Friday, 31 March 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 4ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ലണ്ടനിൽ ഐറിഷ് വംശജർ തിങ്ങിപ്പാർക്കുന്ന പ്രദേശമായ കിൽബേണിലെ ഗ്രീൻ മാൻ എന്ന ഇടത്തരം ബാറിന് മുന്നിൽ ഞാൻ ടാക്സിയിൽ നിന്നും ഇറങ്ങി. ഏതോ ഐറിഷ് ചിത്രകാരൻ രചിച്ച മനോഹരമായ ഒരു പെയ്ന്റിങ്ങ് വാതിലിന് മുകളിലായി കൊളുത്തിയിട്ടിരിക്കുന്നു. ബാറിൽ നല്ല തിരക്കുണ്ടെന്നുള്ളത് ചില്ല് ജാലകത്തിലൂടെ വ്യക്തം. മുറ്റത്ത് കൂടി മുന്നോട്ട് നീങ്ങിയ ഞാൻ പിൻ‌ഭാഗത്തെത്തി. പാതി വകഞ്ഞ് മാറ്റിയ ജാലകശീലക്കരികിലെ മേശക്ക് മുന്നിൽ അയാൾ ഇരിക്കുന്നുണ്ടായിരുന്നു. പറ്റെ വെട്ടിയ നരച്ച മുടിയുള്ള എഴുപത്തിരണ്ടുകാരനായ ഷോൺ റാലി തികഞ്ഞ ഉത്സാഹത്തോടെ തന്റെ മുന്നിലെ പുസ്തകത്തിൽ വരവ് ചെലവുകൾ കുറിച്ചുകൊണ്ടിരിക്കുകയാണ്. ആ ബാറിന്റെ ഉടമ എന്നതിലുപരി ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ പൊളിറ്റിക്കൽ വിങ്ങ് ആയ സിൻ ഫെന്നിന്റെ ലണ്ടനിലെ സംഘാടകൻ എന്നതിനായിരുന്നു പ്രാമുഖ്യം. മെല്ലെ ഞാൻ ജാലകത്തിൽ തട്ടിയതും അയാൾ എത്തി നോക്കി. അല്പനേരത്തിന് ശേഷം വാതിൽ തുറന്ന് അയാൾ പുറത്തേക്ക് വന്നു.

“മിസ്റ്റർ ഹിഗ്ഗിൻസ്.... എന്താണിപ്പോൾ ഈ വഴി...?”

“കയറാൻ നേരമില്ല ഷോൺ... ഹീത്രുവിലേക്ക് പോകുന്ന വഴിയാണ്...”

“അതിപ്പോൾ വലിയ കാര്യമൊന്നുമല്ലല്ലോ... ഒഴിവുകാലം ആഘോഷിക്കാനായിരിക്കുമല്ലേ...?”

“അല്ല... ബെൽഫാസ്റ്റിലേക്കാണ്... അവസാനത്തെ ഷട്ട്ൽ ട്രെയിൻ പിടിക്കാൻ ഇനി സമയമുണ്ടെന്ന് തോന്നുന്നില്ല... ഇതാവുമ്പോൾ പുലർച്ചയ്ക്കുള്ള ഫ്ലൈറ്റിൽ കയറിക്കൂടാം... ലിയാം ഡെവ്‌ലിന് ഒരു സന്ദേശം കൊടുത്തേക്കൂ... യൂറോപ്പാ ഹോട്ടലിലായിരിക്കും ഞാൻ തങ്ങുന്നതെന്നും അത്യാവശ്യമായി എനിക്ക് അദ്ദേഹത്തെ കാണേണ്ട ആവശ്യമുണ്ടെന്നും...”

“മൈ ഗോഡ്...!  മിസ്റ്റർ ഹിഗ്ഗിൻസ്, ഇങ്ങനെ പെട്ടെന്നൊക്കെ ആവശ്യപ്പെട്ടാൽ ഞാനെങ്ങനെ അറിയാനാണ് അദ്ദേഹം ഇപ്പോൾ എവിടെയാണുള്ളതെന്ന്...?”

തുറന്ന വാതിലിലൂടെ ഒഴുകി വരുന്ന സംഗീതം എനിക്ക് കേൾക്കാമായിരുന്നു. ‘Guns of the IRA’ എന്ന വിപ്ലവഗാനമായിരുന്നു അത്. “തർക്കിക്കാൻ നിൽക്കാതെ പറഞ്ഞ കാര്യം ചെയ്യൂ ഷോൺ... വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിനാണ്...”  ഞാൻ പറഞ്ഞു.

കൂടുതലൊന്നും പറയാൻ നിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു. എനിക്കറിയാമായിരുന്നു അയാൾ അത് ചെയ്യുമെന്ന്. റോഡിലിറങ്ങിയ ഞാൻ ഒരു ടാക്സി വിളിച്ച് ഹീത്രുവിലേക്ക് നീങ്ങി.

                                                     ****

ലോകമെമ്പാടുമുള്ള മാദ്ധ്യമപ്രവർത്തകരുടെയിടയിൽ പ്രശസ്തമാണ് ബെൽഫാസ്റ്റിലെ യൂറോപ്പാ ഹോട്ടൽ. റെയിൽ‌വേ സ്റ്റേഷന് തൊട്ടടുത്തുള്ള ഗ്രേറ്റ് വിക്ടോറിയ സ്ട്രീറ്റിൽ തലയുയർത്തി നിൽക്കുന്ന ആ ഹോട്ടൽ നിരവധി തവണ IRA യുടെ ബോംബിങ്ങിനെ അതിജീവിച്ചിട്ടുള്ളതാണ്. എട്ടാം നിലയിലുള്ള എന്റെ റൂമിലാണ് പകൽ മുഴുവനും ഞാൻ കഴിച്ചുകൂട്ടിയത്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ശാന്തമായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞതോടെ ബോംബിങ്ങ് ആരംഭിച്ചു. അധികം അകലെയല്ലാതെ ഉയരുന്ന കറുത്ത പുകച്ചുരുളുകളുടെ ദൃശ്യം ജനാലയിലുടെ കാണാമായിരുന്നു.

ആറു മണി കഴിഞ്ഞ് ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. താഴെ ബാറിൽ പോയി ഒരു ഡ്രിങ്ക് ആകാം എന്ന് കരുതി ജാക്കറ്റ് എടുത്ത് ധരിച്ചതും ടെലിഫോൺ ശബ്ദിച്ചു.

“മിസ്റ്റർ ഹിഗ്ഗിൻസ്...? റിസപ്ഷനിൽ നിന്നാണ്... താങ്കൾക്കുള്ള ടാക്സി എത്തിയിട്ടുണ്ട്...”

     ****

ലണ്ടനിൽ കാണുന്ന തരത്തിലുള്ള ബ്ലാക്ക് ക്യാബ് ആയിരുന്നു അത്. ചിരപരിചിതം എന്ന് തോന്നും വിധം പ്രസന്നഭാവമുള്ള ഒരു മദ്ധ്യവയസ്കയായിരുന്നു ഡ്രൈവർ. ഞങ്ങൾക്കിടയിലെ ഗ്ലാസ് പാനൽ ലേശം വലിച്ചു മാറ്റി ബെൽഫാസ്റ്റ് രീതിയിൽ അവരെ ഞാൻ അഭിവാദ്യം ചെയ്തു.

“ഗുഡ് നൈറ്റ് റ്റു യൂ...”

“താങ്കൾക്കും...”

“ഒരു വനിതാ ക്യാബ് ഡ്രൈവറെ കണ്ടുമുട്ടുക എന്നത് വളരെ വിരളമാണല്ലോ... ലണ്ടനിൽ ഏതായാലും കാണാൻ കഴിയില്ല...”  ഞാൻ പറഞ്ഞു.

“ലണ്ടൻ... അവിടുത്തെ കാര്യം കഷ്ടം തന്നെ... ആങ്ഹ്... മിണ്ടാതെ അവിടെ ഇരുന്ന് യാത്ര ആസ്വദിക്കൂ...”

ഒരു കൈ കൊണ്ട് അവർ ആ ഗ്ലാസ് പാനൽ വലിച്ചടച്ചു. ഏറിയാൽ പത്ത് മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ യാത്ര. എന്റെ കുട്ടിക്കാലം ചെലവഴിച്ച ഫാൾസ് റോഡ് താണ്ടി ജനനിബിഡമായ തെരുവുകളിലൂടെ നീങ്ങിയ കാർ ഒരു ദേവാലയത്തിന്റെ മുന്നിൽ നിന്നു. അവർ ആ ഗ്ലാസ് പാനൽ തുറന്നു.

“നേരെ ചെല്ലുമ്പോൾ വലത് ഭാഗത്ത് ആദ്യം കാണുന്ന കുമ്പസാരക്കൂട്...”  അവർ പറഞ്ഞു.

“ശരി...”

ഞാൻ പുറത്തിറങ്ങിയതും പെട്ടെന്ന് തന്നെ അവർ കാർ ഓടിച്ചു പോയി.  ദേവാലയത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബോർഡിൽ ‘Church of the Holy Name’ എന്ന് വളരെ ഭംഗിയായി എഴുതിയിരിക്കുന്നു.  അതിന് ചുവടെയായി കുർബാനയുടെയും കുമ്പസാരത്തിന്റെയും സമയക്രമങ്ങൾ സുവർണ്ണലിപികളിൽ കുറിച്ചിട്ടുണ്ട്. പടവുകൾ കയറി കവാടത്തിനരികിലെത്തിയ ഞാൻ വാതിൽ തള്ളിത്തുറന്ന് ഉള്ളിൽ പ്രവേശിച്ചു. അധികമൊന്നും വിശാലമല്ലാത്ത ഒരു ഹാൾ ആയിരുന്നു അത്. അൾത്താരയിൽ മുനിഞ്ഞു കത്തുന്ന മെഴുകുതിരികളുടെ മങ്ങിയ വെട്ടം... പെട്ടെന്നുള്ള പ്രേരണയാൽ പരിശുദ്ധജലത്തിൽ വിരലുകൾ മുക്കി ഞാൻ കുരിശു വരച്ചു. കുട്ടിക്കാലമാണ് അപ്പോൾ എന്റെ ഓർമ്മയിലെത്തിയത്. കത്തോലിക്കാ വിശ്വാസിയായ ആന്റി ആയിരുന്നു അന്ന് എന്നെ നോക്കി വളർത്തിയിരുന്നത്. എന്റെ കുഞ്ഞു ഹൃദയത്തിൽ ഉടലെടുത്തിരുന്ന പ്രൊട്ടസ്റ്റന്റ് ചിന്താഗതിയിൽ രോഷാകുലയായിരുന്നു അവർ.

ഹാളിന്റെ ഒരു വശത്തായി നിരനിരയായിട്ടായിരുന്നു കുമ്പസാരക്കൂടുകൾ ഒരുക്കിയിരുന്നത്. എന്നാൽ അവയിൽ ഒന്നിന്റെ മുന്നിൽപ്പോലും ആരും തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നില്ല. അതിൽ അതിശയിക്കേണ്ട കാര്യവുമില്ല... കാരണം, പുറമെയുള്ള ബോർഡിൽ സൂചിപ്പിച്ചിരിക്കുന്നത് വച്ച് നോക്കിയാൽ ഞാൻ ഒരു മണിക്കൂർ നേരത്തെയാണ് എത്തിയിരിക്കുന്നത്. വലത് വശത്ത് കണ്ട ആദ്യത്തെ ക്യാബിനുള്ളിലേക്ക് കയറി വാതിൽ അടച്ചിട്ട് ഞാൻ സ്റ്റൂളിൽ ഇരുന്നു. ഒരു നിമിഷത്തേക്ക് ഇരുട്ടിലകപ്പെട്ട എന്റെ മുന്നിൽ ആ കിളിവാതിൽ തുറക്കപ്പെട്ടു.

“യെസ്...?” അപ്പുറത്തു നിന്നും പതിഞ്ഞ സ്വരം ഞാൻ കേട്ടു.

എന്റെ മറുപടി സ്വാഭാവികമായിരുന്നു. “എന്നെ അനുഗ്രഹിക്കണം ഫാദർ... പല പാപങ്ങളും ചെയ്തിട്ടുണ്ട് ഞാൻ... അതെല്ലാം പൊറുക്കണം...”

“നീ ഒരുപാട് പാപങ്ങൾ ചെയ്തിട്ടുണ്ടെന്നതിൽ എനിക്ക് ഒരു സംശയവുമില്ല മകനേ...”

കിളിവാതിലിനപ്പുറത്തെ ക്യാബിനുള്ളിൽ തെളിഞ്ഞ വെള്ളി വെളിച്ചത്തിൽ ലിയാം ഡെവ്‌ലിൻ എന്നെ നോക്കി പുഞ്ചിരിച്ചു.

                                                     ****

നല്ല ആരോഗ്യവാൻ തന്നെ ഇപ്പോഴും അദ്ദേഹം. കഴിഞ്ഞ തവണ ഞാൻ കണ്ടതിൽ നിന്നും കുറച്ചു കൂടി നന്നായിരിക്കുന്നുവെങ്കിലേ ഉള്ളൂ. റൂത്ത് കോഹനോട് ഞാൻ പറഞ്ഞത് പോലെ തന്നെ അറുപത്തിയേഴാമത്തെ വയസ്സിലും ഊർജ്വസ്വലനായി ഇരിക്കുന്നു അദ്ദേഹം. ചൈതന്യം സ്ഫുരിക്കുന്ന മുഖവും നീലക്കണ്ണുകളും കറുത്ത മുടിയുമുള്ള ഒരു ശരാശരി മനുഷ്യൻ. നെറ്റിയുടെ ഇടത് ഭാഗത്തായി പണ്ടെങ്ങോ വെടിയുണ്ടയേറ്റതിന്റെ അടയാളം. സകലതിനോടുമുള്ള സ്ഥായിയായ പരിഹാസഭാവം ഇപ്പോഴും അതുപോലെ തന്നെ. വൈദികന്റെ ളോഹയും അനുബന്ധ വേഷവിധാനങ്ങളും എല്ലാം വളരെ ഭംഗിയായി ചേരുന്നുണ്ടായിരുന്നു അദ്ദേഹത്തിന്. ദേവാലയത്തിന് പിറകിലെ മുറിയിലേക്ക് ഡെവ്‌ലിൻ എന്നെ കൂട്ടിക്കൊണ്ടു പോയി.

“വളരെ നല്ല ജീ‍വിതമാണെന്ന് തോന്നുന്നല്ലോ മകനേ...പണവും ഒപ്പം പ്രശസ്തിയും...” ഡെവ്‌ലിൻ ചിരിച്ചു. “ഇതിന്റെ പേരിൽ നമുക്ക് അൽപ്പം കഴിക്കാം... ഒരു കുപ്പി എങ്കിലും കാണാതിരിക്കില്ല ഇവിടെ...”

അലമാര തുറന്ന് ഡെവ്‌ലിൻ ബുഷ്മില്ലിന്റെ ഒരു കുപ്പിയും രണ്ട് ഗ്ലാസുകളും എടുത്തു.

“ഇതിന്റെ യഥാർത്ഥ അവകാശി എന്ത് കരുതും...?” ഞാൻ ചോദിച്ചു.

“ആര്, ഫാദർ മർഫിയോ...?” അദ്ദേഹം വിസ്കി ഗ്ലാസുകളിലേക്ക് പകർന്നു. “അദ്ദേഹം ഒന്നും പറയില്ല... നീ ഇത് കഴിക്ക് മകനേ... ചിയേഴ്സ്...”  ഡെവ്‌ലിൻ എന്റെ നേർക്ക് ഗ്ലാസ് നീട്ടി.

“ചിയേഴ്സ്...” ഞാനും പറഞ്ഞു. “താങ്കൾ എന്നെ അമ്പരപ്പിക്കുന്നതിന് ഒരു കണക്കുമില്ല ലിയാം... കഴിഞ്ഞ അഞ്ച് വർഷമായി ബ്രിട്ടീഷ് ആർമിയുടെ ലിസ്റ്റിലുള്ള പിടികിട്ടാപ്പുള്ളി... എന്നിട്ടും ഇവിടെ ബെൽഫാസ്റ്റ് നഗരമദ്ധ്യത്തിൽ വന്ന് ഇരിക്കാനുള്ള ഈ ധൈര്യം... സമ്മതിച്ചേ പറ്റൂ...”

“ആഹ്... അത് പിന്നെ മനുഷ്യനായാൽ അല്പമൊക്കെ ത്രിൽ വേണ്ടേ...?” സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണമെടുത്ത് അദ്ദേഹം എന്റെ നേർക്ക് നീട്ടി. “ആഹ്, അത് പോട്ടെ, എന്നെ ഇപ്പോൾ കാണണമെന്ന് പറയാൻ എന്താണ് കാരണം...?  ആഹ്ലാദദായകമായ ഈ സന്ദർശനത്തിന്റെ ഉദ്ദേശ്യം...?”

“ഡോഗൽ മൺ‌റോ എന്ന പേര് കേൾക്കുമ്പോൾ എന്തെങ്കിലും തോന്നുന്നുണ്ടോ താങ്കൾക്ക്...?”

ഡെവ്‌ലിന്റെ കണ്ണുകൾ ആശ്ചര്യത്താൽ വിടർന്നു. “എന്ത് ഗുലുമാലും കൊണ്ടാണ് നീ ഇപ്പോൾ വന്നിരിക്കുന്നത്...? ആ കിഴവന്റെ പേര് കേട്ടിട്ട് ഞാൻ വർഷങ്ങളായി...”

“ഷെല്ലെൻബർഗ് എന്ന പേരോ...?”

“വാൾട്ടർ ഷെല്ലെൻബർഗ്...? അങ്ങനെയൊരാൾ ഉണ്ടായിരുന്നു... മുപ്പതാമത്തെ വയസ്സിൽ ജനറൽ ആയ മനുഷ്യൻ... ഷെല്ലെൻബർഗ്... മൺ‌റോ... എന്താണിതെല്ലാം...?”

“പിന്നെ, കുർട്ട് സ്റ്റെയ്നർ...?” ഞാൻ പറഞ്ഞു.  “വിൻസ്റ്റൺ ചർച്ചിലിന്റെ അപരനെ വധിക്കുവാനുള്ള ശ്രമത്തിനിടയിൽ മെൽറ്റ്‌ഹാം ഹൌസിന്റെ മട്ടുപ്പാവിൽ വച്ച് കൊല്ലപ്പെട്ടുവെന്ന് താങ്കൾ ഉൾപ്പെടെ എല്ലാവരും അവകാശപ്പെടുന്ന ധീരയോദ്ധാവ്...”

ഒരു കവിൾ വിസ്കി ഇറക്കിയിട്ട് ഡെവ്‌ലിൻ സൌ‌മ്യതയോടെ പുഞ്ചിരിച്ചു. “വല്ലാത്തൊരു നുണയൻ തന്നെ ഞാൻ... ഇനി പറയൂ... എന്തൊക്കെയായിട്ടാണ് നീ ഇപ്പോൾ വന്നിരിക്കുന്നത്...?”

റൂത്ത് കോഹനെക്കുറിച്ച്... ആ ഫയലിനെക്കുറിച്ച്... അതിന്റെ ഉള്ളടക്കത്തെക്കുറിച്ച്... എല്ലാം ഞാൻ അദ്ദേഹത്തെ പറഞ്ഞു കേൾപ്പിച്ചു. മുഴുവൻ പറഞ്ഞു തീരുന്നത് വരെയും അദ്ദേഹം ക്ഷമയോടെ കേട്ടിരുന്നു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. “ആ പെൺകുട്ടിയുടെ മരണം... നിന്റെ സംശയം ശരിയാണ്...”

“അത് അത്ര നല്ല ലക്ഷണമല്ല...”

അധികം അകലെയല്ലാതെ ഒരു സ്ഫോടനം നടന്നു. ഡെവ്‌ലിൻ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേക്ക് നോക്കി. ദൂരെ തെരുവുകളിൽ എവിടെയൊക്കെയോ തോക്കുകൾ ഗർജ്ജിക്കുന്നു.

“ഇന്ന് ഉറക്കമില്ലാത്ത രാവ് ആയിരിക്കുമെന്ന് തോന്നുന്നു...” ഞാൻ പറഞ്ഞു.

“ഓ, ഒരു സംശയവും വേണ്ട... തൽക്കാലം പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്...” വാതിൽ അടച്ചിട്ട് അദ്ദേഹം എന്റെ നേർക്ക് തിരിഞ്ഞു.

“ആ ഫയലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ... അതെല്ലാം സത്യമാണോ...?” ഞാൻ ചോദിച്ചു.

“അതൊരു നീണ്ട കഥയാണ്...”

“എന്നാലും തെളിച്ച് പറഞ്ഞു കൂടേ...?” ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.

“എന്ന് വച്ചാൽ അതിന് ശേഷമുള്ള കാര്യങ്ങൾ നിനക്കറിയണമെന്ന്...”

“അതെ... ഐ നീഡ് റ്റു ഹിയർ ഇറ്റ്....”

“വൈ നോട്ട്...” പുഞ്ചിരിച്ചുകൊണ്ട് മേശക്കരികിലെ കസേരയിൽ ഇരുന്നിട്ട് അദ്ദേഹം ബുഷ്മില്ലിന്റെ കുപ്പി എടുത്തു. “ശരിയാണ്... കുറച്ച് ദിവസത്തേക്കെങ്കിലും കുത്സിത പ്രവൃത്തികളിൽ നിന്ന് ഞാനൊന്ന് വിട്ടു നിൽക്കുമല്ലോ... പറയൂ... എവിടെ നിന്നാണ് ഞാൻ തുടങ്ങേണ്ടത്...?”


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

30 comments:

 1. കഴിഞ്ഞ ഡെവലിൻ കഥക്ക് ശേഷമുള്ളതാണൊ ഇനി പറയാൻ പോകുന്നത് ...!?

  ReplyDelete
  Replies
  1. അതെ അശോകേട്ടാ... എന്താ അതിലിപ്പോൾ ഇത്ര സംശയം?

   Delete
 2. എവിടുന്ന് തുടങ്ങിയാലും വേണ്ടില്ല. നമുക്ക് കഥ മുഴുവനും അറിയണം. അത്രേ ഉളളൂ

  ReplyDelete
  Replies
  1. ഓലയാൽ മേഞ്ഞൊരു കൊമ്പുഗൃഹത്തിന്റെ.... :)

   Delete
 3. ഇനിയെന്തൊക്കെ കഥകളാണാവോ കേൾക്കുക... എനിക്ക് ധൃതിയായി.

  ReplyDelete
  Replies
  1. അപ്പോൾ തയ്യാറായി ഇരുന്നോളൂ മുബീ... അടുത്ത ലക്കം മുതൽ നാം 1943 ലേക്ക് പോകുകയാണ്... ഫ്ലാഷ് ബാക്ക്...

   Delete
 4. “നീ ഒരുപാട് പാപങ്ങൾ ചെയ്തിട്ടുണ്ടെന്നതിൽ എനിക്ക് ഒരു സംശയവുമില്ല മകനേ...”

  കിടു മാസ് എൻട്രി!!

  കഥകളൊക്കെ പെട്ടെന്നിങ്ങോട്ട് പോന്നോട്ടെ...

  ReplyDelete
  Replies
  1. നമ്മുടെ ഡെവ്‌ലിനല്ലേ... എങ്ങനെ മാസ് ആകാതിരിക്കും?

   Delete
 5. ജിമ്മി പറഞ്ഞപോലെ ഒരു കിടു മാസ് എന്‍ട്രി. പിന്നെ കുര്‍ട്ട് സ്റ്റൈന്ര്‍.. എന്തായിട്ടുണ്ടാകും? ഇത്തരം രംഗങ്ങള്‍ തന്നെയാണ് വായനയുടെ ഒരു സുഖം.

  ReplyDelete
  Replies
  1. അതെ സുകന്യാജീ.... ഹിഗ്ഗിൻസ് നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു....

   Delete
 6. സംഭവം കുടുക്കി. ബാക്കിയുള്ള കഥകൾ കൂടി പോരട്ടെ.

  ReplyDelete
  Replies
  1. കഥ തുടങ്ങുകയായി ശ്രീജിത്തേ...

   Delete
 7. വംശജർ തിങ്ങിപ്പാർക്കുന്ന പ്രദേശമായ കിൽബേണിലെ ഗ്രീൻ മാൻ എന്ന ഇടത്തരം ബാറിന് മുന്നിൽ>>>>>>>>>>>>> മനുഷ്യർ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ബാറോ? സുപ്രീം കോടതിയെ അങ്ങോട്ട് വിടണോ

  ReplyDelete
  Replies
  1. കിൽബേണിലെ ആ ബാറിന് മുന്നിലെ തെരുവ് ദേശീയപാതയല്ലല്ലോ അജിത്‌ഭായ്...

   Delete
  2. നമ്മുടെ നാട്ടിലെ നാടൻ ചായക്കടകൾ പോലെ ഇവിടെ എല്ലാ മുക്കിലും മൂലയിലും - എന്തിന് പറയുവാൻ എല്ലാ തരം പാതയോരത്തും പാതിരാ വരെ സൊള്ളിയിരിക്കാവുന്ന ബാറുകൾ /പബബുകൾ ഇവിടെ സുലഭമാണ് ..!

   Delete
 8. ഈ കുമ്പസാരക്കൂട്ടിലുരുന്നാണോ ഇവർ ഇതെല്ലാം പറയുന്നേ....
  എന്‍റെ പൊട്ട സംശയങ്ങളാണേ...
  ഈ അജിത് ഭായ് ബ്ലോഗിലൊന്നും വരാറേയില്ലല്ലോ.... തിരക്കിലാണോ..

  ReplyDelete
  Replies
  1. കുമ്പസാരക്കൂട്ടിലിരുന്നിട്ടല്ലല്ലോ ഗീതാജീ... ദേവാലയത്തിന് പിറകിലുള്ള മുറിയിൽ ഇരുന്നിട്ടാണെന്ന് എഴുതിയിട്ടുണ്ടല്ലോ... ശ്രദ്ധിച്ചില്ലേ?

   Delete
 9. ഡെവ് ലിൻ മോളിയെ തിരഞ്ഞ് പോയിക്കാണും

  ReplyDelete
  Replies
  1. മോളി... മറന്നിട്ടില്ല അല്ലേ? നമുക്ക് നോക്കാം...

   മോളി എന്ന് കേട്ട നിലയ്ക്ക് ദാ, നമ്മുടെ ഉണ്ടാപ്രി ഇപ്പം എത്തും...

   Delete
 10. സംഭവപരമ്പരകള്‍ ചുരുളഴിയട്ടെ.

  ReplyDelete
  Replies
  1. അഴിയാന്‍ തുടങ്ങുന്നു കേരളേട്ടാ...

   Delete
 11. Replies
  1. എപ്പം ഉഷാറായീന്ന് ചോദിച്ചാൽ മതി... :)

   Delete
 12. ഇക്കഥ നടക്കുന്ന പരിസരങ്ങൾ
  എല്ലാം പരിചിതമായതു കൊണ്ട് വല്ലാത്തൊരു
  നൊസ്റ്റാൾജിയയാണ് വായിക്കുമ്പോൾ ഇപ്പോൾ
  അനുഭവപ്പെടുന്നത് കേട്ടോ വിനുവേട്ടാ

  ReplyDelete
  Replies
  1. സത്യം പറഞ്ഞാൽ എനിക്കും... ഈ സ്ഥലങ്ങളൊന്നും തന്നെ കണ്ടിട്ടില്ലെങ്കിലും എല്ലാം മനോമുകുരത്തിൽ തെളിഞ്ഞ് നിൽക്കുന്നു... അതാണ് ജാക്ക് ഹിഗ്ഗിൻസിന്റെ വിവരണം... പിന്നെ ഈ സ്ഥലങ്ങളിലൂടെയെല്ലാം മുരളിഭായ് സഞ്ചരിച്ചിട്ടുള്ളതാണല്ലോ എന്നോർക്കുമ്പോൾ ഒരു പ്രത്യേക സുഖവും...

   Delete
 13. ഉണ്ടാപ്രി മാത്രം വന്നില്ല... :(

  ReplyDelete
  Replies
  1. ഉണ്ടാപ്രി വരാതിരുന്നാൽ മാത്രേ അറിയാവൊള്ളോ????ഞാനും വന്നില്ലാരുന്നു.ബാക്കി വായിക്കട്ടെ.

   Delete
  2. സുധിയേ... സുധി എന്തായാലും വന്നല്ലോ... :)

   Delete
 14. വായിച്ചെത്തട്ടേ!
  ആശംസകള്‍

  ReplyDelete