍ ചോരയില്ലാത്തവനാവാനും പറ്റും. Good

  ReplyDelete
 4. "എത്ര മനോഹരം......യുദ്ധത്തിന്‍റെ ഒരു പകിട്ട്...!"
  ആശംസകള്‍

  ReplyDelete
  Replies
  1. ഡെവ്‌ലിന് എല്ലാം ഒരു തമാശയാണ് തങ്കപ്പൻ ചേട്ടാ...

   Delete
 5. എന്തേ മഴ വരാത്തൂ എന്ന് ചിന്തിച്ചപ്പോളേയ്ക്കും കടൽത്തീരത്തെ നനഞ്ഞ മണൽപ്പരപ്പിൽ മഴനീർക്കണങ്ങൾ ഉമ്മ വച്ചു തുടങ്ങി..

  ബെൽ ഐലിലെ കളിത്തട്ടിൽ കളിക്കാർ നിരന്നുതുടങ്ങി.. ഇനി കളി മാറും!!

  ReplyDelete
  Replies
  1. ബെൽ ഐലിൽ കളി മാറും... പക്ഷേ, സമയമായിട്ടില്ല... കാത്തിരിക്കാം നമുക്ക്...

   Delete
 6. യുദ്ധത്തിനും പകിട്ട് !! ഈ ഡെവ്ലിന്റെ ഒരു കാര്യം

  ReplyDelete
 7. കൊട്ടാരം ഒരു പ്രധാന കഥാപാത്രമാവുകയാണല്ലോ വിനുവേട്ടാ..

  ReplyDelete
  Replies
  1. തീർച്ചയായും... പക്ഷേ, കുറച്ച് കാത്തിരിക്കണമെന്ന് മാത്രം...

   Delete
 8. കാത്തിരിക്കാം ത്രസിപ്പിക്കുന്ന സീനുകൾക്കായ്‌!!!!!

  ReplyDelete
  Replies
  1. വൈകിയാണെങ്കിലും വായിക്കുന്നുണ്ടല്ലേ...?

   Delete
  2. ഇതെന്താ രണ്ടാം വട്ട വായനയാണോ?

   Delete
 9. ആളൊരുങ്ങി അണിഞ്ഞൊരുങ്ങി കോപ്പൊരുങ്ങി പടയൊരുക്കം പൂർത്തിയാവുന്നു ...
  ഈ പകിട്ടിന്റെയെല്ലാം കൊട്ടിക്കലാശം , ഇനി നല്ല വർണ്ണപ്പകിട്ടോടുകൂടി യുദ്ധമുഖത്ത് കാണാം

  ReplyDelete
  Replies
  1. അതെ.. ഡെവ്‌ലിൻ ഇംഗ്ലണ്ടിലേക്ക് പുറപ്പെടാറായിരിക്കുന്നു...

   Delete
 10. ഡെവ് ലിൻ ഒരു സംഭവമാണല്ലെ. എല്ലാം ഒരു നിസ്സാരമട്ട്. ഇതുവരെ നായികയെ രംഗത്തിറക്കിയില്ല...! ഡെവ് ലിനെ ഒന്നു ചൂടാക്കിഷ്ടാ..

  ReplyDelete
  Replies
  1. ഇംഗ്ലണ്ടിലെത്തട്ടെ അശോകേട്ടാ... നായിക അവിടെയുണ്ട്...

   Delete
 11. ഇനിയും വരാത്തതെന്തേ... ഉണ്ടാപ്രീ നീ ഇനിയും വരാത്തതെന്തേ...

  ReplyDelete
 12. നല്ല രസം ..കൂടെയുണ്ട് ...ആശംസകൾ

  ReplyDelete
 13. വയസ്സന്മാരെ പേടിപ്പിക്കുന്നത് അത്ര നല്ല ശീലമല്ല. ഏത് ചെല്ലൻബെർഗ് ആയാലും. ഒന്ന് പറഞ്ഞേക്കണം കേട്ടൊ അയാളോട്

  ReplyDelete
  Replies
  1. വിനുവേട്ടൻ പറഞ്ഞോന്ന് പറഞ്ഞില്ലല്ലോ.

   Delete
  2. ഞാൻ പറയാനൊന്നും പോയില്ല സുധീ... :)

   Delete