Friday, 31 March 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 4ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ലണ്ടനിൽ ഐറിഷ് വംശജർ തിങ്ങിപ്പാർക്കുന്ന പ്രദേശമായ കിൽബേണിലെ ഗ്രീൻ മാൻ എന്ന ഇടത്തരം ബാറിന് മുന്നിൽ ഞാൻ ടാക്സിയിൽ നിന്നും ഇറങ്ങി. ഏതോ ഐറിഷ് ചിത്രകാരൻ രചിച്ച മനോഹരമായ ഒരു പെയ്ന്റിങ്ങ് വാതിലിന് മുകളിലായി കൊളുത്തിയിട്ടിരിക്കുന്നു. ബാറിൽ നല്ല തിരക്കുണ്ടെന്നുള്ളത് ചില്ല് ജാലകത്തിലൂടെ വ്യക്തം. മുറ്റത്ത് കൂടി മുന്നോട്ട് നീങ്ങിയ ഞാൻ പിൻ‌ഭാഗത്തെത്തി. പാതി വകഞ്ഞ് മാറ്റിയ ജാലകശീലക്കരികിലെ മേശക്ക് മുന്നിൽ അയാൾ ഇരിക്കുന്നുണ്ടായിരുന്നു. പറ്റെ വെട്ടിയ നരച്ച മുടിയുള്ള എഴുപത്തിരണ്ടുകാരനായ ഷോൺ റാലി തികഞ്ഞ ഉത്സാഹത്തോടെ തന്റെ മുന്നിലെ പുസ്തകത്തിൽ വരവ് ചെലവുകൾ കുറിച്ചുകൊണ്ടിരിക്കുകയാണ്. ആ ബാറിന്റെ ഉടമ എന്നതിലുപരി ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ പൊളിറ്റിക്കൽ വിങ്ങ് ആയ സിൻ ഫെന്നിന്റെ ലണ്ടനിലെ സംഘാടകൻ എന്നതിനായിരുന്നു പ്രാമുഖ്യം. മെല്ലെ ഞാൻ ജാലകത്തിൽ തട്ടിയതും അയാൾ എത്തി നോക്കി. അല്പനേരത്തിന് ശേഷം വാതിൽ തുറന്ന് അയാൾ പുറത്തേക്ക് വന്നു.

“മിസ്റ്റർ ഹിഗ്ഗിൻസ്.... എന്താണിപ്പോൾ ഈ വഴി...?”

“കയറാൻ നേരമില്ല ഷോൺ... ഹീത്രുവിലേക്ക് പോകുന്ന വഴിയാണ്...”

“അതിപ്പോൾ വലിയ കാര്യമൊന്നുമല്ലല്ലോ... ഒഴിവുകാലം ആഘോഷിക്കാനായിരിക്കുമല്ലേ...?”

“അല്ല... ബെൽഫാസ്റ്റിലേക്കാണ്... അവസാനത്തെ ഷട്ട്ൽ ട്രെയിൻ പിടിക്കാൻ ഇനി സമയമുണ്ടെന്ന് തോന്നുന്നില്ല... ഇതാവുമ്പോൾ പുലർച്ചയ്ക്കുള്ള ഫ്ലൈറ്റിൽ കയറിക്കൂടാം... ലിയാം ഡെവ്‌ലിന് ഒരു സന്ദേശം കൊടുത്തേക്കൂ... യൂറോപ്പാ ഹോട്ടലിലായിരിക്കും ഞാൻ തങ്ങുന്നതെന്നും അത്യാവശ്യമായി എനിക്ക് അദ്ദേഹത്തെ കാണേണ്ട ആവശ്യമുണ്ടെന്നും...”

“മൈ ഗോഡ്...!  മിസ്റ്റർ ഹിഗ്ഗിൻസ്, ഇങ്ങനെ പെട്ടെന്നൊക്കെ ആവശ്യപ്പെട്ടാൽ ഞാനെങ്ങനെ അറിയാനാണ് അദ്ദേഹം ഇപ്പോൾ എവിടെയാണുള്ളതെന്ന്...?”

തുറന്ന വാതിലിലൂടെ ഒഴുകി വരുന്ന സംഗീതം എനിക്ക് കേൾക്കാമായിരുന്നു. ‘Guns of the IRA’ എന്ന വിപ്ലവഗാനമായിരുന്നു അത്. “തർക്കിക്കാൻ നിൽക്കാതെ പറഞ്ഞ കാര്യം ചെയ്യൂ ഷോൺ... വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിനാണ്...”  ഞാൻ പറഞ്ഞു.

കൂടുതലൊന്നും പറയാൻ നിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു. എനിക്കറിയാമായിരുന്നു അയാൾ അത് ചെയ്യുമെന്ന്. റോഡിലിറങ്ങിയ ഞാൻ ഒരു ടാക്സി വിളിച്ച് ഹീത്രുവിലേക്ക് നീങ്ങി.

                                                     ****

ലോകമെമ്പാടുമുള്ള മാദ്ധ്യമപ്രവർത്തകരുടെയിടയിൽ പ്രശസ്തമാണ് ബെൽഫാസ്റ്റിലെ യൂറോപ്പാ ഹോട്ടൽ. റെയിൽ‌വേ സ്റ്റേഷന് തൊട്ടടുത്തുള്ള ഗ്രേറ്റ് വിക്ടോറിയ സ്ട്രീറ്റിൽ തലയുയർത്തി നിൽക്കുന്ന ആ ഹോട്ടൽ നിരവധി തവണ IRA യുടെ ബോംബിങ്ങിനെ അതിജീവിച്ചിട്ടുള്ളതാണ്. എട്ടാം നിലയിലുള്ള എന്റെ റൂമിലാണ് പകൽ മുഴുവനും ഞാൻ കഴിച്ചുകൂട്ടിയത്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ ശാന്തമായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞതോടെ ബോംബിങ്ങ് ആരംഭിച്ചു. അധികം അകലെയല്ലാതെ ഉയരുന്ന കറുത്ത പുകച്ചുരുളുകളുടെ ദൃശ്യം ജനാലയിലുടെ കാണാമായിരുന്നു.

ആറു മണി കഴിഞ്ഞ് ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. താഴെ ബാറിൽ പോയി ഒരു ഡ്രിങ്ക് ആകാം എന്ന് കരുതി ജാക്കറ്റ് എടുത്ത് ധരിച്ചതും ടെലിഫോൺ ശബ്ദിച്ചു.

“മിസ്റ്റർ ഹിഗ്ഗിൻസ്...? റിസപ്ഷനിൽ നിന്നാണ്... താങ്കൾക്കുള്ള ടാക്സി എത്തിയിട്ടുണ്ട്...”

     ****

ലണ്ടനിൽ കാണുന്ന തരത്തിലുള്ള ബ്ലാക്ക് ക്യാബ് ആയിരുന്നു അത്. ചിരപരിചിതം എന്ന് തോന്നും വിധം പ്രസന്നഭാവമുള്ള ഒരു മദ്ധ്യവയസ്കയായിരുന്നു ഡ്രൈവർ. ഞങ്ങൾക്കിടയിലെ ഗ്ലാസ് പാനൽ ലേശം വലിച്ചു മാറ്റി ബെൽഫാസ്റ്റ് രീതിയിൽ അവരെ ഞാൻ അഭിവാദ്യം ചെയ്തു.

“ഗുഡ് നൈറ്റ് റ്റു യൂ...”

“താങ്കൾക്കും...”

“ഒരു വനിതാ ക്യാബ് ഡ്രൈവറെ കണ്ടുമുട്ടുക എന്നത് വളരെ വിരളമാണല്ലോ... ലണ്ടനിൽ ഏതായാലും കാണാൻ കഴിയില്ല...”  ഞാൻ പറഞ്ഞു.

“ലണ്ടൻ... അവിടുത്തെ കാര്യം കഷ്ടം തന്നെ... ആങ്ഹ്... മിണ്ടാതെ അവിടെ ഇരുന്ന് യാത്ര ആസ്വദിക്കൂ...”

ഒരു കൈ കൊണ്ട് അവർ ആ ഗ്ലാസ് പാനൽ വലിച്ചടച്ചു. ഏറിയാൽ പത്ത് മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ യാത്ര. എന്റെ കുട്ടിക്കാലം ചെലവഴിച്ച ഫാൾസ് റോഡ് താണ്ടി ജനനിബിഡമായ തെരുവുകളിലൂടെ നീങ്ങിയ കാർ ഒരു ദേവാലയത്തിന്റെ മുന്നിൽ നിന്നു. അവർ ആ ഗ്ലാസ് പാനൽ തുറന്നു.

“നേരെ ചെല്ലുമ്പോൾ വലത് ഭാഗത്ത് ആദ്യം കാണുന്ന കുമ്പസാരക്കൂട്...”  അവർ പറഞ്ഞു.

“ശരി...”

ഞാൻ പുറത്തിറങ്ങിയതും പെട്ടെന്ന് തന്നെ അവർ കാർ ഓടിച്ചു പോയി.  ദേവാലയത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബോർഡിൽ ‘Church of the Holy Name’ എന്ന് വളരെ ഭംഗിയായി എഴുതിയിരിക്കുന്നു.  അതിന് ചുവടെയായി കുർബാനയുടെയും കുമ്പസാരത്തിന്റെയും സമയക്രമങ്ങൾ സുവർണ്ണലിപികളിൽ കുറിച്ചിട്ടുണ്ട്. പടവുകൾ കയറി കവാടത്തിനരികിലെത്തിയ ഞാൻ വാതിൽ തള്ളിത്തുറന്ന് ഉള്ളിൽ പ്രവേശിച്ചു. അധികമൊന്നും വിശാലമല്ലാത്ത ഒരു ഹാൾ ആയിരുന്നു അത്. അൾത്താരയിൽ മുനിഞ്ഞു കത്തുന്ന മെഴുകുതിരികളുടെ മങ്ങിയ വെട്ടം... പെട്ടെന്നുള്ള പ്രേരണയാൽ പരിശുദ്ധജലത്തിൽ വിരലുകൾ മുക്കി ഞാൻ കുരിശു വരച്ചു. കുട്ടിക്കാലമാണ് അപ്പോൾ എന്റെ ഓർമ്മയിലെത്തിയത്. കത്തോലിക്കാ വിശ്വാസിയായ ആന്റി ആയിരുന്നു അന്ന് എന്നെ നോക്കി വളർത്തിയിരുന്നത്. എന്റെ കുഞ്ഞു ഹൃദയത്തിൽ ഉടലെടുത്തിരുന്ന പ്രൊട്ടസ്റ്റന്റ് ചിന്താഗതിയിൽ രോഷാകുലയായിരുന്നു അവർ.

ഹാളിന്റെ ഒരു വശത്തായി നിരനിരയായിട്ടായിരുന്നു കുമ്പസാരക്കൂടുകൾ ഒരുക്കിയിരുന്നത്. എന്നാൽ അവയിൽ ഒന്നിന്റെ മുന്നിൽപ്പോലും ആരും തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നില്ല. അതിൽ അതിശയിക്കേണ്ട കാര്യവുമില്ല... കാരണം, പുറമെയുള്ള ബോർഡിൽ സൂചിപ്പിച്ചിരിക്കുന്നത് വച്ച് നോക്കിയാൽ ഞാൻ ഒരു മണിക്കൂർ നേരത്തെയാണ് എത്തിയിരിക്കുന്നത്. വലത് വശത്ത് കണ്ട ആദ്യത്തെ ക്യാബിനുള്ളിലേക്ക് കയറി വാതിൽ അടച്ചിട്ട് ഞാൻ സ്റ്റൂളിൽ ഇരുന്നു. ഒരു നിമിഷത്തേക്ക് ഇരുട്ടിലകപ്പെട്ട എന്റെ മുന്നിൽ ആ കിളിവാതിൽ തുറക്കപ്പെട്ടു.

“യെസ്...?” അപ്പുറത്തു നിന്നും പതിഞ്ഞ സ്വരം ഞാൻ കേട്ടു.

എന്റെ മറുപടി സ്വാഭാവികമായിരുന്നു. “എന്നെ അനുഗ്രഹിക്കണം ഫാദർ... പല പാപങ്ങളും ചെയ്തിട്ടുണ്ട് ഞാൻ... അതെല്ലാം പൊറുക്കണം...”

“നീ ഒരുപാട് പാപങ്ങൾ ചെയ്തിട്ടുണ്ടെന്നതിൽ എനിക്ക് ഒരു സംശയവുമില്ല മകനേ...”

കിളിവാതിലിനപ്പുറത്തെ ക്യാബിനുള്ളിൽ തെളിഞ്ഞ വെള്ളി വെളിച്ചത്തിൽ ലിയാം ഡെവ്‌ലിൻ എന്നെ നോക്കി പുഞ്ചിരിച്ചു.

                                                     ****

നല്ല ആരോഗ്യവാൻ തന്നെ ഇപ്പോഴും അദ്ദേഹം. കഴിഞ്ഞ തവണ ഞാൻ കണ്ടതിൽ നിന്നും കുറച്ചു കൂടി നന്നായിരിക്കുന്നുവെങ്കിലേ ഉള്ളൂ. റൂത്ത് കോഹനോട് ഞാൻ പറഞ്ഞത് പോലെ തന്നെ അറുപത്തിയേഴാമത്തെ വയസ്സിലും ഊർജ്വസ്വലനായി ഇരിക്കുന്നു അദ്ദേഹം. ചൈതന്യം സ്ഫുരിക്കുന്ന മുഖവും നീലക്കണ്ണുകളും കറുത്ത മുടിയുമുള്ള ഒരു ശരാശരി മനുഷ്യൻ. നെറ്റിയുടെ ഇടത് ഭാഗത്തായി പണ്ടെങ്ങോ വെടിയുണ്ടയേറ്റതിന്റെ അടയാളം. സകലതിനോടുമുള്ള സ്ഥായിയായ പരിഹാസഭാവം ഇപ്പോഴും അതുപോലെ തന്നെ. വൈദികന്റെ ളോഹയും അനുബന്ധ വേഷവിധാനങ്ങളും എല്ലാം വളരെ ഭംഗിയായി ചേരുന്നുണ്ടായിരുന്നു അദ്ദേഹത്തിന്. ദേവാലയത്തിന് പിറകിലെ മുറിയിലേക്ക് ഡെവ്‌ലിൻ എന്നെ കൂട്ടിക്കൊണ്ടു പോയി.

“വളരെ നല്ല ജീ‍വിതമാണെന്ന് തോന്നുന്നല്ലോ മകനേ...പണവും ഒപ്പം പ്രശസ്തിയും...” ഡെവ്‌ലിൻ ചിരിച്ചു. “ഇതിന്റെ പേരിൽ നമുക്ക് അൽപ്പം കഴിക്കാം... ഒരു കുപ്പി എങ്കിലും കാണാതിരിക്കില്ല ഇവിടെ...”

അലമാര തുറന്ന് ഡെവ്‌ലിൻ ബുഷ്മില്ലിന്റെ ഒരു കുപ്പിയും രണ്ട് ഗ്ലാസുകളും എടുത്തു.

“ഇതിന്റെ യഥാർത്ഥ അവകാശി എന്ത് കരുതും...?” ഞാൻ ചോദിച്ചു.

“ആര്, ഫാദർ മർഫിയോ...?” അദ്ദേഹം വിസ്കി ഗ്ലാസുകളിലേക്ക് പകർന്നു. “അദ്ദേഹം ഒന്നും പറയില്ല... നീ ഇത് കഴിക്ക് മകനേ... ചിയേഴ്സ്...”  ഡെവ്‌ലിൻ എന്റെ നേർക്ക് ഗ്ലാസ് നീട്ടി.

“ചിയേഴ്സ്...” ഞാനും പറഞ്ഞു. “താങ്കൾ എന്നെ അമ്പരപ്പിക്കുന്നതിന് ഒരു കണക്കുമില്ല ലിയാം... കഴിഞ്ഞ അഞ്ച് വർഷമായി ബ്രിട്ടീഷ് ആർമിയുടെ ലിസ്റ്റിലുള്ള പിടികിട്ടാപ്പുള്ളി... എന്നിട്ടും ഇവിടെ ബെൽഫാസ്റ്റ് നഗരമദ്ധ്യത്തിൽ വന്ന് ഇരിക്കാനുള്ള ഈ ധൈര്യം... സമ്മതിച്ചേ പറ്റൂ...”

“ആഹ്... അത് പിന്നെ മനുഷ്യനായാൽ അല്പമൊക്കെ ത്രിൽ വേണ്ടേ...?” സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണമെടുത്ത് അദ്ദേഹം എന്റെ നേർക്ക് നീട്ടി. “ആഹ്, അത് പോട്ടെ, എന്നെ ഇപ്പോൾ കാണണമെന്ന് പറയാൻ എന്താണ് കാരണം...?  ആഹ്ലാദദായകമായ ഈ സന്ദർശനത്തിന്റെ ഉദ്ദേശ്യം...?”

“ഡോഗൽ മൺ‌റോ എന്ന പേര് കേൾക്കുമ്പോൾ എന്തെങ്കിലും തോന്നുന്നുണ്ടോ താങ്കൾക്ക്...?”

ഡെവ്‌ലിന്റെ കണ്ണുകൾ ആശ്ചര്യത്താൽ വിടർന്നു. “എന്ത് ഗുലുമാലും കൊണ്ടാണ് നീ ഇപ്പോൾ വന്നിരിക്കുന്നത്...? ആ കിഴവന്റെ പേര് കേട്ടിട്ട് ഞാൻ വർഷങ്ങളായി...”

“ഷെല്ലെൻബർഗ് എന്ന പേരോ...?”

“വാൾട്ടർ ഷെല്ലെൻബർഗ്...? അങ്ങനെയൊരാൾ ഉണ്ടായിരുന്നു... മുപ്പതാമത്തെ വയസ്സിൽ ജനറൽ ആയ മനുഷ്യൻ... ഷെല്ലെൻബർഗ്... മൺ‌റോ... എന്താണിതെല്ലാം...?”

“പിന്നെ, കുർട്ട് സ്റ്റെയ്നർ...?” ഞാൻ പറഞ്ഞു.  “വിൻസ്റ്റൺ ചർച്ചിലിന്റെ അപരനെ വധിക്കുവാനുള്ള ശ്രമത്തിനിടയിൽ മെൽറ്റ്‌ഹാം ഹൌസിന്റെ മട്ടുപ്പാവിൽ വച്ച് കൊല്ലപ്പെട്ടുവെന്ന് താങ്കൾ ഉൾപ്പെടെ എല്ലാവരും അവകാശപ്പെടുന്ന ധീരയോദ്ധാവ്...”

ഒരു കവിൾ വിസ്കി ഇറക്കിയിട്ട് ഡെവ്‌ലിൻ സൌ‌മ്യതയോടെ പുഞ്ചിരിച്ചു. “വല്ലാത്തൊരു നുണയൻ തന്നെ ഞാൻ... ഇനി പറയൂ... എന്തൊക്കെയായിട്ടാണ് നീ ഇപ്പോൾ വന്നിരിക്കുന്നത്...?”

റൂത്ത് കോഹനെക്കുറിച്ച്... ആ ഫയലിനെക്കുറിച്ച്... അതിന്റെ ഉള്ളടക്കത്തെക്കുറിച്ച്... എല്ലാം ഞാൻ അദ്ദേഹത്തെ പറഞ്ഞു കേൾപ്പിച്ചു. മുഴുവൻ പറഞ്ഞു തീരുന്നത് വരെയും അദ്ദേഹം ക്ഷമയോടെ കേട്ടിരുന്നു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. “ആ പെൺകുട്ടിയുടെ മരണം... നിന്റെ സംശയം ശരിയാണ്...”

“അത് അത്ര നല്ല ലക്ഷണമല്ല...”

അധികം അകലെയല്ലാതെ ഒരു സ്ഫോടനം നടന്നു. ഡെവ്‌ലിൻ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേക്ക് നോക്കി. ദൂരെ തെരുവുകളിൽ എവിടെയൊക്കെയോ തോക്കുകൾ ഗർജ്ജിക്കുന്നു.

“ഇന്ന് ഉറക്കമില്ലാത്ത രാവ് ആയിരിക്കുമെന്ന് തോന്നുന്നു...” ഞാൻ പറഞ്ഞു.

“ഓ, ഒരു സംശയവും വേണ്ട... തൽക്കാലം പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്...” വാതിൽ അടച്ചിട്ട് അദ്ദേഹം എന്റെ നേർക്ക് തിരിഞ്ഞു.

“ആ ഫയലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ... അതെല്ലാം സത്യമാണോ...?” ഞാൻ ചോദിച്ചു.

“അതൊരു നീണ്ട കഥയാണ്...”

“എന്നാലും തെളിച്ച് പറഞ്ഞു കൂടേ...?” ഞാൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.

“എന്ന് വച്ചാൽ അതിന് ശേഷമുള്ള കാര്യങ്ങൾ നിനക്കറിയണമെന്ന്...”

“അതെ... ഐ നീഡ് റ്റു ഹിയർ ഇറ്റ്....”

“വൈ നോട്ട്...” പുഞ്ചിരിച്ചുകൊണ്ട് മേശക്കരികിലെ കസേരയിൽ ഇരുന്നിട്ട് അദ്ദേഹം ബുഷ്മില്ലിന്റെ കുപ്പി എടുത്തു. “ശരിയാണ്... കുറച്ച് ദിവസത്തേക്കെങ്കിലും കുത്സിത പ്രവൃത്തികളിൽ നിന്ന് ഞാനൊന്ന് വിട്ടു നിൽക്കുമല്ലോ... പറയൂ... എവിടെ നിന്നാണ് ഞാൻ തുടങ്ങേണ്ടത്...?”


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Friday, 24 March 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 3ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


നെരിപ്പോടിനരികിൽ ഇരുന്ന് ഞാൻ ആ ഫയൽ രണ്ട് വട്ടം വായിച്ചു. പിന്നെ അടുക്കളയിൽ ചെന്ന് അല്പം ചായയും ചിക്കൻ സാൻഡ്‌വിച്ചും ഉണ്ടാക്കിക്കൊണ്ടുവന്നു. മേശയ്ക്ക് മുന്നിലിരുന്ന് അത് കഴിക്കുമ്പോൾ ആ ഫയലിൽ പറഞ്ഞിരിക്കുന്ന സംഭവങ്ങളെക്കുറിച്ചു തന്നെയായിരുന്നു എന്റെ ചിന്ത മുഴുവനും.

അപ്രതീക്ഷിതമായ ചില സംഭവങ്ങൾ എന്തെല്ലാം മാറ്റങ്ങൾക്കാണ് ഹേതുവാകുന്നത്...! മുമ്പൊരിക്കൽ ഇതുപോലൊന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്.  സ്റ്റെയ്നറെയും സംഘത്തെയും പരാമർശിച്ചുകൊണ്ടുള്ള ആ ശിലാഫലകം... സ്റ്റഡ്‌ലി കോൺസ്റ്റബിളിലെ ദേവാലയത്തിന്റെ സെമിത്തേരിയിൽ മറഞ്ഞു കിടന്നിരുന്ന അത് കണ്ടെത്തിയത് തികച്ചും യാദൃച്ഛികമായിട്ടായിരുന്നു. ഒരു ചരിത്ര മാസികയ്ക്ക് വേണ്ടി ലേഖനം തയ്യാറാക്കുവാനുള്ള ഗവേഷണത്തിലായിരുന്നു അന്ന് ഞാൻ. അതിന് പകരം ഞാൻ കണ്ടെത്തിയത് വർഷങ്ങളായി മറഞ്ഞു കിടന്ന ഒരു രഹസ്യത്തിന്റെ മൂടി ആയിരുന്നു... എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച സംഭവമായിരുന്നു അത്. അതിനെ ആധാരമാക്കി ഞാൻ രചിച്ച പുസ്തകം ന്യൂയോർക്ക് മുതൽ മോസ്കോ വരെ എന്നു വേണ്ട ലോകമെമ്പാടും തന്നെ പ്രശസ്തമായി. ആ പുസ്തകമാണ് എന്നെ ഒരു ധനികനാക്കി മാറ്റിയത്. ഇതാ ഇപ്പോൾ റൂത്ത് കോഹൻ എന്ന ഈ യുവതി... അവൾ കൊണ്ടുവന്ന ഈ ഫയൽ... അന്ന് ഞാൻ അനുഭവിച്ച അതേ മാനസികാവസ്ഥയിലൂടെയാണ് ഇപ്പോൾ ഞാൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. അതേ ആകാംക്ഷയും ആവേശവും...

ആകാംക്ഷയുടെ ഉത്തുംഗ ശൃംഗത്തിൽ നിന്നും ഒന്ന് താഴെയിറങ്ങേണ്ടിയിരിക്കുന്നു... ഇതേക്കുറിച്ച് വ്യക്തമായ ഒരു കാഴ്ച്ചപ്പാടിലേക്കെത്തേണ്ടിയിരിക്കുന്നു. ഒന്ന് ഷേവ് ചെയ്യണം... പിന്നെ ചെറുചൂടുവെള്ളത്തിൽ ഒരു കുളി... സമയമെടുത്ത് ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോഴും എന്റെ മനസ്സ് ആ ഫയലിനുള്ളിൽ തന്നെയായിരുന്നു. വസ്ത്രം ധരിച്ച് ബാത്ത്‌റൂമിൽ നിന്നും പുറത്തിറങ്ങുമ്പോൾ സമയം എട്ടരയേ ആകുന്നുണ്ടായിരുന്നുള്ളൂ. ഒന്ന് ഉറങ്ങണമെന്ന് വിചാരിച്ചാൽ പോലും ഉറക്കം വരാൻ സമയമായിട്ടില്ല...

അടുക്കളയിൽ ചെന്ന് അല്പം കൂടി ചായ ഉണ്ടാക്കിയിട്ട് നെരിപ്പോടിനരികിലെ കസേരയിൽ വന്നിരുന്ന് ഞാൻ ഒരു സിഗരറ്റിന് തീ കൊളുത്തി. പിന്നെ ആ ഫയൽ എടുത്ത് പേജുകളിലൂടെ വീണ്ടും യാത്ര തുടങ്ങി.

മനോരാജ്യത്തിൽ നിന്നും എന്നെ ഉണർത്തിയത് കോളിങ്ങ് ബെല്ലിന്റെ ശബ്ദമായിരുന്നു. ഞാൻ ക്ലോക്കിലേക്ക് കണ്ണോടിച്ചു. ഒമ്പത് മണിയാകുന്നു... കോളിങ്ങ് ബെൽ ഒരിക്കൽക്കൂടി ചിലച്ചതും ആ ഫയൽ അതിന്റെ കവറിനുള്ളിൽ തിരുകി കോഫി ടേബിളിലേക്ക് ഇട്ടിട്ട് ഞാൻ ഹാളിലേക്ക് നടന്നു. ഇത് റൂത്ത് കോഹൻ തന്നെ ആകാനേ തരമുള്ളൂ എന്ന ധാരണയിലാണ് വാതിൽ തുറന്നത്. എന്നാൽ എന്റെ ധാരണയെ തകിടം മറിച്ചുകൊണ്ട് അവിടെ നിന്നിരുന്നത് യുവാവായ ഒരു പോലീസ് ഓഫീസർ ആയിരുന്നു.

“മിസ്റ്റർ ഹിഗ്ഗിൻസ്...?” തന്റെ കൈയിലെ കടലാസ് തുണ്ടിൽ നോക്കിയിട്ട് അയാൾ തലയുയർത്തി. “മിസ്റ്റർ ജാക്ക് ഹിഗ്ഗിൻസ്...?”

അശുഭവാർത്തകൾ നമ്മെ തേടിയെത്തുമ്പോൾ പറയാതെ തന്നെ അത് തിരിച്ചറിയാനുള്ള ഒരു കഴിവ് മനുഷ്യസഹജമാണ്. അത്തരമൊരു നിമിഷമാണ് അതെന്ന് എനിക്കപ്പോൾ തോന്നി.

“അതെ...”

അയാൾ ഹാളിനുള്ളിലേക്ക് കാലെടുത്തു വച്ചു. “ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം സർ... മിസ്സ് റൂത്ത് കോഹനെക്കുറിച്ചുള്ള ഒരു അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാൻ വന്നിരിക്കുന്നത്... അവരുടെ സുഹൃത്താണോ താങ്കൾ...?”

“എന്ന് ചോദിച്ചാൽ, അല്ല...  എന്താ, എന്തെങ്കിലും പ്രശ്നം...?”  ഞാൻ ചോദിച്ചു.

“ആ യുവതി ഇപ്പോൾ ജീവനോടെയില്ല സർ... ഒരു ഹിറ്റ് ആന്റ് റൺ ആക്സിഡന്റ്... ഒരു മണിക്കൂർ മുമ്പ് ബ്രിട്ടീഷ് മ്യൂസിയത്തിന് പിറകിൽ വച്ച്...”

“മൈ ഗോഡ്...!”

“സർ, കാര്യമെന്താണെന്ന് വച്ചാൽ, അവരുടെ ഹാന്റ് ബാഗിൽ കണ്ട ഒരു കാർഡിൽ താങ്കളുടെ പേരും അഡ്രസും എഴുതിയിരുന്നു...”

ആ വാർത്ത ഉൾക്കൊള്ളുവാൻ അത്ര എളുപ്പമായിരുന്നില്ല എനിക്ക്. അയാൾ നിൽക്കുന്ന ഇതേ ഇടത്തുതന്നെയായിരുന്നു കുറച്ച് മുമ്പ് അവൾ നിന്നിരുന്നത്... ഏറിയാൽ ഇരുപതോ ഇരുപത്തിരണ്ടോ വയസ്സ് മാത്രം പ്രായം മതിക്കുന്ന ആ യുവാവിന് എന്റെ മാനസികാ‍വസ്ഥ മനസ്സിലാക്കാനും മാത്രമുള്ള പക്വത ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. പെട്ടെന്ന് തന്നെ അയാൾ എന്റെ കൈ പിടിച്ചു.

“ആർ യൂ ഓൾ റൈറ്റ് സർ...?”

“പെട്ടെന്നുള്ള ഷോക്ക്... ഐ ആം ഓകെ...”  ഞാൻ ഒരു ദീർഘശ്വാസമെടുത്തു. “ആട്ടെ, എന്ത് സഹായമാണ് ഞാൻ ചെയ്യേണ്ടത്...?”

“ലണ്ടൻ യൂണിവേഴ്സിറ്റിയിലായിരുന്നു അവർ എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്... അവർ താമസിച്ചിരുന്ന സ്റ്റുഡന്റ്സ് ഹോസ്റ്റലിൽ ഞങ്ങൾ പോയിരുന്നു... വാരാന്ത്യമായത് കൊണ്ട് ആരും തന്നെ ഉണ്ടായിരുന്നില്ല അവിടെ... ഒരു ഒഫിഷ്യൽ ഐഡന്റിഫിക്കേഷൻ... അത്രയേ ഞങ്ങൾ ഉദ്ദേശിക്കുന്നുള്ളൂ... സ്വാഭാവിക നടപടികൾ മാത്രം...”

 “തിരിച്ചറിയലിനായി ഞാൻ എത്തണമെന്നാണോ...?”

“വിരോധമില്ലെങ്കിൽ... അധികം ദൂരെയല്ല സർ... കെൻസിങ്ങ്ടൺ മോർച്ചറിയിലാണ് മൃതശരീരം...”

ഒന്നുകൂടി ദീർഘശ്വാസമെടുത്ത് സമനില കൈവരിക്കാൻ ഞാൻ ശ്രമിച്ചു.  “ഓൾ റൈറ്റ്... ഞാൻ റെയ്‌ൻ‌കോട്ട് എടുത്തിട്ട് വരാം...”

                                                        ****

തെരുവിന്റെ അറ്റത്തായി വെയർ‌ഹൌസ് പോലുള്ള ഒരു കെട്ടിടമായിരുന്നു മോർച്ചറി. ഒറ്റ നോട്ടത്തിൽ തന്നെ മനം മടുപ്പിക്കുന്ന രൂപം. വെയ്റ്റിങ്ങ് റൂമിലേക്ക്  കയറിച്ചെല്ലുമ്പോൾ യൂണിഫോം ധരിച്ച ഒരു പോർട്ടർ ആയിരുന്നു ഡ്യൂട്ടി ഡെസ്കിൽ ഉണ്ടായിരുന്നത്. അമ്പതിനോട് അടുത്ത് പ്രായം തോന്നിക്കുന്ന കറുത്ത് ഉയരം കുറഞ്ഞ ഒരാൾ ജാലകത്തിന് സമീപം പുറത്തെ മഴയിലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു. ട്രെഞ്ച് കോട്ടും ഹാറ്റും ധരിച്ച അയാളുടെ ചുണ്ടിന്റെ അറ്റത്ത്  ഒരു  സിഗരറ്റ് എരിയുന്നുണ്ടായിരുന്നു.

കൈകൾ കോട്ടിന്റെ പോക്കറ്റിൽ തിരുകി നിന്നിരുന്ന അയാൾ ഞങ്ങളെ കണ്ടതും തിരിഞ്ഞു. “മിസ്റ്റർ ഹിഗ്ഗിൻസ്... അല്ലേ...?”

“യെസ്...”  ഞാൻ പറഞ്ഞു.

കോട്ടിന്റെ പോക്കറ്റിൽ നിന്നും കൈകൾ പുറത്തെടുക്കുവാനുള്ള വിമുഖതയോടെ അയാൾ ഒന്ന് ചുമച്ചു. സിഗരറ്റിന്റെ അറ്റത്തെ ചാരം അടർന്ന് അയാളുടെ കോട്ടിന്മേൽ വീണു.

“ഞാൻ ഡിറ്റക്ടിവ് ചീഫ് സൂപ്രണ്ട് ഫോക്സ്... തികച്ചും നിർഭാഗ്യകരമായ സംഭവമായിപ്പോയി സർ...”

“അതെ...”  ഞാൻ പറഞ്ഞു.

“ഈ യുവതി... റൂത്ത് കോഹൻ... അവർ താങ്കളുടെ സുഹൃത്തായിരുന്നുവോ...?”

“അല്ല... ഇന്ന് വൈകിട്ടാണ് ഞാനവരെ ആദ്യമായി കണ്ടുമുട്ടുന്നത്...”

“അവരുടെ ഹാന്റ് ബാഗിൽ താങ്കളുടെ പേരും അഡ്രസ്സുമുണ്ടായിരുന്നു...” ഞാൻ എന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ് അയാൾ തുടർന്നു. “എന്തായാലും ശരി, ചെന്ന് നോക്കിയിട്ട് വരൂ...”

                                                        ****

ട്യൂബ് ലൈറ്റുകളുടെ പ്രകാശത്തിൽ കുളിച്ച് നിൽക്കുന്ന വെള്ള ടൈൽ‌സ് പതിച്ച ചുമരുകളുള്ള ഒരു മുറിയിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്. നിരനിരയായി കിടക്കുന്ന ഓപ്പറേഷൻ ടേബിളുകൾ... ഏറ്റവും ഒടുവിലുള്ള മേശപ്പുറത്തായിരുന്നു വെളുത്ത റബ്ബർ ഷീറ്റ് കൊണ്ട് മൂടിയ മൃതശരീരം കിടന്നിരുന്നത്. കണ്ണുകൾ അടച്ച് ശാന്തമായിരുന്നു അവളുടെ മുഖം. പക്ഷേ, തലയിൽ പൊതിഞ്ഞിരുന്ന റബ്ബർ കവചത്തിനുള്ളിൽ നിന്നും ചെറുതായി രക്തം പുറത്തേക്ക് കിനിഞ്ഞിറങ്ങുന്നുണ്ടായിരുന്നു.

“മരണമടഞ്ഞ വ്യക്തി റൂത്ത് കോഹൻ ആണെന്ന് താങ്കൾക്ക് തിരിച്ചറിയുവാൻ കഴിയുന്നുണ്ടോ സർ...” കോൺസ്റ്റബിൾ ചോദിച്ചു.

ഞാൻ തല കുലുക്കി. “അതെ... ഇത് അവർ തന്നെയാണ്...” 

അയാൾ ആ റബ്ബർ ഷീറ്റ് കൊണ്ട് അവളുടെ ശരീരം മൂടി.

തിരികെയെത്തിയപ്പോൾ മറ്റൊരു സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് മേശയ്ക്കരികിൽ  ഫോക്സ് ഇരിക്കുന്നുണ്ടായിരുന്നു. “ഞാൻ നേരത്തെ പറഞ്ഞുവല്ലോ... അവരുടെ ഹാന്റ് ബാഗിൽ താങ്കളുടെ പേർ ഉണ്ടായിരുന്നു...”

അപ്പോഴാണ് ഞാൻ യാഥർത്ഥ്യത്തിലേക്ക് തിരികെയെത്തിയത്. ഹിറ്റ് ആന്റ് റൺ എന്ന് പറയുന്നത് ഒരു ഗുരുതര കുറ്റകൃത്യമാണ്... ഒരു ഡിറ്റക്ടിവ് ചീഫ് സൂപ്രണ്ടിന്റെ മുന്നിലാണ് ഞാനിപ്പോൾ നിൽക്കുന്നത്. അയാളുടെ ഇരുണ്ട കണ്ണുകളിലും മുഖത്തും സ്ഫുരിക്കുന്ന സംശയഭാവം നീളുന്നത് എവിടേക്കായിരിക്കും...? ഇതൊരു സാധാരണ പോലീസുകാരനല്ല... മിക്കവാറും സ്പെഷൽ ബ്രാഞ്ചിൽ നിന്നായിരിക്കണം...

ഇത്തരം സന്ദർഭങ്ങളിൽ കഴിയുന്നതും നുണ പറയാതിരിക്കുക എന്നതാണ് ഏറ്റവും നല്ലതെന്ന് മുമ്പ് പലതവണ എനിക്ക് ബോദ്ധ്യം വന്നിട്ടുള്ളതാണ്.

“അമേരിക്കയിലെ ബോസ്റ്റൺ സ്വദേശിയാണ് താനെന്നും ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ഒരു പുസ്തകത്തെക്കുറിച്ച് ഗവേഷണത്തിനായി എത്തിയിരിക്കുകയാണെന്നുമാണ് അവർ എന്നോട് പറഞ്ഞത്...”

“എന്ത് പുസ്തകത്തെക്കുറിച്ച് സർ...?”

എന്റെ സംശയം ശരി തന്നെയാണെന്ന് ഉറപ്പായിരിക്കുന്നു. “രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള എന്തോ ആണെന്ന് തോന്നുന്നു... എന്റെ നോവലുകളിൽ പലതിന്റെയും പശ്ചാത്തലവും അതു തന്നെയായിരുന്നുവല്ലോ...”

“ഐ സീ... അപ്പോൾ താങ്കളുടെ സഹായവും ഉപദേശവും തേടി എത്തിയതായിരുന്നു അവർ...”

അതിനുള്ള എന്റെ മറുപടി പൂർണ്ണമായും നുണയായിരുന്നു. “അല്ലേയല്ല... ഒരു Ph.Dക്കാരിയായ അവർക്ക് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല... കാര്യം എന്താണെന്ന് വച്ചാൽ, രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തെക്കുറിച്ച് ഞാൻ എഴുതിയിട്ടുള്ള കുറേ നോവലുകൾ വമ്പിച്ച വിജയമായിരുന്നു... അവർക്ക് എന്നെ ഒന്ന് സന്ദർശിക്കണമെന്ന് തോന്നി... അത്ര മാത്രം... നാളെ വൈകിട്ട് സ്റ്റേറ്റ്സിലേക്ക് തിരികെ പോകുന്നു എന്നാണ് അവർ പറഞ്ഞിരുന്നത്...”

അവളുടെ ഹാന്റ് ബാഗിൽ ഉണ്ടായിരുന്ന വസ്തുക്കളും ബ്രീഫ്‌കെയ്സും എല്ലാം അയാളുടെ മേശപ്പുറത്ത് തന്നെയുണ്ടായിരുന്നു. പാൻ അം ടിക്കറ്റ് അടക്കം... അത് കൈയിലെടുത്ത് അയാൾ പറഞ്ഞു. “അതെ... ശരിയാണെന്ന് തോന്നുന്നു...”

“ഇനി എനിക്ക് പോകാമോ...?”  ഞാൻ ചോദിച്ചു.

“തീർച്ചയായും... കോൺസ്റ്റബിൾ താങ്കളെ വീട്ടിൽ എത്തിക്കും...”

വെയ്റ്റിങ്ങ് റൂമിലെത്തിയ ഞങ്ങൾ വാതിൽക്കൽ നിന്നു. മറ്റൊരു സിഗരറ്റിന് തീ കൊളുത്തവെ അയാൾ ഒന്ന് ചുമച്ചു. “നശിച്ച ഒരു മഴ... എനിക്ക് തോന്നുന്നത് ആ കാർ സ്കിഡ് ചെയ്തതായിരിക്കുമെന്നാണ്... ഒരു സ്വാഭാവിക അപകടം... പക്ഷേ, എന്നാലും അയാൾ നിർത്താതെ ഓടിച്ചുപോയത് ഗുരുതരമായ കുറ്റം തന്നെയാണ്... ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു... ശരിയല്ലേ സർ...?”

“ഗുഡ് നൈറ്റ് സൂപ്രണ്ട്...”  അയാളോട് യാത്ര പറഞ്ഞ്  പടികളിറങ്ങി ഞാൻ പോലീസ് കാറിന് അരികിലേക്ക് നടന്നു.

                                                         ****

ഹാളിലെ ലൈറ്റ് അണയ്ക്കാതെയാണ് ഞാൻ പോലീസുകാരനോടൊപ്പം പോയിരുന്നത്. തിരികെ എത്തിയ ഉടൻ കോട്ട് ഊരി മാറ്റാൻ പോലും നിൽക്കാതെ നേരെ അടുക്കളയിൽ ചെന്ന് കോഫിയ്ക്കുള്ള വെള്ളം ചൂടാക്കാൻ വച്ചിട്ട് ലിവിങ്ങ് റൂമിൽ എത്തി. ഒരു ഗ്ലാസിലേക്ക് അല്പം ബുഷ്മിൽ‌സ് പകർന്നിട്ട് ഞാൻ നെരിപ്പോടിനരികിലേക്ക് എത്തി. അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്... കോഫി ടേബിളിൽ ഞാൻ വച്ചിരുന്ന ആ എൻ‌വലപ്പ് ഇപ്പോൾ അവിടെയില്ല...!  ഒരു നിമിഷം എന്റെ ഓർമ്മപ്പിശകായിരിക്കും അതെന്ന് ചിന്തിച്ചുവെങ്കിലും അങ്ങനെയല്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.

ഗ്ലാസ് മേശപുറത്ത് വച്ചിട്ട് ഞാൻ ഒരു സിഗരറ്റിന് തീ കൊളുത്തി. നിഗൂഢതകൾ നിറഞ്ഞ സൂപ്രണ്ട് ഫോക്സ്... അയാൾ സ്പെഷൽ ബ്രാഞ്ചിൽ നിന്നുള്ളയാളാണെന്ന് ഇപ്പോൾ ഉറപ്പായിരിക്കുന്നു... പാവം റൂത്ത് കോഹൻ... എങ്ങനെയാണ് ആ ഫയൽ തിരികെ റെക്കോർഡ്സ് ഓഫീസിൽ ഏൽപ്പിച്ചതെന്ന് അവൾ പറഞ്ഞ കാര്യം ഞാൻ ഓർത്തു.  ഇവിടെ നിന്നും ഇറങ്ങി തെരുവിന്റെ അറ്റത്ത് മറഞ്ഞ അവൾ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ പിന്നിൽ മഴയത്ത് റോഡ് മുറിച്ച് കടന്നിരിക്കണം... പിന്നെ ആ കാർ... മഴ നനഞ്ഞ് കിടക്കുന്ന റോഡിൽ സ്കിഡ് ചെയ്ത് വരുന്ന കാർ... ഫോക്സ് പറഞ്ഞത് പോലെ ഒരു ആക്സിഡന്റ് ആയിരുന്നിരിക്കണം... പക്ഷേ, ഇപ്പോൾ മനസ്സിലാവുന്നു... അതൊരു ആക്സിഡന്റ് ആയിരുന്നില്ല എന്ന്... പ്രത്യേകിച്ചും ആ ഫയൽ ഇവിടെ നിന്നും അപഹരിക്കപ്പെട്ട സാഹചര്യത്തിൽ... എന്റെ തന്നെ നിലനിൽപ്പ് അപകടത്തിലായിരിക്കുകയാണ് ഇപ്പോൾ...

കുറച്ചു കാലത്തേക്ക് എങ്ങോട്ടെങ്കിലും ഒന്ന് മാറി നിൽക്കുവാനുള്ള സമയമായിരിക്കുന്നു... പക്ഷേ, എങ്ങോട്ട്..? അവൾ പറഞ്ഞ ഒരു വാക്യം അപ്പോഴാണ് ഓർമ്മയിലെത്തിയത്. ആ ഫയലിലെ കാര്യങ്ങളുടെ നിജഃസ്ഥിതി ഉറപ്പു വരുത്തുവാൻ കഴിയുന്ന ഒരു വ്യക്തി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്...

അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം പാക്ക് ചെയ്ത് ഞാൻ കർട്ടന്റെ ചെറിയ വിടവിലൂടെ പുറത്തേക്ക് നോക്കി. റോഡിൽ നിരവധി കാറുകൾ പാർക്ക് ചെയ്തിരിക്കുന്നു. ആരെങ്കിലും എന്നെ നിരീക്ഷിക്കുന്നുണ്ടോ എന്ന് അറിയുക അത്ര എളുപ്പമല്ല.

അടുക്കളയുടെ വാതിൽ തുറന്ന് ഞാൻ പുറത്തിറങ്ങി. കെട്ടിടത്തിന്റെ പിൻ‌ഭാഗത്തെ ഇടുങ്ങിയ വഴികളിലൂടെ ശ്രദ്ധയോടെ നീങ്ങുമ്പോൾ പബ്ലിക്ക് റെക്കോർഡ്സ് ഓഫീസിലെ സുരക്ഷാ പാളിച്ചയെക്കുറിച്ചായിരുന്നു എന്റെ ചിന്ത. DI-5  എന്നൊരു ഡിപ്പാർട്മെന്റാണ് അത്തരം ആളുകളെ കൈകാര്യം ചെയ്യുന്നത്... ഞാൻ ഇപ്പോൾ അവരുടെ നിരീക്ഷണ വലയത്തിന് കീഴിലായിരിക്കുമോ...? ഇതിന് കാരണക്കാരിയായ യുവതി മരണമടഞ്ഞിരിക്കുന്നു... ഒറിജിനൽ ഫയൽ റെക്കോർഡ്സ് ഓഫീസിൽ തിരികെയെത്തിയിരിക്കുന്നു... അതിന്റെ ഒരേയൊരു കോപ്പിയും അവരുടെ കൈവശം എത്തിക്കഴിഞ്ഞിരിക്കുന്നു... ഇനി എന്താണ് ബാക്കി...? ഈ കാര്യങ്ങളെല്ലാം എവിടെയെങ്കിലും എനിക്ക് തെളിയിക്കാൻ സാധിക്കുമോ...?  ആരെങ്കിലും വിശ്വസിക്കുമോ...?

അടുത്ത തെരുവിലേക്ക് കയറിയതും ആദ്യം കണ്ട ഒരു ടാക്സി ഞാൻ കൈ കാണിച്ച് നിർത്തി.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Saturday, 18 March 2017

ഈഗ്ൾ ഹാസ് ഫ്ലോൺ - 2


ഈ നോവൽ തുടക്കം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...തീർച്ചയായും ഒരു ഡ്രിങ്കിനുള്ള വാർത്തയായിരുന്നു അത്. ബുഷ്മിൽ വിസ്കി ഗ്ലാസിലേക്ക് പകർന്നിട്ട് ഞാൻ അവളുടെ നേർക്ക് തിരിഞ്ഞു.

“ഈ ഫയൽ ഒന്ന് മറിച്ചു നോക്കുന്നതിൽ വിരോധമുണ്ടോ...?” ഞാൻ ആരാഞ്ഞു.

“ഒരു വിരോധവുമില്ല... ഇത് താങ്കളെ കാണിക്കുവാനാണ് ഞാൻ വന്നതും... അതിന് മുമ്പ് ഒരു കാര്യത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു... രണ്ടാം ലോകമഹായുദ്ധ കാലത്തെ അബ്ഫെർ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഏത് പഠനത്തിലും സ്ഥിരമായി പരാമർശിക്കപ്പെടുന്ന ഒരു സംഘടനയുണ്ട്...  SOE ... സ്പെഷൽ ഓപ്പറേഷൻസ് എക്സിക്യൂട്ടിവ്...   വിൻസ്റ്റൺ ചർച്ചിലിന്റെ നിർദ്ദേശപ്രകാരം 1940 ൽ ബ്രിട്ടീഷ് ഇന്റലിജൻസ് രൂപം കൊടുത്ത ഒരു സംഘടന... യൂറോപ്പിൽ നാമ്പെടുത്തു തുടങ്ങിയ ബ്രിട്ടീഷ് വിരുദ്ധ വികാരത്തെ നിരീക്ഷിക്കുകയും നേരിടുകയുമായിരുന്നു ആ സംഘടനയുടെ ലക്ഷ്യം...”

“യൂറോപ്പ് നിന്ന് കത്തണം... അതായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം...” ഞാൻ പറഞ്ഞു.

“യുദ്ധത്തിൽ കക്ഷി ചേരുന്നതിന് മുമ്പ് തന്നെ കുറേയേറെ അമേരിക്കക്കാർ SOE യിൽ ജോലി നോക്കിയിരുന്നു എന്ന വസ്തുത എന്നിൽ ആശ്ചര്യമുളവാക്കി... അതേക്കുറിച്ച് എന്തെങ്കിലും രേഖകളോ പുസ്തകങ്ങളോ ഉണ്ടാകാതിരിക്കില്ല എന്ന് ന്യായമായും ഞാൻ സംശയിച്ചു... അങ്ങനെയാണ് ഗവേഷണത്തിനായി ഞാൻ ഇവിടെയെത്തുന്നത്...  പല രേഖകളിലും ആവർത്തിച്ച് പരാമർശിക്കപ്പെട്ട ഒരു നാമം ആയിരുന്നു മൺ‌റോ... ബ്രിഗേഡിയർ ഡോഗൽ മൺ‌റോ... യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽ ആർക്കിയോളജിസ്റ്റ് ആയിരുന്നു അദ്ദേഹം... എന്നാൽ SOE യിൽ അദ്ദേഹം സെക്ഷൻ D യുടെ തലവനായിട്ടാണ് ചാർജെടുത്തത്... ഡെർട്ടി ട്രിക്ക്സ് ഡിപ്പാർട്മെന്റ് എന്നായിരുന്നു പൊതുവെ അത് അറിയപ്പെട്ടത്...” അവൾ പറഞ്ഞു.

“അദ്ദേഹത്തെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്...”

“പബ്ലിക്ക് റെക്കോർഡ്സ് ഓഫീസിലാണ് ഞാൻ അധിക സമയവും ഗവേഷണം നടത്തിയത്... താങ്കൾക്കറിയാമല്ലോ, ഇന്റലിജൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട ചുരുക്കം  ചില ഫയലുകളൊക്കെ റഫറൻസിനായി ഏത് സമയവും ലഭ്യമാണ്... എന്നാൽ ചിലതെല്ലാം ഇരുപത്തിയഞ്ച് വർഷത്തിന് ശേഷമേ പുറത്ത് വിടുകയുള്ളൂ... മറ്റ് ചിലത് അമ്പത് വർഷങ്ങൾക്ക് ശേഷവും...” അവൾ പറഞ്ഞു.

“അത്യന്തം രഹസ്യസ്വഭാവമുള്ള ചില രേഖകൾ ഒരു പക്ഷേ, നൂറ് വർഷത്തേക്കും പിടിച്ച് വച്ചിരിക്കും...” ഞാൻ പറഞ്ഞു.

“അതാണ് ഇപ്പോൾ എന്റെ കൈവശമുള്ളത്...” അവൾ ആ ഫയലിലേക്ക് നോക്കി. “നൂറ് വർഷത്തേക്ക് വിലക്കുള്ള ഫയൽ... ഡോഗൽ മൺ‌റോ, കുർട്ട് സ്റ്റെയ്നർ, ലിയാം ഡെവ്‌ലിൻ തുടങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഫയൽ... ഇതൊരു സംഭവമായിരിക്കും... ബിലീവ് മീ...”

അവൾ നീട്ടിയ ആ ഫയൽ വാങ്ങി തുറന്നു നോക്കാതെ ഞാൻ മടിയിൽ വച്ചു. “പക്ഷെ, ഇതെങ്ങനെ നിങ്ങളുടെ കൈയിൽ വന്നു...?”

“മൺ‌റോയെക്കുറിച്ചുള്ള ചില ഫയലുകൾ ഇന്നലെ ഞാൻ എടുത്തിരുന്നു... ചെറുപ്പക്കാരനായ ഒരു ക്ലർക്ക് ആയിരുന്നു അപ്പോൾ ഡ്യൂട്ടിയിൽ... അയാളുടെ അശ്രദ്ധയാണെന്ന് തോന്നുന്നു... ആ ഫയലുകൾക്കിടയിൽ ഒട്ടിച്ച ഒരു എൻ‌വലപ്പും ശ്രദ്ധയിൽപ്പെടാതെ ഇരിക്കുന്നുണ്ടായിരുന്നു... പബ്ലിക്ക് റെക്കോർഡ്സ് ഓഫീസിന് പരിസരത്തുള്ള റീഡിങ്ങ് റൂമിൽ വച്ച് തന്നെ വായനയും ഗവേഷണവും പൂർത്തിയാക്കണമെന്നാണ് ചട്ടം... എന്നാൽ ചെക്ക് ഔട്ട് ഫോമിൽ രേഖപ്പെടുത്താത്തത് കൊണ്ട് ഞാനിത് ബ്രീഫ് കെയ്സിനുള്ളിൽ തിരുകി...”

“റീം ആക്ടിന്റെ പ്രത്യക്ഷ ലംഘനം... ക്രിമിനൽ കുറ്റമാണത്...” ഞാൻ പറഞ്ഞു.

“അതെ... അതെനിക്കറിയാം... കേടുപാടുകൾ പറ്റാതിരിക്കാൻ, കഴിയുന്നത്ര ശ്രദ്ധയോടെ അത് തുറന്ന് ഞാൻ വായിച്ചു... ചില പ്രത്യേക സംഭവങ്ങളുമായി ബന്ധപ്പെട്ട മുപ്പത് പേജുകളുള്ള ഒരു ഡോക്യുമെന്റ് ആയിരുന്നു അത്...  തികച്ചും സ്തോഭജനകമായ ചില സംഭവങ്ങളെക്കുറിച്ച്...”  അവൾ പറഞ്ഞു.

“എന്നിട്ട്...?”

“ഞാൻ അതിന്റെ ഫോട്ടോ കോപ്പി എടുത്തു...”

“ആധുനിക ടെക്നോളജി വച്ച് എപ്പോൾ കോപ്പി എടുത്തു എന്നൊക്കെ കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല...” ഞാൻ പറഞ്ഞു.

“അറിയാഞ്ഞിട്ടല്ല... എന്തായാലും ആ എൻ‌വലപ്പ് വീണ്ടും ഒട്ടിച്ച് ഇന്ന് രാവിലെ ഞാൻ തിരികെ കൊണ്ടുപോയി...”

“എന്നിട്ട് എങ്ങനെയാണ് അത് തിരിച്ചേൽപ്പിച്ചത്...?”

“ഇന്നലെ എടുത്ത അതേ മൺ‌റോ ഫയലുകൾ ഇന്നും എടുത്ത് ഞാൻ ചെക്ക് ഔട്ട് ചെയ്തു... എന്നിട്ട് ഉടൻ തന്നെ തിരികെ ഡ്യൂട്ടി ക്ലർക്കിനരികിൽ ചെന്ന് ഇത്തരത്തിൽ ഒരു എൻ‌വലപ്പ് ഇതിനിടയിൽ നിന്നും ലഭിച്ചു എന്നും പറഞ്ഞ് തിരികെ കൊടുത്തു...”

“എന്നിട്ട് അയാൾ അത് വിശ്വസിച്ചുവോ...?”

“എന്ന് തോന്നുന്നു... അല്ല, എന്തിന് വിശ്വസിക്കാതിരിക്കണം...?”

“ഇന്നലത്തെ അതേ ക്ലർക്ക് ആയിരുന്നുവോ...?”

“അല്ല... ഒരു വയസായ മനുഷ്യൻ...”

അതേക്കുറിച്ച് ആലോച്ചിച്ച് അല്പനേരം ഞാൻ അങ്ങനെ ഇരുന്നു. എന്തോ ഒരു അസ്വസ്ഥത മനസ്സിനുള്ളിൽ ഉടലെടുത്തുവോ എന്നൊരു സംശയം... അവസാനം ഞാൻ പറഞ്ഞു.

“ഞാനിതൊന്ന് വായിച്ച് നോക്കുമ്പോഴേക്കും നിങ്ങൾ ചെന്ന് അല്പം നല്ല ചായ ഉണ്ടാക്കുമോ...?”

“ഓൾ റൈറ്റ്...”

കോഫി ട്രേ എടുത്ത് അവൾ അടുക്കളയിലേക്ക് നടന്നു. ഒന്ന് സംശയിച്ചിട്ട് ഫയൽ തുറന്ന് ഞാൻ വായിക്കുവാൻ ആരംഭിച്ചു.

                                  * * * *

അവൾ തിരികെയെത്തിയതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. ആ ഫയലിന്റെ ഉള്ളടക്കം എന്നെ അത്രയ്ക്കും ഉദ്വേഗഭരിതനാക്കിക്കഴിഞ്ഞിരുന്നു. എല്ലാം വായിച്ച് കഴിഞ്ഞിട്ട് ഫയൽ അടച്ച് വച്ച് ഞാൻ തലയുയർത്തി. ആകാംക്ഷയോടെ എന്നെയും വീക്ഷിച്ചു കൊണ്ട് എതിരെയുള്ള കസേരയിൽ ഇരിക്കുകയായിരുന്നു അവൾ.

“എന്ത് കൊണ്ടാണ് ഇതിന് നൂറ് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് ഇപ്പോൾ മനസ്സിലാവുന്നു... ഈ വസ്തുതകൾ പുറത്ത് വരുമ്പോൾ ഇതിൽ ഉൾപ്പെട്ട ആരും തന്നെ ജീവനോടെ ഉണ്ടായിരിക്കാൻ പാടില്ല എന്ന നിർബന്ധം...” ഞാൻ പറഞ്ഞു.

“അങ്ങനെ തന്നെയാണ് എനിക്കും തോന്നിയത്...”

 “കുറച്ച് ദിവസത്തേക്ക് എനിക്കിത് കൈവശം വയ്ക്കാമോ...?” ഞാൻ ചോദിച്ചു.

ഒന്ന് സംശയിച്ചിട്ട് അവൾ തല കുലുക്കി. “നാളെ രാവിലെ വരെ... നാളെ വൈകിട്ട് ഞാൻ തിരികെ സ്റ്റേറ്റ്സിലേക്ക് പോകുകയാണ്... പാൻ അം ഫ്ലൈറ്റിൽ...”

“പെട്ടെന്നുള്ള തീരുമാനമാണോ...?”

അവൾ ചെന്ന് റെയ്‌ൻ‌കോട്ട് എടുത്തു. “അതെ... എത്രയും പെട്ടെന്ന് സ്വന്തം രാജ്യത്ത് എത്തിപ്പെടണമെന്നൊരു ചിന്ത...”

“എന്താ, ഭയം തോന്നിത്തുടങ്ങിയോ...?” ഞാൻ ചോദിച്ചു.

“ഭയമല്ല... അല്പം ഹൈപ്പർ സെൻസിറ്റിവ് ആണ് ഞാൻ... എന്തായാലും ഫയൽ എടുക്കുവാൻ ഞാൻ നാളെ ഉച്ച കഴിഞ്ഞ് വരാം... ഒരു മൂന്ന് മണിയോടെ... ഹീത്രുവിലേക്ക് പോകുന്ന വഴിക്ക്...”

“ഫൈൻ...” ഫയൽ ഞാൻ കോഫി ടേബിളിന് മുകളിൽ വച്ചു.

വാതിൽക്കലേക്ക് അവളെ അനുഗമിക്കവെ ഏഴര ആയി എന്ന് സൂചിപ്പിച്ചു കൊണ്ട് ക്ലോക്കിൽ മണി മുഴങ്ങി. വാതിൽ തുറന്ന് അവൾ തിരിഞ്ഞു നിന്നു. പുറത്ത് മഴ തിമിർത്തു പെയ്യുന്നു.

“ആ ഫയലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ നിജഃസ്ഥിതി ഉറപ്പ് വരുത്തുവാൻ സാധിക്കുന്ന ഒരു വ്യക്തിയുണ്ട്...” അവൾ പറഞ്ഞു.  “ലിയാം ഡെവ്‌ലിൻ.... താങ്കളുടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ്... IRA യുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിൽ...”

“അങ്ങനെയാണ് അറിയാൻ കഴിഞ്ഞത്... അദ്ദേഹത്തിന് ഇപ്പോൾ അറുപത്തിയേഴ് വയസ്സുണ്ടാകും... എങ്കിലും തികച്ചും പ്രവർത്തനനിരതൻ തന്നെ...”  ഞാൻ പറഞ്ഞു.

“എന്നാൽ ശരി... നാളെ ഉച്ച കഴിഞ്ഞ് കാണാം...” അവൾ പുഞ്ചിരിച്ചു.

പടികൾ ഇറങ്ങി, കോരിച്ചൊരിയുന്ന മഴയത്ത് കൂടി അവൾ നടന്ന് നീങ്ങി. ഏതാനും നിമിഷങ്ങൾക്ക് ശേഷം, തെരുവിന്റെ അങ്ങേയറ്റത്ത് അരിച്ചിറങ്ങിയ മൂടൽമഞ്ഞിനുള്ളിൽ അവൾ മറഞ്ഞു.
 
(തുടരും)അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...