Saturday 27 May 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 11



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

വയസ്സ് അമ്പത്തിനാലേ ആയിട്ടുള്ളൂ എങ്കിലും അതിലും അധികം തോന്നുമായിരുന്നു മേജർ ആർതർ ഫ്രെയറിനെ കണ്ടാൽ. മുടി ഏതാണ്ട് പൂർണ്ണമായും നരച്ചിരിക്കുന്നു. ഒരു ചുളിഞ്ഞ സ്യൂട്ട് ആണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. പെൻഷൻ പറ്റി ബ്രൈറ്റണിലോ ടോർക്കേയിലോ മറ്റോ വിശ്രമ ജീവിതം നയിക്കേണ്ട പ്രായം... എന്നാൽ ലിസ്ബനിലെ ബ്രിട്ടീഷ് എംബസിയിൽ മിലിട്ടറി അറ്റാഷെ ആയി ഇപ്പോഴും ജോലിയിൽ തുടരുന്നതിന് അദ്ദേഹം നന്ദി പറയേണ്ടത് വാസ്തവത്തിൽ അഡോൾഫ് ഹിറ്റ്‌ലറോടാണ്. കാരണം, ബ്രിട്ടീഷ് സംഘടനയായ SOE യുടെ അനൌദ്യോഗിക വക്താവായിട്ടായിരുന്നു അദ്ദേഹം ലിസ്ബനിൽ പ്രവർത്തിച്ചു പോന്നത്.

അൽഫാമ ഡിസ്ട്രിക്റ്റിന്റെ തെക്കേ അറ്റത്തുള്ള ലൈറ്റ്സ് ഓഫ് ലിസ്ബൻ എന്ന ബാർ അദ്ദേഹത്തിന്റെ ഇഷ്ട താവളങ്ങളിൽ ഒന്നായിരുന്നു. ബാറിന്റെ ഉൾത്തളങ്ങളിൽ നിന്നും ഒഴുകി വരുന്ന പിയാനോ നാദവീചികളെ തേടിച്ചെല്ലുമ്പോൾ നാം എത്തുന്നത് ലിയാം ഡെവ്‌ലിന്റെ അരികിലാണ്. വെള്ള സ്യൂട്ട് ധരിച്ച അദ്ദേഹത്തിന്റെ അല്പം നീണ്ട മുടി നെറ്റിയിലേക്ക് വീണ് കിടക്കുന്നു. ഹാളിലേക്ക് പ്രവേശിച്ച മേജർ ആർതർ ഫ്രെയറിനെ മുത്തുകൾ കോർത്തുണ്ടാക്കിയ കർട്ടനിടയിലൂടെ വീക്ഷിക്കവെ ഡെവ്‌ലിന്റെ നീലക്കണ്ണുകളിൽ ആഹ്ലാദത്തിന്റെ തിളക്കം പ്രത്യക്ഷമായി. പിയാനോ വായന മതിയാക്കി അദ്ദേഹം ഹാളിൽ ചെന്ന് ഫ്രെയറിന് എതിരെ ഇരുന്നിട്ട് ഒരു ബിയർ ഓർഡർ ചെയ്തു.

“മിസ്റ്റർ ഫ്രെയർ അല്ലേ...? ഹൊസേ എന്നോട് പറഞ്ഞിരുന്നു, താങ്കൾക്ക് തുറമുഖവുമായി ബന്ധപ്പെട്ട ജോലിയാണെന്ന്...” ഡെവ്‌ലിൻ പറഞ്ഞു.

“ശരിയാണ്...” ഫ്രെയർ ചിരിച്ചു. “വർഷങ്ങളായി ഇംഗ്ലണ്ടിലേക്ക് സാധനങ്ങൾ കയറ്റി അയച്ചുകൊണ്ടിരിക്കുന്നു...”

“വല്ല ഐറിഷ് വിസ്കിയോ മറ്റോ ആണ് കയറ്റി അയക്കുന്നതെങ്കിൽ നോക്കാമായിരുന്നു...” ഡെവ്‌ലിൻ പറഞ്ഞു.

“ആ വിഷയത്തിൽ എനിക്ക് ഒന്നും തന്നെ ചെയ്യാൻ കഴിയില്ല...” ഫ്രെയർ വീണ്ടും ചിരിച്ചു. “പിന്നെ... നിങ്ങൾ ധരിച്ചിരിക്കുന്ന ഈ ടൈ, ഗാർഡ്സ് ബ്രിഗേഡിന്റേതാണെന്ന് അറിയുമോ നിങ്ങൾക്ക്...?”

“ഇല്ല... എനിക്കറിയില്ലായിരുന്നു...” സൌഹൃദഭാവത്തിൽ ഡെവ്‌ലിൻ പുഞ്ചിരിച്ചു. “കഴിഞ്ഞയാഴ്ച്ച  പഴയ സാധനങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ നിന്നും വാങ്ങിയതാണ്...”

“മറ്റൊരു ഈണം കൂടി വായിച്ചു തരുമോ ഞങ്ങൾക്ക്...?”  ഡെവ്‌ലിൻ എഴുന്നേൽക്കവെ ഫ്രെയർ ചോദിച്ചു.
  
“അതൊക്കെ പിന്നീട്, മേജർ...” വാതിലിന് നേർക്ക് നീങ്ങിയ ഡെവ്‌ലിൻ ഒരു നിമിഷം തിരിഞ്ഞു നിന്ന് പുഞ്ചിരിച്ചിട്ട്  പുറത്തേക്കിറങ്ങി.

                                                                ***

പഴക്കമുള്ളതും അത്രയൊന്നും വൃത്തിയില്ലാത്തതുമായ ഒരു ബാർ അറ്റാച്ച്ഡ് റെസ്റ്ററന്റ് ആയിരുന്നു ഫ്ലമിംഗോ. പോർച്ചുഗീസ് ഭാഷ അറിവില്ലാത്തതു കൊണ്ട് അത് നന്നായി സംസാരിക്കാൻ കഴിവുള്ള എഗ്ഗാറിനെ ആശ്രയിക്കേണ്ടി വന്നു ബെർഗറിന്. ഡെവ്‌ലിൻ അവിടെ ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചുവെങ്കിലും മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് അവിടെ നിന്നും ജോലി ഉപേക്ഷിച്ച് പോയതത്രെ. അവരുടെ സംഭാഷണം യാദൃച്ഛികമായി കേൾക്കാനിടയായ ഒരു പൂ വില്പനക്കാരി അവരുടെ സഹായത്തിനെത്തി. അവിടെ ജോലി ചെയ്തിരുന്ന ഐറിഷ്കാരൻ ഇപ്പോൾ മറ്റൊരു ബാറിൽ ജോലി ചെയ്യുന്നുണ്ടെന്ന് അവൾ അവരെ ധരിപ്പിച്ചു. ലൈറ്റ്സ് ഓഫ് ലിസ്ബൻ എന്ന ആ ബാറിൽ ഒരു വെയ്റ്റർ എന്നതിനുപരി പിയാനിസ്റ്റ് കൂടിയാണത്രെ. അവൾക്ക് ചെറിയൊരു തുക ടിപ്പ് നൽകിയിട്ട് എഗ്ഗാർ പുറത്തേക്കിറങ്ങി.

“ഈ പറഞ്ഞ സ്ഥലം നിങ്ങൾക്കറിയുമോ...?” ബെർഗർ ആരാഞ്ഞു.

“തീർച്ചയായും... നന്നായിട്ടറിയാം... ചേരി പ്രദേശത്താണ്... സൂക്ഷിക്കണം... അവിടെ വരുന്നവർ പൊതുവേ പരുക്കൻ സ്വഭാവക്കാരാണ്... സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർ...” എഗ്ഗാർ പറഞ്ഞു.

“അതൊന്നും ഒരു പ്രശ്നമല്ല... അത്തരം ആൾക്കാരെ കുറെ കണ്ടിട്ടുള്ളതാണ് ഞാൻ... വരൂ, അങ്ങോട്ടുള്ള വഴി കാണിച്ചു തരൂ...” ബെർഗർ പറഞ്ഞു

തലങ്ങും വിലങ്ങും നീളുന്ന ഇടുങ്ങിയ തെരുവുകളിലൂടെ അല്പദൂരം താണ്ടിയപ്പോൾ ഡി സാവൊ ജൊർജി കൊട്ടാരത്തിന്റെ ഉയർന്ന മതിൽക്കെട്ട് കാ‍ണാറായി. അതിനരികിലൂടെ നടന്ന് അവർ എത്തിപ്പെട്ടത് ദേവാലയത്തിന് മുന്നിലുള്ള ഒരു ചെറിയ ചത്വരത്തിലേക്കാണ്. ഇടത് വശത്തെ തെരുവിൽ നിന്നും നടന്നെത്തിയ ഡെവ്‌ലിൻ അവർക്ക് മുന്നിലൂടെ ആ ചത്വരം കടന്ന് ഒരു കഫേയുടെ നേർക്ക് നടന്നു.

“മൈ ഗോഡ്... ! അത് അയാളാണ്... !” എഗ്ഗാർ മന്ത്രിച്ചു. “ഫോട്ടോയിൽ കണ്ടത് പോലെ തന്നെ...”

“അതെ... സംശയമൊന്നുമില്ല...” ബെർഗർ പറഞ്ഞു. “അതാണോ നിങ്ങൾ പറഞ്ഞ ലൈറ്റ്സ് ഓഫ് ലിസ്ബൻ...?”

“അല്ല, മേജർ... ഇത് വേറെയാണ്... അൽഫാമയിലെ കുപ്രസിദ്ധി നേടിയ കഫേയാണിത്... ജിപ്സികളും കാളപ്പോരുകാരും ക്രിമിനൽ‌സും ഒക്കെ അരങ്ങ് വാഴുന്നയിടം...”

“അത് നന്നായി... നമ്മുടെ കൈയിൽ ആയുധമുണ്ടല്ലോ... ഉള്ളിൽ കയറുമ്പോൾ എന്തിനും തയ്യാറായി വലത് കൈ, പോക്കറ്റിലെ പിസ്റ്റളിൽ ഉണ്ടായിരിക്കണം...”

“പക്ഷേ, ജനറൽ ഷെല്ലെൻബെർഗ് നമ്മളോട് പറഞ്ഞത്..............”

“എന്നോട് തർക്കിക്കാൻ നിൽക്കണ്ട... ഒരു കാരണവശാലും ഈ മനുഷ്യൻ നമ്മുടെ കൈകളിൽ നിന്നും രക്ഷപെടാൻ പാടില്ല... ഡൂ ആസ് ഐ സേ ആന്റ് ഫോളോ മീ...” ആജ്ഞാപിച്ചിട്ട് ബെർഗർ കഫേയുടെ നേർക്ക് നടന്നു. ഗിത്താറിന്റെ സംഗീത വീചികൾ കഫേയുടെ ഉള്ളിൽ നിന്നും ഒഴുകിയെത്തുന്നുണ്ടായിരുന്നു.

                                                              ***

അസ്തമയത്തോട് അടുത്തിരുന്നുവെങ്കിലും കഫേയുടെ ഉൾഭാഗം പ്രകാശമാനമായിരുന്നു. മാർബിൾ വിരിച്ച പാതകത്തിൽ നിരത്തി വച്ചിരിക്കുന്ന കുപ്പികൾ... അതിന് പിന്നിലെ ചുമരിൽ ഘടിപ്പിച്ചിരിക്കുന്ന പഴയ ഫാഷനിലുള്ള കണ്ണാടി... വെള്ള പൂശിയ ചുമരുകളിൽ ഒട്ടിച്ചിരിക്കുന്ന ചിത്രങ്ങളത്രയും കാളപ്പോരിന്റെ വിവിധ ദൃശ്യങ്ങളാണ്. അഴുക്ക് പുരണ്ട ഷർട്ടും ഏപ്രണും ധരിച്ച് തടിച്ചുകുറുകി വിരൂപനായ  ഒരു ഒറ്റക്കണ്ണൻ, പത്രവും വായിച്ചു കൊണ്ട് ഉയരമുള്ള ഒരു സ്റ്റൂളിൽ ഇരിക്കുന്നുണ്ട്.  അയാളാണ് ബാർ നടത്തിപ്പുകാരൻ ബർബോസാ. രൌദ്രമുഖമുള്ള നാല് ജിപ്സികൾ ഒരു മേശക്ക് ചുറ്റും ചീട്ട് കളിച്ചുകൊണ്ടിരിക്കുന്നു. ഇതിലൊന്നും താല്പര്യമില്ലാത്ത മട്ടിൽ ചുമർ ചാരിയിരുന്ന് ഗിത്താർ മീട്ടിക്കൊണ്ടിരിക്കുകയാണ് മറ്റൊരു യുവാവ്.

ഹാളിന്റെ മറുഭാഗത്തെ ചുമരിനരികിലെ മേശക്ക് മുന്നിൽ ഡെവ്‌ലിൻ ഇരിക്കുന്നുണ്ടായിരുന്നു. ഏതോ ചെറിയ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ മുന്നിൽ നുരയുന്ന ബിയർ ഗ്ലാസ്. പെട്ടെന്നാണ് വാതിൽ തള്ളിത്തുറന്ന് ബെർഗറും തൊട്ട് പിന്നിലായി എഗ്ഗാറും പ്രവേശിച്ചത്. അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ അമ്പരന്ന യുവാവ് ഗിത്താർ വായന നിർത്തി. ചീട്ട് കളിച്ചുകൊണ്ടിരുന്നവർ തങ്ങളുടെ ആഹ്ലാദാ‍രവം നിർത്തി അവരെ തുറിച്ചു നോക്കി. മരണം മുന്നിൽ വന്ന് നിൽക്കുന്നത് പോലെയുള്ള അന്തരീക്ഷം...  ചീട്ട് കളിച്ചുകൊണ്ടിരുന്നവരെ പിന്നിട്ട് ബെർഗർ മുന്നോട്ട് നീങ്ങി. അയാളുടെ ഇടത് വശം ചേർന്ന് എഗ്ഗാറും...

സൌഹൃദഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട് ഡെവ്‌ലിൻ തലയുയർത്തി. പിന്നെ മേശപ്പുറത്ത് നിന്നും ബിയർ ഗ്ലാസ് എടുത്ത് ഒന്ന് മൊത്തി.

“ലിയാം ഡെവ്‌ലിൻ...?”  ബെർഗർ ആരാഞ്ഞു.

“അതെ... നിങ്ങൾ ആരൊക്കെയാണെന്ന് മനസ്സിലായില്ല...?”

“ഞാൻ സ്റ്റെംബാൺഫ്യൂറർ ഹോസ്റ്റ് ബെർഗർ... ഗെസ്റ്റപ്പോയിൽ നിന്നും...”

“ഓഹോ... ഇതിലും ഭേദം വല്ല ചെകുത്താനെയും ഇങ്ങോട്ട് അയക്കുന്നതായിരുന്നല്ലോ... ! ജർമ്മൻ‌കാരുമായി വളരെ നല്ല ബന്ധമായിരുന്നല്ലോ എനിക്ക്...”

“ഞാൻ വിചാരിച്ചതിലും ചെറിയ മനുഷ്യനാണല്ലോ നിങ്ങൾ... ഒന്ന് കൈ വയ്ക്കാനുള്ള വലിപ്പം പോലുമില്ല...”

ഡെവ്‌ലിൻ വീണ്ടും പുഞ്ചിരിച്ചു. “എന്നെ സംബന്ധിച്ചിടത്തോളം ഈ വിശേഷണത്തിൽ അത്ര പുതുമയൊന്നും ഇല്ല മകനേ...”

“നിങ്ങൾ എന്നോടൊപ്പം വന്നേ തീരൂ....” ബെർഗർ ആജ്ഞാപിച്ചു.

“പക്ഷേ, ഈ പുസ്തകം വായിച്ച് പകുതി എത്തിയതേയുള്ളല്ലോ... മിഡ്‌നൈറ്റ് കോർട്ട്... അതും ഐറിഷ് ഭാഷയിലുള്ളത്... പഴയ സാധനങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ കഴിഞ്ഞയാഴ്ച്ച കണ്ടെത്തിയതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ...?”

“ഈ നിമിഷം വരണം ഞങ്ങളോടൊപ്പം...” ബെർഗർ അലറി.

ഡെവ്‌ലിൻ അല്പം കൂടി ബിയർ അകത്താക്കി. “എനിക്കോർമ്മ വരുന്നത്, ഡോണീഗലിലെ ഒരു ദേവാലയത്തിൽ പണ്ടെങ്ങോ ഞാൻ കണ്ട ഒരു മദ്ധ്യകാലഘട്ട ചുമർച്ചിത്രമാണ്... വനത്തിലെ ഗുഹയിൽ നിന്നും പുറത്തിറങ്ങിയ ഭീകരമനുഷ്യനെ കണ്ട് ഭയന്ന് ചിതറിയോടുന്ന ജനങ്ങൾ... അയാൾ സ്പർശിച്ചവരെല്ലാം പ്ലേഗ് പിടിപെട്ട് മരിക്കുന്നു...”

“എഗ്ഗാർ....” ബെർഗർ ആംഗ്യം നൽകി.

അവിശ്വസനീയ വേഗതയിലായിരുന്നു ഡെവ്‌ലിന്റെ കരചലനം. കാൽമുട്ടിന് മുകളിലെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന വാൾട്ടർ ഗൺ എടുത്ത് പാതകത്തിന് മുകളിലൂടെ അദ്ദേഹം ഫയർ ചെയ്തു. വാതിലിന് സമീപം ചുമരിലെ പ്ലാസ്റ്ററിങ്ങ് അടർത്തി വെടിയുണ്ട കടന്നു പോയി. പോക്കറ്റിൽ നിന്നും തന്റെ പിസ്റ്റൾ പുറത്തെടുക്കാൻ ശ്രമിച്ച എഗ്ഗാറിന്റെ വലത് കൈപ്പത്തി തകർത്തുകൊണ്ടായിരുന്നു ഡെവ്‌ലിന്റെ രണ്ടാമത്തെ വെടിയുണ്ട കടന്നു പോയത്. വേദന കൊണ്ട് അലറി വിളിച്ച എഗ്ഗാർ പിറകോട്ട് മറിഞ്ഞ് ചുമരിലൂടെ ഊർന്ന് താഴേക്ക് വീണു. കൈയിൽ നിന്നും താഴെ വീണ അയാളുടെ പിസ്റ്റൾ അവിടെയുണ്ടായിരുന്ന ജിപ്സികളിലൊരുവൻ തട്ടിയെടുത്തു.

ഉറയിൽ സൂക്ഷിച്ചിരുന്ന മോസർ എടുക്കുവാനായി ബെർഗർ ജാക്കറ്റിനുള്ളിലേക്ക് കൈ തിരുകി. മേശപ്പുറത്തെ ബിയർ ഗ്ലാസ് എടുത്ത് ഡെവ്‌ലിൻ അയാളുടെ മുഖത്തേക്ക് കമഴ്ത്തി. ഒപ്പം തന്നെ മേശ തലകീഴായി തട്ടി മറിക്കുകയും ചെയ്തു. മേശയുടെ കാലുകളിലൊന്ന് ബെർഗറുടെ കീഴ്ത്താടിയിലാണ് ചെന്നിടിച്ചത്. അതിന്റെ ആഘാതത്തിൽ മുന്നോട്ടാഞ്ഞ അയാളുടെ കഴുത്തിൽ തോക്കിന്റെ പാത്തികൊണ്ട് ആഞ്ഞൊരു പ്രഹരവും നൽകി. അടി തെറ്റിയ ബെർഗറുടെ കോട്ടിനുള്ളിൽ നിന്നും മോസർ പുറത്തെടുത്ത് ഡെവ്‌ലിൻ ബാർ കൌണ്ടറിനപ്പുറത്തേക്ക് വലിച്ചെറിഞ്ഞു.

“നിങ്ങൾക്കുള്ള ചെറിയൊരു സമ്മാനമാണ് ബർബോസാ, ആ തോക്ക്...” ഡെവ്‌ലിൻ പറഞ്ഞു.

നന്ദിപൂർവ്വം പുഞ്ചിരിച്ചു കൊണ്ട് അയാൾ ആ തോക്ക് കുനിഞ്ഞെടുത്തു. കൈകളിൽ കത്തിയുമായി ജിപ്സികൾ അപ്പോഴേക്കും എഴുന്നേറ്റു കഴിഞ്ഞിരുന്നു. “നിങ്ങൾ എത്തിപ്പെട്ട സ്ഥലം എന്തായാലും കൊള്ളാം... തൊലി ഉരിക്കാനായി വേറെ എവിടെയും പോകേണ്ട ആവശ്യമില്ല...” ജിപ്സികളെ പരാമർശിച്ചു കൊണ്ട് ഡെവ്‌ലിൻ ബെർഗറോട് പറഞ്ഞു. “ഇവരെക്കുറിച്ച് നിങ്ങൾക്കറിയില്ല ബെർഗർ... ഗുഹയിൽ നിന്നും ഇറങ്ങി വരുന്ന ഭീകരമനുഷ്യനെപ്പോലും ഭയമില്ലാത്തവർ... അയാളുടെ ഒരു കണ്ണ് നഷ്ടമായതെങ്ങനെയാണെന്നറിയുമോ...? കാളപ്പോരിനിടയിൽ കൊമ്പ് കയറിയതാണ്...”

ബെർഗറുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. പുസ്തകം പോക്കറ്റിനുള്ളിൽ തിരുകിയിട്ട് ഡെവ്‌ലിൻ അയാളെ ഒന്ന് വലം വച്ചു. തോക്ക് അപ്പോഴും അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടായിരുന്നു. പിന്നെ എഗ്ഗാറിന്റെ അടുത്ത് ചെന്ന് അയാളുടെ വലതുകൈ ഉയർത്തി നോക്കി. “മൂന്നോ നാലോ വിരൽ സന്ധികൾ  തകർന്നിട്ടുണ്ടെന്നേയുള്ളൂ... ഒരു ഡോക്ടറുടെ ആവശ്യം എന്തായാലും വേണ്ടി വരും...” തോക്ക് പോക്കറ്റിൽ തിരുകിയിട്ട്, പോകുവാനായി ഡെവ്‌ലിൻ തിരിഞ്ഞു.

ബെർഗറിന് മതിയായിട്ടുണ്ടായിരുന്നില്ല. പുറത്തേക്ക് നടന്നു നീങ്ങുന്ന ഡെവ്‌ലിനെ പിടിക്കുവാനായി കൈകൾ വിടർത്തി അയാൾ മുന്നോട്ട് കുതിച്ചു. ഒരു വശത്തേക്ക് ഒഴിഞ്ഞു മാറിയ ഡെവ്‌ലിൻ, അയാൾ അരികിലെത്തിയതും തന്റെ വലത് കാൽ നീട്ടി അയാളുടെ മുട്ടിന് താഴെ ഒരു ഒരു തൊഴി കൊടുത്തു. നില തെറ്റി മുന്നോട്ടാഞ്ഞ ബെർഗറുടെ മുഖത്താണ് ഡെവ്‌ലിന്റെ രണ്ടാമത്തെ തൊഴിയേറ്റത്. അടക്കാനാവാത്ത വേദനയിൽ അലറിവിളിച്ച് പിന്നോട്ടാഞ്ഞ അയാൾ മാർബിൾ പാതകത്തിൽ പിടിച്ച് തൂങ്ങി പതുക്കെ താഴേക്കിരുന്നു. അയാളുടെ ദയനീയാവസ്ഥ കണ്ട ജിപ്സികൾ പൊട്ടിച്ചിരിക്കുവാൻ തുടങ്ങി.

“മക്കളേ... നിങ്ങൾ രണ്ട് പേരും ഒട്ടും പോരാ... പുതിയ അടവുകൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു...” ബെർഗറെയും എഗ്ഗാറിനെയും നോക്കി നിരാശാഭാവത്തിൽ തലയാട്ടിയിട്ട് ഡെവ്‌ലിൻ പുറത്തേക്ക് നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Saturday 20 May 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 10



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

ലിസ്ബനിലെ ജർമ്മൻ സ്ഥാനപതിയായിരുന്നു ബരോൺ ഓസ്‌വാൾഡ് ഫൊൺഹൊയ്നിങ്ങെൻ ഹൊനേ. നാസി ആശയങ്ങളോട് ഒട്ടും താല്പര്യമില്ലാത്ത അദ്ദേഹം ഷെല്ലെൻബെർഗിന്റെ ഉറ്റ സുഹൃത്ത് കൂടിയായിരുന്നു.  ഷെല്ലെൻബെർഗിനെ കണ്ട മാത്രയിൽ തന്നെ തന്റെ ആഹ്ലാദം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

“മൈ ഡിയർ വാൾട്ടർ... കണ്ടതിൽ വളരെ സന്തോഷം... ബെർലിനിൽ ഇപ്പോൾ എങ്ങനെയുണ്ട്...?”

“ഇവിടുത്തെക്കാൾ തണുപ്പ്...” ഫ്രഞ്ച് ജാലകത്തിലൂടെ പുറത്തേക്ക് കടന്ന് ടെറസിലെ മേശയ്ക്ക് ഇരുവശവുമായി അവർ ഇരുന്നു.

താഴെയുള്ള ഗാർഡനിൽ എമ്പാടും പൂക്കൾ വിരിഞ്ഞ് നിൽക്കുന്നു. വെള്ള ജാക്കറ്റ് ധരിച്ച ഓഫീസ് ബോയ്, കോഫി ട്രേ അവർക്ക് മുന്നിൽ കൊണ്ടു വച്ചു.

ഷെല്ലെൻബെർഗ് നെടുവീർപ്പിട്ടു. “ബെർലിനിലേക്ക് വരാതെ എന്തുകൊണ്ടാണ് നിങ്ങൾ ഇവിടെത്തന്നെ കടിച്ചു തൂങ്ങുന്നതെന്ന് എനിക്ക് മനസ്സിലാകുന്നു... ലിസ്ബൻ... ഇക്കാലത്ത് താമസിക്കാൻ ഏറ്റവും അനുയോജ്യമായ ഇടം...”

“സത്യം...” ബരോൺ പറഞ്ഞു. “എന്റെ സ്റ്റാഫിന്റെ ഏറ്റവും വലിയ പേടിസ്വപ്നം ഇവിടെ നിന്നും ഉള്ള സ്ഥലം മാറ്റമാണ്...” അദ്ദേഹം ഗ്ലാസിലേക്ക് കോഫി പകർന്നു. “ഈ സമയത്തുള്ള സന്ദർശനത്തിൽ എന്തോ പന്തികേടുണ്ടല്ലോ സുഹൃത്തേ... ഈ ക്രിസ്മസ് സായാഹ്നത്തിൽ തന്നെ...?”

“നിങ്ങൾക്കറിയാവുന്നതല്ലേ അങ്കിൾ ഹെയ്നിയുടെ കാര്യം... ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ സമയവും കാലവും ഒന്നും പ്രശ്നമല്ല...” SS സേനാംഗങ്ങൾ പലപ്പോഴും ഹിം‌ലറെക്കുറിച്ച് സംസാരിക്കുമ്പോൾ വിളിക്കുന്ന ഇരട്ടപ്പേരാണ് ഹെയ്നി.

“അപ്പോൾ വളരെ പ്രധാനപ്പെട്ട ഏതോ വിഷയമാണല്ലോ... പ്രത്യേകിച്ചും നിങ്ങളെത്തന്നെ അയച്ചപ്പോൾ...” ബരോൺ പറഞ്ഞു.

“ഒരാളെ കണ്ടു പിടിക്കണം നമുക്ക്... ഒരു ഐറിഷ്കാരൻ... ലിയാം ഡെവ്‌ലിൻ...” ഷെല്ലെൻബെർഗ് പേഴ്സിൽ നിന്നും ഡെവ്‌ലിന്റെ ഫോട്ടോ പുറത്തെടുത്ത് അദ്ദേഹത്തിന് കൈമാറി. “കുറേ നാൾ അബ്ഫെറിന് വേണ്ടി പ്രവർത്തിച്ചിരുന്നു... IRA യുടെ പോരാളിയാണ്... ഹോളണ്ടിലെ ഒരു ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ രക്ഷപെട്ടു... ഏറ്റവും ഒടുവിൽ നമുക്ക് ലഭിച്ച വിവരം അയാൾ ഇവിടെ അൽഫാമയിലെ ഏതോ ഒരു ക്ലബ്ബിൽ വെയ്റ്ററായി ജോലി നോക്കുകയാണെന്നാണ്...”

“ഓ, അത് ശരി...” ബരോൺ തല കുലുക്കി. “ഈ പറയുന്നയാൾ ഐറിഷ്കാരനാണെങ്കിൽ താൻ നിഷ്പക്ഷനാണെന്ന് പറഞ്ഞ് പിന്മാറാനാണ് സാദ്ധ്യത... വളരെ തന്ത്രപൂർവ്വം കൈകാര്യം ചെയ്യേണ്ടി വരും...”

“ഏയ്, അത്ര ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ല...” ഷെല്ലെൻബെർഗ് പറഞ്ഞു. അനുനയത്തിലൂടെ അയാളെ തിരിച്ചുകൊണ്ടുപോകാമെന്ന് കരുതുന്നു... അയാൾക്ക് നല്ല വരുമാനമുണ്ടാകുന്ന ഒരു ജോലി വാഗ്ദാനം ചെയ്യാനാണ് ഞാൻ വന്നിരിക്കുന്നത്...”

“ഫൈൻ...” ബരോൺ പറഞ്ഞു. “ഒരു കാര്യം ഓർമ്മ വേണം... ഈ പോർച്ചുഗീസുകാർ അവരുടെ നിഷ്പക്ഷതയ്ക്ക് അങ്ങേയറ്റം വില കല്പിക്കുന്നുണ്ട് ഇപ്പോൾ... പ്രത്യേകിച്ചും യുദ്ധത്തിൽ നാം പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ... എന്തായാലും നിങ്ങളെ സഹായിക്കാനായി പോലീസ് അറ്റാഷെ ക്യാപ്റ്റൻ എഗ്ഗാറിനെ ഞാൻ ഏർപ്പാടാക്കാം...” ഫോൺ എടുത്ത് അദ്ദേഹം ആർക്കോ നിർദ്ദേശം നൽകി. പിന്നെ റിസീവർ ക്രാഡിലിൽ വച്ചിട്ട് തിരിഞ്ഞു. “നിങ്ങളുടെ കൂടെ മറ്റൊരാളെക്കൂടി കണ്ടല്ലോ...”

“സ്റ്റെംബാൺഫ്യൂറർ ഹോസ്റ്റ് ബെർഗർ... ഗെസ്റ്റപ്പോയിൽ നിന്നുമാണ്...” ഷെല്ലെൻബെർഗ് പറഞ്ഞു.

“നിങ്ങളുടെ സ്വഭാവവുമായി ചേർന്ന് പോകുന്ന തരക്കാരനല്ലെന്ന് തോന്നുന്നു...?”

“റൈഫ്യുറർ എനിക്ക് തന്ന ക്രിസ്മസ് സമ്മാനമാണ്... എന്ത് ചെയ്യാം... സ്വീകരിക്കുകയല്ലാതെ മാർഗ്ഗമില്ലായിരുന്നു...”

“ഓ, അങ്ങനെയാണോ...?”

കതകിൽ തട്ടിയതിന് ശേഷം ഏകദേശം നാല്പത് വയസ്സ് മതിക്കുന്ന ഒരാൾ പ്രവേശിച്ചു. കട്ടി മീശയുള്ള അയാൾ ധരിച്ചിരുന്ന ബ്രൌൺ നിറത്തിലുള്ള സ്യൂട്ട് അയാൾക്ക് ചേരാത്തത് പോലെ തോന്നി. ഒരു തനി പോലീസുകാരൻ...

“ആഹ്... എഗ്ഗാർ...  ജനറൽ ഷെല്ലെൻബെർഗിനെ അറിയില്ലേ...?” ബരോൺ ചോദിച്ചു.

“തീർച്ചയായും... താങ്കളെ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം... 1940ൽ വിൻസർ ഇടപാടുമായി ബന്ധപ്പെട്ട് താങ്കൾ വന്നപ്പോൾ നാം തമ്മിൽ കണ്ടിരുന്നു...”

“അതെ... അതെക്കുറിച്ചെല്ലാം തൽക്കാലം നമുക്ക് മറക്കാം...” ഷെല്ലെൻബെർഗ്, ഡെവ്‌ലിന്റെ ഫോട്ടോ അയാൾക്ക് നീട്ടി. “ഇയാളെ നിങ്ങൾ കണ്ടിട്ടുണ്ടോ...?”

എഗ്ഗാർ അത് വാങ്ങി സൂക്ഷിച്ചു നോക്കി. “ഇല്ല ജനറൽ...”

“ഐറിഷ്കാരനാണ്... പഴയ IRA പോരാളി... ഒരു IRA പോരാളിയെ ‘പഴയ’  എന്ന് വിശേഷിപ്പിക്കാമോ എന്നറിയില്ല... വയസ്സ് മുപ്പത്തിയഞ്ച്... അബ്ഫെറിന് വേണ്ടി കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്... ഏറ്റവും ഒടുവിൽ ഞങ്ങൾക്ക് ലഭിച്ച വിവരം അയാൾ ഇവിടെ ഫ്ലമിംഗൊ എന്നൊരു ബാറിൽ ജോലി നോക്കുന്നു എന്നാണ്...”

“ആ സ്ഥലം എനിക്കറിയാം...”

“ഗുഡ്... എന്റെ സഹായി ഗെസ്റ്റപ്പോയിൽ നിന്നുള്ള മേജർ ബെർഗർ പുറത്ത് നിൽക്കുന്നുണ്ട്... അയാളോട് ഇങ്ങോട്ട് വരാൻ പറയൂ...”

എഗ്ഗാർ പോയി ബെർഗറെയും കൂട്ടി വന്നു. ഷെല്ലെൻബെർഗ് അവരെ അയാൾക്ക് പരിചയപ്പെടുത്തി. “ബരോൺ ഫൊൺ ഹൊയ്നിങ്ങെൻ ഹൊനേ... പോർച്ചുഗലിലെ ജർമ്മൻ സ്ഥാനപതി... പിന്നെ, ക്യാപ്റ്റൻ എഗ്ഗാർ... പോലീസ് അറ്റാഷെ...”

“സ്റ്റെംബാൺഫ്യൂറർ ഹോസ്റ്റ് ബെർഗർ...”  അറ്റൻഷനായി നിന്ന് അയാൾ സ്വയം പരിചയപ്പെടുത്തി.

“ഈ ഫ്ലമിംഗൊ എന്ന ബാർ  ക്യാപ്റ്റൻ എഗ്ഗാറിന് പരിചയമുണ്ട്... ഇയാളോടോപ്പം പോയി ഡെവ്‌ലിൻ അവിടെ വർക്ക് ചെയ്യുന്നുണ്ടോ എന്ന് അന്വേഷിക്കണം... അയാൾ അവിടെ ജോലി ചെയ്യുന്നു എന്ന് ഉറപ്പായാൽ യാതൊരു കാരണവശാലും... ഞാൻ ആവർത്തിക്കുന്നു... യാതൊരു കാരണവശാലും നിങ്ങൾ അയാളെ സന്ധിക്കാൻ പാടില്ല... പകരം എന്റെയടുത്ത് റിപ്പോർട്ട് ചെയ്യുക...”

ബെർഗർ തിരിഞ്ഞ് നിർവ്വികാരനായി വാതിലിന് നേർക്ക് നടന്നു. കതക് തുറക്കവെ ഷെല്ലെൻബെർഗ് കൂട്ടിച്ചേർത്തു. “1930 കളിൽ IRA യിൽ കുപ്രസിദ്ധി നേടിയ ഗൺ‌മാനായിരുന്നു ലിയാം ഡെവ്‌ലിൻ... രണ്ടുപേരും അക്കാര്യം ശരിക്കും ഓർത്തു വയ്ക്കുന്നത് നന്നായിരിക്കും...”

ആ പരാമർശം തന്നെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് ബെർഗറിന് ആ മാത്രയിൽ തന്നെ മനസ്സിലായിരുന്നു. “ഓർമ്മിക്കാം....” ചെറിയൊരു പുച്ഛഭാവത്തിൽ പുഞ്ചിരിച്ചിട്ട് അയാൾ തിരിഞ്ഞ് പുറത്തേക്ക് നടന്നു. പിന്നാലെ ക്യാപ്റ്റൻ എഗ്ഗാറും.

“വല്ലാത്തൊരു മനുഷ്യൻ .. അയാളെ ഒപ്പം കൂട്ടേണ്ടി വന്നത് കഷ്ടം തന്നെ...” ബരോൺ വാച്ചിലേക്ക് നോക്കി. “അഞ്ച് മണി കഴിഞ്ഞതേയുള്ളൂ, വാൾട്ടർ... അല്പം ഷാം‌പെയ്ൻ ആയാലോ...?”

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Saturday 13 May 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 9



ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

അഡ്മിറൽ വിൽഹെംകാനറിസിന് പ്രായം അമ്പത്തിയാറ്. ഒന്നാം ലോകമഹായുദ്ധകാലത്ത് ഒരു സബ്‌മറീൻ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച് വിശിഷ്ട ബഹുമതികൾ നേടിയതിനെ തുടർന്ന് മിലിട്ടറി ഇന്റലിജൻസ് വിഭാഗമായ അബ്ഫെറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 1935 മുതൽ അദ്ദേഹമാണ് അബ്ഫെറിനെ നയിക്കുന്നത്. ഒരു തികഞ്ഞ രാജ്യസ്നേഹി ആണെങ്കിലും നാഷണൽ സോഷ്യലിസം അഥവാ നാസിസം എന്ന പ്രത്യയശാസ്ത്രത്തിൽ ഒട്ടും സന്തോഷവാനായിരുന്നില്ല അദ്ദേഹം. ഹിറ്റ്‌ലർക്ക് നേരെയുണ്ടായിട്ടുള്ള വധശ്രമങ്ങൾക്കെല്ലാം തീർത്തും എതിരായിരുന്നുവെങ്കിലും നാസിസത്തിനെതിരെയുള്ള ജർമ്മൻ പ്രതിരോധ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുനാൾ പ്രവർത്തിച്ചു എന്നൊരു കളങ്കം അദ്ദേഹത്തിന് മേൽ പതിഞ്ഞുകഴിഞ്ഞിരുന്നു. അതാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ പതനത്തിലേക്കും പിന്നീട് വധശിക്ഷയിലേക്കും  വഴി തെളിയിച്ചത്.

ടിയർഗാർട്ടണിലെ മരങ്ങൾക്കിടയിലൂടെ കുതിരപ്പുറത്തേറി പതിവ് പ്രഭാത സവാരിയിൽ ഏർപ്പെട്ടിരിക്കുകയാണ് കാനറിസ്. കുതിരയുടെ കുളമ്പുകൾ പതിഞ്ഞ് മുകളിലേക്ക് തെറിക്കുന്ന മഞ്ഞുകണങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ വന്യമായൊരു ആവേശം നിറച്ചു. എവിടെ പോയാലും ഒപ്പം കാണാറുള്ള ഡാഷ്‌ഹണ്ട് ഇനത്തിൽ പെട്ട രണ്ട് നായ്ക്കൾ ഇരുവശത്തുമായി അകമ്പടി സേവിക്കുന്നുണ്ട്. മെഴ്സിഡിസ് കാറിനരികിൽ നിൽക്കുന്ന ഷെല്ലെൻബെർഗിനെ കണ്ടതും കൈ ഉയർത്തി വീശിയിട്ട് അദ്ദേഹം കുതിരയെ അങ്ങോട്ട് നയിച്ചു.

“ഗുഡ് മോണിങ്ങ്, വാൾട്ടർ... ഇന്ന് എന്തേ എന്റെയൊപ്പം വരാഞ്ഞത്...?” കാനറിസ് ചോദിച്ചു.

“ഇന്ന് പറ്റിയില്ല... ഒരു യാത്രയുണ്ട്... അതിന്റെ ഒരുക്കത്തിലാണ്...” ഷെല്ലെൻബെർഗ് പറഞ്ഞു.

കാനറിസ് കുതിരപ്പുറത്ത് നിന്നും ഇറങ്ങി. ഷെല്ലെൻബെർഗിന്റെ ഡ്രൈവർ കുതിരയുടെ കടിഞ്ഞാൺ ഏറ്റുവാങ്ങി. കാനറിസ് നീട്ടിയ സിഗരറ്റുമായി ഷെല്ലെൻബെർഗ് അദ്ദേഹത്തിനൊപ്പം തടാകത്തിനരികിലേക്ക് നടന്നു. പിന്നെ പാരപെറ്റിൽ ചാരി തടാകത്തിലേക്ക് വീക്ഷിച്ചു കൊണ്ട് ഇരുവരും നിന്നു.

“പ്രത്യേകിച്ച് എന്തെങ്കിലും...?”  കാനറിസ് ആരാഞ്ഞു.

“ഇല്ല... പതിവ് യാത്ര മാത്രം...” ഷെല്ലെൻബെർഗ് പറഞ്ഞു.

“കമോൺ വാൾട്ടർ... ഒളിച്ച് വയ്ക്കാതെ കാര്യം പറയൂ.... നിങ്ങളുടെ മനസ്സിൽ എന്തോ ഉണ്ട്...”

“ഓൾ റൈറ്റ്... വിഷയം ഓപ്പറേഷൻ ഈഗ്‌ൾ തന്നെ...” ഷെല്ലെൻബെർഗ് പറഞ്ഞു.

“അത് ശരി... അതുമായി എനിക്ക് ഒരു ബന്ധവുമില്ല...” കാനറിസ് പറഞ്ഞു. “അങ്ങനെയൊരു ആശയവുമായി ഫ്യൂറർ വന്നിരുന്നു... എന്തൊരു അസംബന്ധം...! യുദ്ധത്തിൽ നാം പരാജയപ്പെട്ടു എന്ന് ഏതാണ്ട് ഉറപ്പായിരിക്കുമ്പോഴാണ് ചർച്ചിലിനെ വധിക്കുവാൻ പോകുന്നത്...!”

“ഇത്തരം കാര്യങ്ങൾ ഉറക്കെ പറയുന്നത് സൂക്ഷിച്ച് വേണം...” പതിഞ്ഞ സ്വരത്തിൽ ഷെല്ലെൻബെർഗ് പറഞ്ഞു.

എന്നാൽ അത് അവഗണിച്ച് അദ്ദേഹം തുടർന്നു. “ഒരു സാദ്ധ്യതാ പഠനം നടത്തുവാൻ ഫ്യൂറർ എന്നോട് ആവശ്യപ്പെട്ടിരുന്നു... എനിക്കറിയാമായിരുന്നു രണ്ടോ മൂന്നോ ദിവസങ്ങൾ കഴിയുന്നതോടെ അദ്ദേഹം അക്കാര്യം മറക്കുമെന്ന്... മറക്കുകയും ചെയ്തു... എന്നാൽ ഹിം‌ലർ അത് മറന്നില്ല... പതിവ് പോലെ എന്റെ ജീവിതം ദുഃസ്സഹമാക്കണമെന്ന് അയാൾക്ക് നിർബന്ധമായിരുന്നു... ഞാൻ ഏറ്റവുമധികം വിശ്വസിച്ചിരുന്ന കീഴുദ്യോഗസ്ഥനായ മാക്സ് റാഡ്‌ലിനെ ഞാനറിയാതെ അയാൾ കൈയിലെടുത്തു. എന്നിട്ടോ ഒടുവിൽ എല്ലാം തകർന്ന് തരിപ്പണമായി... എനിക്കറിയാമായിരുന്നു ഒടുവിൽ അത് അങ്ങനെയേ ആയിത്തീരൂ എന്ന്...”

“പക്ഷേ, വിജയത്തിന് ഏതാണ്ട് തൊട്ടരികിൽ വരെ സ്റ്റെയ്നർ എത്തിയതായിരുന്നു...” ഷെല്ലെൻബെർഗ് പറഞ്ഞു.

“എന്ത് വിജയം വാൾട്ടർ...? സ്റ്റെയ്നറുടെ സാഹസികതയും ധീരതയും ഞാൻ നിഷേധിക്കുന്നില്ല... പക്ഷേ, അവർ പിന്തുടർന്ന ആ വ്യക്തി വിൻസ്റ്റൺ ചർച്ചിൽ പോലും ആയിരുന്നില്ല... യഥാർത്ഥ ചർച്ചിലിനെ എങ്ങാനും കടത്തിക്കൊണ്ടു വരാൻ അവർക്ക് സാധിച്ചിരുന്നുവെങ്കിൽ സ്ഥിതി മറിച്ചാകുമായിരുന്നു... എങ്കിൽ ഹിം‌ലറുടെ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയാകുമായിരുന്നു...”

“എന്തായാലും ഇപ്പോൾ കേൾക്കുന്നത് സ്റ്റെയ്നർ കൊല്ലപ്പെട്ടിട്ടില്ല എന്നാണ്...” ഷെല്ലെൻബെർഗ് പറഞ്ഞു. “അദ്ദേഹം ഇപ്പോൾ ലണ്ടൻ ടവറിൽ ഉണ്ടത്രെ...”

“അത് ശരി... അപ്പോൾ ആ റിവേറ തന്റെ കസിന്റെ സന്ദേശം ഹിം‌ലർക്കും കൈമാറി അല്ലേ...? പ്രതിഫലം ഇരട്ടിപ്പിക്കാനുള്ള അവരുടെ പതിവ് തന്ത്രം...” കാനറിസ് പുഞ്ചിരിച്ചു.

“ബ്രിട്ടീഷുകാർ ഇനി എന്ത് ചെയ്യുമെന്നാണ് താങ്കൾ കരുതുന്നത്...?”

“സ്റ്റെയ്നറുടെ കാര്യത്തിലോ...? യുദ്ധം അവസാനിക്കുന്നത് വരെ അയാളെ തടവിൽ പാർപ്പിക്കും... റുഡോൾഫ് ഹെസ്സിന്റെ കാര്യത്തിലെന്ന പോലെ... എന്തായാലും ഹിം‌ലർ ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കും... കാരണം, ഫ്യൂറർ ഇതേക്കുറിച്ച് അറിയാനിട വരുന്നത് അയാൾക്ക് ക്ഷീണമാണല്ലോ...”

“പക്ഷേ, ഫ്യൂറർ ഈ വാർത്ത അറിയാനിട വരില്ല എന്ന് താങ്കൾക്കുറപ്പാണോ...?” ഷെല്ലെൻബെർഗ് ചോദിച്ചു.

കാ‍നറിസ് ഉറക്കെ ചിരിച്ചു. “ഞാൻ അദ്ദേഹത്തോട് പോയി പറയുമെന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്...? ഇതിന് വേണ്ടിയായിരുന്നുവോ ഇത്രയും വളച്ചുകെട്ടി പറഞ്ഞു വന്നത്...? ഇല്ല വാൾട്ടർ... അല്ലെങ്കിൽ തന്നെ ആവശ്യത്തിലധികം തലവേദനയുണ്ട് എനിക്ക്... ഹിം‌ലറോട് പോയി പറഞ്ഞേക്കൂ, എന്നിൽ നിന്നും ഈ വാർത്ത പുറത്ത് പോകില്ല എന്ന്... മൌനം പാലിക്കാൻ അയാളും തയ്യാറാണെങ്കിൽ...”

പിന്തിരിഞ്ഞ് അവർ കാറിന് നേർക്ക് നടക്കുവാനാരംഭിച്ചു. “ആ വർഗാസ് ഇല്ലേ...? അയാളെ വിശ്വസിക്കാൻ കൊള്ളുമോ...?” ഷെല്ലെൻബെർഗ് ചോദിച്ചു.

കാനറിസിന്റെ മുഖം ഗൌരവം പൂണ്ടു. “ഇംഗ്ലണ്ടിലെ നമ്മുടെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് സമ്മതിക്കുവാൻ ഒരു മടിയുമില്ല എനിക്ക്... നമ്മുടെ ഏജന്റുകളെ പിടികൂടി അവരുടെ ആവശ്യങ്ങൾക്കായി ഉപകരിക്കുന്ന ഡബിൾ ഏജന്റുകളാക്കി മാറ്റാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല അവർക്ക്...”

“അപ്പോൾ വർഗാസ്...?” ഷെല്ലെൻബെർഗ് ആരാഞ്ഞു.

“ഉറപ്പിച്ച് ഒന്നും തന്നെ പറയാൻ കഴിയില്ല... എന്നാലും അയാൾ അത്തരക്കാരനല്ലെന്ന് തോന്നുന്നു... സ്പാനിഷ് എംബസി ഉദ്യോഗസ്ഥനാണയാൾ... വല്ലപ്പോഴും മാത്രമേ ഇത്തരം ജോലികൾക്ക് അയാൾ ഇറങ്ങിത്തിരിക്കാറുള്ളൂ... ഇംഗ്ലണ്ടിലുള്ള മറ്റ് ഏജന്റുകളുമായി യാതൊരു ബന്ധവുമില്ല അയാൾക്ക്...” അപ്പോഴേക്കും കാറിനരികിൽ എത്തിക്കഴിഞ്ഞിരുന്നു ഇരുവരും. കാനറിസ് പുഞ്ചിരിച്ചു. “വേറെ എന്തെങ്കിലും...?”

ഷെല്ലെൻബെർഗിന് ഒളിച്ചു വയ്ക്കാൻ കഴിയുമായിരുന്നില്ല. കാരണം കാനറിസിനെ അത്രയ്ക്കും ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. “താങ്കൾക്കറിയാമല്ലോ... റാസ്റ്റൻബർഗിൽ വച്ച് ഫ്യൂററുടെ നേർക്കുണ്ടായ വധശ്രമം... അതിൽ ഉൾപ്പെട്ടിരുന്ന ആ ചെറുപ്പക്കാരനായ ഓഫീസറുടെ കൈവശം ഉണ്ടായിരുന്ന ബോംബ് സമയമാകുന്നതിന് മുമ്പ് പൊട്ടുകയായിരുന്നു...”

“അയാൾക്ക് തീരെ ശ്രദ്ധയില്ലായിരുന്നു എന്ന് തോന്നുന്നു... വാൾട്ടർ, നിങ്ങൾ പറഞ്ഞു വരുന്നത് എന്താണ്...?”

“ദൈവത്തെയോർത്ത് താങ്കൾ കരുതിയിരിക്കണം... അത്ര നല്ല സമയമല്ല ഇത്...”

“വാൾട്ടർ... ഫ്യൂററെ വധിക്കുവാനുള്ള ഒരു ശ്രമത്തിനും ഞാൻ കൂട്ട് നിന്നിട്ടില്ല...” കുതിരപ്പുറത്ത് കയറി കടിഞ്ഞാൻ ചരട് അദ്ദേഹം കൈയിലെടുത്തു. “ഹിറ്റ്‌ലറുടെ മരണം ജനങ്ങൾ ഒരു പക്ഷേ ആഗ്രഹിക്കുന്നുണ്ടെങ്കിൽക്കൂടി... കാരണമെന്താണെന്ന് ഞാൻ പറയണോ വാൾട്ടർ...?”

“എനിക്കറിയാം താങ്കൾ പറയുമെന്ന്...”

“സ്റ്റാലിൻ‌ഗ്രാഡ്... ഫ്യൂറർക്ക് അക്കാര്യത്തിൽ പിണഞ്ഞ അമളിയ്ക്ക് നന്ദി പറയാം നമുക്ക്... മൂന്ന് ലക്ഷത്തിലധികം ഭടന്മാരെയാണ് നമുക്കവിടെ നഷ്ടമായത്... ഇരുപത്തിനാല് ജനറൽമാരടക്കം തൊണ്ണൂറ്റിയൊന്നായിരം പേരെ അവർ അവിടെ തടവുകാരായി പിടിച്ചു... നമുക്ക് ഇതു വരെ സംഭവിച്ചതിൽ വച്ചുള്ള ഏറ്റവും വലിയ പരാജയം... ഒന്നിന് പിറകെ ഒന്നായി... എല്ലാത്തിനും ഫ്യൂററോട് നന്ദി പറയാം നമുക്ക്...” കാനറിസ് പൊട്ടിച്ചിരിച്ചു. “ഈ പരാജയങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് എന്തിലേക്കാണെന്ന് ഇനിയും നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ വാൾട്ടർ...? അദ്ദേഹത്തിന്റെ തെറ്റായ തീരുമാനങ്ങൾ... ഫ്യൂറർ ജീവനോടെ ഇരിക്കുന്നതാണ് യുദ്ധം പെട്ടെന്ന് അവസാനിക്കുവാൻ നല്ലത്...”

അദ്ദേഹം കടിഞ്ഞാൻ ഇളക്കിയതും കുതിര മുന്നോട്ട് നീങ്ങി. പിന്നാലെ അകമ്പടിസേവകരാ‍യ നായ്ക്കളും. നിമിഷങ്ങൾക്കകം അവർ മരങ്ങൾക്കിടയിൽ അപ്രത്യക്ഷമായി.

                                                            ****
ഓഫീസിലെ ബാത്ത്‌റൂമിൽ ഇളം ചാര നിറത്തിലുള്ള സ്യൂട്ട് ധരിക്കുന്നതിനിടയിൽ ജാലകത്തിനപ്പുറം നിൽക്കുന്ന ഇൽ‌സ് ഹബ്ബറിനോട് സംസാരിക്കുകയായിരുന്നു ഷെല്ലെൻബെർഗ്. സ്റ്റെയ്നർ ജീവനോടെയിരിക്കുന്നു എന്ന കാര്യവും അദ്ദേഹത്തെ മോചിപ്പിച്ച് കൊണ്ടുവരുവാനുള്ള പദ്ധതിയും എല്ലാം അദ്ദേഹം അവളെ അറിയിച്ചു.

“എന്ത് തോന്നുന്നു നിനക്ക്...?” വാതിൽ തുറന്ന് പുറത്തിറങ്ങവെ അദ്ദേഹം ചോദിച്ചു. “ഒരു കെട്ടുകഥ പോലെ...?”

“കെട്ടുകഥയെക്കാൾ ഒരു ഹൊറർ സ്റ്റോറി പോലെ തോന്നുന്നു...” അദ്ദേഹത്തിന്റെ കറുത്ത ലെതർ‌കോട്ട് നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.

“മാഡ്രിഡിൽ ഇറങ്ങി ഇന്ധനം നിറച്ചതിന് ശേഷമായിരിക്കും പിന്നീടുള്ള ഞങ്ങളുടെ യാത്ര... വൈകുന്നേരത്തോടെ ലിസ്ബനിൽ എത്തിച്ചേരും...” അദ്ദേഹം പറഞ്ഞു.

കോട്ട് അണിഞ്ഞതിന് ശേഷം ഷെല്ലെൻബെർഗ് തന്റെ ഹാറ്റ് നേരെ പിടിച്ച് വച്ചിട്ട് അവൾ തയ്യാറാക്കി വച്ചിരുന്ന ബാഗ് എടുത്തു. “ഏറിയാൽ രണ്ട് ദിവസത്തിനുള്ളിൽ പുതിയ വിവരങ്ങളുമായി റിവേറ എത്തുമെന്ന് പ്രതീക്ഷിക്കുന്നു... അഥവാ ഇനി കണ്ടില്ലെങ്കിൽ ഒരു മുപ്പത്തിയാറ് മണിക്കൂർ കൂടി വെയ്റ്റ് ചെയ്യുക... പിന്നെ അയാളെ വിളിച്ച് ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കുക...” അദ്ദേഹം അവൾക്കരികിലെത്തി.

“ടേക്ക് കെയർ ഇൽ‌സ്... സീ യൂ സൂൺ...” അവളുടെ കവിളിൽ മുത്തം നൽകിയിട്ട് ഷെല്ലെൻബെർഗ് ധൃതിയിൽ പുറത്തേക്കിറങ്ങി.

                                                            ****

JU52 ആയിരുന്നു വിമാനം. മൂന്ന് എൻ‌ജിനുകൾ ഉണ്ട് എന്നതായിരുന്നു കൊറുഗേറ്റഡ് മെറ്റൽ കൊണ്ട് നിർമ്മിച്ച ആ ജങ്കേഴ്സ് വിമാനത്തിന്റെ പ്രത്യേകത. ബെർലിൻ നഗരത്തിന്റെ പ്രാന്തപ്രദേശത്തെ എയർ‌ബേസിൽ നിന്നും ഉയർന്ന് കഴിഞ്ഞതും സീറ്റ് ബെൽറ്റ് അഴിച്ചു മാറ്റി ഷെല്ലെൻബെർഗ് തന്റെ ബ്രീഫ്കെയ്സ് എടുത്തു. ഇടനാഴിയുടെ മറുവശത്തെ സീറ്റിൽ ഇരുന്നിരുന്ന ബെർഗർ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു.

“ഹെർ അഡ്മിറലിന് സുഖം തന്നെയല്ലേ ജനറൽ...?” ബെർഗർ ചോദിച്ചു.

താൻ അഡ്മിറലിനെ കാണാൻ പോയ കാര്യം ഇയാൾ എങ്ങനെ അറിഞ്ഞു...! ഇയാൾ അപകടകാരി തന്നെ എന്നതിൽ സംശയമില്ല...

“പതിവ് പോലെ ആരോഗ്യവാനായിരിക്കുന്നു...” ഒന്ന് പുഞ്ചിരിച്ചിട്ട് ഷെല്ലെൻബെർഗ് പറഞ്ഞു.

ബ്രീഫ്കെയ്സ് തുറന്ന് അദ്ദേഹം ഡെവ്‌ലിനെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തെടുത്ത് വായിക്കുവാനാരംഭിച്ചു. പിന്നെ അതിനോടൊപ്പം പിൻ ചെയ്തിരിക്കുന്ന ഡെവ്‌ലിന്റെ ഫോട്ടോയിലേക്ക് നോക്കി അല്പനേരം ഇരുന്നു. മനസ്സ് ഏകാഗ്രമാക്കുവാൻ കഴിയുന്നില്ല... ബ്രീഫെകെയ്സ് അടച്ചു വച്ചിട്ട് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി ഇരിക്കവെ അഡ്മിറൽ കാനറിസിന്റെ വാക്കുകൾ തികട്ടിയെത്തി.

ഫ്യൂറർ ജീവനോടെ ഇരിക്കുന്നതാണ് യുദ്ധം പെട്ടെന്ന് അവസാനിക്കുവാൻ നല്ലത്...

പറിച്ചെറിയാനാകാത്ത വിധം ആ ചിന്ത അദ്ദേഹത്തിന്റെ മസ്തിഷ്കത്തിൽ പിന്നെയും പിന്നെയും ഭ്രമണം ചെയ്തുകൊണ്ടിരുന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...