Saturday 17 June 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 14



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

മഞ്ഞ് പെയ്യുന്ന ക്രിസ്മസ് രാവ് കഴിഞ്ഞ് ഇരുപത്തിയേഴാം തീയ്യതി സായാഹ്നം ആയപ്പോഴേക്കും മഴ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഹൊസേ വർഗാസിന്റെ ഫോൺ വന്നതും അയാളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി SOE ഹെഡ് ക്വാർട്ടേഴ്സിന് അധികം അകലെയല്ലാതെ പോർട്ട്മാൻ സ്ക്വയറിന് സമീപമുള്ള ആ ചെറിയ സങ്കേതം തന്നെ തിരഞ്ഞെടുക്കുവാൻ ജാക്ക് കാർട്ടർ തീരുമാനിച്ചതിന്റെ കാരണവും മഴ തന്നെയായിരുന്നു.

മേരിസ് പാൻ‌ട്രി എന്നായിരുന്നു ആ കഫേയുടെ പേര്. ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നത് കൊണ്ട് പുറമേ ഇരുട്ടായിരുന്നുവെങ്കിലും ഉള്ളിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങളാൽ പ്രകാശമാനമായിരുന്നു. രാവേറെ ആയിട്ടില്ലാത്തതിനാൽ മൂന്നോ നാലോ കസ്റ്റമേഴ്സ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

ഹാളിന്റെ അറ്റത്തുള്ള മേശക്കരികിൽ കോഫി നുകർന്ന് ന്യൂസ് പേപ്പറും വായിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു ഹൊസേ വർഗാസ്. കടും നീല നിറമുള്ള ഒരു ഓവർ‌കോട്ട് ആണ് വേഷം. ഹാറ്റ് ഊരി മേശപ്പുറത്ത് വച്ചിരിക്കുന്നു. വീതി കുറഞ്ഞ് നേർത്ത മീശയുള്ള അയാൾ തലമുടി ഒത്ത നടുവിലായി വകഞ്ഞ് ഇരുവശത്തേക്കും ചീകി ഒതുക്കിയിരിക്കുന്നു.

“കാര്യമായ എന്തോ ആണെന്ന് തോന്നുന്നല്ലോ...?”  കാർട്ടർ അയാളുടെ അരികിലെത്തി.

“അല്ലെങ്കിൽ പിന്നെ താങ്കളെ ഞാൻ ബുദ്ധിമുട്ടിക്കുമോ സെനോർ...? ബെർലിനിൽ നിന്നും എന്റെ കസിൻ വിളിച്ചിരുന്നു...” വർഗാസ് പറഞ്ഞു.

“എന്നിട്ട്...?”

“സ്റ്റെയ്നറെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അവർക്ക് വേണമത്രെ... ഒരു റെസ്ക്യൂ ഓപ്പറേഷൻ നടത്താനുള്ള സാദ്ധ്യതകൾ ആരായുകയാണവർ...”

“ഉറപ്പാണോ നിങ്ങൾക്ക്...?”

“അങ്ങനെയാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്... സ്റ്റെയ്നറുടെ  ലൊക്കേഷനെക്കുറിച്ചുള്ള കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കുവാനാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്... ലണ്ടൻ ടവറിൽ നിന്നും നിങ്ങൾ അദ്ദേഹത്തെ മറ്റെവിടേക്കെങ്കിലും മാറ്റുമോ എന്നുള്ള സന്ദേഹവും അവർക്ക് ഇല്ലാതില്ല...”

“ഈ അവർ എന്ന് വച്ചാൽ ആരാണ്...? അബ്ഫെർ...?”

“അല്ല... ജനറൽ ഷെല്ലെൻബെർഗ്... SD യുടെ ഇൻ‌ചാർജ്... എന്റെ കസിനോട് ഇക്കാര്യവുമായി ബന്ധപ്പെട്ടത് അദ്ദേഹമാണ്...”

ആവേശഭരിതനായി തലകുലുക്കിയിട്ട് കാർട്ടർ എഴുന്നേറ്റു. “പതിനൊന്ന് മണിയാകുമ്പോൾ പതിവ് നമ്പറിൽ എന്നെ വിളിക്കണം... മറക്കരുത്... ഇതൊരു വമ്പൻ സ്രാവാണ്.... നിങ്ങളുടെ സാമർത്ഥ്യം പോലെയിരിക്കും നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന പ്രതിഫലം...”

പുറത്തിറങ്ങിയ കാർട്ടർ, തന്റെ മുടന്തൻ കാലും കൊണ്ട് ആവുന്നത്ര വേഗം ബേക്കർ സ്ട്രീറ്റിലൂടെ മുന്നോട്ട് നീങ്ങി.

                                                              *** 

ഈ സമയം ലിസ്ബനിൽ അൽഫാമയിലെ കല്ലു പാകിയ തെരുവുകളിലൊന്നിൽ ലൈറ്റ്സ് ഓഫ് ലിസ്ബനിലേക്കുള്ള കയറ്റം ചവിട്ടിക്കയറുകയായിരുന്നു വാൾട്ടർ ഷെല്ലെൻബെർഗ്. കഫേയ്ക്കുള്ളിൽ നിന്നും ഒഴുകിയെത്തുന്ന സംഗീത വീചികൾ പുറമെ കേൾക്കാൻ സാധിക്കുന്നുണ്ട്. ഉള്ളിലെത്തിയ അദ്ദേഹം കണ്ടത് ആൾക്കൂട്ടമില്ലാത്ത ഹാൾ ആയിരുന്നു. ബാർമാനും പിയാനോ വായിച്ചു കൊണ്ടിരിക്കുന്ന ഡെവ്‌ലിനും മാത്രമാണ് അവിടെയുണ്ടായിരുന്നത്.

വായന നിർത്തി ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ഡെവ്‌ലിൻ പുഞ്ചിരിച്ചു. “ക്രിസ്മസ് എങ്ങനെയുണ്ടായിരുന്നു ജനറൽ...? ആസ്വദിച്ചുവോ...?”

“തീർച്ചയായും... നിങ്ങളോ...?”

“കാളക്കൂറ്റന്മാരൊക്കെ നന്നായിത്തന്നെ ഓടി... തിരക്കിനിടയിൽ എനിക്കും കിട്ടി ചവിട്ട്... പിന്നെ നന്നായി മദ്യപിക്കുകയും ചെയ്തു...” ഡെവ്‌ലിൻ പറഞ്ഞു.

“തീർത്തും അപകടകരമായ വിനോദം തന്നെ ഈ കാളപ്പോര്...”

“എന്ന് പറയാൻ കഴിയില്ല... ഇവിടെ പോർച്ചുഗലിൽ കാളകളുടെ കൊമ്പിന്റെ അറ്റം അവർ മുറിച്ച് കളയും... അതുകൊണ്ട് ആരും തന്നെ കുത്തേറ്റ് മരിക്കാറില്ല...”

“എന്തോ... ഈ വിനോദം എനിക്ക് അത്ര ആസ്വാദ്യകരമായി തോന്നുന്നില്ല...”   

“പക്ഷേ ഞാൻ ആസ്വദിച്ചു... വൈൻ, മുന്തിരി, കാളപ്പോര്, വെയിലുള്ള തെളിഞ്ഞ അന്തരീക്ഷം... ക്രിസ്മസിന് ഇതൊക്കെത്തന്നെ ധാരാളമല്ലേ ജനറൽ...?”   ഡെവ്‌ലിൻ വീണ്ടും പിയാനോ വായിക്കുവാൻ തുടങ്ങി. ‘Moonlight on the Highway’ എന്ന ഗാനം. “ലണ്ടനിൽ ഇപ്പോൾ മഞ്ഞ് വീഴുകയായിരിക്കും, അല്ലേ ജനറൽ...? തീർത്തും വ്യത്യസ്തമായ ആ അവസ്ഥയെക്കുറിച്ചാണ് ഞാനിപ്പോൾ ആലോചിക്കുന്നത്...”  

ഷെല്ലെൻബെർഗിന്റെയുള്ളിൽ ഉത്സാഹം നുരഞ്ഞു. “അപ്പോൾ നിങ്ങൾ പോകാൻ തീരുമാനിച്ചു...?”

“ഒരേയൊരു വ്യവസ്ഥയിൽ... നിങ്ങളുടെ പ്ലാനിന്റെ വിജയസാദ്ധ്യതയിൽ ഒരു നേരിയ സംശയമെങ്കിലും തോന്നിയാൽ അവസാന നിമിഷം പിന്മാറാനുള്ള അവകാശം എനിക്കുണ്ടായിരിക്കും എന്ന വ്യവസ്ഥയിൽ...”

“അക്കാര്യത്തിൽ ഞാൻ ഉറപ്പ് തരുന്നു...”

ഡെവ്‌ലിൻ എഴുന്നേറ്റു. അദ്ദേഹത്തോടൊപ്പം ടെറസിലേക്ക് നടക്കവെ ഷെല്ലെൻബെർഗ് പറഞ്ഞു. “അപ്പോൾ നാളെ രാവിലെ നമ്മൾ ബെർലിനിലേക്ക് പറക്കുന്നു...”

“താങ്കൾ മാത്രം... ഞാനുണ്ടാവില്ല ജനറൽ...”

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്, മിസ്റ്റർ ഡെവ്‌ലിൻ..........?”

“ഈ കളിയിൽ സകല വശങ്ങളും വിശകലനം ചെയ്യേണ്ടതുണ്ട്... അതേക്കുറിച്ച് താങ്കൾക്ക് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ... അതാ അവിടെ... താഴെ... അങ്ങോട്ട് നോക്കൂ...” ഡെവ്‌ലിൻ പറഞ്ഞു.

കഫേയുടെ കവാടം കടന്നെത്തിയ മേജർ ആർതർ ഫ്രെയർ, മേശ തുടച്ചു കൊണ്ടിരിക്കുന്ന വെയ്റ്ററോട് എന്തോ ചോദിക്കുന്നതാണ് ഷെല്ലെൻബെർഗ് കണ്ടത്.

“ആ കിഴവൻ ഫ്രെയറിന് എന്റെ മേൽ എപ്പോഴും ഒരു കണ്ണുണ്ട്... രണ്ട് ദിവസം മുമ്പ്, മഹാനായ വാൾട്ടർ ഷെല്ലെൻബെർഗുമായി ഞാൻ സംഭാഷണം നടത്തുന്നത് അയാൾ കണ്ടതാണല്ലോ... അയാൾ ലണ്ടനിലേക്ക് അയക്കുന്ന റിപ്പോർട്ടുകളിലൊന്നിൽ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടാകും എന്നത് തീർച്ചയാണ്...”

“സോ, വാട്ട് ഡൂ യൂ സജസ്റ്റ്...?”

“താങ്കൾ ബെർലിനിൽ ചെന്ന് ദൌത്യത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി വയ്ക്കുക... നിരവധി കാര്യങ്ങളുണ്ടാകുമല്ലോ ചെയ്തു തീർക്കുവാൻ... എംബസിയിൽ നിന്നും എനിക്കുള്ള യാത്രാരേഖകൾ, ചെലവിനുള്ള പണം, അങ്ങനെ അങ്ങനെ... റെയിൽ‌ മാർഗ്ഗം ഞാൻ അവിടെ എത്തിക്കൊള്ളാം... താരത‌മ്യേന റിസ്ക് കുറവ് അതിനായിരിക്കും... ലിസ്ബണിൽ നിന്നും മാഡ്രിഡ്... അവിടെ നിന്നും പാരീസ് എക്സ്പ്രസിൽ...  പറ്റുമെങ്കിൽ പാരീസിൽ നിന്നും ഫ്ലൈറ്റ് ടിക്കറ്റ് അറേഞ്ച് ചെയ്യുക... അഥവാ പറ്റിയില്ലെങ്കിലും സാരമില്ല, ഞാൻ ട്രെയിൻ പിടിച്ച് വന്നോളാം...”

“അപ്പോൾ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും എടുക്കുമല്ലോ നിങ്ങൾക്ക് അവിടെയെത്താൻ...”

“ഞാൻ പറഞ്ഞല്ലോ... താങ്കൾക്ക് പിടിപ്പത് ജോലിയുണ്ടാവും അവിടെ... ഒറ്റ ദിവസം കൊണ്ട് എല്ലാം ചെയ്ത് തീർക്കും എന്നൊന്നും വെറുതെ വീമ്പിളക്കല്ലേ...”

“ശരിയാണ്...” ഷെല്ലെൻബെർഗ് തല കുലുക്കി. “എന്നാൽ പിന്നെ പറഞ്ഞത് പോലെ... നമുക്കൊരു ഡ്രിങ്ക് ആയാലോ... നമ്മുടെ ഇംഗ്ലീഷ് സംരംഭത്തിന് വേണ്ടി...”

“അയ്യോ... ആ പേരിൽ വേണ്ട ജനറൽ... കഴിഞ്ഞ തവണ എനിക്ക് വേണ്ടി ഇതേ വാചകം ആരോ ഉപയോഗിച്ചതാണ്... എന്നിട്ടറിയാമല്ലോ എന്താണ് സംഭവിച്ചതെന്ന്...”

“എന്നാൽ പിന്നെ നമുക്ക് വേണ്ടി, മിസ്റ്റർ ഡെവ്‌ലിൻ...” ഷെല്ലെൻബെർഗ് പറഞ്ഞു. “നിങ്ങൾക്ക് വേണ്ടി ഞാനും എനിക്ക് വേണ്ടി നിങ്ങളും ഓരോ ഡ്രിങ്ക് അകത്താക്കുവാൻ പോകുന്നു...”

ടെറസിൽ നിന്നും അവർ കഫേയുടെ ഉള്ളിലേക്ക് നടന്നു.

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

35 comments:

  1. എന്നാൽ പിന്നെ ആദ്യ തേങ്ങാ എന്റെ വക

    ശരി...ഇനി നമുക്കും പോകാൻ ഒരുങ്ങാൻ തുടങ്ങാം

    ReplyDelete
    Replies
    1. ഞാൻ ഡെവ്ളിച്ചായന്റ്റെ കൂടെ ട്രെയിനിൽ വന്നേക്കാം..

      Delete
    2. ജിമ്മന്റെ മനസ്സിലിരുപ്പ് മനസ്സിലായി.... :)

      Delete
    3. ജിമ്മിച്ചന്‍ ടിക്കെറ്റ് എടുക്കുന്ന പതിവുണ്ടോ?

      Delete
    4. ടിക്കറ്റോ.... എവടെ....! ജിമ്മൻ കുമ്മനടിക്കാനുള്ള പരിപാടിയാ മുബീ....:)

      Delete
    5. ജിമ്മി കുമ്മന്‍.. കൊള്ളാം നല്ല പ്രാസമുള്ള പേര്

      Delete
    6. പക്ഷെ, ജിമ്മിച്ചൻ കുമ്മനടിച്ചതിന് ഇതുവരെ ഉമ്മനില്ല എന്ന കാര്യം മറക്കരുത് വിനുവേട്ടാ...

      Delete
  2. ഞാന്‍ ഇപ്പോഴേ ഒരുങ്ങി. എന്നാലും ഈ രണ്ടു കസിന്മാരും കൂടി മൊത്തത്തില്‍ കുളമാക്കുന്ന ലക്ഷണമുണ്ട്.

    ReplyDelete
    Replies
    1. ഡബ്‌ൾ ഏജന്റുമാരാണ് ശ്രീജിത്തേ അവർ....

      Delete
  3. അവർക്ക് വേണ്ടി ഞാനും ഒരു ഡ്രിങ്ക് സൗകര്യം പോലെ അകത്താക്കുന്നതാണ്..

    എന്നാ പുറപ്പെടുവല്ലേ??

    ReplyDelete
    Replies
    1. എവിടെ ഡ്രിങ്കുണ്ടോ അവിടെ ജിമ്മനുമുണ്ട്.... :)

      Delete
  4. അപ്പോ പോകാൻ തീരുമാനിച്ചോ????ഞാനുമുണ്ട്‌.ട്രെയിനിൽ ആണെങ്കിൽ ആക്ഷനു ചാൻസുണ്ട്‌.

    ReplyDelete
    Replies
    1. സ്റ്റോം വാണിങ്ങിൽ പോൾ ഗെറിക്കും കാർവറും തമ്മിൽ നടന്ന ആക്ഷൻ രംഗങ്ങൾ പോലെ, അല്ലേ...?

      Delete
  5. ഈ മേജര്‍ ആര്‍തര്‍ ഫ്രെയര്‍ 20-20 സിനിമയിലെ സലിം കുമാറിന്റെ കപീഷിനെ പോലെ തോന്നി. ;)

    ReplyDelete
  6. എല്ലാം തീരുമാനിച്ചു കഴിഞ്ഞു. ഇനി അല്‍പ്പം മദ്യം, ഒന്ന് റിലാക്സ് ആവാന്‍ 

    ReplyDelete
  7. ട്രെയിനില്‍ പോകാല്ലേ... കസിന്‍സിനെ എനിക്കത്ര വിശ്വാസം പോരാ.

    ReplyDelete
    Replies
    1. എന്നാൽ പിന്നെ ട്രെയിൻ തന്നെ... ഉറപ്പിച്ചു...

      Delete
  8. ട്രെയിനിൽ പോകുമ്പോൾ ഒരു അടിക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല

    ReplyDelete
    Replies
    1. ഡെവ്‌ലിനെ അത്രയ്ക്ക് നന്നായിട്ടറിയാം അല്ലേ സതീഷേ... :)

      Delete
  9. “ഒരേയൊരു വ്യവസ്ഥയിൽ... നിങ്ങളുടെ പ്ലാനിന്റെ
    വിജയസാദ്ധ്യതയിൽ ഒരു നേരിയ സംശയമെങ്കിലും തോന്നിയാൽ
    അവസാന നിമിഷം പിന്മാറാനുള്ള അവകാശം എനിക്കുണ്ടായിരിക്കും
    എന്ന വ്യവസ്ഥയിൽ...”
    “അക്കാര്യത്തിൽ ഞാൻ ഉറപ്പ് തരുന്നു...”

    അതൊരു ഒന്നൊന്നര ഉറപ്പായിരിക്കും അല്ലെ

    ReplyDelete
    Replies
    1. ജനറൽ വാൾട്ടർ ഷെല്ലെൻബെർഗിന്റെ ഉറപ്പ്...

      Delete
  10. കുമ്മനടിക്കാൻ ഞാനില്ല. എല്ലാവർക്കും വേണ്ടി ആരാ ടിക്കറ്റെടുക്കാ...? നേരത്തെ പറയണെ...!

    ReplyDelete
    Replies
    1. ടിക്കറ്റ് വിനുവേട്ടൻ ഏറ്റു

      Delete
    2. ടിക്കറ്റ് നമ്മുടെ ബിലാത്തിഭായ് സ്പോൺസർ ചെയ്യും... :)

      Delete
    3. ടിക്കറ്റ് എത്രയാണെന്ന് പറഞ്ഞോളൂ , ഞാൻ ആഗസ്റ്റിൽ നാട്ടിൽ വരുമ്പോൾ കൊണ്ട് വരാം...കേട്ടോ

      Delete
    4. ആയിക്കോട്ടെ... വിസയും കൂടി... :)

      Delete
  11. എല്ലാം വായിച്ചു. കുറച്ചുകൂടി വേഗത്തില്‍ എഴുതിയാല്‍ ആശ്വ‍ാസമാകുമായിരുന്നു.

    ReplyDelete
    Replies
    1. അടുത്ത ലക്കം പോസ്റ്റ് ചെയ്തിട്ടുണ്ട് ഹാഷിം....

      Delete
  12. ട്രെയിൻ പിടിച്ച് വേം വായോ ഡെവ്‌ലിൻകുട്ടാ. ആക്ഷൻ തുടങ്ങാറായില്ലേ

    ReplyDelete
    Replies
    1. തയ്യാറെടുപ്പുകൾ തുടങ്ങുകയായി അജിത്‌ഭായ്...

      Delete
  13. യാത്രത്തന്നെ....
    ആശംസകള്‍

    ReplyDelete