Saturday, 22 April 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 6ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വിവൽ‌സ്ബർഗ് എന്ന ചെറുപട്ടണത്തിൽ വെസ്റ്റ്ഫാലിയക്ക് സമീപം പാഡർബോണിൽ ആയിരുന്നു ആ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത്. 1934 ൽ ആണ് ഹെൻ‌ട്രിച്ച് ഹിം‌ലർ പ്രാദേശിക ഭരണകൂടത്തിൽ നിന്നും വിവൽ‌സ്ബർഗ് കൊട്ടാരം ഏറ്റെടുക്കുന്നത്. SS സേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള പരിശീലനകേന്ദ്രമായി ഉപയോഗിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. ലക്ഷക്കണക്കിന് പണം ചെലവഴിച്ച് നടത്തിയ പുനഃരുദ്ധാരണം കഴിഞ്ഞതോടെ MGM ലെ സ്റ്റേജ് - 6 നോട് കിടപിടിക്കും വിധം ബൃഹത്തായിക്കഴിഞ്ഞിരുന്നു ആ കൊട്ടാരം.   പ്രധാനമായും മൂന്ന് സമുച്ചയങ്ങളും ഗോപുരവും ഉള്ള ആ നിർമ്മിതിക്ക് ചുറ്റും പ്രതിരോധത്തിനായി ആഴമുള്ള കിടങ്ങും തീർത്തിട്ടുണ്ട്. കൊട്ടാരത്തിന്റെ ദക്ഷിണ സമുച്ചയത്തിലാണ് റൈഫ്യൂറർ ഹെൻ‌ട്രിച്ച് ഹിം‌ലറുടെ രാജകീയ വസതി. അതിനുള്ളിലെ അതിവിശാലമായ ഡൈനിങ്ങ് ഹാളിലാണ് പ്രത്യേകം ക്ഷണിക്കപ്പെടുന്ന SS ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച്ചയും വിരുന്നും നടക്കാറുള്ളത്. റോമൻ-ബ്രിട്ടീഷ് വാഴ്ച്ചക്കാലത്തെ പ്രമുഖനായിരുന്ന കിങ്ങ്  ആർതറിന്റെ പ്രൌഢഗംഭീരമായ ജീവിതശൈലിയോടുള്ള അഭിനിവേശമാണ് ഇത്തരത്തിലുള്ള ആഡംബര ജീവിതം തെരഞ്ഞെടുക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് വേണമെങ്കിൽ പറയാം.

ഡിസംബറിലെ ആ സായാഹ്നത്തിൽ, കൊട്ടാരത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന മെഴ്സെഡിസ് കാറിന്റെ പിൻ‌സീറ്റിൽ ഇരുന്ന് വാൾട്ടർ ഷെല്ലെൻബർഗ് സിഗരറ്റിന് തീ കൊളുത്തി. ഏതാണ്ട് പത്ത് മൈൽ കൂടിയുണ്ടാകും യാത്ര. റൈഫ്യൂററെ സന്ധിക്കുവാനുള്ള ആജ്ഞ മദ്ധ്യാഹ്നത്തോടെയായിരുന്നു ബെർലിനിൽ ലഭിച്ചത്.  കൂടിക്കാഴ്ച്ചയുടെ ഉദ്ദേശ്യം എന്താണെന്ന് സുചിപ്പിച്ചിട്ടില്ല. എന്തായാലും സ്ഥാനക്കയറ്റമൊന്നും ആയിരിക്കില്ല എന്നത് അദ്ദേഹത്തിന് തീർച്ചയായിരുന്നു.

ഇതിന് മുമ്പും പല തവണ താൻ വിവൽ‌സ്ബർഗ് കൊട്ടാരം സന്ദർശിച്ചിട്ടുള്ളതാണ്. SD ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് കൊട്ടാരത്തിന്റെ രൂപഘടന പോലും വിശദമായി പഠിച്ചിട്ടുള്ളതിനാൽ അതിലെ മുക്കും മൂലയും വരെ സുപരിചിതമാണ്. ഹിം‌ലറുടെ ആ ഡൈനിങ്ങ് ടേബിളിന് ചുറ്റും കൂടിക്കാഴ്ച്ചയ്ക്കായി വന്നിരിക്കാറുള്ളത്  അദ്ദേഹത്തെപ്പോലെ തന്നെ മായിക ലോകത്തിൽ കഴിയുന്ന സ്വപ്നജീവികളാണെന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം മീറ്റിങ്ങുകളോടുള്ള താല്പര്യം തനിക്ക് പണ്ടേ അവസാനിച്ചതാണ്.

കൊട്ടാരത്തിലെ ചിട്ടവട്ടങ്ങൾക്ക് വിപരീതമായി ഷെല്ലെൻബർഗ് ധരിച്ചിരുന്നത് SS സേനയുടെ കറുത്ത യൂണിഫോമായിരുന്നു. ഇടതുഭാഗത്തായി ഫസ്റ്റ് ക്ലാസ് അയേൺ ക്രോസ് ബാഡ്ജ് അണിഞ്ഞിരിക്കുന്നു.

“എന്തൊരു ലോകത്താണ് നാം ജീവിക്കുന്നത്...!” കാർ കൊട്ടാരത്തിലേക്കുള്ള റോഡിലേക്ക് തിരിയവെ അദ്ദേഹം മന്ത്രിച്ചു. ചെറുതായി മഞ്ഞ് വീഴുന്നുണ്ട്.  ഈ ഭ്രാന്താലയം നടത്തിക്കൊണ്ടു പോകുന്നത് ആരാണെന്ന് പലപ്പോഴും അത്ഭുതം തോന്നുന്നു...

ഒരു മന്ദഹാസത്തോടെ അദ്ദേഹം പിറകോട്ട് ചാരിയിരുന്നു. പഠനകാലത്ത് എപ്പോഴോ ഒരു കവിളിൽ ഏറ്റ മുറിവടയാളം അദ്ദേഹത്തിന്റെ ആകർഷകത്വത്തിന് ഒട്ടും മങ്ങൽ ഏൽപ്പിച്ചിട്ടില്ല. യൂണിവേഴ്സിറ്റി ഓഫ് ബോണിൽ പഠിക്കുന്ന കാലത്തിന്റെ ഓർമ്മക്കുറിപ്പാണത് എന്ന് വേണമെങ്കിൽ പറയാം. ഭാഷാ പഠനത്തിൽ അങ്ങേയറ്റം മിടുക്കനായിരുന്നുവെങ്കിലും വൈദ്യശാസ്ത്രം പഠിക്കുവാനാനാണ് അദ്ദേഹം അവിടെ എത്തിച്ചേർന്നത്. ഏതാനും മാസങ്ങൾക്ക് ശേഷം അത് മതിയാക്കി അദ്ദേഹം നിയമശാസ്ത്രത്തിലേക്ക് തിരിഞ്ഞു. 1933 ൽ ജർമ്മനിയുടെ അവസ്ഥ പരിതാപകരമായിരുന്നു. ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവർ പോലും തൊഴിൽ തേടി അലഞ്ഞിരുന്ന കാലം.

ആ സമയത്താണ് SS സേന അതിന്റെ ഉന്നത ശ്രേണിയിലേക്ക് അഭ്യസ്തവിദ്യരായ യുവാക്കളെ റിക്രൂട്ട് ചെയ്യുവാൻ ആരംഭിച്ചത്. മറ്റ് പലരെയും എന്ന പോലെ ഷെല്ലെൻബർഗും രാഷ്ട്രീയ താല്പര്യങ്ങളെക്കാൾ ഉപരി, ഒരു തൊഴിൽ എന്ന നിലയിലാണ് SS സേനയിൽ ചേരുവാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ ഭാഷാനൈപുണ്യം ശ്രദ്ധയിൽ പെട്ട ഹെയ്ഡ്രിച്ച്, SS സേനയുടെ സുരക്ഷാ വിഭാഗമായ SD യിലേക്ക് സ്ഥാനക്കയറ്റം നൽകി. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട ഇന്റലിജൻസ് ജോലികളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന് നൽകിയത്. ഇന്റലിജൻസ് ഏജൻസിയായ അബ്ഫെറുമായി പലപ്പോഴും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിന്റെ തലവനായ അഡ്മിറൽ കാനറീസുമായി വളരെ നല്ല ബന്ധമായിരുന്നു അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നത്. ഒന്നിന് പിറകെ ഒന്നായി വിജയകരമായി പൂർത്തിയാക്കിയ പല ദൌത്യങ്ങളും മുകളിലേക്കുള്ള അദ്ദേഹത്തിന്റെ കുതിപ്പിന് വേഗതയേകി. മുപ്പത് വയസ്സ് ആയപ്പോഴേക്കും SS ബ്രിഗേഡ്ഫ്യൂറർ, മേജർ ജനറൽ ഓഫ് പോലീസ് എന്നീ ഉന്നത സ്ഥാനങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു അദ്ദേഹം.

ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും നാസി ആശയങ്ങളിൽ ഒട്ടും താല്പര്യവാനായിരുന്നില്ല ഷെല്ലെൻബർഗ്. തങ്ങളുടെ ജീവൻ രക്ഷിച്ചതിന് അദ്ദേഹത്തോട് കടപ്പാടുള്ള ധാരാളം ജൂതവംശജർ ഉണ്ടായിരുന്നു അക്കാലത്ത്. കോൺസൻ‌ട്രേഷൻ ക്യാമ്പുകളിലേക്കുള്ള യാത്രാസംഘങ്ങളെ സ്വീഡനിലേക്ക് വഴിതിരിച്ചു വിട്ട് രക്ഷിച്ചിട്ടുണ്ട് അദ്ദേഹം. അത്യന്തം അപകടകരമായ പ്രവൃത്തിയായിരുന്നു അതെങ്കിലും തന്റെ മനഃസാക്ഷിയെ വഞ്ചിക്കുവാൻ ആകുമായിരുന്നില്ല അദ്ദേഹത്തിന്.  അതുകൊണ്ട് മാത്രം അനേകം ശത്രുക്കളെ അദ്ദേഹം സമ്പാദിച്ചു കൂട്ടി. ഒരേയൊരു കാരണം കൊണ്ട് മാത്രമാണ് അദ്ദേഹം ഇപ്പോഴും ജീവനോടെയിരിക്കുന്നത്... അദ്ദേഹത്തിന്റെ കുശാഗ്രബുദ്ധിയും കഴിവുകളും ഹിം‌ലറിന് ആവശ്യമായിരുന്നു എന്നത്കൊണ്ട് മാത്രം...

കൊട്ടാരത്തിന് ചുറ്റുമുള്ള കിടങ്ങിനുള്ളിൽ വെള്ളമുണ്ടായിരുന്നില്ല. ഹിമകണങ്ങൾ മാത്രം... പാലം കടന്ന് ഗേറ്റിനരികിലേക്ക് കാർ നീങ്ങവെ ഒന്നുകൂടി പിറകോട്ട് ചാരിക്കിടന്നുകൊണ്ട് അദ്ദേഹം മന്ത്രിച്ചു. “വൈകിപ്പോയി വാൾട്ടർ... വളരെ വൈകിപ്പോയി... ഒരു തിരിച്ചുപോക്ക് അസാദ്ധ്യമാം വിധം വൈകിപ്പോയി...”

                                                                ****

സൌത്ത് വിങ്ങിലുള്ള  ഹിം‌ലറുടെ ഓഫീസിന് മുന്നിൽ എത്തിയതും യൂണിഫോം ധാരിയായ ഒരു SS സാർജന്റ് അദ്ദേഹത്തെ സ്വീകരിച്ച് ഉള്ളിലേക്ക് കൊണ്ടുപോയി. ഹിം‌ലറുടെ സ്വകാര്യ മുറിയുടെ തൊട്ടു മുന്നിലെ ഓഫീസിൽ അദ്ദേഹത്തിന്റെ പേഴ്സണൽ അസിസ്റ്റന്റ് റോസ്മാൻ ഇരിക്കുന്നുണ്ട്.

“മേജർ...”  ഷെല്ലെൻബർഗ് അയാളുടെ ശ്രദ്ധ ക്ഷണിച്ചു.

തലയുയർത്തിയ റോസ്മാൻ സാർജന്റിനോട് പുറത്ത് പോകുവാൻ ആംഗ്യം കാണിച്ചു.

“താങ്കളെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം, ജനറൽ... അദ്ദേഹം കാത്തിരിക്കുകയാണ്... പിന്നെ, ഒരു കാര്യം... അത്ര നല്ല മൂഡിലല്ല അദ്ദേഹം...” റോസ്മാൻ പറഞ്ഞു.

“അത് ഞാൻ ഓർമ്മ വച്ചോളാം...”

റോസ്മാൻ തുറന്നു കൊടുത്ത വാതിലിലൂടെ ഷെല്ലെൻബർഗ് ഉള്ളിലേക്ക് പ്രവേശിച്ചു. ഭംഗിയായി അലങ്കരിച്ച് ധാരാളം ഫർണിച്ചർ ഉള്ള വിശാലമായ മുറി. വലിയ നെരിപ്പോടിനുള്ളിൽ എരിയുന്ന വിറകു കഷണങ്ങൾ... അതിനരികിലായി ധാരാളം ഫയലുകൾ അടുക്കിവച്ചിരിക്കുന്ന മേശയുടെ പിറകിൽ പേപ്പറിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്ന റൈഫ്യൂറർ... പതിവിന് വിപരീതമായി യൂണിഫോമിൽ ആയിരുന്നില്ല അദ്ദേഹം. വെള്ള ഷർട്ടും കറുത്ത സ്യൂട്ടും ധരിച്ച അദ്ദേഹത്തെ കണ്ടതും ക്രൂരനായ ഒരു സ്കൂൾ അദ്ധ്യാപകന്റെ രൂപമാണ് ഷെല്ലെൻബർഗിന് ഓർമ്മ വന്നത്.

“ജനറൽ ഷെല്ലെൻബർഗ്... നിങ്ങൾ എത്തി അല്ലേ...?” തലയുയർത്തി ഹിം‌ലർ ചോദിച്ചു.

ഒരു താക്കീതിന്റെ ഗന്ധം ആ വാക്കുകളിൽ ഉണ്ടായിരുന്നത് ഷെല്ലെൻബർഗ് തിരിച്ചറിഞ്ഞു. “താങ്കളുടെ സന്ദേശം ലഭിച്ച നിമിഷം തന്നെ ഞാൻ ബെർലിനിൽ നിന്നും പുറപ്പെട്ടു... എന്ത് ഉത്തരവാദിത്വമാണ് ഞാൻ ഏറ്റെടുക്കേണ്ടത്, റൈഫ്യൂറർ...?”

“ഓപ്പറേഷൻ ഈഗ്‌ൾ... ആ ചർച്ചിൽ ദൌത്യം... വേറെ ഡ്യൂട്ടിയിൽ  തിരക്കിലായിരുന്നതുകൊണ്ടാണ് അന്ന്  നിങ്ങളെ ഞാനത് ഏൽപ്പിക്കാതിരുന്നത്... എന്നിരുന്നാലും അതേക്കുറിച്ചുള്ള വിശദാംശങ്ങൾ എല്ലാം തന്നെ ഇപ്പോൾ നിങ്ങൾക്കറിയാമായിരിക്കുമല്ലോ...”

“തീർച്ചയായും, റൈഫ്യൂറർ...”

പൊടുന്നനെ ഹിം‌ലർ വിഷയം മാറ്റി. “ഷെല്ലെൻബർഗ്... ഹൈക്കമാന്റിൽ ഉള്ള പല അംഗങ്ങളുടെയും രാജ്യദ്രോഹ പ്രവൃത്തികളെക്കുറിച്ച് അങ്ങേയറ്റം ഉത്കണ്ഠാകുലനാണ് ഞാൻ... ഉദാഹരണത്തിന്, കഴിഞ്ഞയാഴ്ച്ച റാസ്റ്റൻബർഗിൽ ഹെഡ്‌ക്വാർട്ടേഴ്സിനുള്ളിലേക്ക് കാർ ഓടിച്ച് കയറ്റുവാ‍ൻ ശ്രമിച്ച ഒരു ജനറൽ സ്വയം പൊട്ടിത്തെറിച്ചു... ഫ്യൂറർ ഹിറ്റ്‌ലറുടെ മേലുള്ള മറ്റൊരു വധശ്രമം...”

“ശരിയാണ്, റൈഫ്യൂറർ...”

ഹിം‌ലർ എഴുന്നേറ്റ് ഷെല്ലെൻബർഗിന്റെ ചുമലിൽ കൈ വച്ചു. “നിങ്ങളും ഞാനും... SS സേനയിലെ അംഗങ്ങൾ എന്ന നിലയിൽ നാം ഒരു പ്രതിജ്ഞയെടുത്തിട്ടുണ്ട്... എന്ത് വില കൊടുത്തും ഫ്യൂററുടെ ജീവൻ സംരക്ഷിച്ചിരിക്കും എന്ന പ്രതിജ്ഞ... എന്നിട്ടും ചില ജനറൽമാർ അദ്ദേഹത്തിന്റെ ജീവനെടുക്കുവാനായി നടത്തുന്ന ഗൂഢാലോചനകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല...”

“പക്ഷേ, അതിന് പ്രത്യക്ഷ തെളിവുകൾ ഒന്നും ഇല്ലല്ലോ, റൈഫ്യൂറർ...” പൂർണ്ണമായും ശരിയല്ലെങ്കിലും ഷെല്ലെൻബർഗ് അഭിപ്രായപ്പെട്ടു.

രൂക്ഷമായി അദ്ദേഹത്തെ ഒന്ന് നോക്കിയിട്ട് ഹിം‌ലർ തുടർന്നു. “ജനറൽ വോൺ സ്റ്റ്യൂപ്‌നാഗെൽ, വോൺ എ‌ൻഹ്യൂസെൻ, എന്തിന്, നിങ്ങളുടെ ഉറ്റ സുഹൃത്ത് അഡ്മിറൽ വിൽഹെം കാനറീസ് പോലും... എന്താ അത്ഭുതം തോന്നുന്നുവോ ഷെല്ലെൻബർഗ്...?”

കഴിയുന്നതും ശാന്തനായിരിക്കുവാൻ ഷെല്ലെൻബർഗ് ശ്രദ്ധിച്ചു. ഒരു പക്ഷേ അദ്ദേഹത്തിന്റെ വായിൽ നിന്നും പുറത്ത് വരുന്ന അടുത്ത പേര് തന്റേതായിരിക്കാം...

“അതേക്കുറിച്ച് ഞാനിപ്പോൾ എന്ത് പറയാനാണ് റൈഫ്യൂറർ...?”

“പിന്നെ, ജനങ്ങളുടെ ഹീറോയായ ഡെസർട്ട് ഫോക്സ് എന്ന് അറിയപ്പെടുന്ന ജനറൽ റോമൽ... എന്താ‍ പോരേ...?”

“മൈ ഗോഡ്...!”  ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടുന്നതായി ഷെല്ലെൻബർഗ് നടിച്ചു. കാരണം ആ സന്ദർഭത്തിന് ഏറ്റവും അനുയോജ്യം അത് മാത്രമായിരുന്നു.

“പിന്നെ, തെളിവ്...” ഹിം‌ലർ മുരണ്ടു. “ഇങ്ങനെയൊരു പ്രസ്താവനയ്ക്ക് മുതിരുമ്പോൾ അതിനുള്ള സകല തെളിവുകളും എന്റെ കൈവശമുണ്ടെന്ന് കൂട്ടിക്കോളൂ... അവരുടെയെല്ലാം ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു...” അദ്ദേഹം തിരികെ ചെന്ന് കസേരയിൽ ഇരുന്നു. “വർഗാസ് എന്നൊരു ഏജന്റുമായി  നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ടോ...?” അദ്ദേഹം തന്റെ മുന്നിലുള്ള പേപ്പറിൽ ഒന്ന് നോക്കിയിട്ട് തലയുയർത്തി. “ഒരു ഹൊസേ വർഗാസ്....?”

“അയാളെ എനിക്കറിയാം... അബ്ഫെറിന്റെ കോൺ‌ടാക്റ്റ് ലിസ്റ്റിൽ ഉള്ള വ്യക്തിയാണ്... ലണ്ടനിലെ സ്പാനിഷ് എംബസിയിൽ കൊമേർഷ്യൽ അറ്റാഷെ ആയി ജോലി ചെയ്യുന്നു... വളരെ അപൂർവ്വമായി മാത്രമേ നമുക്ക് അയാളുടെ സഹായം തേടേണ്ടി വന്നിട്ടുള്ളൂ...”

“അയാൾക്ക് ഒരു കസിൻ ഉണ്ട്... ഇവിടെ ബെർലിനിലെ സ്പാനിഷ് എംബസിയിൽ കൊമേർഷ്യൽ അറ്റാഷെ ആയി ജോലി ചെയ്യുന്നു... പേര് യുവാൻ റിവേറാ... ശരിയല്ലേ...?” ഹിം‌ലർ തലയുയർത്തി.

“അങ്ങനെയാണ് മനസ്സിലാക്കാൻ കഴിഞ്ഞത്, റൈഫ്യൂറർ... ലണ്ടനിൽ നിന്നുള്ള ഡിപ്ലോമാറ്റിക്ക് മെയിലുകളിലെ വിവരങ്ങൾ അധികവും അയാൾ ചോർത്തും... ഏറിയാൽ മുപ്പത്തിയാറ് മണിക്കൂറുകൾക്കുള്ളിൽ അത് ഇവിടെ ബെർലിനിലുള്ള അയാളുടെ കസിന്റെ കൈകളിൽ എത്തിയിരിക്കും... തീർച്ചയായും നിയമവിരുദ്ധ പ്രവൃത്തി തന്നെയാണത്...”

“അതിന് നമുക്ക് ദൈവത്തോട് നന്ദി പറയാം...” ഹിം‌ലർ പറഞ്ഞു.“ഈ ഓപ്പറേഷൻ ഈഗ്‌ൾ ഉണ്ടല്ലോ... അതിന്റെ എല്ലാ വിവരങ്ങളും നിങ്ങൾക്ക് അറിയാമെന്നല്ലേ പറഞ്ഞത്...?”

“അതെ, റൈഫ്യൂറർ...” ആത്മവിശ്വാസത്തോടെ ഷെല്ലെൻബർഗ് പറഞ്ഞു.

“എന്നാൽ ചെറിയൊരു പ്രശ്നമുണ്ടിവിടെ, ജനറൽ... ഫ്യൂറർ അങ്ങനെയൊരു ആഗ്രഹം അന്ന് പ്രകടിപ്പിച്ചു എന്നത് നേരാണ്... പക്ഷേ, നടക്കാൻ സാദ്ധ്യതയില്ലാത്ത ഒരു മനോഹര സ്വപ്നം എന്നേ അതിനെ വിശേഷിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ... അഡ്മിറൽ കാനറീസിനെക്കൊണ്ട് അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന ഒരു വിശ്വാസവും എനിക്കുണ്ടായിരുന്നില്ല... ഒരു നാസി സാമ്രാജ്യം എന്നത് അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിൽ എവിടെയും ഉണ്ടെന്ന് തോന്നുന്നില്ല... അതുകൊണ്ടാണ് അബ്ഫെറിലെ തന്നെ ഉദ്യോഗസ്ഥനായ കേണൽ റാഡ്‌ലിന് ആ ദൌത്യത്തിന്റെ ചുമതല ഞാൻ ഏൽപ്പിച്ചു കൊടുത്തത്...  ഒരു ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന അയാൾക്ക് ഇനി രക്ഷപെടാനുള്ള സാദ്ധ്യത വിരളമാണെന്നാണ് അറിയാൻ കഴിഞ്ഞത്...”

“അപ്പോൾ ഈ ദൌത്യത്തെക്കുറിച്ച് ഫ്യൂറർ തികച്ചും അജ്ഞനാണെന്നാണോ താങ്കൾ പറഞ്ഞു വരുന്നത്...?” കരുതലോടെ ഷെല്ലെൻബർഗ് ചോദിച്ചു.  

“മൈ ഡിയർ ഷെല്ലെൻബർഗ്... യുദ്ധവും അതിനോട് ബന്ധപ്പെട്ട സകലതിന്റെയും പൂർണ്ണ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ ചുമലിലാണ്... അദ്ദേഹത്തിന്റെ ചുമലിലെ ഭാരം കഴിയുന്നിടത്തോളം പങ്കിട്ടെടുക്കുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്...”

“തീർച്ചയായും, റൈഫ്യൂറർ...”

“ഓപ്പറേഷൻ ഈഗ്‌ൾ...  കരുതലോടെ അങ്ങേയറ്റം ബുദ്ധിപരമായി  രൂപം കൊടുത്തതെങ്കിലും അവസാനം അത് പരാജയപ്പെടുകയാണുണ്ടായത്...  അങ്ങനെയൊരു പരാജയത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഫ്യൂററുടെ മേശപ്പുറത്ത് കൊണ്ട് വയ്ക്കുവാൻ ആരാണ് ധൈര്യപ്പെടുക...?”  ഷെല്ലെൻബർഗ് എന്തെങ്കിലും പറയുവാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം തുടർന്നു. “അങ്ങനെയിരിക്കുമ്പോഴാണ് ഈ സന്ദേശം എന്റെ കൈവശമെത്തുന്നത്... ലണ്ടനിൽ നിന്നും വർഗാസ് വഴി ഇവിടെ ബെർലിനിൽ അയാളുടെ കസിൻ റിവേറയുടെ കൈകളിലെത്തിയ ഈ സന്ദേശം...”

ഹിം‌ലർ നീട്ടിയ ആ പേപ്പർ വാങ്ങി വായിച്ചു നോക്കിയ ഷെല്ലെൻബർഗ് അത്ഭുതസ്തബ്ധനായി.

“അവിശ്വസനീയം...! കുർട്ട് സ്റ്റെയ്നർ ജീവനോടെയിരിക്കുന്നു...!”

“അതെ... ലണ്ടൻ ടവറിൽ...” ഹിം‌ലർ ആ പേപ്പർ തിരികെ വാങ്ങി.

“അധികം നാൾ അദ്ദേഹത്തെ അവിടെ പാർപ്പിക്കാൻ അവർക്കാവില്ല...” ഷെല്ലെൻബർഗ് പറഞ്ഞു. “എന്തൊക്കെ പറഞ്ഞാലും അതീവസുരക്ഷ ആവശ്യമുള്ള തടവുകാരെ ദീർഘകാലത്തേക്ക് താമസിപ്പിക്കാൻ പറ്റിയ ഇടമല്ല ലണ്ടൻ ടവർ... റുഡോൾഫ് ഹെസ്സിനെ മാറ്റിയത് പോലെ അധികം വൈകാതെ സ്റ്റെയ്നറെയും അവിടെ നിന്നും മാറ്റാനാണ് സാദ്ധ്യത...”

“സ്റ്റെയ്നറുടെ വിഷയത്തിൽ വേറെന്തെങ്കിലും അഭിപ്രായം...?”

“അദ്ദേഹം അവരുടെ പക്കൽ ആണെന്ന കാര്യം രഹസ്യമാക്കി വയ്ക്കാനേ അവർ ശ്രമിക്കൂ... അല്ലാതെ വേറൊന്നുമില്ല...”

“എന്തുകൊണ്ടാണ് നിങ്ങൾ അങ്ങനെ പറയുന്നത്...?”

“കാരണം, ഓപ്പറേഷൻ ഈഗ്‌ൾ എന്ന് പറയുന്നത് ഏതാണ്ട് വിജയകരമായിരുന്നു എന്നത് തന്നെ...”

“പക്ഷേ, ചർച്ചിൽ, ചർച്ചിൽ അല്ലായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്...” ഹിം‌ലർ ഓർമ്മിപ്പിച്ചു. “നമ്മുടെ ഇന്റലിജൻസ് വൃത്തങ്ങൾ പിന്നീട് അത് സ്ഥിരീകരിച്ചിട്ടുള്ളതുമാണ്...”

“തീർച്ചയായും, റൈഫ്യൂറർ... പക്ഷേ, ജർമ്മൻ പാരാട്രൂപ്പേഴ്സ് ഇംഗ്ലീഷ് മണ്ണിൽ ഇറങ്ങി എന്നതും രക്തരൂഷിതമായ പോരാട്ടം കാഴ്ച്ചവച്ചു എന്നതും അനിഷേദ്ധ്യ വസ്തുതയാണ്... അക്കാര്യം പരസ്യമാകുകയാണെങ്കിൽ ബ്രിട്ടീഷ് ജനതയുടെ മേൽ അത് ഏൽപ്പിക്കുന്ന ആഘാതം പ്രവചനാതീതമായിരിക്കും... അവരുടെ SOE യും അതിന്റെ തലവനായ ബ്രിഗേഡിയർ ഡോഗൽ മൺ‌റോയുമാണ് ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത് എന്നത് തന്നെ അതിന്റെ ഏറ്റവും വലിയ തെളിവാണ്...”

“ഈ ബ്രിഗേഡിയർ മൺ‌റോയെ നിങ്ങൾക്കറിയാമോ...?”

“പേര് കൊണ്ട് അറിയാം... വളരെ പ്രഗത്ഭനായ ഓഫീസറാണ്, റൈഫ്യൂറർ...”

“ഈ വിവരം അഡ്മിറൽ കാനറീസിനെയും അറിയിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്... അദ്ദേഹം എങ്ങനെയായിരിക്കും ഇതിനോട് പ്രതികരിക്കുക എന്നാണ് നിങ്ങൾ കരുതുന്നത്...?” ഹിം‌ലർ ചോദിച്ചു.

“ഒരു രൂപവുമില്ല, റൈഫ്യൂറർ...”

“തിരികെ ബെർലിനിൽ ചെല്ലുമ്പോൾ അദ്ദേഹത്തെ സന്ദർശിക്കണം... എന്നിട്ട് അതെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം എന്താണെന്ന് അറിയാൻ പറ്റുമോ എന്ന് നോക്കുക... എന്റെ ഊഹം ശരിയാണെങ്കിൽ ഈ വാർത്തയുമായി ഒരിക്കലും അദ്ദേഹം ഫ്യൂററുടെ അടുത്തേക്കോടില്ല...” ഹിം‌ലർ മറ്റൊരു പേപ്പർ കൈയിലെടുത്ത് വായിച്ചു നോക്കി. “ഈ സ്റ്റെയ്നറെപ്പോലെയുള്ളവരെ മനസ്സിലാക്കാൻ ഇനിയും എനിക്ക് സാധിക്കുന്നില്ല...  വാർ ഹീറോ... Knight’s Cross with Oak Leaves... ധിഷണാശാലിയായ വീരയോദ്ധാവ്... എന്നിട്ടും അയാൾ തന്റെ ഔദ്യോഗിക ജീവിതം പാടെ നശിപ്പിച്ചു... വാഴ്സയിൽ വച്ച് ഏതോ ഒരു നശിച്ച ജൂതപ്പെണ്ണിനെ രക്ഷപെടാൻ സഹായിച്ചതു വഴി... ഓപ്പറേഷൻ ഈഗ്‌ൾ എന്ന ദൌത്യം വന്നതുകൊണ്ട് മാത്രമാണ് സൂയിസൈഡ് സ്ക്വാഡിൽ നിന്നും അയാൾക്കും സഹപ്രവർത്തകർക്കും മോചനം ലഭിച്ചത്...” അദ്ദേഹം പേപ്പർ താഴെ വച്ചു. “പിന്നെ ആ ഐറിഷ്‌കാരൻ... അത് വേറെ വിഷയം...”

“ആര്, ഡെവ്‌ലിനോ...?”

“അതെ... ഒരു വല്ലാത്ത മനുഷ്യൻ തന്നെ... ഈ അയർലണ്ട്‌കാരുടെ സ്വഭാവം തന്നെ അത്ര ശരിയല്ല... എല്ലാം ഒരു തമാശയാണെന്നാണ് വിചാരം...”

“പക്ഷേ, ലഭ്യമായ റിപ്പോർട്ടുകൾ വച്ച് നോക്കിയാൽ തന്റെ ജോലി എന്താണെന്ന് അയാൾക്ക് വളരെ നന്നായി അറിയാം...”

“ഞാൻ യോജിക്കുന്നു... പക്ഷേ, പണത്തിന് വേണ്ടി മാത്രമാണ് അയാൾ അതിനെല്ലാം സമ്മതിച്ചതെന്ന് ഓർക്കണം... ഹോളണ്ടിലെ ആ ഹോസ്പിറ്റലിൽ നിന്നും അയാൾക്ക് രക്ഷപെടാനായത് അവിടുത്തെ ജോലിക്കാരിൽ ആരുടെയോ അശ്രദ്ധ കൊണ്ട് മാത്രമാണ്...”

“ശരിയാണ്, റൈഫ്യൂറർ...”

“എനിക്ക് ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം അയാൾ ഇപ്പോൾ ലിസ്ബനിലാണുള്ളത്...” ഹിം‌ലർ പറഞ്ഞു. “വിശദ വിവരങ്ങൾ ഇതാ ഇതിലുണ്ട്... അമേരിക്കയിലേക്ക് കടക്കുവാനുള്ള ശ്രമത്തിലാണയാൾ... പക്ഷേ, പണമില്ല... ഏതോ ഒരു മദ്യശാലയിൽ ബാർമാൻ ആയി ജോലി നോക്കുകയാണിപ്പോൾ...”

ആ പേപ്പറുകൾ ഒന്ന് ഓടിച്ചു നോക്കിയിട്ട് ഷെല്ലെൻബർഗ് ചോദിച്ചു. “ഈ വിഷയത്തിൽ ഞാൻ എന്ത് ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്, റൈഫ്യൂറർ...?”

“ഇന്ന് രാത്രി തന്നെ നിങ്ങൾ ബെർലിനിലേക്ക് മടങ്ങുന്നു... നാളെ ലിസ്ബനിലേക്ക് പറക്കുക... എന്നിട്ട് ആ റൌഡി ഡെവ്‌ലിനെ കണ്ടുപിടിച്ച് അയാളെയും കൂട്ടി മടങ്ങുക... അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നും ആയിരിക്കില്ല അതെന്നാണ് എനിക്ക് തോന്നുന്നത്... ഓപ്പറേഷൻ ഈഗ്‌ളിൽ പങ്കാളിയാവുന്നതിന് റാഡ്‌ൽ അയാൾക്ക് നൽകിയത് ഇരുപതിനായിരം പൌണ്ടാണ്... ജനീവയിലെ അയാളുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് അത് ട്രാൻസ്ഫർ ചെയ്തത്...” ഹിം‌ലർ ചെറുതായൊന്ന് പുഞ്ചിരിച്ചു. “പണത്തിന് വേണ്ടി എന്തും ചെയ്യും അയാൾ... അത്തരക്കാരനാണ് അയാൾ... അന്ന് കൊടുത്ത അതേ തുക തന്നെ വാഗ്ദാനം ചെയ്യുക... സമ്മതിക്കുന്നില്ലെങ്കിൽ തുക ഒന്നുകൂടി ഉയർത്തുക... മുപ്പതിനായിരം പൌണ്ട് വരെ കൊടുക്കുവാനുള്ള അനുമതി ഞാൻ തന്നിരിക്കുന്നു...”

“പക്ഷേ എന്തിന് വേണ്ടി, റൈഫ്യൂറർ...?”

“എന്തിനു വേണ്ടിയെന്നോ...? സ്റ്റെയ്നറെ രക്ഷപെടുത്തുവാനായി... നിങ്ങൾക്കത് മനസ്സിലായിക്കാണുമെന്നായിരുന്നു ഞാൻ കരുതിയത്... ഈ സാമ്രാജ്യത്തിന്റെ വീരപുരുഷനാണ് ആ മനുഷ്യൻ... യഥാർത്ഥ ഹീറോ... ബ്രിട്ടീഷുകാർക്ക് അങ്ങനെ വിട്ടു കൊടുക്കാനാവില്ല നമുക്ക് അയാളെ...”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

26 comments:

 1. ഈ ലക്കം ജർമ്മനിയിൽ ആവട്ടെ...

  ReplyDelete
 2. അങ്ങനെ അങ്ങ് വിട്ടുകൊടുക്കാൻ പറ്റുവോ....
  ജീവൻ പോയാലും അവസാന ശ്വാസം വരെ കൂടെ നിൽക്കും

  ReplyDelete
  Replies
  1. എന്നാൽ പിന്നെ റെഡിയായിക്കോ സതീഷേ.... ലിസ്ബനിലേക്കുള്ള ടിക്കറ്റ് റെഡി...

   Delete
 3. അപ്പൊ കഥ പുരോഗമിയ്ക്കട്ടെ

  ReplyDelete
 4. കുര്‍ട്ട് സ്റ്റേയ്നര്‍ ജീവനോടെ ഇരിക്കുന്നു.
  അതാണ്‌ ട്വിസ്റ്റ്‌

  ReplyDelete
 5. ഹോ, കഴുകന്മാര്‍ക്കിടയിലെ മാടപ്രാവ്. നമ്മടെ ഷെല്ലെന്‍ബര്‍ഗ്.
  ഹെന്റെ ജര്‍മ്മന്‍ ദൈവങ്ങളെ, ശെല്ലനെ കാത്തോണേ

  ReplyDelete
 6. അടിപൊളി .

  പുതിയ കഥാപാത്രം നമ്മുടെ പഴയ ഡെവ്‌ലിനേം തപ്പിയെടുത്ത്‌ സ്റ്റെയ്നറെ രക്ഷിക്കാനിറങ്ങുന്നു.

  ശ്വാസം മുട്ടിപ്പിക്കുന്ന ത്രസിപ്പൻ സീനുകൾക്കായി കാത്തിരിക്കട്ടെ.

  ReplyDelete
  Replies
  1. തീർച്ചയായും ഉണ്ടാകും സുധീ...

   Delete
 7. കഥയുടെ ദിശ ഏകദേശം തെളിഞ്ഞു വരുന്നു.

  ReplyDelete
 8. ഷെല്ലെൻബർഗ്... ഇനിയെന്തുചെയ്യും?

  ReplyDelete
 9. ഡെവ്ലിനെ കൊണ്ടുവരുന്നതിൽ വല്ല ചതിയുമുണ്ടോവിനുവേട്ടാ..? ഒറ്റ എണ്ണത്തിനേയും വിശ്വസിക്കുവാൻ കഴിയുന്നില്ല.

  ReplyDelete
  Replies
  1. ജാക്ക് ഹിഗ്ഗിൻസിനെ വായിച്ച് വായിച്ച് ആരെയും വിശ്വസിക്കാൻ പറ്റാതെയായി അല്ലേ അശോകേട്ടാ...

   Delete
 10. ഞാൻ ഇട്ട കമന്റ് എവിടെ?
  എന്തായാലും കഥ നല്ല സംഭവബഹുലമാവും കാത്തിരുന്നു കാണാം.

  ReplyDelete
  Replies
  1. ആ കമന്റ് ഹൊസേ വർഗാസ് ഡിപ്ലോമാറ്റിക്ക് മെയിലിൽ ബെർലിനിൽ എത്തിച്ചിട്ടുണ്ട് ശ്രീജിത്തേ.... :)

   Delete
 11. "ഈ സാമ്രാജ്യത്തിന്റെ വീരപുരുഷനാണ് ആ മനുഷ്യൻ... യഥാർത്ഥ ഹീറോ... ബ്രിട്ടീഷുകാർക്ക് അങ്ങനെ വിട്ടു കൊടുക്കാനാവില്ല നമുക്ക് അയാളെ...”

  ദതാണ്!!

  ReplyDelete
  Replies
  1. അതെ... കേണൽ കുർട്ട് സ്റ്റെയ്നർ... ദി റിയൽ ലെജന്റ്...

   Delete
 12. ഇനി സംഭവബഹുലമായ
  സംഗതികൾ ജർമ്മൻ മണ്ണിൽ
  വെച്ചതായിരിക്കും നടക്കുക അല്ലെ

  ReplyDelete
  Replies
  1. തുടക്കം ജർമ്മൻ മണ്ണിലാണെങ്കിലും ത്രസിപ്പിക്കുന്ന രംഗങ്ങൾ അധികവും ഇംഗ്ലിഷ് മണ്ണിൽ തന്നെയായിരിക്കും മുരളിഭായ്...

   Delete
 13. ശ്വാസം അടക്കിപ്പിടിച്ചിരുന്നാണ് വായിച്ചത്‌. ഈ കഥാപാത്രങ്ങളുടെ ഒക്കെ പേരുകൾ ഓർത്തിരിക്കാൻ ഇത്തിരി പാടാണ്....

  ReplyDelete
  Replies
  1. കഥാപാത്രങ്ങളുടെ പേരുകൾ ഓർത്തിരിക്കാൻ വിഷമം തോന്നുന്നത് നോവലിന്റെ ഒന്നാംഭാഗം വായിക്കാത്തതുകൊണ്ടാണ് ഗീതാജീ... ഈഗിൾ ഹാസ് ലാന്റഡ് വായിച്ചവർക്ക് സുപരിചിതമാണ് ഈ പേരുകൾ...

   Delete
 14. വരുന്നു.....
  ആശംസകള്‍

  ReplyDelete