Friday 27 October 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 23



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ദൂരെ വെടിയൊച്ച കേട്ടാണ് ഡെവ്‌ലിൻ ഉണർന്നത്. പുലർച്ചെ മൂന്ന് മണിയായിരിക്കുന്നു. എഴുന്നേറ്റ് ലിവിങ്ങ് റൂമിൽ ചെന്ന് ബ്ലാക്കൌട്ട് കർട്ടന്റെ ചെറിയ വിടവിലൂടെ അദ്ദേഹം പുറത്തേക്ക് സൂക്ഷിച്ചു നോക്കി. നഗരത്തിനപ്പുറം ദൂരെ ചക്രവാളത്തിൽ സ്ഫോടനത്തിന്റെ മിന്നലൊളികൾ കാണാനുണ്ട്.

കിച്ചണിലെ ലൈറ്റ് തെളിഞ്ഞത് കണ്ട് ഡെവ്‌ലിൻ തിരിഞ്ഞു നോക്കി. “എനിക്കും ഉറക്കം വന്നില്ല... ഞാനൽപ്പം കോഫി തയ്യാറാക്കാം...” ഇൽ‌സ് പറഞ്ഞു.

തണുപ്പിനെ പ്രതിരോധിക്കുവാനുതകുന്ന തരത്തിലുള്ള ഒരു നിശാവസ്ത്രമായിരുന്നു അവൾ ധരിച്ചിരുന്നത്. ഇരുവശങ്ങളിലേക്കും പിന്നിയിട്ടിരിക്കുന്ന തലമുടി അവളെ ഒന്നുകൂടി മനോഹരിയാക്കിയത് പോലെ തോന്നിച്ചു. ബെഡ്‌റൂമിൽ ചെന്ന് ഓവർകോട്ട് എടുത്തണിഞ്ഞ് തിരികെയെത്തിയ ഡെവ്‌ലിൻ മേശക്കരികിൽ ഇരുന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി.

“രണ്ട് ദിവസം പിന്നിട്ടിരിക്കുന്നു... ഇനിയും ഒരു വിമാനത്തിന് ലാന്റ് ചെയ്യാൻ പറ്റിയ സ്ഥലം കണ്ടെത്താനായില്ല... ജനറലിന്റെ ക്ഷമ നശിച്ചു തുടങ്ങിയെന്നാണ് തോന്നുന്നത്...” ഡെവ്‌ലിൻ പറഞ്ഞു.

“ഓ, അല്ലെങ്കിലും അദ്ദേഹത്തിന്റെ കാര്യം അങ്ങനെയാണ്... പറ്റുമെങ്കിൽ എല്ലാം ഇന്നലെത്തന്നെ നടന്നാൽ അത്രയും നല്ലതെന്ന് ആവേശം കൊള്ളുന്ന സ്വഭാവം... ഓപ്പറേറ്റ് ചെയ്യാനായി ഫ്രഞ്ച് തീരത്ത് ഒരു എയർബേസ് കണ്ടെത്താനെങ്കിലും നമുക്കായല്ലോ... പിന്നെ നാം കണ്ടെത്തിയ ആ പൈലറ്റിന്റെ കാര്യമാണെങ്കിൽ പ്രതീക്ഷക്ക് വകയുണ്ട് താനും...” ഇൽ‌സ് പറഞ്ഞു.

“അത് ശരിയാണ്... SS സേനയിൽ ഒരു അമേരിക്കൻ പൈലറ്റ്... ഈ നശിച്ച സേനയിൽ ചേരാതെ അയാൾക്ക് മുന്നിൽ വേറെ മാർഗ്ഗമില്ലായിരുന്നു എന്നത് വേറെ കാര്യം... അയാളെ കാണാൻ തിടുക്കമായി എനിക്ക്...” ഡെവ്‌ലിൻ പറഞ്ഞു.

“എന്റെ ഭർത്താവും SS സേനയിലായിരുന്നു... അറിയുമോ നിങ്ങൾക്ക്...? കവചിതവാഹന സേനാവിഭാഗത്തിലായിരുന്നു...”

“അയാം സോറി...” ഡെവ്‌ലിൻ പറഞ്ഞു.

“മിസ്റ്റർ ഡെവ്‌ലിൻ... ചിലപ്പോഴെങ്കിലും നാമെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഹൃദയശൂന്യരാകാറുണ്ട്... പക്ഷേ, എന്തുകൊണ്ട് അങ്ങനെയാകുന്നു എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്... ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മനി പാടേ തകർന്നിരുന്നു...”

“അതിന് ശേഷമാണ് ഫ്യൂറർ എത്തുന്നത്...”

“അതെ... തുടക്കത്തിൽ ശുഭസൂചനയാണ് ജനങ്ങൾക്ക് കാണാൻ കഴിഞ്ഞത്... ജർമ്മനിയെ അതിന്റെ പഴയ പ്രഭാവത്തിലേക്കും സമൃദ്ധിയിലേക്കും തിരികെ കൊണ്ടുവരിക... പക്ഷേ, പിന്നീട് എല്ലാം മാറി മറിഞ്ഞു... ജൂതരുടെ നേർക്കുള്ള ക്രൂരതകൾ...” അവൾ ഒന്ന് സംശയിച്ചിട്ട് തുടർന്നു. “എന്റെ മുതുമുത്തശ്ശി ജൂത വംശജയായിരുന്നു... എന്നെ വിവാഹം കഴിക്കുവാനായി എന്റെ ഭർത്താവിന് പ്രത്യേകാനുമതി തന്നെ വേണ്ടി വന്നു... എന്റെ വിവാഹരേഖകളിൽ അക്കാര്യം പ്രത്യേകം പരാമർശിക്കുന്നുണ്ട്... പല രാത്രികളിലും അതോർത്ത് ഞാൻ ഞെട്ടിയുണർന്നിട്ടുണ്ട്...  അത് വച്ച് ആർക്കെങ്കിലും എന്തെങ്കിലും നടപടികൾ എടുക്കണമെന്ന് തോന്നിയാൽ എന്റെ ഭാവി എന്താകുമെന്നോർത്ത്...”

“കമോൺ ഗേൾ...” ഡെവ്‌ലിൻ അവളുടെ കരം കവർന്നു. “രാത്രി മൂന്ന് മണിക്ക് എഴുന്നേറ്റ് ഉറക്കം വരാതെ ഇരിക്കുമ്പോൾ ഏതാണ്ട് എല്ലാവർക്കും തോന്നുന്നതാണ് ഇങ്ങനെയൊക്കെ...”

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“നോക്കൂ... നിങ്ങളെ ഇപ്പോൾ ചിരിപ്പിച്ച് കാണിച്ചു തരാം ഞാൻ... ഞാനിപ്പോൾ ഏറ്റെടുക്കാൻ പോകുന്ന ദൌത്യത്തിൽ എന്റെ വേഷം എന്താണെന്നറിയുമോ നിങ്ങൾക്ക്...? ഊഹിക്കാൻ പറ്റുമോ എന്ന് നോക്കിക്കേ...”

അവളുടെ മുഖം പാതി മന്ദഹാസത്തിന് വഴി മാറി. “ഇല്ല പറയൂ...”

“ഒരു വൈദികന്റെ വേഷം...”

അവളുടെ കണ്ണുകൾ വിടർന്നു. “വൈദികനോ... ! നിങ്ങളോ...?” അവൾ പൊട്ടിച്ചിരിച്ചു. “ഓ, നോ, മിസ്റ്റർ ഡെവ്‌ലിൻ...”

“ഒരു മിനിറ്റ്... ഞാൻ പറയട്ടെ... എന്റെ മതപരമായ പശ്ചാലത്തെക്കുറിച്ച് അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും...” ഡെവ്‌ലിൻ പറഞ്ഞു. “ദേവാലയങ്ങളുമായി അഭേദ്യമായ ബന്ധമാണ് എനിക്കുള്ളത്... 1921 ൽ ബ്രിട്ടീഷുകാർ എന്റെ പിതാവിനെ തൂക്കിക്കൊന്നതിന് ശേഷം ഞാനും അമ്മയും ബെൽഫാസ്റ്റിൽ വൈദികനായ മൂത്ത അമ്മാവന്റെ വീട്ടിലായിരുന്നു താമസം... അദ്ദേഹമാണ് എന്നെ ഒരു ജെസ്യൂട്ട് ബോർഡിങ്ങ് സ്കൂളിൽ ചേർത്തത്... അവർ എന്റെ ഞരമ്പുകളിൽ മതം കുത്തിവച്ചു...” ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ഡെവ്‌ലിൻ തുടർന്നു. “അതുകൊണ്ട് ഒരു ബുദ്ധിമുട്ടുമില്ലാതെ ഒരു വൈദികന്റെ റോൾ ഭംഗിയായി കൈകാര്യം ചെയ്യാൻ എനിക്ക് കഴിയും...”

“കൊള്ളാം... എന്തായാലും കുർബാനയും കുമ്പസാരവും ഒന്നും നിങ്ങൾക്ക് ചെയ്യേണ്ടി വരില്ലെന്ന് വിചാരിക്കാം...” അവൾ ചിരിച്ചു.

“മൈ ഗോഡ്...! നല്ലൊരു ഐഡിയയാണല്ലോ നിങ്ങൾ തന്നത്... നിങ്ങളുടെ ആ ബ്രീഫ്കെയ്സ് എവിടെ...? നാം നേരത്തെ മറിച്ചു നോക്കിയ ആ ഫയൽ ഇങ്ങെടുക്കൂ...”

ബെഡ്‌റൂമിൽ നിന്നും ആ ഫയൽ എടുത്ത് അവൾ തിരിച്ചെത്തി. “ഇതാ ആ ഫയൽ...”

അത് വാങ്ങി തിടുക്കത്തിൽ പേജുകൾ മറിച്ചു നോക്കിയിട്ട് ഡെവ്‌ലിൻ തല കുലുക്കി. “അതെ... ഇതിൽ പറയുന്നുണ്ട്... പുരാതന കാത്തലിക്ക് ഫാമിലിയാണ് സ്റ്റെയ്നറുടേത്...”

“എന്താണ് നിങ്ങളുടെ മനസ്സിൽ...?”

“ഈ സെന്റ് മേരീസ് പ്രിയോറി... കുമ്പസാരം കേൾക്കുവാനായി ഇടയ്ക്കിടെ വൈദികർ സന്ദർശിക്കുന്ന സ്ഥലമാണത്... ലിറ്റ്‌ൽ സിസ്റ്റേഴ്സ് ഓഫ് പിറ്റി... മറ്റുള്ള സന്യാസിനികളിൽ നിന്നും വിഭിന്നമായി കുർബാനയ്ക്ക് മുമ്പായി കുമ്പസാരം നിർബന്ധമാണവർക്ക്... ഈ രണ്ട് ചടങ്ങുകൾക്കും ഒരു വൈദികന്റെ സാന്നിദ്ധ്യം തീർച്ചയായും ആവശ്യമാണ്... പിന്നെ അവിടെയുള്ള കത്തോലിക്കരായ രോഗികൾ... അവർക്കും ഇതെല്ലാം ആവശ്യമുണ്ടാകും...”

“സ്റ്റെയ്നറും അതിൽപ്പെടുമെന്നാണോ നിങ്ങൾ പറയുന്നത്...?”

“അത്തരം ഒരവസരത്തിൽ സ്റ്റെയ്നർ ഒരു വൈദികനെ കാണണമെന്ന് പറഞ്ഞാൽ അവർക്ക് നിഷേധിക്കാനാവില്ല... വളരെ നല്ല ഐഡിയ...” ഡെവ്‌ലിൻ പുഞ്ചിരിച്ചു.

“നിങ്ങളുടെ ബാഹ്യരൂപത്തെക്കുറിച്ച് തീരുമാനം വല്ലതുമായോ...?” അവൾ ചോദിച്ചു.

“അതിന് കുറച്ച് ദിവസം കൂടി കഴിയട്ടെ... ജനറൽ സൂചിപ്പിച്ച ആ ഫിലിം മെയ്ക്കപ്പ് ആർട്ടിസ്റ്റുകളെ ഞാനൊന്ന് കാണുന്നുണ്ട്... ഏത് രൂപം വേണമെന്ന് അവർ തീരുമാനിക്കട്ടെ...”

“ഓകെ...” അവൾ തല കുലുക്കി. “ആ ഓപ്പറേഷൻ സീ ലയൺ ഫയലുകളിൽ എന്തെങ്കിലും കണ്ടെത്താൻ സാധിക്കുമെന്ന് പ്രത്യാശിക്കാം നമുക്ക്... കുറച്ചൊന്നുമല്ല ആ ഫയലുകൾ എന്നതാണ് ഒരേയൊരു ബുദ്ധിമുട്ട്... തൽക്കാലം പോയിക്കിടന്നുറങ്ങിയാലോ എന്നാലോചിക്കുകയാണ് ഞാൻ...” അവൾ എഴുന്നേറ്റു.

പുറമെ എയർ റെയ്ഡ് സൈറൻ മുഴങ്ങി. അത് കേട്ടതും ഡെവ്‌ലിൻ നിഷേധ ഭാവത്തിൽ പുഞ്ചിരിച്ചു. “ഇല്ല... നിങ്ങൾ ഉറങ്ങുന്നില്ല... നല്ല കുട്ടിയായി വേഷം ധരിച്ച് വരൂ... ബാക്കിയുള്ള സമയം അവിടെ ആ അണ്ടർഗ്രൌണ്ട് അറയിൽ കഴിച്ചു കൂട്ടേണ്ടി വരുമെന്ന് തോന്നുന്നു...  അഞ്ച് മിനിറ്റിനകം ഞാൻ റെഡി...”

                                                       ***

“വൈദികനോ...? അതെനിക്കിഷ്ടപ്പെട്ടു...” ഷെല്ലെൻബെർഗ് പറഞ്ഞു.

“എനിക്കും ...” ഡെവ്‌ലിൻ പറഞ്ഞു. “അതൊരു യൂണിഫോം പോലെയാണ്... പട്ടാളക്കാരൻ, പോസ്റ്റ്മാൻ, റെയിൽ‌വേ പോർട്ടർ എന്നിവരെയൊക്കെപ്പോലെ... ആ രൂപമാണ് എല്ലാവരും ഓർമ്മിക്കുക... മുഖമല്ല... ഞാൻ പറഞ്ഞില്ലേ... അവരുടെ യൂണിഫോം... വൈദികരും അതുപോലെയാണ്... അജ്ഞാതനായിരിക്കുവാൻ ഏറ്റവും അനുയോജ്യമായ മാർഗ്ഗം...”

സെന്റ് മേരിസ് പ്രിയോറിയുടെ ഭൂപടം സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു അവർ.

“കുറച്ച് ദിവസമായില്ലേ ഇത് തിരിച്ചും മറിച്ചും വിശകലനം ചെയ്യുന്നു... എന്താണ് നിങ്ങളുടെ അഭിപ്രായം...?” ഷെല്ലെൻബെർഗ് ചോദിച്ചു.

“ഈ രേഖാചിത്രം തന്നെയാണ് ഏറ്റവും ഇന്ററസ്റ്റിങ്ങ് ആയി എനിക്ക് തോന്നിയത്...” ഡെവ്‌ലിൻ ഭൂപടത്തിൽ വിരലോടിച്ചു. “1910 ൽ അറ്റകുറ്റപ്പണികൾ ചെയ്ത് ലിറ്റ്‌ൽ സിസ്റ്റേഴ്സിന് കൈമാറിയപ്പോൾ ഉള്ള ഈ പ്ലാൻ... അന്ന് ആ കെട്ടിടത്തിന് വരുത്തിയ മാറ്റങ്ങൾ...”

“എന്താണ് നിങ്ങൾ പറഞ്ഞു വരുന്നത്...?”

“ലണ്ടൻ നഗരത്തിന്റെ അടിഭാഗം എന്ന് പറയുന്നത് വളരെ സങ്കീർണ്ണമായ ഒരു ഭൂഗർഭവ്യൂഹമാണ്... അഴുക്കു ചാലുകളുടെ വ്യൂഹം... എവിടെയോ വായിച്ചത് ഓർമ്മ വരുന്നു... നൂറിലേറെ മൈലുകൾ നീളമുണ്ട് നഗരത്തിനടിയിലൂടെ ഒഴുകുന്ന ചെറുനദികൾക്ക് എന്ന് പറയാം... ഉദാഹരണത്തിന് ഹാം‌പ്‌സ്റ്റഡിൽ തുടങ്ങുന്ന ഗുഹാമാർഗ്ഗം ബ്ലാക്ക്ഫ്രയേഴ്സിലാണ് തെംസ് നദിയിൽ വന്ന് ചേരുന്നത്... ആ ദൂരം അത്രയും അത് നഗരത്തിനടിയിലൂടെ ഒഴുകുന്നു...”

“അതുകൊണ്ട്...?”

“എഴുനൂറോ എണ്ണൂറോ വർഷങ്ങൾ പഴക്കമുള്ള ഡ്രെയ്‌നേജുകൾ, ഭൂഗർഭ അരുവികൾ, ഗുഹാമാർഗ്ഗങ്ങൾ... സെന്റ് മേരീസ് പ്രിയോറിയിലെപ്പോലെ പുനഃരുദ്ധാരണ ജോലികൾ നടത്തുമ്പോഴാണ് അവയിൽ പലതും കണ്ടുപിടിക്കുന്നത് തന്നെ... അതുവരെ ആരാലും അറിയപ്പെടാതെ അവ കിടക്കുന്നു... ഉദാഹരണത്തിന് ആർക്കിടെക്ടിന്റെ ഈ പ്ലാൻ നോക്കൂ... ചാപ്പലിന്റെ അടിയിലെ നിലവറയിൽ തുടർച്ചയായി കെട്ടിക്കിടക്കുന്ന വെള്ളം... അടുത്ത മുറിയുടെ അരികിൽ പതിനെട്ടാം നൂറ്റാണ്ടിലോ മറ്റോ ഉണ്ടാക്കിയ ഒരു ടണലിലൂടെ ജലപ്രവാഹം ഉണ്ടെന്ന് അപ്പോഴാണ് അവർ കണ്ടെത്തിയത്... ഇതു കണ്ടോ, അടയാളപ്പെടുത്തിയിരിക്കുന്നത്...? ആ ടണൽ തെംസ് നദിയിലേക്കാണ് എത്തുന്നത്...”

“വെരി ഇന്ററസ്റ്റിങ്ങ്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“അവർ ആ നിലവറയുടെ ചുമരിൽ ഒരു ഗ്രിൽ ഘടിപ്പിച്ചു. നിലവറയിൽ നിന്നും വെള്ളം ആ ടണലിലേക്ക് ഒഴുകിപ്പോകാവുന്ന വിധത്തിൽ... ഇതാ, ഈ പ്ലാനിൽ അത് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്...”

“പുറത്തേക്കുള്ള ഒരു മാർഗ്ഗം എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്...?”

“അത്തരം ഒരു സാദ്ധ്യത തള്ളിക്കളയാനാവില്ല... കൂടുതൽ പരിശോധിക്കേണ്ടിയിരിക്കുന്നു...”  ഡെവ്‌ലിൻ പേന താഴെ വച്ചു. “എന്തൊക്കെയാണ് അവിടുത്തെ അറേഞ്ച്മെന്റുകൾ എന്നറിയുകയാണ് ഏറ്റവും പ്രധാനം, ജനറൽ... മൂന്നോ നാലോ കാവൽക്കാർ, അത്ര കർശനമല്ലാത്ത സുരക്ഷാ ക്രമീകരണങ്ങൾ... മിക്കവാറും എല്ലാം വളരെ എളുപ്പമായിരിക്കും...”

“വേറൊരു വിധത്തിൽ ചിന്തിച്ചാൽ... ഒരു പക്ഷേ, നിങ്ങളെ പിടികൂടുവാനായി അവർ കാത്തു നിൽക്കുകയാണെങ്കിലോ...?”

“ഞാൻ ബെർലിനിൽത്തന്നെ ആണെന്ന ധാരണയിലാണ് അവർ ഇരിക്കുന്നതെന്ന കാര്യം മറക്കരുത്...” ഡെവ്‌ലിൻ ഓർമ്മിപ്പിച്ചു.

ആ നിമിഷമാണ് അടക്കാനാവാത്ത ആഹ്ലാദത്തോടെ ഇൽ‌സ് ഹബ്ബർ പ്രവേശിച്ചത്. “ബ്രിട്ടീഷ് വലതുപക്ഷ സംഘടനകളുടെ വിശദാംശങ്ങൾ ശേഖരിക്കുവാൻ താങ്കൾ ആവശ്യപ്പെട്ടത് ശരിയായ തീരുമാനമായിരുന്നു, ജനറൽ... ഓപ്പറേഷൻ സീ ലയണുമായി ബന്ധമുള്ള ഒരു വ്യക്തിയെക്കുറിച്ച് ഇതിൽ പരാമർശിക്കുന്നുണ്ട്...”

“എന്താണയാളുടെ പേര്...?”  ഷെല്ലെൻബെർഗ് ചോദിച്ചു.

“ഷാ...  സർ മാക്സ്‌വെൽ ഷാ...” രണ്ട് തടിച്ച ഫയലുകൾ അവൾ മേശപ്പുറത്ത് വച്ചു.

(തുടരും)



അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

 

Wednesday 11 October 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 22



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ഒരു ഫിലിം പ്രൊഡ്യൂസറുടെ മകനായി ലോസ് ഏഞ്ചൽസിൽ ജനിച്ച എസാ വോഗൻ തന്റെ അടക്കാനാവാത്ത ആഗ്രഹത്തെത്തുടർന്ന് വളരെ ചെറുപ്പത്തിൽത്തന്നെ ഫ്ലയിങ്ങ് ലൈസൻസ് കരസ്ഥമാക്കി. പിന്നീട് ഫൈറ്റർ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ അയാൾ വ്യോമസേനയുടെ നിർദ്ദേശപ്രകാരം സാൻഡിയാഗോയിൽ ഒരു പരിശീലകനായി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ സംഭവം ഉണ്ടാകുന്നത്.

1939 ഒക്ടോബർ 5. ആ ദിനം അയാളുടെ ഹൃദയത്തിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നു. ഹാർബറിന് സമീപമുള്ള ഒരു ബാറിൽ വച്ച് മദ്യലഹരിയിൽ ഒരു മേലുദ്യോഗസ്ഥന്റെ പല്ലുകൾ ഇടിച്ച് തെറിപ്പിച്ച ആ സംഭവം... കൂടുതൽ ചോദ്യങ്ങളോ കോർട്ട് മാർഷലോ ഒന്നും ഉണ്ടായില്ല. ആർക്കും അത് വേണ്ടിയിരുന്നില്ല താനും. അമേരിക്കൻ എയർഫോഴ്സിൽ നിന്നുമുള്ള രാജി... അത്രയേ അവർക്ക് ആ‍വശ്യമുണ്ടായിരുന്നുള്ളൂ.

മാതാപിതാക്കളോടൊപ്പം ബിവർലി ഹിൽ‌സിലെ വീട്ടിൽ ഒരാഴ്ച്ചത്തെ താമസം അയാൾക്ക് സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. തന്റെ വസ്ത്രങ്ങളെല്ലാം പായ്ക്ക് ചെയ്ത് എസാ വോഗൻ നേരെ യൂറോപ്പിലേക്ക് പുറപ്പെട്ടു.

സെപ്റ്റംബറിൽത്തന്നെ യുദ്ധം തുടങ്ങിയിരുന്നു. ബ്രിട്ടന്റെ റോയൽ എയർഫോഴ്സിലേക്ക് അമേരിക്കൻ പൈലറ്റുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടായിരുന്നെങ്കിലും അയാളുടെ റെക്കോർഡ്സ് അവർക്ക് അത്ര തൃപ്തികരമായി തോന്നിയില്ല. നവംബർ 30 നാണ് റഷ്യ ഫിൻലണ്ടിനെ ആക്രമിക്കുന്നത്. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കുവാൻ ഫിൻലണ്ടിന് പൈലറ്റുമാരെ ആവശ്യമുണ്ടായിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഒട്ടേറെ പൈലറ്റുമാർ ഫിന്നിഷ് എയർ ഫോഴ്സിലേക്ക് ചേക്കേറുന്ന സമയം. അക്കൂട്ടത്തിൽ എസാ വോഗനും കയറിപ്പറ്റി.

ഫിന്നിഷ് ആർമിയുടെ ശക്തമാ‍യ പിന്തുണ ഉണ്ടായിരുന്നെങ്കിലും റഷ്യക്കെതിരെ കാര്യമായ മുന്നേറ്റമൊന്നും കൈവരിക്കാൻ ഫിന്നിഷ് എയർഫോഴ്സിനായില്ല. അവരുടെ പോർവിമാനങ്ങൾ എല്ലാം തന്നെ വളരെ പഴക്കമേറിയതായിരുന്നു. റഷ്യൻ വിമാനങ്ങളുടെ കാര്യത്തിലും സ്ഥിതി മറിച്ചായിരുന്നില്ലെങ്കിലും പോളണ്ട് ഉടമ്പടിയുടെ പ്രത്യുപകാരമെന്ന നിലയിൽ ജർമ്മനി സ്റ്റാലിന് നൽകിയ FW190S വിമാനങ്ങളായിരുന്നു റഷ്യയുടെ ശക്തി.  

ഇറ്റാലിയൻ നിർമ്മിതമായ ഫിയറ്റ് ഫാൾക്കോ, ബ്രിട്ടീഷ് നിർമ്മിതമായ ഗ്ലൂസ്റ്റർ ഗ്ലേഡിയേറ്റർ എന്നിവയായിരുന്നു എസാ വോഗന് പറത്തുവാൻ ലഭിച്ചത്. എതിരാളികളുടെ വിമാനങ്ങളുടെ മുന്നിൽ അവ ഒന്നുമല്ലാതിരുന്നിട്ടും എസയുടെ അസാമാന്യ വൈദഗ്ദ്ധ്യം ഒന്നു കൊണ്ട് മാത്രമാണ് അല്പമെങ്കിലും പിടിച്ച് നിൽക്കുവാൻ കഴിഞ്ഞിരുന്നത്. പേഴ്സണൽ സ്കോർ ഒരിക്കലും ഏഴിൽ നിന്നും താഴെ പോകാതിരുന്നത് കൊണ്ട് ഏത് ദുർഘടമായ ദൌത്യത്തിനും അയയ്ക്കുവാൻ ആദ്യം തെരഞ്ഞെടുത്തിരുന്ന നാമം എസാ വോഗൻ എന്നതായിരുന്നു. അത്തരം ഒരു ദൌത്യം കഴിഞ്ഞ് മടങ്ങുന്ന ഒരു പ്രഭാതത്തിലാണ് അത് സംഭവിച്ചത്. ശക്തമായ കാറ്റിനോട് മല്ലിട്ട് മൂടൽ മഞ്ഞിലൂടെ പറന്ന് നാനൂറ് അടിയിലേക്ക് താഴ്ന്നതും ദൂരക്കാഴ്ച്ച തീർത്തും ദുഷ്കരമായി. അവസാനം ഒരു എൻ‌ജിന്റെ നിയന്ത്രണം നഷ്ടമായി ക്രാഷ് ലാന്റ് ചെയ്യുകയായിരുന്നു അന്ന്.

1940 മാർച്ചിൽ ഫിൻലണ്ട് റഷ്യയുടെ മുന്നിൽ അടിയറവ് പറയുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു അത്. ആ അപകടത്തെത്തുടർന്ന് അയാളുടെ ഇടുപ്പെല്ലിന് ഫ്രാക്ച്ചർ സംഭവിച്ചു. പതിനെട്ട് മാസത്തോളം ആശുപത്രിയിലായിരുന്നു പിന്നീട്. ഫിസിയോ തെറാപ്പിയുടെ അവസാനഘട്ടത്തിൽ ആയിരുന്ന അയാൾക്ക് ഫിന്നിഷ് എയർഫോഴ്സിലെ തന്റെ ലെഫ്റ്റനന്റ് പദവി അപ്പോഴും നഷ്ടമായിരുന്നില്ല. 1941 ജൂൺ 25ന് ഫിൻലണ്ട് നാസി ജർമ്മനിയുമായി സംഖ്യമുണ്ടാക്കുകയും ഇരുരാഷ്ട്രങ്ങളും ഒരുമിച്ച് റഷ്യയുമായി യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു.

എസാ വോഗൻ ക്രമേണ ഫ്ലൈയിങ്ങ് ഡ്യൂട്ടിയിലേക്ക് തിരികെയെത്തി. ദൌത്യങ്ങളിലൊന്നും ഭാഗഭാക്കാകാതെ പരിശീലകൻ എന്ന നിലയിലായിരുന്നു പുനർനിയമനം. മാസങ്ങൾ കടന്നു പോകവെ പെട്ടെന്നാണൊരു ദിവസം ആകാശം ഇടിഞ്ഞു വീണത്. ഒന്നാം പേൾ ഹാർബർ ആക്രമണം... ഏതാനും ദിവസങ്ങൾക്ക് ശേഷം ജർമ്മനിയും ഇറ്റലിയും സഖ്യം ചേർന്ന് അമേരിക്കയുമായി യുദ്ധം പ്രഖ്യാപിച്ചു. 

ഒരു അമേരിക്കക്കാരൻ എന്ന വസ്തുത കണക്കിലെടുത്ത് ജർമ്മൻ അധികാരികൾ അയാളെ മൂന്ന് മാസം തടവിൽ പാർപ്പിച്ചു. ആ സമയത്താണ് ഹിം‌ലർ തന്റെ  SS സേനയിലേക്ക് സ്കാൻഡിനേവിയൻ, ഫ്രഞ്ച്, സ്വീഡിഷ്, വടക്കൻ ആഫ്രിക്കയിൽ വച്ച് തടവിലാക്കപ്പെട്ട ബ്രിട്ടീഷ് ആർമിയിലെ ഇന്ത്യൻ സൈനികർ തുടങ്ങിയവരെയെല്ലാം അംഗങ്ങളാക്കാനുള്ള തീരുമാനത്തിലെത്തിയത്. SS അടയാളത്തിന് പകരം കോളർ പാച്ചിൽ ത്രീ ലെപ്പേഡ്സും ഇടത് കൈയിൽ യൂണിയൻ ജാക്ക് ബാഡ്ജും ധരിച്ച ബ്രിട്ടീഷ് ഫ്രീ കോർപ്സ് എന്നൊരു വിഭാഗം പോലും ഉണ്ടായിരുന്നു SS സേനയിൽ. ഏറിയാൽ അമ്പത് അംഗങ്ങൾ വരുന്ന അതിൽ പലരും പണവും പെണ്ണും പിന്നെ നല്ല ഭക്ഷണവും മോഹിച്ചെത്തിയ തടവുകാരായിരുന്നു.

എന്നാൽ ജോർജ് വാഷിങ്ങ്ടൺ ലീജ്യൻ എന്നൊരു ഘടകം രൂപീകരിക്കാൻ ഹിം‌ലർ തീരുമാനിച്ചപ്പോൾ അതിൽ ചേരുവാൻ എസാ വോഗന് ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. വെറും അഞ്ചോ ആറോ പേർ മാത്രമുള്ള ആ ഘടകത്തിലെ മറ്റ് അംഗങ്ങളെ ഒരിക്കൽപ്പോലും കാണുക കൂടി ചെയ്തിട്ടുണ്ടായിരുന്നില്ല അയാൾ. ഒന്നുകിൽ കോൺസൻ‌ട്രേഷൻ ക്യാമ്പിലേക്ക് പോകുക... അല്ലെങ്കിൽ ജോർജ് വാഷിങ്ങ്ടൺ ലീജ്യനിൽ അംഗമാകുക... ഈ രണ്ട് മാർഗ്ഗങ്ങൾ മാത്രമായിരുന്നു നാസി അധികാരികൾ അയാളുടെ മുമ്പിൽ വച്ചത്. വാശിയേറിയ തർക്കങ്ങൾക്കൊടുവിൽ റഷ്യൻ യുദ്ധനിരയിൽ മാത്രമേ പോരാടൂ എന്ന വ്യവസ്ഥയിൽ ജർമ്മൻ എയർഫോഴ്സായ ലുഫ്ത്‌വാഫിൽ ചേരുവാൻ സമ്മതിക്കുകയായിരുന്നു എസാ വോഗൻ. അയാളുടെ വൈമാനിക വൈദഗ്ദ്ധ്യം പൂർണ്ണമായും അംഗീകരിച്ച അധികാരികൾ അയാളെ യുദ്ധനിരയിലേക്ക് വിടാതെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൊണ്ടുപോകുക, കൊറിയർ സർവീസ് എന്നിങ്ങനെയുള്ള സുപ്രധാന ജോലികൾക്കാണ് നിയോഗിച്ചത്.

റഷ്യൻ - പോളണ്ട് അതിർത്തിയിൽ നിന്നും അധികം അകലെയല്ലാതെ അയ്യായിരം അടി ഉയരത്തിൽ ജർമ്മനിയുടെ ഒരു സ്റ്റോർക്ക് വിമാനം പറത്തിക്കൊണ്ടിരിക്കുകയാണ് ഇരുപത്തിയേഴുകാരനായ എസാ വോഗൻ. നിബിഡ വനവും കനത്ത മൂടൽമഞ്ഞുമാണ് താഴെ. പിന്നിലെ സീറ്റിൽ ഇരുന്ന് പ്രദേശത്തിന്റെ മാപ്പ് പരിശോധിച്ചുകൊണ്ടിരിക്കുന്ന SS ബ്രിഗേഡ്ഫ്യൂറർ ഫാർബർ തലയുയർത്തി ചോദിച്ചു.

“ഇനിയും എത്ര സമയം വേണ്ടി വരും...?”

“ഇരുപത് മിനിറ്റ് കൂടി...” വോ‍ഗൻ പറഞ്ഞു. അമേരിക്കൻ ചുവയോടെയാണെങ്കിലും അയാൾക്ക് ജർമ്മൻ ഭാഷ സാ‍മാന്യം നന്നായി സംസാരിക്കാൻ സാധിച്ചിരുന്നു.

“നന്നായി... ഞാനിവിടെ തണുത്ത് മരവിച്ച് തുടങ്ങി...”

ഞാൻ എങ്ങനെയാണ് നശിച്ച ജോലിയിൽ എത്തിപ്പെട്ടത്...? വോഗൻ ആലോചിച്ചു. എങ്ങനെയാണ് ഇനി ഇതിൽ നിന്നും ഒന്ന് പുറത്ത് കടക്കുക...?  പെട്ടെന്നാണ് വലിയൊരു നിഴൽ പോലെ എന്തോ ഒന്ന് അവരെ മറച്ചത് പോലെ തോന്നിയതും  വിമാനം ഒന്ന് ഉലഞ്ഞതും. ഭയന്ന് പോയ ഫാർബർ അലറി വിളിച്ചു. അവർക്ക്  സമാന്തരമായി പറന്നെത്തിയ ഒരു യുദ്ധവിമാനം വലതുഭാഗത്തേക്ക് പാഞ്ഞുപോകുന്നത് എസ കണ്ടു. അതിന്റെ പാർശ്വത്തിലെ ചുവന്ന നക്ഷത്ര ചിഹ്നം അയാളുടെ ശ്രദ്ധയിൽ പതിഞ്ഞു.

“റഷ്യൻ യാക്ക് ഫൈറ്ററാണ്... നമ്മുടെ കാര്യത്തിന് ഒരു തീരുമാനമായി എന്ന് തോന്നുന്നു...” വോഗൻ പറഞ്ഞു.

നിമിഷങ്ങൾക്കകം ആ വിമാനം അവരുടെ പിന്നിലൂടെ വീണ്ടും കുതിച്ചെത്തി. മെഷീൻ ഗണ്ണുകളും പീരങ്കികളും പ്രവർത്തിപ്പിച്ചുകൊണ്ടായിരുന്നു വരവ്. ചിറകുകളിൽ വെടിയേറ്റതോടെ ലോഹഭാഗങ്ങൾ ചിതറിത്തെറിച്ച് ആടിയുലഞ്ഞ സ്റ്റോർക്കിനെ വളച്ചെടുത്ത് അയാൾ ആൾട്ടിറ്റ്യൂഡ് കുത്തനെ കുറച്ചു. അർദ്ധവൃത്താകൃതിയിൽ ഒന്ന് വളഞ്ഞ് എത്തിയ റഷ്യൻ ഫൈറ്റർ വീണ്ടും അവർക്കൊപ്പം പറന്നുകൊണ്ട് ആക്രമണം തുടർന്നു.

“ബാസ്റ്റർഡ്...” വോഗൻ പറഞ്ഞു.

പീരങ്കിയിൽ നിന്നും ഉതിർന്ന വെടിയുണ്ട സ്റ്റോർക്കിന്റെ പാർശ്വത്തിൽ തുളഞ്ഞു കയറി. മെഷിൻ ഗണ്ണിൽ നിന്നും ചുമലിൽ വെടിയേറ്റ ഫാർബർ വേദനയാൽ അലറി. പിന്നെ തകർന്നത് അവരുടെ വിൻഡ് ഷീൽഡ് ആയിരുന്നു.

“ദൈവത്തെയോർത്ത് എന്തെങ്കിലും ചെയ്യൂ...” ഫാർബർ വിളിച്ചു പറഞ്ഞു.

ചിതറിത്തെറിച്ച ചില്ലുകഷണം കൊണ്ട് മുറിഞ്ഞ വോഗന്റെ കവിളിൽ നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നു. “എന്തെങ്കിലും ചെയ്യണമല്ലേ...? ചെയ്യാം... ആദ്യം ഈ സാധനത്തിന് പറക്കാൻ പറ്റുമോ എന്ന് നോക്കട്ടെ...”

അയാൾ സ്റ്റോർക്കിനെ രണ്ടായിരം അടിയിലേക്ക് കുത്തനെ താഴ്ത്തി. എന്നിട്ട് ആ റഷ്യൻ വിമാനത്തിനായി കാത്തു നിന്നു. തൊട്ടു പിന്നിൽ അത് എത്തിയതും അല്പം വളച്ച് അയാൾ വീണ്ടും ഉയരം കുറച്ചു. താഴെയുള്ള കൊടും വനം തൊട്ടടുത്ത് എത്തിയത് പോലെ അവർക്ക് തോന്നി.

“എന്താണ് നിങ്ങൾ ചെയ്യുന്നത്...?” ഫാർബർ അലറി.

വോഗൻ തന്റെ വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് ആയിരത്തിലേക്കും പിന്നെ അഞ്ഞൂറ് അടിയിലേക്കും താഴ്ത്തി. സംഹാരരൌദ്രതയോടെ ആ റഷ്യൻ വിമാനം അവരുടെ തൊട്ടു പിന്നിൽത്തന്നെയുണ്ടായിരുന്നു. കൃത്യ സമയത്ത് തന്നെ വോഗൻ വിമാനത്തിന്റെ ഫ്ലാപ്പ് താഴ്ത്തി. അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ പകച്ചുപോയ റഷ്യൻ പൈലറ്റ് കൂട്ടിയിടി ഒഴിവാക്കാനായി വിമാനം ഒരു വശത്തേക്ക് വെട്ടിച്ചു. നിയന്ത്രണം നഷ്ടമായ ആ വിമാനം മുന്നൂറ്റിയമ്പത് മൈൽ വേഗതയിൽ തൊട്ടു താഴെയുള്ള വനത്തിലേക്ക് കൂപ്പുകുത്തി. താഴെ വനത്തിൽ വലിയ അഗ്നിഗോളം ഉയർന്നതും വോഗൻ കൺ‌ട്രോൾ കോളം വലിച്ച് വിമാനത്തെ രണ്ടായിരം അടിയിലേക്ക് ഉയർത്തി ലെവൽ ചെയ്തു.

“യൂ ഓകേ ജനറൽ...?” വോഗൻ ചോദിച്ചു.

രക്തം ചീറ്റുന്ന ചുമൽ ഫാർബർ പൊത്തിപ്പിടിച്ചു. “യൂ ആർ എ ജീനിയസ്...  എ ജീനിയസ്... ജീവൻ രക്ഷിച്ചതിന് നന്ദി... ഒരു അയേൺ ക്രോസ് മെഡൽ ഇതിന്റെ പേരിൽ നിങ്ങൾക്ക് ലഭിച്ചിരിക്കും...”

“താങ്ക്സ്...” തന്റെ കവിളിലെ രക്തം തുടച്ചുകൊണ്ട് എസാ വോഗൻ പറഞ്ഞു. “ദാറ്റ്സ് ഓൾ ഐ നീഡ്...”

                                       * * *

വാഴ്സയിലെ ലുഫ്ത്‌വാഫ് എയർബേസിലെ ഓഫീസേഴ്സ് മെസ്സിന് നേർക്ക് നടക്കുമ്പോൾ എസാ വോഗൻ പതിവിലും നിരാശനായിരുന്നു. കവിളിൽ രണ്ട് സ്റ്റിച്ച് വേണ്ടി വന്നു. ബ്രിഗേഡ്ഫ്യൂറർ ഫാർബറുടെ ആരോഗ്യനിലയിലായിരുന്നു മെഡിക്കൽ ഓഫീസർ ഏറെ ഖിന്നനനായത്.

മെസ്സിൽ എത്തിയതും വോഗൻ തന്റെ ഫ്ലയിങ്ങ് ജാക്കറ്റ് ഊരി മാറ്റി. മനോഹരമായി തുന്നിയ ഒരു യൂണിഫോമായിരുന്നു അതിനടിയിൽ അയാൾ അണിഞ്ഞിരുന്നത്. കോളർ പാച്ചിൽ SS ചിഹ്നം... ഷർട്ടിന്റെ ഇടതു കൈയിൽ സ്റ്റാർസ് ആന്റ് സ്ട്രൈപ്സ് ഷീൽഡ്... ഇടതുകൈയിലെ കഫ് ടൈറ്റിലിൽ ‘ജോർജ്ജ് വാഷിങ്ങ്ടൺ ലീജ്യൻ’ എന്ന് എഴുതിയിരിക്കുന്നു... കഴുത്തിലെ ട്യൂണിക്കിൽ സെക്കന്റ് ക്ലാസ് അയേൺ ക്രോസ് മെഡലും ധീരതയ്ക്കുള്ള ഫിന്നിഷ് ഗോൾഡ് ക്രോസ് മെഡലും...

മറ്റാർക്കുമില്ലാത്ത ഈ സവിശേഷതകൾ കാരണം മറ്റ് പൈലറ്റുമാർ അയാളുമായി അകലം പാലിച്ചു പോന്നു. ഓർഡർ ചെയ്ത കോഞ്ഞ്യാക്ക് ഒറ്റ വലിക്ക് അകത്താക്കിയിട്ട് എസാ വോഗൻ മറ്റൊന്നിന് കൂടി ഓർഡർ കൊടുത്തു.

“ലഞ്ച് ടൈം പോലും ആയില്ലല്ലോ...”

തിരിഞ്ഞു നോക്കിയ അയാൾ കണ്ടത് ഗ്രൂപ്പ് കമാൻഡർ കേണൽ എറിക്ക് അഡ്‌ലറെയാണ്. വോഗന്റെ അരികിലുള്ള സ്റ്റൂളിൽ വന്നിരുന്നിട്ട് അയാൾ ഒരു ഷാം‌പെയ്നിന് ഓർഡർ കൊടുത്തു.

“ഷാം‌പെയ്ൻ ഒക്കെ ഓർഡർ ചെയ്യുന്നുണ്ടല്ലോ... എന്താണ് സംഭവം...? വോഗൻ ചോദിച്ചു.

“എന്റെ പാവം അമേരിക്കൻ സുഹൃത്തേ... ബ്രിഗേഡ്ഫ്യൂറർ ഫാർബറിന്റെ റെക്കമെന്റേഷൻ... ഉടൻ തന്നെ നിങ്ങൾക്ക് ഫസ്റ്റ് ക്ലാസ് അയേൺ ക്രോസ് മെഡൽ നൽകണമെന്ന്... നിങ്ങൾ അത് അർഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്...”

“പക്ഷേ, എറിക്ക്... എനിക്ക് ഇപ്പോൾ തന്നെ ഒരു മെഡൽ ഉണ്ടല്ലോ...” നിസ്സംഗഭാവത്തിൽ വോഗൻ പറഞ്ഞു.

അത് അവഗണിച്ച അഡ്‌ലർ ഒരു ഗ്ലാസ് അയാളുടെ അടുത്തേക്ക് നീക്കി വച്ചു. “രണ്ടാമതായി, നിങ്ങളെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നു... ഗ്രൌണ്ടഡ് ഇമ്മീഡിയറ്റ്‌ലി...”

“വാട്ട്...?!”

“വിഷയം ടോപ്പ് അർജന്റാണ്... ലഭിക്കുന്ന ആദ്യത്തെ ഫ്ലൈറ്റിന് ബെർലിനിലേക്ക് പറക്കാനാണ് നിങ്ങൾക്കുള്ള ഓർഡർ... അറിയാമല്ലോ ഗോറിങ്ങിന്റെ സ്വഭാവം എന്താണെന്ന്... ബെർലിനിലെ SD ഹെഡ്ക്വാർട്ടേഴ്സിൽ ചെന്ന് ജനറൽ വാൾട്ടർ ഷെല്ലെൻബെർഗിന് മുന്നിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം...”

“ഒരു മിനിറ്റ്...” വോഗൻ തടസ്സവാദമുന്നയിച്ചു. “റഷ്യൻ നിരയിൽ മാത്രമേ ഞാൻ യുദ്ധം ചെയ്യുകയുള്ളൂ... അതായിരുന്നു ധാരണ...”

“നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ തർക്കിക്കുമായിരുന്നില്ല... ഈ ഓർഡർ വന്നിരിക്കുന്നത് സാക്ഷാൽ ഹിം‌ലറുടെ ഓഫീസിൽ നിന്നുമാണ്...” അഡ്‌ലർ തന്റെ ഗ്ലാസ് ഉയർത്തി. “ഗുഡ് ലക്ക് മൈ ഫ്രണ്ട്...”

“എന്നെ ദൈവം രക്ഷിക്കട്ടെ... എന്തായാലും ഒരു മാറ്റം ആവശ്യമാണെന്ന് എനിക്കും തോന്നിത്തുടങ്ങിയിരുന്നു...” വോഗൻ പറഞ്ഞു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...