Wednesday 15 November 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 25



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഫയൽ അടച്ച് വച്ച് എസാ വോഗൻ മുഖമുയർത്തി. മേശക്കപ്പുറത്ത് നിന്നും അല്പം മുന്നോട്ടാഞ്ഞ് ഷെല്ലെൻബെർഗ് അയാൾക്ക് ഒരു സിഗരറ്റ് നീട്ടി.  “എന്ത് തോന്നുന്നു...?”

“എന്നെത്തന്നെ തിരഞ്ഞെടുക്കുവാൻ കാരണം...?”

“ഏത് വിമാനവും പറത്താൻ കഴിവുള്ള പൈലറ്റാണ് നിങ്ങളെന്നാണ് എനിക്ക് ലഭിച്ച റിപ്പോർട്ട്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“മുഖസ്തുതി എല്ലാവർക്കും ഇഷ്ടമാണ് ജനറൽ... പക്ഷേ, ഇവിടെ ഒരു വിഷയമുണ്ട്... SS സേനയിലേക്ക് എന്നെ റിക്രൂട്ട് ചെയ്യുന്ന സമയത്ത് ഞാനൊരു വ്യവസ്ഥ വച്ചിരുന്നു... റഷ്യക്കാർക്ക് എതിരെ മാത്രമേ ഞാൻ പൊരുതൂ എന്ന്... എന്റെ രാജ്യത്തിന്റെ വീഴ്ച്ചയ്ക്ക് കാരണമാകുന്ന ഒരു പ്രവൃത്തിയിലും ഞാൻ ഏർപ്പെടുകയില്ല എന്ന്...” വോഗൻ പറഞ്ഞു.

ജാലകത്തിനരികിൽ ഇരിക്കുകയായിരുന്ന ഡെവ്‌ലിൻ പൊട്ടിച്ചിരിച്ചു. “എന്ത് വിഡ്ഢിത്തമാണ് സുഹൃത്തേ നിങ്ങൾ പറയുന്നത്...? അവർ അത് അംഗീകരിച്ചു എന്ന് നിങ്ങൾ വിശ്വസിച്ചെങ്കിൽ പിന്നെ എന്തും വിശ്വസിക്കേണ്ടി വരും നിങ്ങൾക്ക്... SS സേനയുടെ യൂണിഫോം എന്ന് നിങ്ങൾ അണിയുവാൻ ആരംഭിച്ചുവോ അന്ന് മുതൽ നിങ്ങൾ അവരുടെ അടിമയാണ്...”

“ഇദ്ദേഹം പറയുന്നത് ശരിയാണ് ക്യാപ്റ്റൻ...” ഷെല്ലെൻബെർഗ് പറഞ്ഞു. “ഈ വാദവുമായി റൈഫ്യൂററുടെ മുന്നിൽ അധികനേരം പിടിച്ചു നിൽക്കാൻ നിങ്ങൾക്കാവില്ല...”

“എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ട്...” വോഗന്റെ മുഖം മ്ലാനമായി.

“ശരിക്കും എന്താണ് നിങ്ങളുടെ പ്രശ്നം...?” ഡെവ്‌ലിൻ ചോദിച്ചു. “എവിടെ ജോലി ചെയ്യാനാണ് നിങ്ങൾക്ക് താല്പര്യം? അങ്ങവിടെ റഷ്യൻ അതിർത്തിയിലോ അതോ ഇവിടെയോ...? എന്തായാലും ശരി, നിങ്ങളുടെ മുന്നിൽ വേറെ മാർഗ്ഗമൊന്നുമില്ല എന്നത് മറക്കേണ്ട... പറ്റില്ല എന്ന് ആ മരത്തലയൻ  ഹിം‌ലറോട് പറയേണ്ട താമസമേയുള്ളൂ, കോൺസൻ‌ട്രേഷൻ ക്യാമ്പിനുള്ളിൽ എത്തിക്കഴിഞ്ഞിരിക്കും നിങ്ങൾ...”

“അല്ലെങ്കിലും വലിയ വ്യത്യാസമൊന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു...” വോഗൻ പറഞ്ഞു. “ഈ യൂണിഫോമിൽ ഞാൻ ഇംഗ്ലണ്ടിൽ പിടിയിലാകുന്നു... അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ കോർട്ട് മാർഷൽ നടപടിയായിരിക്കും പിന്നീട് കാണുന്നത്... ശേഷം ഫയറിങ്ങ് സ്ക്വാഡിന്റെ മുന്നിൽ എന്റെ അന്ത്യം...”

“ഇല്ല മകനേ... നിങ്ങളെ തൂക്കിക്കൊല്ലുകയായിരിക്കും ചെയ്യുന്നത്...” ഡെവ്‌ലിൻ ചിരിച്ചു. “അതുകൊണ്ട്, പറയൂ... ലണ്ടനിലേക്കുള്ള പറക്കൽ... അതിന്റെ സാദ്ധ്യതയെക്കുറിച്ച് എന്താണഭിപ്രായം...?”

“വിജയിക്കാതിരിക്കാനുള്ള കാരണമൊന്നും ഞാൻ കാണുന്നില്ല... പക്ഷേ, അതിന് മുമ്പ് ഇംഗ്ലീഷ് ചാനലിന് മുകളിലൂടെയുള്ള റൂട്ട് മാപ്പ് എനിക്കൊന്ന് കാണണം... കൃത്യമായ വിവരങ്ങൾ അതിൽ നിന്നേ മനസ്സിലാക്കാൻ കഴിയൂ... മിക്കവാറും ട്രിപ്പിന്റെ സിംഹഭാഗവും കടലിന് മുകളിൽ തന്നെ കഴിച്ചു കൂട്ടുവാൻ സാധിച്ചേക്കും... അവസാനത്തെ കുറച്ച് ദൂരം മാത്രമേ കരയുടെ മുകളിലൂടെ പറക്കേണ്ടി വരൂ...”

“എക്സാക്റ്റ്‌ലി...” ഷെല്ലെൻബെർഗ് പറഞ്ഞു.

“ഷാ പ്ലേസ് എന്ന ഈ സ്ഥലം... ഒരു നൈറ്റ് ലാന്റിങ്ങിനുള്ള സാദ്ധ്യത മാത്രമേ നമ്മുടെ മുന്നിലുള്ളൂ... നിലാവെട്ടം ഉണ്ടെങ്കിൽ പോലും ചില മാർഗ്ഗനിർദ്ദേശങ്ങൾ വേണ്ടി വരും എനിക്ക്...” അതേക്കുറിച്ച് ചിന്തിച്ചു കൊണ്ട് വോഗൻ തല കുലുക്കി. “കാലിഫോർണിയയിൽ വച്ച് എന്റെ ഫ്ലയിങ്ങ് ഇൻസ്ട്രക്ടർ പറയാറുള്ളത് ഓർമ്മ വരുന്നു... അന്ന് ഇത്രയും സാങ്കേതിക വിദ്യകൾ ഉണ്ടായിരുന്നില്ല  എന്നോർക്കണം... സൈക്കിൾ ലാമ്പുകളാണ് അന്ന് ലാന്റിങ്ങിന് അടയാളമായി ഉപയോഗിച്ചിരുന്നത്...”

“തീർത്തും ലളിതം...” ഡെവ്‌ലിൻ പറഞ്ഞു.

“പിന്നെ വിമാനത്തിന്റെ കാര്യം... വളരെ ചെറിയ തരം വിമാനമായിരിക്കണം നാം ഉപയോഗിക്കേണ്ടത്... ഫെയ്സ്‌ലർ സ്റ്റോർക്ക് പോലുള്ള എന്തെങ്കിലും ഒന്ന്...” വോഗൻ പറഞ്ഞു.

“അക്കാര്യം മിക്കവാറും ശരിയായിട്ടുണ്ടാകും...” ഷെല്ലെൻബെർഗ് പറഞ്ഞു. “ബന്ധപ്പെട്ട ഓഫീസറോട് ഞാൻ സംസാരിച്ചിരുന്നു... ഹിൽഡോർഫിലാണ് അവരുള്ളത്... ബെർലിനിൽ നിന്നും ഏതാനും മണിക്കൂർ യാത്രയേയുള്ളൂ അങ്ങോട്ട്... നമ്മളെയും കാത്തിരിക്കുകയാണവർ... അനുയോജ്യമായ ഒരു വിമാനം അവർ കണ്ടെത്തിക്കഴിഞ്ഞു എന്നാണ് മനസ്സിലാക്കുന്നത്...”

“എങ്കിൽ പിന്നെ വേറൊന്നും ഇല്ലെന്ന് തോന്നുന്നു...” വോഗൻ എഴുന്നേറ്റു. “എന്താണ് അടുത്ത നീക്കം...?”

“അടുത്തത് ഭക്ഷണം മകനേ...” ഡെവ്‌ലിൻ പറഞ്ഞു. “കരിഞ്ചന്തയിൽ ലഭ്യമായ ഏറ്റവും നല്ല ഭക്ഷണം ഏതാണെന്ന് നോക്കാം... അതിന് ശേഷം നിങ്ങൾ എന്നോടൊപ്പം ഇൽ‌സിന്റെ അപ്പാർട്ട്മെന്റിലേക്ക് വരുന്നു... ഉറക്കം എന്റെ മുറിയിൽ... പേടിക്കേണ്ട, രണ്ട് കട്ടിലുകളുണ്ട് അവിടെ...”

                                                            ***

സെന്റ് മേരീസ് പ്രിയോറിയിലെ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് പിറ്റി ചാപ്പലിൽ തണുപ്പും ഈർപ്പവും തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. മെഴുകുതിരിയുടെയും കുന്തിരിക്കത്തിന്റെയും രൂക്ഷഗന്ധം അന്തരീക്ഷത്തിലെങ്ങും തങ്ങി നിൽക്കുന്നു. അവസാനമായി കുമ്പസരിക്കാനെത്തിയ കന്യാസ്ത്രീയും പോയിക്കഴിഞ്ഞതോടെ ലൈറ്റണച്ച് ഫാദർ ഫ്രാങ്ക് മാർട്ടിൻ പുറത്തിറങ്ങി.

രണ്ട് തെരുവുകൾക്കപ്പുറമുള്ള സെന്റ് പാട്രിക്ക്സ് ദേവാലയത്തിലെ വികാരിയാണ് അദ്ദേഹം. സെന്റ് മേരീസ് പ്രിയോറിയിലെ അന്തേവാസികളുടെ കുമ്പസാരച്ചുമതലയും കൂടി അതോടൊപ്പം ഏറ്റെടുക്കേണ്ടി വന്നു എന്നതാണ് വാസ്തവം. അധികമൊന്നും ഉയരമില്ലാത്ത ആ എഴുപത്തിയാറുകാരന്റെ മുടി പൂർണ്ണമായും നരച്ചിരിക്കുന്നു. യുദ്ധം ഇല്ലായിരുന്നുവെങ്കിൽ എന്നേ റിട്ടയർ ചെയ്യേണ്ടതാണ്... യുദ്ധം കാരണം എല്ലാ തുറകളിലും ഇത് തന്നെയാണ് സ്ഥിതി.

ചമയങ്ങൾ വച്ചിട്ടുള്ള മുറിയിൽ ചെന്ന് തന്റെ ളോഹ ഊരി മടക്കി വച്ചിട്ട് അദ്ദേഹം റെയിൻ കോട്ട് എടുത്തു. ദേവാലയത്തിൽ ചെന്ന് നേരത്തെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചുവെങ്കിലും സഹജീവികളോടുള്ള ദീനാനുകമ്പ തന്നെയാണ് പതിവ് പോലെ വിജയിച്ചത്. പതിനെട്ട് രോഗികളാണ് ഇപ്പോൾ പ്രിയോറിയിൽ ഉള്ളത്. അവരിൽ ഏഴു പേർ മരണാസന്നരായി കിടക്കുന്നു. ഒരു അവസാന റൌണ്ട് റൂം വിസിറ്റ് ഒരിക്കലും ഒരു അധികപ്പറ്റാവില്ല. മദ്ധ്യാഹ്നത്തിന് ശേഷം രോഗികളുടെയടുത്ത് പോകാൻ കഴിഞ്ഞില്ല ഇതുവരെ.

ചാപ്പലിൽ നിന്ന് പുറത്തു കടന്ന അദ്ദേഹം കണ്ടത് നിലം തുടച്ച് വൃത്തിയാക്കിക്കൊണ്ടിരിക്കുന്ന മദർ സുപ്പീരിയർ സിസ്റ്റർ മരിയ പാമറെയാണ്. വേലക്കാരെക്കൊണ്ട് ചെയ്യിക്കേണ്ട അത്തരം ജോലികൾ പോലും തനിയെ ചെയ്യുന്നതിൽ അവർ നിർവൃതി കണ്ടെത്തിയിരുന്നു.

ഒരു നിമിഷം നിന്നിട്ട് ഫാദർ മാർട്ടിൻ തലയാട്ടി. “എന്തിനാണിങ്ങനെ കഷ്ടപ്പെടുന്നത്...?”

“ഇതൊന്നും ഒരു കഷ്ടപ്പാടേയല്ല ഫാദർ...” അവർ പറഞ്ഞു. “താങ്കളെ കണ്ടത് നന്നായി... ഇന്നലെ താങ്കൾ പോയതിന് ശേഷം ചില സംഭവവികാസങ്ങളൊക്കെ ഇവിടെയുണ്ടായി... ഒരു  ജർമ്മൻ യുദ്ധത്തടവുകാരനെ അവർ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്...”

“റിയലി...?” ഇരുവരും ഹാളിന് നേർക്ക് നടന്നു.

“അതെ... ഒരു ലുഫ്ത്‌വാഫ് ഓഫീസർ... ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് പരിക്കേറ്റതാണ്... സുഖം പ്രാപിച്ചു വരുന്നതേയുള്ളൂ... ഒരു കേണൽ കുർട്ട് സ്റ്റെയ്നർ... മുകളിലത്തെ നിലയിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്...”

“അദ്ദേഹത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങളൊക്കെ എങ്ങനെ...?”

“അര ഡസൻ മിലിട്ടറി പോലീസുകാരുണ്ട്... ബെൻസൻ എന്ന് പേരുള്ള ഒരു സെക്കന്റ് ലെഫ്റ്റനന്റ് ആണ് ഇൻ ചാർജ്ജ്... ചെറുപ്പക്കാരനാണ്...”

ആ നിമിഷമാണ് ജാക്ക് കാർട്ടറും ഡോഗൽ മൺ‌റോയും കൂടി സ്റ്റെയർകെയ്സ് ഇറങ്ങി താഴോട്ട് വന്നത്.

“എല്ലാം തൃപ്തികരമല്ലേ ബ്രിഗേഡിയർ...?” സിസ്റ്റർ മരിയ പാമർ ചോദിച്ചു.

“തീർച്ചയായും...” മൺ‌റോ പറഞ്ഞു. “കഴിയുന്നതും  നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഞങ്ങൾ ശ്രമിക്കാം സിസ്റ്റർ...”

“ഏയ്, ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല...” അവർ പറഞ്ഞു. “ബൈ ദി വേ, ഇതാണ് ഫാദർ മാർട്ടിൻ... ഇദ്ദേഹമാണ് ഇവിടുത്തെ വൈദിക ശുശ്രൂഷകൾ ചെയ്യുന്നത്...”

“ഹലോ ഫാദർ...” മൺ‌റോ അഭിവാദ്യം നൽകി. പിന്നെ കാർട്ടറുടെ നേർക്ക് തിരിഞ്ഞു. “ജാക്ക്, നാളെ ഞാൻ അവധിയാണ്... കേണൽ സ്റ്റെയ്നറെ പരിശോധിക്കുവാൻ ഒരു ഡോക്ടറെ ഏർപ്പാടാക്കുന്ന കാര്യം മറക്കണ്ട...”

“ഞാനൊരു ഡോക്ടറും കൂടിയാണെന്ന കാര്യം താങ്കളോട് പറഞ്ഞില്ല അല്ലേ, ബ്രിഗേഡിയർ...?” സിസ്റ്റർ മരിയ പാമർ പുഞ്ചിരിച്ചു. കേണൽ സ്റ്റെയ്നർക്ക് ആവശ്യമായ എന്ത് മെഡിക്കൽ സഹായവും നൽകാൻ ഞങ്ങളെക്കൊണ്ടാകും... താങ്കൾ പോയിക്കഴിഞ്ഞിട്ട് അദ്ദേഹത്തെ സന്ദർശിക്കുവാനിരിക്കുകയായിരുന്നു ഞാൻ...”

“എന്തോ, എനിക്കത്ര വിശ്വാസം പോരാ സിസ്റ്റർ...” ജാക്ക് കാർട്ടർ സംശയം പ്രകടിപ്പിച്ചു.

“ക്യാപ്റ്റൻ കാർട്ടർ, ഒരു കാര്യം ഞാൻ ഓർമ്മിപ്പിക്കട്ടെ... ഞാൻ മേധാവിയായിട്ടുള്ള ഈ പ്രിയോറി ഒരു മഠം മാത്രമല്ല, മരണാസന്നരായി കിടക്കുന്ന രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സിങ്ങ് ഹോം കൂടിയാണ്... കേണൽ സ്റ്റെയ്നറുടെ മെഡിക്കൽ റെക്കോഡ്സ് ഞാൻ കണ്ടിരുന്നു... ഗുരുതരമായ പരിക്കിൽ നിന്നും അദ്ദേഹം സുഖം പ്രാപിച്ചു തുടങ്ങിയിട്ട് ഏതാനും ആഴ്ച്ചകളേ ആയിട്ടുള്ളൂ... അതുകൊണ്ട് തന്നെ എന്റെ പരിചരണം അദ്ദേഹത്തിന് ആവശ്യമാണ്... അതു മാത്രമല്ല, റെക്കോഡ്സിൽ നിന്നും ഒരു റോമൻ കാത്തലിക്ക് ആണ് അദ്ദേഹമെന്ന് മനസ്സിലായി... ഫാദർ മാർട്ടിന്റെ മതശുശ്രൂഷയും ചിലപ്പോൾ അദ്ദേഹത്തിന് ആവശ്യമായി വന്നേക്കാം...”

“ശരിയാണ് സിസ്റ്റർ...” മൺ‌റോ പറഞ്ഞു. “അക്കാര്യങ്ങൾക്കൊന്നും തടസം വരാതെ നോക്കണം... ഓകേ ജാക്ക്...?”

മൺ‌റോ പുറത്തേക്ക് നടന്നു. ഫാദർ മാർട്ടിന് വഴി കാണിച്ച് കൊണ്ട് ജാക്ക് കാർട്ടർ മുകളിലത്തെ നിലയിലേക്കുള്ള പടികൾ കയറി. അടച്ച് ഉറപ്പ് വരുത്തിയ ഇരുമ്പ് വാതിലിന് മുന്നിൽ ഇട്ടിട്ടുള്ള കസേരയിൽ ഒരു  മിലിട്ടറി പോലീസുകാരൻ ഇരിക്കുന്നുണ്ടായിരുന്നു.

“തുറക്കൂ...” കാർട്ടർ ആജ്ഞാപിച്ചു.

മിലിട്ടറി പോലീസുകാരൻ ആ വാതിലിൽ രണ്ടു തവണ മുട്ടി. അടുത്ത നിമിഷം ആ വാതിൽ ഉള്ളിലേക്ക് തുറക്കപ്പെട്ടു. മറ്റൊരു മിലിട്ടറി പോലീസുകാരനായിരുന്നു ഉള്ളിൽ.

“മറ്റു മുറികൾ ഞങ്ങൾ പോലീസുകാർക്ക് താമസിക്കുവാനായി എടുത്തിരിക്കുകയാണ്...” കാർട്ടർ പറഞ്ഞു.

“ഐ സീ...” സിസ്റ്റർ മരിയ പറഞ്ഞു.

ആദ്യത്തെ റൂമിന്റെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. ഡെസ്കിനരികിലായി ഇട്ടിരിക്കുന്ന ചെറിയ കട്ടിലിൽ ചെറുപ്പക്കാരനായ ലെഫ്റ്റനന്റ് ബെൻസൻ ഇരിക്കുന്നുണ്ട്. അവരെ കണ്ടതും അയാൾ ചാടിയെഴുന്നേറ്റു.

“വാട്ട് ക്യാൻ ഐ ഡൂ ഫോർ യൂ സർ...?”

“സിസ്റ്ററിനും ഫാദറിനും എപ്പോൾ വേണമെങ്കിലും കേണലിനെ വന്നു കാണാനുള്ള സ്വാതന്ത്ര്യമുണ്ട്... ബ്രിഗേഡിയർ മൺ‌റോയുടെ ഓർഡറാണ്... തടവുകാരനുമായി ഒന്ന് സംസാരിക്കണം...” കാർട്ടർ പറഞ്ഞു.

ആ ഇടനാഴി അവസാനിക്കുന്നിടത്ത് ഒരു കസേരയിൽ മറ്റൊരു മിലിട്ടറി പോലീസുകാരൻ ഇതെല്ലാം വീക്ഷിച്ചു കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.

“മൈ ഗോഡ്... ഈ മനുഷ്യന് അതീവ സുരക്ഷയാണല്ലോ നിങ്ങൾ ഒരുക്കിയിരിക്കുന്നത്...!” ഫാദർ മാർട്ടിൻ ആശ്ചര്യപ്പെട്ടു.

ബെൻസൻ വാതിലിന്റെ ലോക്ക് തുറന്നു. ജാലകത്തിനരികിൽ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന സ്റ്റെയ്നർ ശബ്ദം കേട്ട് തിരിഞ്ഞു. ആരെയും ആകർഷിക്കുന്ന വേഷം. ബ്ലൂ – ഗ്രേ നിറങ്ങളിലുള്ള ലുഫ്ത്‌വാഫ് യൂണിഫോം... കഴുത്തിൽ Knight’s Cross with Oak Leaves മെഡൽ... യൂണിഫോമിൽ പലയിടങ്ങളിലായി അണിഞ്ഞിരിക്കുന്ന വേറെയും മെഡലുകൾ... എല്ലാം ചേർന്ന് ആർക്കും ബഹുമാനം തോന്നിപ്പിക്കുന്ന രൂപമായിരുന്നു അദ്ദേഹത്തിന്റേത്.

“ഇത് മദർ സുപ്പീരിയർ സിസ്റ്റർ മരിയ പാമർ... നേരത്തെ പരിചയപ്പെടുത്തുവാൻ കഴിഞ്ഞില്ല... പിന്നെ ഇത് ഫാദർ മാർട്ടിൻ...”  കാർട്ടർ പറഞ്ഞു.

“കേണൽ, നാളെ താങ്കളെ വിശദമായ ഒരു ചെക്കപ്പിനായി താഴെ ഡിസ്പെൻസറിയിലേക്ക് കൊണ്ടുപോകുന്നതാണ്...” സിസ്റ്റർ മരിയ പറഞ്ഞു.

“അത് നമുക്ക് അനുവദിക്കാമോ സർ...?” ബെൻസൻ ചോദിച്ചു.

“മൈ ഗോഡ്...! ലെഫ്റ്റനന്റ്, വേണമെങ്കിൽ നിങ്ങളുടെ മുഴുവൻ സൈനികരെയും ഒപ്പം കൂട്ടിക്കോളൂ... രാവിലെ പത്ത് മണിയോടെ ഇദ്ദേഹം ഡിസ്പെൻസറിയിൽ എത്തിയിരിക്കണം... ഇല്ലെങ്കിൽ നിങ്ങൾ വിവരമറിയും...” സിസ്റ്റർ മരിയ പറഞ്ഞു.

“നോ പ്രോബ്ലം...” കാർട്ടർ പറഞ്ഞു. “വേണ്ടത് ചെയ്യാൻ മടിക്കേണ്ട ബെൻസൻ... വേറെന്തെങ്കിലും സിസ്റ്റർ...?”

“ഇല്ല... ഇന്നത്തേക്ക് ഇത്രയും മതി...”

“ഇദ്ദേഹവുമായി സ്വകാര്യമായി അല്പം സംസാരിക്കുന്നതിൽ വിരോധമുണ്ടോ...?” ഫാദർ മാർട്ടിൻ അനുവാദം ചോദിച്ചു.

സമ്മതഭാവത്തിൽ തല കുലുക്കിയിട്ട് കാർട്ടൻ സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു. “ഇടയ്ക്കിടെ ഞാൻ വന്നു കണ്ടോളാം...”

“അക്കാര്യത്തിൽ ഒരു  സംശയവുമില്ല എനിക്ക്...” സ്റ്റെയ്നർ പുഞ്ചിരിച്ചു.

ഫാദർ മാർട്ടിൻ ഒഴികെ എല്ലാവരും പുറത്തേക്ക് പോയി. വാതിൽ ചാരിയിട്ട് അദ്ദേഹം കട്ടിലിൽ ഇരുന്നു. “മകനേ... നിന്റെ മുഖം കണ്ടാൽ എനിക്കറിയാം... അങ്ങേയറ്റത്തെ കഷ്ടപ്പാടുകളിലൂടെയാണ് നീ കടന്നു വന്നത്... അവസാനമായി നീ ഒരു കുർബാന കൊണ്ടത് എപ്പോഴായിരുന്നു...?”

“പണ്ടെങ്ങോ... കൃത്യമായി ഓർക്കുന്നു പോലുമില്ല ഫാദർ... യുദ്ധമല്ലേ നടക്കുന്നത്... ഒന്നിനും സമയമില്ല...” സ്റ്റെയ്നർ പറഞ്ഞു.

“കുമ്പസാരത്തിന് പോലും സമയം ലഭിച്ചില്ല...? നിന്റെ പാപങ്ങളെല്ലാം ഇറക്കി വച്ചിട്ട് നാളുകൾ ഏറെയായെന്നോ...?”

“അതെ ഫാദർ... താങ്കൾ മനസ്സിലാക്കിയത് നൂറ് ശതമാനവും ശരിയാണ്...” സൌഹൃദഭാവത്തിൽ സ്റ്റെയ്നർ പുഞ്ചിരിച്ചു.

“ദൈവം രക്ഷിക്കട്ടെ... നാം ഇരുവർക്കും ഇടയിലുള്ള കാര്യങ്ങളിൽ എനിക്ക് ഉത്ക്കണ്ഠയില്ല... നിനക്കും ദൈവത്തിനും ഇടയിലുള്ള വിഷയങ്ങളിലാണ് ഞാൻ വേവലാതി കൊള്ളുന്നത്...” അദ്ദേഹം എഴുന്നേറ്റു. “നിനക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം മകനേ... ദിനവും നിന്നെ വന്ന് കാണുന്നതുമാണ്... ഒരു  കുമ്പസാരവും കുർബ്ബാനയും എപ്പോൾ വേണമെന്ന് തോന്നുന്നുവോ, എന്നോട് പറഞ്ഞാൽ മതി... ചാപ്പലിൽ വന്ന് കുമ്പസരിക്കാനുള്ള ഏർപ്പാട് ഞാൻ ചെയ്യുന്നതാണ്...”

“കൂടെ വരാൻ ലെഫ്റ്റനന്റ് ബെൻസനും നിർബ്ബന്ധം പിടിക്കുമെന്നാണ് തോന്നുന്നത്...” സ്റ്റെയ്നർ പറഞ്ഞു.

“അപ്പോൾ പിന്നെ അവന്റെ ആത്മാവിനും കുറച്ച് ആശ്വാസം ലഭിക്കുമല്ലോ... ശരിയല്ലേ...?” ഒന്ന് പുഞ്ചിരിച്ചിട്ട് ഫാദർ മാർട്ടിൻ പുറത്തേക്ക് നടന്നു.

(തുടരും)



അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

31 comments:

  1. ഉറക്കം എന്റെ മുറിയിൽ... പേടിക്കേണ്ട, രണ്ട് കട്ടിലുകളുണ്ട് അവിടെ... :) :)



    ReplyDelete
    Replies
    1. ദുഷ്ടാ... ഞാൻ ഈ ഭാഗം കോപ്പി ചെയ്തോണ്ട് വരുവായിരുന്നു... അപ്പോളേയ്ക്കും അടിച്ചുമാറ്റി... :D

      Delete
    2. അതെന്താ ഈ സായിപ്പന്മാര്‍ ഒന്നും തറയില്‍ കിടക്കില്ലേ? :p

      Delete
    3. എന്തിനാ വെറുതെ ശീലമില്ലാത്തതൊക്കെ ശീലിപ്പിച്ചു വഷളാക്കുന്നത് ശ്രീ...

      Delete
    4. നിങ്ങളൊക്കെക്കൂടി ആവശ്യമില്ലാതെ ഇങ്ങനെ തെറ്റിദ്ധരിക്കാൻ തുടങ്ങിയാൽ.... ച്ഛേ...

      Delete
    5. യൂ റ്റൂ ശ്രീക്കുട്ടാ...? :)

      Delete
    6. 2 കട്ടിലുകൾ മാത്രം പോരല്ലൊ കൂട്ടിയിട്ട് കൂടെ കിടക്കുവാൻ ആരെങ്കിലും ...?

      Delete
  2. വളരെ ശാന്തമായ ഒരു അധ്യായം...

    ബൈക്കിന്റെയും കാറിന്റെയുമൊക്കെ കാര്യം പറയുന്നത് പോലെയാണ് വോഗന് വിമാനം!! സൈക്കിൾ ലാമ്പ് വച്ച് വിമാനമിറക്കിയ ചെക്കൻ മോശക്കാരനല്ല...

    ഷാ പ്ലേസിലെ ലാന്റിംഗിനായി കാത്തിരിക്കുന്നു..

    ReplyDelete
    Replies
    1. ആ ലാന്റിങ്ങ്... ത്രസിപ്പിക്കും എന്നതിൽ ഒരു സംശയവും വേണ്ട ജിം...

      Delete
  3. അച്ഛന് അത്യാവശ്യമായും ഒരു ശിങ്കിടിയെ കൊടുക്കണം, അതങ്ങു ജെര്‍മനിയില്‍ ഉള്ള ഐറിഷ്കാരന്‍ ആയിക്കോട്ടെ.

    ReplyDelete
    Replies
    1. അതെ.. അച്ചനു ജോലിഭാരം കൂടുതലാണ്.

      Delete
    2. ഇമേജിനേഷൻ... ശരിക്കും വർക്ക് ചെയ്യുന്നുണ്ട് ഇരുവർക്കും... :)

      Delete
  4. സിസ്റ്റര്‍ മരിയ പാമര്‍ . ഈ അദ്ധ്യായത്തിലെ തിളങ്ങുന്ന കഥാപാത്രം 

    ReplyDelete
    Replies
    1. അതെ... ശത്രുസൈനികൻ എന്ന വേർതിരിവോ വിദ്വേഷമോ ഒന്നും കൂടാതെ ആതുരശുശ്രൂഷയിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തിത്വം...

      Delete
  5. ദൈവത്തെ പോലും മറക്കുന്ന യുദ്ധം! സിസ്റ്ററിനെ എനിക്കും ഇഷ്ടായി...

    ReplyDelete
    Replies
    1. സ്റ്റോം വാണിങ്ങിലെ സിസ്റ്റർ ആഞ്ചലയെ ഓർമ്മ വരുന്നുണ്ടോ ... ?

      Delete
  6. സമാധാനവും ശാന്തതയും നിറഞ്ഞ ഒരദ്ധ്യായം

    ReplyDelete
    Replies
    1. ആക്ഷനുകൾക്കായി കാത്തിരിക്കാം...

      Delete
  7. അപ്പോൾ മ്മ്ടെ ഡെവ്ളിൻ പാതിരിയായി രംഗത്തിറങ്ങിയ ല്ലെ...?

    ReplyDelete
    Replies
    1. ഇല്ല അശോകേട്ടാ... ഇത് ഒറിജിനൽ പാതിരി തന്നെയാ...

      Delete
    2. ഇതെന്നാ അക്കോസേ????

      Delete
  8. ഈ പേരുകളാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്...
    ആശംസകള്‍

    ReplyDelete
    Replies
    1. തുടക്കമായതുകൊണ്ടാണ് തങ്കപ്പൻ ചേട്ടാ... എല്ലാം ശരിയാവും...

      Delete
  9. അമേരിക്കേലും യൂറോപ്പിലുമൊക്കെ പട്ടാളത്തിന്റെ കൂടെ പുരോഹിതർ യുദ്ധമുന്നണിയിലോ പിന്നണിയിലോ ഉണ്ടാകും എന്ന് പല യുദ്ധനോവലുകളിലും വായിച്ചിട്ടുണ്ട്. ഇൻഡ്യേൽ എങ്ങനെയാരിക്കും? ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകേട്ടിട്ടുണ്ടോ?

    ReplyDelete
    Replies
    1. അറിയില്ലല്ലോ അജിത് ഭായ്...

      Delete
  10. koodeyundu kitto vinuvetta.....

    ReplyDelete
  11. പാതിരിയും , സിസ്റ്ററുമൊക്കെയായി ഇനി രംഗങ്ങൾ കൊഴുക്കുമല്ലൊ ...

    ReplyDelete
  12. രാവിലെ പത്ത് മണിയോടെ ഇദ്ദേഹം ഡിസ്പെൻസറിയിൽ എത്തിയിരിക്കണം... ഇല്ലെങ്കിൽ നിങ്ങൾ വിവരമറിയും...” സിസ്റ്റർ മരിയ പറഞ്ഞു....

    അടിപൊളി!!!കന്യാസ്ത്രീമാരായാൽ ഇങ്ങനെ തന്നെ വേണം.

    ReplyDelete