Thursday 28 December 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 29



നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അടുത്ത ദിവസം മദ്ധ്യാഹ്നത്തോടെ മുൻനിശ്ചയ പ്രകാരം ഡെവ്ലിൻ UFA ഫിലിം സ്റ്റുഡിയോയിലെ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റിന് മുന്നിൽ സന്നിഹിതനായി. നാല്പതുകളുടെ ഒടുവിൽ എത്തി നിൽക്കുന്ന കാൾ ഷ്നെയ്ഡറിനെ കണ്ടാൽ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് എന്നതിനെക്കാൾ ഒരു ചുമട്ടു തൊഴിലാളിയോടായിരുന്നു രൂപ സാദൃശ്യം.

ഡെവ്ലിന്റെ കൈയിൽ ഉണ്ടായിരുന്ന പാസ്പോർട്ട് സൈസ് ഫോട്ടോ പരിശോധിച്ചതിന് ശേഷം അയാൾ ചോദിച്ചു. “അവരുടെ കൈവശം ഉള്ളത് ഫോട്ടോയാണെന്നാണോ നിങ്ങൾ പറയുന്നത്...?”

അതെ... ഏതാണ്ട് ഇതുപോലുള്ളത് തന്നെ...”

ഇതൊരു പ്രശ്നമല്ല... ആൾക്കൂട്ടത്തിനിടയിൽ പോലീസുകാർക്ക് അത്ര എളുപ്പം ഓർമ്മ വയ്ക്കാൻ പറ്റുന്ന മുഖമൊന്നുമല്ല ഇത്... ആട്ടെ, എന്നാണ് നിങ്ങൾ യാത്ര തിരിക്കുന്നത്...?”

ഡെവ്ലിൻ ഒന്നാലോചിച്ചു. പിന്നെ തീരുമാനത്തിൽ എത്തിയത് പോലെ പറഞ്ഞു. “രണ്ടോ മൂന്നോ ദിവസങ്ങൾക്കകം...”

എത്ര ദിവസമുണ്ടായിരിക്കും നിങ്ങൾ ഇംഗ്ലണ്ടിൽ...?”

ഏറിയാൽ പത്ത് ദിവസം... എന്തെങ്കിലും ചെയ്യാൻ പറ്റുമോ...?”

തീർച്ചയായും...” ഷ്നെയ്ഡർ തല കുലുക്കി. “കവിളിനുള്ളിൽ ചീക്ക് പാഡ് അല്ലെങ്കിൽ അതുപോലുള്ള മറ്റെന്തെങ്കിലും വച്ചാൽ മുഖരൂപം തന്നെ മാറ്റിയെടുക്കാം... പക്ഷേ, അതിന്റെയൊന്നും ആവശ്യമുണ്ടെന്നെനിക്ക് തോന്നുന്നില്ല... നിങ്ങൾക്കത്ര വണ്ണമൊന്നുമില്ലല്ലോ... മെലിഞ്ഞ ശരീരപ്രകൃതിയല്ലേ...”

കഷ്ടപ്പാട് നിറഞ്ഞ ജീവിതമല്ലേ...” ഡെവ്ലിൻ പറഞ്ഞു.

ഡെവ്ലിൻ പറയാൻ ശ്രമിച്ച തമാശയെ അവഗണിച്ചുകൊണ്ട് അയാൾ തുടർന്നു. “നിങ്ങളുടെ മുടി... ഇരുണ്ട് നീളം കൂടിയതാണല്ലോ... ഞാൻ കൈ വയ്ക്കാൻ പോകുന്നത് അതിലാണ്... ഇംഗ്ലണ്ടിൽ എന്ത് വേഷമാണ് നിങ്ങൾ കെട്ടാൻ പോകുന്നത്...?”

ഒരു വൈദികന്റെ... ശാരീരികമായി അയോഗ്യനായതിനാൽ ആർമിയിൽ നിന്നും അവധിയിൽ പ്രവേശിച്ച വൈദികന്റെ വേഷം...”

അപ്പോൾ പിന്നെ മുടി തന്നെ താരം...” ഡെവ്ലിന്റെ ചുമലിൽ ഷീറ്റ് പുതപ്പിച്ചിട്ട് ഷ്നെയ്ഡർ കത്രിക കൈയിലെടുത്തു.

നിമിഷങ്ങൾക്കകം ഡെവ്ലിന്റെ മുടി തലയോട്ടിയോട് ചേർത്ത് പറ്റെ വെട്ടി മാറ്റി ഷ്നെയ്ഡർ.

ജീസസ്...! ഞാൻ തന്നെയാണോ ഇത്...?” കണ്ണാടിയിൽ നോക്കിയ ഡെവ്ലിൻ അമ്പരന്നു പോയി.

ഇതൊരു തുടക്കം മാത്രം...  ബേസിനിലേക്ക് തലയൊന്ന് നീട്ടൂ...”

തല നന്നായി കഴുകിയിട്ട് ഷ്നെയ്ഡർ അദ്ദേഹത്തിന്റെ മുടിയിൽ ഏതോ രാസവസ്തു പുരട്ടി. “മുൻനിര താരങ്ങൾക്ക് ഞാൻ മേക്കപ്പ് ചെയ്തു കൊടുത്തിട്ടുണ്ട്... മർലിൻ ഡെയ്ട്രിച്ച്... ഇപ്പോൾ അവരുടെ മുടി ഒന്ന് കാണേണ്ടത് തന്നെയാണ്... എന്ത് ഭംഗിയാണെന്ന് അറിയുമോ...? പിന്നെ കോൺറാഡ് വെയ്ഡ്ട്... അദ്ദേഹത്തെ നാസികൾ തുരത്തിയോടിച്ചു... ഞാൻ പറഞ്ഞില്ലേ... ഹോളിവുഡിൽ വരെ തന്തയില്ലാത്തവന്മാർ കൈ കടത്തി തുടങ്ങിയിരിക്കുന്നു...”

വല്ലാത്തൊരു ജീവിതം തന്നെ...” ഡെവ്ലിൻ കണ്ണുകളടച്ചു. ഷ്നെയ്ഡർ തന്റെ ജോലി തുടർന്നു.

                                                         ***

കണ്ണാടിയിൽ നിന്നും തന്നെ തുറിച്ചു നോക്കുന്ന പ്രതിബിംബത്തെ കണ്ട് വിശ്വസിക്കാനാവാതെ ഡെവ്ലിൻ  നിന്നു. പറ്റെ വെട്ടിയ മുടി ചാര നിറത്തിലായിരിക്കുന്നു. എടുത്തു കാണിക്കുന്ന കവിളെല്ലുകൾ... മൊത്തത്തിൽ ഒരു പത്തോ പന്ത്രണ്ടോ വയസ്സ് കൂടുതൽ തോന്നിക്കും തന്റെ ഇപ്പോഴത്തെ രൂപം കണ്ടാൽ.

ദാറ്റ്സ് ബ്ലഡി മാർവെലസ്...” ഡെവ്ലിൻ പറഞ്ഞു.

കഴിഞ്ഞിട്ടില്ല...” ഷ്നെയ്ഡർ തന്റെ മേക്കപ്പ് ബോക്സ് തുറന്ന് പല തരത്തിലുള്ള കണ്ണടകൾക്കിടയിൽ ഒന്ന് പരതി. “അതെ... ഇതായിരിക്കും നന്നായി യോജിക്കുക... പ്ലെയിൻ ഗ്ലാസ്...” സ്റ്റീൽ ഫ്രെയിമുള്ള ഒരു കണ്ണട എടുത്ത് അയാൾ ഡെവ്ലിന്റെ മുഖത്ത് വച്ച് കൊടുത്തു. “യെസ്... എക്സലന്റ്... അയാം പ്ലീസ്ഡ് വിത്ത് മൈസെൽഫ്...”

സംഭവമൊക്കെ നന്നായിട്ടുണ്ട്... പക്ഷേ, എന്നെ ഇപ്പോൾ കണ്ടാൽ ഹിംലറുടെ ഛായ ഉണ്ടല്ലോ...” ഡെവ്ലിൻ പറഞ്ഞു. “ മുടിയുടെ ചാര നിറം നീണ്ട് നിൽക്കുമോ...?”

രണ്ട് ആഴ്ച്ചത്തേക്ക് പ്രശ്നമില്ല... ഏറിയാൽ പത്ത് ദിവസമെന്നല്ലേ നിങ്ങൾ പറഞ്ഞത്...” ഒരു ചെറിയ പ്ലാസ്റ്റിക്ക് കുപ്പി നൽകിക്കൊണ്ട് ഷ്നെയ്ഡർ പറഞ്ഞു. “ഇത് പുരട്ടി ഒന്ന് കഴുകിയാൽ മതി... കുറച്ച് ദിവസത്തേക്ക് കൂടി നിന്നേക്കും... പക്ഷേ, അധിക നാളത്തേക്ക് പ്രതീക്ഷിക്കരുത്...”

ഇല്ല... പത്ത് ദിവസം എന്ന് പറഞ്ഞത് ഞാൻ ആലോചിച്ചിട്ട് തന്നെയാണ്... അതിലും നീണ്ടു പോയാൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടായിരിക്കില്ല...”

                                                                ***

അത്ഭുതകരം...!” ഷെല്ലെൻബെർഗ് പറഞ്ഞു.

താങ്കൾക്ക് അങ്ങനെ തോന്നിയതിൽ സന്തോഷം...” ഡെവ്ലിൻ പറഞ്ഞു. “എന്നാൽ ഇനി എന്റെ ഫോട്ടോസ് കൂടി എടുത്തേക്കൂ... ഇനി അധികം വൈകിക്കാൻ എനിക്ക് താല്പര്യമില്ല...”

എന്ന് വച്ചാൽ...?”

എത്രയും പെട്ടെന്ന് തന്നെ എനിക്ക് പുറപ്പെടണം... നാളെയോ അല്ലെങ്കിൽ മറ്റന്നാളോ...”

കാര്യമായിട്ടാണോ നിങ്ങൾ പറയുന്നത്...?” ഷെല്ലെൻബെർഗ് സംശയത്തോടെ നോക്കി.

“UFA യിലെ താങ്കളുടെ സുഹൃത്ത് എനിക്ക് പുതിയ ഒരു മുഖം സമ്മാനിച്ച നിലയ്ക്ക് ഇനി വൈകിക്കുന്നതിൽ അർത്ഥമില്ല... ചെർണെയിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരിക്കുകയാണല്ലോ... വോഗനും ലേയ്സാൻഡർ വിമാനവും... നമുക്ക് മുന്നിൽ ഇനി അവശേഷിക്കുന്നത് ഒരു ഉറപ്പുമില്ലാത്ത മൂന്ന്  വസ്തുതകളാണ്... എന്റെ IRA സുഹൃത്ത് മിഷേൽ റയാൻ, ഷാ സഹോദരങ്ങൾ, പിന്നെ സെന്റ് മേരിസ് പ്രിയോറി...”

ശരിയാണ്...” ഷെല്ലെൻബെർഗ് പറഞ്ഞു. “പ്രിയോറിയിലെ സാഹചര്യങ്ങൾ എന്ത് തന്നെയായാലും നിങ്ങളുടെ സുഹൃത്ത് റയാനെ കണ്ടുപിടിക്കാനായില്ലെങ്കിൽ നിങ്ങളുടെ നില അങ്ങേയറ്റം പരുങ്ങലിലായിരിക്കും... ഷാ സഹോദരങ്ങളുടെ കാര്യവും അതു തന്നെ...”

ഷാ കുടുംബത്തെ കണ്ടെത്താനായില്ലെങ്കിൽ പിന്നെ വിജയസാദ്ധ്യത ഒട്ടും തന്നെയില്ല എന്ന് പറയാം... അതു കൊണ്ട് എത്രയും പെട്ടെന്ന് ഞാൻ അവിടെ എത്തിച്ചേരുന്നുവോ അത്രയും പെട്ടെന്ന് കാര്യങ്ങളുടെ കിടപ്പ് നമുക്ക് മനസ്സിലാകും...” ഡെവ്ലിൻ പറഞ്ഞു.

റൈറ്റ്...” ഷെല്ലെൻബെർഗ് കോളിങ്ങ് ബെല്ലിൽ വിരലമർത്തി. മുറിയിലെത്തിയ ഇൽസ് ഹബ്ബറിന് നേർക്ക് അദ്ദേഹം തിരിഞ്ഞു. “മിസ്റ്റർ ഡെവ്ലിന് വേണ്ടി ഫോർജറി ഡിപ്പാർട്ട്മെന്റ് തയ്യാറാക്കിയ പേപ്പറുകൾ കൊണ്ടുവരൂ...”

പക്ഷേ, എന്റെ പുതിയ രൂപത്തിലുള്ള ഫോട്ടോകൾ വേണ്ടേ അതിൽ...?” ഡെവ്ലിൻ ആരാഞ്ഞു.

പക്ഷേ, മിസ്റ്റർ ഡെവ്ലിൻ... താങ്കൾക്ക് വേണ്ടത് ഒരു ബ്രിട്ടിഷ് ഐഡന്റിറ്റി കാർഡാണ്... പിന്നെ ഭക്ഷണസാധനങ്ങൾക്കുള്ള റേഷൻ കാർഡ്, വസ്ത്രങ്ങൾക്കുള്ള കൂപ്പണുകൾ, ഡ്രൈവിങ്ങ് ലൈസൻസ് എന്നിവ... ഇതിനൊന്നിനും തന്നെ ഫോട്ടോ ആവശ്യമില്ല...” ഇൽസ് പറഞ്ഞു.

അത് കഷ്ടമായിപ്പോയല്ലോ...” ഡെവ്ലിൻ പറഞ്ഞു. “ഫോട്ടോയുള്ള തിരിച്ചറിയൽ കാർഡുണ്ടെങ്കിൽ എത്ര എളുപ്പമായേനെ അവർക്ക് ഒരാളെ കണ്ടെത്താൻ...”

ആട്ടെ, നിങ്ങൾ സ്വീകരിക്കാൻ പോകുന്ന പേരെന്താണ്...?” ഷെല്ലെൻബെർഗ് ചോദിച്ചു.

ഞാൻ പലപ്പോഴും പറയാറുള്ളത് പോലെ ഏറ്റവും നല്ല നുണ എന്ന് പറയുന്നത് വാസ്തവത്തിനോട് ഏറ്റവും അടുത്ത് നിൽക്കുന്നതായിരിക്കും...” ഡെവ്ലിൻ പറഞ്ഞു. “ഒരു കറ തീർന്ന ബ്രിട്ടീഷ് പൗരനായി അങ്ങോട്ട് പോകേണ്ട കാര്യമൊന്നുമില്ല... അതത്ര എളുപ്പവുമായിരിക്കില്ല എനിക്ക്... അതുകൊണ്ട് ഒരു യൂൾസ്റ്റർ സ്വദേശി എന്ന രൂപേണയായിരിക്കും ഞാൻ പോകുന്നത്...” അദ്ദേഹം ഇൽസിന് നേരെ തിരിഞ്ഞു. “മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക്...?”

എവ്രി വേഡ്...”

കോൺലൺ... ഞാൻ എന്നും ഇഷ്ടപ്പെട്ടിരുന്ന ഒരു പേരാണത്... എന്റെ ആദ്യത്തെ ഗേൾഫ്രണ്ട് ഒരു കോൺലൺ കുടുംബാംഗമായിരുന്നു... പിന്നെ ബാല്യകാലത്ത് ഞാൻ ബെൽഫാസ്റ്റിൽ താമസിച്ചിരുന്നത് വൈദികനായ അമ്മാവന്റെ കൂടെയും... ഹെൻട്രി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്... എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത് ഹാരി എന്നായിരുന്നു...”

അപ്പോൾ ഫാദർ ഹാരി കോൺലൺ എന്നാണോ ഉദ്ദേശിക്കുന്നത്...?” അവൾ ചോദിച്ചു.

യെസ്... മേജർ ഹാരി കോൺലൺ, ആർമി ചാപ്ലൻ... പരിക്കേറ്റതിനെത്തുടർന്ന് ദീർഘകാലാവധിയിൽ പ്രവേശിച്ചിരിക്കുന്ന വൈദികൻ...”

എവിടെ...?”

ഇതാ ഇവിടെ...” തലയിൽ വെടിയുണ്ടയേറ്റ പരിക്ക് ഡെവ്ലിൻ തൊട്ടു കാണിച്ചു. അടുത്ത നിമിഷം തന്നെ അദ്ദേഹം തിരുത്തി. “, സോറി... എവിടെ വച്ച് പരിക്കേറ്റു എന്നാണ് താങ്കൾ ഉദ്ദേശിച്ചതല്ലേ...?”

സഖ്യ കക്ഷികളുടെ വർഷത്തെ സിസിലി അധിനിവേശത്തിൽ സംഭവിച്ചതാണെന്ന് ആക്കിയാലോ...? ഷെല്ലെൻബെർഗ് അഭിപ്രായപ്പെട്ടു.

എക്സലന്റ്... ആദ്യദിനത്തിൽ തന്നെയുണ്ടായ എയർ റെയ്ഡിൽ പരിക്കേറ്റു... അങ്ങനെയാകുമ്പോൾ പ്രദേശത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽത്തന്നെ എനിക്ക് പറഞ്ഞ് നിൽക്കാനും സാധിക്കും... കൂടുതൽ ഒന്നും അറിയേണ്ട ആവശ്യമില്ലല്ലോ...”

മിലിട്ടറി ഡോക്യുമെന്റേഷൻ ഫയലിൽ ഒരു ബ്രിട്ടീഷ് ആർമി ചാപ്ലന്റെ പാസ്സ് കണ്ടത് പോലെ ഒരു ഓർമ്മ...” ഇൽസ് പറഞ്ഞു. “അതെ... നല്ല ഓർമ്മയുണ്ടെനിക്ക്... കാരണം അതൊരു പ്രത്യേക തരം കാർഡായിരുന്നു... ഞാൻ അതൊന്ന് ചെക്ക് ചെയ്തിട്ട് വരട്ടെ ജനറൽ...? രണ്ട് മിനിറ്റേ വേണ്ടൂ...”

ഷെല്ലെൻബെർഗ് തല കുലുക്കി. അവൾ പുറത്തേക്ക് പോയി.

അയർലണ്ടിലേക്കുള്ള നിങ്ങളുടെ ഫ്ലൈറ്റിന് ആവശ്യമായ അറേഞ്ചെമെന്റ് ഞാൻ ഇന്ന് തന്നെ ചെയ്യാം... ഇക്കാര്യത്തിൽ ലുഫ്ത്വാഫുമായി ഞാൻ ഇതിനോടകം തന്നെ ബന്ധപ്പെട്ടിട്ടുണ്ട്... ബ്രെസ്റ്റിന് സമീപമുള്ള ലാവൈൽ എയർബേസിൽ നിന്നും ടേക്ക് ഓഫ് ചെയ്യുകയായിരിക്കും നല്ലതെന്നാണ് അവരുടെ അഭിപ്രായം...” ഷെല്ലെൻബെർഗ് പറഞ്ഞു.

കഴിഞ്ഞ തവണ ഞാൻ പോയത് ഡിജാവു എയർബേസിൽ നിന്നായിരുന്നു...” ഡെവ്ലിൻ പറഞ്ഞു. “അന്നത്തെപ്പോലെ ഡോർണിയർ ബോംബർ ആയിരിക്കുമോ ഇത്തവണയും...?”

എക്സാക്റ്റ്ലി...”

ആഹ്... കഴിഞ്ഞ തവണ കുഴപ്പങ്ങളൊന്നുമുണ്ടായില്ല...”

നോക്കൂ, ഇതെന്താണെന്ന്...” തിരിച്ചെത്തിയ ഇൽസ് പറഞ്ഞു.

മേജർ ജോർജ്ജ് ഹാർവി എന്ന് പേരുള്ള ഒരു ആർമി ചാപ്ലന്റെ ഫോട്ടോ പതിച്ച പാസ്സ് ആയിരുന്നു അത്. വാർ ഓഫീസ് ഇഷ്യൂ ചെയ്തിരിക്കുന്ന പാസ്സിന് മിലിട്ടറി ബേസുകളിലും ആശുപത്രികളിലും അനിയന്ത്രിത പ്രവേശനാനുമതി ഉണ്ടായിരുന്നു.

ആത്മീയതയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുള്ള സൗകര്യങ്ങൾ നോക്കണേ...” ഷെല്ലെൻബെർഗ് അത്ഭുതപ്പെട്ടു. “ആട്ടെ, എവിടെ നിന്നാണിത് ലഭിച്ചത്...?”

ഒരു യുദ്ധത്തടവുകാരനിൽ നിന്നും പിടിച്ചെടുത്തതാണ് ജനറൽ... ഇതുപയോഗിച്ച് മിസ്റ്റർ ഡെവ്ലിന്റെ ഫോട്ടോ പതിച്ച ഒരു പാസ്സ് ഉണ്ടാക്കാൻ നമ്മുടെ ഫോർജറി ഡിപ്പാർട്മെന്റിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല...” ഇൽസ് പറഞ്ഞു.

ബ്രില്ല്യന്റ്...” ഡെവ്ലിൻ പറഞ്ഞു. “യൂ ആർ മാർവെലസ് വുമൺ...”

നമ്മുടെ ക്ലോത്തിങ്ങ് ഡിപ്പാർട്ട്മെന്റ് കൂടി നിങ്ങൾ സന്ദർശിക്കേണ്ടി വരും...” അവൾ പറഞ്ഞു. “ഒരു യൂണിഫോമിന്റെ ആവശ്യമുണ്ടാകില്ലേ നിങ്ങൾക്ക്...?”

അതൊരു കാര്യമാണ്... തീർച്ചയായും പ്രയോജനപ്പെടും....” ഡെവ്ലിൻ പറഞ്ഞു. “കറുത്ത സ്യൂട്ട്, ക്ലെറിക്കൽ കോളർ, കറുത്ത ഹാറ്റ്, റെയിൻ കോട്ട്... പിന്നെ ഒരു മിലിട്ടറി ക്രോസ് കൂടിയുണ്ടെങ്കിൽ ഉത്തമം... ഒരു വൈദികൻ എന്ന നിലയിൽ നല്ലൊരു മതിപ്പായിരിക്കും അത് നൽകുക... പിന്നെ ബെൽഫാസ്റ്റിൽ നിന്നും ലണ്ടനിലേക്ക് പോകാനുള്ള യാത്രാരേഖ കൂടി വേണം... സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ളത്...”

എല്ലാം തയ്യാറാക്കുന്ന കാര്യം ഇതാ തുടങ്ങിക്കഴിഞ്ഞു....” അവൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

വേറെ എന്തൊക്കെയാണ് വേണ്ടത്...?” ഷെല്ലെൻബെർഗ് ചോദിച്ചു.

പണം... അയ്യായിരം പൗണ്ട്... എന്റെ ആവശ്യങ്ങൾക്കും പിന്നെ അത്യാവശ്യം കൈക്കൂലി നൽകുന്നതിനും വേണ്ടി... സൈനികോദ്യോഗസ്ഥർ കൊണ്ടുനടക്കുന്ന തരം ബാഗ് തരപ്പെടുത്താൻ കഴിയുമെങ്കിൽ അതിന്റെ അടിയിലുള്ള കള്ള അറയിൽ പണം സൂക്ഷിക്കാൻ കഴിയും...”

അക്കാര്യത്തിൽ വിഷമിക്കേണ്ട... അറേഞ്ച് ചെയ്യാവുന്നതേയുള്ളൂ...” ഷെല്ലെൻബെർഗ് പറഞ്ഞു.

പിന്നെ അഞ്ചിന്റെ നോട്ടുകളായിരിക്കണം... മാത്രമല്ല, ഒറിജിനൽ തന്നെ വേണം താനും... SS ഹെഡ്ക്വാർട്ടേഴ്സ് പ്രിന്റ് ചെയ്യുന്ന കള്ളനോട്ടുകൾ ആയിരിക്കരുത്...” ഡെവ്ലിൻ ഓർമ്മിപ്പിച്ചു.

അക്കാര്യത്തിൽ ഞാൻ വാക്ക് തരുന്നു... പിന്നെ നിങ്ങൾക്കൊരു കോഡ് നെയിം വേണമല്ലോ...”

ഷാ കുടുംബവുമായി ബന്ധപ്പെട്ട അതേ കോഡ് നെയിം തന്നെ ഉപയോഗിക്കാം നമുക്ക്... ഫാൾക്കൺ... താങ്കളുടെ റേഡിയോ ഓപ്പറേറ്റേഴ്സുമായി ബന്ധപ്പെടുവാനുള്ള വിശദവിവരങ്ങൾ തരൂ...           താങ്കൾ വിചാരിക്കുന്നതിനും മുമ്പ് തന്നെ ഞാൻ ലൈനിൽ വന്നിരിക്കും...”

എക്സലന്റ്... ബെൽ ഐലിൽ വച്ച്  ഫ്യൂറർ നടത്താൻ പോകുന്ന കോൺഫറൻസ് ജനുവരി ഇരുപത്തിയൊന്നാം തീയ്യതിയാണ്... അപ്പോഴേക്കും നമ്മുടെ ദൗത്യം പൂർത്തിയായിരിക്കുമെന്ന് വിശ്വസിക്കുന്നു...”

 വീ വിൽ മാനേജ്...” ഡെവ്ലിൻ എഴുന്നേറ്റു. “കാന്റീനിൽ പോയി എന്തെങ്കിലും കഴിച്ചാലോ...? പിന്നെ ഒരു കാര്യം കൂടി...” വാതിൽ തുറന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.

എന്താണ്...?”

“1941 അബ്ഫെറിന് വേണ്ടി ഞാൻ അയർലണ്ടിൽ പാരച്യൂട്ടിൽ  ഇറങ്ങുമ്പോൾ സ്യൂട്ട്കെയ്സിൽ പതിനായിരം പൗണ്ട് ഉണ്ടായിരുന്നു... IRA ക്ക് വേണ്ടിയുള്ള സാമ്പത്തിക സഹായമായിട്ട്... പാക്കറ്റ് തുറന്ന് നോക്കിയപ്പോൾ ഞാൻ കണ്ടത് ഭംഗിയായി കെട്ടി വച്ച അഞ്ചിന്റെ നോട്ടുകെട്ടുകളായിരുന്നു... ബാങ്ക് ഓഫ് ബെർലിന്റെ അടയാളമുള്ള ബാന്റുകളാൽ ചുറ്റിയ നോട്ടു കെട്ടുകൾ... ഇത്തവണയെങ്കിലും അത്തരം വിഡ്ഢിത്തമൊന്നും കാണിക്കില്ല എന്ന് പ്രതീക്ഷിച്ചോട്ടെ ഞാൻ...?”

എന്നിട്ടാണ് എന്തുകൊണ്ട് നാം യുദ്ധത്തിൽ പിന്നോട്ട് പോകുന്നു എന്ന് തലപ്പത്തുള്ളവർ അത്ഭുതപ്പെടുന്നത്...” ചിരിച്ചു കൊണ്ട് ഷെല്ലെൻബെർഗ് പറഞ്ഞു.

(തുടരും

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...