Saturday 13 May 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 9



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അഡ്മിറൽ വിൽഹെംകാനറിസിന് പ്രായം അമ്പത്തിയാറ്. ഒന്നാം ലോകമഹായുദ്ധകാലത്ത് ഒരു സബ്‌മറീൻ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച് വിശിഷ്ട ബഹുമതികൾ നേടിയതിനെ തുടർന്ന് മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ അബ്ഫെറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 1935 മുതൽ അദ്ദേഹമാണ് അബ്ഫെറിനെ നയിക്കുന്നത്. ഒരു തികഞ്ഞ രാജ്യസ്നേഹി ആണെങ്കിലും നാഷണൽ സോഷ്യലിസം അഥവാ നാസിസം എന്ന പ്രത്യയശാസ്ത്രത്തിൽ ഒട്ടും സന്തോഷവാനായിരുന്നില്ല അദ്ദേഹം. ഹിറ്റ്‌ലർക്ക് നേരെയുണ്ടായിട്ടുള്ള വധശ്രമങ്ങൾക്കെല്ലാം തീർത്തും എതിരായിരുന്നുവെങ്കിലും നാസിസത്തിനെതിരെയുള്ള ജർമ്മൻ പ്രതിരോധ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുനാൾ പ്രവർത്തിച്ചു എന്നൊരു കളങ്കം അദ്ദേഹത്തിന് മേൽ പതിഞ്ഞുകഴിഞ്ഞിരുന്നു. അതാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ പതനത്തിലേക്കും പിന്നീട് വധശിക്ഷയിലേക്കും  വഴി തെളിയിച്ചത്.

ടിയർഗാർട്ടണിലെ മരങ്ങൾക്കിടയിലൂടെ കുതിരപ്പുറത്തേറി പതിവ് പ്രഭാത സവാരിയിൽ ഏർപ്പെട്ടിരിക്കുകയാണ് കാനറിസ്. കുതിരയുടെ കുളമ്പുകൾ പതിഞ്ഞ് മുകളിലേക്ക് തെറിക്കുന്ന മഞ്ഞുകണങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ വന്യമായൊരു ആവേശം നിറച്ചു. എവിടെ പോയാലും ഒപ്പം കാണാറുള്ള ഡാഷ്‌ഹണ്ട് ഇനത്തിൽ പെട്ട രണ്ട് നായ്ക്കൾ ഇരുവശത്തുമായി അകമ്പടി സേവിക്കുന്നുണ്ട്. മെഴ്സിഡിസ് കാറിനരികിൽ നിൽക്കുന്ന ഷെല്ലെൻബെർഗിനെ കണ്ടതും കൈ ഉയർത്തി വീശിയിട്ട് അദ്ദേഹം കുതിരയെ അങ്ങോട്ട് നയിച്ചു.

“ഗുഡ് മോണിങ്ങ്, വാൾട്ടർ... ഇന്ന് എന്തേ എന്റെയൊപ്പം വരാഞ്ഞത്...?” കാനറിസ് ചോദിച്ചു.

“ഇന്ന് പറ്റിയില്ല... ഒരു യാത്രയുണ്ട്... അതിന്റെ ഒരുക്കത്തിലാണ്...” ഷെല്ലെൻബെർഗ് പറഞ്ഞു.

കാനറിസ് കുതിരപ്പുറത്ത് നിന്നും ഇറങ്ങി. ഷെല്ലെൻബെർഗിന്റെ ഡ്രൈവർ കുതിരയുടെ കടിഞ്ഞാൺ ഏറ്റുവാങ്ങി. കാനറിസ് നീട്ടിയ സിഗരറ്റുമായി ഷെല്ലെൻബെർഗ് അദ്ദേഹത്തിനൊപ്പം തടാകത്തിനരികിലേക്ക് നടന്നു. പിന്നെ പാരപെറ്റിൽ ചാരി തടാകത്തിലേക്ക് വീക്ഷിച്ചു കൊണ്ട് ഇരുവരും നിന്നു.

“പ്രത്യേകിച്ച് എന്തെങ്കിലും...?”  കാനറിസ് ആരാഞ്ഞു.

“ഇല്ല... പതിവ് യാത്ര മാത്രം...” ഷെല്ലെൻബെർഗ് പറഞ്ഞു.

“കമോൺ വാൾട്ടർ... ഒളിച്ച് വയ്ക്കാതെ കാര്യം പറയൂ.... നിങ്ങളുടെ മനസ്സിൽ എന്തോ ഉണ്ട്...”

“ഓൾ റൈറ്റ്... വിഷയം ഓപ്പറേഷൻ ഈഗ്‌ൾ തന്നെ...” ഷെല്ലെൻബെർഗ് പറഞ്ഞു.

“അത് ശരി... അതുമായി എനിക്ക് ഒരു ബന്ധവുമില്ല...” കാനറിസ് പറഞ്ഞു. “അങ്ങനെയൊരു ആശയവുമായി ഫ്യൂറർ വന്നിരുന്നു... എന്തൊരു അസംബന്ധം...! യുദ്ധത്തിൽ നാം പരാജയപ്പെട്ടു എന്ന് ഏതാണ്ട് ഉറപ്പായിരിക്കുമ്പോഴാണ് ചർച്ചിലിനെ വധിക്കുവാൻ പോകുന്നത്...!”

“ഇത്തരം കാര്യങ്ങൾ ഉറക്കെ പറയുന്നത് സൂക്ഷിച്ച് വേണം...” പതിഞ്ഞ സ്വരത്തിൽ ഷെല്ലെൻബെർഗ് പറഞ്ഞു.

എന്നാൽ അത് അവഗണിച്ച് അദ്ദേഹം തുടർന്നു. “ഒരു സാദ്ധ്യതാ പഠനം നടത്തുവാൻ ഫ്യൂറർ എന്നോട് ആവശ്യപ്പെട്ടിരുന്നു... എനിക്കറിയാമായിരുന്നു രണ്ടോ മൂന്നോ ദിവസങ്ങൾ കഴിയുന്നതോടെ അദ്ദേഹം അക്കാര്യം മറക്കുമെന്ന്... മറക്കുകയും ചെയ്തു... എന്നാൽ ഹിം‌ലർ അത് മറന്നില്ല... പതിവ് പോലെ എന്റെ ജീവിതം ദുഃസ്സഹമാക്കണമെന്ന് അയാൾക്ക് നിർബന്ധമായിരുന്നു... ഞാൻ ഏറ്റവുമധികം വിശ്വസിച്ചിരുന്ന കീഴുദ്യോഗസ്ഥനായ മാക്സ് റാഡ്‌ലിനെ ഞാനറിയാതെ അയാൾ കൈയിലെടുത്തു. എന്നിട്ടോ ഒടുവിൽ എല്ലാം തകർന്ന് തരിപ്പണമായി... എനിക്കറിയാമായിരുന്നു ഒടുവിൽ അത് അങ്ങനെയേ ആയിത്തീരൂ എന്ന്...”

“പക്ഷേ, വിജയത്തിന് ഏതാണ്ട് തൊട്ടരികിൽ വരെ സ്റ്റെയ്നർ എത്തിയതായിരുന്നു...” ഷെല്ലെൻബെർഗ് പറഞ്ഞു.

“എന്ത് വിജയം വാൾട്ടർ...? സ്റ്റെയ്നറുടെ സാഹസികതയും ധീരതയും ഞാൻ നിഷേധിക്കുന്നില്ല... പക്ഷേ, അവർ പിന്തുടർന്ന ആ വ്യക്തി വിൻസ്റ്റൺ ചർച്ചിൽ പോലും ആയിരുന്നില്ല... യഥാർത്ഥ ചർച്ചിലിനെ എങ്ങാനും കടത്തിക്കൊണ്ടു വരാൻ അവർക്ക് സാധിച്ചിരുന്നുവെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നു... എങ്കിൽ ഹിം‌ലറുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാകുമായിരുന്നു...”

“എന്തായാലും ഇപ്പോൾ കേൾക്കുന്നത് സ്റ്റെയ്നർ കൊല്ലപ്പെട്ടിട്ടില്ല എന്നാണ്...” ഷെല്ലെൻബെർഗ് പറഞ്ഞു. “അദ്ദേഹം ഇപ്പോൾ ലണ്ടൻ ടവറിൽ ഉണ്ടത്രെ...”

“അത് ശരി... അപ്പോൾ ആ റിവേറ തന്റെ കസിന്റെ സന്ദേശം ഹിം‌ലർക്കും കൈമാറി അല്ലേ...? പ്രതിഫലം ഇരട്ടിപ്പിക്കാനുള്ള അവരുടെ പതിവ് തന്ത്രം...” കാനറിസ് പുഞ്ചിരിച്ചു.

“ബ്രിട്ടീഷുകാർ ഇനി എന്ത് ചെയ്യുമെന്നാണ് താങ്കൾ കരുതുന്നത്...?”

“സ്റ്റെയ്നറുടെ കാര്യത്തിലോ...? യുദ്ധം അവസാനിക്കുന്നത് വരെ അയാളെ തടവിൽ പാർപ്പിക്കും... റുഡോൾഫ് ഹെസ്സിന്റെ കാര്യത്തിലെന്ന പോലെ... എന്തായാലും ഹിം‌ലർ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കും... കാരണം, ഫ്യൂറർ ഇതേക്കുറിച്ച് അറിയാനിട വരുന്നത് അയാൾക്ക് ക്ഷീണമാണല്ലോ...”

“പക്ഷേ, ഫ്യൂറർ ഈ വാർത്ത അറിയാനിട വരില്ല എന്ന് താങ്കൾക്കുറപ്പാണോ...?” ഷെല്ലെൻബെർഗ് ചോദിച്ചു.

കാ‍നറിസ് ഉറക്കെ ചിരിച്ചു. “ഞാൻ അദ്ദേഹത്തോട് പോയി പറയുമെന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്...? ഇതിന് വേണ്ടിയായിരുന്നുവോ ഇത്രയും വളച്ചുകെട്ടി പറഞ്ഞു വന്നത്...? ഇല്ല വാൾട്ടർ... അല്ലെങ്കിൽ തന്നെ ആവശ്യത്തിലധികം തലവേദനയുണ്ട് എനിക്ക്... ഹിം‌ലറോട് പോയി പറഞ്ഞേക്കൂ, എന്നിൽ നിന്നും ഈ വാർത്ത പുറത്ത് പോകില്ല എന്ന്... മൌനം പാലിക്കാൻ അയാളും തയ്യാറാണെങ്കിൽ...”

പിന്തിരിഞ്ഞ് അവർ കാറിന് നേർക്ക് നടക്കുവാനാരംഭിച്ചു. “ആ വർഗാസ് ഇല്ലേ...? അയാളെ വിശ്വസിക്കാൻ കൊള്ളുമോ...?” ഷെല്ലെൻബെർഗ് ചോദിച്ചു.

കാനറിസിന്റെ മുഖം ഗൌരവം പൂണ്ടു. “ഇംഗ്ലണ്ടിലെ നമ്മുടെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് സമ്മതിക്കുവാൻ ഒരു മടിയുമില്ല എനിക്ക്... നമ്മുടെ ഏജന്റുകളെ പിടികൂടി അവരുടെ ആവശ്യങ്ങൾക്കായി ഉപകരിക്കുന്ന ഡബിൾ ഏജന്റുകളാക്കി മാറ്റാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല അവർക്ക്...”

“അപ്പോൾ വർഗാസ്...?” ഷെല്ലെൻബെർഗ് ആരാഞ്ഞു.

“ഉറപ്പിച്ച് ഒന്നും തന്നെ പറയാൻ കഴിയില്ല... എന്നാലും അയാൾ അത്തരക്കാരനല്ലെന്ന് തോന്നുന്നു... സ്പാനിഷ് എംബസി ഉദ്യോഗസ്ഥനാണയാൾ... വല്ലപ്പോഴും മാത്രമേ ഇത്തരം ജോലികൾക്ക് അയാൾ ഇറങ്ങിത്തിരിക്കാറുള്ളൂ... ഇംഗ്ലണ്ടിലുള്ള മറ്റ് ഏജന്റുകളുമായി യാതൊരു ബന്ധവുമില്ല അയാൾക്ക്...” അപ്പോഴേക്കും കാറിനരികിൽ എത്തിക്കഴിഞ്ഞിരുന്നു ഇരുവരും. കാനറിസ് പുഞ്ചിരിച്ചു. “വേറെ എന്തെങ്കിലും...?”

ഷെല്ലെൻബെർഗിന് ഒളിച്ചു വയ്ക്കാൻ കഴിയുമായിരുന്നില്ല. കാരണം കാനറിസിനെ അത്രയ്ക്കും ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. “താങ്കൾക്കറിയാമല്ലോ... റാസ്റ്റൻബർഗിൽ വച്ച് ഫ്യൂററുടെ നേർക്കുണ്ടായ വധശ്രമം... അതിൽ ഉൾപ്പെട്ടിരുന്ന ആ ചെറുപ്പക്കാരനായ ഓഫീസറുടെ കൈവശം ഉണ്ടായിരുന്ന ബോംബ് സമയമാകുന്നതിന് മുമ്പ് പൊട്ടുകയായിരുന്നു...”

“അയാൾക്ക് തീരെ ശ്രദ്ധയില്ലായിരുന്നു എന്ന് തോന്നുന്നു... വാൾട്ടർ, നിങ്ങൾ പറഞ്ഞു വരുന്നത് എന്താണ്...?”

“ദൈവത്തെയോർത്ത് താങ്കൾ കരുതിയിരിക്കണം... അത്ര നല്ല സമയമല്ല ഇത്...”

“വാൾട്ടർ... ഫ്യൂററെ വധിക്കുവാനുള്ള ഒരു ശ്രമത്തിനും ഞാൻ കൂട്ട് നിന്നിട്ടില്ല...” കുതിരപ്പുറത്ത് കയറി കടിഞ്ഞാൻ ചരട് അദ്ദേഹം കൈയിലെടുത്തു. “ഹിറ്റ്‌ലറുടെ മരണം ജനങ്ങൾ ഒരു പക്ഷേ ആഗ്രഹിക്കുന്നുണ്ടെങ്കിൽക്കൂടി... കാരണമെന്താണെന്ന് ഞാൻ പറയണോ വാൾട്ടർ...?”

“എനിക്കറിയാം താങ്കൾ പറയുമെന്ന്...”

“സ്റ്റാലിൻ‌ഗ്രാഡ്... ഫ്യൂറർക്ക് അക്കാര്യത്തിൽ പിണഞ്ഞ അമളിയ്ക്ക് നന്ദി പറയാം നമുക്ക്... മൂന്ന് ലക്ഷത്തിലധികം ഭടന്മാരെയാണ് നമുക്കവിടെ നഷ്ടമായത്... ഇരുപത്തിനാല് ജനറൽമാരടക്കം തൊണ്ണൂറ്റിയൊന്നായിരം പേരെ അവർ അവിടെ തടവുകാരായി പിടിച്ചു... നമുക്ക് ഇതു വരെ സംഭവിച്ചതിൽ വച്ചുള്ള ഏറ്റവും വലിയ പരാജയം... ഒന്നിന് പിറകെ ഒന്നായി... എല്ലാത്തിനും ഫ്യൂററോട് നന്ദി പറയാം നമുക്ക്...” കാനറിസ് പൊട്ടിച്ചിരിച്ചു. “ഈ പരാജയങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് എന്തിലേക്കാണെന്ന് ഇനിയും നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ വാൾട്ടർ...? അദ്ദേഹത്തിന്റെ തെറ്റായ തീരുമാനങ്ങൾ... ഫ്യൂറർ ജീവനോടെ ഇരിക്കുന്നതാണ് യുദ്ധം പെട്ടെന്ന് അവസാനിക്കുവാൻ നല്ലത്...”

അദ്ദേഹം കടിഞ്ഞാൻ ഇളക്കിയതും കുതിര മുന്നോട്ട് നീങ്ങി. പിന്നാലെ അകമ്പടിസേവകരാ‍യ നായ്ക്കളും. നിമിഷങ്ങൾക്കകം അവർ മരങ്ങൾക്കിടയിൽ അപ്രത്യക്ഷമായി.

                                                            ****
ഓഫീസിലെ ബാത്ത്‌റൂമിൽ ഇളം ചാര നിറത്തിലുള്ള സ്യൂട്ട് ധരിക്കുന്നതിനിടയിൽ ജാലകത്തിനപ്പുറം നിൽക്കുന്ന ഇൽ‌സ് ഹബ്ബറിനോട് സംസാരിക്കുകയായിരുന്നു ഷെല്ലെൻബെർഗ്. സ്റ്റെയ്നർ ജീവനോടെയിരിക്കുന്നു എന്ന കാര്യവും അദ്ദേഹത്തെ മോചിപ്പിച്ച് കൊണ്ടുവരുവാനുള്ള പദ്ധതിയും എല്ലാം അദ്ദേഹം അവളെ അറിയിച്ചു.

“എന്ത് തോന്നുന്നു നിനക്ക്...?” വാതിൽ തുറന്ന് പുറത്തിറങ്ങവെ അദ്ദേഹം ചോദിച്ചു. “ഒരു കെട്ടുകഥ പോലെ...?”

“കെട്ടുകഥയെക്കാൾ ഒരു ഹൊറർ സ്റ്റോറി പോലെ തോന്നുന്നു...” അദ്ദേഹത്തിന്റെ കറുത്ത ലെതർ‌കോട്ട് നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.

“മാഡ്രിഡിൽ ഇറങ്ങി ഇന്ധനം നിറച്ചതിന് ശേഷമായിരിക്കും പിന്നീടുള്ള ഞങ്ങളുടെ യാത്ര... വൈകുന്നേരത്തോടെ ലിസ്ബനിൽ എത്തിച്ചേരും...” അദ്ദേഹം പറഞ്ഞു.

കോട്ട് അണിഞ്ഞതിന് ശേഷം ഷെല്ലെൻബെർഗ് തന്റെ ഹാറ്റ് നേരെ പിടിച്ച് വച്ചിട്ട് അവൾ തയ്യാറാക്കി വച്ചിരുന്ന ബാഗ് എടുത്തു. “ഏറിയാൽ രണ്ട് ദിവസത്തിനുള്ളിൽ പുതിയ വിവരങ്ങളുമായി റിവേറ എത്തുമെന്ന് പ്രതീക്ഷിക്കുന്നു... അഥവാ ഇനി കണ്ടില്ലെങ്കിൽ ഒരു മുപ്പത്തിയാറ് മണിക്കൂർ കൂടി വെയ്റ്റ് ചെയ്യുക... പിന്നെ അയാളെ വിളിച്ച് ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കുക...” അദ്ദേഹം അവൾക്കരികിലെത്തി.

“ടേക്ക് കെയർ ഇൽ‌സ്... സീ യൂ സൂൺ...” അവളുടെ കവിളിൽ മുത്തം നൽകിയിട്ട് ഷെല്ലെൻബെർഗ് ധൃതിയിൽ പുറത്തേക്കിറങ്ങി.

                                                            ****

JU52 ആയിരുന്നു വിമാനം. മൂന്ന് എൻ‌ജിനുകൾ ഉണ്ട് എന്നതായിരുന്നു കൊറുഗേറ്റഡ് മെറ്റൽ കൊണ്ട് നിർമ്മിച്ച ആ ജങ്കേഴ്സ് വിമാനത്തിന്റെ പ്രത്യേകത. ബെർലിൻ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ എയർ‌ബേസിൽ നിന്നും ഉയർന്ന് കഴിഞ്ഞതും സീറ്റ് ബെൽറ്റ് അഴിച്ചു മാറ്റി ഷെല്ലെൻബെർഗ് തന്റെ ബ്രീഫ്കെയ്സ് എടുത്തു. ഇടനാഴിയുടെ മറുവശത്തെ സീറ്റിൽ ഇരുന്നിരുന്ന ബെർഗർ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു.

“ഹെർ അഡ്മിറലിന് സുഖം തന്നെയല്ലേ ജനറൽ...?” ബെർഗർ ചോദിച്ചു.

താൻ അഡ്മിറലിനെ കാണാൻ പോയ കാര്യം ഇയാൾ എങ്ങനെ അറിഞ്ഞു...! ഇയാൾ അപകടകാരി തന്നെ എന്നതിൽ സംശയമില്ല...

“പതിവ് പോലെ ആരോഗ്യവാനായിരിക്കുന്നു...” ഒന്ന് പുഞ്ചിരിച്ചിട്ട് ഷെല്ലെൻബെർഗ് പറഞ്ഞു.

ബ്രീഫ്കെയ്സ് തുറന്ന് അദ്ദേഹം ഡെവ്‌ലിനെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തെടുത്ത് വായിക്കുവാനാരംഭിച്ചു. പിന്നെ അതിനോടൊപ്പം പിൻ ചെയ്തിരിക്കുന്ന ഡെവ്‌ലിന്റെ ഫോട്ടോയിലേക്ക് നോക്കി അല്പനേരം ഇരുന്നു. മനസ്സ് ഏകാഗ്രമാക്കുവാൻ കഴിയുന്നില്ല... ബ്രീഫെകെയ്സ് അടച്ചു വച്ചിട്ട് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി ഇരിക്കവെ അഡ്മിറൽ കാനറിസിന്റെ വാക്കുകൾ തികട്ടിയെത്തി.

ഫ്യൂറർ ജീവനോടെ ഇരിക്കുന്നതാണ് യുദ്ധം പെട്ടെന്ന് അവസാനിക്കുവാൻ നല്ലത്...

പറിച്ചെറിയാനാകാത്ത വിധം ആ ചിന്ത അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ പിന്നെയും പിന്നെയും ഭ്രമണം ചെയ്തുകൊണ്ടിരുന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

31 comments:

  1. ഇക്കുറി തേങ്ങ എന്റെ വക. ദൈത്യം നടക്കട്ടെ. കൂടെയുണ്ട്

    ReplyDelete
    Replies
    1. ഗാബൊണിൽ നിന്നും തേങ്ങ ഒന്നേ... വരവ് വച്ചിരിക്കുന്നു... :)

      Delete
  2. മാങ്ങ എന്റ്റെ വക..

    ആകെ കൊയപ്പക്കെട്ടാവുമോ??

    ടേക കെയർ ഇൽസ്... സീ യു സൂൺ..

    ReplyDelete
    Replies
    1. സീസൺ ആയത് കൊണ്ടായിരിക്കുമല്ലേ മാങ്ങ ആയത്...? മൽഗോവയോ അൽഫോൻസയോ ആണെങ്കിൽ മാത്രം മതി ജിമ്മാ...

      Delete
  3. ഉപ്പും മുളകും ചെമ്മീനും എന്‍റെ വക !
    അതിയാന്‍ തിരിച്ചു വരും വരെ ഇല്‍സിനെ വേണേല്‍ ഞാന്‍ കെയര്‍ ചെയ്തോളാംട്ടോ...

    ReplyDelete
    Replies
    1. ഇൽസിന്റെ സംരക്ഷണം ഏറ്റെടുക്കാൻ എന്തേ ആരും വരാത്തത് എന്ന് ഓർത്തതേയുള്ളൂ... അപ്പോഴേക്കും എത്തിയല്ലോ...

      ഉപ്പും മുളകും... ബാലുവും നീലുവുമാണോ...?

      Delete
  4. തേങ്ങാ,മാങ്ങാ,ഉപ്പും
    മുളകും ഇനിയിപ്പോ എന്താ
    ബാക്കി..കുറച്ചു മുളക് കൂടി ഇടാം .
    എരിവ് കൂടട്ടെ.....കൂടെയുണ്ട് ഞാനും

    ReplyDelete
    Replies
    1. കാന്താരി തന്നെ ആയിക്കോട്ടെ വിൻസന്റ് മാഷേ....

      Delete
    2. ചമ്മന്തി റെഡി ആയാല്‍ പറയണേ.. ഞാനും കൂടാം ;)

      Delete
    3. ചമ്മന്തിയാണോ ഞാന്‍ വിചാരിച്ചു ചെമ്മീന്‍ മാങ്ങാ കറി ആയിരിക്കുമെന്ന്.

      Delete
    4. ഇവിടെ എന്താ പാചകമാണോ വിഷയം? കഥയുടെ സീരിയസ്നെസ് കളയൂല്ലോ ഈ പിള്ളേര്

      Delete
    5. കൊതിയന്മാരാ ഈ പിള്ളേര് അജിത്‌ഭായ്.... :)

      Delete
  5. അഡ്മിറലിനെ കാണാന്‍ പോയത് ബെര്‍ഗര്‍ എങ്ങിനെയറിഞ്ഞു? ഞാനും അതാ ആലോചിക്കണേ...

    ReplyDelete
    Replies
    1. ബെർഗറെ സൂക്ഷിക്കണമെന്ന് ഇൽസ് പറഞ്ഞത് ഓർമ്മയുണ്ടല്ലോ മുബീ....?

      Delete
  6. സ്റ്റാലിൻ‌ഗ്രാഡില്‍ പിണഞ്ഞ അമളി, പരാജയം. യുദ്ധത്തില്‍ അങ്ങനെ വെറുതെ കുറെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെടുന്നു. തടവുകാരുടെ കഥ പറയുകയും വേണ്ട.

    ReplyDelete
    Replies
    1. യുദ്ധം.... മനോരോഗികളായ ചില നേതാക്കളുടെ കൈയ്യിൽ രാജ്യം ഏൽപ്പിക്കുന്നതിന്റെ അനന്തര ഫലം...

      Delete
  7. ഇനിയിപ്പൊ നമ്മളെങ്ങോട്ടാ...

    ReplyDelete
    Replies
    1. മാഡ്രിഡ് വഴി നേരെ ലിസ്ബനിലേക്ക്... ഡെവ്‌ലിനെ തേടി...

      Delete
  8. ആദ്യമായിട്ടാണ് ഇവിടെ ..പുതിയ ഒരു വായനാനുഭവം ..പേരുകൾ മനസ്സിൽ നില്ക്കാൻ അല്പം പാട് ..കഥയുടെ സത്ത് നഷ്ടപെടുത്താത്ത നല്ല വിവരണം .. ആശംസകൾ

    ReplyDelete
    Replies
    1. സ്വാഗതം പുനലൂരാനേ... സന്തോഷം...

      Delete
  9. ഡെവ്ലിന്റെ പേര് ഇതിലും ഉണ്ടു്.അടുത്തു തന്നെ എത്തിപ്പെടുമായിരിക്കുമല്ലെ ... ! ഡെവ്ലിനെ ആരൊക്കെയോ ഭയക്കുന്നുണ്ടല്ലെ..?

    ReplyDelete
    Replies
    1. ലിസ്ബനിൽ എത്തട്ടെ അശോകേട്ടാ...

      Delete
  10. ഫ്യൂറർ ജീവനോടെ ഇരിക്കുന്നതാണ് യുദ്ധം പെട്ടെന്ന് അവസാനിക്കുവാൻ നല്ലത്...

    നല്ല നിഗമനം 

    ReplyDelete
    Replies
    1. അതെ കേരളേട്ടാ... അത്രയ്ക്കും മടുത്തിരിക്കുന്നു എല്ലാവരും...

      Delete
  11. കഴിഞ്ഞ രണ്ട് ലക്കത്തിന് കമന്റിട്ടില്ല സോറി...

    ReplyDelete
    Replies
    1. ഇപ്പഴെങ്കിലും വന്നല്ലോ....

      Delete
  12. ഇനി അങ്ങോട്ട് പിടിച്ചാൽ കിട്ടില്ല...

    ReplyDelete
    Replies
    1. ഡെവ്‌ലിന്റെ അടുത്ത് എത്തട്ടെ....

      Delete
  13. “ഹെർ അഡ്മിറലിന് സുഖം തന്നെയല്ലേ ജനറൽ...?”
    ബെർഗർ ചോദിച്ചു. താൻ അഡ്മിറലിനെ കാണാൻ പോയ കാര്യം ഇയാൾ എങ്ങനെ അറിഞ്ഞു...!

    ഈ ചാരന്മാരുടെ ഒരു കാര്യം ..!

    ReplyDelete
    Replies
    1. ആരെയും വിശ്വസിക്കരുത് മുരളിഭായ്....

      Delete