Sunday 25 June 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 15



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

വർഗാസും താനുമായി നടന്ന സംഭാഷണങ്ങളുടെ സംഗ്രഹം വിവരിക്കുന്ന ജാക്ക് കാർട്ടറിന് ചെവി കൊടുത്തു കൊണ്ട് ഹേസ്റ്റൺ പ്ലേസിലെ തന്റെ ഫ്ലാറ്റിൽ ഇരിക്കുകയാണ് ബ്രിഗേഡിയർ ഡോഗൽ മൺ‌റോ.

“വിട്ടു പോയ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് നമുക്കിതിന് ഒരു രൂപം കൊടുക്കണം, ജാക്ക്...” മൺ‌റോ പറഞ്ഞു. “സ്റ്റെയ്നറെ മോചിപ്പിക്കാൻ ഒരു റെസ്ക്യൂ ഓപ്പറേഷൻ നടത്താനുള്ള ഉദ്യമത്തിലാണ് ഷെല്ലെൻബെർഗ്... എവിടെയാണ് അദ്ദേഹം ഇപ്പോൾ...? ലിസ്ബനിൽ ലിയാം ഡെവ്‌ലിനോടൊപ്പം മദ്യപിച്ചു കൊണ്ടിരിക്കുന്നു... ഇതിൽ നിന്നുമൊക്കെ നിങ്ങൾക്കെന്താണ് മനസ്സിലാക്കാൻ സാധിക്കുന്നത്...?”

“ആ ദൌത്യത്തിനായി ഡെവ്‌ലിനെ റിക്രൂട്ട് ചെയ്യുവാനാണ് അദ്ദേഹം എത്തിയിരിക്കുന്നതെന്ന്, സർ...“

“എക്സാക്റ്റ്‌ലി... ദി പെർഫെക്റ്റ് മാൻ...” മൺ‌റോ തല കുലുക്കി.  “അങ്ങനെയാണെങ്കിൽ രസകരമായ ചില സാദ്ധ്യതകളിലേക്കാണത് വിരൽ ചൂണ്ടുന്നത്...”

“മനസ്സിലായില്ല...?”

മൺ‌റോ തലയാട്ടി. “അല്പം കടന്ന് ചിന്തിക്കുകയായിരുന്നു ഞാൻ... സ്റ്റെയ്നറെ അവിടെ നിന്നും മാറ്റുന്ന കാര്യം... എന്ത് തോന്നുന്നു...?”

“കെൻസിങ്ടണിലെ ലണ്ടൻ കെയ്ജിലേക്കായാലോ...?”

“കമോൺ ജാക്ക്... അത് ലുഫ്ത്‌വാഫ് പൈലറ്റുകൾ പോലുള്ള താൽക്കാലിക തടവുകാർക്ക് വേണ്ടിയുള്ളതല്ലേ... ?”

“എന്നാൽ പിന്നെ കോക്ക്ഫോസ്റ്റർ ആയാലോ സർ...? അതൊരു സാധാരണ ജയിൽ മാത്രമാണ്... പിന്നെ വാൻഡ്സ്‌വർത്ത് പ്രിസണിന്റെ എതിർവശത്തുള്ള ആ സ്കൂൾ... കുറേ ജർമ്മൻ ഏജന്റുമാരെ അവിടെ പാർപ്പിച്ചിരുന്നു...”

കാർട്ടറിന്റെ അഭിപ്രായം അത്ര സ്വീകാര്യമായി തോന്നിയില്ല മൺ‌റോയ്ക്ക്. എന്നാൽ അത് മനസ്സിലാക്കാതെ അയാൾ തുടർന്നു. “വേറൊരു സ്ഥലമുണ്ട്.. ഹാം‌പ്ഷയറിൽ മിച്ചെറ്റ് പ്ലേസിൽ... റുഡോൾഫ് ഹെസ്സിനെ താമസിപ്പിക്കുന്നതിന് വേണ്ടി അന്ന് അത് ഒരു ചെറിയ കോട്ട പോലെ ആക്കിത്തീർത്തു എന്ന് പറയുന്നതാവും ശരി...”

“അവിടുത്തെ ഏകാന്ത വാസത്തിൽ മനം മടുത്ത അദ്ദേഹം 1941 ൽ ബാൽക്കണിയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയത് ഓർമ്മയുണ്ടല്ലോ... അതെന്തായാലും വേണ്ട...”  ജാലകത്തിനരികിൽ ചെന്ന് മൺ‌റോ പുറത്തേക്ക് നോക്കി.  മഴ ശക്തി പ്രാപിച്ചിരിക്കുന്നു. മൺ‌റോ തിരിഞ്ഞു. “സ്റ്റെയ്നറെ കണ്ട് സംസാരിച്ചിട്ട് കുറച്ച് ദിവസമായി... നാളെ ഒന്ന് പോയി കാണണം...”

“ഫൈൻ സർ... ഐ വിൽ അറേഞ്ച് ഇറ്റ്...”

“ഈ ഡെവ്‌ലിന്റെ ഫോട്ടോ വല്ലതും ഉണ്ടാകുമോ നമ്മുടെ ഫയലിൽ...?”

“ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ  ഉണ്ട് സർ... നോർഫോക്കിൽ വന്ന് താമസിച്ച സമയത്ത് വിദേശി എന്ന നിലയിൽ ഒരു രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് നൽകാനുണ്ടായിരുന്നു... ഐറിഷ് പൌരനാണെങ്കിൽ അതിൽ ഫോട്ടോ പതിച്ചിരിക്കണമെന്നത് നിർബന്ധമാണ്... സ്പെഷൽ ബ്രാഞ്ച് ആണ് ആ ഫോട്ടോ തന്നത്...”

മൺ‌റോ പെട്ടെന്ന് പുഞ്ചിരിച്ചു. “കിട്ടിപ്പോയി ജാക്ക്... കിട്ടിപ്പോയി... സ്റ്റെയ്നറെ എവിടെ പാർപ്പിക്കണമെന്ന്... വാപ്പിങ്ങിലുള്ള സെന്റ് മേരിസ് പ്രിയോറിയിൽ...”

“ദി ലിറ്റ്‌ൽ സിസ്റ്റേഴ്സ് ഓഫ് പിറ്റി... അവിടെയാണോ സർ...? പക്ഷേ, അത് മരണം കാത്ത് കഴിയുന്നവർക്ക് വേണ്ടിയുള്ള ഒരു ശരണാലയമല്ലേ...?”

“അത് മാത്രമല്ലല്ലോ... അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്നവരെയും അവർ പരിചരിക്കുന്നുണ്ടല്ലോ... പരിക്കേറ്റ റോയൽ എയർഫോഴ്സ് പൈലറ്റുമാരും ഒക്കെയില്ലേ അവിടെ...?”

“യെസ് സർ....”

“കഴിഞ്ഞ ഫെബ്രുവരിയിൽ പിടി കൂടിയ ഒരു അബ്ഫെർ ഏജന്റിന്റെ കാര്യം നിങ്ങൾ മറന്നുവോ...? സ്പെഷൽ ബ്രാഞ്ചും MI-5 ഉം കൂടി പിന്തുടരവെ ഇംഗ്ലീഷ് ചാനലിൽ വച്ച് നെഞ്ചിൽ വെടിയേറ്റ അയാളെ കൊണ്ടുവന്ന് ചികിത്സ നൽകിയത് ആ മഠത്തിലായിരുന്നു... അവിടെ വച്ച് അയാളെ ചോദ്യം ചെയ്തതിന്റെ റിപ്പോർട്ട് ഞാൻ കാണുകയും ചെയ്തതാണ്... MI-5 ആ മഠം അത്തരം കാര്യങ്ങൾക്ക് സ്ഥിരമായി ഉപയോഗിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്... എന്തുകൊണ്ടും അനുയോജ്യമായ ഇടം... പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച കെട്ടിടം... കനത്ത മതിലുകളാൽ ചുറ്റപ്പെട്ട് ഒരു കോട്ടയ്ക്കുള്ളിൽ എന്ന പോലെ നില കൊള്ളുന്ന കെട്ടിടം...”

“ഞാൻ കണ്ടിട്ടില്ല സർ...”

“ഞാൻ കണ്ടിട്ടുണ്ട്... വിചിത്രമായ ഇടം തന്നെ... പ്രൊട്ടസ്റ്റന്റുകളുടെ പക്കൽ നിന്നും റോമൻ കത്തോലിക്കരുടെ കൈകളിലെത്തിയ ആ കെട്ടിടം വിശ്വാസിയായ ഏതോ ഒരു വ്യവസായി, തെരുവിൽ അലയുന്നവർക്ക് തല ചായ്ക്കാനുള്ള ഒരു ഹോസ്റ്റൽ ആക്കി മാറ്റി. വർഷങ്ങളോളം ആൾത്താമസമില്ലാതെ കിടന്ന കെട്ടിടം പിന്നീട്  1910 ൽ ഏതോ ഒരു ധർമ്മിഷ്ഠൻ വാങ്ങുകയും റോമൻ കത്തോലിക്കരുടെ നേതൃത്വത്തിൽ പുനരുദ്ധരിക്കുകയും ചെയ്തു. അതിന് ശേഷമാണ് സിസ്റ്റേഴ്സ് ഓഫ് പിറ്റി രംഗത്ത് വരുന്നതും ഏറ്റെടുത്ത് നടത്തിക്കൊണ്ടു വരുന്നതും...” ആവേശത്തോടെ അദ്ദേഹം തല കുലുക്കി. “അതെ... സ്റ്റെയ്നറെ പാർപ്പിക്കാൻ എന്തു കൊണ്ടും അനുയോജ്യമായ ഇടം തന്നെ...”

“പക്ഷേ, ഒരു കാര്യം സർ... ഏതാണ്ട് ചാരപ്രവർത്തനം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള സംഗതിയാണല്ല്ലോ ഇത്... എന്ന് വച്ചാൽ കർശനമായും MI-5 ഉം സ്പെഷൽ ബ്രാഞ്ചും മാത്രം കൈകാര്യം ചെയ്യേണ്ട വിഷയം...”

“പക്ഷേ, അവർക്ക് ഇക്കാര്യത്തെക്കുറിച്ച് ഒന്നും തന്നെ അറിവില്ലെങ്കിലോ...?” മൺ‌റോ പുഞ്ചിരിച്ചു. “വർഗാസിന്റെ ഫോൺ വന്നാൽ ഉടൻ തന്നെ പോയി കാണുക... സ്റ്റെയ്നറെ സെന്റ് മേരീസ് പ്രിയോറിയിലേക്ക് മാറ്റുന്ന വിവരം ഒരു മൂന്നോ നാലോ ദിവസം കഴിഞ്ഞിട്ട് അയാളുടെ കസിന് കൈമാറാൻ പറയുക...”

“ഒരു റെസ്ക്യൂ ഓപ്പറേഷൻ നടത്താൻ വേണ്ടി താങ്കൾ ശരിക്കും അവരെ ക്ഷണിക്കുകയാണോ സർ...? എനിക്ക് മനസ്സിലാകുന്നില്ല...!”

“എന്തു കൊണ്ട് ആയിക്കൂടാ ജാക്ക്...? ഡെവ്‌ലിൻ മാത്രമല്ല നമ്മുടെ വലയിൽ പെടാൻ പോകുന്നത്... അയാളുമായി ബന്ധമുള്ള സകലരും... അയാൾക്ക് ഒറ്റയ്ക്ക് ഈ ദൌത്യം നടത്താൻ കഴിയുമെന്ന് തോന്നുന്നില്ല... നിരവധി സാദ്ധ്യതകളുണ്ട് ഈ വിഷയത്തിൽ... എന്തായാലും നിങ്ങൾ ഇപ്പോൾ പോകൂ...”

“ശരി സർ...”  മുടന്തിക്കൊണ്ട് കാർട്ടർ വാതിലിന് നേർക്ക് നീങ്ങി.

“ഒരു നിമിഷം...” മൺ‌റോ വിളിച്ചു. “പ്രധാനപ്പെട്ട ഒരു കാര്യം മറന്നു... നാം ഇപ്പോൾ കൊടുക്കാൻ പോകുന്ന ഇൻഫർമേഷൻ വാൾട്ടർ ഷെല്ലെൻബെർഗിന് വിശ്വസനീയമായിരിക്കണം... വർഗാസ് ഇത് എങ്ങനെ അറിഞ്ഞു എന്ന് സംശയം തോന്നിയാൽ...?”

“എന്റെ മനസ്സിൽ തോന്നിയ അഭിപ്രായം പറയട്ടെ സർ...?”

“തീർച്ചയായും...”

“ഈ ഹൊസേ വർഗാസ് അറിയപ്പെടുന്ന ഒരു സ്വവർഗാനുരാഗിയാണ് സർ... ഇപ്പോൾ ലണ്ടൻ ടവറിൽ ഡ്യൂട്ടിയിലുള്ളത് ഒരു കൂട്ടം സ്കോട്ടിഷ് ഗാർഡുകളാണ്... പതിവായി അവർ സന്ദർശിക്കുന്ന സമീപത്തെ ക്ലബ്ബിൽ വച്ച് അവരിലൊരുവനെ വർഗാസ് വലയിലാക്കി എന്നും അയാളുടെ പക്കൽ നിന്നും ലഭിച്ച വിവരമാണെന്നും ധരിപ്പിക്കാം...”

“ഓ, വെരി ഗുഡ് ജാക്ക്... എക്സലന്റ്...” മൺ‌റോ പറഞ്ഞു. “എന്നാൽ പിന്നെ അങ്ങനെ തന്നെ ആയിക്കോട്ടെ...”

                                                             ***  

ലിസ്ബനിലെ എയർപോർട്ടിന് വെളിയിൽ ആൾത്തിരക്കിൽ നിന്നു കൊണ്ട് മേജർ ആർതർ ഫ്രെയർ റൺ‌വേയിലേക്ക് കണ്ണോടിച്ചു. ഷെല്ലെൻബെർഗും ബെർഗറും കൂടി നടന്ന് ചെന്ന് ജങ്കേഴ്സിനുള്ളിൽ കയറുന്നത് വീക്ഷിക്കവെ അയാളുടെ മുഖത്ത് പുഞ്ചിരി വിടർന്നു. വിമാനം റൺ‌വേയിലൂടെ നീങ്ങി ടേക്ക് ഓഫ് ചെയ്യുന്നത് വരെയും അയാൾ അവിടെത്തന്നെ നിന്നു. പിന്നെ തിരിഞ്ഞ് തന്റെ കാറിനരികിലേക്ക് നടന്നു.

അര മണിക്കൂർ കഴിഞ്ഞ് ലൈറ്റ്സ് ഓഫ് ലിസ്ബനിൽ എത്തിയ ഫ്രെയർ ഒരു ബിയറിന് ഓർഡർ കൊടുത്തിട്ട് ബാർ സൂക്ഷിപ്പുകാരനോട് ചോദിച്ചു. “നമ്മുടെ ഐറിഷ് സ്നേഹിതൻ എവിടെ...? കണ്ടില്ലല്ലോ...”

“ഓ... അയാളോ... അയാൾ പോയി...” ബാർ സൂക്ഷിപ്പുകാരൻ പറഞ്ഞു. “അയാളെക്കൊണ്ട് എന്നും പ്രശ്നങ്ങളേയുള്ളൂ... അതിനാൽ ബോസ് അയാളെ പറഞ്ഞു വിട്ടു... കഴിഞ്ഞ രാത്രി ഒരു അതിഥി ഉണ്ടായിരുന്നു ഇവിടെ... നല്ലൊരു മനുഷ്യൻ... ജർമ്മൻ‌കാരനാണെന്ന് തോന്നുന്നു... ഈ ഡെവ്‌ലിനും അദ്ദേഹവും തമ്മിൽ വാക്കുതർക്കമുണ്ടായി... ഏതാണ്ട് കയ്യാങ്കളി വരെ എത്തിയെന്ന് പറഞ്ഞാൽ മതിയല്ലോ... അതോടെ ഡെവ്‌ലിനെ പുറത്താക്കുകയായിരുന്നു...”

“അത് ശരി... അപ്പോൾ ഇനി എന്ത് ചെയ്യും അയാൾ...?”

“വിഷമിക്കാനൊന്നുമില്ല സെനോർ... ഈ അൽഫാമയിൽ ബാറുകൾക്കാണോ പഞ്ഞം... അവയിൽ ഏതെങ്കിലുമൊന്നിൽ ജോലിക്ക് കയറും...”  അയാൾ പറഞ്ഞു.

“ശരിയാണ്...” ഗ്ലാസിലെ ബിയർ മുഴുവനും അകത്താക്കിയിട്ട് ഫെയർ എഴുന്നേറ്റു. “എന്നാൽ ശരി... ഞാനിറങ്ങുന്നു...”

ഫ്രെയർ പുറത്തിറങ്ങി നടന്ന് നീങ്ങിയതും ബാർ കൌണ്ടറിൽ കർട്ടന് പിറകിൽ നിന്നും ഡെവ്‌ലിൻ മുന്നോട്ട് വന്നു. “ജോസ്... നിങ്ങൾ കലക്കി... ഇതിന്റെ പേരിൽ നമുക്കൊരുമിച്ച് ഒരു ഡ്രിങ്ക് ആയാലോ...?”

                                                               ***  

ഉച്ച തിരിഞ്ഞ് SOE ഹെഡ് ക്വാർട്ടേഴ്സിൽ ജാക്ക് കാർട്ടർ എത്തുമ്പോൾ ബ്രിഗേഡിയർ ഡോഗൽ മൺ‌റോ തന്റെ ഓഫീസിൽത്തന്നെയുണ്ടായിരുന്നു.

“മേജർ ഫ്രെയറിന്റെ സന്ദേശമുണ്ട് സർ... ഷെല്ലെൻബെർഗ് ഇന്ന് രാവിലെ വിമാനമാർഗ്ഗം ബെർലിനിലേക്ക് പുറപ്പെട്ടു... എന്നാൽ ഡെവ്‌ലിൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല...”

“ജാക്ക്... ഞാൻ വിചാരിക്കുന്നയത്ര മിടുക്കനാണ് ഡെവ്‌ലിൻ എങ്കിൽ, തുടക്കം മുതൽ തന്നെ അയാൾ ഫ്രെയറിന്റെ പിന്നാലെ കൂടിയിട്ടുണ്ടാകണം... ലിസ്ബൻ പോലുള്ള ഒരു നഗരത്തിൽ ആൾക്കാർ അറിയാതെ ഒരു എംബസിയുടെ മിലിട്ടറി അറ്റാഷെ ആയി ജീവിക്കുക എന്നൊക്കെ പറയുന്നത് അത്ര എളുപ്പമല്ല...”

“താങ്കൾ പറഞ്ഞു വരുന്നത്, ഡെവ്‌ലിൻ മറ്റൊരു റൂട്ടിൽ ബെർലിനിലേക്ക് തിരിച്ചിട്ടുണ്ടാകും എന്നാണോ സർ...?”

“എക്സാക്റ്റ്‌ലി... കുറുക്കനാണ് ഡെവ്‌ലിൻ... ആർക്കും പിടി കൊടുക്കാതെ മുങ്ങി നടക്കുന്നവൻ...” മൺ‌റോ പുഞ്ചിരിച്ചു. “എങ്കിലെന്താ... വർഗാസും റിവേറയും നമ്മുടെ പോക്കറ്റിലാണല്ലോ... എന്ന് വച്ചാൽ നാം എല്ലായ്പ്പോഴും ഒരു പടി മുന്നിലായിരിക്കുമെന്ന്...”

“അപ്പോൾ ഇനി എന്ത് സംഭവിക്കും സർ...?”

“കാത്തിരിക്കാം ജാക്ക്... അവരുടെ അടുത്ത നീക്കം എന്താണെന്നറിയാനായി കാത്തിരിക്കാം... ആട്ടെ, സ്റ്റെയ്നറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ഏർപ്പാടാക്കിയോ നിങ്ങൾ...?”

“യെസ് സർ...”

മൺ‌റോ ജാലകത്തിനരികിലേക്ക് നീങ്ങി. മഴയോടൊപ്പം ആലിപ്പഴങ്ങൾ കൂടി വീണു തുടങ്ങിയിരിക്കുന്നു. “ഇന്ന് കനത്ത മഞ്ഞും ഉണ്ടാകുമെന്ന് തോന്നുന്നു... നശിച്ച ഒരു കാലാവസ്ഥ...” അദ്ദേഹം നെടുവീർപ്പിട്ടു. “എന്തൊരു യുദ്ധമാണിത് ജാക്ക്... എന്തൊരു യുദ്ധം...! ഇതിനൊരു അവസാനമില്ലെന്നോ...!”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Saturday 17 June 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 14



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

മഞ്ഞ് പെയ്യുന്ന ക്രിസ്മസ് രാവ് കഴിഞ്ഞ് ഇരുപത്തിയേഴാം തീയ്യതി സായാഹ്നം ആയപ്പോഴേക്കും മഴ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഹൊസേ വർഗാസിന്റെ ഫോൺ വന്നതും അയാളുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി SOE ഹെഡ് ക്വാർട്ടേഴ്സിന് അധികം അകലെയല്ലാതെ പോർട്ട്മാൻ സ്ക്വയറിന് സമീപമുള്ള ആ ചെറിയ സങ്കേതം തന്നെ തിരഞ്ഞെടുക്കുവാൻ ജാക്ക് കാർട്ടർ തീരുമാനിച്ചതിന്റെ കാരണവും മഴ തന്നെയായിരുന്നു.

മേരിസ് പാൻ‌ട്രി എന്നായിരുന്നു ആ കഫേയുടെ പേര്. ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നത് കൊണ്ട് പുറമേ ഇരുട്ടായിരുന്നുവെങ്കിലും ഉള്ളിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങളാൽ പ്രകാശമാനമായിരുന്നു. രാവേറെ ആയിട്ടില്ലാത്തതിനാൽ മൂന്നോ നാലോ കസ്റ്റമേഴ്സ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

ഹാളിന്റെ അറ്റത്തുള്ള മേശക്കരികിൽ കോഫി നുകർന്ന് ന്യൂസ് പേപ്പറും വായിച്ചുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു ഹൊസേ വർഗാസ്. കടും നീല നിറമുള്ള ഒരു ഓവർ‌കോട്ട് ആണ് വേഷം. ഹാറ്റ് ഊരി മേശപ്പുറത്ത് വച്ചിരിക്കുന്നു. വീതി കുറഞ്ഞ് നേർത്ത മീശയുള്ള അയാൾ തലമുടി ഒത്ത നടുവിലായി വകഞ്ഞ് ഇരുവശത്തേക്കും ചീകി ഒതുക്കിയിരിക്കുന്നു.

“കാര്യമായ എന്തോ ആണെന്ന് തോന്നുന്നല്ലോ...?”  കാർട്ടർ അയാളുടെ അരികിലെത്തി.

“അല്ലെങ്കിൽ പിന്നെ താങ്കളെ ഞാൻ ബുദ്ധിമുട്ടിക്കുമോ സെനോർ...? ബെർലിനിൽ നിന്നും എന്റെ കസിൻ വിളിച്ചിരുന്നു...” വർഗാസ് പറഞ്ഞു.

“എന്നിട്ട്...?”

“സ്റ്റെയ്നറെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അവർക്ക് വേണമത്രെ... ഒരു റെസ്ക്യൂ ഓപ്പറേഷൻ നടത്താനുള്ള സാദ്ധ്യതകൾ ആരായുകയാണവർ...”

“ഉറപ്പാണോ നിങ്ങൾക്ക്...?”

“അങ്ങനെയാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്... സ്റ്റെയ്നറുടെ  ലൊക്കേഷനെക്കുറിച്ചുള്ള കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കുവാനാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്... ലണ്ടൻ ടവറിൽ നിന്നും നിങ്ങൾ അദ്ദേഹത്തെ മറ്റെവിടേക്കെങ്കിലും മാറ്റുമോ എന്നുള്ള സന്ദേഹവും അവർക്ക് ഇല്ലാതില്ല...”

“ഈ അവർ എന്ന് വച്ചാൽ ആരാണ്...? അബ്ഫെർ...?”

“അല്ല... ജനറൽ ഷെല്ലെൻബെർഗ്... SD യുടെ ഇൻ‌ചാർജ്... എന്റെ കസിനോട് ഇക്കാര്യവുമായി ബന്ധപ്പെട്ടത് അദ്ദേഹമാണ്...”

ആവേശഭരിതനായി തലകുലുക്കിയിട്ട് കാർട്ടർ എഴുന്നേറ്റു. “പതിനൊന്ന് മണിയാകുമ്പോൾ പതിവ് നമ്പറിൽ എന്നെ വിളിക്കണം... മറക്കരുത്... ഇതൊരു വമ്പൻ സ്രാവാണ്.... നിങ്ങളുടെ സാമർത്ഥ്യം പോലെയിരിക്കും നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന പ്രതിഫലം...”

പുറത്തിറങ്ങിയ കാർട്ടർ, തന്റെ മുടന്തൻ കാലും കൊണ്ട് ആവുന്നത്ര വേഗം ബേക്കർ സ്ട്രീറ്റിലൂടെ മുന്നോട്ട് നീങ്ങി.

                                                              *** 

ഈ സമയം ലിസ്ബനിൽ അൽഫാമയിലെ കല്ലു പാകിയ തെരുവുകളിലൊന്നിൽ ലൈറ്റ്സ് ഓഫ് ലിസ്ബനിലേക്കുള്ള കയറ്റം ചവിട്ടിക്കയറുകയായിരുന്നു വാൾട്ടർ ഷെല്ലെൻബെർഗ്. കഫേയ്ക്കുള്ളിൽ നിന്നും ഒഴുകിയെത്തുന്ന സംഗീത വീചികൾ പുറമെ കേൾക്കാൻ സാധിക്കുന്നുണ്ട്. ഉള്ളിലെത്തിയ അദ്ദേഹം കണ്ടത് ആൾക്കൂട്ടമില്ലാത്ത ഹാൾ ആയിരുന്നു. ബാർമാനും പിയാനോ വായിച്ചു കൊണ്ടിരിക്കുന്ന ഡെവ്‌ലിനും മാത്രമാണ് അവിടെയുണ്ടായിരുന്നത്.

വായന നിർത്തി ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ഡെവ്‌ലിൻ പുഞ്ചിരിച്ചു. “ക്രിസ്മസ് എങ്ങനെയുണ്ടായിരുന്നു ജനറൽ...? ആസ്വദിച്ചുവോ...?”

“തീർച്ചയായും... നിങ്ങളോ...?”

“കാളക്കൂറ്റന്മാരൊക്കെ നന്നായിത്തന്നെ ഓടി... തിരക്കിനിടയിൽ എനിക്കും കിട്ടി ചവിട്ട്... പിന്നെ നന്നായി മദ്യപിക്കുകയും ചെയ്തു...” ഡെവ്‌ലിൻ പറഞ്ഞു.

“തീർത്തും അപകടകരമായ വിനോദം തന്നെ ഈ കാളപ്പോര്...”

“എന്ന് പറയാൻ കഴിയില്ല... ഇവിടെ പോർച്ചുഗലിൽ കാളകളുടെ കൊമ്പിന്റെ അറ്റം അവർ മുറിച്ച് കളയും... അതുകൊണ്ട് ആരും തന്നെ കുത്തേറ്റ് മരിക്കാറില്ല...”

“എന്തോ... ഈ വിനോദം എനിക്ക് അത്ര ആസ്വാദ്യകരമായി തോന്നുന്നില്ല...”   

“പക്ഷേ ഞാൻ ആസ്വദിച്ചു... വൈൻ, മുന്തിരി, കാളപ്പോര്, വെയിലുള്ള തെളിഞ്ഞ അന്തരീക്ഷം... ക്രിസ്മസിന് ഇതൊക്കെത്തന്നെ ധാരാളമല്ലേ ജനറൽ...?”   ഡെവ്‌ലിൻ വീണ്ടും പിയാനോ വായിക്കുവാൻ തുടങ്ങി. ‘Moonlight on the Highway’ എന്ന ഗാനം. “ലണ്ടനിൽ ഇപ്പോൾ മഞ്ഞ് വീഴുകയായിരിക്കും, അല്ലേ ജനറൽ...? തീർത്തും വ്യത്യസ്തമായ ആ അവസ്ഥയെക്കുറിച്ചാണ് ഞാനിപ്പോൾ ആലോചിക്കുന്നത്...”  

ഷെല്ലെൻബെർഗിന്റെയുള്ളിൽ ഉത്സാഹം നുരഞ്ഞു. “അപ്പോൾ നിങ്ങൾ പോകാൻ തീരുമാനിച്ചു...?”

“ഒരേയൊരു വ്യവസ്ഥയിൽ... നിങ്ങളുടെ പ്ലാനിന്റെ വിജയസാദ്ധ്യതയിൽ ഒരു നേരിയ സംശയമെങ്കിലും തോന്നിയാൽ അവസാന നിമിഷം പിന്മാറാനുള്ള അവകാശം എനിക്കുണ്ടായിരിക്കും എന്ന വ്യവസ്ഥയിൽ...”

“അക്കാര്യത്തിൽ ഞാൻ ഉറപ്പ് തരുന്നു...”

ഡെവ്‌ലിൻ എഴുന്നേറ്റു. അദ്ദേഹത്തോടൊപ്പം ടെറസിലേക്ക് നടക്കവെ ഷെല്ലെൻബെർഗ് പറഞ്ഞു. “അപ്പോൾ നാളെ രാവിലെ നമ്മൾ ബെർലിനിലേക്ക് പറക്കുന്നു...”

“താങ്കൾ മാത്രം... ഞാനുണ്ടാവില്ല ജനറൽ...”

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്, മിസ്റ്റർ ഡെവ്‌ലിൻ..........?”

“ഈ കളിയിൽ സകല വശങ്ങളും വിശകലനം ചെയ്യേണ്ടതുണ്ട്... അതേക്കുറിച്ച് താങ്കൾക്ക് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ... അതാ അവിടെ... താഴെ... അങ്ങോട്ട് നോക്കൂ...” ഡെവ്‌ലിൻ പറഞ്ഞു.

കഫേയുടെ കവാടം കടന്നെത്തിയ മേജർ ആർതർ ഫ്രെയർ, മേശ തുടച്ചു കൊണ്ടിരിക്കുന്ന വെയ്റ്ററോട് എന്തോ ചോദിക്കുന്നതാണ് ഷെല്ലെൻബെർഗ് കണ്ടത്.

“ആ കിഴവൻ ഫ്രെയറിന് എന്റെ മേൽ എപ്പോഴും ഒരു കണ്ണുണ്ട്... രണ്ട് ദിവസം മുമ്പ്, മഹാനായ വാൾട്ടർ ഷെല്ലെൻബെർഗുമായി ഞാൻ സംഭാഷണം നടത്തുന്നത് അയാൾ കണ്ടതാണല്ലോ... അയാൾ ലണ്ടനിലേക്ക് അയക്കുന്ന റിപ്പോർട്ടുകളിലൊന്നിൽ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടാകും എന്നത് തീർച്ചയാണ്...”

“സോ, വാട്ട് ഡൂ യൂ സജസ്റ്റ്...?”

“താങ്കൾ ബെർലിനിൽ ചെന്ന് ദൌത്യത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങി വയ്ക്കുക... നിരവധി കാര്യങ്ങളുണ്ടാകുമല്ലോ ചെയ്തു തീർക്കുവാൻ... എംബസിയിൽ നിന്നും എനിക്കുള്ള യാത്രാരേഖകൾ, ചെലവിനുള്ള പണം, അങ്ങനെ അങ്ങനെ... റെയിൽ‌ മാർഗ്ഗം ഞാൻ അവിടെ എത്തിക്കൊള്ളാം... താരത‌മ്യേന റിസ്ക് കുറവ് അതിനായിരിക്കും... ലിസ്ബണിൽ നിന്നും മാഡ്രിഡ്... അവിടെ നിന്നും പാരീസ് എക്സ്പ്രസിൽ...  പറ്റുമെങ്കിൽ പാരീസിൽ നിന്നും ഫ്ലൈറ്റ് ടിക്കറ്റ് അറേഞ്ച് ചെയ്യുക... അഥവാ പറ്റിയില്ലെങ്കിലും സാരമില്ല, ഞാൻ ട്രെയിൻ പിടിച്ച് വന്നോളാം...”

“അപ്പോൾ ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും എടുക്കുമല്ലോ നിങ്ങൾക്ക് അവിടെയെത്താൻ...”

“ഞാൻ പറഞ്ഞല്ലോ... താങ്കൾക്ക് പിടിപ്പത് ജോലിയുണ്ടാവും അവിടെ... ഒറ്റ ദിവസം കൊണ്ട് എല്ലാം ചെയ്ത് തീർക്കും എന്നൊന്നും വെറുതെ വീമ്പിളക്കല്ലേ...”

“ശരിയാണ്...” ഷെല്ലെൻബെർഗ് തല കുലുക്കി. “എന്നാൽ പിന്നെ പറഞ്ഞത് പോലെ... നമുക്കൊരു ഡ്രിങ്ക് ആയാലോ... നമ്മുടെ ഇംഗ്ലീഷ് സംരംഭത്തിന് വേണ്ടി...”

“അയ്യോ... ആ പേരിൽ വേണ്ട ജനറൽ... കഴിഞ്ഞ തവണ എനിക്ക് വേണ്ടി ഇതേ വാചകം ആരോ ഉപയോഗിച്ചതാണ്... എന്നിട്ടറിയാമല്ലോ എന്താണ് സംഭവിച്ചതെന്ന്...”

“എന്നാൽ പിന്നെ നമുക്ക് വേണ്ടി, മിസ്റ്റർ ഡെവ്‌ലിൻ...” ഷെല്ലെൻബെർഗ് പറഞ്ഞു. “നിങ്ങൾക്ക് വേണ്ടി ഞാനും എനിക്ക് വേണ്ടി നിങ്ങളും ഓരോ ഡ്രിങ്ക് അകത്താക്കുവാൻ പോകുന്നു...”

ടെറസിൽ നിന്നും അവർ കഫേയുടെ ഉള്ളിലേക്ക് നടന്നു.

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Saturday 10 June 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 13



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

കഫേയിൽ പ്രവേശിച്ച നിമിഷം തന്നെ മേജർ ആർതർ ഫ്രെയർ ജനറൽ ഷെല്ലെൻബെർഗിനെ തിരിച്ചറിഞ്ഞിരുന്നു. മൂലയിലുള്ള ഒരു മേശക്കരികിൽ ചെന്നിരുന്ന അദ്ദേഹം വെയ്റ്ററെ വിളിച്ച് ഒരു ബിയർ ഓർഡർ ചെയ്തു. സംസാരിച്ചുകൊണ്ട് കഫേയുടെ പിൻ‌ഭാഗത്തെ ഗാർഡനിലേക്ക് നീങ്ങുന്ന ഷെല്ലെൻബെർഗിനെയും ഡെവ്‌ലിനെയും അദ്ദേഹം നിരീക്ഷിച്ചു. താഴെ ടാഗൂസ് നദിയിലൂടെ നീങ്ങുന്ന ബോട്ടുകളുടെ പ്രകാശവും നോക്കി ഗാർഡനിലെ മേശയ്ക്ക് ഇരുവശവുമായി അവർ ഇരുന്നു.

“ജനറൽ... യുദ്ധത്തിൽ ജർമ്മനി പരാജയത്തിലേക്കാണ് നീങ്ങുന്നത്... എന്തിനാണ് ഇനിയും വെറുതെ പൊരുതിക്കൊണ്ടിരിക്കുന്നത്...?” ഡെവ്‌ലിൻ ചോദിച്ചു.

 “യുദ്ധം അവസാനിക്കുന്നത് വരെ ഇത് ഞങ്ങൾക്ക് തുടർന്നേ പറ്റൂ സുഹൃത്തേ... ഞാൻ പലപ്പോഴും പറയാറുള്ളത് പോലെ, മെറി‌-ഗോ-റൌണ്ട് കറങ്ങിക്കൊണ്ടിരിക്കുമ്പോൾ അതിൽ നിന്നും ചാടുക എന്നത് എളുപ്പമല്ല... അത്തരത്തിലുള്ള ഒരു കളി തന്നെ ഇതും...”

“അതെ... ശരിയാണ്...  പിന്നെ, അവിടെ ആ മൂലയിൽ ഇരുന്ന് നരച്ച തലയുള്ള ഒരാൾ നമ്മളെ നിരീക്ഷിക്കുന്നുണ്ട്...” ഡെവ്‌ലിൻ പറഞ്ഞു.

“ആരാണത്...?” വളരെ സ്വാഭാവികമായി ചുറ്റും ഒന്ന് നോക്കിയിട്ട് ഷെല്ലെൻബെർഗ് ചോദിച്ചു.

“തുറമുഖവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു വ്യവസായി എന്നാണ് പരിചയപ്പെടുത്തിയത്... ഫ്രെയർ എന്നാണ് പേര്... എന്നാൽ എന്റെ സുഹൃത്തുക്കൾ പറഞ്ഞത് അയാൾ ഇവിടുത്തെ ബ്രിട്ടീഷ് എംബസിയിലെ മിലിട്ടറി അറ്റാഷെ ആണെന്നാണ്...”

“അത് ശരി...”  ഷെല്ലെൻബെർഗ് ഭാവവ്യത്യാസം ഏതുമില്ലാതെ തുടർന്നു. “ആട്ടെ, ഞാൻ പറഞ്ഞ കാര്യത്തിൽ താല്പര്യവാനാണോ നിങ്ങൾ...?”

“ഞാനെന്തിന് താല്പര്യം കാണിക്കണം...?”

“പണം... ഓപ്പറേഷൻ ഈഗ്‌ളിലെ നിങ്ങളുടെ പങ്കാളിത്തത്തിന് പ്രതിഫലമായി ഇരുപതിനായിരം പൌണ്ടാണ് നിങ്ങളുടെ ജനീവാ അക്കൌണ്ടിലേക്ക് ഒഴുകിയത്...”

“എന്നിട്ട് ജീവിക്കാൻ വകയില്ലാതെ ഞാനിവിടെ കുടുങ്ങിക്കിടക്കുന്നു...!”

“ഇരുപത്തിയയ്യായിരം പൌണ്ട്, മിസ്റ്റർ ഡെവ്‌ലിൻ... നിങ്ങൾ പറയുന്ന എങ്ങോട്ട് വേണമെങ്കിലും ഞങ്ങൾ ട്രാൻസ്‌ഫർ ചെയ്യാം...”

സിഗരറ്റിന് തീ കൊളുത്തിയിട്ട് ഡെവ്‌ലിൻ പിന്നോട്ട് ചാഞ്ഞിരുന്നു. “എന്തിന് വേണ്ടിയാണ് അദ്ദേഹത്തെ നിങ്ങൾ തിരികെ കൊണ്ടുവരുന്നത്...? ഇത്രയും റിസ്ക് എടുക്കേണ്ടതിന്റെ ആവശ്യമെന്താണ്...?”

“സുരക്ഷാ കാരണങ്ങൾ തന്നെ, മിസ്റ്റർ ഡെവ്‌ലിൻ...”

ഡെവ്‌ലിൻ പൊട്ടിച്ചിരിച്ചു. “കമോൺ ജനറൽ... കഴിഞ്ഞ പ്രാവശ്യത്തേത് പോലെ കൂരാകൂരിരുട്ടിൽ അയർലണ്ടിന് മുകളിൽ അയ്യായിരം അടി ഉയരത്തിൽ നിന്നും ഞാൻ ചാടണം... എന്നിട്ട് അതിർത്തി കടന്ന് ലണ്ടനിലെത്തി ആ മുരടന്മാരുമായി ഏറ്റുമുട്ടണം...”

“ഓൾ റൈറ്റ്...” കൂടുതൽ പറയാതിരിക്കാനെന്നവണ്ണം ഷെല്ലെൻബെർഗ് കൈ ഉയർത്തി. “ജനുവരി 21 ന് ഫ്രാൻസിൽ വച്ച് ഒരു മീറ്റിങ്ങുണ്ട്... ഫ്യൂറർ, റോമൽ, കാനറീസ്, പിന്നെ ഹിം‌ലറും... ഓപ്പറേഷൻ ഈഗ്‌ളിനെക്കുറിച്ച് വാസ്തവത്തിൽ ഫ്യൂററിന് യാതൊരു അറിവുമില്ല... ആ മീറ്റിങ്ങിൽ സ്റ്റെയ്നറെ ഫ്യൂററുടെ മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ഹിം‌ലറുടെ മനസ്സിലിരുപ്പ്...”

“അങ്ങനെ ചെയ്യേണ്ട ആവശ്യം എന്താണ് അയാൾക്ക്...?”

“സ്റ്റെയ്നറുടെ ദൌത്യം ഒരു പരാജയമായിരുന്നുവെങ്കിലും ജർമ്മൻ പോരാളികളെയും കൊണ്ട് ബ്രിട്ടീഷ് മണ്ണിൽ പൊരുതിയവനാണ് അദ്ദേഹം... സാമ്രാജ്യത്തിന്റെ വീരനായകൻ...”

“മറ്റ് കിഴവന്മാർക്ക് എന്ത് പ്രാധാന്യമാണ് അവിടെ...?”

“ഹിം‌ലറും അഡ്മിറൽ കാനറിസും ഒരിക്കലും നേരിൽ കാണാറില്ല എന്നത് എല്ലാവർക്കും അറിയുന്നതാണല്ലോ... സ്റ്റെയ്നറുടെ മോചനം സാദ്ധ്യമാക്കിയത് SS സേനയാണെന്ന് എല്ലാവരെയും കാണിക്കുവാനുള്ള അവസരം... അതാണ് റൈഫ്യൂറർ ലക്ഷ്യമിടുന്നത്...”

“ഒപ്പം കാനറിസിനെ ഒന്ന് താഴ്ത്തിക്കെട്ടുക എന്ന ഗൂഢലക്ഷ്യവും... എന്തൊരു ടീം വർക്ക്...!  കഷ്ടം...!”  ഡെവ്‌ലിൻ തലയാട്ടി.  “നോക്കൂ... ആ ദുഷ്ടൻ ഹിം‌ലറുടെയോ മറ്റുള്ളവരുടെയോ ഒന്നും ഭാവി എനിക്കൊരു പ്രശ്നമേയല്ല... പക്ഷേ, കുർട്ട് സ്റ്റെയ്നർ... അദ്ദേഹത്തിന് എന്റെ മനസ്സിലുള്ള സ്ഥാനം ഒന്ന് വേറെ തന്നെയാണ്... എ ഗ്രേറ്റ് മാൻ... പക്ഷേ, ലണ്ടൻ ടവറിൽ നിന്നും മോചിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ.........” ഡെവ്‌ലിൻ തലയാട്ടി.

“അവർ അദ്ദേഹത്തെ അവിടെത്തന്നെ പാർപ്പിക്കുമെന്ന് തോന്നുന്നില്ല... എനിക്ക് തോന്നുന്നത് ലണ്ടനിലെ തന്നെ ഏതെങ്കിലും ജയിലിലേക്ക് ഉടൻ തന്നെ മാറ്റുമെന്നാണ്...”

“അതെങ്ങനെ അറിയാൻ കഴിയും നമുക്ക്...?”

“നമുക്ക് ഒരു ഏജന്റുണ്ട് ലണ്ടനിൽ... സ്പാനിഷ് എംബസിയിൽ വർക്ക് ചെയ്യുന്നു...”

“അയാൾ ഒരു ഡബ്‌ൾ ഏജന്റ് അല്ലെന്നതിന് എന്താണുറപ്പ്...?” ഡെവ്‌ലിൻ ആരാഞ്ഞു.

“അക്കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്...”

ചിന്താവിഷ്ടനായി ഡെവ്‌ലിൻ അല്പനേരം ഇരുന്നു.

“മുപ്പതിനായിരം പൌണ്ട്...”  ഷെല്ലെൻബെർഗ് പുഞ്ചിരിച്ചു. “എന്റെ ജോലിയിൽ ഞാൻ മിടുക്കനാണ് മിസ്റ്റർ ഡെവ്‌ലിൻ... സ്റ്റെയ്നറെ എങ്ങനെ മോചിപ്പിക്കാം എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ പ്ലാനുണ്ട്... നൂറ് ശതമാനവും വിജയസാദ്ധ്യതയുള്ള ഒരു പ്ലാൻ...”

“ഞാനൊന്ന് ആലോചിക്കട്ടെ...” തല കുലുക്കിയിട്ട് ഡെവ്‌ലിൻ എഴുന്നേറ്റു.

“പക്ഷേ, സമയമാണ് നമുക്കില്ലാത്തത്... എനിക്ക് തിരിച്ച് ബെർലിനിലേക്ക് പോകേണ്ടിയിരിക്കുന്നു...”

“എനിക്കല്പം ചിന്തിക്കേണ്ടിയും ഇരിക്കുന്നു... മാത്രമല്ല, ക്രിസ്മസുമാണ്... എന്റെയൊരു സുഹൃത്ത് ബർബോസാ നടത്തുന്ന കാളപ്പോര് കാണാൻ ചെല്ലാമെന്ന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്... ഒരു മൂന്ന് ദിവസം കഴിഞ്ഞേ ഞാൻ തിരിച്ചെത്തൂ...”

“പക്ഷേ, മിസ്റ്റർ ഡെവ്‌ലിൻ...” ഷെല്ലെൻബെർഗ് പിന്തിരിപ്പിക്കാൻ ഒരു വിഫലശ്രമം നടത്തി.

“താങ്കൾക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ, കാത്തിരുന്നേ മതിയാകൂ...” ഡെവ്‌ലിൻ അദ്ദേഹത്തിന്റെ ചുമലിൽ പതുക്കെ തട്ടി. “കമോൺ നൌ, വാൾട്ടർ.... ക്രിസ്മസ് അല്ലേ ഇന്ന്...? അതും ലിസ്ബൻ നഗരത്തിൽ...  പ്രകാശമാനമായ രാത്രി... സംഗീതം... സുന്ദരികളായ പെൺകുട്ടികൾ... ഈ സമയം ബെർലിനിലാണെങ്കിൽ എന്താണുള്ളത്...? ബ്ലാക്ക് ഔട്ട് മൂലം ഇരുണ്ട് വിജനമായി മഞ്ഞ് വീഴുന്ന തെരുവുകൾ... ഏതാണ് താങ്കൾ തിരഞ്ഞെടുക്കുക...?”

നിസ്സഹായനായി ഷെല്ലെൻബെർഗ് പൊട്ടിച്ചിരിച്ചു. കഫേ ഹാളിൽ എല്ലാം വീക്ഷിച്ചു കൊണ്ടിരുന്ന മേജർ ആർതർ ഫ്രെയർ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

                                                                   ***

ക്രിസ്മസ് പ്രഭാതം ആണെങ്കിലും ചില അത്യാവശ്യ ജോലികൾ തീർക്കേണ്ടത് കൊണ്ട് SOE ഹെഡ്ക്വാർട്ടേഴ്സിലെ തന്റെ ഓഫീസിൽത്തന്നെ ആയിരുന്നു ബ്രിഗേഡിയർ ഡോഗൽ മൺ‌റോ. ജോലികളെല്ലാം തീർത്ത് മടങ്ങുവാനൊരുങ്ങുമ്പോഴേക്കും മദ്ധ്യാഹ്നം ആയിരുന്നു. അപ്പോഴാണ് ജാക്ക് കാർട്ടർ ധൃതിയിൽ അവിടെയെത്തിയത്.

“എന്തോ അത്യാവശ്യ കാര്യമാണെന്ന് തോന്നുന്നല്ലോ ജാക്ക്... ക്രിസ്മസ് അല്ലേ ഇന്ന്... ഞാൻ ഇറങ്ങുവാൻ തുടങ്ങുകയായിരുന്നു... കൂട്ടുകാരോടൊപ്പം ഉച്ചഭക്ഷണത്തിന് ചെല്ലാമെന്ന് ഏറ്റിട്ടുണ്ട്...”

“ഈ സന്ദേശം തീർച്ചയായും താങ്കൾക്ക് താല്പര്യമുണർത്തുന്നതായിരിക്കും സർ...” ജാക്ക് കാർട്ടർ തന്റെ കൈയിലെ കടലാസ് അദ്ദേഹത്തിന് നേർക്ക് നീട്ടി. “ലിസ്ബനിലെ നമ്മുടെ ഏജന്റ് മേജർ ഫ്രെയറിന്റെ സന്ദേശമാണ്... ഡെവ്‌ലിനെക്കുറിച്ച്...”

“എന്താണത്...?”

“കഴിഞ്ഞ രാത്രി ലിസ്ബനിലെ ക്ലബ്ബിൽ വച്ച് ഡെ‌വ്‌ലിനോടൊപ്പം ഉണ്ടായിരുന്നത് ആരായിരുന്നുവെന്ന് ഒന്ന് ഊഹിക്കാമോ സർ...? വാൾട്ടർ ഷെല്ലെൻബെർഗ്...!”

മൺ‌റോ മേശയ്ക്കരികിലെ കസേരയിൽ ഇരുന്നു. “ഓഹ്... ! ആ വാൾട്ടർ ഇതിനിടയ്ക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്തിനാണാവോ...?”

“അറിയില്ല സർ....”

“എന്തോ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് തോന്നുന്നത്... മേജർ ഫ്രെയറിന് ഇപ്പോൾ തന്നെ സന്ദേശം അയയ്ക്കൂ... ഷെല്ലെൻബെർഗും ഡെവ്‌ലിനും പോർച്ചുഗലിൽ നിന്നും പുറത്തു കടക്കുകയാണെങ്കിൽ ആ നിമിഷം തന്നെ എന്നെ വിവരം അറിയിക്കണമെന്ന്...”

“തീർച്ചയായും സർ...”  കാർട്ടർ ധൃതിയിൽ പുറത്തേക്ക് നടന്നു.

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday 4 June 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 12



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ആ ചെറിയ മെഡിക്കൽ റൂമിലേക്ക് ഷെല്ലെൻബെർഗ് കയറിച്ചെല്ലുമ്പോൾ എഗ്ഗാർ ഡെസ്കിനരികിൽ ഇരിക്കുന്നുണ്ടായിരുന്നു. എംബസിയിലെ ഡോക്ടർ അയാളുടെ വലതുകൈയിൽ ബാൻഡേജ് ഇട്ടു കൊണ്ടിരിക്കുകയാണ്.

“എങ്ങനെയുണ്ട് ഇയാൾക്ക്...?”  ഷെല്ലെൻബെർഗ് ചോദിച്ചു.

“ജീവന് അപകടമൊന്നുമില്ല...” ബാൻഡേജിന്റെ അറ്റം മുറിച്ച് വൃത്തിയായി ഒട്ടിച്ചിട്ട് ഡോക്ടർ പറഞ്ഞു. “കുറേക്കാലം കഴിയുമ്പോൾ ചിലപ്പോൾ വിരലുകൾക്ക് അല്പം പിടുത്തം വന്നേക്കാം... പലതിന്റെയും സന്ധികൾ തകർന്നിട്ടുണ്ട്...”

“ഇയാളോട് എനിക്ക് അല്പം സ്വകാര്യമായി സംസാരിക്കണമായിരുന്നു... വിരോധമില്ലല്ലോ...?”

തല കുലുക്കിയിട്ട് ഡോക്ടർ പുറത്തേക്ക് നടന്നു. ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ഷെല്ലെൻബെർഗ് അയാൾക്കരികിൽ ഇരുന്നു. “ഡെവ്‌ലിനെ നിങ്ങൾ കണ്ടുമുട്ടി അല്ലേ...?”

“ഹെർ ജനറൽ, അയാൾ അപ്പോൾ താങ്കളോട് ഒന്നും പറഞ്ഞില്ലേ ഇതുവരെ...?” എഗ്ഗാർ ചോദിച്ചു.

“ബെർഗറോട് ഇതുവരെ ഞാൻ സംസാരിച്ചില്ല... അത്യന്തം അപകടകരമായ അവസ്ഥയിൽ നിങ്ങൾ ഇരുവരും ഒരു ടാക്സിയിൽ ഇവിടെ വന്നിറങ്ങി എന്ന വാർത്തയാണ് ഞാൻ കേട്ടത്... വാസ്തവത്തിൽ എന്താണ് സംഭവിച്ചതെന്ന് പറയൂ...”

പുളയുന്ന വേദനയ്ക്കിടയിൽ എഗ്ഗാർ കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചു. വേദന കൂടും തോറും അയാളുടെ ദ്വേഷ്യവും വർദ്ധിക്കുന്നുണ്ടായിരുന്നു. “ഹെർ ജനറൽ,  പറഞ്ഞാൽ അനുസരിക്കുന്ന സ്വഭാവമല്ല ആ മനുഷ്യന്റേത്... എല്ലാം അയാളുടെ ഇഷ്ടത്തിന് ചെയ്യണം...”

ഷെല്ലെൻബെർഗ് അയാളുടെ ചുമലിൽ കൈ വച്ചു.  “ഒന്നും നിങ്ങളുടെ കുറ്റമല്ല എഗ്ഗാർ... ഒരു തന്നിഷ്ടക്കാരനാണ് മേജർ ബെർഗർ... കാലമാണ് അയാളെ ഒരു പാഠം പഠിപ്പിക്കേണ്ടത്...”

“ഓ... അതൊക്കെ ഡെവ്‌ലിൻ ഇന്ന് തന്നെ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്...” എഗ്ഗാർ പറഞ്ഞു. “ആ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു...”

“റിയലി...?” ഷെല്ലെൻബെർഗ് മന്ദഹസിച്ചു. “ആ മുഖം എങ്ങനെയാണ് അതിലും വികൃതമാകാൻ കഴിയുക...?”

                                                             ***

തനിക്ക് അനുവദിച്ചിട്ടുള്ള ബെഡ്‌റൂമിൽ വാഷ് ബേസിന് മുന്നിലെ കണ്ണാടിയിൽ നോക്കി ബെർഗർ തന്റെ മുഖം പരിശോധിച്ചു. ഇടത് കണ്ണിന് താഴെ ചതഞ്ഞ് ചുവന്നിരിക്കുന്നു... മൂക്ക് നീര് വച്ച് വീർത്തിരിക്കുന്നു...

മുറിയ്ക്കുള്ളിൽ പ്രവേശിച്ച ഷെല്ലെൻബെർഗ്, വാതിൽ അടച്ചിട്ട് അതിൽ ചാരി നിന്നു.

“അപ്പോൾ നിങ്ങൾ എന്റെ ആജ്ഞകളെ ധിക്കരിച്ചു...”  അദ്ദേഹം പറഞ്ഞു.

“നല്ലതിന് വേണ്ടിയാണ് ഞാൻ പ്രവർത്തിച്ചത്... അയാളെ നഷ്ടപ്പെടരുതെന്ന് ഞാൻ കരുതി...” ബെർഗർ പറഞ്ഞു.

“നിങ്ങളെക്കാൾ കഴിവുള്ളവനായിരുന്നു അയാൾ... അതേക്കുറിച്ച് നിങ്ങൾക്ക് ഞാൻ മുന്നറിയിപ്പ് തന്നതുമാണ്...”

ബെർഗറുടെ മുഖത്ത് രോഷം ഇരച്ച് കയറുന്നത് ഷെല്ലെൻബെർഗ് കണ്ണാടിയിൽ ദർശിച്ചു. തന്റെ കവിൾ തടവിക്കൊണ്ട് അയാൾ തുടർന്നു. “ആ ഐറിഷ് പന്നിക്ക് ഞാൻ വച്ചിട്ടുണ്ട്... അടുത്ത വട്ടം എന്റെ കൈയിൽ കിട്ടട്ടെ അവനെ...”

“ഇല്ല... നിങ്ങളുടെ കൈയിൽ കിട്ടാൻ പോകുന്നില്ല... കാരണം, ഇനിയങ്ങോട്ട് ഞാൻ നേരിട്ടാണ് എല്ലാം കൈകാര്യം ചെയ്യാൻ പോകുന്നത്...” ഷെല്ലെൻബെർഗ് പറഞ്ഞു. “അതല്ല, നിങ്ങളുടെ മണ്ടത്തരം കൊണ്ട് ഡെവ്‌ലിനെ നഷ്ടമായി എന്ന് റൈഫ്യൂററുടെ അടുത്ത് ഞാൻ റിപ്പോർട്ട് ചെയ്യുന്നതിൽ വിരോധമില്ലെങ്കിൽ നിങ്ങളുടെ ഇഷ്ടം പോലെ ആയിക്കോളൂ...”

ബെർഗർ വെട്ടിത്തിരിഞ്ഞു. “ജനറൽ ഷെല്ലെൻബെർഗ്... ഞാൻ പ്രതിഷേധിക്കുന്നു...”

“അറ്റൻഷനായി നിന്നിട്ട് വേണം എന്നോട് സംസാരിക്കാൻ, സ്റ്റെംബാൺഫ്യൂറർ...” ഷെല്ലെൻബെർഗ് ശബ്ദമുയർത്തി.  കാലുകൾ അമർത്തി ചവിട്ടി അയാൾ അറ്റൻഷനായി നിന്നു. SS സേനയുടെ കർശനമായ അച്ചടക്ക ശൈലി ആയിരുന്നു അപ്പോൾ അവിടെ പ്രകടമായത്. “SS സേനയിൽ ചേരുമ്പോൾ നിങ്ങൾ ഒരു പ്രതിജ്ഞയെടുത്തിരുന്നു... ഫ്യൂററോടും, പിന്നെ നിങ്ങളെ നയിക്കുവാനായി നിയമിക്കപ്പെട്ടവരോടുമുള്ള സമ്പൂർണ്ണ വിധേയത്വം... എന്താ, അങ്ങനെയല്ലേ...?”

“യെസ്, ബ്രിഗേഡ്ഫ്യൂറർ...”

“എക്സലന്റ്...” ഷെല്ലെൻബെർഗ് പറഞ്ഞു. “അപ്പോൾ നിങ്ങൾക്ക് ഓർമ്മയുണ്ട്... ഇനി മറക്കാതിരിക്കട്ടെ... മറന്നാൽ അതിന്റെ പരിണിതഫലം വലിയൊരു ദുരന്തമായിരിക്കും...” കതക് തുറന്ന് അദ്ദേഹം പുറത്തേക്ക് ഇറങ്ങി. പിന്നെ പെട്ടെന്ന് തിരിഞ്ഞു. “നിങ്ങളുടെ മുഖം വല്ലാതെ വികൃതമായിരിക്കുന്നു മേജർ... താഴെ ഡിന്നറിന് പോകുന്നതിന് മുമ്പ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്ക്...”

അദ്ദേഹം നടന്നകന്നതും ബെർഗർ തിരിഞ്ഞ് വീണ്ടും കണ്ണാടിയിലേക്ക് നോക്കി.  “ബാസ്റ്റർഡ്...!” അയാൾ പല്ല് ഞെരിച്ചു.

                                                             ***

ചുണ്ടിലൊരു സിഗരറ്റുമായി ലൈറ്റ്സ് ഓഫ് ലിസ്ബനിലെ പിയാനോയുടെ മുന്നിൽ ഇരിക്കുകയാണ് ലിയാം ഡെവ്‌ലിൻ. അരികിലുള്ള മേശമേൽ വച്ചിരിക്കുന്ന വൈൻ ഗ്ലാസ് ഒഴിഞ്ഞിട്ടില്ല. രാത്രി പത്ത് മണിയായിരിക്കുന്നു. ക്രിസ്മസ് ദിനം ആരംഭിക്കുവാൻ ഇനി രണ്ട് മണിക്കൂർ മാത്രം... തിരക്കേറിയ കഫേയിൽ എങ്ങും ആഹ്ലാദാരവങ്ങളാണ്...

“Moonlight on the Highway...” എന്ന മനോഹരമായ മെലഡിയാണ് ഡെവ്‌ലിൻ പിയാനോയിൽ വായിച്ചു കൊണ്ടിരിക്കുന്നത്. ഹാളിൽ പ്രവേശിച്ച നിമിഷം തന്നെ ഷെല്ലെൻബെർഗിനെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ആരാണെന്ന് മനസ്സിലായില്ലെങ്കിലും ആ വ്യക്തിപ്രഭാവം ആരുടെയും ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു. ബാറിലേക്ക് ചെന്ന് ഒരു ഗ്ലാസ് വൈനും എടുത്ത് തന്റെ നേർക്ക് നടന്നടുക്കുന്ന അദ്ദേഹത്തെ ശ്രദ്ധിക്കാത്ത മട്ടിൽ ഡെവ്‌ലിൻ വായന തുടർന്നു.

“Moonlight on the Highway... എനിക്കേറെ ഇഷ്ടപ്പെട്ട ഗാനം... അൽ ബൌളിയുടെ മഹത്തായ നമ്പറുകളിൽ ഒന്ന്...” മരണം വരെയും ഇംഗ്ലണ്ടിലെ പേരു കേട്ട ഗായകനായിരുന്ന അദ്ദേഹത്തിന്റെ പേര് എടുത്ത് പറഞ്ഞു കൊണ്ട് ഷെല്ലെൻബെർഗ് ഡെവ്‌ലിനരികിലെത്തി.

“1940 ലെ ജർമ്മനിയുടെ ലണ്ടൻ വ്യോമാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു... താങ്കൾക്കറിയുമോ അത്...?” ഡെവ്‌ലിൻ ചോദിച്ചു. “എയർ റെയ്ഡ് സൈറൻ കേൾക്കുമ്പോൾ മറ്റുള്ളവരെപ്പോലെ അദ്ദേഹം ബങ്കറുകളിൽ പോയി ഒളിക്കില്ലായിരുന്നു... തന്റെ ബെഡ്‌റൂമിൽ തന്നെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടത്...”

“നിർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ...” ഷെല്ലെൻബെർഗ് പറഞ്ഞു.

“നിങ്ങൾ ഏത് പക്ഷത്താണെന്നതിനെ ആശ്രയിച്ചിരിക്കും അത്...”  A Foggy Day in London Town എന്ന ഗാനത്തിലേക്ക് ഡെവ്‌ലിൻ ചുവട് മാറ്റി.

“അനേകം കഴിവുകൾ ഉള്ള വ്യക്തിയാണല്ലോ നിങ്ങൾ, മിസ്റ്റർ ഡെവ്‌ലിൻ...” ഷെല്ലെൻബെർഗ് പറഞ്ഞു.

“ഏയ്, അങ്ങനെയൊന്നുമില്ല... ബാറിലെ ഒരു സാധാരണ പിയാനിസ്റ്റ്...  നിഷ്ഫലമായിപ്പോയ യൌവനത്തിന്റെ ശേഷിപ്പ്...”  ഒരു കൈയ്യാൽ ഗ്ലാസ് എടുത്ത് വൈൻ മൊത്തിയിട്ട് അദ്ദേഹം ചോദിച്ചു. “ആട്ടെ, താങ്കൾ ആരാണെന്ന് പറഞ്ഞില്ല...?”

“എന്റെ പേര് ഷെല്ലെൻബെർഗ്... വാൾട്ടർ ഷെല്ലെൻബെർഗ്... എന്നെക്കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങൾ...?”

“തീർച്ചയായും...” ഡെവ്‌ലിൻ പുഞ്ചിരിച്ചു.  “കുറേക്കാലം ഞാൻ ബെർലിനിൽ ചെലവഴിച്ചിട്ടുള്ളതാണ്... താങ്കൾ ഇപ്പോൾ ജനറൽ പദവിയിൽ അല്ലേ...? അത് പറഞ്ഞപ്പോഴാ ഓർത്തത്... ഇന്ന് വൈകുന്നേരം എന്റെയടുത്ത് തമാശ കളിക്കാൻ വന്ന ആ രണ്ട് വിഡ്ഢികളുമായി എന്തെങ്കിലും ബന്ധമുണ്ടോ താങ്കൾക്ക്...?”

“ആ സംഭവത്തിൽ ഞാൻ ഖേദിക്കുന്നു, മിസ്റ്റർ ഡെവ്‌ലിൻ... നിങ്ങളുടെ തോക്കിൽ നിന്നും വെടിയേറ്റയാൾ ഇവിടുത്തെ ജർമ്മൻ എംബസിയിലെ പോലീസ് അറ്റാഷെയാണ്... മറ്റേയാൾ ഗെസ്റ്റപ്പോയിൽ നിന്നുമുള്ള മേജർ ബെർഗർ... റൈഫ്യൂറർ ആജ്ഞാപിച്ചത് കൊണ്ട് മാത്രമാണ് അയാളെ എന്നോടൊപ്പം കൂട്ടേണ്ടി വന്നത്...”

“ദൈവമേ...! ആ നശിച്ച ഹിം‌ലർ വീണ്ടും...? ഏറ്റവും ഒടുവിൽ അയാളുമായി കണ്ടുമുട്ടിയ നേരത്ത് എന്നെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ലായിരുന്നല്ലോ അയാൾക്ക്...?”

“എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് നിങ്ങളെ ആവശ്യമായി വന്നിരിക്കുന്നു...”

“എന്തിന്...?”

“ഞങ്ങൾക്ക് വേണ്ടി ഇംഗ്ലണ്ടിലേക്ക് പോകാൻ, മിസ്റ്റർ ഡെവ്‌ലിൻ... ഒന്നു കൂടി കൃത്യമായി പറഞ്ഞാൽ, ലണ്ടനിലേക്ക്...”

“നോ, താങ്ക്സ്... ഈ യുദ്ധത്തിൽ രണ്ട് തവണ ഞാൻ ജർമ്മൻ ഇന്റലിജൻസിന് വേണ്ടി വർക്ക് ചെയ്തിട്ടുണ്ട്... ആദ്യം അയർലണ്ടിൽ... അന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് ഞാൻ ജീവനോടെ രക്ഷപെട്ടത്...” നെറ്റിയുടെ ഒരു വശത്തെ വെടിയുണ്ടയേറ്റ അടയാളം തൊട്ടുകാണിച്ചു കൊണ്ട് ഡെവ്‌ലിൻ പറഞ്ഞു.

“അതെ... രണ്ടാമത്തെ തവണ നോർഫോക്കിൽ വച്ച്...  നിങ്ങളുടെ വലത്തെ ചുമലിൽ... കുർട്ട് സ്റ്റെയ്നറുമായി പിരിയുന്നതിന് തൊട്ട് മുമ്പ്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“ഓഹോ... അപ്പോൾ വിവരങ്ങളെല്ലാം താങ്കൾക്ക് നന്നായറിയാം...”

“ഓപ്പറേഷൻ ഈഗ്‌ൾ അല്ലേ...?  തീർച്ചയായും...”

“കേണൽ സ്റ്റെയ്നർ... നല്ലൊരു മനുഷ്യൻ... നാസി ആശയങ്ങളോട് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല അദ്ദേഹത്തിന്...”

“അദ്ദേഹത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്നറിയുമോ നിങ്ങൾക്ക്...?” ഷെല്ലെൻബെർഗ് ചോദിച്ചു.

“തീർച്ചയായും...  ഞാൻ അഡ്മിറ്റ് ആയ അതേ ഹോസ്പിറ്റലിലേക്കാണ് ഹൃദയസ്തംഭനത്തെ തുടർന്ന് കേണൽ മാക്സ് റാഡ്‌ലിനെയും കൊണ്ടു വന്നത്...  ഇംഗ്ലണ്ടിലെ ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്നും അദ്ദേഹത്തിന് ലഭിച്ച റിപ്പോർട്ട് പ്രകാരം സ്റ്റെയനർ കൊല്ലപ്പെട്ടു എന്നാണറിയാൻ കഴിഞ്ഞത്... വിൻസ്റ്റൺ ചർച്ചിലിനെ കിഡ്നാപ്പ് ചെയ്യാനായി ചെന്നപ്പോൾ മെൽറ്റ്‌ഹാം ഹൌസിന്റെ മട്ടുപ്പാവിൽ വച്ച്...”

“നിങ്ങൾക്ക് ലഭിച്ച ആ ഇൻഫർമേഷനിൽ രണ്ട് തെറ്റുകളുണ്ടായിരുന്നു...” ഷെല്ലെൻബെർഗ് പറഞ്ഞു. “റാഡ്‌ൽ അറിയാതിരുന്ന രണ്ട് വസ്തുതകൾ... ആ വാരാന്ത്യത്തിൽ മെൽറ്റ്‌ഹാം ഹൌസിൽ എത്തിയത് ചർച്ചിൽ അല്ലായിരുന്നു... ആ സമയം അദ്ദേഹം ടെഹ്‌റാൻ കോൺഫറൻസിൽ പങ്കെടുക്കുവാനുള്ള യാത്രയിലായിരുന്നു... അന്നവിടെ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഒരു അപരനായിരുന്നു... ഒരു നാടക നടൻ...”

“മൈ ഗോഡ്...!”  ഡെവ്‌ലിൻ പിയാനോ വായന നിർത്തി.

“അതിലും പ്രധാനപ്പെട്ട ഒന്ന്... കുർട്ട് സ്റ്റെയ്നർ മരണമടഞ്ഞിട്ടില്ല... അദ്ദേഹമിപ്പോൾ ജീവനോടെ സുഖമായി ഇരിക്കുന്നു... ലണ്ടൻ ടവറിൽ... അതുകൊണ്ടാണ് ഞാൻ പറയുന്നത്, എനിക്ക് വേണ്ടി നിങ്ങൾ ലണ്ടനിലേക്ക് പോകണമെന്ന്... അദ്ദേഹത്തെ തിരികെ സുരക്ഷിതമായി ജർമ്മനിയിൽ എത്തിക്കുന്നതിന്റെ ഉത്തരവാദിത്വം എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്... വെറും മൂന്ന് ആഴ്ച്ചത്തെ സമയമേ അതിനായി എനിക്ക് അനുവദിച്ചിട്ടുമുള്ളൂ...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...